നടി മീന വീണ്ടും വിവാഹിതയാകുന്നു എന്ന തരത്തിൽ ചില തമിഴ്, തെലുങ്ക് മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് താരത്തിൻ്റെ ഉറ്റസുഹൃത്ത് രേണുക പ്രവീൺ. മീന വീണ്ടും വിവാഹിതയാകുന്നു എന്ന വാർത്തകൾ ശരിയല്ല. ഇത്തരം വാർത്തകൾ ശ്രദ്ധിക്കുന്നില്ല. ഒരു തമിഴ് ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംരംഭക കൂടിയായ രേണുക പറഞ്ഞു. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി മീന രണ്ടാം വിവാഹത്തിന് ഒരുങ്ങുയാണെന്നും, മകൾക്ക് വേണ്ടിയാണ് അവർ ഈ തീരുമാനമെടുത്തതെന്നുമായിരുന്നു റിപ്പോർട്ടുകൾ.
ബിസിനസുകാരനായ കുടുംബ സുഹൃത്തിനെയാണ് താരം വിവാഹം കഴിക്കാൻ പോകുന്നതെന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു. വിജയ് ചിത്രമായ തെറിയിലൂടെ ശ്രദ്ധേയയായ നൈനിക വിദ്യാസാഗറാണ് മീനയുടെ മകൾ.താരത്തിൻ്റെ സ്വകാര്യതയെ മാനിക്കണമെന്നാണ് മീനയുമായി അടുത്ത ബന്ധങ്ങളിൽ ഉള്ളവർ ഇതിനോട് പ്രതികരിച്ചത്. ശ്വാസകോശത്തിലെ അണുബാധയെത്തുടർന്ന് 2022 ജൂൺ 28 നാണ് മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചത്. അദ്ദേഹം മരിച്ച് മാസങ്ങൾ കഴിയുമ്പോൾ തന്നെ മീന ഒരു വിവാഹത്തിന് തയ്യാറാവുന്നു എന്നത് വിശ്വസിക്കാൻ കഴിയുന്നതിനും അപ്പുറം തന്നെയാണ്. അപ്പോഴാണ് ഇത്തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നത്. ഇതിനെതിരെയാണ് മീനയുടെ സുഹൃത്തുകൂടിയായ രേണുക വന്നത്. ഭർത്താവ് മരിച്ചതിൻ്റെ വേദനയിൽ നിന്ന് ഇതുവരെയും മീന പുറത്തെത്തിയിട്ടില്ല.
അതിനിടയിലാണ് ഇവർ വീണ്ടും വിവാഹിതയാകാൻ പോകുന്നു എന്ന വാർത്തകൾ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ മീനയുടെ സ്വകാര്യതയെ മാനിക്കണമെന്നും, അവരെ ഇതിൽനിന്ന് എല്ലാം ഒഴിവാക്കി സമാധാനപരമായി ജീവിക്കാൻ അനുവദിക്കണം എന്നുമാണ് മീനയുടെ സുഹൃത്തുക്കൾ ആവശ്യപ്പെടുന്നത്.