മ,രി,ച്ചു പോയ കൂട്ടുകാരന്റെ വീട്ടിൽ പോയി അവന്ടെ റൂം തുറന്നപ്പോൾ കണ്ട കാഴ്ച. പൊട്ടി കരഞ്ഞു പോയി

in News 5,215 views

ഇന്നും നാളെയും എല്ലാവര്ക്കും ഒഴിവല്ലേ. എന്നാൽ ഉറ്റ ചങ്ങായീന്റെ മരണം കഴിഞ്ഞ്‌ കുറച്ചു ‌ കാലങ്ങൾക്ക്‌ ശേഷം നിങ്ങളാ വീട്ടിലേക്ക്‌ കയറി ചെന്നിട്ടുണ്ടോ എപ്പോഴെങ്കിലും?ഇല്ലെങ്കിൽ ഒന്ന് പോകണം..പോയിട്ടുണ്ട്‌ ഒന്നല്ല പലവട്ടം…അതും ഉപ്പാ എന്നും വിളിച്ചു കൊണ്ട്‌..

അന്നേരമാകും ഉമ്മറത്ത്‌ പത്രവും വായിച്ചിരിക്കുന്ന ഉപ്പാന്റെ ഞെട്ടിയുള്ള നോട്ടം പുറത്തേക്ക്‌ വരിക..”ആ മോനോ,വാ കയറി ഇരിക്ക്‌ ‌,ന്താ വർത്താനം അന്റെ .” എന്നും പറഞ്ഞ്‌ അവന്റെ ഉപ്പ തോളിൽ കൈവെച്ച്‌ ഉമ്മറത്തെ കസേരയിൽ ഇരുത്തിപ്പിക്കും.. “സുബൈദാ ഇങ്ങട്ട്‌ വന്നേ..”

ആ വിളി അകത്തേക്കു ഒഴുകുമ്പോ മനസ്സ്‌ വല്ലാണ്ടൊന്ന് പിടയാനുണ്ട്‌ ..
ന്റെ ഉമ്മയെ പോലെ ഉമ്മായെന്ന് ഒരുപാട്‌ തവണ വിളിച്ചു കയറിയ വീടല്ലേ,
ഒരുപാട്‌ തവണ ആ കൈകൊണ്ട്‌ ഉണ്ടാക്കിയത്‌ കഴിച്ചതുമാ,അതു കൊണ്ടു തന്നെ വാൽസല്യം ആവോളമുണ്ട്‌ ആ മനസ്സിൽ..

“ആ മോനായിരുന്നോ,ഇയ്യെപ്പളാ ഗൾഫിന്ന് വന്നേ കൊറേ കൊല്ലായീലെ പോയിട്ട്‌..”
“ആ ഉമ്മ മൂന്ന് കൊല്ലായി,രണ്ടൂസായി വന്നിട്ട്‌..””പണിയൊക്കെ റാഹത്തല്ലെ മോനെ.”

“അൽ ഹംദു ലില്ലാഹ്‌ ഉമ്മ സുഖം തന്നെ..” “ഇയ്യ്‌ മോനിക്ക്‌ വെള്ളം കലക്കിയെ ” എന്നു ഉപ്പ പറയും അന്നേരം, “ഓഹ്‌ ഞാനത്‌ മറന്ന് ഇപ്പം വരാ മോൻ ഇരിക്ക്‌ ട്ടോ ”

ഇതും പറഞ്ഞ്‌ അവന്റെ ഉമ്മ അടുക്കളയിലേക്ക്‌ പോകും… “ഉപ്പാ അഫ്സലിന്റെ മുറിയിലേക്ക്‌ ഞാനൊന്ന് പൊയ്ക്കോട്ടെ..” “ഓ അയിനെന്താ ഞാൻ തുറന്ന് തരാ താക്കോൽ ഓന്റെ ഉമ്മന്റെ കയ്യിലാ നിക്ക്‌ ട്ടൊ ഇപ്പം വരാ..”

പുറത്തേക്ക്‌ കണ്ണോടിച്ചപ്പോ എന്റെ ചങ്കായ അഫ്സലിനെ കവർന്നെടുത്ത അവന്റെ പൾസർ ബൈക്ക്‌ ഷെഡിൽ മൂടി വെച്ചിരിക്കുന്നു ഇപ്പളും..കണ്ടപ്പോ കണ്ണുകളൽപം നിറഞ്ഞു,അവനാ ബൈക്കിലിരുന്ന് എന്നെ വിളിക്കുന്ന പോലെ തോന്നി..

ശേഷം അവന്റെ റൂം തുറന്നു..നല്ല ചന്ദന തിരിയുടെ മണം ആ മുറിക്കകത്ത്‌ മുഴുവൻ..
“എന്നും സുബഹി നിസ്കാരം കഴിഞ്ഞാ ഓന്റെ ഉമ്മ ഈ റൂമിന്റെ ഉള്ളിൽ നിന്നാ ഖുർ ആൻ ഓതാർ എനിക്ക്‌ കേറാൻ കയ്യൂല മോനെ മനസ്സിൻ ത്രാണിയില്ലാ അതോണ്ടാ..”ഇതും പറഞ്ഞ്‌ അവന്റെ ഉപ്പയുടെ ശബ്ദം ഇടറി

“ഹേയ്‌ ഉപ്പ ഇങ്ങൾ കരയല്ലി ..””ഇല്ല മോനെ ഞാൻ വെറുതെ മോനെ കണ്ടപ്പോ വല്ലാണ്ട്‌ ആശിച്ച്‌ പോയി അതോണ്ടാ..”

ചങ്ക്‌ പറഞ്ഞിട്ടാണെങ്കിലും അവന്റെ മുറിക്കകത്ത്‌ ഞാൻ കയറി..ആങ്കറിൽ തൂക്കിയിട്ട അവന്റെ ആ പഴയ ഷർട്ടും പാന്റും ജീൻസും എല്ലാം അതു പോലെ തന്നെ ഇവിടെയുണ്ട്‌..

“ഡാ അഫ്സലെ നമ്മൾ മാറി മാറി ഉടുത്ത വസ്ത്രങ്ങൾ ഇപ്പോ എന്നെ നോക്കി കരയുന്ന പോലെ തോന്നുന്നെടാ നീ ഇപ്പോ ഇതു കാണുന്നുണ്ടോ ഡാ..”ഒരു ഭ്രാന്തമായ അവസ്ഥയിൽ മനസ്സ്‌ മൂളി..

പെട്ടന്നായിരുന്നു അവന്റെ ഉമ്മ കുടിക്കാനുള്ള വെള്ളവുമായ്‌ വന്നത്‌..തണുത്ത വെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ്‌ പഞ്ചസാര ഇട്ടു കലക്കിയ വെള്ളം..എനിക്കും അവനും ഏറെ ഇഷ്ടമുള്ള പാനീയം..ഉമ്മാക്കെല്ലാം ഓർമ്മയുണ്ട്‌,മറന്നിട്ടില്ല..ആ ‌ മുഖത്തേക്ക്‌ നോകിയപ്പോൾ ചുണ്ടുകൾ വിറച്ചു..

“മോനെ, ഓന്റെ ഡ്രസ്സ്‌ അനക്ക്‌ വേണെങ്കി എടുത്തോ ട്ടൊ,” “ഏയ്‌ വേണ്ട ഉമ്മ..”
“ഞാനാനെങ്കി വെറുതെ പൊടി കേറുമ്പോ ഞാൻ എടുത്ത്‌ തിരിമ്പി പിന്നേം വെക്കും,
തിരുമ്പുമ്പോ അതിൽ ന്റെ കുട്ടി ചളി ആക്കി വരുമ്പോ പിറു പിറുത്ത്‌ കൊണ്ട്‌ അലക്കെങ്കിലും ഉമ്മാക്ക്‌ നല്ല ഇഷ്ടേനൂ മോനെ പക്ഷെ ഇപ്പം ഒന്നും ഇല്ലല്ലോന്ന് ഓർക്കുമ്പോ……..”

ഉമ്മ കരയാൻ തുടങ്ങി…തട്ടം കൊണ്ട്‌ മുഖം പൊത്തി തുടച്ചു കൊണ്ട്‌ എന്നെ നോക്കി..
“ഉമ്മ, ഇങ്ങൾക്കൊക്കെ ആശ്വാസമായിക്കോട്ടെ ന്ന് കരുതീട്ടാ ഞാൻ വന്നെ,ന്നിട്ട്‌ എന്നേം കൂടി സങ്കടപ്പെടുത്താണോ,എല്ലാം പടച്ചോന്റെ തീരുമാനമാണെന്ന് കരുതിയ മതി ഉമ്മ..”

“ഒന്നുല്യ മോനെ പെട്ടന്ന് അന്നെ കണ്ടപ്പോ ന്തൊക്കെയോ ഓർമ്മ വന്നോയി അതാ..
ന്റെ കുട്ടി ഇവിടെ ഇണ്ട്‌,അന്നേം ഈ ഉമ്മാനേം ഉപ്പച്ചീനേം കാണുന്നുണ്ട്‌ എനിക്കുറപ്പാ..”

ഒരായുസ്സ്‌ മുഴുവൻ പറഞ്ഞാലും തീരാത്ത അത്രയും നൊമ്പരവും സങ്കടവും ആ ഖൽബിൽ അലയടിക്കുന്നത്‌ ഞാൻ കണ്ടു..ഉമ്മാന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങി…

വല്യ പെരുന്നാളിനു കഷ്ടിച്ച്‌ ഒരാഴ്ച കൂടി ഉള്ളൂ..

“ഉമ്മ ഞാനും ബാവയും നിഷാദും ഷിഹാബുമൊക്കെ പള്ളി വിട്ടിട്ട്‌ വരണ്ട്‌ ട്ടോ പെരുന്നാൾക്ക്‌..”
“ന്തായാലും വരണം മക്കളെ ഉമ്മച്ചി പായസം ഉണ്ടാക്കി വെക്കും എല്ലാരും ചോറൊക്കെ കഴിചിട്ട്‌ പോയാ മതി..” “ഇൻ ഷാ അല്ലാഹ്‌ ഉമ്മ തീർച്ചയായും..”

പിന്നീട്‌ അങ്ങാടിയിൽ വെച്ചും പള്ളിയിൽ വെച്ചും ന്റെ ചങ്ങായിയുടെ ഉപ്പാനെ കാണുമ്പോ ഒരു സലാം പറഞ്ഞ്‌ സുഖ അന്വേഷണം നടത്തി മടങ്ങും..വെള്ളിയാഴ്ച ജുമു ആ കഴിഞ്ഞാൽ അവന്റെ ഖബറിനരികിൽ നിന്നു ഞങ്ങൾ ചങ്ങായിമാർ ദു ആ ചെയ്യും..

അവന്റെ വീടിനു വല്ലാത്തൊരു മണമാ…കുന്തിരിക്ക പുകച്ച മണമല്ല മറിച്ച്‌ അവൻ തോളോട്‌ തോൾ ചേർന്ന് ചേർന്നു നിൽക്കുമ്പോ അവന്റെ മൊഴിമുത്തുകൾ ചെന്നു പതിക്കാറുള്ള എന്റെ കാതുകളിൽ തട്ടി സിരകളിലൂടെ നാസികകളെ മത്ത്‌ പിടിപ്പിക്കൊരു മണം..അതെ,ഒരു ആശ്വാസമെന്നോണം ഉപ്പായെന്നും ഉമ്മായെന്നും വിളിക്കാൻ ഒന്നല്ല ഒരു കൂട്ടം മക്കളുണ്ടെന്ന് ആ ഉപ്പക്കും ഉമ്മക്കും മനസ്സിലാക്കാൻ തക്കത്തിലൊരു കയറി ചെല്ലൽ..അവന്റെ വീട്ടിലേക്ക്‌..

ഒരു മുന്നറിയിപ്പും കൊടുക്കാതെ സ്വന്തം വീട്ടിലേക്ക്‌ ഏതു പാതി രാത്രിയിലും ചെന്നെത്തിയാലും കതകു തുറന്നു തരുന്ന രണ്ട്‌ ജന്മങ്ങൾ..നിങ്ങളുടെ പൊന്നു മോൻ ഞങ്ങളിലുണ്ട്‌ ഉമ്മാ,
ഇന്നാ എടുത്തോ ഞങ്ങളെ സ്വന്തം മക്കളായി കണ്ടിട്ട്‌,ദുനിയാവിൽ ആയുസ്സുള്ളോടത്തോളം കാലം….

ഫറോക്ക്ക്‌ പേട്ടാ ജുമു ആ പള്ളി ഖബർ സ്താനിയിൽ ഉറങ്ങുന്നുണ്ട്‌ ഇപ്പളും എന്റെയാ സുഹുർത്ത്‌….
വേർപ്പാടിനു ആറു വയസ്സ്‌ …

നിങ്ങളിത്‌ വായിച്ചു കഴിഞ്ഞുവെങ്കിൽ വേഗമൊന്ന് നിന്റെ ചങ്ക്‌ സുഹുർത്തിനെ വിളിക്ക്‌,
അല്ലെങ്കിലൊന്ന് തല്ലുകൂട്‌,അതുമല്ലെങ്കിൽ മനസ്സറിഞ്ഞൊന്ന് തെറി വിളിക്ക്‌…

എന്നിട്ട്‌ അവനെ ചേർത്ത്‌ പിടിക്ക്‌ ശേഷം കണ്ണടച്ച്‌ ആലോചിച്ചു നോക്കിയേ “അവനീ ഇഹലോകം വിട്ടു പോകുന്നൊരു നിമിഷത്തെപറ്റി..”

അതെടാ,അതൊരു വല്ലാത്ത സ്പെയ്സാ ലൈഫിൽ..നികത്താൻ പറ്റൂല..
*******************
ഒരിറ്റ്‌ കണ്ണീരോടെ,ഷാഹിർ കളത്തിങ്ങൽ .

Share this on...