ഉമ്മാടെ ഓപ്പറേഷനു പെൺകുട്ടിക്ക് പണം കൊടുത്തു സഹായിച്ച ഈ പ്രവാസി പെൺകുട്ടിയോട് കാണിച്ചത്

in News 148 views

“ഡാ..റഹീമേ… അവൾ വന്നില്ലെ? ഞാൻ എയർപോർട്ടിൽ എത്തി, രാവിലെ ആറ് മണിക്ക് നെടുമ്പാശ്ശേരിയിൽ എത്തും, കാര്യങ്ങൾ എല്ലാം സെറ്റ് അല്ലെ…”
” എല്ലാം സെറ്റാണ് ഇക്ക… അവൾ ഹോട്ടലിലേക്ക് ഇപ്പോൾ വന്ന് കയറിയുള്ളു.. ഞാൻ മുറിയിൽ കൊണ്ടാക്കി ഇറങ്ങിയപ്പോഴാ ഇക്ക വിളിച്ചത്.. “”ടാ കോപ്പേ… ഞാൻ വരുന്നത് വരെ പൊന്ന് പോല് കാത്തോളണം.. എന്റെ ഹൂറിയെ… നീ കൈയൊന്നും വെച്ച് കളയരുത്.. കൊല്ലും ഞാൻ ”

“എന്റെ പൊന്നു ഇക്ക കൈ വെക്കാൻ അങ്ങോട്ട് ചെന്നാലും മതി അവള് സമ്മതിച്ചിട്ടും കണ്ട്.ഇക്കാക്ക് അറിയാണ്ടാ അവളെ, എത്ര പേര് പിന്നാലെ നടന്നതാ.ഇതിപ്പൊ എനിക്ക് മനസ്സിലാവാത്തത് അവള് എങ്ങനെ സമ്മതിച്ചു എന്നാ… എന്തായാലും ഇക്കാക്കാണ്‌ സൽമയെ കിട്ടാനുള്ള ഭാഗ്യം… അവളൊരു മുതലല്ലെ, ഇത് കഴിഞ്ഞിട്ട് വേണം ഞങ്ങൾക്കെല്ലാം ഒന്ന് മുട്ടാൻ…. ഇനി വല്ല്യ ചരിത്ര്യവതി ആയി ഞെളിയൂലല്ല..”

“ഒരെണ്ണത്തിനും വിട്ട് തരില്ലട്ടാ അവളെ… ആ പൂതി നിങ്ങൾ മനസ്സിൽ നന്ന് കളഞ്ഞോ.. ”
അമീർ അലിയുടെ മനസ്സ് നാട്ടിലേക്ക് പറന്നു, ഓത്ത് പള്ളിയിലേക്ക് പോകുന്ന കാലം തൊട്ട് സൽമയെ അറിയാം.

വാപ്പ ഉപേക്ഷിച്ച് പോയ അവൾക്ക് ഉമ്മ മാത്രമേ ഉള്ളു. ഓത്ത് പള്ളിയിലേക്ക് രാവിലെ നടന്ന് പോകുമ്പോൾ അവളുടെ ഉമ്മ വഴിയിൽ കാത്ത് നിൽക്കുന്നുണ്ടാവും.

കുഞ്ഞി സൽമയെ കൈപിടിച്ച് തരാൻ. അവൾക്ക് അന്ന് കൂട്ട് അവനായിരുന്നു. ജീവിക്കാൻ വഴിയില്ലാതെ വന്നപ്പോൾ ഉള്ള കിടപ്പാടം വിറ്റ് ഉമ്മയും മകളും അവിടം വിട്ട് പോയി.
എങ്കിലും ഇടക്ക് അവർ നാട്ടിലേക്ക് വരും, അവരുടെ ബന്ധുക്കൾ നൽകുന്ന ചെറിയ സഹായം കൊണ്ടും മറ്റും ആണ് അവർ ജീവിച്ച് പോന്നത്.

പിന്നീട് എന്നോ സൂപ്പർ മാർക്കറ്റിൽ ക്യാഷ് കൗണ്ടറിൽ ഇരിക്കുന്ന സുന്ദരിയെ കണ്ട് കണ്ണ് മിഴിച്ചപ്പോഴാ അത് സൽമയാണെന്ന് അറിഞ്ഞത്.അന്ന് മുതൽ അവൾ ഒരു സ്വപ്നവും മോഹവുമായിരുന്നു, ഒരു പെണ്ണിന് എന്തെല്ലാം സൗന്ദര്യം വേണം എന്ന് അറിയാൻ അവളെ നോക്കിയാൽ മതി.

അവളുടെ കണ്ണിലെ തിളക്കം തട്ടുന്ന ഇടങ്ങളെല്ലാം തിളങ്ങുമായിരുന്നു. അവളുടെ ചുണ്ടിൻ മനസ്സിലാക്കാൻ കഴിയാത്ത ഒരു പുഞ്ചിരി എപ്പോഴും ഉണ്ടായിരുന്നു. ആ ചുണ്ട് നുകരാൻ കൊതിക്കാത്ത രാത്രികൾ തനിക്കുണ്ടായിട്ടില്ല എന്ന് അവൻ ഓർത്ത് പോയി..

പെണ്ണിനെ സ്നേഹിക്കാൻ അല്ല അനുഭവിക്കാൻ മാത്രമെ അവന് അറിയൂ. അവൻ കരുതിയത് സാധുവായ അവളെ തന്റെ ബെഡിലേക്ക് എത്തിക്കാൻ എളുപ്പമാണെന്നാണ് അവൻ കരുതിയിരുന്നത്.
കഴിഞ്ഞ തവണ നാട്ടിൽ വെച്ച് അവളെ കണ്ട് സഹിച്ചില്ല, വഴിയിൽ വെച്ച് തന്നെ ചോദിച്ചു.അന്ന് അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്ന് തുടുത്തപ്പോൾ കാണാൻ എന്ത് ചേലായിരുന്നു. ചുവന്നു തുടുത്ത പഴുത്ത തക്കാളി പോലെയായി.

അന്ന് ഒരു രസത്തിനാണ് അവളുടെ കയ്യിലെ കവറിലേക്ക് ബിസിനസ്സ് കാർഡ് ഇട്ട് കൊടുത്ത് വിളിക്കണം എന്ന് പറഞ്ഞത്.

മാസങ്ങൾ കഴിഞ്ഞ് നാട്ടിലെ നമ്പറിൽ നിന്ന് കോൾ വന്നപ്പോൾ കരുതിയില്ല സൽമ യാകുമെന്ന്. അവൾ ഒരു കാര്യം മാത്രമേ പറഞ്ഞുള്ളു. അഞ്ച് ലക്ഷം രൂപ വേണം അവൾക്ക് എന്ന്.
അഞ്ചല്ല അമ്പത് കൊടുക്കും അമീർ അലി സൽമയെ കിട്ടാൻ.

അഞ്ച് ലക്ഷം അയച്ച് കൊടുത്തു അവൾക്ക്.നാട്ടിൽ എത്തുന്ന ദിവസം അറിയിച്ചാൽ മതി എന്ന് അവൾ പറഞ്ഞിരുന്നു,അവൾ വാക്ക് പാലിച്ചു.നാളെ തന്റെ കൂടെ കിടക്ക പങ്കിടാൻ പോകുന്നത് അവളാണെന്ന ചിന്ത അവന്റെ സിരകളെ ചൂട് പിടിപ്പിച്ചു.

സ്വപ്ന ഭൂമിയായ ദുബായ് അമീറ് അലിയെ ഇരു കൈ നീട്ടിയാണ് സ്വീകരിച്ചത്.സമ്പത്ത് കുന്ന് കൂടിയത് ഒരു പെരുമഴയിൽ നിറഞ്ഞൊഴുകിയ നദിയെ പോലെ പെട്ടെന്നായിരുന്നു.പണം അവന്റെ ഏത് ആഗ്രഹങ്ങളും പൂവണിയിക്കാൻ നിഷ്പ്രയാസം സാധിച്ചു. സൽമ എന്ന സുന്ദരി നാളെ അവന്റെ ശരീരത്തിനെ പുണരാൻ കാത്തിരിക്കുകയാണ്.

പത്ത് ദിവസം ആണ് നാട്ടിൽ, സൽമയുമൊത്ത് ഒരു യാത്ര പ്ലാൻ ചെയ്തു ആണ് നാട്ടിലേക്ക് പോകുന്നത്. നാളെ കൊച്ചിയിൽ സ്റ്റേ, അത് കഴിഞ്ഞ് മൂന്നാർ, തേക്കടി, കുമരകം… നാട്ടിലെ പതിവ്രതയായ കന്യകയെ നാട്ടുകാരുടെ കണ്ണെത്താത്ത ഇടത്ത് കൊണ്ട് പോയി അനുഭവിക്കണം.

അമീറിന് ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ ശീതീകരിച്ച മുറികൾ തന്നെ ധാരാളം, അവളെ എന്നും വേണം മറ്റാർക്കും കൊടുക്കാതെ തന്റെ മാത്രം സ്വത്തായി വെക്കണം. നാട്ടിലേക്ക് ചെല്ലുമ്പോൾ കൂട്ടിന് പുതപ്പായി സൽമ മതി, പല പെണ്ണിനെയും സ്വന്തമാക്കി അനുഭവിച്ച് വിട്ടിട്ടുണ്ട് പക്ഷെ സൽമ അവളെ വിടില്ല അമീർ അലി അത് ഉറപ്പിച്ചു.

ഓരോന്ന് ആലോജിച്ച് നിന്ന് എമിഗ്രേഷൻ കൗണ്ടറിൽ എത്തിയതറിഞ്ഞില്ല. കൗണ്ടറിൽ ഇരിക്കുന്ന അറബിപ്പെണ്ണിന് സൽമയുടെ അതേ മുഖം. അതോ തനിക്ക് തോന്നുന്നതോ.

അവൾ പാസ്സ്പോർട്ട് പരിശോധിച്ച് കുറച്ച് നേരം സിസ്റ്റത്തിലേക്ക് നോക്കി ഇരുന്നു.അമീർ അവളുടെ വിടർന്ന കണ്ണുകളിലേക്ക് നോക്കി.ആ കണ്ണുകൾ ഒന്നുകൂടി വിടരുന്നത് അവൻ കണ്ടു.
അവൾ അടുത്ത് നിൽക്കുന്ന പോലീസ് കാരനെ വിളിച്ച് സംസാരിച്ച് പാസ്സ്പോർട്ട് അയാൾക്ക് നൽകി. പോലീസ് വന്ന് കൈകളിൽ പിടിച്ചപ്പോഴാണ് ആ ഭീകര സത്യം അറിഞ്ഞത്.

ഒരു ചെക്ക് ബൗണ്സ് ആയിട്ടുണ്ട്, ചെറിയ ഒരു എമൗണ്ടേ ഉള്ളു പക്ഷേ അറിഞ്ഞില്ല. മറന്ന് പോയതാണ്.പ്രശ്നം അതല്ല ഇനി കോർട്ടിൽ പോയി പൈസ അടച്ചാലെ യാത്ര തുടരാൻ കഴിയൂ. അത് വരെ ലോക്കപ്പിക്കൽ കിടക്കണം.

ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചു എന്ന് കേട്ടിട്ടുള്ളു. ഇന്നും നാളെയും അവധിയായത് കൊണ്ട് മറ്റന്നാൾ ആണ് ഇനി പണമടച്ച് ഇറങ്ങാൻ കഴിയൂ. മറ്റു അവസരത്തിലാണെങ്കിൽ ഇത്രയും വിഷമം ഇല്ല ഇതിപ്പോൾ സൽമയെ കൈ എത്തും ദൂരത്ത് കിട്ടിയപ്പോൾ ആണ് ഈ ചതി.
വേഗം ഫോണെടുത്തു റഹീമിനെ വിളിച്ചു, നാളെ എത്താൻ കഴിയില്ല.അവളോട് നാട്ടിൽ എത്തിയതിന് ശേഷം വിളിക്കാം എന്ന് പറയൂ.

ദുബായ് എയർപോർട്ട്‌ പോലീസ് അമീറിനെ അജ്മാൻ സെൻട്രൽ ജയിലേക്ക് കൊണ്ട് പോയി.കേസ് അവിടെയാണ് നടക്കുന്നത്.വിചാരണ തടവുകാർ കഴിയുന്ന വലിയ സെല്ലിലാണ് അവനെ ഇട്ടത്. വലിയ വിശാലമായ ഒരു ഹാൾ. പുറത്ത് വലിയ മുറ്റം എല്ലാം ഉണ്ട്. ചെറിയ ഒരു നിസ്ക്കാര പള്ളിയും.

എയർപോർട്ടിൽ നിന്നെല്ലാം പിടിച്ച് കൊണ്ട് വരുന്നവരാണ് സെല്ലിൽ അധികവും. ചെക്ക് കേസുകളും വിസ പാസ്സ്പോർട്ട് പ്രശ്നങ്ങളും ആയി കുടുങ്ങിയവരാണ് എല്ലാവരും.
രണ്ട് ദിവസം അവിടെ കഴിയേണ്ട കാര്യം ഓർത്ത് അവൻ വല്ലാതായി. ഓരോ സമയദോഷം എന്ന് ഓർത്ത് അവൻ ഒരു മൂലയിൽ ഇരുന്നു.

നിലത്ത് ഒരാൾക്ക് കിടക്കാൻ കഴിയുന്ന മെത്തകൾ ഒന്നിന് അടുത്ത് ഒന്നായി നിരത്തി ഇട്ടിരിക്കുന്നു. പലരും കിടക്കുന്നുണ്ട്. ചിലർ കൂട്ടമായി ഇരുന്നു സംസാരിക്കുന്നു. മറ്റൊരു കാര്യം പകുതിയിൽ അധിക പേരും മലയാളിയാണ്.

അവിടെ ഇരുന്ന് അസ്വസ്ഥനായ അമീർ പുറത്തിറങ്ങി, പള്ളിയുടെ ഉള്ളിലേക്ക് പ്രവേശിച്ചു. അകത്ത് വയസ്സായ ഒരാൾ ഒരു മൂലയിൽ ഇരിക്കുന്നു. അയാൾ തേങ്ങി കരയുന്ന ശബ്ദം പുറത്തേക്ക് വരുന്നുണ്ട്.
മെല്ലെ അയാളുടെ അരികിൽ ചെന്ന് ഇരുന്നു. അവനെ കണ്ടപ്പോൾ അയാൾ വേഗം കരച്ചിലടക്കി മുഖത്ത് ചെറിയ ഒരു പുഞ്ചിരി വരുത്താൻ ശ്രമിച്ചു.

അമീർ അയാളുടെ മുഖത്തേക്ക് നോക്കി മുൻപ് എവിടെയോ കണ്ട് മറന്ന ഒരു മുഖം.കവിളെല്ലാം ഒട്ടി കണ്ണുകൾ കുഴിയിലേക്ക് വീണ് കിടക്കുന്നു. കത്തി കരുവാളിച്ച മുഖത്ത് നരച്ച രോമങ്ങൾ.
അവൻ അയാളോട് ചോദിച്ചു.

“നിങ്ങൾക്ക് എന്താണ് പറ്റിയത്?”ആ ചോദ്യം കേട്ടപ്പോഴേ അയാൾ വിതുമ്പി തുടങ്ങി.

“മോനെ ഞാൻ ഇന്ന് രാവിലെ നാട്ടിൽ പോകാൻ എയർപോർട്ടിൽ എത്തിയതാണ്, പാസ്സ്പോർട്ട് വ്യാജമാണെന്ന് പറഞ്ഞ് എന്നെ പിടിച്ച് കൊണ്ട് വന്നതാണ് “”അതെങ്ങനെ സംഭവിച്ചു.. അത് കള്ളപാസ്സ്പോർട്ട് തന്നെയാണോ?”അയാൾ ഒന്ന് നെടുവീർപ്പെട്ടു..

“മോനെ അത്… അതെ പാസ്സ്പോർട്ട് കള്ളത്തരം കാട്ടി എടുത്തതാ… എന്തിനാണെന്നറിയോ മോനെ എന്റെ കുടുംബത്തെ കാണാൻ.

ഇരുപത്തിരണ്ട് വർഷമായി മോനെ ഞാൻ ഇവിടെ വന്നിട്ട്. ഇന്ന് ആണ് ഞാൻ സ്വപ്നം കണ്ട് കാത്തിരുന്ന ആ ദിവസം എന്റെ നാട്ടിൽ പോക്ക്.

ഒരു കൊല്ലം എല്ല് മുറുകെ പണിയെടുത്ത കാശാ ആ കാസർകോട്ട് കാരന് കൊടുത്തത്, പാസ്സ്പോർട്ട് ശരിയാക്കാൻ, അവൻ ചതിച്ചതാ മോനെ. മോണകാട്ടി ചിരിക്കുന്ന എന്റെ ഒരു വയസ്സുള്ള മോളെ കണ്ട് കൊണ്ട് വന്നതാ ഞാനിവിടെ.

ഇരുപത്തിയൊന്ന് വർഷം പുറം ലോകം കാണാതെ മരുഭൂമിയുടെ ഉള്ളിൽ എന്നെ ദുഷ്ടനായ കാട്ടറബി അടിമയെ പോലെ പണിയെടുപ്പിക്കുകയായിരുന്നു.കഴിഞ്ഞ കൊല്ലമാണ് ഞാനവിടെ നിന്ന് ഓടി രക്ഷപ്പെട്ട് വന്നത്.

ഒരു കൊല്ലം ഞാൻ നാട്ടിലേക്ക് പോകാനുള്ള ശ്രമത്തിലായിരുന്നു.എന്റെ ഭാര്യ ,മകൾ ,അവരെ എനിക്ക് കാണണം. അവരോട് എനിക്ക് പറയണം ഞാനവരെ ഉപേക്ഷിച്ചിട്ടില്ല എന്ന്. എന്റെ പൊന്ന് മോളെ ഒന്ന് കണ്ട് കൊതി തീർന്നിട്ടില്ല ഈ ഭാഗ്യം കെട്ട വാപ്പ…. ”
അയാൾ ഏങ്ങി….. ഏങ്ങി…. കരഞ്ഞു…. അമീറിനും സങ്കടം സഹിച്ചില്ല. ഈ ദുബായി ഇങ്ങനെയുള്ളവരെയും സൃഷ്ടിക്കുന്ന സത്യം അവൻ മനസ്സിലാക്കി.
“എന്താണ് ഇക്ക നിങ്ങളുടെ പേര്, നാട്ടിൽ എവിടാ?”

“ഹംസ എന്നാണ് മോനെ… തൃശൂർ ചാവക്കാട് ആണ് വീട്…” ” അപ്പോൾ ഇക്ക….. ഇക്ക…. സൽമയുടെ വാപ്പയാണോ.?” “മോനെ എന്റെ കുഞ്ഞിന്റെ പേര് സൽമാ എന്നാണ് മോനറിയോ?… അവളുടെ ഉമ്മയുടെ പേര് നബീസ എന്നാണ്….”

അമീർ കുറച്ച് നേരം മൗനമായി ഇരുന്നു…” അറിയാം…. ഇക്ക എനിക്കവരെ അറിയാം”
ജയിലിൽ നിന്ന് പുറത്തിറങ്ങിയ അമീർ സൽമയുടെ വാപ്പയെ നാട്ടിലെത്തിക്കാനുള്ള ഏർപ്പാടുകൾ എല്ലാം ചെയ്തും.

സൽമയുടെ ഉമ്മയുടെ ഹാർട്ട് ഓപ്പറേഷന് പണമില്ലാതെ ഇനി ഒരു വഴിയില്ല ആകെയുള്ള ഉമ്മയെ രക്ഷപ്പെടുത്താൻ എന്ന അവസ്ഥയിൽ അമീറിന്റെ കാൽക്കീഴിൽ വന്ന് പോയതാണ് അവൾ എന്ന് അവൻ തിരിച്ചറിഞ്ഞു. സത്യമുള്ള പെണ്ണായത് കൊണ്ടാണ് അവൾ തന്റെ ഉപദ്രവത്തിൽ നിന്ന് രക്ഷപ്പെട്ടത് ഒരു ചെക്കിന്റെ രൂപത്തിൽ അവളെ രക്ഷപ്പെടുത്തിയത്.

സൽമയുടെ വാപ്പ നാട്ടിലേക്ക് പോകുന്ന അതേ ഫ്ലൈറ്റിൽ അമീറും ഉണ്ടായിരുന്നു. നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് അദ്ദേഹത്തെയും കൂട്ടി അവളുടെ വീടിന്റെ മുമ്പിൽ അവൻ എത്തി.
വാപ്പയെ കാറിലിരുത്തി അവൻ അവരുടെ വീട്ടിലെ വാതിലിൽ തട്ടി. വാതിൽ തുറന്നു അതാ മുന്നിൽ നിൽക്കുന്നു. താൻ വിലക്ക് വാങ്ങിയ പെണ്ണ്.

അവനെ കണ്ടതും അവൾ പരിഭ്രമിച്ചു….” സൽമ നിനക്ക് ഞാനൊരു സമ്മാനവും കൊണ്ടാ വന്നത്….”അവൻ കാറിലേക്ക് നോക്കിയപ്പോഴേക്കും വാപ്പ കാറിൽ നിന്ന് ഇറങ്ങിക്കഴിഞ്ഞിരുന്നു. അയാൾ വേഗത്തിൽ നടന്ന് സൽമയുടെ അരികിൽ വന്ന് നിന്നു….

“ഇതാണ് വാപ്പ സൽമ… നിങ്ങളുടെ മോണകാട്ടി ചിരിച്ചിരുന്ന സുന്ദരി മോള്….”
അയാൾ ” മോളെ ” എന്ന് ഉറക്കെ വിളിച്ചത് നാവ് കൊണ്ടായിരുന്നില്ല ഹൃദയം കൊണ്ടായിരുന്നു. ആ വീട്ടിലെ ആ നിമിഷത്തിലെ സന്തോഷവും കണ്ണുനീരും കണ്ട്, ആരും അറിയാതെ അമീറും കരഞ്ഞു.
കണ്ണുകൾ തുടച്ച് അമീർ നടന്ന് പോകുന്നത് ജനലിനുള്ളിലൂടെ നനഞ്ഞ കണ്ണുകളാലെ അവൾ നോക്കി നിന്നു.

പണം കൊടുത്ത് വാങ്ങാൻ കഴിയാത്ത പലതും ജീവിതത്തിൽ ഉണ്ട് എന്ന് അമീർ തിരിച്ചറിഞ്ഞു…..
[ പ്രവാസത്തിന്റെ പണക്കൊഴുപ്പിൽ ജീവിതം ആഘോഷമാക്കുന്ന അമീറിനെ പോലെയുള്ളവർ മാത്രമല്ല, തങ്ങളുടെ പ്രിയപ്പെട്ടവരെ ഒരു നോക്ക് കാണുവാൻ കൊതിച്ച് ദിനരാത്രങ്ങൾ എണ്ണിക്കഴിയുന്ന നന്മ മരങ്ങളും ഉണ്ട് പ്രവാസികളിൽ, ഈ കഥ അവർക്കായ് സമർപ്പിക്കുന്നു ]

രചന:സിയാദ് ചിലങ്ക

Share this on...