ഈ കുടിലിൽ ഒരു ഐഐഎം പ്രൊഫസർ ജനിച്ചിരിക്കുന്നു ഹൃദയം തൊടുന്ന കുറിപ്പ് വൈറലാകുന്നു

in News 549 views

ഇല്ലായ്മകളോടു പൊരുതിയും പരാധീനതകളോട് പടവെട്ടിയും നേടുന്ന വിജയങ്ങൾക്ക് തിളക്കമേറെയാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൻ്റെ അസിസ്റ്റൻ്റ് പ്രൊഫസർ വരെയുള്ള രഞ്ജിത്ത് ആർ പാണത്തൂരിൻ്റെ ജീവിതകഥയും അങ്ങനെയൊരു തിളക്കമുള്ള അധ്യായമാണ്. അടച്ചുറപ്പില്ലാത്ത വീട്ടിൽ നിന്നും ആരും കൊതിക്കുന്ന ഐഐ എം റാഞ്ചി വരെയുള്ള രഞ്ജിത്തിൻ്റെ ജീവിതയാത്ര സമാനതകളില്ലാത്തതാണ്. സോഷ്യൽ മീഡിയയുടെ സ്നേഹം ഏറ്റുവാങ്ങുന്ന വിജയകഥ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് രഞ്ജിത്ത്. അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ.”ഈ വീട്ടിലാണ് ഞാൻ ജനിച്ചത്.ഇവിടെ ആണ് വളർന്നത്. ഇപ്പോൾ ഇവിടെ ആണ് ജീവിക്കുന്നത്.

ഒരുപ്പാട് സന്തോഷത്തോടെ പറയട്ടെ ഈ വീട്ടിൽ ഒരു ഐഐഎം (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ്റ് ) അസിസ്റ്റൻ്റ് പ്രൊഫസർ ജനിച്ചിരിക്കുന്നു. ഈ വീട് മുതൽ ഐഐഎം റാഞ്ചി വരെയുള്ള എന്റെ കഥ പറയണമെന്ന് തോന്നി. ഈ കഥ ഒരാളുടെയെങ്കിലും സ്വപ്നങ്ങൾക്ക് വളമാകുന്നെങ്കിൽ അതാണ് എന്റെ വിജയം.ഹയർ സെക്കണ്ടറിക്ക് തരക്കേടില്ലാത്ത മാർക്കുണ്ടായിരുന്നു. എന്നാലും എന്റെ ചുറ്റുപ്പാടിന്റെ സമർദ്ദം മൂലം പഠനം നിർത്താമെന്നു കരുതിയതാണ്.എന്തോ ഭാഗ്യം കൊണ്ട് അതേ സമയം പാണത്തൂർ ടെലി‍ഫോൺ എക്സ്ചേഞ്ചിൽ രാത്രികാല സെക്യൂരിറ്റി യായി ജോലി കിട്ടി. പകൽ പഠിക്കാനുള്ള സമയവും അടഞ്ഞെന്നു കരുതിയ വിദ്യാഭ്യാസം അവിടെ വീണ്ടും തുറക്കപ്പെട്ടു. അത് ചെയ്യണം ഇത് ചെയ്യണമെന്നു അച്ഛനോ അമ്മയോ പറഞ്ഞു തന്നില്ല.

പറഞ്ഞു തരാനും ആരുമുണ്ടായിരുന്നില്ല. ഒഴുക്കിൽപ്പെട്ട അവസ്ഥ ആയിരുന്നു. പക്ഷെ, നീന്തി ഞാൻ തൊട്ട കരകളൊക്കെ സുന്ദരമായിരുന്നു. സെൻ്റ് പയസ് കോളേജ് എന്നെ വേദികളിൽ സംസാരിക്കാൻ പഠിപ്പിച്ചു. സെൻററൽ യൂണിവേഴ്സിറ്റി ഓഫ് കേരള കാസർകോടിന് പുറത്തൊരു ലോകമുണ്ടെന്നു പറഞ്ഞു തന്നു. അങ്ങനെയാണ് ഐഐടി മദ്രാസിന്റെ വല്ല്യ ലോകത്ത് എത്തിയത്. പക്ഷെ അതൊരു വിചിത്ര ലോകമായിരുന്നു. ആദ്യമായിട്ട് ആൾക്കൂട്ടത്തിന് നടുക്ക് ഒറ്റയ്ക്കായതുയപോലെ തോന്നിപ്പോയി. ഇവിടെ പിടിച്ചു നിൽക്കാൻ ആകില്ലെന്നു മനസ് പലപ്പോഴും പറഞ്ഞിരുന്നു. മലയാളം മാത്രം സംസാരിച്ചു ശീലിച്ച എനിക്ക് സംസാരിക്കാൻ പോലും ഭയമായിരുന്നു.ഇതെന്റെ വഴിയല്ല എന്നു തോന്നി.

പിഎച്ച്ഡി പാതിയിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചു. പക്ഷെ എന്റെ ഗൈഡ് ഡോക്ടർ സുബാഷ് ആ തീരുമാനം തെറ്റാണെന്ന് എന്നെ ബോധ്യപെടുത്തി. തോറ്റു പിന്മാറും മുൻപ് ഒന്ന് പോരാടാൻ പറഞ്ഞു. തോറ്റു തുടങ്ങി എന്നു തോന്നിയ എനിക്ക് അന്ന് മുതൽ ജയിക്കണമെന്ന വാശി വന്നു. പാണത്തൂർ എന്ന മലയോര മേഖലയിൽ നിന്നുമാണ് എന്റെ യാത്രകളുടെ തുടക്കം. വിത്തെറിഞ്ഞാൽ പൊന്നു വിളയുന്ന ആ മണ്ണിൽ വിദ്യ പാകിയാലും നൂറു മേനി കൊയ്യാനാകും എന്നു ഞാൻ വിശ്വസിച്ചു തുടങ്ങി.ഈ കുടിലിൽ ,ഈ സ്വർഗത്തിൽ നിന്നും ഐഐഎം റാഞ്ചിയിലെ അസിസ്റ്റന്റ് പ്രൊഫസറിലേക്കുള്ള ദൂരം കഷ്ടപ്പാടിൻ്റെതായിരുന്നു.

എന്റെ സ്വപ്നങ്ങളുടെ ആകെ തുകയായിരുന്നു. ഒരു അച്ഛന്റെയും അമ്മയുടെയും സഹനമായിരുന്നു.എനിക്ക് നന്നായി അറിയാം ഇതുപോലെ ആയിരക്കണക്കിന് കുടിലുകളിൽ വിടരും മുൻപ് വാടി പോയ ഒരുപ്പാട് സ്വപ്നങ്ങളുടെ കഥ. ഇനി അവയ്ക്ക് പകരം സ്വപ്നസാക്ഷത്ക്കാരത്തിന്റെ കഥകൾ ഉണ്ടാകണം. ഒരുപക്ഷെ തലയ്ക്കു മുകളിൽ ഇടിഞ്ഞു വീഴാറായ ഉത്തരമുണ്ടായിരിക്കാം. നാലു ചുറ്റിനും ഇടിഞ്ഞു വീഴാറായ ചുവരുകൾ ഉണ്ടായിരിക്കാം. പക്ഷെ ആകാശത്തോളം സ്വപ്നം കാണുക. ഒരു നാൾ ആ സ്വപ്നങ്ങളുടെ ചിറകിലേറി നിങ്ങൾക്കും ആ വിജയതീരാത്തെത്താം.”

Share this on...