രാജന്റെയും അമ്പിളിയുടെയും മക്കൾ വർഷങ്ങൾക്ക് ശേഷം ചിരിച്ചു അവരുടെ വീടിനു മുന്നിൽ നിന്നു – ഇതാ വീട്

in News 77 views

മലയാളികൾ ഏറെ നൊമ്പരത്തോടെ കേട്ട വാർത്തയായിരുന്നു രാജൻ്റെയും അമ്പിളിയുടെയും മരണം. തങ്ങളുടെ കിടപ്പാടം നഷ്ടമാകാൻ പോകുന്നു എന്ന് കേട്ടയുടനെ പോലീസുകാരെ ഭയപ്പെടുത്താൻ വേണ്ടി കയ്യിൽ മണ്ണെണ്ണയുമായി നിന്ന രാജനെയും അമ്പിളിയെയും മലയാളികൾ ഇന്നും മറന്നിട്ടില്ല. ഒടുവിൽ അച്ഛനമ്മമാർ ഉറങ്ങുന്ന മണ്ണിൽ തന്നെ രാഹുലിനും അനുജൻ രഞ്ജിത്തിനും സ്വന്തം വീടായി എന്ന വാർത്ത ഇന്ന്പുറത്തുവന്നതോടെ മലയാളികൾ കുറച്ചെങ്കിലും സന്തോഷത്തിലാണ്. വീടിൻ്റെ ഗൃഹപ്രവേശനം ഈ മാസം 30 ന് നടക്കുമെന്നാണ് പുറത്തുവരുന്ന വാർത്തകളിൽ നിന്ന് വ്യക്തമാകുന്നത്. ചാലക്കുടി ആസ്ഥാനമായുള്ള ഫിലോകാലിയ സന്നദ്ധസംഘടനയുടെ സാമ്പത്തിക സഹായത്തോടെയാണ് ഇവർ വീട് നിർമ്മിച്ചത്.

കോടതി ഉത്തരവിനെ തുടർന്ന് താൽക്കാലിക കുടിൽ പൊളിച്ചു നീക്കാൻ എത്തിയവർക്കുമുന്നിൽ പെട്രോളൊഴിച്ച് ജീവനൊടുക്കിയ അതിയന്നൂർ പഞ്ചായത്തിലെ പോങ്ങിൽ ഞെട്ടതോട്ടം ലക്ഷംവീട് കോളനിയിൽ രാജൻ്റെയും അമ്പിളിയുടെയും മക്കളാണ് രാഹുലും, രഞ്ജിത്തും. 2020 ഡിസംബർ 22നായിരുന്നു ആ സംഭവം നടന്നത്. സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത രാജനും കുടുംബവും നെട്ടതോട്ടം കോളനിയിലെ അവകാശികൾ ഇല്ലെന്ന് കരുതിയ സ്ഥലത്ത് കുടിൽകെട്ടി താമസിക്കുകയായിരുന്നു. എന്നാൽ അയൽവാസിയായ സ്ത്രീ ഈ സ്ഥലത്തിൽ അവകാശമുന്നയിച്ച് കോടതിയെ സമീപിച്ചതോടെയാണ് കാര്യങ്ങൾ മാറി മറഞ്ഞത്. തുടർന്ന് കോടതി ഉത്തരവുമായി എത്തിയ പോലീസിന് മുന്നിൽ മറ്റൊന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല.

മക്കളും താനും ഭാര്യയും എല്ലാം പെരുവഴിയിൽ ആകുമല്ലോ എന്നോർത്തപ്പോൾ രാജനും അമ്പിളിയ്ക്കും വേറൊന്നും ചെയ്യാൻ തോന്നിയില്ല. ഒടുവിൽ അച്ഛൻ്റെയും അമ്മയുടെയും മൃതദേഹങ്ങൾ കൊണ്ടുവന്നപ്പോൾ രണ്ട് മക്കളും കരഞ്ഞ കരച്ചിൽ ഇന്നും മലയാളികളുടെ മനസ്സിൽ തീരാനൊമ്പരമായി തന്നെയുണ്ട്. അച്ഛനൊപ്പം മരിക്കാൻ തയ്യാറായ ഇളയ മകനെയും അന്ന് ചേട്ടനാണ് തടഞ്ഞത്. സ്വന്തം അച്ഛൻ്റെ മൃതദേഹം സംസ്കരിക്കാൻ സ്വയംകുഴി എടുത്ത മകൻ്റെ ചിത്രങ്ങളും അന്ന് മലയാളികളുടെ മനസ്സിൽ തീരാനൊമ്പരമായി തന്നെ ഉണ്ടായിരുന്നു. അന്ന് മുതൽ നിരവധി പേർ ഇവർക്ക് വീട് വെച്ച് നൽകും എന്ന വാർത്തകളുമായി വന്നിരുന്നു.എന്നാൽ അതൊന്നും പാലിക്കപ്പെട്ടതേയില്ല.

ഒടുവിൽ ചാലക്കുടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫിലോകാലിയ എന്ന സന്നദ്ധസംഘടനയാണ് രാഹുലിനും രഞ്ജിത്തിനും സഹായവുമായെത്തിയത്. ഫിലോകാലിയ ചെയർമാൻ മാലിയോ ജോസഫിൻ്റെ സാന്നിധ്യത്തിൽ ഈ മാർച്ചിലാണ് വീടിന് തറക്കല്ലിട്ടത്. ഇപ്പോഴിതാ വീടിൻ്റെ ചിത്രങ്ങളും പുറത്തുവന്നിരിക്കുകയാണ്. ഏറെ സന്തോഷം നൽകുന്ന വാർത്ത എന്നു തന്നെയാണ് മലയാളികൾ ഓരോരുത്തരും പറയുന്നത്. നിരവധിപേർ ഈ വാർത്തയ്ക്കായി കാത്തിരിക്കുകയായിരുന്നു.

Share this on...