എയർപോർട്ടിൽ അവരെ വിളിക്കാൻ ചെന്ന യുവാവ് ആ കാഴ്ച കണ്ടു പൊട്ടികരഞ്ഞു പോയി

in News 6,487 views

”തിരിച്ചുപോകുമ്പോൾ എന്നെ കൂടി കൊണ്ടുപോകുമോ??”തിരികെ പ്രവാസത്തിലേക്ക് ചേക്കേറാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ആ രാത്രിയിൽ എന്റെ നെഞ്ചിൽ കിടന്നുകൊണ്ടവൾ ചോദിച്ചു…സത്യത്തിൽ ഏതൊരു പ്രവാസിയും ആഗ്രഹിക്കുന്ന ഒന്നായിരുന്നു അവൾ ചോദിച്ചത്… പക്ഷേ, എണ്ണി ചുട്ടെടുക്കുന്ന അപ്പം പോലെ കിട്ടുന്ന പണം കൊണ്ട് ജീവിക്കുന്ന എന്നെ പോലുള്ളവർക്ക് അത് വെറും സ്വപ്നം മാത്രമായിരുന്നു…

സ്വന്തമായൊരു കൂര പണിയാൻ പോലും പല ദിവസങ്ങളോളം പട്ടിണി കിടന്നിട്ടുണ്ട്… പൊരി വെയിലത്ത് ചൂടിനെ വക വെക്കാതെയും രാത്രികാലങ്ങളിൽ ഉറക്കമില്ലാതെയും പണിയെടുത്തിട്ടുണ്ട്…

അത്തരത്തിൽ സ്വരുക്കൂട്ടിയ തുക മാസാമാസം നാട്ടിലേക്കയക്കുമ്പോൾ പലരും പറയാറുണ്ട്… ഗൾഫിലെനിക്ക് പണം കായ്ക്കുന്ന ഒരു വലിയ മരമുണ്ടെന്ന്….

”ഗൾഫിലെ എന്റെ പണം കായ്ക്കുന്ന മരം കാണുവാനാണോ പെണ്ണേ??”ഒരു ചെറുചിരിയോടെ ഞാൻ ചോദിക്കുമ്പോൾ തലയുയർത്തി അവളെന്നെ നോക്കി…

”മറ്റാർക്കും അറിയില്ലെങ്കിലും എനിക്കറിയാം, ആ പണത്തിൽ ഒളിഞ്ഞിരിക്കുന്ന ഏട്ടന്റെ വിയർപ്പും കഷ്ടപ്പാടുകളും… ആ കഷ്ടപ്പാടുകൾക്കിടയിൽ ഒരാശ്വാസമായി ഒരു ദിവസമെങ്കിലും ഞാനുമുണ്ടാകണം ഏട്ടന്റെ ഒപ്പം എന്നൊരാഗ്രഹം മാത്രം…. അറിയാം അത് വെറുമൊരു സ്വപ്നമാണെന്ന്…”

ഒരു പുഞ്ചിരിയോടെയാണവൾ അതു പറഞ്ഞതെങ്കിലും ആ കണ്ണുകളിൽ നിറഞ്ഞു തുളുമ്പിയിരുന്നു..
ശരിയാണ്… പലപ്പോഴും സ്വന്തങ്ങളും സുഹൃത്തുക്കളും എന്നെയൊരു പുത്തൻപണക്കാരനാക്കുമ്പോൾ,, ആവശ്യങ്ങളും ആഗ്രഹങ്ങളും ഉന്നയിച്ചു എനിക്ക് മുൻപിൽ കൈ നീട്ടി നിൽക്കുമ്പോൾ,, ഒരിക്കൽ പോലും ആ കൂട്ടത്തിൽ എന്റെ ഭാര്യ ഉണ്ടായിരുന്നില്ല…

കൊണ്ടുവരുന്ന അത്തറിന്റെ സുഗന്ധക്കുറവിൽ മുഖം മങ്ങുന്നവർക്കിടയിൽ,, എന്റെ സാമീപ്യംകൊണ്ട് മാത്രം മുഖത്തു തെളിച്ചമേറിയിരുന്നത് അവളിൽ മാത്രമായിരുന്നു… ഒരുപക്ഷേ സ്വന്തബന്ധങ്ങളിൽ ഭാര്യ എന്ന വാക്കിനു ഇത്ര വിലയേറിയത് ഇതുകൊണ്ടൊക്കെ തന്നെയാകാം….

അന്ന്,, ആ രാത്രിയിൽ അവളെ നെഞ്ചോടു ചേർത്ത് മനസ്സിലൊരു ഉറച്ച തീരുമാനമെടുത്തു… ഈ തിരിച്ചു പോക്കിൽ അവളേയും കൂടെ കൂട്ടാനുള്ള ഒരുക്കങ്ങൾ തുടങ്ങണമെന്ന്….

തിരികെ പ്രവാസത്തിലേക്ക് ചേക്കേറുമ്പോൾ മനസ്സ് നിറയെ പുത്തൻ സ്വപ്നങ്ങളായിരുന്നു….മണലാരണ്യത്തിനിടയിലൂടെ അവളുടെ കൂടെ ഒരു യാത്ര…

. ഒട്ടകപ്പുറത്ത് അവളോടൊത്ത് കളിചിരി തമാശകളുമായൊരു സവാരി…. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ, ചൂടിനേയും തണുപ്പിനേയും വക വെക്കാതെ കുന്നുകളും മലകളും ചുരങ്ങളും താണ്ടിക്കൊണ്ട് ഈ ലോകം തന്നെ കീഴടക്കണം….

പക്ഷേ….ഒരു നെടുവീർപ്പോടെ മാധവേട്ടൻ എന്നെ നോക്കി…മാധവേട്ടന്റെ ജീവിതം ഒരു കഥപോലെ ആസ്വദിച്ചിരുന്ന എന്റെ കണ്ണുകളിൽ ആകാംക്ഷയേറിയിരുന്നു…

”വിവാഹിതനായ ഒരു പ്രവാസി നാട്ടിൽപോയാൽ ഉണ്ടാകുന്ന അതേ പ്രശ്‌നം തന്നെ എന്റെ ജീവിതത്തിലും സംഭവിച്ചു…”എന്റെ കണ്ണുകളിലേക്ക് നോക്കി മാധവേട്ടൻ പറയുമ്പോൾ കാര്യമെന്തന്നു മനസ്സിലാവാതെ ഞാൻ കണ്ണുചുളിച്ചു…

”എന്റെ ഭാര്യ രണ്ടു മാസം ഗർഭിണിയാണെന്ന വാർത്ത എന്നെ തേടിയെത്തി…”ഒരു ചെറുചിരിയോടെ മാധവേട്ടൻ പറയുമ്പോൾ അതുവരെ ആകാംക്ഷ മാത്രം നിറഞ്ഞിരുന്ന എന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു…

”എന്നിട്ട്???” തിടുക്കത്തോടെ ഞാൻ ചോദിച്ചു…”പിന്നെ എന്റെ സ്വപ്നങ്ങളിൽ ഒരു കുഞ്ഞു മാലാഖകൂടി ഇടം പിടിച്ചു… അതിനായി ഞങ്ങൾ ഒരേമനസ്സാലേ കാത്തിരുന്നു… പക്ഷേ അവിടേയും ദൈവം എന്നെ ഞെട്ടിച്ചു… ഒന്നിനുപകരം രണ്ടു മാലാഖമാർ… സന്തോഷം അതിരില്ലാതെ ഞങ്ങളിൽ അലയടിച്ചു…

കുട്ടികളുടെ പിറവിയോടൊപ്പം ഞങ്ങളുടെ സ്വപ്നങ്ങൾ വർഷങ്ങൾ നീണ്ടുപോയി… അവരുടെ ജീവിതത്തിനും വിദ്യഭ്യാസത്തിനും എനിക്ക് കിട്ടിയിരുന്ന ശമ്പളം പോലും തികയാതെ വന്നിരുന്നു… അതിനിടയിൽ ഗൾഫിലെ സാമ്പത്തികമാന്ദ്യം… മക്കളുടെ വിവാഹം… എങ്കിലും എന്റെ ഉള്ളിൽ ആ സ്വപ്നങ്ങൾ അണയാതെ കിടന്നിരുന്നു…

ഒടുവിൽ 28 വർഷങ്ങൾക്കിപ്പുറം,, അവൾ ഇന്നു വരുകയാണ്… എന്റെ ഭാര്യ… ആ രാത്രിയിൽ ഞങ്ങൾ പങ്കിട്ട സ്വപ്നങ്ങൾ നിറവേറ്റാൻ….”

ഒരു ചെറുചിരിയോടെ പറഞ്ഞുകൊണ്ട് എയർപോർട്ടിന്റെ അകത്തളത്തിലേക്ക് പ്രതീക്ഷകളോടെ മാധവേട്ടൻ നോക്കിയിരുന്നു…

പക്ഷേ എന്റെ കണ്ണുകളിൽ കുറ്റബോധം മാത്രമായിരുന്നു..ഭാര്യയേ കൂട്ടികൊണ്ടുവരാൻ എയർപോർട്ടിലേക്ക് കൂട്ടുവരാൻ മാധവേട്ടൻ ആവശ്യപ്പെടുമ്പോൾ,, ‘വയസ്സുകാലത്തു ഈ കിളവനു ഇതെന്തിന്റെ സൂക്കേടാ’ എന്ന് മനസ്സിൽ പറഞ്ഞുപോയ നിമിഷങ്ങൾ ഓർത്ത് ഞാൻ തല കുനിച്ചിരുന്നു…

ഒരു കൂട്ടച്ചിരി കേട്ടപ്പോഴാണ് ഞാൻ തലയുയർത്തി നോക്കിയത്… അവിടെ,, മാധവേട്ടന്റെ നെഞ്ചിൽ തലചായ്ച്ചു നിൽക്കുന്ന ഭാര്യ….

അവരുടെ നെറ്റിയിൽ ആനന്ദത്തിന്റെ നിറകണ്ണുകളുമായി മാധവേട്ടൻ ചുംബനമേകുമ്പോൾ ഞാൻ കാണുന്നുണ്ടായിരുന്നു… വെളുത്തു നരച്ച ആ ശരരീരത്തിനുള്ളിലെ,, നര ബാധിക്കാത്ത ഒരു മനസ്സിനെ…

(സമർപ്പണം: ഒരു ദിവസമെങ്കിലും ഭാര്യയോടുത്തു ഗൾഫിൽ ജീവിക്കണമെന്ന ആഗ്രഹങ്ങളും സ്വപ്നങ്ങളുമായി പ്രവാസത്തോടു മല്ലിടുന്ന മാധവേട്ടനെപോലുള്ളവർക്ക്…)
രചന : ശരൺ പ്രകാശ്

Share this on...