നിങ്ങൾക്ക് അറിയുമോ ഇരുപത്തി ഏഴ് വർഷം സൗദിയിൽ നിന്നിട്ടും ഞാൻ ഒരു ഉംറ പോലും ചെയ്തിട്ടില്ല..

in News 1,922 views

നിങ്ങൾക്ക് അറിയുമോ ഇരുപത്തി ഏഴ് വർഷം സൗദിയിൽ നിന്നിട്ടും ഞാൻ ഒരു ഉംറ പോലും ചെയ്തിട്ടില്ല.. ആദ്യത്തെ പോക്ക് പോയി നാലര വർഷം കഴിഞ്ഞ് ആണ് ഞാൻ നാട് കണ്ടത്
ആ അറുപത്തെട്ട് കാരൻ ഞങ്ങളുടെ മുന്നിൽ ഇരുന്നു കരഞ്ഞു..അന്ന് ചെന്നു പെട്ടത് മരുഭൂമിയിലെ കൃഷി സ്ഥലത്താണ് ഒരു പാട് ആടുകളും കണ്ണെത്താ ദൂരത്തോളം മരുഭൂമിയും കുറെ കൃഷിസ്ഥലവും അറബിയിൽ മസറ എന്ന് പറയും നാല് പേരിൽ ഒരാളായി ഞാനും ഞാൻ മാത്രം ആണ് മലയാളി വെള്ളവും പുല്ലും ഞങ്ങൾക്ക് ഉള്ള ഭക്ഷണസാധനങ്ങളുമായി അറബി വരുമ്പോൾ മാത്രമാണ് നാട്ടിൽ നിന്നുള്ള ഒരു കത്ത് കിട്ടുക തിരിച്ചു മറുപടിയും ഒരിക്കൽ മാത്രം അത് പലപ്പോഴും രണ്ടും മൂന്നും മാസത്തിൽ ഒരിക്കലും ആയിരുന്നു

പലതവണ കരഞ്ഞു കാല് പിടിച്ചിട്ടുണ്ട് പക്ഷേ അറബി ലീവ് തരില്ല..ചെറിയ തുക ആണേലും കൃത്യമായി ശമ്പളം കിട്ടും അത് അറബി വഴി തന്നെ നാട്ടിലേക്ക് അയക്കും
നമ്മുടെ ഭാഷയിൽ ഒന്ന് വർത്തമാനം പറയാൻ ഞാൻ എത്ര കൊതിച്ചു എന്ന് അറിയുമോ ..
രക്ഷ പെടാൻ പലവട്ടം നോക്കി കണ്ണെത്താത്ത മരുഭൂമിയിൽ കുഴഞ്ഞു വീണത് മാത്രം മിച്ചം
ഒടുവിൽ ലീവ് കിട്ടി നാലര വർഷത്തിന് ശേഷം പിന്നീട് ഞാൻ അങ്ങോട്ട് തിരിച്ചു പോയില്ല

സുലൈഖ ക്ക് ഞാൻ എന്നും ഒന്നിനും പോരാത്തവനായിരുന്നു..എന്റെ കൂടെ പോയ ദുബായ് ക്കാരിൽ പലരും മണി മാളിക പണിഞ്ഞതും അവരുടെ മക്കളെ ഇംഗ്ലീഷ് മീഡിയത്തിൽ ചേർത്തതും ഒക്കെ അവളുടെ കണക്കിൽ എന്റെ പോരായ്മ മാത്രമായിരുന്നു

പിന്നെ അവളുടെ അമ്മാവന്റെ മോൻ വഴിയാണ് വീണ്ടും പോയത് പോവുക അല്ലാതെ മാർഗം ഇല്ലായിരുന്നു രണ്ട് വയസ്സ് വിത്യാസം മാത്രം ഉള്ള മൂന്ന് പെൺമക്കൾ ചോർന്നു ഒലിക്കുന്ന വീട്

ചെന്നിടത്ത് ഹോട്ടലിൽ ക്ലീനിംഗ് ജോലി ആയിരുന്നു നിന്ന് നിൽപ്പിൽ പാത്രം കഴുകി കാലിൽ നീര് വന്നു. ഈർപ്പം മാറാൻ നേരമില്ലാത്തത് കൊണ്ട് കൈവിരലുകൾക്കിടയിലെ മുറിവുകൾ ഉണങ്ങാൻ നേരമില്ലായിരുന്നു..

അതിനിടയിലാണ്. രണ്ട് വർഷത്തെ ഇടവേളകളിൽ ശഫീഖും ഷബീറൂം ജനിച്ചത്
ഷബിറിന് ആറ് മാസം പ്രായമുള്ളപ്പോഴാണ് മൂത്തമോൾ സുഹ്റാബിയുടെ കല്യാണം
വീട് പണിക്ക് തേക്കാൻ കുറച്ചു പൈസ അവളുടെ ആങ്ങളയും ബാപ്പയും സഹായിച്ചത് മുതൽ സുലൈഖ ക്ക് ഞാൻ വീണ്ടും പോരാത്തവനായി..ഞാൻ എന്ത് ഒക്കെ ചെയ്താലും എല്ലാം അവളുടെ വീട്ടുകാരുടെ അക്കൗണ്ടിൽ മാത്രമേ എന്റെ ഭാര്യ ചേർക്കൂ….

മക്കൾക്കും ഞാൻ രണ്ട് വർഷത്തിനുള്ളിൽ രണ്ട് മാസത്തേക്ക് വരുന്ന ഒരു വിരുന്നുകാരൻ മാത്രമായി..റസൂലിന്റെ ചാരത്ത് ചെന്ന് ഒന്ന് പൊട്ടിക്കരയാനും കഅബയുടെ അരികിൽ ഇരുന്നു എന്റെ സങ്കടങ്ങൾ ഇറക്കി വെക്കാനൂം ഒരു പാട് വട്ടം കൊതിച്ചിട്ടുണ്ട്

പക്ഷേ അതിന് മുമ്പല്ലേ ഈ അപകടവും എന്റെ തിരിച്ചു വരവും ഞാൻ താഴത്തും തലയിലും അല്ലാതെ ആണ് മൂന്ന് പെൺമക്കൾക്കുശേഷം ഉണ്ടായ രണ്ട് ആൺ മക്കളേ വളർത്തിയത്..

അഞ്ച് മക്കളേം ആവശ്യത്തിന് പഠിപ്പിച്ച മൂന്ന് പെൺമക്കളെ കല്യാണം കഴിപ്പിച്ചു അവരുടെ പ്രസവോം മൂത്ത രണ്ട് പേരുടേം വീട് പണിക്ക് സഹായോം വീട് കേറി താമസത്തിന് ഉപ്പ് തൊട്ട് കർപ്പൂരം വരെ വേണ്ടതെല്ലാം ചെയ്ത എന്നോട് സുലൈഖേം മോനും ഇന്നലെ ചോദിക്കുകയാണ്
ഇത്രേം കാലം ഗൾഫിൽ നിന്നിട്ടും നിങ്ങള് എന്താണ് ഉണ്ടാക്കിയത് എന്ന്….
അയാളുടെ ചുണ്ടുകൾ വിറച്ചു

വാക്കുകൾ മുറിഞ്ഞു…ആ കണ്ണുകൾ പെയ്തു ആ ശുഷ്കിച്ച മുഖത്ത് നീർച്ചാലുകൾ തീർത്തു..
എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് അറിയാതെ എനിക്കും വാക്കുകൾ തൊണ്ടയിൽ കുരുങ്ങി..

Share this on...