ഗൾഫിൽ നിന്നും വന്ന ഭർത്താവിനോട് ഭാര്യക്ക് സ്നേഹമില്ല ഭരിയെ പിന്തുടർന്ന ഭർത്താവ് കണ്ടത്

in News 34,055 views

കല്യാണം കഴിഞ്ഞു വീട്ടിലേക്ക് വരുമ്പോൾ ആയിഷയുടെ ഫോണിലേക്ക് തുരുതുരാ മെസേജ് വരുന്നുണ്ടായിരുന്നു…!ആരാണ് എന്ന് ഭർത്താവ് ചോദിക്കുന്നതിന് മുൻപ് തന്നെ ഫാമിലി ഗ്രൂപ്പിലാണെന്ന് മറുപടിയും പറഞ്ഞു.ആയിഷ…നീ വാ നമുക്ക് കുറച്ചു നേരമൊന്ന് കിടക്കാം .ബിരിയാണി കഴിച്ചതോണ്ട് വല്ലാത്തൊരു ക്ഷീണം.ഞാനില്ല ഇക്കാ ……!അതെന്താടോ …? ഒന്നൂല്യ …എന്തോ ഒന്നുണ്ട് …ഞാൻ വന്നിട്ട് ഇന്നേക്ക് ഒരാഴ്ച കഴിഞ്ഞു . ഇതുവരെ നീയൊന്ന് സന്തോഷത്തോടെ സംസാരിക്കുന്നത് പോലും ഞാൻ കേട്ടിട്ടില്ല.

ഇക്കാനോട് കടങ്ങളൊക്കെ തീർത്തിട്ട് വന്നാ മതീന്ന് ഞാൻ പറഞ്ഞതല്ലേ.അതൊന്നും
ആലോചിക്കാതെ ഇങ്ങോട്ടെന്തിനാ ഇപ്പോ കെട്ടിയെടുത്തത് ?
അതാണപ്പോ കാര്യം…ഒന്നരക്കൊല്ലം കഴിഞിട്ട് കെട്ട്യോളേം മക്കളെയും കാണാൻ വന്ന ഞാനാണ് തെറ്റ്കാരൻ…!

നിനക്കൊക്കെ മാസാമാസം അയച്ചു തരുമ്പോ മാത്രേ സന്തോഷത്തോടെ സംസാരിക്കാനറിയൂ. അത് തീർന്നാൽ പിന്നെ വിളിച്ചാൽ മുഖം വീർപ്പിച്ചുള്ള സംസാരം.ഇതൊന്നും ശരിയല്ല.
“മാസത്തിൽ ഒരു തവണയെ ശമ്പളം കിട്ടൂ.അത് കിട്ടുമ്പോൾ തന്നെ നാട്ടിലേക്ക് അയക്കാറും ഉണ്ട്.”
പക്ഷെ …!

അത് എന്ത് ചെയ്‌തെന്നോ എങ്ങിനെ തീർത്തെന്നോ ചോദിക്കാറില്ല.അത് എന്റെ തെറ്റ്.
നിന്റെ ഓരോ ആഴ്ചയിലെ ബ്യൂട്ടിപാർലറിൽ പോക്കും മാസം മാസമുള്ള മൊബൈൽ റീചാർജും ഒന്ന് നിയന്ത്രിച്ചാൽ തന്നെ നമ്മളെ കടത്തിന്റെ പകുതി തീരും.
കഴിഞ്ഞത് കഴിഞ്ഞു ഇനി കുട്ടികളെ മുന്നില് വെച്ച് വഴക്ക് കൂടാൻ ഞാനില്ല…നമ്മളെ കണ്ടാണ് നമ്മളെ മക്കള് വളരേണ്ടത്.

നീ ഈ പുതിയ ഡ്രെസ്സൊക്കെ മാറ്റിയെന്ന് വാ.കുറച്ചു നേരം കിടക്കാം.
ഞാൻ വേണമെങ്കിൽ മാറ്റിക്കൊള്ളാം നിങ്ങളുറങ്ങിക്കോളീ .
“ഇനി നിൻറെയിഷ്‌ടം…!” മക്കള് മൂന്ന് പേരും ടിവി കാണുമ്പോഴാണ് ഹനീഫ ഉറക്കിൽ നിന്ന് എണീറ്റത്.മക്കളെ ഉമ്മയെവിടെ ?ഉമ്മ…ഷമീർക്കാടെ കാറിൽ പോയല്ലോ ?

ഏത് ഷമീർ ?ഉപ്പച്ചീടെ ചെങ്ങായി ഷമീർക്കയില്ലേ ?ആ…അവന്റെ കൂടെയോ ?നിങ്ങളോട് വല്ലതും പറഞ്ഞോ ?ഇല്ല്യാ ……അതിന് ഉമ്മച്ചി ഇടയ്ക്കൊക്കെഅവരെ കൂടെ പോവാറുണ്ടല്ലോ ?

എങ്ങോട്ട് ?അത് അറിയൂല.അത് ഉമ്മച്ചിയോട് ചോദിച്ചാ ചീത്ത പറയും. ചിലപ്പോൾ ഷമീർക്ക ഇവിടേം വരാറുണ്ട് .
എന്തിന് ?അതൊന്നും ഞങ്ങൾക്കറിയൂല.അവര് നമ്മളെ വീട്ടില് വരുന്നത് ആരോടും പറയരുതെന്ന ഉമ്മച്ചി പറഞ്ഞീണത്.പടച്ചറബ്ബേ ഇവളിന്നെ ചതിക്കെയ്നോ ?

ഉപ്പച്ചിക്ക് തലകറങ്ങുന്നുണ്ട് മോളെ കുറച് വെള്ളം കൊണ്ട് വാ.മോളെ ഉമ്മച്ചീടെ ഫോണുണ്ടോ അവിടെ ?ഇല്ല്യാ……!

പുതിയ ഫോൺ കൊണ്ട് പോയിട്ടുണ്ട്. പഴയത് മേശപ്പുറത്തുണ്ട്.മോളെ…ഉപ്പച്ചീടെ ഫോണിന്ന് അതിലെക്കൊന്ന് വിളിച് നോക്ക്.റിംഗ് ചെയ്യുന്നുണ്ട് ഉപ്പച്ചി എടുക്കുന്നില്ല.ഒന്നും കൂടി വിളിച് നോക്ക്.
ഇപ്പൊ ഫോൺ സ്വിച്ച് ഓഫാണന്നാ പറയണത്.

നീ ഫോൺ താ ഞാനൊന്ന് വിളിച് നോക്കട്ടെ.
അല്ലെങ്കിൽ വേണ്ടാ…നിങ്ങളെ അമ്മാവന്മാരെ വിളിക്കാം.അവരറിയട്ടെ പുന്നാരപെങ്ങളുടെ തോന്നിവാസങ്ങൾ.ഹാലോ…അളിയാ നിങ്ങളെ പുന്നാര &**”” പെങ്ങളുണ്ടല്ലോ അവള് എന്റെ കൂട്ടുകാരൻഷമീറിന്റെ കൂടെ ഇറങ്ങി പോയീണ്.

നിങ്ങൾക്ക് അവളെ വേണമെങ്കിൽ കണ്ട് പിടിച്ചോളീ.എനിക്കും എന്റെ മക്കൾക്കും
ഇനി അവളെ വേണ്ട.ഈ പടി ചവിട്ടിയാൽഅവളെ ഞാൻ തല്ലിക്കൊ,ല്ലും.
അളിയാ നിങ്ങളൊന്ന് സമാധാനിക്ക് നമുക്ക് പോലീസിൽ പരാതി കൊടുക്കാം.
എന്തിന് …?

അവളായിട്ട് ഇറങ്ങിപോയതല്ലേ.ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല .എന്റെ മക്കള് എല്ലാം പറഞ്ഞു. “ഞങ്ങളെ കൊല്ലാതെ പോയത് ഭാഗ്യം “ഹനീഫാന്റെ പെണ്ണ് അയിഷയും ടാക്സി ഓടിക്കുന്ന ഷമീറും ഒളിച്ചോടീന്ന് നാട്ടില് അപ്പോയെക്കും പാട്ടായി…

ഉപദേശകമ്മറ്റിക്കാര് വീട്ടിലേക്ക് എത്തി. കൂട്ടത്തില് ഇന്നോളം തിരിഞ്ഞോക്കാത്ത കുടുംബക്കാരും.

‌”ആരാന്റമ്മക്ക് ഭ്രാന്തായാൽ കാണാന് നല്ല
‌ചേലാണല്ലോ ”

‌ആരൊക്കെയോ ചേർന്ന് ഷമീറിന്റെ വീട്ടിലും‌കാര്യം അറിയിച്ചു.
‌വയറ്റിലുള്ള ഓന്റെ പെണ്ണും വയ്യാത്ത ഉമ്മയും അലറിക്കരയൽ തുടങ്ങി.

‌അവിടെയും സമാധാന കമ്മറ്റിക്കാര് ആശ്വാസ വാക്കുകളുമായി എത്തി.

‌ നാട്ടുകാര് ഇടപെട്ട് ഒളിച്ചോടിയവരെ പിടിക്കാന് തീരുമാനമാക്കി.ഒരു കൂട്ടര് പോലീസ് സ്റ്റേഷനിലേക്കും പോയി.

‌അപ്പോയെക്കും സമയം രാത്രി 10 മണി കഴിഞ്ഞു.

‌പരാതി എഴുതിവാങ്ങി കൂടെ അവളുടെ പഴയ ഫോണുംവാങ്ങി വെച്ചു എന്നിട്ട് അന്വേഷിക്കാമെന്നും അതിനിടയിൽ വീട്ടുകാർക്ക് വല്ല വിവരവും ലഭിച്ചാൽ പോലീസിനെ അറിയിക്കണമെന്നും പറഞ് തിരിച്ചയച്ചു

‌ഉപ്പച്ചി തിരിച്ചു വീട്ടിലേക്കെത്തുമ്പോൾ ഉമ്മ കൂടെയുണ്ടാവുമെന്ന പ്രതീക്ഷയിൽ ചെറിയ രണ്ട് വയസ്സുള്ള മോനും ഉറങ്ങാതെ കാത്തിരിപ്പുണ്ടായിരുന്നു.

മോൻ‌ ഉമ്മച്ചിയെ കാണണമെന്ന് പറഞ്ഞു കരയുമ്പോൾ കണ്ട് നിൽക്കുന്നവരുടെ കണ്ണ് പോലും നിറഞ്ഞു പോയി.മക്കളെ ഇട്ടേച് പോകാൻ ഓൾക്ക് കുത്തികഴപ്പാണെന്ന് ആരോ പറയുന്നുണ്ടായിരുന്നു.

മക്കളെ‌ നിങ്ങളെ ഉമ്മ മരിച്ചൂന്ന് കരുതിക്കാളി എന്ന് പറയുമ്പോൾ വിതമ്പുന്ന ചുണ്ടുകളാൽ
‌ഹനീഫക്ക് വാക്കുകൾ മുറിയുന്നുണ്ടായിരുന്നു.

‌അത് കേട്ടപ്പോൾ എട്ടും ആറും വയസ്സുള്ള മൂത്ത മക്കളും പൊട്ടിക്കരഞ്ഞു.അവരെ നെഞ്ചോട് ചേർത്ത് ഹനീഫയും കരയാൻ ‌തുടങ്ങി.

‌അതിനിടയിൽ പെട്ടെന്ന് സ്റ്റേഷനിലേക്ക് ചെല്ലാൻ വേണ്ടി എസ് ഐ വിളിച്ചു.

‌സ്റ്റേഷൻ പരിസരത് നാട്ടുകാരെല്ലാം തടിച്ചു കൂടിയിട്ടുണ്ട്.

‌സത്യത്തിൽ നാട്ടരാണ് വാടക ക്വർട്ടേഴ്സിൽ ‌ നിന്നും രണ്ടാളേം കയ്യോടെ പൊക്കിയത്.

‌ഒരാഴ്ച്ച മുൻപ് ഹനീഫ കൊണ്ട് വന്ന ‌നൈറ്റ് ഡ്രസ്സിട്ട് കിടക്കുമ്പോഴാണ് നാട്ടാര് പിടിച്ചു കൊണ്ട് വന്നത്.അത് മാറ്റാനുള്ള സമയം പോലും പിടിച്ചോര് കൊടുത്തിട്ടില്ല.

‌കണ്ടവന്റെ കൂടെ ഇറങ്ങി പോയതിന് അങ്ങളെ ചെറുക്കന്റെ കയ്യീന്ന് ചെകിട്ടത്ത് കിട്ടിയതിന്റെ പാട് ആയിഷയുടെ മുഖത്തുണ്ട്.

‌എന്നിട്ടും അവൾക്കൊരു കൂസലുമില്ല. നീയിത് എന്നോട് ചെയ്തല്ലോ എന്ന് പറയുമ്പോൾ ഒരു അബദ്ധം പറ്റിയതാണെന്ന് ഷമീർ ഹനീഫയോട് പറഞ്ഞു.

‌അപ്പോഴേക്കും ഷമീറിന്റെ ബന്ധുക്കാരും ഭാര്യയുടെ ബന്ധുക്കാരും സ്റ്റേഷനിലെത്തി. പിടിവലിയായപ്പോൾ പോലീസ് ഇടപെട്ടു.

‌ഇവിടെ വെച്ച് കയ്യാങ്കളി നടത്തിയാൽ എല്ലാത്തിനെയും പിടിച് സെല്ലിലിടും.”

‌വേണ്ടപ്പെട്ടവർ മാത്രം ഇവിടെ നിന്ന് ബാക്കിയെല്ലാവരും പുറത്തുപോവുക.

‌പോലീസിന്റെ കർശന നിർദ്ദേശം.

‌ഷമീർ…നീയും അയിഷയും ഒരുമിച്ചു താമസിക്കാൻ തയ്യാറാണോ ?

‌അതെ സാർ,ആയിഷനോടല്ല ചോദിച്ചത് .ഷമീർ മറുപടി‌പറയൂ.

‌എന്താടാ നായെ നിന്റെ നാവിറങ്ങി പോയോ ?സാർ…ഞാനല്ല ഇതിനൊന്നും മുൻകൈ എടുത്തത്.

‌നീ അല്ലെങ്കിൽ പിന്നെയെന്തിന് അവളോടപ്പം ഇറങ്ങി പുറപ്പെട്ടു.

‌ ഹനീഫക്ക് എന്താണ് പറയാനുള്ളത്.?

‌സാർ,കഴിഞ്ഞ പത്തുവർഷം വളരെ കഷ്ടപ്പെട്ടാണ് ഇവളെയും മക്കളെയും ഞാൻ നോക്കിയത്.ഇവർക്ക് ജീവിതത്തിൽ ഒരു ‌കുറവും വരുത്താതെയാണ് നോക്കിയത്.‌എന്നിട്ടാണ് അവളീ ചതിചെയ്തത്.അതുപോലെ ഞാനായിട്ട് അവൾക്ക് വാങ്ങികൊടുത്ത മുഴുവൻ സാധനവും ഇവിടെ വെച്ച് തിരിച്ചു വാങ്ങി തരണം.

‌കഴിഞ്ഞ മൂന്ന് വർഷായിട്ട് ഇവര് തമ്മിൽ
‌ ബന്ധമുണ്ട്.എന്റെ അവസാനത്തെ കുട്ടി പോലും എന്റേതാണോ എന്നെനിക്ക് ഇപ്പൊ സംശയം ഉണ്ട്.

‌അവളുടെ പഴയ ഫോണിലെ വാട്സാപ്പ് ചാറ്റുകൾ ഞാനിന്ന് കണ്ടു.അവസാനത്തെ ടെക്സ്റ്റ് ഇങ്ങനെയാണ്…!

‌”ചക്കരെ…ഹനീഫക്ക രണ്ട് ദിവസത്തിനകം നാട്ടിലെത്തും .ഞാൻ ഒരുപാട് വരേണ്ടാന്ന് പറഞ്ഞിട്ടും കേൾക്കുന്നില്ല. എന്റെ സ്വർണ്ണം എത്രയും പെട്ടെന്ന് തിരിച്ചു തരണം.നമ്മൾ തമ്മിലുള്ള ബന്ധം എങ്ങാനും അറിഞ്ഞാൽ നീ എന്നെ സ്വീകരിക്കൂലേ …!”

‌ഇങ്ങനെ നീളുന്നു ആ മെസേജ്.

സാർ‌ ഇത്രേം വൃത്തികെട്ടൊരു പെണ്ണിനെ എനിക്കിനി വേണ്ട…!

‌എന്റെ പണവും ഞാൻ വാങ്ങിക്കൊടുത്ത മുഴുവൻ സ്വർണ്ണവും എനിക്ക് രണ്ട് ദിവസത്തിനകം തിരിച്ചു കിട്ടണം.

‌ആയിഷാ …സ്വർണ്ണവും പണവും നീ എന്താണ് ചെയ്തത് ?

‌സാർ…ഷമീറിന്റെ വീട് പണിക്ക് ക്യാഷിന് ആവശ്യം വന്നപ്പോൾ പണയം വെക്കാന് കൊടുത്തതാണ്.

‌എങ്കിൽ ഷമീർ എന്ന് തിരിച്ചുകൊടുക്കും ?സാർ…എനിക്ക് ആയിഷ സ്വർണ്ണവും തന്നിട്ടില്ല ക്യാഷും തന്നിട്ടില്ല.അവളുടെ ഒരു രൂപ പോലും എന്റെടുത്തില്ല.

‌പിന്നെ ഞാനെന്തിന് തിരിച്ചു കൊടുക്കണം ?

‌എടാ നീ എന്നെ ചതിക്കുകയായിരുന്നെല്ലെ ?ഞാനാരെയും ചതിച്ചിട്ടില്ല. നിനക്ക് ഞാൻ കടമായി തന്ന അൻപതിനായിരം രൂപയും എന്റെ പതിമൂന്ന് പവൻ സ്വർണ്ണവും നീ എന്ത് ചെയ്തു ദുഷ്‌ടാ?

അതിനിടയിൽ ഷമീറിന്റെ ഉമ്മയും ഭാര്യയും സ്റ്റേഷനിലെത്തി.

‌സാറെ അത് ഷമീറിന്റെ വീടല്ല എന്റെ വീടാണത്.അവന്റെ കെട്ട്യോളുടെയും മക്കളുടെയും സ്വർണ്ണം വിറ്റ് പെറുക്കിയാണ്.ആ വീടിന്റെ മേൽക്കൂര ഞങ്ങള് വാർത്തത് .അവന്റെ നയാപൈസപോലും ആ വീടിന് വേണ്ടി ചിലവഴിച്ചിട്ടില്ല.

‌ഏതെങ്കിലും നട്ട പാതിരക്ക് കേറിവരുന്ന ‌അവനിക്ക് ഞങ്ങളെ വീടിന്റെ ഒരു ഉത്തരവാദിത്വവും ഇല്ലായിരുന്നു. ഈ വയറ്റിലുള്ള പെണ്ണിന് വയര് നിറച് ഒരു നേരത്തെങ്കിൽ വല്ലതും വാങ്ങിക്കൊടുക്കാൻ കഴിയാത്തവനാ.

അവനിക്ക് ഇതുപോലുള്ള തേവിടിശികളുടെ കണ്ണീരൊപ്പാനെ നേരള്ളൂ.
ഇനി ഏതെങ്കിലും സ്വർണത്തിന്റെയും പൈസയുടെയും പേര് പറഞ്ഞു ആ വീടിന്റെ പടിചവിട്ടിയാൽ ആ കാല് ഞങ്ങൾ കൊത്തിമുറിക്കും.

‌ഈ തർക്കത്തിനിടയിൽ ഷമീറിന്റെ ഭാര്യ തല കറങ്ങി‌വീണു.

‌പിടിക്കാനായി ഓടിവന്ന ഷമീറിനെ അവളുടെ ആങ്ങളമാര് തൊടാന് അനുവദിച്ചില്ല.

‌അതിനിടയിൽ ആയിഷയെ സ്വീകരിക്കാൻ തയ്യാറല്ലെന്ന് ഷമീറും ഉറപ്പിച്ചു.

‌അതോടെ അയിഷയും തളർന്നു

‌‌തലകറങ്ങി വീണ ഷമീറിന്റെ ഭാര്യയുമായി ബന്ധുക്കൾ ഹോസ്പിറ്റലിലേക്ക് പോയി.

‌ആയിഷയുടെ വീട്ടുകാര് ഞങ്ങൾക്ക് ഇനി ഇങ്ങനത്തൊരു മകളില്ലാന്ന് പറഞ്ഞു അവരും
‌പോയി.‌ഹനീഫയും ബന്ധുക്കളും സ്റ്റേഷനിൽ നിന്ന്‌ഇറങ്ങുമ്പോൾ എസ് ഐ വിളിച്ചു.

‌ആയിഷയുടെ കാര്യത്തിൽ ഒരു തീരുമാനം ‌പറയാതെ നിങ്ങള് മടങ്ങരുത്.നാളെ വല്ല ‌കയ്യബദ്ധവും കാണിച്ചാൽ എല്ലാവരും ‌മറുപടി പറയേണ്ടി വരും.

‌സാർ…നിങ്ങളെ ഭാര്യയാണ് ഇത് ചെയ്തെതെങ്കിൽ നിങ്ങൾ അവളെ സ്വീകരിക്കുമോ ?

‌മിസ്റ്റർ ഹനീഫ നിങ്ങളോട് തർക്കിക്കാനോ അതെല്ലെങ്കിൽ ചോദ്യം ചെയ്യാനോ അല്ല.
നീതിയും ന്യായവും നൂറു ശതമാനം നിങ്ങളുടെ പക്ഷത്താണ്.

‌നിങ്ങൾ ദയ കാണിച്ചാൽ നിങ്ങളുടെ മക്കൾക്ക് ഉമ്മ എന്ന് വിളിക്കാന് ഒരാളുണ്ടാകും .

‌ഞാൻ നിര്ബന്ധിക്കില്ല .നിങ്ങൾക്ക് ആലോചിച്ചു തീരുമാനം എടുക്കാം.

‌ആയിഷ നിന്റെ തീരുമാനം എന്താണ് ?

‌സാർ.,എന്നെ മരിക്കാൻ അനുവദിക്കണം.

‌”അത് അനുവദിക്കാനുള്ള നിയമം പോലീസിനില്ല.”ഷമീറിന് നിങ്ങളെ വേണ്ടാത്ത സ്ഥിതിക്ക് നിങ്ങളെ ചൂഷണം ചെയ്തതിന് നിയമ പരമായി നേരിടാം. സാറേ……എനിക്കിന് വഴക്കിനും വക്കാണത്തിനും പോകാനുള്ള ഒരു വഴിയും ഇല്ലാ…!

“വീട്ടിലെ ഭക്ഷണം വലിച്ചെറിഞ്ഞു ബിരിയാണി കഴിക്കാൻ പോകുമ്പോ ഓർക്കണായിരുന്നു.…”
ഇനി പറഞ്ഞിട്ട് കാര്യമില്ല.സർ ഞാൻ അവൾക്ക് വാങ്ങിക്കൊടുത്ത സ്വർണ്ണവും എന്റെ ക്യാഷും എന്ന് എപ്പോൾ തരും എന്നതിന് അവളില് നിന്നും ഉറപ്പ് വാങ്ങി തരണം.അതിന് അവളാണ് മറുപടി പറയേണ്ടത് .അത് വാങ്ങിത്തരാനുള്ള വല്ല നിയമവശവും ഉണ്ടെങ്കിൽ തീർച്ചയായും സഹായിക്കും.
അതിനിടയിൽ…!

ഹനീഫയെ വീട്ടിൽ നിന്നും അനിയന്റെ ഭാര്യ വിളിച്ചു.മക്കള് ഉറങ്ങുന്നില്ല മൂന്നാളും ഭക്ഷണവും കഴിച്ചിട്ടില്ല ഉമ്മയെ ചോദിച്ചു കരയുകയാണ്.എന്ത് ചെയ്യണമെന്നറിയാതെ ഹനീഫ തല താഴ്ത്തി അടുത്ത ബെഞ്ചിലിരുന്നു.

മെല്ലെ തല ഉയർത്തി നോക്കുമ്പോൾ ഏങ്ങലടിച്ചു കരയുന്ന ആയിഷയെ കണ്ടു.
മക്കളുടെ അവസ്ഥ ആലോചിക്കുമ്പോൾ അവളെ ഒഴിവാക്കാനും പറ്റണില്ല്യ.

ഉച്ചയ്ക്ക് കല്യാണത്തിന് പോകുമ്പോളിട്ട കണ്മഷിയെല്ലാം കലങ്ങി കവിളിലൂടെ ഒലിച്ചിട്ടുണ്ട്.
പുറത്തേക്ക് നോക്കിനിൽക്കുന്ന ഷമീറിനെ മതിലിനോട് ചേർത്ത് പിടിച് മുഖത്തൊന്ന് പൊട്ടിച്ചു.അപ്പോഴേക്കും പോലീസ് പിടിച്ചു മാറ്റി.

ആയിഷയുടെ അടുത്തേക്ക് ചെന്ന് തലമെല്ലെ കൈകൊണ്ട് ഉയർത്തി. കണ്ണുകളിൽ നിസ്സഹായകാവാസ്ഥ നിഴലിക്കുന്നുണ്ടായിരുന്നു. വിറയ്ക്കുന്ന ചുണ്ടുകളോടെ കൈകൂപ്പി മാപ്പ് എന്ന് പറയുമ്പോയേക്കും കവിൾത്തടം ചുവക്കുന്ന രീതിയിൽ ഒന്ന്‌ പൊട്ടിച്ചു.
ഗാന്ധിയൻ മാർഗത്തിൽ മറുകവിളും കാണിച്ചു കൊടുക്കാൻ തയ്യാറായി നിൽക്കുകയായിരുന്നു ആയിഷ.

ഒറ്റ അടിയിലൂടെ ഹനീഫയുടെ ദേഷ്യത്തിന്റെയും പ്തികാരത്തിന്റെയും അളവ് മെല്ലെ കുറഞ്ഞു. എന്നെ ചതിച്ചു മറ്റൊരുത്തന്റെ കൂടെ കിടന്ന് അർമാദിച്ച പെണ്ണ് എന്ന ചിന്ത പതിയെ മാറി.
“അതെല്ലാം പറക്കമുറ്റാത്ത മക്കളെ ഓർത്താണന്നത് മറ്റൊരു കാര്യം.”ഇക്കാക്ക ഇനി ഞാനൊരു തെറ്റും ചെയ്യില്ല

എനിക്ക് മാപ്പ് തരണം എന്ന് പറഞ്ഞു കാല് പിടിക്കാന് കുനിഞ്ഞപ്പോയെക്കും ഹനീഫ
അവളെ നെഞ്ചോട് ചേർത്തു പിടിച്ചു.

നിനക്കുള്ള ശിക്ഷ കാലം നൽകിക്കൊള്ളും എന്ന് പറയുമ്പോൾ ശപിക്കരുതെന്ന് പറഞ്ഞു ചുണ്ടില് വിരലമർത്തി.ഈ ഒരറ്റ പകലുകൊണ്ട് ആയിഷയുടെ സകല ഇമേജും നഷ്‌ടപ്പെട്ടെന്നു പറയുമ്പോഴും അവളെ നല്ലൊരു കൗൺസിലിംഗിന് വിധേയമാക്കണം എന്ന് പോലീസ് പറഞ്ഞു.ഇനി അവൾക്ക് വല്ലതും സംഭവിച്ചാൽ അതിന്റെ കൂടി പൂർണ്ണ ഉത്തരവാദിത്വങ്ങൾ ഭർത്താവായ ഹനീഫക്കാണ്.
ഇതിന്റെ പേരിൽ ഇനിയൊരു തർക്കം ഉണ്ടാകരുത്‌.ശരി സർ,

നൈറ്റ് ഡ്രസ്സിട്ട് ഹനീഫയുടെ കൂടെ നൈറ്റിൽ വീട്ടിലേക്ക് പോകുമ്പോൾ സമയം രാത്രി രണ്ടുമണി കഴിഞ്ഞിട്ടുണ്ട്.മക്കളെപ്പോഴും കാത്തിരിക്കുന്നുണ്ടായിരുന്നു.പോലീസ് സ്റ്റേഷനിലെ ബെഞ്ചില് മതിലിനോട് ചാരിയിരിക്കുന്ന ഷമീർ കഴിഞ്ഞ മൂന്നു വർഷത്തെ ചുറ്റിക്കളിയെ കുറിച്ചോർത്തു.

അതിനിടയിൽ ഹോസ്പിറ്റലിൽ കിടക്കുന്ന ഭാര്യയുടെ വസ്ത്രങ്ങളും മറ്റു സാധനങ്ങളും എടുത്ത് പോകുന്ന വഴിയിൽ അളിയന്മാർ ഷമീറിനെ വന്ന് കണ്ടു.നിങ്ങളുടെ ഭാര്യയ്ക്ക് ഇനി നിങ്ങളെ വേണ്ടാന്ന് പറയാന് പറഞ്ഞിട്ടുണ്ട്.

“ഷമീറിനത് ഇടിവെട്ടേറ്റവനെ പാമ്പ് കടിയേറ്റ അവസ്ഥയായിരുന്നു.”തെമ്മാടിയായ നീ കെട്ട്യോളെയും കുട്ട്യോളെയും കാണാന് അത് വഴിയെങ്ങാനും വന്നാൽ നിന്റെ മുട്ട്കാല് ഞങ്ങള് തല്ലിയൊടിക്കും.

ഇതോടെ ശവപ്പെട്ടിയുടെ അവസാനത്തെ ആണിയും അടിച്ചെന്ന് കരുതുമ്പോഴായിരുന്നു മറ്റൊരു ചങ്ക് കൂട്ടുകാരന്റെ പെങ്ങളെ നമ്പർ ഓര്മ്മയില് തെളിഞ്ഞത്.നായയുടെ വാല് പന്തീരാണ്ടുകാലം കുഴലിലിട്ടാലും നിവർന്ന് നിൽക്കില്ലല്ലോ.അതുപോലെയാണ് ചിലരുടെ സ്വഭാവവും

സസ്നേഹം റാഷിദ് ചെട്ടിപ്പടി

Share this on...