ഒമ്പതാമത്തെ വയസ്സിൽ കേരളത്തിലെത്തിയ മുരുകൻ.അവനെ മൂത്തമകനായി വളർത്തി ഈ കുടുംബം.

in News 3,168 views

കോരിച്ചൊരിയുന്ന മഴയ്ക്കിടെ പണ്ട് ഒരു കടയിലെ മേശപ്പുറത്തു കിടന്ന കണ്ട ജീവിത സ്വപ്നങ്ങൾ യാഥാർഥ്യമാകുമെന്ന് മുരുകാനന്ദൻ മനസ്സിൽ പോലും വിചാരിച്ചു കാണില്ല. വളർത്തച്ഛൻ്റെ കൈപിടിച്ചു കതിർ മണ്ഡപത്തിലേക്ക് കാലെടുത്തുവച്ച മുരുകൻ്റെതുപോലുള്ള ജീവിതം അഭ്രപാളിയിൽ പോലും ആരെങ്കിലും കണ്ടിരിക്കാൻ സാധ്യത നന്നേ കുറവ്. ആങ്ങമുഴി കാരുടെ സാക്ഷാൽ മുരുകൻ ആയ മുരുകാനന്ദൻ്റെ വരവ് മാവിൽ കുടുംബത്തിന് നൽകിയത് സൗഭാഗ്യങ്ങൾ മാത്രം .കടുത്ത പട്ടിണിയിൽ നിന്നും രക്ഷനേടാൻ ഒരു മാർഗ്ഗവും ഇല്ലാതിരുന്ന തിരുനെൽവേലി വള്ളങ്കോട്ടെ സ്വദേശി മുരുകാനന്ദൻ്റെ സ്കൂൾ കാലഘട്ടത്തിൽ നിന്നാണ് അവിശ്വസനീയമായ ആ ജീവിത കഥയുടെ തുടക്കം.പിതാവ് ഉപേക്ഷിച്ചതിനെ തുടർന്ന് കരിങ്കൽമണ്ണയിലെ ചുമട്ടുതൊഴിലാളി ആയി മാറിയ മാതാവ് സരോജവും, ഇളയ സഹോദരി പെരുമാളും അടങ്ങുന്ന കുടുംബത്തിൽ മിക്കദിവസവും പട്ടിണി മാത്രമായിരുന്നു.

ഒരു മിഠായി തിന്നാൻ പോലും കൊതിച്ചു കാത്തിരുന്ന ബാല്യം. മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ ജോലി തേടി സ്വന്തം കാലിൽ തന്നെ നിൽക്കണം എന്ന ആഗ്രഹത്തിൽ ക്ലാസുകൾക്ക് പലപ്പോഴും അവധി നൽകി പൂ നുള്ളാൻ പോയ ബാല്യകാലത്തിലെ ഓർമ്മകൾ പറയുമ്പോൾ അറിയാതെയാണെങ്കിലും മുരുകൻ്റെ കണ്ണുനിറയും. വീട്ടിലെ പ്രാരാബ്ദങ്ങൾക്കിടയിൽ എങ്ങനെ പഠിക്കും എന്ന ആശങ്ക ചെറുപ്പം മുതൽക്കേ മുരുകനേ അലട്ടിയിരുന്നു. എങ്ങനെയും ഒരു ജോലി നേടണമെന്ന ആഗ്രഹമായിരുന്നു ആ കുഞ്ഞു മനസ്സിൽ. മൂന്നാംക്ലാസിൽ പഠിക്കുന്ന കാലം. എല്ലാ ബുധനാഴ്ചയും കൃത്യമായി ക്ലാസ്സിൽ പോകും. അന്ന് മാത്രമേ സ്കൂളിൽ ഉച്ചയ്ക്ക് മുട്ട ലഭിക്കൂ. അത് ദക്ഷിക്കാമെന്ന ആഗ്രഹത്തിൽ എന്ത് കഷ്ടപാട് വന്നാലും ബുധനാഴ്ചത്തെ ക്ലാസ് മുടക്കില്ല. മുരുകൻ്റെ കൂട്ടുകാരനും അയൽവാസിയുമായ ഭാസ്കരൻ അന്ന് കേരളത്തിൽ ജോലി കിട്ടിയതായി വീട്ടിൽ പറഞ്ഞു കേട്ടിരുന്നു.

അതും തനിക്കും കേരളത്തിൽ ഒരു ജോലി ശരിപ്പെടുത്തി തരാൻ ഭാസ്കരൻ്റെ പിതാവ് രവിയോട് മുരുകൻ ചട്ടംകെട്ടി. അങ്ങനെയിരിക്കെ ഒരു ദിവസം സന്ധ്യാസമയമായപ്പോൾ രവി മുരുകനെ തേടി വീട്ടിലെത്തി. കേരളത്തിൽ ശബരിമലക്ക് അടുത്ത ആങ്ങമൂഴിയിൽ ഒരു ഹോട്ടലിൽ ജോലി തരപ്പെടുത്തി എന്നും പോകാൻ താല്പര്യമുണ്ടെങ്കിൽ അന്നു രാത്രി തന്നെ ട്രെയിൻ കയറണം എന്ന് പറഞ്ഞു. പഠിത്തം പോയാലും വേണ്ടില്ല ഒരുനേരമെങ്കിലും ബുദ്ധിമുട്ടില്ലാതെ കഴിയാമല്ലോ. പിന്നെ ഒന്നും ആലോചിച്ചില്ല. പകൽ സ്കൂളിൽ പോയ വെളുത്ത ഷർട്ടും, കറുത്ത നിറമുള്ള യൂണിഫോമിൽ തന്നെ ഒരു തോർത്ത് കൂടി എടുത്തു. രാത്രി തിരുനെൽവേലി റെയിൽവേ സ്റ്റേഷനിൽ നിന്നും ചെങ്ങന്നൂരിലേക്ക് ട്രെയിൻ കയറി. യാത്രയിൽ ജോലി സ്വപ്നങ്ങൾ മാത്രമായിരുന്നു മനസ്സിൽ. റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ തന്നെ അസഹനീയമായ വിശപ്പ്.രവി ഒരു ഓംപ്ലെയ്റ്റ് വാങ്ങിനൽകി.

വെളുപ്പിന് തന്നെ ചെങ്ങന്നൂരിൽ നിന്നും പത്തനംതിട്ടയിലേക്ക് ബസ് കയറി. അവിടെനിന്ന് നേരെ ആങ്കമൂഴിയിലേക്ക്.ആങ്കമൂഴി ജംഗ്ഷനിലെ ഹോട്ടലിലായിരുന്നു ജോലി ക്രമീകരിച്ചിരുന്നത്. വന്നപ്പോൾ തന്നെ കൂട്ടുകാരൻ ഭാസ്കരനെ കണ്ടതോടെ ആശ്വാസമായി. ജോലികൾ ഏതുവിധം ആണെന്നും ഹോട്ടലുടമ മുരുകനെ കാണിച്ചു നൽകി. ചായ ഗ്ലാസെടുക്കുക, മേശ വൃത്തിയാക്കുക,വെള്ളം കൊടുക്കുക തുടങ്ങി ചിന്ന ചിന്ന ജോലികൾ മാത്രം. പരിശീലനം പൂർത്തിയാക്കി ഭാസ്കരനൊപ്പം സമീപ കടയിലെ മേശപ്പുറത്ത് ഇരുവരും കിടക്കാൻ പോയി. നല്ല തണുപ്പ്. പുതയ്ക്കാൻ മറ്റു മാർഗ്ഗം ഒന്നുമില്ല. മേശപ്പുറത്ത് വിരിച്ച ചണച്ചാക്കിൽ നിന്നുള്ള ചൂടാണ് ഏക ആശ്വാസം. ഇതിനിടെ പെയ്തു തുടങ്ങിയ മഴ രാവെളുക്കുവോളം തുടർന്നു. രാവിലെ തന്നെ കുളിച്ച് ഉഷാറായി മുരുകൻ ജോലിക്കായി കടയിൽ ചെന്നു. തൽക്കാലം ജോലിക്ക് മുരുകനെ വേണ്ട ആൾക്ക് വേണ്ടത്ര പൊക്കമോ വലിപ്പമോ ഇല്ല.

ഇതാണ് ജോലി തെറിക്കാൻ കാരണം. ഏറെ പ്രതീക്ഷകളുമായി കേരളത്തിലേക്കുള്ള യാത്രയ്ക്ക് അവസാനമായി ചിന്തിച്ച നിമിഷങ്ങൾ. തിരികെ നാട്ടിലേക്ക് പോകാനായി ജംഗ്ഷനിൽ മാവേലിൽ ശൈലുവിൻ്റെ ഉടമസ്ഥതയിലുള്ള സ്റ്റേഷന് സമീപം രവിയ്ക്കൊപ്പം രാവിലെ തന്നെ നിലയുറപ്പിച്ചു. മൂഴിയാറിൽ നിന്നും വരുന്ന കാട്ടാക്കട കെഎസ്ആർടിസി ബസ് കാത്തുനിൽക്കുമ്പോഴാണ് ഒരു സഹായിയെ എത്തിച്ചു തരാമോ എന്ന് ആ കടയുടമ ശൈലു മുൻപ് ചോദിച്ച കാര്യം ഓർക്കുന്നത്. ഉടൻതന്നെ ശൈലുമുരുകനെ കാണിച്ചു. അവൻ ഇവിടെ നിന്നോട്ടെ. ഞാൻ നോക്കിക്കൊള്ളാം. രവി ബസ് കയറി നാട്ടിലേക്ക് മടങ്ങി. രാത്രി കടയടച്ച് വീട്ടിൽ എത്തിയ ശൈലുവിനൊപ്പം ഒൻപത് വയസ്സ് മാത്രം പ്രായമുള്ള മുരുകാനന്ദുമുണ്ടായിരുന്നു. 2000-ലെ നബിദിന രാത്രിയിലാണ് ശൈലുവിനൊപ്പം മുരുകൻ വീട്ടിലെത്തുന്നതെന്ന് ശൈലുവിൻ്റെ ഭാര്യ സ്മിത ഓർത്തെടുക്കുന്നു. ഭക്ഷണം നൽകി സ്മിത മുരുകാനന്ദനെ മൂത്തമകനായി ഒപ്പം കൂട്ടി. വീട്ടിൽ തന്നെ ഊണും ഉറക്കവും.

പകൽസമയം വീടിന് സമീപത്തെ കടയിൽ ശൈലുവിന് ഭക്ഷണവുമായി പോകണം. സ്റ്റേഷനറി കടയാണ് ചെയ്യാവുന്ന ചെറിയ ജോലികൾ ചെയ്തു സഹായിച്ചു. വളർത്തച്ഛനായ ശൈലുവും മുരുകന് ശൈലുവണ്ണനും പോറ്റമ്മയായ സ്മിത മുരുകന് ചേച്ചിയുമാണ് അന്നുമുതൽ ഇന്നുവരെയും. പിന്നീടുള്ള നീണ്ട 22 വർഷം. ചെറിയ കുട്ടിയായ മുരുകാനന്ദൻ്റെ പേര് ആദ്യം തന്നെ മാറ്റി. മുരുകൻ എന്നാക്കി.. വീടിനുസമീപത്തെ സ്കൂളിൽ ചേർക്കാം എന്ന് പറഞ്ഞെങ്കിലും മുരുകൻ താല്പര്യം കാണിച്ചില്ല. ഇതിനിടയിൽ ശൈലുവിൻ്റെ മകൾ അഭിരാമിയെ എൽകെജിയിൽ ചേർത്തു. വൈകിട്ട് അഭിരാമി കൊപ്പം മുരുകനും മലയാളം പഠിച്ചു തുടങ്ങി. പോറ്റമ്മയായ സമിതയായിരുന്നു അധ്യാപിക. എഴുത്തും വായനയും ഹൃദിസ്ഥമാക്കിയ മുരുകൻ നാട്ടിലും വീട്ടിലും ഏവരുടെയും കണ്ണിലുണ്ണിയായി. വർഷങ്ങൾ പലതും കഴിഞ്ഞു.

ശൈശവവും ബാല്യവും എല്ലാം മാവേലിൽ കുടുംബത്തിൽ തന്നെ കടന്നുപോയി. യുവാവായതോടെ കടയുടെ ചുമതല ശൈല്യ ഏറെക്കുറെ പൂർണമായും മുരുകനെ ഏൽപ്പിച്ചു. ശൈലു കരാർ സംബന്ധമായ ജോലകളുമായി തിരിഞ്ഞു. ഇതിനിടെ ഏഴാം ക്ലാസ് തുല്യതാ പരീക്ഷ വിജയിച്ച മുരുകൻ ഡ്രൈവിംഗ് ലൈസൻസ് നേടി. മാവേലിൽ കുടുംബത്തിലെ എല്ലാ വാഹനങ്ങളും മുരുകന് സ്വന്തം. കഴിഞ്ഞവർഷം ശൈലു ബുള്ളറ്റ് വാങ്ങി നൽകി. ഇപ്പോൾ അതിലാണ് യാത്ര. മുരുകന് പ്രായം 30 എത്തിയതോടെ വിവാഹ ആലോചനയുമായി ശൈലു -സ്മിത ഇത് ദമ്പതികൾ തന്നെ മുന്നിട്ടിറങ്ങി. പല ആലോചനകൾക്കു ശേഷം അവസാനം ഒൻപത് മാസം മുൻപ് അടൂർ മണ്ണടി സ്വദേശിയും ബിരുദധാരിയായ ശരണ്യയുമായി വിവാഹം ഉറപ്പിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച മുരുകൻ്റെ ജീവിതസഖിയായി ശരണ്യയും മാവേലിൽ കുടുംബത്തിൽ മറ്റൊരു അംഗമായി. വിവാഹത്തിലും സമാനതകളില്ലാത്ത പുതുമകളായിരുന്നു. കല്യാണത്തിന് ക്ഷണിക്കപ്പെട്ടവരിൽ ഏറെയും മുരുകൻ്റെ അടുത്ത സുഹൃത്തുക്കൾ. 5 ടൂറിസ്റ്റ് ബസ്സുകളിലാണ് വരനും കൂട്ടരും മണ്ണടിയിലുള്ള ഓഡിറ്റോറിയത്തിൽ എത്തുന്നത്. എല്ലാ ഒരിക്കലും ശൈലു തന്നെ ചെയ്തു. എസ്എൻഡിപി ആചാരപ്രകാരമായിരുന്നു വിവാഹം. വരൻ്റെ മാതാപിതാക്കളുടെ സ്ഥാനത്തുനിന്ന് ചെയ്യേണ്ട എല്ലാ കർമ്മങ്ങളും ശൈലുവും സ്മിതയും ചേർന്ന് മംഗളത്തോടെ പൂർത്തിയാക്കി മാവേലിൽ കുടുംബത്തിൻ്റെ റേഷൻ കാർഡിൽ മൂത്തമകൻ്റെ സ്ഥാനത്ത് മുരുകൻ്റെ പേരാണ് ഉള്ളത്.

പിതാവിൻ്റെ സ്ഥാനത്ത് ശൈലുവിൻ്റെ പേരും മാതാവിൻ്റെ സ്ഥാനത്ത് സ്മിതയും, രണ്ടാമത്തെ മകളായി അഭിരാമിയും, മൂന്നാമത്തെ മകനായി ദേവദർശ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജേഷ്ഠ സഹോദര സ്ഥാനമാണ് മുരുകന് കുടുംബത്തിൽ ഉള്ളതും. മൂത്തമകനായി മുരുകനും മരുമകളായി ശരണ്യയും മാവേലിൽ വീട്ടിൽ തന്നെ തുടരും. ഇവരുടെ തുടർ ജീവിതത്തിനു വേണ്ടി എല്ലാ കാര്യങ്ങളും തൻ്റെ മനസ്സിലുണ്ടെന്ന് ശൈലു പറയുന്നു. വിവാഹകാര്യങ്ങളൾ നാട്ടിൽ അറിയിച്ചിരുന്നു ആരുമെത്തിയില്ല. എല്ലാവർഷവും മാവേലിൽൽ കുടുംബത്തിനൊപ്പം നാട്ടിൽ പോകാറുണ്ട്. പെറ്റമ്മയെ കാണിക്കാൻ ശരണ്യയുമായി എല്ലാവർക്കും സൗകര്യപ്രദമായ ദിവസം തിരുനെൽവേലിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് മുരുകാനന്ദൻ.
All rights reserved News Lovers.

Share this on...