ഇത്രയും വേദന ഉള്ളിൽ ഒതുക്കി ഈ നടി അഭിനയിച്ചത് ജീവിക്കാൻ – മക്കളെ നഷ്ടമായ ഒരമ്മ

in News 1,080 views

മലയാളികൾക്ക് സുപരിചിതയാണ് കുളപ്പുള്ളി ലീല.നാടകത്തിലൂടെ സിനിമയിലെത്തി പിന്നീട് ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും താരമായി മാറുകയായിരുന്നു ലീല. മലയാളം കടന്ന് തമിഴിലും ലീല സാന്നിധ്യമായി മാറി.കണ്ണുപൊട്ടുന്ന ചീത്ത പറയുന്ന അമ്മയായി ലീല അനശ്വരമാക്കിയ ഒരുപാട് കഥാപാത്രങ്ങളുണ്ട്. മലയാളികളോർത്തിരിക്കുന്ന ഒരുപാട് ചിരി നിമിഷങ്ങളും കുളപ്പുള്ളി ലീല സമ്മാനിച്ചിട്ടുണ്ട്. ഇപ്പോഴിതാ തൻ്റെ ജീവിതത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ലീല. തൻ്റെ അമ്മയെക്കുറിച്ചും മരിച്ചുപോയ മക്കളെ കുറിച്ചുമൊക്കെയാണ് കുളപ്പുള്ളി ലീല മനസ്സ് തുറക്കുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കുളപ്പുള്ളി ലീല മനസ്സുതുറന്നത്. ഉടുതുണിക്ക് മറുതുണിയില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു.

എൻ്റെ ലീലയ്ക്ക് ഒരുപാവാട തരുമോ എന്ന് ചോദിച്ചു അമ്മ വല്യമ്മയുടെ അടുത്ത് ചെല്ലും. നിങ്ങളൊക്കെ ഇരുമ്പ് കരിമ്പാക്കുന്ന കൂട്ടരാണ്. നിങ്ങൾക്കൊന്നും തന്നാൽ മുതലാവില്ല എന്ന് പറഞ്ഞു വെറുംകയ്യോടെ അമ്മയെ മടക്കി അയക്കും. പിന്നെയും പലരോടും ചോദിച്ചു നടന്നു. അമ്മയുടെ കൂട്ടുകാരി ദേവകി അവസ്ഥയറിഞ്ഞ് എനിക്ക് വേണ്ടുന്ന തുണിയൊക്കെ തന്നു. അമ്മ കൂലിപ്പണി ചെയ്താണ് എന്നെ പോറ്റിയത്. നാടകത്തിന് പോവാൻ പറ്റിയതും നടിയായതുമെല്ലാം അമ്മയുടെ ചങ്കൂറ്റം കൊണ്ടാണ്. ആരുടെയും എതിർപ്പ് അമ്മ വകവച്ചില്ല. അതുകൊണ്ട് അമ്മയെ പോറ്റാനുള്ള നിലയിൽ ഞാൻ എത്തി. അമ്മയ്ക്ക് ഇപ്പോൾ ഓർമ്മക്കുറവാണ്. ഇടയ്ക്ക് സരിഗമപധനിസ പാടുന്നത് കേൾക്കാം. അതു മുഴുമിപ്പിക്കില്ല.

പണ്ടൊക്കെ ഉദ്ഘാടനങ്ങൾക്ക് പോകുമ്പോൾ സ്റ്റേജിൽ എന്തെങ്കിലും തമാശ പരിപാടികൾ അവതരിപ്പിക്കും. ഇപ്പോൾ അമ്മയെ കുറിച്ച് ഞാൻ എഴുതിയ പാട്ടുകൾ പാടും.എനിക്ക് രണ്ട് ആൺ മക്കളായിരുന്നു. ഒരാളുടെ പേര് രാധാകൃഷ്ണൻ. അവനെ ഗുരുവായൂരിൽ കൊണ്ടുപോയാണ് ചോറു കൊടുത്തത്. എന്ത് പറയാനാ, ജീവിതം മുഴുവനും കഷ്ടപ്പാടായിരുന്നു. രണ്ടുമക്കളെ തന്ന ദൈവം തന്നെ അവരെ തിരിച്ചെടുത്തു. ഒരാൾ ജനിച്ചതിൻ്റെ എട്ടാം നാളിലും മറ്റൊരാൾ പതിമൂന്നാം വയസ്സിലും മരിച്ചു. ദൈവം അങ്ങനെ വിചാരിച്ചു കാണും ,അല്ലാതെ എന്തുപറയാനാണ്. ഇപ്പോൾ മക്കളില്ലാത്ത വിഷമങ്ങൾ അറിയാറില്ല .

എനിക്ക് നാട്ടിൽ കുറേ മക്കളും പേരക്കുട്ടികളും ഒക്കെയുണ്ട്. പിന്നെ കുഞ്ഞിനെ പോലെ ഒരു അമ്മയും ഉണ്ട്. വ്യാജവാർത്തകൾ ഒരുപാട് കുഴപ്പത്തിൽ ആക്കിയിട്ടുണ്ട്. എൻ്റെ മരണം ഇപ്പോഴും പ്രചരിക്കുന്നണ്ടല്ലോ. മിർക്ക് അഭിമുഖം കൊടുത്ത് പുലിവാലും പിടിച്ചിട്ടുണ്ട്. തമിഴിൽ കുറച്ച് സിനിമ ചെയ്ത് തിരിച്ചുവന്നപ്പോൾ കേട്ട പ്രചാരണങ്ങൾ ഉണ്ട്. കുളപ്പുള്ളി ലീല പഴയ പോലെ ഒന്നും അല്ല. വല്ലാത്ത തലക്കനം ആണ് എന്നൊക്കെ.അവിടെയും ഇവിടെയും എഴുതിക്കണ്ടു. മലയാളത്തിൽ ഡെയ്റ്റ് തരില്ല. തന്നാലും ലോകത്ത് ഇല്ലാത്ത പൈസ വാങ്ങിക്കും. എന്നൊക്കെ പ്രചരിപ്പിച്ചിട്ടുണ്ട്.

ഞാൻ എന്ത് ചെയ്തിട്ടാണ് ഇങ്ങനെ പറയുന്നത്. മലയാളത്തിൽ അർഹിച്ച അംഗീകാരം കിട്ടിയോ എന്ന് ചോദിച്ചാൽ ഇല്ലെന്ന് തന്നെ പറയേണ്ടിവരും. 400 നടുത്ത് സിനിമകളിൽ അഭിനയിച്ചിട്ടും ഒരു അവാർഡ് പോലും കിട്ടാത്തതിൽ സങ്കടം ഇല്ല എന്ന് പറഞ്ഞാൽ അത് കള്ളമാകും. കസ്തൂരിമാൻ ഷൂട്ടിങ്ങിനിടെ സോനാ നായർ പറഞ്ഞിരുന്നു ലീല ചേച്ചിക്ക് അവാർഡ് പ്രതീക്ഷിക്കാമെന്ന്. എന്നാൽ ഇത്ര കാലമായി അതുണ്ടായില്ല. തമിഴിൽ ലൈഫ്ടൈം അച്ചീവ്മെൻറ് അവാർഡ് ലഭിച്ചു. ജീവിതത്തിൽ ലഭിച്ച വലിയൊരു അംഗീകാരം. അവാർഡിലെങ്കിലും പേവാർഡ് മതി എന്ന് ഇടയ്ക്ക് ഞാൻ തമാശ പറയും. തുണിയും മണിയും ഉണ്ടെങ്കിൽ ഞാൻ ഓക്കെ. എൻ്റെ അമ്മ ജീവിച്ചിരിക്കുന്ന കാലത്തോളം ഞാൻ കുട്ടിയായിരിക്കും എന്നാണ് ലീല പറയുന്നത്.

Share this on...