നാട്ടിലെ വലിയ ഗൾഫുകാരന്റെ വീട്ടിലേക്ക് ഓട്ടം ചെന്ന ഓട്ടോക്കാരൻ ജനലിലൂടെ നോക്കിയപ്പോൾ കണ്ട കാഴ്ച

in Story 92 views

ഒരീസം ഞാനാ ഫോൺ തല്ലിപൊട്ടിക്കും.. അപ്പൊ ഇങ്ങടെ രണ്ടിന്റേം സൂക്കേട് തീരും..
രാവിലെ മക്കാറാക്കാണ്ട്‌ ഇയ്യ് ഫോൺ വച്ചിട്ട് പോ എന്റെ സൈനു….”
ഫോണിലൂടെ അത്രയും പറഞ്ഞിട്ട്
ഓട്ടോയുടെ സീറ്റിലേക്ക് അലസമായി മൊബൈൽ എറിഞ്ഞിട്ടു തിരിഞ്ഞു നോക്കി അവൻ..
“ആരോടാ ഫൈസി രാവിലെ ദേഷ്യപെടുന്നേ???
നേര്യതുടുത്തു ഇലച്ചീന്തത്തിൽ പ്രസാദവുമായി ചിരിച്ച മുഖത്തോടെ നടന്നടുക്കുന്ന നിർമലയെ നോക്കി നിന്നു അവൻ.നാല്പത് വയസിനു മുകളിൽ പ്രായം കാണും ആൾക്ക്….ചിരിച്ച മുഖത്തോടെയല്ലാതെ കണ്ടിട്ടേ ഇല്ല ആളെ…
ഭർത്താവ് പ്രകാശേട്ടൻ വിദേശത്തണ്.

ഏക മകൾ കോളേജിൽ പഠിക്കുന്നു..ഓട്ടോ എടുത്ത കാലം മുതൽ വെളുപ്പിനെ നിർമലചേച്ചിയെ കൂടി അമ്പലത്തിലേക്കുള്ള ഒരോട്ടം പതിവാണ്…
കാലത്ത് അവരുടെ കൈകൊണ്ട് വല്ലതും കിട്ടുന്നത് ഒരു ഐശ്വര്യം ആണ്.
“എടാ ചെക്കാ.. നീയെന്താ സ്വപ്നം കാണുവാണോടാ… ഞാൻ ചോദിച്ചത് കേട്ടില്ലേ???
“എന്റെ പൊന്നുചേച്ചി ഇങ്ങള് വണ്ടീൽ കേറൂ.. എന്റെ രണ്ടുഓട്ടം പോയി ഇങ്ങള് കാരണം…”
അവൻ ഓട്ടോ സ്റ്റാർട്ടാക്കി…

“ഇന്ന് കുറച്ചു കൂടുതൽ സമയം എടുത്തു അല്ലെ.. മോൾടെ പേരിൽ ഒരു പൂജ.. അവൾക്ക് എക്സാം ആണ്..
ക്ഷമാപണം പോലെ അവർ പറഞ്ഞു…
“വീട്ടിൽ നിന്ന് ഇറങ്ങിയപ്പോ മുതൽ ഉമ്മയും ഓളും കൂടി ഒരെ ബഹളം… ആ ബ്രോക്കർ കണാരൻ ഒപ്പിച്ച പണിയാണ്.. ഓനുള്ളത് ഞാൻ കൊടുത്തോളം…”
അവൻ ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ട് വണ്ടി മെല്ലെ മുന്നോട്ടെടുത്തു..
“ആഹാ.. അപ്പൊ കല്യാണലോചന ആണല്ലേ..?നിനക്കൊന്ന് പോയി കണ്ടൂടെ ഫൈസി.. ഇപ്പൊ വിവാഹം കഴിക്കാനുള്ള പ്രായമൊക്കെ ആയില്ലേ???

“ആ ഇനി ചേച്ചിയും തുടങ്ങിക്കോ?? ചേച്ചി എന്തറിഞ്ഞിട്ടാണ്?സൈനുന്റെ നിക്കാഹ് കഴിയാതെ അതൊന്നും ശരിയാവില്ല ചേച്ചി.. പിന്നെ ആ പെണ്ണിന്റെ ഉപ്പയും ആങ്ങളും ഒക്കെ ഗൾഫിൽ ആണ്.. അങ്ങോട്ട്‌ കൊണ്ട് പോകാൻ പറ്റുന്ന ഒരാളെയാ അവര് നോക്കുന്നെ..?
“അതെന്താ നല്ല കാര്യമല്ലേ?നിനക്ക് ഇഷ്ട്ടല്ലേ??
നിർമലയുടെ വാക്കുകളിൽ അതിശയം..

“എന്റെ ചേച്ചി എനിക്കീ നാടും ഇവിടെ ഈ ഓട്ടോ ഓടിച്ചു കിട്ടുന്ന വരുമാനവും ഒക്കെ മതി… എനിക്ക് വലിയ മോഹങ്ങളൊന്നുമില്ല.. ഓട്ടോ ഓടിച്ചു അത്യാവശ്യം തിരക്കേടില്ലാത്ത വരുമാനം കിട്ടുന്നുണ്ട്.. ഒന്ന് രണ്ടു ചിട്ടിയൊക്കെയുണ്ട് സൈനുന്റെ കാര്യത്തിന്..
അവളുടെ പഠിപ്പ് കഴിഞ്ഞാൽ അവളെ നന്നായി നോക്കാൻ കഴിയുന്ന ഒരാളെ കണ്ടെത്തി ഏൽപ്പിക്കണം.. പിന്നെ ഞാനും ഉമ്മയും,വലിയ മോഹങ്ങളൊന്നുമില്ലാത്ത ഒരുത്തി വന്നാൽ അവളെയും കൂടെ കൂട്ടണം.. ജീവിതം ഹാപ്പി..””
അവന്റെ സംസാരം അങ്ങനെ കേട്ടുകൊണ്ടിരിക്കാൻ രസമാണ്… നിർമല ചെറിയ പുഞ്ചിരിയോടെ പുറത്തേക്ക് നോക്കിയിരന്നു.
“ഇതുപോലെ…

താനും മോഹിച്ചതുപോലെ ഒരു ജീവിതം …
ചെറിയ മുറ്റത്തു തുളസിതറയൊക്കെയുള്ള ഒരു കുഞ്ഞു വീട്..
ആ വീട്ടിൽ ഏട്ടനും താനും മോളും.. രാവിലെ പണിക്കു പോകുന്ന ഏട്ടന് ചോറൊക്കെ പൊതിഞ്ഞു കൊടുത്തു വിടണം…

വൈകുന്നേരങ്ങളിൽ ഏട്ടനോടൊപ്പം തേവരെ തൊഴാൻ വരണം..
അങ്ങനെ എത്രഎത്ര മോഹങ്ങൾ..
ഇപ്പൊ ഏട്ടൻ പോയിട്ട് രണ്ടു വർഷമാകുന്നു..
കഴിഞ്ഞ തവണ വന്നപ്പോൾ പോകേണ്ടെന്ന് ആവുന്നത് പറഞ്ഞതാണ്.. പക്ഷെ ഏട്ടന് നാട്ടിൽ നിൽക്കാൻ ഇഷ്ടമില്ല..

“ഇവിടെ നിന്നിട്ട് എന്തുചെയ്യാനാണെന്നാണ് ചോദിക്കുന്നെ..
“ചേച്ചി വീടെത്തി.. എന്താ രാവിലെ എന്നോട് സ്വപ്നം കാണുവാണോന്ന് ചോദിച്ചിട്ട്…
“ഒന്നുമില്ലെടാ ചെക്കാ.. ഓരോന്നോർത്തു അങ്ങനെ ഇരുന്നു പോയി…
എത്രയാ…
അവർ പേഴ്സ് തുറക്കാൻ തുടങ്ങി..
“അതെന്താ ഇന്ന് പതിവില്ലാതെ???
ഫൈസി സംശയത്തിൽ നോക്കി..

“നീയല്ലേ പറഞ്ഞെ?? കുറെ വൈകി.. ഓട്ടം പോയി എന്നെല്ലാം…
“ഓ അതോ..വൈകീന്നു പറഞ്ഞു ഞാനെന്നാ ചേച്ചി വെയ്റ്റിംഗ് ചാർജ് വാങ്ങിച്ചിട്ടുള്ളത് ചേച്ചി… എന്നും തരുന്നത് തന്നാൽ മതി..
അവൻ പൈസക്കായി കൈ നീട്ടി..
“പോട്ടെ ചേച്ചി… ചന്തയിൽ പച്ചക്കറിടെ ഓട്ടമുണ്ട്…
ദൂരേക്ക് അകന്നു പോകുന്ന ഓട്ടോ ഒരു നിമിഷം നോക്കി നിന്നിട്ട് അവൾ ആ വലിയ വീടിന്റെ ഗേറ്റ് കടന്നു അകത്തേക്ക് പ്രവേശിച്ചു…
**************************—-***—–*******
“ഉമ്മ ഇങ്ങള് വന്ന് വല്ലതും കഴിക്കു ….അടുക്കളയിൽ നിന്ന് അകത്തെ മുറിയിലേക്ക് നോക്കി നീട്ടി വിളിച്ചു ഫൈസി…”

“ഇക്കാക്ക എന്തിനാ ഈ മുളക് എല്ലാം ഇട്ടേ.. എരി കൂടിട്ടോ മീൻ കറിക്കു…”
പിഞ്ഞാണിയിലേക്കു കറി വിളമ്പുമ്പോൾ സൈനു കുറ്റപ്പെടുത്തുന്നപ്പോലെ പറഞ്ഞു..
“മം മ്മ് പണിയും കഴിഞ്ഞു ഉച്ചക്ക് ഉണ്ണാനായി ഓടി വന്നതല്ലേ ഓൻ.. ഓനെകൊണ്ട് മീൻ കറി വപ്പിച്ചിട്ട് ഇപ്പൊ കുറ്റം പറയുന്നോടി പെണ്ണെ നീ…”
അടുക്കളയിലക്കു മെല്ലെ നടന്നടുത്ത കതീജ പതിഞ്ഞ ശബ്‍ദത്തിൽ പറഞ്ഞു.
“ഇങ്ങക്ക് രാവിലെ തുടങ്ങീതല്ലേ തലകറക്കം അപ്പോ പിന്നെ ആരാ മീൻകറി ഉണ്ടാക്കാൻ..
പിന്നെ എന്റെ ഇക്കാക്ക മീൻ കറിയുണ്ടാക്കിയ പൊളിയല്ലേ..
അടുക്കളയുടെ പുറത്തെ തിണ്ണയിൽ ചെറിയ ഊണുമേശയിൽ ചോറും കറികളും എടുത്തു വച്ചു കൊണ്ട് സൈനു ഏട്ടനെ നോക്കി കണ്ണിറുക്കി..

“ഓൾക്ക് പരീക്ഷയല്ലേ ഉമ്മവരുന്നത് വല്ലതും പഠിച്ചോട്ടെ … ഇങ്ങള് ചോറ് കഴിക്കാൻ നോക്ക് . ഞാൻ കഴിച്ചിട്ട് പോകട്ടെ.. ചെന്നിട്ട് ആ ജമീലത്തയെ കൊണ്ട് ഹോസ്പിറ്റലിൽ പോകാനുള്ളതാ…”
“അയിന് ആ പത്രാസുകാരി ഇമ്മടെ ഓട്ടോയിൽ കെറോ??
“എന്താ പെണ്ണെ പ്രായമായവരെ ഇങ്ങനെയാ പറയുന്നേ…
അവരുടെ കാറും കൊണ്ടാണ് പോകുന്നെ..
എന്നെ വലിയ വിശ്വാസമാണ് അവർക്ക് …

അതാണ് എവിടെ പോവാനും എന്നെ വിളിക്കുന്നെ..
മുഖം കറുപ്പിച്ചു അത്രയും പറഞ്ഞ പെങ്ങളെ കപടഗൗരവത്തിൽ നോക്കി അവൻ …
“നാസർ എന്റെ കൂട്ടുകാരനല്ലേ ഉമ്മ.. അവന്റെ ഉമ്മാന്നു പറഞ്ഞാൽ എനിക്കും ഇങ്ങളെ പോലെയല്ലേ… അവർക്കിപ്പോ കുറച്ചു പണവും ജീവിതസൗകര്യങ്ങൾ ഒക്കെ ആയിഎന്ന് കരുതി അവനെ മറക്കാൻ പറ്റോ..

അവനൊരു കാര്യം പറയുമ്പോ എങ്ങനെയാ..
ചെയ്യാതിരിക്കുന്നെ… പിന്നെ എന്താ വിഷമം ന്ന് വച്ചാൽ അവിടെ ചെന്നാൽ അപ്പൊ തുടങ്ങും അവർ..
എന്താ മോനെ ഇയ്യ് ഇങ്ങനെ നാട് തെണ്ടി നടക്കുന്നെ.. അനക്ക് ഒരു വിസ ഒപ്പിച്ചു തരാന്ന് നാസർ പറഞ്ഞതല്ലേ.. നിനക്കും പൊയ്ക്കൂടേ ഗൾഫിൽ..
ഓൻ എന്തോരം പൈസയാ ഉണ്ടാക്കുന്നെന്ന് അറിയോ.. അങ്ങനെ തുടങ്ങും അവർ മകന്റെ ഗൾഫ് പുരാണം…
അത് മാത്രാണ് അവരെ കൊണ്ടുള്ള കുഴപ്പം..”

അവൻ കഴിച്ചിട്ട് എഴുന്നേറ്റ് കൈ കഴുകി..
“എന്റെ മോനും പൊയ്ക്കൂടേ.. ഇവിടെ കിടന്നിങ്ങനെ കഷ്ട്ടപെടണോ???”
ഉമ്മ അലിവോടെ മകനെ നോക്കി.
“എന്റെ ഉമ്മ അവിടെ ചെന്നാലും ജോലി ചെയ്യണം.. ഇവിടെ ആണേലും ജോലി ചെയ്യണം.. എനിക്ക് ഇവിടുത്തെ ഈ ചെറിയ ജോലിയും സന്തോഷവും മതി..”
അവൻ ബഞ്ചിൽ ഇരിക്കുന്ന ഉമ്മയെ പുറകിലൂടെ ചെന്ന് ചേർത്ത് പിടിച്ചു..
“അപ്പോഴേ എന്റെ ഉമ്മ ഭക്ഷണമൊക്കെ കഴിച്ചിട്ട് റസ്റ്റ്‌ എടുക്ക്.. ഈ തലകറക്കം പ്രഷറ് കുറവിന്റെയാണെന്നല്ലേ ഡോക്ടർ പറഞ്ഞെ… നന്നായി ഉറങ്ങി നല്ല ഭക്ഷണം കഴിച്ചാൽ അതങ്ങു മാറിക്കൊള്ളും..അതല്ലേ ഈ തിരക്കിനിടയിലും ഞാൻ ഓടി വന്നേ…
ഒന്നും മിണ്ടാതെ സ്നേഹത്തോടെ അവന്റെ കവിളിൽ കൈത്തലം അമർത്തി ആ ഉമ്മ..
ഉമ്മയും പെങ്ങളും ഭക്ഷണം കഴിച്ചു കഴിയാൻ നോക്കിനിൽക്കാതെ അവൻ ഓട്ടോ സ്റ്റാർട്ട്‌ ആക്കി ഇറങ്ങി.

വീട്ടിൽ നിന്ന് അരകിലോമീറ്ററോളം ദൂരമുണ്ട് നാസറിന്റെ വീട്ടിലേക്കു..
നാസറിന്റെ പഴയ വീട് പൊളിച്ചു കളഞ്ഞു പുതിയതൊന്നു കെട്ടിയിട്ട് ഇപ്പൊ രണ്ടു വർഷം ആകുന്നതേ ഒള്ളു…
വലിയൊരു ഇരുനില വീട്..
ഉപ്പ മരിച്ചിട്ട് പത്ത് വർഷത്തോളമായി..
ഒരു ഇക്കാക്കയും ഉമ്മയും മാത്രമേ അവനുള്ളു..

ഇക്ക കുറച്ചു മറിയാണ് വീട് വച്ചിരിക്കുന്നത്.. ഇക്കയും ഗൾഫിൽ ആയതു കൊണ്ട് ഇത്തയും കുട്ടികളും മാത്രമാണ് അവിടെ..
നാസറാണെങ്കിൽ കഴിഞ്ഞ അവധിക്ക് വന്നപ്പോൾ നിക്കാഹ് കഴിച്ചു.. ഇപ്പൊ രണ്ടു കൊല്ലമായി.. ഒരു ചെറിയ കുട്ടിയുണ്ട്.അവൾ മിക്കപ്പോഴും അവളുടെ വീട്ടിൽ തന്നെയാണ്.
ആ വലിയ വീട്ടിൽ ജമീലാത്ത മാത്രം..

ഒറ്റക്കാണെങ്കിലും അതിന്റെ പ്രശ്നങ്ങളൊന്നും ആൾക്കുള്ളതായി തോന്നിയിട്ടില്ല.. എപ്പോഴും സന്തോഷമായി തന്നെ ഇരിക്കുന്ന ഇത്ത.
ഗേറ്റ് കടന്ന് അവിടെ മുറ്റത്തിന്റെ കോണിൽ പടർന്നു നിൽക്കുന്ന മാവിൻചുവട്ടിൽ ഓട്ടോ ഒതുക്കിയിട്ടിട്ട് അവൻ ഇറങ്ങി ചെന്ന് കാളിംഗ് ബെൽ അടിച്ചു..
രണ്ടു നിമിഷങ്ങൾക്ക് ശേഷം അകത്തു നിന്ന് ഒരു ശബ്ദവും കേൾകാതായപ്പോൾ അവൻ തുറന്നു കിടക്കുന്ന വാതിലിലൂടെ അകത്തേക്ക് കടന്നു..
എന്നിട്ട് ജമിലഇത്തയെ വിളിച്ചു…

രണ്ടു പ്രാവശ്യം വിളിച്ചപ്പോഴാണ് അകത്തു നിന്ന് വിളികേട്ടത്…
“മോനെ ഫൈസി.. നീ ഇങ്ങോട്ടൊന്നു വന്നേ…
അകത്തെ മുറിയിലേക്ക് കടന്ന ഫൈസി ജമീലത്തയെ കണ്ടതും ഓടി ചെന്ന് അവരെ താങ്ങി പിടിച്ചു…

കിടക്കയിൽ നിന്ന് ആയാസപ്പെട്ട് എഴുനേൽക്കാൻ തുടങ്ങിയ അവർ അവൻ പിടിച്ചില്ലായിരുന്നെങ്കിൽ നിലത്തു വീണേനെ…
“ഇതെന്താ ഇപ്പൊ ഇത്ര വയ്യാതായതു… വയ്യെങ്കിൽ ഇത്താക്ക് നേരത്തെ വിളിച്ചു കൂടായിരുന്നോ??
വണ്ടിയിൽ കയറ്റി ഹോസ്പിറ്റലിലേക്ക് പോകുമ്പോൾ അവൻ ചോദിച്ചു..
“പനി തുടങ്ങിയിട്ട് രണ്ടു ദിവസമായി.. തുടങ്ങിയപ്പോ സലീമിന്റെ പെണ്ണു വിളിച്ചതാണ് അവരുടെ അടുത്തേക്ക് ചെല്ലാൻ.. ഈ വീട് ഇട്ടിട്ടെങ്ങനെ പോകും…”
ഇപ്പൊ പെട്ടന്നാണ് പനി കൂടി ഇതുപോലെ അവശത ആയതു.. നീ വരാൻ നോക്കിയിരുന്നതാണ്…
ഹോസ്പിറ്റലിൽ ചെന്ന് അവരെ അത്യാഹിത വിഭാഗത്തിൽ കയറിയപ്പോൾ തന്നെ നാസറിനെയും അവന്റെ ഇക്കയെയും വിളിച്ചു..

നാസറിന്റെ പെണ്ണിന് കുഞ്ഞിനെ കൊണ്ട് ഹോസ്പിറ്റലിൽ വരാൻ കഴിയില്ലത്രേ…
സലീമിന്റെ ബീവിക്ക് സ്കൂളിൽ പോയ കുട്ടികൾ തിരിച്ചു വരണം പോലും…
എന്തായാലും ഇവരെ ഇങ്ങനെ ഒറ്റക്കാക്കിയിട്ട് പോകാൻ വയ്യല്ലോ..
അവൻ ഹോസ്പിറ്റലിലെ ഇടനാഴിയിലൂടെ മെല്ലെ നടന്നു..
മണിക്കൂറുകൾ കഴിഞ്ഞു..ഇതിനിടക്ക് ഇത്തയെ റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്തു.രണ്ടു ദിവസം കിടക്കണമത്രേ ഇൻജെക്ഷൻ ഉണ്ട്…

ഫോൺ ആണെങ്കിൽ തുരു തുരാ അടിക്കുന്നു.. ഓട്ടത്തിന് വിളിക്കുന്നതാണ്…
സ്ഥിരം ഓട്ടം എല്ലാം വേറെ ആളുകളെ വിളിച്ചു ഏർപ്പാട് ചെയ്തു അവൻ..
“എന്റെ ഇക്ക.. നിങ്ങളിങ്ങനെ ബഹളം വച്ചിട്ട് കാര്യമില്ല.. ഞാൻ പറഞ്ഞില്ലേ ഹോസ്പിറ്റലിൽ ആണെന്ന്…
അതെ നിങ്ങൾ പറയുന്നതെനിക്ക് മനസിലാകും..കാര്യം എന്റെ ഉമ്മയൊന്നുമല്ല.. കൂട്ടുകാരന്റെ ഉമ്മയാണ്.. എന്നാലും അവന്റെ ഉമ്മാന്ന് പറഞ്ഞാൽ എനിക്കും അവരെനിക് എന്റെ സ്വന്തം ഉമ്മ തന്നെയാണ്… ഇങ്ങനെ ആളും തുണയും ഇല്ലാതെ അവരിങ്ങനെ കിടക്കുമ്പോൾ ഞനെന്തങ്ങനെയാ വരുന്നേ..??
എന്റെ ഓട്ടോയിൽ തന്നെ പോകണം ന്ന് വാശി പിടിക്കല്ലേ ഇക്ക.. ഇന്നൊരു ദിവസം ഞാൻ വേറെ ഓട്ടോ ഏർപ്പാട് ചെയ്ത് തരാം…””

ട്രിപ്പിന്റെ ആലസ്യത്തിൽ മയങ്ങിയപ്പോഴാണ് ഫൈസീയുടെ സംസാരം കേട്ടത്…
ജമീല കണ്ണു തുറന്ന് ചുറ്റും നോക്കി..
“ഇപ്പൊ എങ്ങനുണ്ട് ഇത്ത.. കുറവായോ???
കണ്ണുതുറന്നു നോക്കുന്ന അവരെ അലിവോടെ നോക്കി അവൻ…
“എന്താ ഇത്ത കണ്ണൊക്കെ നിറഞ്ഞു വരുന്നേ…??
വല്ലാതെ വേദനിക്കുന്നുണ്ടോ..ഞാൻ ഡോക്ടറെ വിളിക്കണോ??
അവരുടെ കണ്ണിൽ നിന്ന് താഴേക്കു ഒലിച്ചിറങ്ങുന്ന കണ്ണുനീർ കണ്ടു അവൻ പരിഭ്രമിച്ചു…
“ഒന്നുമില്ല മോനെ…

അവർ തളർന്ന ശബ്ദത്തിൽ പറഞ്ഞു…
“നിന്റെ സ്നേഹത്തിന്റെയും കരുതലിന്റെയും മുന്നിൽ ഈ ഉമ്മയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞതാണെന്ന് പറയണമെന്ന് തോന്നി അവർക്ക്…
പണത്തെക്കാൾ വലുതായി പ്രായമായ മാതാപിതാക്കൾ ആഗ്രഹിക്കുന്നത് വയ്യാതാകുമ്പോൾ കൈ പിടിച്ചു കൂടെ നടക്കാൻ മക്കൾ അരികിലുണ്ടാകണം എന്ന് തന്നെയാണ്…
ഇപ്പൊ ഈ അവസരത്തിൽ നീയാണ് ശരി.. നിന്റെ തീരുമാനമാണ് ശരി എന്ന് ഈ ഉമ്മ തിരിച്ചറിയുകയാണ് മോനെ…'”

അവരുടെ മനസ് ഇങ്ങനെ പലതും മൗനമായി അവനോട് മന്ത്രിച്ചു കൊണ്ടേ ഇരുന്നു…
വളരെ രാത്രി ആയപ്പോഴാണ് ജമീലയുടെ ആങ്ങളയും നാത്തൂനും വന്നത്..നാസർ വിളിച്ചു വരുത്തിയതാണ്…
“മോനെ നിന്റെ ഉമ്മ ഭാഗ്യവതിയാണ്… എല്ലാ അർത്ഥത്തിലും…….”
പോകാൻ നേരത്ത് അവനോട് അത്രമാത്രം പറഞ്ഞു അവർ… അതിലുണ്ടായിരുന്നു എല്ലാം..രണ്ടു മക്കളെ പെറ്റ അമ്മയുടെ മനസിലെ സങ്കടത്തിന്റെ ആഴം ആ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു…
പിന്നെയും രണ്ടു മൂന്നു ഓട്ടം കൂടെ പോയി നന്നേ വൈകിയാണ് അവൻ വീട്ടിലെത്തിയത്…
അവൻ വണ്ടി ഒതുക്കിയിട്ട് കിണറ്റിൽ കരയിലേക്ക് നടന്നു..അവിടെ അഴയിൽ കിടക്കുന്ന തോർത്തെടുത്തു ഉടുത്തിട്ട് കാക്കി ഷർട്ടും മുണ്ടും അവിടെ ഇരുന്ന ബക്കറ്റിൽ ഇട്ടു..
എന്നിട്ട് കിണറ്റിൽ ഇന്ന് വെള്ളം കോരി തലവഴി ഒഴിച്ചു…
അഞ്ചു തോട്ടി വെള്ളം..
അതാണ് പതിവ്…

വണ്ടിയിൽ നിന്ന് പേഴ്‌സും മറ്റു സാധനങ്ങളും എടുത്ത് ഇറയത്തേക്ക് കയറിയതും കണ്ടു വാതിൽ തുറന്ന് പരിഭവിച്ചു നിൽക്കുന്ന ഉമ്മ…
വൈകിയതിനാണ് ഈ കള്ള പരിഭവം…
“എന്റുമ്മ നിങ്ങൾക് പോയി കിടന്ന് ഉറങ്ങി കൂടെ…
എന്ന് പറഞ്ഞു കൊണ്ട് അവൻ വരെയും ചേർത്ത് പിടിച്ചു അകത്തേക്ക് നടന്നു…
ഇതാണ് ഓട്ടോകാരനായ ഫൈസി…

അവന്റെ ഒരു ദിവസം…
ഇനി വയറു നിറയെ ഉമ്മ വിളമ്പി തരുന്നചോറൊക്കെ ഉണ്ട്..
കുറച്ചു സമയം ഉമ്മാടെ മടിയിൽ തലവച്ചു കിടന്ന് വിശേഷങ്ങളൊക്കെ പറഞ്ഞു…
അങ്ങനെ…
സന്തോഷമായി..
ചെറിയ കുടുംബം…
സന്തോഷം ഉള്ള കുടുംബം അല്ലെ…
ശുഭം….
ആബിദ് മണ്ണാർക്കാട്.

Share this on...