ഓട്ടോ ഡ്രൈവറായ ഭർത്താവിനെ ഉപേക്ഷിച്ചു പോയ ഭാര്യ വർഷങ്ങൾക്ക് ശേഷം അയാളെ കണ്ടപ്പോൾ

in Story 46 views

പുതുപ്പെണ്ണുമായി സ്വന്തം ഓട്ടോയിൽ
ആദ്യ വിരുന്തിനായി പെൺവീട്ടിലേക്ക് പോയ വിനയൻ ഒരു മണിക്കൂറിന് ശേഷം ഒറ്റക്ക് തിരിച്ചു വീട്ടിൽ എത്തിയതു കണ്ടു വീട്ടുകാർ അമ്പരന്നു നിന്നുപോയി..
ഒരു നിമിഷത്തേക്ക് അവരുടെയെല്ലാം മനസ്സിൽ പലവിധ ചിന്തകൾ മിന്നിമറഞ്ഞു
“മാലു എവിടെ….?

ആധിയോടെ അമ്മയാണ് ചോദിച്ചത്
അവന്റെ മൗനം, അച്ഛനമ്മമാരെയും ജ്യേഷ്ടത്തിയെയും സംശയത്തിന്റെ മുൾമുനയിൽ നിർത്തി
“മാലു എവിടെടാ…..?
തോളത്ത് പിടിച്ചു കുലുക്കികൊണ്ട് ഇടറിയ ശബ്ദത്തോടെ അച്ചൻ ചോദിച്ചു
“അവൾ ചതിച്ചു……..”

ഇടറിയ ശബ്ദത്തിൽ അവൻ പറഞ്ഞു
“എന്താ പറഞ്ഞേ…,,.? ”
അച്ഛന്റെ ചോദ്യത്തിന്റെ സ്വരം ഉയർന്നിരുന്നു
തല കുനിഞ്ഞ നിലയിൽ, പരാജിതന്റെ മുഖം ആയിരുന്നു അവന്
അത് കേട്ട എല്ലാവരും ഒരു നിമിഷം ഷോക്ക് ഏറ്റത് പോലെയായി.. അവരുടെ മുഖത്ത് രക്തമയം ഇല്ലാതായി..

അമ്മ അവനെ കെട്ടി പിടിച്ചു കരയുകയായിരുന്നു ..
“എന്താ പറ്റിയത് തെളിച്ചു പറയ്‌ വിനയാ … ” ജ്യേഷ്ഠത്തിയാണ് ഉൽഖണ്ടയോടെ ചോദിച്ചത് ”
പമ്പിൽ കയറി പെട്രോൾ അടിച്ച ശേഷം അവിടെ തന്നെ ഉള്ള യൂറിനലിൽ പോയ ഞാൻ തിരിച്ചു വരുമ്പോൾ ഓട്ടോയിൽ മാലു ഇല്ലായിരുന്നു..
ഞാൻ മാറിയ തക്കം നോക്കി അവൾ ധൃതിയിൽ ബാഗും എടുത്തുകൊണ്ട് റോഡിൽ ഇറങ്ങി അടുത്ത് കണ്ട ഓട്ടോയിൽ കയറി പോകുന്നത് പമ്പിലെ ജോലിക്കാരൻ കണ്ടിരുന്നു
അത് പറഞ്ഞതും അവൻ പോക്കറ്റിൽ നിന്ന് ഒരു പേപ്പർ കഷണം എടുത്ത് ജ്യേഷ്ഠത്തിയുടെ നേർക്ക് നീട്ടി

“എന്നെ തിരയേണ്ട എനിക്ക് ഇഷ്ടപെട്ട ആളുടെ കൂടെ ഞാൻ പോകുവാണ് ”
ഓട്ടോയിൽ മാലു എഴുതി വച്ചിരുന്ന കുറിപ്പായിരുന്നു അത്
സ്വതവേ ആദ്മാഭിമാനിയായ വിനയന് അത് വലിയ ഷോക്ക് ആയിരുന്നു..
അവൻ കഴിപ്പും, കുടിപ്പും എല്ലാം നിർത്തിയ പോലെയായി.. വീട്ടിലുള്ളവരുടെയും സ്ഥിതി മറിച്ചല്ലായിരുന്നു..

ആകെ ഒരു മരണ വീടിന്റെ പ്രതീതിയായി കല്യാണം കഴിഞ്ഞു കേവലം നാല് ദിവസം മാത്രമായ ആ വീടിന്
B Com ബിരുദധാരിയായ വിനയൻ മറ്റ് ജോലിക്ക് ശ്രമിച്ചിരുന്നെങ്കിലും ഒന്നും കിട്ടാതെ വന്നതിനാൽ കഴിഞ്ഞ വർഷം ആണ് ഒരു ഓട്ടോ എടുത്തു സ്വയം ഓടിക്കാൻ തുടങ്ങിയത്
സ്റ്റാൻഡിലെ കൂട്ടുകാരായ ഓട്ടോക്കാർ അവന്റെ വീട്ടിൽ വന്ന് അവനെ ഒരു പാട് ഉപദേശിക്കുകയും, മനോബലം നൽകുകയും ചെയ്തു. അങ്ങനെ രണ്ടാഴ്ചകൾക്ക് ശേഷം ആണ് അവൻ ഓട്ടോയുമായി വീണ്ടും സ്റ്റാൻഡിലേക്ക് പോയത്..

അത് കണ്ട് വീട്ടുകാർക്ക് നഷ്ടപ്പെട്ടുപോയ സന്തോഷം തിരിച്ചു കിട്ടിയതുപോലെയായി..
പക്ഷേ ആ സന്തോഷത്തിനു ആയുർ ദൈർഖ്യം കുറവായിരുന്നു
സ്റ്റാൻഡിലെ ഓട്ടം കഴിഞ്ഞ് അവൻ രാത്രിയിൽ തിരിച്ചെത്തിയത് ജീവിതത്തിൽ ആദ്യമായി മദ്യപിച്ച നിലയിൽ ആയിരുന്നു

അത് അവന്റെ വീട്ടുകാർക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു..
അമ്മയുടെയും സഹോദരങ്ങളുടെയും ചോദ്യത്തിനു മുൻപിൽ ഒരു കൊച്ചു കുട്ടിയെ പോലെ കരയാനെ അവന് കഴിഞ്ഞുള്ളു..

രാത്രിയിൽ ഓട്ടം കഴിഞ്ഞു മദ്യപിച്ചു വരുന്നത് ശീലമാക്കിയ അവൻ ക്രമേണ മദ്യത്തിന്റെ ലഹരിയിലേക്ക് കൂപ്പു കുത്തുകയായിരുന്നു..
മദ്യത്തിന് അടിമയായ
അവൻ ഓട്ടോയുമായി സ്റ്റാൻഡിൽ പോകുന്നത് വല്ലപ്പോഴും ഉള്ള കാഴ്ചയായി മാറി
ഈ വിവരം ശ്രദ്ധയിൽപെട്ട അടുത്തുള്ള പള്ളിയിലെ വികാരിയച്ചൻ അവനെ സഭയുടെ കീഴിൽ ഉള്ള ഒരു ഡീ-അഡിക്ഷൻ സെന്ററിൽ കൊണ്ടുപോയി നോക്കാം എന്ന അഭിപ്രായം വീട്ടുകാരോടായി പറഞ്ഞു

ഡീ-അഡിക്ഷൻ സെന്ററിലെ ചികിത്സയും, കൗൺസിലിംഗും അവനിൽ പ്രകടമായ മാറ്റം വരുത്തി.ക്രമേണ അവൻ ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരുന്നു.
ഇരുണ്ട ഭൂതകാല ഓർമകളിലേക്ക് എപ്പോഴൊക്കെ അവന്റെ മനസ്സ് വഴുതി വീഴാൻ തുടങ്ങുന്നുവോ അപ്പോഴൊക്കെ അവനായി പ്രതിരോധം തീർത്തത് കൗൺസിലിംഗ് സെന്ററിലെ ഡോക്ടറുടെ ആ വാചകങ്ങൾ ആയിരുന്നു

“”അടുത്ത ഒരു നിമിഷം ജീവിച്ചിരിക്കും എന്ന് യാതൊരു ഉറപ്പും ഇല്ലാത്ത ഈ ജീവിതത്തിൽ ദുഃഖിച്ച് ഇരിക്കുന്നതു വിഡ്ഢികൾ ആണ്.. നീ ദുഖിച്ചിരിക്കുന്ന ഓരോ നിമിഷവും സ്വയം വിഡ്ഢി ആയിക്കൊണ്ടിരിക്കുകയാണ് “”

“”ജീവിതത്തിൽ തോല്പിച്ചവർക്കെതിരെ പ്രതികാരം അല്ല വേണ്ടത്.. വാശിയും അവരോടല്ലായിരിക്കണം മറിച്ച് തന്നോട് തന്നെയായിരിക്കണം. ലക്ഷ്യബോധത്തോടെ സ്വയം ജീവിച്ച്, നേട്ടങ്ങൾ കൊയ്തുകൊണ്ട് സ്വന്തം മനസ്സിനെ തൃപ്തിപ്പെടുത്താനാകണം അത് .. അപ്പോൾ കാണേണ്ടവർ താനേ കണ്ടോളും…””

സ്റ്റാൻഡിലെ ഓട്ടത്തിനു ശേഷം ഉള്ള ഇടവേളകളിൽ അവൻ പഴയ പുസ്തക വായന പൊടി തട്ടി എടുത്തു, ഒപ്പം PSC കോച്ചിങ്ന് ഉള്ള തയ്യാറെടുപ്പും.
ഒരു തരം വാശി വളർന്നു വരുകയായിരുന്നു അവന്റെ മനസ്സിൽ.. എന്തോ നേടി എടുക്കണം എന്ന്, അത് ഫലം കണ്ടു

ലാസ്റ്റ് ഗ്രേഡ് ന്റെ ടെസ്റ്റ്‌ എഴുതിയ അവൻ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടു..
ഒരു വർഷത്തിനകം ആ വീട്ടിൽ ആനന്ദത്തിന്റെ തിരിനാളം തെളിയുന്ന രീതിയിൽ അവന്റെ ജോലിക്കുള്ള അപ്പോയ്ന്റ്മെന്റ് ലെറ്റർ കിട്ടി
യൂണിവേഴ്സിറ്റിയിൽ പ്യൂൺ ആയിട്ട്…
ഇതുകൊണ്ടൊന്നും അവൻ നിർത്താൻ തയ്യാറല്ലായിരുന്നു.. അവൻ ജോലിയോടൊപ്പം വീണ്ടും പഠിത്തം തുടർന്നു..

അതിനിടയിൽ രണ്ടാം വിവാഹവും കഴിഞ്ഞു കുട്ടികളും ആയി
വർഷങ്ങൾ ആറേഴ് കഴിഞ്ഞു
ഇപ്പോൾ വിനയൻ താലുക്ക്‌ ഓഫീസിൽ സെക്ഷൻ ഓഫീസർ ആണ്
അന്ന് വൈകുന്നേരം അയാൾ ഓഫീസിൽ നിന്ന് ഇറങ്ങാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു
കമ്പ്യൂട്ടർ ഷട്ട് ഡൌൺ ചെയ്യാൻ ആയി തിരിഞ്ഞതും ടേബിളിലെ മൊബൈൽ ശബ്ദിക്കാൻ തുടങ്ങി
മൂന്ന് പെൺകുട്ടികളുടെ പ്രൊഫൈൽ ഫോട്ടോയോടെ ഉള്ള കാൾ
വീട്ടിൽ നിന്നാണ്

“മോളെ അച്ഛൻ ഇറങ്ങുവാ അര മണിക്കൂറിനുള്ളിൽ അങ്ങെത്തും.. ”
“ബർത്ത്ഡേ ഗിഫ്റ്റ് അച്ഛൻ വാങ്ങിയിട്ടുണ്ട്..
ഇതുവരെ കാണാത്ത ഒരു വെറൈറ്റി ഗിഫ്റ്റാ ട്ടോ…. കോസ്‌റ്റലിയാ…. എന്താന്ന് ഇപ്പൊ പറയില്ല അത് സർപ്രൈസ്….”

ടേബിളിൽ ഇരിക്കുന്ന പാക്ക് ചെയ്ത ഗിഫ്റ്റിൽ കൈ വച്ചുകൊണ്ട് വിനയൻ പറഞ്ഞു
വിനയന് മൂന്ന് പെൺമക്കൾ ആണ്.. അതിൽ മൂത്തവളുടെ ബർത്ത്ഡേ ആണ് ഇന്ന്
മൊബൈലിൽ സംസാരിച്ചിരിക്കുമ്പോൾ ആരോ കാണാൻ എന്ന പോലെ മുന്നിൽ വന്ന് നിൽക്കുന്നത് ശ്രദ്ധിച്ച അയാൾ അവരോട് ഇരിക്കാൻ പറഞ്ഞു
കാൾ കട്ട്‌ ആയ ശേഷം മുഖം ഉയർത്തി അവരെ നോക്കിയ അയാൾ ഒരു നിമിഷം പകച്ചു പോയി…
തന്റെ മുൻപിൽ കസേരയിൽ ഇരിക്കുന്ന മാലുവും, അവളുടെ അച്ഛനും കൂടെ പത്ത് വയസ്സിനടുത്ത് പ്രായം തോന്നിക്കുന്ന ഒരു ആൺകുട്ടിയും..

അവളെ ഒന്നേ നോക്കിയുള്ളൂ
താൻ ഇപ്പോൾ ഏത് നിലയിൽ ആണോ ഉള്ളത് അതിൽ നിന്നും അയാളുടെ മനസ്സ് ആ പഴയ ഓട്ടോക്കാരൻ വിനയനിലേക്ക് പോയി..
പെട്രോൾ പമ്പിലെ ആ ദൃശ്യം അയാളുടെ മനസ്സിൽ തെളിഞ്ഞു വന്നു..
നാട്ടുകാർക്കും വീട്ടുകാർക്കും മുൻപിൽ അപഹാസ്യനാക്കപ്പെട്ട, ഒരു പക്ഷേ ജീവിതം തന്നെ കൈവിട്ട് പോയേക്കാമായിരുന്ന ഇരുളടഞ്ഞ ആ അദ്ധ്യായത്തിനു കാരണക്കാരിയായവൾ
ഇങ്ങനെ ഒരു കണ്ടുമുട്ടൽ അയാൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല..
അയാൾ തന്റെ മനസ്സിനെ നിയന്ത്രിച്ച് ഇപ്പോഴത്തെ വിനയനിലേക്ക് തിരിച്ചു വന്നു..
അവൾ തല കുനിച്ച് ഇരിക്കുകയായിരുന്നു

അവളുടെ മുഖം പശ്ചാതാപത്തിന്റെ മൂടുപടത്താൽ മുങ്ങി നിശ്ചലമായിരുന്നു.
ആ സമയം അങ്ങോട്ട്‌ വന്ന ഒരു ക്ലാർക്ക് തന്റെ കൈയ്യിലെ ഫയൽ വിനയന്റെ നേർക്ക് നീട്ടികൊണ്ട് പറഞ്ഞു..
“ഇത് ഇവരുടെ ഫയൽ ആണ് സർ..”

ഫയൽ തുറന്നു നോക്കിയ അയാളുടെ മിഴികൾ ഒരു നിമിഷം നിശ്ച്ചലമായി
കാലം അതിന്റെ കാവ്യ നീതി നടത്തിയിരിക്കുന്നുവോ… !
ഫയലിൽ നിന്ന് മെല്ലെ കണ്ണെടുത്ത അയാൾ നിസ്സംഗതയോടെ മാലൂവിനെയും അച്ഛനെയും മാറി മാറി നോക്കി

മാലുവിന്റെ വിധവ പെൻഷന്റെ അപേക്ഷ ഫോം അടങ്ങിയ കേസ്‌ ഫയൽ ആയിരുന്നു അത്
ചോദ്യഭാവത്തിൽ നോക്കിയ വിനയന് മറുപടി പറഞ്ഞതു അവളുടെ അച്ഛൻ ആയിരുന്നു.
“ഇവൾ നിന്നോട് ചെയ്തതിന്‌ ഉള്ള ശിക്ഷ ദൈവം ഇവൾക്ക് കൊടുത്തു ”
“രണ്ടാമത് ഒരു കുട്ടി കൂടി വേണം എന്ന് ആഗ്രഹിച്ച ഇവർക്ക് കുട്ടികൾ ഉണ്ടാകാതിരുന്നപ്പോൾ.. ടെസ്റ്റ്‌ ചെയ്തു.

റിസൾട്ട്‌ വന്നപ്പോൾ അറിഞ്ഞത്, ഇവളുടെ ഭർത്താവിന് ഒരിക്കലും ഒരു അച്ഛൻ ആകാൻ കഴിയില്ല എന്നാണ്.. ”
‘അന്ന് മുതൽ അവന്റെ സ്വഭാവം മാറി തുടങ്ങി. ഇപ്പോൾ ഉള്ള കുട്ടി തന്റെ അല്ല എന്ന് തിരിച്ചറിഞ്ഞ അവൻ മദ്യപാനം സ്ഥിരമാക്കി.. കുടി കൂടി കൂടി അവസാനം കരളിന് രോഗം ആയി..
രണ്ട് മാസം മുൻപായിരുന്നു മരണം.. ”
വിനയൻ കണ്ണെടുക്കാതെ കുട്ടിയെ തന്നെ നോക്കി ഇരിക്കുകയായിരുന്നു..
തന്റെ ചെറു പ്രായത്തിലെ രൂപം
അയാളുടെ മനസ്സിൽ തെളിഞ്ഞു വന്നു

പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വികാരം അയാളിൽ ഉടലെടുത്തു
രക്ത സമ്മർദ്ദം ഉയരുന്നതുപോലെ അയാൾക്ക് തോന്നി.
“ഇന്ന് ഇവന് പത്തു വയസ്സ് തികഞ്ഞു.. ഇവന്റെ ബർത്ത്ഡേ ആണ് ഇന്ന് ”
അവന്റെ തലയിൽ തലോടി ഒരു നെടുവീർപ്പോടെ അവളുടെ അച്ഛൻ പറഞ്ഞു നിർത്തി
വിനയൻ അവളുടെ അച്ഛന്റെ വാക്കുകൾ കേട്ട് സ്തംഭിച്ച് ഇരിക്കുകയായിരുന്നു
അയാളുടെ മനസ്സിൽ അതുവരെ കടന്നു കൂടിയിട്ടില്ലാത്ത പല പല ചിന്തകൾ മിന്നി മറഞ്ഞു..
വികാരനിർഭരനായ അയാൾ

എന്തോ ആലോചിച്ച ശേഷം ടേബിളിൽ ഇരുന്ന ഗിഫ്റ്റ് എടുത്തു കുട്ടിയുടെ നേർക്കു നീട്ടികൊണ്ട് പറഞ്ഞു
“ഹാപ്പി ബർത്ത്ഡേ മോനെ….. ”
പോക്കറ്റിൽ നിന്ന് ഒരു മിട്ടായി എടുത്തു തിരികെ കൊടുത്തുകൊണ്ട് അവൻ പറഞ്ഞു
“താങ്ക് യൂ അങ്കിൾ….. ”

അയാളുടെ മനസ്സിൽ ആഴത്തിൽ തട്ടിയ വാക്കുകൾ ആയിരുന്നു അത്
അതിന്റെ പ്രതിഫലനം എന്നവണ്ണം അറിയാതെ തന്നെ ഒരു തുള്ളി കണ്ണീർ അയാളുടെ കണ്ണിൽ നിന്നും ഇറ്റു വീണു

അപ്പോഴും അവൾ നിർവികാരയായി തല കുനിച്ചിരിക്കുകയായിരുന്നു
ഫയൽ തുറന്ന് അപേക്ഷ ഫോമിൽ ഒപ്പ് വച്ച്, അവർ തിരിച്ചു പോകുമ്പോഴും..
അയാൾ ഇമ വെട്ടാതെ അവരെ തന്നെ നോക്കി ഇരിക്കുകയായിരുന്നു.
അപ്പോഴേക്കും ഒരിക്കൽ കൂടി മൈബൈൽ ശബ്ദിക്കാൻ തുടങ്ങുകയായിരുന്നു മൂന്ന് പെൺകുട്ടികളുടെ പ്രൊഫൈൽ പിക്ചറോടെ………
## ഗിരീഷ് കാവാലം ##

Share this on...