രാത്രി വീട്ടിലെത്തിയ ഏട്ടൻ അനിയനും പെങ്ങളും സ്വന്തം അമ്മയും കൂടി പറയുന്നത് കേട്ട് നെഞ്ചു പൊട്ടി പോയി

in Story 6,258 views

(രചന: രഘു കുന്നുമ്മക്കര പുതുക്കാട്)

നാൽപ്പതാം വയസ്സിലായിരുന്നു അയാളുടെ വിവാഹം.ഒരു വർഷത്തിനു ശേഷം,ഭാര്യ പ്രസവത്തിനു വേണ്ടി അവളുടെ വീട്ടിലേക്കു പോയി.ഒരു ഞായർപ്പകൽ മുഴുവൻ അവളോടൊപ്പം ചെലവഴിച്ച്, തിരികേ സ്വന്തം വീട്ടിലെത്തിയപ്പോൾ,രാത്രി പത്തുമണിയാകാറായിരുന്നു.വരുന്നുണ്ടെന്ന കാര്യം,

വീട്ടിലേക്കു വിളിച്ചു പറഞ്ഞതുമില്ല….ഇടവഴിയിലൂടെ നടന്ന്, വീട്ടിലെത്തി.
ഒത്തിരിയേറെ തവണ ജപ്തി നോട്ടീസുകൾ പതിഞ്ഞ ചുവരിപ്പോൾ പുത്തൻ ചായത്തിൽ മിനുങ്ങുന്നു
വീടും, സാമ്പത്തിക സ്ഥിതിയും മിനുസപ്പെട്ടപ്പോൾ,

കൗമാരമെത്തും മുൻപേ വാർക്കപ്പണിക്കരാനായ തൻ്റെ കൈകൾ, തഴമ്പിച്ചു പരുക്കാനായതോർത്ത് അയാൾ പുഞ്ചിരിച്ചു.കമ്പിയഴികളുള്ള ഉമ്മറം അടഞ്ഞുകിടന്നു.നേരത്തേ വിവാഹിതനായ ഇളയ സഹോദരൻ്റെ മക്കളുടെ പഠനത്തിൻ്റെ ഒച്ചയനക്കങ്ങൾ വ്യക്തമാകുന്നു.

അപ്പർ പ്രൈമറിക്കാരാണ് ഇരുവരും…പരിചയമുള്ളൊരു ശബ്ദം, വേറിട്ടു കേൾക്കുന്നു.താഴെയുള്ള പെങ്ങളും, അളിയനും കുട്ടികളും എത്തിയിട്ടുണ്ട്…അയാൾ, തഴമ്പിലേക്കു ശ്രദ്ധിച്ചു.

അനുജൻ്റെ പഠനത്തിനും, പെങ്ങളുടെ വിവാഹത്തിനും വേണ്ടി, അധികനേരം ജോലി ചെയ്ത കൈത്തലങ്ങൾ മുറുക്കം ചാർത്തി നിന്നു.”അനിയൻ്റെ ശമ്പളം കൊണ്ട് സുഖായി ജീവിക്കാനാ, ചേട്ടൻ്റേയും പെണ്ണിൻ്റേയും ഉദ്ദേശം..

കല്യാണം കഴിഞ്ഞാൽ, മൂത്തോര് തറവാട്ടീന്നു മാറാന്നുള്ളത് നാട്ടുനടപ്പാ…പഴയ കണക്കും പറഞ്ഞ് നിൽക്വാ,ഭാര്യേം ഭർത്താവും..

ഒരു മാസം കഴിഞ്ഞാൽ അംഗസംഖ്യ കൂടും…പെറാൻ പോയേക്കല്ലേ അവള്….
അവൻ, ഇക്കാലം പണിയെടുത്ത കാശിൻ്റെയത്ര എൻ്റെ മോന് ഒരു മാസം കിട്ടണുണ്ട്…..
നാണം വേണ്ടേ….”അമ്മ തുടരുകയാണ്.

അയാൾക്കു സ്വന്തം കാതുകളെ വിശ്വസിക്കാൻ സാധിച്ചില്ല.
അനുജത്തിയും, അളിയനും, അനുജൻ്റെ ഭാര്യയും സംഭാഷണങ്ങൾ തുടരുന്നു.
ഓരോ വാക്കിലും, താൻ പാതാളത്തോളം താഴുന്നു.

ഉമ്മറത്ത്, അച്ഛൻ്റെ ഫോട്ടോയ്ക്ക് മുൻപിൽ കെടാവിളക്കു പോലൊരു ബൾബു കത്തുന്നു.
തെല്ലുനേരത്തിനു ശേഷം, അയാളൊന്നു മുരടനക്കി…അകത്തളം നിശബ്ദമായി….

വാതിൽ തുറക്കപ്പെട്ടു.അമ്മയാണ്…”എൻ്റെ മോൻ വന്നോ….അമ്മേരെ കണ്ണു പെടയ്ക്കായിരുന്നു മോനെ കാണാണ്ട്…അവളും ചെക്കനും ക്ടാങ്ങളും വന്നിട്ടുണ്ട്…

പെര പണിക്ക് നിന്നോട് ഇത്തിരി കാശു ചോദിക്കാനാ…ചെയ്യരുതെന്നു പറഞ്ഞാലും നീ ചെയ്യും…
അതവൾക്ക് നന്നായറിയാം..വായോ..”

അയാൾ അകത്തേക്കു കയറി..നനഞ്ഞ കണ്ണുകളെ മറയ്ക്കാൻ അയാൾക്ക് ഏറെ ക്ലേശിക്കേണ്ടി വന്നു.”അളിയാ..സാധനം, തുള്ളി ഇരിപ്പുണ്ടാ….?”

പെങ്ങളുടെ ഭർത്താവിൻ്റെ ചോദ്യം..” ഉണ്ടളിയാ…അളിയൻ കഴിഞ്ഞ തവണ വന്നപ്പോൾ കഴിച്ചതിൻ്റെ ബാക്കിയിരിപ്പുണ്ട്…ഇവിടെ വേറാരും കഴിക്കില്ലല്ലോ…

ഞാനെടുത്തു വരാം….”അയാൾ, സ്വന്തം മുറിയകത്തേക്കു നടന്നു.അയാളുടെ കണ്ണുകളേക്കാളേറെ, നെഞ്ചകം എരിയുന്നുണ്ടായിരുന്നു.
All rights reserved news lovers.

Share this on...