പെട്രോൾ പമ്പിൽ ജോലിക്ക് കയറിയ പാവപെട്ട വീട്ടിലെ പെണ്കുട്ടിയോട് ഈ യുവാവ് ചെയ്തത് കണ്ടോ

in Story 3,464 views

“മോളെ ഏഴ് മണി കഴിഞ്ഞു എഴുന്നേൽക്കു ,ഇന്ന് അല്ലെ പമ്പിലേക്ക് ജോലിക്ക് ചെല്ലാൻ പറഞ്ഞ ദിവസം…” “അമ്മേ ഇപ്പോൾ എഴുന്നേൽക്കാം, വയറ് വേദന സഹിക്കാൻ പറ്റുന്നില്ല…”
എല്ലാ മാസവും അവൾക്ക് അസഹ്യമായ വയറ് വേദന അനുഭവിക്കാറുണ്ട്, പക്ഷെ ഇന്ന് അതിനേക്കാൾ വേദന അവളുടെ മനസ്സിന് ഉണ്ട്.

ആവണിക്ക് പതിനെട്ട് വയസ്സ് തികഞ്ഞിരിക്കുന്ന സമയമാണ്. അവളെ കണ്ടാൽ ആരും പറയില്ല ഷീറ്റ് വലിച്ച് കെട്ടിയ കുടിലിൽ നിന്നുള്ള കുട്ടിയാണെന്ന്. ഏതെങ്കിലും കൊട്ടാരത്തിൽ, എല്ലാ സൗകര്യത്തിലും ജനിച്ച് വളരുന്ന കുട്ടികൾക്കുണ്ടാവില്ല ആവണിയുടെ അത്രയും സൗന്ദര്യം.
അവൾ ധരിക്കുന്ന വസ്ത്രം നോക്കിയാലെ വീട്ടിലെ ദാരിദ്യം മനസ്സിലാവൂ. പക്ഷെ അവളുടെ സൗന്ദര്യത്തിന് മുമ്പിൽ വസ്ത്രങ്ങളും ആഭരണങ്ങളും തോറ്റു പോകും.

പത്തില് പഠിത്തം നിറുത്തി വയ്യാത്ത അമ്മക്ക് മരുന്ന് വാങ്ങാനും പട്ടിണി മാറാനും അടുത്ത വീടുകളിൽ പണിക്ക് പോയി കൊണ്ടിരിക്കുകയായിരുന്നു അവൾ.അതിലൊരു വീട്ടിലെ മാന്യൻ അവളുടെ മുഖത്തേക്ക് നോക്കാറില്ലായിരുന്നു. നിറഞ്ഞ് തുളുമ്പിയ മാറിടത്തിലേക്ക് ഉള്ള തുറിച്ച് നോട്ടം അവളെ അസ്വസ്ഥയാക്കിയിരുന്നു. ഒരു ദിവസം അവൾ പേടിച്ചത് പോലെ തന്നെ ആ കൈകൾ നീണ്ട് വന്നു, ഉടച്ചമർത്തിയ വേദനയിൽ അവൾ ഉറക്കെ കരഞ്ഞെങ്കിലും, മനോധൈര്യം വീണ്ടെടുത്തു,കൈയ്യിൽ കിട്ടിയ കട്ടിംങ്ങ് ബോർഡ് കൊണ്ട് അയാളുടെ മൂക്ക് ചതച്ച് കളഞ്ഞു അവൾ.

അതിന് ശേഷം വീടുകളിൽ ജോലിക്ക് പോവുന്നത് അവസാനിപ്പിച്ചു.വയറ് വേദന കുറവ് ഇല്ലെങ്കിലും ഒരു കണക്കിന് എഴുന്നേറ്റ്, കുളിച്ച് വസ്ത്രം മാറി.തല മുടി ചീകുന്നതിനിടയിൽ കൈ ഉയർത്തിയപ്പോഴാണ് കണ്ണാടിയിൽ ചുരിദാറ് കീറിയിരിക്കുന്നത് കണ്ടത്. ഉള്ളതിൽ പുറത്ത് ഇട്ട് പോകാൻ പറ്റിയ ഒരെണ്ണം അതേ ഉള്ളു, കക്ഷത്തിലെ രോമങ്ങൾ കാണാം, വേഗം ചുരിദാറിന്റെ ടോപ്പ് ഊരി, സൂചിയും നൂലും കോർത്ത് തുന്നിക്കൂട്ടി.അമ്മക്ക് ഉള്ള ഭക്ഷണം എടുത്ത് വെച്ച് ഓലകൊണ്ട് ഉണ്ടാക്കിയ വാതിൽ അവൾ ചാരിവെച്ച് പുറത്തിറങ്ങി.

പമ്പിലേക്ക് എത്തിയപ്പോൾ ഒമ്പത് മണിയായി. ജീവനക്കാർ അവൾക്ക് യൂണിഫോം നൽകി, എങ്ങനെ ഇന്ധനം വാഹനത്തിൽ നിറക്കുന്ന പ്രവർത്തനങ്ങൾ എല്ലാം മനസ്സിലാക്കി കൊടുത്തു.
നാല്പത് വയസ്സ് പ്രായമുള്ള രാധ എന്ന സ്ത്രീയുടെ അരികിലാണ് അവൾ ജോലി മനസ്സിലാക്കിയെടുക്കാൻ നിന്നത്.

കുറച്ച് സമയം കഴിഞ്ഞ് രാധ ചേച്ചി അവളെ ഏൽപിച്ച് ചായ കുടിക്കാൻ പോയി.
പെട്ടെന്ന് ഒരു ബൈക്ക് അവളുടെ മുമ്പിൽ വന്ന് നിന്നു. അവളുടെ ആദ്യത്തെ കസ്റ്റമർ , “അമ്പത് രൂപയ്ക്ക് അടിച്ചോ…”

അവൾ മെഷീനിൽ നമ്പർ ടൈപ്പ് ചെയ്ത് നോസിൽ ടാങ്കിലേക്ക് വെച്ചു.. “അയ്യോ എന്താ ഇത് നിറുത്ത്… ദേ നാനൂറ് രൂപ കഴിഞ്ഞു…” അവൾ വേഗം പമ്പ് ഓഫ് ചെയ്തു…. “എന്ത് പണിയാ കാണിച്ചത് അമ്പത് രൂപക്ക് അടിക്കാൻ പറഞ്ഞിട്ട്, എന്ത് കഷ്ടാ എന്റെ കയ്യിൽ ആകെ അമ്പത് രൂപയുള്ളു… ”

അയാൾ ഹെൽമറ്റ് ഊരി ,ഇരുപത്തി അഞ്ച് വയസ്സ് തോന്നിക്കുന്ന ഒരു യുവാവ്, അവന്റെ മുഖത്ത് അപ്പോൾ ഒരു ദയനീയ ഭാവമായിരുന്നു. തുടുത്ത അവന്റെ കവിളുകൾ ചുവന്നു.
അവൾ ആകെ പകച്ചു, ആദ്യമായി ചെയ്തപ്പോൾ പറ്റിയ അബദ്ധം, ഭയവും സങ്കടവും ഒരുമിച്ച് അവളുടെ കണ്ണുകളിലൂടെ ഒഴുകി.

“ചേട്ടാ സോറി, ഞാൻ ഇന്ന് ഇവിടെ ജോലിക്ക് കയറിയിട്ടുള്ളു, അറിയാതെ പറ്റി പോയതാ, എന്താ ചെയ്യാ?”അവളുടെ മുഖം വിളറി വെളുക്കുന്നത് അവൻ കണ്ടു. “എന്താ മോളെ?…. എന്ത് പറ്റി?….

അവൾ പറയാൻ തുടങ്ങുമ്പോഴേക്കും അവൻ ഇടയിൽ കയറി പറഞ്ഞു..
” ചേച്ചി എനിക്ക് ഒരബദ്ധം പറ്റിയതാ, ഞാൻ അഞ്ഞൂറ് രൂപയ്ക്ക് പെട്രോൾ അടിച്ചു, പക്ഷെ എന്റെ കയ്യിൽ ഇപ്പോൾ അമ്പത് രൂപയെ ഉള്ളു, ഞാൻ കാശ് എടുക്കാൻ മറന്ന് പോയി…. ”
” കയ്യിൽ കാശ് ഉണ്ടോ എന്ന് നോക്കിയിട്ട് വേണ്ടെ പെട്രോൾ അടിക്കാൻ, ഓരോരുത്തരൻമാര് വന്നോളും ഓരോ പുതിയ തട്ടിപ്പുമായി,.. ”

” ചേച്ചിക്ക് വിശ്വാസം ആയില്ലെങ്കിൽ ഞാൻ ബൈക്ക് ഇവിടെ വെച്ചോളാം, വൈകീട്ട് കാശുമായി വന്നതിന് ശേഷം ഞാൻ കൊണ്ട് പൊക്കോളാം…”
പമ്പിലെ മാനേജർ വന്ന് സംസാരിച്ച് അവന്റെ ബൈക്ക് അവിടെ വെച്ച് നടന്ന് പോയി. അവിടെ നിന്ന് തിരിഞ്ഞ് നോക്കിയത് അവളുടെ കണ്ണുകളിലേക്കാണ്, ആ കണ്ണുകൾ നിറഞ്ഞ് കലങ്ങിയെങ്കിലും ഒരു തിളക്കം അവൻ കണ്ടു.

കൺമുന്നിൽ നിന്ന് മറയുന്നത് വരെ അവൾ കണ്ണെടുത്തില്ല, അവന്റെ കണ്ണുകൾക്ക് ഒരു വല്ലാത്ത സൗന്ദര്യവും ആകർഷണവും ഉണ്ടായിരുന്നു.വൈകീട്ട് അഞ്ച് മണിയായപ്പോൾ അവൾ ജോലി കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തി. കുളിക്കാൻ വേണ്ടി തോർത്ത് മുണ്ട് കയ്യിലെടുത്ത് പിടിച്ചപ്പോൾ അമ്മ അടുത്തേക്ക് വന്നു.”മോളെ ഇപ്പോൾ കുളിക്കണ്ട, അപ്പുറത്തെ വീട്ടിൽ പണിക്കാരുണ്ട്, അവിടെ പെയിന്റിംങ്ങിന്റെ പണി നടക്കുകയാണ്. അവർ പോയിട്ട് കുളിക്കാം.

ആവണിയുടെ കുടിലിനപ്പുറം ഇരുനിലയുള്ള വലിയ വീടാണ്, അവിടെ ആൾത്താമസം ഇല്ല.മേൽക്കൂരയില്ലാത്ത വലിച്ച് കെട്ടിയ കുളിപ്പുരയിൽ കയറിയാൽ മുകളിൽ പണി എടുക്കുന്നവർക്ക് എല്ലാം കാണാം.അവൾ അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിൽ പുറത്ത് ഒരു ശബ്ദം. ” ചേച്ചി… ചേച്ചി….. ”

പുറത്ത് ഇറങ്ങിയപ്പോൾ മുന്നിൽ നിൽക്കുന്നു ആവണിയുടെ ആദ്യത്തെ കസ്റ്റമർ ,അവൻ പെയിന്റിൽ കുളിച്ച് ആണ് നിൽക്കുന്നത്.

അവളെ കണ്ടപ്പോൾ അവൻ പുഞ്ചിരിച്ചു, അവന്റെ കുറ്റിമീശയിലും കുറ്റിത്താടിയിലും വെളുത്ത പൊടി പറ്റിപ്പിടിച്ച് കിടന്നിരുന്നു. കയ്യിൽ ഒരു ബോട്ടിൽ ഉണ്ടായിരുന്നു.

” ഇത് തന്റെ വീടാണല്ലെ?.. കുറച്ച് വെള്ളം കുടിക്കാൻ കിട്ടുമോ എന്നന്വേഷിച്ച് വന്നതാ,അവിടെ വെള്ളം തരാൻ പോലും ആരും ഇല്ല. ഇവിടെ നിന്ന് പണി കഴിഞ്ഞ് പോയിട്ട് വേണം ബൈക്ക് എടുക്കാൻ, മഴയൊക്കെ ആയത് കൊണ്ട് വർക്ക് കുറവായിരുന്നു, കുറച്ച് ദിവസത്തിന് ശേഷമാ ഇന്ന് ഇവിടെ പണിക്ക് വന്നത്, അത് കൊണ്ട് കയ്യിൽ കാശൊന്നും ഇല്ലായിരുന്നു, സാരമില്ല വൈകീട്ട് കാശ് കിട്ടും, അതൊക്കെ പോട്ടെ എന്റെ പേര് “ഹരി “… പലരും “ഹരിക്കുട്ടൻ” എന്നാ വിളിക്കാറ്. എന്താ കുട്ടിയുടെ പേര്?” ” ആവണി ”

“നല്ല പേര് ” അവൾ അകത്ത് നിന്ന് വെള്ളം കൊണ്ട് വന്ന് കൊടുത്തു. അവൻ തിരിച്ച് പോകാൻ ഒരുങ്ങിയപ്പോൾ ” ചേട്ടാ താങ്ക്സ് ”

“ഏയ് അതിന്റെ ആവശ്യമില്ല, എന്റെ ബൈക്ക് ഹാപ്പി ആയിക്കാണും, ആദ്യമായിട്ടാ അവന് വയറ് നിറയുന്നത്, അമ്പത് രൂപയിൽ കൂടുതൽ ഞാനിന് വരെ അടിക്കാറില്ല.”
അവൻ പുഞ്ചിരിച്ച് കൊണ്ട് നടന്ന് പോയി, അവളുടെ മുഖത്ത് പുഞ്ചിരിക്കുന്ന ഹരിയുടെ മുഖം മനസ്സിൽ പതിഞ്ഞു.

പതിനെട്ട് വയസ്സ് തികഞ്ഞ ഏത് പെൺകുട്ടിയും സ്നേഹിച്ച് പോകും ഹരിയെ പോലെ നല്ല ചെറുപ്പക്കാരനെ, ആദ്യമായാണ് ഒരു പുരുഷൻ തന്റെ കണ്ണുകളിൽ നോക്കി മായി സംസാരിക്കുന്നത് അവൾ കാണുന്നത്, ആവണിയുടെ മനസ്സിൽ പ്രതീക്ഷയുടെ, പ്രണയത്തിന്റെ പുതുനാമ്പുകൾ മുളച്ചു.
ജീവിതത്തിൽ ഇന്ന് വരെ ഒരു ബൈക്കിൽ കയറാത്ത ആവണി ഹരിയുടെ ബൈക്കിന് പുറകിൽ ഇരുന്ന് യാത്ര ചെയ്യുന്നത് അവൾ സ്വപ്നം കാണാറുണ്ട്.

അന്ന് പമ്പിൽ നിന്ന് ജോലി കഴിഞ്ഞ് തിരിച്ച് നടന്ന് വരികയായിരുന്നു, പെട്ടെന്ന് ഒരു ബൈക്കിന്റെ ശബ്ദവും ഹോണടിയും തിരിഞ്ഞ് നോക്കിയപ്പോൾ ഹരിയാണ്.
“ആവണി …… കുട്ടിയോട് കുറച്ച് ദിവസമായി ഒരു കാര്യം പറയണം എന്നാഗ്രഹിക്കുന്നു…. ആവണി…. നിന്നെ എനിക്ക് ഒത്തിരി ഇഷ്ടമാ… ഇഷ്ടമാന്ന് വെച്ചാൽ എന്നേക്കാൾ… മറ്റെന്തിനേക്കാൾ ഇന്ന് നിന്നെ സ്നേഹിക്കുന്നുണ്ട് ഞാൻ….”

അവൾ ആകെ സ്തംഭിച്ച് പോയി, അവൾ എന്തെങ്കിലും പറയും മുമ്പ് കൈകളിലേക്ക് ആ പൊതി വെച്ച് അവൻ ബൈക്കും എടുത്ത് വേഗത്തിൽ പാഞ്ഞ് പോയി..വീട്ടിൽ ചെന്ന് അവൾ ആ പൊതി അഴിച്ച് നോക്കി, മഞ്ഞകളിൽ കറുത്ത കല്ലുകൾ കൊണ്ട് മനോഹരമായി തുന്നിയെടുത്ത, താൻ ഒരു ദിവസം ജയലക്ഷ്മി ടെക്സ്റ്റൈൽസിന്റെ മുന്നിലൂടെ നടന്ന് പോയപ്പോൾ, വാങ്ങാൻ കഴിഞ്ഞില്ലെങ്കിലും, കുറച്ച് നേരം പുറത്ത് പ്രദർശിപ്പിച്ചത് നോക്കി നിന്ന് പോയ ചുരിദാറ് കയ്യിൽ, അവൾ അതെടുത്ത് ചുംബിച്ച് പോയി…. ” “മോളെ എന്ത് ഉറക്കാ എണീക്ക്, നേരം ഒരു പാടായി….. ”

അവധി ദിവസമായത് കൊണ്ട് രാവിലെ ആവണി കണ്ട സ്വപ്നം അവളുടെ മുഖത്ത് സന്തോഷത്തിന്റെ പുതു വെളിച്ചം പരക്കുന്നതായിരുന്നു.

പെയിന്റിങ്ങിന്റെ പണി തീരുന്ന ദിവസം വരെ അവർ തമ്മിൽ സംസാരിക്കും,ഹരിയുടെ പുഞ്ചിരിക്കുന്ന മുഖം ഏത് സമയവും അവളുടെ ഹൃദയത്തിൽ കൊത്തിവെച്ച് കഴിഞ്ഞു.
അവിടത്തെ പണി കഴിഞ്ഞ് പോയതിന് ശേഷം ഹരിയെ കണ്ടില്ല,പമ്പിൽ ജോലിക്ക് നിൽക്കുമ്പോഴെല്ലാം അവൾ ഹരി അവിടെ വരുമെന്ന് പ്രതീക്ഷിച്ചു ,ഓരോ ബൈക്ക് വരുമ്പോഴും അവൾ പ്രതീക്ഷയോടെ നോക്കും.

ദിവസങ്ങൾ ഓരോന്ന് പൊഴിഞ്ഞ് കൊണ്ടിരുന്നു, ഓരോ ദിവസം കഴിയുന്തോറും ആവണിയുടെ മനസ്സിൽ ഹരിയുടെ മുഖം കൂടുതൽ കൂടുതൽ തെളിഞ്ഞ് കൊണ്ടേ ഇരുന്നു.
ജോലി കഴിഞ്ഞ് വന്ന് അരി അടുപ്പത്തിടാൻ പാത്രം കഴുകി കൊണ്ടിരിക്കുമ്പോഴാണ് പുറത്ത് ഒരു ശബ്ദം കേട്ടത്.

അവൾ വാതിലിനരിൽ വന്ന് നിന്നപ്പോൾ ഹരിയതാ മുന്നിൽ നിൽക്കുന്നു. അവന്റെ പുഞ്ചിരിക്കുന്ന മുഖം കണ്ടപ്പോൾ അവളുടെ മനസ്സിൽ വന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല, അവൾക്ക് എന്ത് പറയണമെന്നോ ചെയ്യണമെന്നോ ഒരു രൂപവും ഇല്ല, ആകെ വെപ്രാളമായി…
“ആവണി ഞാൻ അകത്ത് കയറിക്കോട്ടൊ?”

ഹരി അവളുടെ കുടിലിനുള്ളിലേക്ക് കയറി, നാല് വശവും ഓലയും ഷീറ്റും കൊണ്ട് മറച്ച ഒറ്റമുറി വീട്.ഒരു വശത്ത് ഇട്ട കട്ടിലിൽ അവളുടെ അമ്മ കിടക്കുന്നു. ഹരിയെ കണ്ട ഉടനെ അമ്മ എണീറ്റു.
“അമ്മ വയ്യെങ്കിൽ കിടന്നോ, ഞാൻ നിങ്ങളോട് സംസാരിക്കാൻ വേണ്ടി വന്നതാണ് ”
അവിടെ ഉണ്ടായിരുന്ന ഒരു ബെഞ്ചിൽ അവൻ ഇരുന്നു.

“അമ്മ എനിക്ക് ആവണിയെ ഇഷ്ടമാണ്, വിവാഹം കഴിക്കണം എന്ന് ആഗ്രഹമുണ്ട്, എനിക്കതിന് അർഹതയുണ്ടോ എന്നറിയില്ല നിങ്ങൾക്ക് രണ്ട് പേർക്കും സമ്മതമാണെങ്കിൽ മാത്രം, എനിക്ക് സ്വന്തമായി വീടില്ല, അച്ഛനും അമ്മയും ഇല്ലാത്ത ഞാൻ അമ്മാവന്റെ വീട്ടിലാണ് കഴിഞ്ഞിരുന്നത്, ഇവിടെ നിന്ന് പോയതിന് ശേഷം ഒരു വീട് വാടകക്ക് എടുത്തു, ഒരു വീട്ടിലേക്ക് വേണ്ടതെല്ലാം തരപ്പെടുത്തിയിട്ടുണ്ട്, വിവാഹം ചെയ്ത് ആവണിയെയും അമ്മയെയും അങ്ങോട്ട് കൊണ്ട് പോകാനാണ് എന്റെ ആഗ്രഹം ”

രോഗിയായ അമ്മയുടെ കുഴിയിൽ വീണ കണ്ണുകളിലെ തിളക്കം അവൻ കണ്ടു, ആ അമ്മ അവനെ “മോനെ” എന്ന് ഒന്ന് വിളിച്ചു. ആ വിളിയിൽ ഉണ്ടായിരുന്നു അമ്മയുടെ മറുപടി.
ഹരി തിരിഞ്ഞ് നോക്കിയപ്പോൾ ആവണിയെ അവിടെ കണ്ടില്ല.പുറകിലേക്ക് ചെന്ന് നോക്കിയപ്പോൾ, ആ കുടിലിന്റെ ഒരു മൂലയിൽ കണ്ണീരുമായി അവൾ നിൽക്കുന്നു.

ഹരി അവളുടെ അരികിലേക്ക് ചെന്ന് അവളുടെ കലങ്ങിയ കണ്ണുകളിലേക്ക് നോക്കി.
“ആവണി…. ഞാൻ നിന്നോട് ഇത് വരെ ചോദിച്ചില്ല എന്നെ ഇഷ്ടമാണോ എന്ന്, നിന്നെ ആദ്യമായി കണ്ട ആ നിമിഷം ഞാൻ മനസ്സിൽ കോറിയിട്ടിരുന്നു ഇതാണ് എന്റെ പെണ്ണ് എന്ന്, ആവണി നിനക്ക് ഇഷ്ടമായോ എന്നെ?”

അവൾക്ക് ഉണ്ടായ സന്തോഷം കണ്ണുകളിലൂടെ കണ്ണീരായി പുറത്തേക്ക് ഒഴുകി.
ഹരി കവിളിലെ കണ്ണുനീര് തുടച്ച് തന്റെ മാറിലേക്ക് ചേർത്ത് നിറുത്തി അവളുടെ തലയിൽ തലോടി.
………………………………
രചന:സിയാദ് ചിലങ്ക

Share this on...