സ്വർണം കുറവായത് കൊണ്ട് തന്നെ വീട്ടിലിട്ട് കഷ്ടപ്പെടുത്തിയ അമ്മായിഅമ്മയോട് മരുമകൾ ചെയ്ത പ്രതികാരം

in Story 766 views

കല്യാണ വീട്ടിലെ പുറത്തെ ഒച്ചപ്പാടുകളിൽ നിന്നും മാറി അകത്തെ മുറിയിൽ വല്ലിമ്മാന്റെ മടിയിൽ തല ചായ്ച്ച്‌ വെച്ച്‌ കിടന്ന റിനുവിന്റെ തലമുടി തലോടിക്കൊണ്ട്‌ വല്ലിമ്മ ചോദിച്ചു:
“ന്റെ കുട്ടിക്ക്‌ കല്യാണം കഴിഞ്ഞ്‌ അങ്ങോട്ട്‌ പോവാൻ സങ്കടണ്ടോ.?”
ഏതോ സ്വപ്ന ലോകത്തേന്നോണം പെട്ടന്നുണർന്ന റിനു പറഞ്ഞു:
“ഹേയ്‌ ഇല്ല വല്ലുമ്മ,ഇനിക്ക്‌ സന്തോഷേ ഉള്ളൂ..ഇക്കാന്റെ വീട്ടാർക്ക്‌ എന്നോട്‌ എന്ത്‌ സ്നേഹാണെന്നോ..”

“മോളു അവിടെ നല്ലോണം ക്ഷെമിച്ച്‌ നിക്കണം ട്ടോ, പുതിയാപ്ലന്റെ വീട്ടിൽക്ക്‌ പോയാ പിന്നെ നമ്മൾ പെണ്ണുങ്ങൾ കൊറേ മനസ്സിലാക്കാനിണ്ട്‌,ന്തയാലും നാളെ കയിഞ്ഞാ ഇയ്യ്‌ അങ്ങോട്ട്‌ പോവല്ലേ, പടച്ചോൻ ഒക്കെ ഖൈർ ആക്കും..”
മൈ ലാഞ്ചി മണമുള്ള തന്റെ കൈകൾ കൊണ്ട്‌ വല്ലിമ്മാനെ കെട്ടിപ്പിടിച്ചു നെറ്റിയിൽ ഉമ്മ വെച്ചു..അന്നേരം കൊച്ചു മോളെ പിരിയുന്നതിലാകണം രണ്ടു പേരുടേയും കണ്ണുകൾ ചെറുതായി നനഞ്ഞിരിക്കുന്നത്‌..

ഒരു അബുദാബിക്കാരൻ പ്രവാസിയായ റിയാസിനെ റിൻഷയെന്ന റിനുവിനു കൈ പിടിച്ചു നൽകുന്ന നേരം ആകെയുള്ള പെൺകുട്ടി പടിയിറങ്ങിയ വിഷമത്തിൽ മകളെ നോക്കി ആ ഉപ്പ എല്ലാം അടക്കിപ്പിടിച്ച്‌ മൗനിയായ്‌ നിന്നു..

അല്ലെങ്കിലും ഉപ്പമാർ കരഞ്ഞാൽ ആ വീടുരുകി ഒലിക്കും..
പക്ഷെ ഖൽബിനകം വിങ്ങി ഒന്നും പുറത്ത്‌ കാണിക്കാതെ ചെറിയ പുഞ്ചിരി നൽകിയ ഉപ്പയെ കണ്ടപ്പോൾ അവൾക്ക്‌ കരച്ചിൽ അടക്കാൻ കഴിയാതെയായി ..ആ രംഗം അവളുടെ അനിയന്മാരേയും വിഷമത്തിലാഴ്ത്തി..”ഇത്താത്താ ”

എന്ന് വിളിച്ച്‌ കണക്കു പുസ്ഥകങ്ങളുമായ്‌ അരികത്ത്‌ ചെല്ലാനിനി കഴിയില്ലല്ലോ..
ആരവങ്ങൾക്കൊടിവിൽ റിനു തന്റെ പരിചിത ലോകത്ത്‌ നിന്നും പടിയിറങ്ങി..
ചെക്കന്റെ ഇത്തത്തയും നാത്തൂന്മാരും കൂടി ഏറെ സ്നേഹത്തോടെ തന്നെ അവളെ കൊണ്ടുപോയി..
പോകും നേരം തന്റെ ഉപ്പയും ഉമ്മയും കുഞ്ഞനുജന്മാരും ഉള്ള ആ വീട്ടിലേക്ക്‌ കാർ നീങ്ങി അകലും വരെ നിറ കണ്ണുകളോടെ നോക്കിയിരുന്നു..

വിവാഹ തിരക്കും സൽകാരങ്ങളും പൊടി പൊടിക്കുന്നു..രണ്ടു മാസം കൂടി ഇക്കാക്ക്‌ ലീവിലുണ്ടെന്ന് ആരോ പറയുന്നത്‌ കേട്ടെങ്കിലും തന്നോട്‌ പറഞ്ഞത്‌ ഇനിയും ആറു മാസമുണ്ടെന്നാ..

സ്ത്രീധനം വേണ്ടായെന്ന ചെക്കന്റെ വീട്ടുകാരുടെ നിലപാട്‌ ഏറെ ആശ്വാസം നൽകിയെങ്കിലും ഉപ്പയണിഞ്ഞു തന്ന പൊന്നിന്റെ പത്രാസ്സിന്റെ കുറവു നോക്കാൻ നാത്തൂന്മാർ നിര നിരയായിരുന്നു അവിടം..

“ഇക്കാ ഇവിടെ ആരേം സുബഹിക്ക്‌ എണീറ്റാൽ കാണുന്നില്ലല്ലോ ”
“ആഹാ നീ സുബഹിയൊക്കെ മുടങ്ങാതെ ഉണ്ടല്ലേ ”
“പിന്നേ അതില്ലാണ്ട്‌ എനിക്ക്‌ ആ ദിവസം റാഹത്താവൂല ഇക്ക അതാ ”
നമസ്കാര സമയം കഴിഞ്ഞ്‌ ഒരു മണികൂറധിക്ം കഴിഞ്ഞ്‌ എണീക്കാറുള്ള അവരെല്ലാം റിനു വിളിച്ചുണർത്താൻ തീരുമാനിച്ചു..പക്ഷെ ആർക്കും അതത്ര ഇഷ്ടമായില്ല..
ഇക്കയുടെ ഉപ്പയൊരു പാവമാ..

പക്ഷെ ഉമ്മ അങ്ങനല്ല..
അടുക്കളയിൽ രാവിലത്തെ പത്തിരിയും കറിയും ഉണ്ടാക്കുന്ന സമയം ഉമ്മ പറഞ്ഞു:
“അത്‌ അടുപ്പത്തിപ്പോ വെക്കാൻ നിന്നോടാരാ പറഞ്ഞേ,ഇങ്ങോട്ട്‌ മാറി നിന്നേ , ഒന്നും അറിയാണ്ട്‌ ഇങ്ങട്ട്‌ കയറി വന്നേക്ക..”

റിയാസിന്റെ പെങ്ങന്മാരും മൂത്തച്ചിമാരും അതു കേട്ടു ചിരിച്ചു..
എല്ലാം കണ്ടറിഞ്ഞു വീട്ടിൽ ജോലിയൊക്കെ ചെയ്യാറുള്ള റിനുവിനു അത്‌ വല്ലാണ്ട്‌ വിഷമം വരുത്തി..ഒന്നും മിണ്ടാതെ നിന്നു..മനസ്സിൽ ഉമ്മയെ കാണാൻ തോന്നി, വല്ലിമ്മാന്റെ മടിയിൽ കിടക്കാൻ തോന്നി..പക്ഷെ പിടിച്ചു നിന്നു..
ലീവ്‌ കഴിഞ്ഞ്‌ ഇക്ക തിരികെ പോയതും തീർത്തും അവളാ വീട്ടിൽ ഒറ്റപ്പെട്ടപോലെ തോന്നി..
റിയാസിന്റെ ഉമ്മയെപ്പോളും റിനുവിനെ കുറ്റങ്ങൾ കണ്ടു പിടിക്കും വിധം പെരുമാറാൻ തുടങ്ങി..
ആദ്യമായ്‌ റിനുവിനെ കാണാൻ വന്നപ്പോൾ ഉള്ള ആ സ്നേഹം ഇന്നില്ല ഉമ്മക്ക്‌..
ആകെ മാറിയിരിക്കുന്നു..

അങ്ങനെയിരിക്കെ,റിനുവിന്റെ ഉമ്മയും ഉപ്പയും അവളുടെ ഭർത്താവിന്റെ വീട്ടിലേക്ക്‌ മുന്നറിയിപ്പില്ലാതെ വിരുന്നിനു വന്ന നിമിഷം..റിനു അന്നേരം നിലം തുടയ്ക്കുകയായിരുന്നു..

നാത്തൂന്മാരുടെ മക്കൾ തുടച്ചിടത്ത്‌ നിന്ന് തന്നെ ഓടി കളിക്കുന്നു..
“ഹേയ്‌ മോനെ നോക്കി നടക്ക്‌, ഇത്താ ഇവിടെ തുടക്കണെ കണ്ടീലെ..”
പെട്ടന്ന് ഉമ്മയെയും ഉപ്പയേയും കണ്ടതും മുഖത്തെ വിയർപ്പ്‌ തുടച്ച്‌ മാക്സി നേരെയാക്കി
ഉമ്മറത്തേക്കോടി..

പൂപെലെ തിളങ്ങിയ മകളുടെ മുഖം വല്ലാണ്ട്‌ വാടിയപോലെ തോന്നി..”ന്റെ കുട്ടിക്ക്‌ ഇവിടെ സുഖം തന്നല്ലേ “”ആ ഉമ്മ,അൽ ഹംദു ലില്ലാഹ്‌..”വല്ലിമ്മയുടെ ഉപദേശങ്ങൾ കൈകൊണ്ട റിനു ഒന്നും അറിയിക്കാതെ നിന്നു..
കാലങ്ങൾ കടന്നു പോയി..

അമ്മയി അമ്മയുടെ പെരുമാറ്റം തൂക്കം കുറഞ്ഞ പൊന്നിന്റെ അളവിൽ തന്നെ ആയിരുന്നു..
ഗൾഫിൽ നിന്നും റിയാസിന്റെ ഫോൺ വരുന്ന സമയം അവൾക്കെന്തെങ്കിലും ജോലി നൽകി അതിൽ നിന്നും തടയും..

“ഏഡീ ഇങ്ങോട്ട്‌ വന്നേ ഏതു നേരവും ന്റെ മോനായിട്ട്‌ കൊഞ്ചി കുഴഞ്ഞ്‌ ഇരുന്നോ,ഇവിടെ നൂറു കൂട്ടം പണിയുണ്ട്‌ ആ ഫോൺ വെച്ചിട്ട്‌ ഇങ്ങോട്ട്‌ വാ..”
വീട്ടിലെ എല്ലാ ജോലിയും ഏൽപ്പിക്കും..

ഒരു മടിയും കൂടാതെ അതൊക്കെ ക്ഷമയോടെ റിനു ചെയ്തു തീർത്തുകൊണ്ടിരുന്നു..
തന്റെ പുരുഷൻ അവധിക്ക്‌ വന്ന ദിനം അവൾക്കായ്‌ ഒളിപ്പിച്ചു കൊണ്ടു വന്ന സാരി ഉമ്മയെടുത്ത്‌ മകൾക്ക്‌ കൊടുത്തു..

“ഓൾക്ക്‌ ഇപ്പൊ ന്തിനാ സാരി,എങ്ങട്ടെക്ക്‌ പോകാനാ,ന്റെ കുട്ടിക്കാണേ അടുത്താഴ്ച്ച സ്നേഹിതീടെ കല്യാണാന്ന് പറഞ്ഞിട്ടുണ്ട്‌,ഇത്‌ ഓൾക്ക്‌ കൊടുക്കാ..”
ഒരുപാട്‌ പ്രെതീക്ഷയോടെ തന്റെ മാരനിൽ നിന്നും കാത്തിരുന്ന ആ സമ്മാനം ഒരു നിമിഷം കൊണ്ട്‌ പറിച്ചെടുത്തപ്പോൽ അവൾക്ക്‌ സങ്കടം സഹിക്കാൻ കഴിഞ്ഞില്ല..അകത്തെ മുറിയിലിരുന്നവൾ കുറേ കരഞ്ഞെങ്കിലും ആ വിഷമം തന്റെ മാരനെപോലും അവൾ അറിയിച്ചില്ല..
വിരുന്നിനു വേണ്ടി ബൈക്കിൽ യാത്ര തിരിക്കാനിരുന്ന സമയം ഉമ്മ വന്ന് എന്തെങ്കിലും മുടക്കും..
എളാമ്മയുടെ വീട്ടിലോ മൂത്താപ്പയുടെ വീട്ടിലോ പോകാനുണ്ടെന്നോ അല്ലെങ്കിൽ പോയി മരുന്ന് വാങ്ങി വാ മോനെ എന്നോ പറയും..

പുതു വസ്ത്രമണിഞ്ഞ്‌ തന്റെ മാരന്റെ കൂടെ ഒട്ടിയിരുന്നു എല്ലാം മറന്ന് യാത്ര ചെയ്യാൻ അവൾ ഒരുപാട്‌ കൊതിച്ചു…
മകന്റെ ജോലിയിൽ പ്രയാസങ്ങൾ വന്നെന്നറിഞ്ഞ മുതൽ ഉമ്മ അവളെ കുറ്റപ്പെടുത്തുന്നത്‌ കൂടുതലാകാൻ തുടങ്ങി..

“ന്റെ കുട്ടിക്ക്‌ നല്ല ജോലി ഒക്കെ ആയിരുന്നു,നീ വന്നപ്പോ തൊട്ട്‌ നിന്റെ പത്രാസ്സ്‌ ജീവിതം ഉണ്ടാക്കാൻ എത്ര പൈസയാ അവൻ അയച്ച്‌ തരണേ, അവിടുന്നും ഇവിടുന്നും കടം വാങ്ങി അവനിപ്പോ ഇങ്ങനെ ആയി, കഞ്ഞിക്ക്‌ ഗതി ഇല്ലാത്ത വീട്ടിൽ നിന്ന് വന്നാ ഇങ്ങനൊക്കെ എല്ലാത്തിനും ആക്രാന്തം കാണും..എനിക്ക്‌ കാണണ്ട നിന്നെ പോയെ എന്റെ മുൻപിൽ നിന്ന്..”
“ഉമ്മ..ഞാൻ…”

അവൾ വാക്കുകൾ മുറിച്ചു നിറ കണ്ണുകളോടെ നടന്നു അകത്തേക്ക്‌..
ഒരു പുതിയ ചുരിദാർ പോലും അവൾ വാങ്ങിയത്‌ പെരുന്നാളിനു മാത്രം..ഇക്കയുടെ കുടുംബത്തിൽ വന്ന വലിയ കല്യാണത്തിനു എല്ലാവരും പുതിയത്‌ വാങ്ങിയപ്പോൾ അവൾ പറഞ്ഞത്‌:
“വേണ്ട ഇക്ക,പെരുന്നാൾക്ക്‌ ഇട്ടത്‌ തന്നെ മതി,ഒറ്റ വട്ടല്ലേ ഇട്ടുള്ളൂ,അത്‌ മതി എനിക്ക്‌..”
എല്ലായ്പ്പോഴും നാത്തൂന്മാർ കുറ്റം കണ്ടു പിടിക്കുകയും വീട്ടിലെ മറ്റു മരുമക്കൾ വലിയ വീട്ടിലെ കുട്ടികളും കൈ നിറയെ പൊന്നുമായും വന്നത്‌ കൊണ്ട്‌ റിനു മാത്രം അവർക്കെല്ലാം പരിഹസിക്കാൻ പാകത്തിലൊരാളായി മാറി..

രാത്രിയുടെ യാമങ്ങളിൽ ഒറ്റക്കിരുന്ന് തേങ്ങി കരയുന്നത്‌ അവളുടെ കൺ തടം കണ്ടാൽ മനസ്സിലാകും..ഒരുനാൾ..

അമ്മയി അമ്മ‌ കുളിമുറിയിൽ കാൽ തെന്നി വീഴുകയുണ്ടായി.. ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്യേണ്ട സന്ധർഭം വരികയുമുണ്ടായി..
ഒരാഴ്ച അവിടെ അഡ്മിറ്റ്‌ ചെയ്യണമെന്ന ഡോക്റ്ററിന്റെ വാക്കിൽ അനുസരിച്ചു..
എല്ലാവരും കാണാൻ വന്നു..മക്കളെല്ലവരും അരികിൽ നിന്നു..
മൂത്ത മകൾ മക്കൾക്ക്‌ നാളെ ക്ലാസ്സുണ്ടെന്നും പറഞ്ഞ്‌ പോയി,

രണ്ടാമത്തവൾ അവരുടേതായ അവശ്യത്തിനും പോയപ്പോൽ ബാകി വന്നത്‌ മൂന്നു മരുമക്കൾ..
“ഇങ്ങളൊക്കെ പൊയ്ക്കോളി,ഉമ്മാന്റെ കൂടെ ഞാൻ നിന്നോളാം”
എന്ന് റിനു പറഞ്ഞപ്പോൾ ഉമ്മ അവളുടെ മുഖത്തേക്ക്‌ പതിയെ നോക്കി..
എല്ലിനു ചതവ്‌ ഉള്ളതിനാൽ എഴുന്നേൽക്കാൻ ആരുടെയെങ്കികും സഹായം വേണം..
“വേണ്ട ഞങ്ങളും കൂടി നിന്നോളാ ”

“ഇവിടെ ഒരാൾക്കല്ലെ നിക്കാൻ പറ്റൂ,ഇങ്ങളൊക്കെ പൊയ്ക്കോളി ഞാനിണ്ട്‌ ഇവിടെ..”
അവരെല്ലാം പോയപ്പോൾ റിനു മാത്രമായ്‌ ഒറ്റയ്ക്ക്‌ ഉമ്മാക്കരികിൽ..
ബാത്‌റൂമിലേക്ക്‌ പോകാൻ ഉമ്മനേം താങ്ങി അവൾ നടന്നു..
തന്റെ തോൾ അസഹ്യമയ്‌ വേദന വന്നെങ്കിലും അതെല്ലാം കടിച്ചു പിടിച്ച്‌ അവൾ നിന്നു..
തന്റെ മരുമകളെ സ്നേഹത്തോടെ ആദ്യമായ്‌ ആ സ്ത്രീ നോക്കി..
കണ്ണുകൾ നിറഞ്ഞു..

നെല്ലുത്തര്യുടെ കഞ്ഞി ചൂടാറ്റി സ്പൂൺ ഉമ്മയുടെ വായിൽ വെച്ചു കൊടുത്തു..
“റിനു..മോളേ ഒന്ന് ഉമ്മാന്റെ അരികത്ത്‌ ഇരിക്കോ.”
“ഓഹ്‌.പിന്നെന്താ ഉമ്മ ഇരിക്കാലോ എന്താ ഉമ്മാ വെള്ളം വേണോ..”
“അതല്ല മോളെ ഞാൻ മോളെ ഒരുപാട്‌ വേദനിപ്പിച്ചു അല്ലേ പലപ്പോഴും”

“ഹേയ്‌,അതൊന്നും സാരല്യ ഉമ്മ,അതൊക്കെ കഴിഞ്ഞ കഥയല്ലേ,ഉമ്മാന്റെ മോന്റെ ഭര്യ അല്ലേ ഞാൻ അപ്പോ ഉമ്മാന്റെ മോളെ പോലെ കണ്ട്‌ സ്നേഹിചും ശാസിച്ചും ഇനിയങ്ങോട്ടും കഴിയാനാ എനിക്ക്‌ ഇഷ്ടം..”

“മോളെ എന്റെ മോന്റെ കൂടെ ഒന്ന് സന്തോഷത്തോടെ ഇരിക്കാൻ പോലും ഞാൻ സമ്മതിചില്ലല്ലോ പലപ്പോഴും””ഉമ്മ എന്തിനാ ഇപ്പൊ ഇങ്ങനെ ആവശ്യമില്ലാത്തതൊക്കെ പറഞ്ഞ്‌ എന്നെ വിഷമിപ്പിക്കുന്നെ,ഇവിടെ ഇപ്പോ ഒന്നുണ്ടായില്ലലോ ഉമ്മ”

“എന്തോ മോളെ എന്റെ മനസ്സ്‌ വല്ലാണ്ട്‌ വേദനിക്കാ,
പൊന്നു കുറഞ്ഞ്‌ വന്ന മരുമകൾ ആണെന്ന എന്റെ നശിച്ച ചിന്ത എന്നെ എന്റെ മക്കളിൽ നിന്നും മറ്റു മരുമക്കളിൽ നിന്നും നിന്നെ വേർ തിരിച്ചു കാണിച്ചു,പക്ഷെ എനിക്ക്‌ തെറ്റിപ്പോയല്ലോ മോളെ,
ഇത്രയൊക്കെ നിന്നെ വിഷമിപ്പിച്ചിട്ടും നീ ഇപ്പൊ എന്റെ കൂടെ ഇവിടെ..”
റിയാസിന്റെ ഉമ്മ കരയാൻ തുടങ്ങി..

അതു കണ്ട്‌ റിനു പറഞ്ഞു:”ഉമ്മ കരയല്ലി,ഉമ്മയെന്നെ മരുമകൾ ആയി ആണു കണ്ടെതെങ്കിലും ഞാൻ ഉമ്മാനെ എന്റെ സ്വന്തം ഉമ്മയെ പോലെയാ കാണുന്നേ,

എല്ലാം സഹിക്കാൻ പടിപ്പിച്ച ഒരു ഉമ്മാന്റേം ഏതു വിഷമ ഘട്ടത്തിലും പുഞ്ചിരിയോടെ ഞങ്ങളെ സ്നേഹിക്കാറുള്ള ഒരു ഉപ്പച്ചിയുടേയും മോളാ ഞാൻ., ആ എനിക്ക്‌ ഒരു വിഷമവും മനസ്സിൽ ഇല്ലുമ്മാ..”

“മോളേ..എന്നോടൊന്ന് ചേർന്നിരിക്ക്‌ നീ മോളെ ,എനിക്ക്‌ നിന്നെയൊന്ന് മുത്തം വെക്കണം..”
അതു കേട്ടപ്പോൾ അതുവരെ അടക്കിപിടിച്ച സ്നേഹവും സന്തോഷവും നിയന്ത്രണം വിട്ട്‌ തന്റെ തലയിലെ തട്ടം കൊണ്ട്‌ മുഖം പൊത്തി റിനു കരയാൻ തുടങ്ങി..
“നീയെന്റെ മകന്റെ വെറുമൊരു ഭാര്യയല്ല റിനൂ എന്റെ സ്വന്തം മകളാ..ഇനി എന്റെ കുട്ടിയെ ഈ ഉമ്മ ഒരിക്കലും വിഷമിപ്പിക്കില്ല സത്യം..”

സ്നേഹം പെയ്തിറങ്ങിയ ആ നിമിഷത്തിൽ ആ നാലു ചുവരുകൾക്കിടയിൽ മനോഹരമായൊരു ജീവിതം തുടക്കം കുറിക്കുകയായി..പുറത്ത്‌ നല്ല നിലാവ്‌..ജനലിലൂടെ പതിയെ ആ വെളിച്ചം മുറിക്കകത്തേക്ക്‌ കടക്കുന്നുണ്ട്‌..

ജീവിതത്തിലെ ഏറ്റവും മനോഹരമായ വേഷം കെട്ടിയ റിനു എന്നയാ പെൺകുട്ടി ആ നിലാവിൽ തിളങ്ങുന്ന നക്ഷത്രത്തെ പോലെ അവിടെമാകെ സുഗന്ധം വിടർത്തി..
മരുമകൾ അമ്മായി അമ്മയെ സ്വന്തം ഉമ്മയായും,
അമ്മായി അമ്മ മരുമകളെ സ്വന്തം മകളായും കണ്ട്‌ സ്നേഹിച്ചു ജീവിക്കുന്ന വീടിന്റെ അകത്തളത്ത്‌ റഹ്മത്തിന്റെ മാലാഖമാർ അനുഗ്രഹം വർഷിക്കും..

കാരണം,ഒരു മരുമകൾ എന്നാൽ മറ്റൊരാളുടെ മകളാണു..
നമ്മുടെ വീട്ടിലേക്ക്‌ കയറി വരുന്ന അന്നു മുതൽ അവൾ നമ്മളിൽ ഒരുവൾ ആകാൻ പരിശ്രമിക്കുകയാണു..പുതിയ വീട്‌,

പുതിയ മുഖങ്ങൾ,പുതിയ വർത്തമാനങ്ങൾഎല്ലാം തന്റെ പിച്ച വെച്ച വീട്ടിൽ നിന്നും പറിച്ചു നടുകയാണപ്പോളവൾ ചെയ്യുന്നത്‌..കല്യാണ പെണ്ണിനോളം ക്ഷമ കൈകൊള്ളാൻ ഈ ദുനിയാവിൽ ചിലപ്പോൾ ഒരു ഉമ്മയ്ക്കേ കഴിയൂ..ആ ഉമ്മ ആദ്യം മനസ്സിലാക്കണം അവളുമൊരു പെൺകുട്ടിയാണെന്ന്..നമ്മുടെയൊക്കെ വീട്ടിലോ നമുക്കു ചുറ്റുമോ ഇതുപോലെ ഒരുപാട്‌ റിനുമാർ ജീവിക്കുന്നില്ലേ..
******************
സ്നേഹത്തോടെ Sunu Binth Hamza See less

Share this on...