സ്കൂളിൽ എന്നും വയർ വേദന കൊണ്ട് കരഞ്ഞിരുന്ന കുട്ടിയോട് കാര്യം തിരക്കിയ മാഷ് പൊട്ടികരഞ്ഞു പോയി

in Story 4,807 views

“മാഷേ.. അവനിന്നും വയറുവേദന ആണെന്ന്”
ക്ലാസ് തുടങ്ങി രണ്ടാഴ്ച്ചയെ ആയുള്ളൂ. ഇത്‌ മൂന്നാമത്തെ വയറുവേദനയാ.. ഞാൻ അവനെ ഒന്ന് നോക്കി. കണ്ണുകൾ നിറഞ്ഞിട്ടുണ്ട്. അൽപ്പം മുഷിഞ്ഞ വേഷമാണവന്. ഒന്നുരണ്ടിടത്തു ചെറിയ കീറൽ.. മുടി എണ്ണയിട്ട് ഒതുക്കി വെച്ചിരിക്കുന്നു.ബാക്ക് ബെഞ്ചിൽ ഒരു സൈഡിൽ ആർക്കും ശല്യമാകാതിരിക്കുന്നു. എന്ത് ചോദ്യം ചോദിച്ചാലും ഒരു പുഞ്ചിരി..
“ആശുപത്രീൽ പോണോടാ ?” “വേണ്ട മാഷേ.. ”

പുറത്തേക്ക് അലക്ഷ്യമായി നോക്കി അവൻ പറഞ്ഞു. “എന്നാൽ അവിടെ ഇരിക്ക്.. വേദന കുറവില്ലേൽ പറയണം” ഞാൻ വീണ്ടും ക്ലാസ്സ് എടുക്കാൻ തുടങ്ങി.. സ്റ്റാഫ്‌ റൂമിൽ ഇരിക്കുമ്പോഴും എന്റെ ചിന്ത മുഴുവൻ അവനെ ചുറ്റിപ്പറ്റിയായിരുന്നു. അവനെയും അവന്റെ കുടുംബ പാശ്ചാത്തലവും മനസ്സിലാക്കണമെന്നുറച്ച് ഓഫീസിലേക്ക് വിളിപ്പിച്ചു.
“വീട്ടിൽ ആരൊക്കെയുണ്ട് ?”

ചോദിച്ചപ്പോഴേക്കും അവന്റെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു. “വല്ലുമ്മ മാത്രം” “അപ്പൊ ഉമ്മയും വാപ്പയും ?”

“വാപ്പ കുറച്ച് ദൂരെ ടാപ്പിംഗ് തൊഴിലാളിയാണ്. ഉമ്മയും, ഒരനിയത്തിയും അവിടെയാണ് ”
“നിനക്ക് ഇടക്കിങ്ങനെ വയറുവേദന വരുന്ന കാര്യം അവർക്കറിയാമോ ?”
“എനിക്ക് വയറുവേദന അല്ല മാഷേ..”വാക്കുകൾ മുഴുവിപ്പിക്കാതെ അവനെന്റെ കണ്ണിലേക്ക് നോക്കി.

“വിശന്നിട്ടാ… രാവിലെ മദ്രസ്സയിൽ പോകാൻ ഞാൻ എണീക്കുമ്പോഴും മരുന്നിന്റെ ക്ഷീണം കാരണം വല്ലുമ്മ നല്ല ഉറക്കത്തിലായിരിക്കും.. രണ്ട് ഗ്ലാസ്സ് വെള്ളം മാത്രാ ഞാൻ കുടിക്കാർ. പിന്നെ സ്കൂളിലേക്ക്. ഉച്ചക്ക് വിട്ടാൽ ഞാൻ ഓടലാ. വല്ലുമ്മ കഞ്ഞിയും പപ്പടവും ഉണ്ടാക്കി വെക്കും ”
പറഞ്ഞു നിർത്തിയപ്പോഴേക്കും നെഞ്ചിൽ ഒരു ഭാരം കേറ്റി വെച്ചപ്പോലെ തോന്നി .. എൻ്റെ കണ്ണ് നിറയുന്നത് അവനറിയാതിരിക്കാൻ ഞാൻ മുഖം തിരിച്ചു കളഞ്ഞു.

ദൈവമേ ഇപ്പോഴും ഇങ്ങനെയുള്ള രക്ഷിതാക്കളോ ? വിദ്യാഭാസം വഴിപാട് പോലെ കാണുന്ന, മകന്റെ വിശപ്പ് പോലും തിരിച്ചറിയാൻ കഴിയാത്ത. വിശ്വസിക്കാൻ പ്രയാസമാണ്.
ഞാൻ അപ്പോൾ തന്നെ മറ്റൊരു കുട്ടിയെവിളിച്ച് കാശ് കൊടുത്ത് ഹോട്ടെലിൽ കൊണ്ടുപോയി ഭക്ഷണം വാങ്ങിക്കൊടുക്കാൻ പറഞ്ഞു .

അവൻ്റെ സ്കൂൾ ഫയലിൽനിന്ന് രക്ഷിതാവിന്റെ മൊബൈൽ നമ്പർ തപ്പിയെടുത്തു വിളിച്ചു.അൽപ്പം ദേഷ്യത്തോടെ തന്നെ മകന്റെ അവസ്ഥ അയാളോട് പറഞ്ഞപ്പോൾ കിട്ടിയ മറുപടി ഇങ്ങനെയായിരുന്നു..

” മാഷേ.. അവനെ പഠിപ്പിക്കാൻ എനിക്കാഗ്രഹം ഇല്ലാഞ്ഞിട്ടല്ല. എന്റെ അവസ്ഥ നിങ്ങളെങ്കിലും മനസ്സിലാക്കണം . ഞാനും ഭാര്യയും ഒരു റബ്ബർ എസ്റ്റേറ്റിലെ ജോലിക്കാരാണ് . ഞങ്ങൾക്ക് കിട്ടുന്ന മാസശമ്പളം നിത്യ രോഗിയായ മോളുടെയും എന്റുമ്മയുടെയും ചികിത്സക്ക് പോലും തികയുന്നില്ല . അവനെ ഇവിടെ പഠിപ്പിക്കണമെന്ന് വലിയ ആഗ്രഹമുണ്ടെനിക്ക് . പക്ഷെ അടുത്തൊന്നും സ്കൂളില്ല .അതുകൊണ്ടാ ഞാൻ എന്റെ ഉമ്മയുടെ അടുത്താക്കിയത് .അവിടെ പോകുമ്പോ ഒരു സംഖ്യ ഏൽപ്പിക്കാറുണ്ട്. അവൻ പട്ടിണിയാണെന്ന് എനിക്കറിയില്ല . എന്റെ കുട്ടി ഇതുവരെ എന്നോട് പറഞ്ഞിട്ടില്ല മാഷേ.. ” പിന്നീട് ഫോണിലൂടെ ഒരു പൊട്ടിക്കരച്ചിലെ ഞാൻ കേട്ടുള്ളൂ .. മറുത്തൊന്നും പറയാൻ കഴിയാതെ ഞാൻ ഫോൺ കട്ട് ചെയ്തു .

വാഷ് ബേസിനടുത്ത് ചെന്ന് മുഖമൊന്ന് കഴുകി.എന്തോ തിരിഞ്ഞ് നടക്കുമ്പോൾ വല്ലാത്തൊരു നിരാശയായിരുന്നു മനസ്സ് നിറയെ.
നേരെ ഹെഡ് മാസ്റ്ററുടെ അടുത്ത് ചെന്ന് കാര്യങ്ങൾ അവതരിപ്പിച്ചു. ”

“അവന്റെ മുഖത്തുനോക്കി ഇനിയൊരു ക്ലാസ്സെടുക്കാൻ എനിക്ക് കഴിയില്ല മാഷേ.. നമുക്കൊരു അസ്സംബ്ലി വിളിക്കണം . കുട്ടികൾ അവർക്ക് കഴിയുന്ന സംഖ്യ കൊണ്ട് വരട്ടെ … അദ്ധ്യാപകർ ഒരു ദിവസത്തെ ശമ്പളവും … അതുമതിയാവും അവൻ്റെ ഇപ്പോഴുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായി”
ഹെഡ് മാസ്റ്ററും അത് ശെരിവെച്ചു.

അതൊരു നല്ല തുടക്കമായിരുന്നു . അടുത്തൊരു വീട്ടിൽ അവനടക്കം.നാലുപേർക്ക് പ്രാതലിനുള്ള സൗകര്യം ഉണ്ടാക്കി . വീണ്ടും അസംബ്ലി വിളിച്ചു . വീട്ടിൽ ഉപയോഗിക്കാത്തതോ വലുപ്പം കുറഞ്ഞ കാരണത്താൽ ഒഴിവാക്കിയ വസ്ത്രങ്ങളോ ഉണ്ടേൽ കഴുകി ഇസ്തിരിയിട്ട് കൊണ്ടുവരാൻ പറഞ്ഞു . കുട്ടികൾ അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു . വീട്ടിലില്ലാത്തവർ അടുത്ത വീടുകളിൽ അന്വേഷിച്ചു വരെ വസ്ത്രങ്ങൾ കണ്ടെത്തി . അർഹരായവർക്ക്‌ വിതരണം ചെയ്യപ്പെട്ടു .

ഇതോടെ അവന്റെ പഠനത്തിലും മാറ്റം വന്നുതുടങ്ങി . എപ്പോഴും കളിയും ചിരിയുമായുള്ള അവന്റെ മുഖം എന്റെ മനസ്സിൽ വല്ലാത്ത ആത്മ നിർവൃതിയാണുണ്ടാക്കിയിരുന്നത്.
മാനേജുമെന്റുമായുണ്ടായ ഒരു പ്രശ്നത്തിന്റെ പേരിൽ സ്കൂളിൽ നിന്ന് പടിയിറങ്ങേണ്ടി വന്നപ്പോൾ ആദ്യം എന്റെ മുന്നിൽ വന്ന് കയ്യിൽ പിടിച്ച് “പോവരുത് മാഷേ..”എന്ന് പറഞ്ഞ് കരഞ്ഞതും അവനായിരുന്നു.

ഒന്നും പറയാനില്ലാതെ അവന്റെ തോളിൽ തട്ടി തിരിഞ്ഞ് നടക്കുമ്പോൾ എന്റെ കണ്ണും അറിയാതെ നിറയുന്നുണ്ടായിരുന്നു. (അവകാശപെടാന്‍ മാത്രം കഴിയുന്ന , രക്ത ബന്ധത്തേക്കാള്‍ എത്രയോ വലുതാണ്‌ സ്നേഹിക്കാന്‍ മാത്രം കഴിയുന്ന പല ഗുരുശിഷ്യ ബന്ധങ്ങളും…)
➖➖➖➖➖➖➖➖
ആരുടെ അനുഭവമാണെന്നോ , ആര് എഴുതിയതാണെന്നോ എനിക്ക് അറിയില്ല’
*പക്ഷേ ഞാൻ വായിച്ചു കുറെ കണ്ണീരൊഴിക്കി ഇതിൽ എല്ലാ അദ്യാപകർക്കും, മറ്റുള്ളവർക്കും വിലയേറിയ പാഠമുണ്

Share this on...