സത്യത്തിൽ ആ സ്ത്രീ ആരെന്നു അറിഞ്ഞപ്പോൾ പിഴയെന്നു വിളിച്ച ജോലിക്കാരും നാട്ടുകാരും ഞെട്ടി പോയി

in Story 1,998 views

ഞാൻ ഇനിയും പറയും അവള് പിഴയ ഒന്നാന്തരം പിഴ…..പെട്രോൾ അടിച്ചു കൊടുക്കുന്നതാ ജോലിയെങ്കിൽ അത് ചെയ്യണം പ്രായം മറന്നിട്ട് ഇത്തിരി പോണ പയ്യന്മാരോടുള്ള അവളുടെ കൊഞ്ചികുഴയലൊക്കെ ഒന്നു കാണണ്ടത് തന്നെയാണെന്റെ കർത്താവെ….നമ്മളെ ഒന്നും അടുപ്പിക്കില്ലല്ലോ….തുഫ്ഫ് നാഴിയരിക്ക് വകയില്ലാത്ത ഭൂലോകസുന്ദരി…..ഒരു ദിവസം ഈ പമ്പ് നിന്നുകത്തും തീ കേറിയിട്ടല്ല ആ പിഴയുടെ കഥകളുടെ കെട്ട് ഈ ജോസഫ് അഴിച്ചു വിടുന്ന ദിവസം……അത് വരെ ചേച്ചി എന്ന് നീട്ടിവിളിച്ചു പുറകെ മണപ്പിച്ചു നടക്കുന്ന എല്ലാ നായിന്റെ…… അല്ലെങ്കിൽ വേണ്ടാ ഞാൻ കൂടുതൽ പറയുന്നില്ല…… കയ്യിലിരുന്ന പരിപ്പുവട കടിച്ചെടുത്തയാൾ പറഞ്ഞു നിർത്തി……

കൈയിലെ ഗ്ലാസ്സിലെ ബാക്കി ഇരുന്ന ചായ കൂടി അണ്ണാക്കിലേക്ക് ഒഴിച്ചു…. ചായക്കടയിൽ ഇരുന്നവരെ നോക്കി ഒരു അവിഞ്ഞ ചിരിയും പാസ്സാക്കി ചായ കാശ് ഡസ്‌കിൽ വെച്ചിട്ടയാൽ പമ്പിലേക്ക് തന്നെ തിരിച്ചു പോയി…..ഞാൻ പോയി വരാൻ വൈകിയോ ലതികേ…. ബുദ്ധിമുട്ടായോ നിനക്ക്..ഹേയ്….

നനുത്ത ഒരു ചിരിയിൽ അവൾ മറുപടി അവസാനിപ്പിച്ചു….
അപ്പോൾ കാണുന്നവനെ അപ്പാന്നു വിളിക്കും അതാ അയാളുടെ രീതി ആ പാവം സ്ത്രീയേ പറ്റി ദുഷിച്ചു പറഞ്ഞ അതെ വാ കൊണ്ട് അവരെ നോക്കി ഇളിച്ചു നിക്കുന്നത് കണ്ടില്ലേ നാണം കെട്ടവൻ…. ഏതോ നാട്ടിൽ നിന്ന് ഇവിടേക്ക് വന്നതാ അവർ പ്രായമായ ഒരു സ്ത്രീയും വയ്യാത്തൊരു മോള് കൊച്ചും അതിനെ നോക്കാൻ ഇറങ്ങി തിരിച്ചതാ അത് ഒന്ന് നടുനിവർത്താനുള്ള നേരംപോലും അതിന് കിട്ടാറില്ല….. അവനെ പോലുള്ളവനെ ഒന്നും പറഞ്ഞിട്ടുകാര്യമില്ല പട്ടി പെടുത്താൽ പാല്പായസം എങ്ങനെ വരാനാ…. ചായ കടക്കാരൻ പറഞ്ഞു നിർത്തിയതും അവിടിരുന്നവരെല്ലാം പൊട്ടിചിരിച്ചു…….

എന്നാൽ ദിവസങ്ങൾ മുന്നോട്ട് പോകും തോറും ലതികയോടുള്ള പലരുടെയും സമീപനങ്ങൾ തന്നെ മാറുന്ന തരത്തിലുള്ള പല കാഴ്ചകളും ആ പമ്പിൽ പലരും കാണാൻ തുടങ്ങിയത്തോടെ ജോസഫിന്റെ പക്ഷം ചേരാൻ പലരും തയാറായി…..

പമ്പിൽ സ്ഥിരമായി വരുന്ന ചെറുപ്പക്കാരുടെ ഒരു ഗ്യാങ്‌ അവരിലേക്ക് ദിവസം തോറും അടുക്കുന്നതായിരുന്നു അവരുടെ സംശയത്തിനുള്ള ശക്തമായ കാരണം….. ഒരിക്കൽ അവരിൽ ചിലർക്കൊപ്പം ചേർന്ന് നിന്നവൾ ഇടയ്ക്ക് ഫോട്ടോ എടുത്തിരുന്നു ….. മറ്റൊരിക്കൽ ആക്കുട്ടത്തിലെ ഒരു പയ്യന്റെ നെറ്റിയിൽ ചന്ദനം തൊട്ട് കൊടുക്കുന്നത് കണ്ടു….ഇടയ്ക്ക് ഈ പയ്യമാരെല്ലാം ചേർന്ന് കൈക്കുപിടിച്ചു വലിച്ചവളെ ചായക്കടയുടെ ഡസ്കിൽ കൊണ്ടിരുത്തി മാറി മാറി വായിലോരുന്നു മുറിച്ച് വെച്ചു അതുടെ ആയപ്പോൾ അത് വരെ അവൾക്കു വേണ്ടി വാദിച്ച ചായക്കടക്കാരനും പ്ലേറ്റ് മാറി ജോസെഫിന്റെ കൂടെ ചേർന്നു….അങ്ങനെ അങ്ങനെ കൊച്ചുപയ്യന്മാരെ കറക്കിയെടുക്കുന്ന ലതിക എന്നവൾക്ക് അവളെറിയാതെ ഒരു പേരും വീണു….

പിന്നീട് ഒരിക്കൽ അവരിലൊരുത്തൻ അവൾക്കൊരു കവറിൽ എന്തൊക്കെയോ കൊണ്ട് കൊടുക്കുന്നത് കണ്ടുകൊണ്ടാണ് ജോസഫ് വന്നത്…..

അല്ല ലതികേ കൊടുക്കലും വാങ്ങലും പതിവ് ആയ സ്ഥിതിക്ക് കമ്മറ്റിക്കാരുടെ എണ്ണം കൂട്ടുന്നുണ്ടങ്കിൽ പറയണേ…..ഇതൊരു ജനാധിപത്യ രാജ്യമാ ഇവിടെ വേർതിരിവ് പാടില്ലെന്ന എന്റെ അഭിപ്രായം പ്രായപരിധിയൊക്കെ പതിയെ മാറിവരണം കേട്ടോ….ടാ കൊച്ചനെ നിന്റെ തള്ളേടെ പ്രായം ഉണ്ടാവില്ലേടാ അവൾക്ക്….. ഇവനൊക്കെ കമ്പിൽ തുണി ചുറ്റിയാലും മതി…. കലികാലം….നിന്റെയൊക്കെ യോഗം ബാക്കിയുള്ളവനൊക്കെ വെള്ളമിറക്കി നടക്കാനാ വിധി…..

പറഞ്ഞ് തീർന്നതും ജോസെഫിന്റെ വെപ്പ്പ്പല്ല് റോഡിലേ കുഴിയിൽ പോയിക്കിടന്ന് ഇളിക്കാൻ തുടങ്ങിയിരുന്നു…..അപ്പോളേക്കും അവൾ ആ പയ്യന്റെ കൈയിൽ കയറി പിടിച്ചു….. വേണ്ടാ മോനെ അയാള് എന്തെങ്കിലും പറഞ്ഞോട്ടെ…..

പമ്പിൽ ആകെ ആൾക്കൂട്ടമായി…. മോൻ വേഗം പൊക്കോ…. ഞാൻ ഇവന് വേണ്ടി മാപ്പ് ചോദിക്കാം പെട്ടന്ന് അങ്ങനെ കേട്ടപ്പോൾ ദേഷ്യത്തിന് അവൻ ചെയ്തു പോയതാ…. ജോസഫ് ഏട്ടാ ക്ഷമിക്കണം…..

“അമ്മ “ആരെയാ ഭയപ്പെടണെ ഞാൻ നിങ്ങടെ മോനാണെന്നു പറയാൻ മടിയാ ഇപ്പോളും….
അതു വരെ അടക്കി വെച്ച നൊമ്പരമെല്ലാം പൊട്ടിവീണത് പോലെ അവൾ ഉറക്കെ…
“മോനെ….”എന്നൊന്ന് നിലവിളിച്ചു……

മുമ്പൊരിക്കലും അവളെ അങ്ങനെ ആരും കണ്ടിട്ടേ ഇല്ലായിരുന്നു…..എന്നാ എല്ലാരും കേട്ടോ…. ഇനി ഈ ദുഷിച്ച വാക്ക് ഒരുത്തനും പറയാതിരിക്കാൻ വേണ്ടി മാത്രം പറയുവാ….മനപ്പൂർവം മറക്കാൻ ശ്രെമിക്കുന്ന ഒരു കഥ എനിക്കും ഉണ്ട് പറയിച്ചേ അടങ്ങു എന്നാണെങ്കിൽ…..

ആ കഥയിൽ എനിക്കൊരു മോനുണ്ടായിരുന്നു സ്നേഹിക്കാൻ മാത്രം അറിയാവുന്ന അവന്റെ അച്ഛനും……. അന്നൊരു വെള്ളിയാഴ്ച ദിവസം ഒന്നും രണ്ടും പറഞ്ഞെന്നോട് പിണങ്ങി വീട്ടീന്ന് ഇറങ്ങിയതാ എന്റെ കുട്ടി വളവിനെതോ തടി ലോറി അവനെ കാത്തു കിടന്നത് അവനറിഞ്ഞില്ല ചോരയിൽ കുളിച്ച എന്റെ കുഞ്ഞിനെ ആരൊക്കെയോ ഹോസ്പിറ്റലിൽ എത്തിച്ചു…..ജീവിതത്തിലേക്ക് തിരിച്ചു വരാൻ ഒരിഞ്ച് പോലും ആവതില്ലെന്നു പറഞ്ഞപ്പോൾ ആ ആശുപത്രിയുടെ ഭിത്തിയിൽ തലയറഞ്ഞു കരഞ്ഞു ഞാൻ….

പിന്നെ എന്റെ മകന്റെ പ്രായമായ ഒരു കുഞ്ഞിന് വേണ്ടി കണ്ണ് മാറ്റിവെച്ചോട്ടെ എന്ന് ഡോക്ടർ ചോദിച്ചപ്പോൾ അവന്റെ അടഞ്ഞ കണ്ണ് തുറക്കാൻ പോകുന്നു എന്ന പോലൊരു തോന്നൽ ഒരു കൊള്ളിയാൻ പോലെ എന്റെ ശരീരത്തിലൂടെ പാഞ്ഞു പോയിരുന്നു……ആ മോനും ഇതേ പോലെന്തോ അപകടമായിരുന്നെന്നോ മറ്റോ പറഞ്ഞ് കേട്ടു….

കണ്ണിന്റെ കെട്ടഴിച്ചപ്പോൾ ഓടിപ്പോയി അവനെ കണ്ടു…. കൊതി തീരാഞ്ഞിട്ട് പിന്നെയും പിന്നെയും അവൻ ആ ഹോസ്പിറ്റലിൽ വിടുന്നത് വരെ ഒളിച്ചും പാത്തും ജനലിന് മറഞ്ഞും ഒളിഞ്ഞും ഞാനാ കണ്ണിലേക്കു നോക്കി നിന്നു..എന്റെ കുഞ്ഞ് ഈ ഭൂമിയിൽ നിന്ന് പോയിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളു എന്നാരും മറക്കരുത്…..

ഒരു വെള്ളത്തുണിയിൽ പൊതിഞ്ഞവനെ ലേബർ റൂമിനുള്ളിൽ വെച്ചെനിക്ക് നീട്ടിയപ്പോൾ ഉള്ള ആ കുഞ്ഞി കണ്ണിന്റെ തിളക്കം മണ്ണിട്ടുമൂടിയിട്ടെന്ന് മനസ്സ് പറഞ്ഞ് തുടങ്ങിയിരുന്നു അപ്പോളേക്കും… ആ ചിന്ത ആ മോനിലേക്കെന്നെ സദാ അടുപ്പിച്ചു കൊണ്ടിരുന്നു…എല്ലാത്തിനും കൂട്ടായി ഒരാൾ ഉണ്ടായിരുന്നത് വല്ലാത്തൊരു ബലമായിരുന്നു….

പക്ഷെ അധികം വൈകാതെ എന്നെയും മോളെയും ഒരു വയ്യാത്ത അമ്മയെയും തനിച്ചാക്കി അദ്ദേഹവും മോന്റെ പിറകെ പറന്നകന്നു….പിന്നെയും ചിന്ത ആ മോനെ പറ്റി മാത്രമായിരുന്നു എന്നും അവനെ കാണണം…….. മുടങ്ങാതെ… അവൻ എന്റെ കുഞ്ഞല്ലേ…പക്ഷേ അവനത് ശല്യമായിക്കൂടാ…..

പിന്നെ തന്റെ ഒപ്പം ഉള്ളവരുടെ വയറു നിറയ്ക്കണം…..അതിനുള്ള മാർഗം അവനുള്ള നാട്ടിലേക്കുള്ള ചേക്കേറൽ മാത്രം ആയിരുന്നു…. കൊച്ച് പയ്യനല്ലേ അപ്പോൾ വണ്ടിയോടിക്കും അപ്പോൾ പെട്രോൾ അടിക്കും ഭാഗ്യമുണ്ടെങ്കിൽ ചിലപ്പോൾ രണ്ടും മൂന്നും തവണ അവൻ വന്നെന്നിരിക്കും അതുമല്ലെങ്കിൽ ഒന്നിടവെ ട്ടെങ്കിലും കാണാം… അങ്ങനെ വന്നു ചേർന്നതാ ഇവിടെ…. ആർക്കും സംശയം തോന്നാത്ത…. എനിക്ക് അവനെ കൂടെ കൂടെ കാണാനാവുന്ന ഒരിടം എന്നെപ്പോലൊരു സാധാരണക്കാരിക്ക് ഇവിടം മാത്രമായിരുന്നു…..അത്രയൊക്കെ ചിന്തിക്കാനെ എനിക്ക് അറിവുള്ളായിരുന്നു എന്ന് പറയുന്നതാണ് ശരി…..

ആ കുഞ്ഞിനെ പലപ്പോഴായി ഇവിടെ വെച്ചു കണ്ടപ്പോൾ സ്വർഗത്തിലെത്തിയ തോന്നലായിരുന്നു എനിക്ക് എന്നാലും അറിഞ്ഞു കൊണ്ടവനെ ബുദ്ധിമുട്ടിക്കരുതെന്നോർത്ത് ഒഴിഞ്ഞു മാറി… പക്ഷേ ആ കണ്ണുകളിൽ ആദ്യമായി പതിഞ്ഞ മുഖം ആ മോൻ തിരിച്ചറിഞ്ഞു…. അവൻ എന്നോട് ഒരുപാട് സംസാരിച്ചു…. അവന്റെ കൂട്ടുകാരെ കൊണ്ട് വന്ന് പരിചയപ്പെടുത്തി….

എന്റെ പിറന്നാളിനവരെല്ലാം ചേർന്നെനിക്ക് മാറി മാറി പലഹാരങ്ങൾ വാരി വാരി തന്നു…..ദൈവം അത്രവല്യ ചതിയൻ അല്ലെന്ന് പഠിച്ചു തുടങ്ങുവായിരുന്നു ഞാൻ….. സ്വപ്നം പോലും കാണാതൊരു ജീവിതം ആണിന്നെനിക്ക് ഉള്ളത് ഒരു വിളിപ്പാടകലെ ഒന്നിന്റെ സ്ഥാനത്ത്‌ ഒൻപത് ആൺമക്കൾ….
ഇനി ആർക്കും എന്നേ ഉറക്കെ വിളിക്കാം പിഴയെന്ന്….എന്നിട്ടവൾ കൂടി നിന്നവരെ നോക്കി കൈകൂപ്പി കരഞ്ഞു പോയി….

അമ്മ വാ എന്ന് പറഞ്ഞിട്ടവൻ അവരെ ചേർത്ത് പിടിച്ചു…ഇന്ന് ഇനി ഇവിടെ നിക്കണ്ട അത് ശരിയാവില്ല…ഞാൻ വീട്ടിൽ കൊണ്ടാക്കാം….

ആൾക്കൂട്ടം ജോസെഫിനേ ഉച്ചത്തിൽ തെറി വാക്കെറിഞ്ഞു കൊണ്ടിരുന്നു……
ഉച്ചവെയിലിൽ ആ സ്ത്രീയെ ചേർത്ത് പിടിച്ചവൻ നടന്നു…. ഇടയ്ക്കെപ്പോഴോ അനുവാദം ചോദിക്കാതെ അവരുടെ സാരി തലപ്പുകൊണ്ടവൻ അവന്റെ നിറഞ്ഞ കണ്ണുകൾ തുടച്ചു…. എന്നിട്ട് വെയിലേൽക്കാതിരിക്കാൻ ആ അമ്മയുടെ തലയിലേക്ക് സാരി തുമ്പ് വലിച്ചിട്ടു ഒരു ഭാഗം അവനിലേക്കും…..

ബൈക്കിൽ കയറിയപ്പോൾ അല്പം ബലമായി അവരുടെ കൈകൾ പിടിച്ചവൻ തോളിൽ വെപ്പിച്ചു…..
ഇനി ഒരിക്കലും മകൻ മ,രി,ച്ചെ,ന്നു പറഞ്ഞേക്കരുത്… ഇത് പോലെ കരഞ്ഞേക്കരുത് അത് രണ്ടും ഞാൻ സഹിക്കില്ല……അവരുടെ ശബ്ദം നിലച്ചു പോയിരുന്നു…. ഒരു ഏങ്ങലടിയോടെ അവർ അവന്റെ തോളിൽ അമർത്തി പിടിച്ചു…..
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഒളിച്ചു കളിക്കാൻ പോയ കുഞ്ഞ് വരാൻ വൈകിയാൽ മരണവേദന അനുഭവിക്കുന്ന അമ്മമാരുണ്ട് ഈ ലോകത്ത് ഒരിക്കലും വരാത്ത പോലെ അമ്മമാരുടെ കണ്ണുവെട്ടിച്ച് എങ്ങോ ഓടി മറഞ്ഞ കുഞ്ഞുങ്ങളും…..ആ വേദന ഇനി ആർക്കും ഉണ്ടാവാതെ ഇരിക്കട്ടെ…..
🍁🍁🍁🍁🍁🍁🍁

Share this on...