ഭർത്താവിനെ ഉപേക്ഷിച്ചു പോയ ഭാര്യ വർഷങ്ങൾക്ക്ശേഷം ഭർത്താവിനെ ബീച്ചിൽ വിളിച്ചു വരുത്തി ചെയ്‌തത്‌ കണ്ടോ

in Story 172 views

സജിക്കാ.. എനക്കൊന്ന് ഇങ്ങളെ കാണണം….”വർഷങ്ങൾക്കിപ്പുറം അവളുടെ ശബ്ദം കേട്ട് എന്തു പറയണമെന്നറിയാതെ അയാൾ നിന്നു..”ഇക്കാ.. ഇങ്ങൾ കേൾക്കുന്നുണ്ടോ..?”അവൾ ചോദിച്ചു.

“ണ്ട് റഹീന.. പറയ്”അയാൾ ഫോൺ ഒന്നു കൂടി ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.
“എനക്ക് ഒരൊറ്റ വട്ടം കണ്ടാ മാത്രം മതി…””ശരി…. സമയവും സ്ഥലവും ഞാൻ മെസേജ് ചെയ്യാം…”മറുപടിക്ക് കാത്തു നിൽക്കാതെ അയാൾ ഫോൺ കട്ട് ചെയ്തു..
അയാളുടെ മുഖത്ത് സന്തോഷവും ദുഖവും കലർന്ന ഭാവം..
അയാൾ ഫോണിൽ ഗാലറിയിൽ നിന്ന് ഏറെ കഷ്ടപ്പെട്ട് ഒരു ഫോട്ടോ തിരഞ്ഞു പിടിച്ചു… അയാൾ അതിലേക്ക് നോക്കി..

അയാളുടെ കരവലയത്തിൽ ഒതുങ്ങി നിന്ന് പുഞ്ചിരി തൂകുന്ന ഒരു മെലിഞ്ഞ സുന്ദരി..
റഹീന.. അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു..
നാല് വർഷത്തെ പ്രണയത്തിനൊടുവിൽ അവളെ സ്വന്തമാക്കിയ നിമിഷം അയാളോർത്തു… ആഘോഷങ്ങളായി തന്നെ…. പിന്നീട് നാല് വർഷത്തെ സന്തുഷ്ടദാമ്പത്യം… പ്രണയപൂരിതമായ മുഹൂർത്തങ്ങൾ….

എത്ര മനോഹരമായ നിമിഷങ്ങൾ… അയാൾ ചിന്തിച്ചു..
എല്ലാം നൽകിയ റബ്ബ് ഒരു കുറവ് മാത്രം ബാക്കി വെച്ചു.. ഒരു കുഞ്ഞിനെ മാത്രം തന്നില്ല…
ഒരു കാര്യവും പൂർണമായും ഏറ്റവും മികച്ച രീതിയിലും ആർക്കും തന്നെ അവൻ കൊടുക്കുന്നില്ലല്ലോ… അവൻ ഏതെങ്കിലും രീതിയിൽ പരീക്ഷിക്കുക തന്നെ ചെയ്യും..
ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കടന്നു പോയി… ഒരു കുഞ്ഞ് എന്നത് വെറും സ്വപ്നം മാത്രമായി അവശേഷിച്ചു.. രണ്ടു പേർക്കും ഒരു പോലെ ആധി… അയാൾ പുറമെ കാണിച്ചില്ല…
പക്ഷെ അവളുടെ വാക്കുകൾ ഒരേ ഒരു വിഷയത്തിൽ മാത്രം തറച്ചു നിന്നു..
പിന്നീടങ്ങോട്ട് ഒരു പരക്കം പാച്ചിലായിരുന്നു… കാണാത്ത ഡോക്ടർമാരില്ല… നേരാത്ത നേർച്ചകളില്ല…

നാല് വർഷങ്ങളും നാല്പതു ദിവസങ്ങളും കഴിഞ്ഞു… ഒരു ദിവസം.. അവൾ അയാളുടെ മുഖത്ത് നോക്കാതെ പറഞ്ഞു..”നമുക്കു പിരിയാം…”
അയാളുടെ മുഖം കണ്ടാലറിയാം കേട്ടത് വിശ്വാസമായില്ല..
“ഇക്കാ.. ഞാൻ സീരിയസ് ആയിട്ടാണ് പറയുന്നത്… നമുക്ക് പിരിയാം…”
അവൾ വീണ്ടും അത് തന്നെ ആവർത്തിച്ചു.
“റഹീന.. ഇയ്യ് ഈ പറയണത് എന്താന്ന് അനക്ക് വല്ല ബോധോം ണ്ടോ…?”
അയാൾ സംശയം ചോദിച്ചു..

“നല്ല ബോധത്തോടെ തന്നെയാണ് ഞാൻ സംസാരിക്ക്ണത്… ഡോക്ടർമാരൊക്കെ പറഞ്ഞത് ഇങ്ങളും കേട്ടതല്ലേ.. ഒരു കുഞ്ഞിനെ തരാൻ ഇങ്ങളെ കൊണ്ട് പറ്റൂല.. അങ്ങനെയുള്ളപ്പൊ ഇങ്ങൾടൊപ്പം ജീവിച്ചിട്ട് എന്താകാനാ ന്നാ ഉമ്മേം വാപ്പേം പറയണത്…. ”
അവൾ തിരിഞ്ഞു നിന്ന് കൊണ്ട് പറഞ്ഞു. അയാളുടെ കണ്ണുകളിൽ ദുഖവും നിസ്സഹായതയും… അയാൾ അവളുടെ കൈയ്യിൽ പിടിച്ച് തിരിച്ചു നിർത്തി… അവളുടെ കണ്ണുകളിൽ നോക്കി.. അയാൾ ചോദിച്ചു.

“എനിക്കറിയേണ്ടത് ഓരേ കാര്യൊന്നല്ല.. അന്റെ തീരുമാനം മാത്രമാണ്.. റഹീ… പറ.. ഇന്നെ പിരിഞ്ഞു ജീവിക്കാൻ പറ്റോ അനക്ക്…”
അവൾ കണ്ണുകൾ താഴ്ത്തി.. അൽപസമയം ഒന്നും മിണ്ടാതെ നിന്നു.. പിന്നെ സംസാരിച്ചു തുടങ്ങി..
“ഇക്കാ.. കുറച്ച് പ്രാക്ടിക്കൽ ആയിട്ട് ചിന്തിക്കണം… ഒരു പ്രതീക്ഷകളോ ഭാവിയോ ഇല്ലാത്ത ജീവിതം ജീവിച്ച് തീർക്കാൻ ന്നെ കൊണ്ടാവില്ല… ”

അവളുടെ മറുപടി അയാളിൽ ആളൽ സൃഷ്ടിച്ചു.. ഇത്രയധികം സ്നേഹിച്ച പെണ്ണിൽ നിന്നും അത്തരം വാക്കുകൾ അയാൾ പ്രതീക്ഷിച്ചതല്ല.. അയാളുടെ കൈ യാന്ത്രികമായി അവളിൽ നിന്നും പിൻവാങ്ങി…

അവൾ മുറി വിട്ട് പോയിട്ടും അയാളുടെ സംശയങ്ങൾക്കും ചിന്തകൾക്കും ആക്കം കിട്ടിയില്ല… യാഥാർത്ഥ്യം അംഗീകരിക്കാനുള്ള മടി… മനസ്സിൽ കുമിഞ്ഞു കൂടിയ ദുഖഭാരം..
എത്ര പെട്ടെന്നാണ് പ്രാണനേക്കാൾ സ്നേഹിച്ച പെണ്ണ് പറഞ്ഞത് പിരിയാമെന്നുള്ള മൂർച്ചയേറിയ ആ വാക്കുകൾ….

പിന്നീട് അവളെ കാണുന്നത് കുടുംബകോടതിയിൽ വെച്ചാണ്… പിരിയാൻ നിമിത്തമായ കാരണം അവൾ യാതൊരു മറയുമില്ലാതെ അവിടെ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.
“എനിക്കൊരു കുഞ്ഞിനെ തരാൻ കഴിവില്ലാത്ത ആളുടെ കൂടെ ജീവിക്കാൻ താൽപര്യമില്ല…”
അവളുടെ വാക്കുകൾ അയാളുടെ നെഞ്ചിൽ കഠാര കണക്കെ ആഴ്ന്നിറങ്ങി… പറഞ്ഞറിയിക്കാനാകാത്ത വേദന..

എങ്കിലും അയാൾ അവളുടെ കൈകൾ തടഞ്ഞു നിർത്തി കൊണ്ട് ചോദിച്ചു..
“ഒരു തവണ കൂടി ചിന്തിച്ചിട്ടു മതീല്ലേ റഹീ.. അനക്ക് ഞാനും എനക്ക് നീയും ഇല്ലേ… അതു പോരേ… ”

“പോര” അവളുടെ മറുപടി പെട്ടെന്നായിരുന്നു..
അയാളുടെ കൈകൾ തട്ടിമാറ്റി ഡിവോഴ്സ് പേപ്പറിൽ ഒപ്പിടുമ്പോൾ അവളുടെ മുഖത്ത് യാതൊരു ഭാവഭേധവുമില്ലായിരുന്നു..

അയാളുടെ മുഖത്ത് തികഞ്ഞ നഷ്ടബോധം… നിറഞ്ഞു തുളുമ്പിയ കണ്ണുനീർപാളികൾക്കിടയിലൂടെ തിരിഞ്ഞു നോക്കാതെ പരിവാരങ്ങളുമായി നടന്നകലുന്ന റഹീനയെ അയാൾ നോക്കി കണ്ടു…
പ്രണയം ഇത്ര ബലഹീനമായിരുന്നോ…? അയാളുടെ ഉള്ളിൽ സംശയം ഉണർന്നു.. പ്രണയിക്കുന്നവർ ബലഹീനരാകുമ്പോൾ മാത്രമാണ് പ്രണയം ഇല്ലാതാകുന്നത്… അയാൾ ആത്മഗതം പറഞ്ഞു..
റഹീന പോയിട്ട് ഇന്നേക്ക് രണ്ടു വർഷം തികയുന്നു… അവൾ പോയ വഴി അയാൾ പിന്നീട് ഒരിക്കലും തിരിഞ്ഞു നോക്കിയിട്ടില്ല.. മറന്നത് കൊണ്ടല്ല… മറക്കണമെന്ന് തീവ്രമായി ആഗ്രഹമുള്ളത് കൊണ്ട്.. എന്നിട്ടും ഇന്ന് അവൾ സ്വയം വിളിച്ചിരിക്കുന്നു…

ഒരു സമയം കേൾക്കാനൊരുപാട് കൊതിച്ചിരുന്ന ശബ്ദം.. കാണാൻ വേണ്ടി ഹൃദയം വെമ്പൽ കൊണ്ട മുഖം..ഇന്ന് അതിനുമപ്പുറം മറ്റെന്തോ വികാരം മാത്രം… അയാൾ ചിന്തിച്ചു..
അയാൾ ഫോണെടുത്തു റഹീന വിളിച്ച നമ്പറിലേക്ക് മെസേജയച്ചു..
അടുത്ത ദിവസം വൈകുന്നേരം ഏകദേശം നാല് മണിയോടടുത്ത് അയാൾ ബീച്ചിലെത്തി… കുറച്ചു നേരം കാത്തിരിക്കേണ്ടി വന്നു…

അയാൾ കടലിലേക്ക് നോക്കി… വിശ്രമമില്ലാതെ കരയെ ചുംബിച്ചു കൊണ്ടിരിക്കുന്ന തിരമാലകൾ… ഇത്ര മേൽ ആഴത്തിൽ തന്നെയാണ് താനും അവളെ സ്നേഹിച്ചത്..
“സജിക്കാ…” അവളുടെ ശബ്ദം അയാളെ ഉണർത്തി.. അയാൾ തിരിഞ്ഞു നോക്കി…
കലങ്ങിയ കണ്ണുകളുമായി അയാളെ ഉറ്റു നോക്കി നിൽക്കുകയാണ് റഹീന.. പഴയ കലയില്ല ആ മുഖത്തിപ്പോൾ…

പണ്ട് കോടതിമുറിയിൽ വെച്ച് അയാൾ കാണാനാഗ്രഹിച്ച നഷ്ടബോധം…
“എന്ത് കോലമാണ് പെണ്ണേ…?”അയാളുടെ ചോദ്യത്തിൽ വിഷാദം കലർന്നിരുന്നു.
അവൾ കുറച്ച് നേരം ഒന്നും മിണ്ടിയില്ല.. വെറുതെ കടലലകളിലേക്ക് നോക്കി നെടുവീർപ്പിട്ടു… അയാളും അത് പോലെ ചെയ്തു… നിശബ്ദതയുടെ നിമിഷങ്ങൾ അവസാനിപ്പിച്ചു കൊണ്ട് അവൾ ചോദിച്ചു..

“ഇക്ക എന്നെ വിളിച്ചിരുന്നത് എന്താന്ന് ഓർമ്മയുണ്ടോ…?”അയാളുടെ ചുണ്ടുകൾ വിടർന്നു.. പഴയ ഓർമ്മകൾ അയവിറക്കിയത് പോലെ..
“മ്മ്.. തനിബുദ്ധൂസ്…” അയാൾ പറഞ്ഞു..
അവൾ ചിരിച്ചു… അയാളെ നോക്കാതെ പറഞ്ഞു..
“ബുദ്ധൂസ് തന്നെയാ…. ചെയ്തതെല്ലാം വിവരക്കേട്…”
അവളുടെ മുഖഭാവം മാറി… വിഷാദം നിഴലിച്ചു.. അയാൾ ദീർഘമായി ഒന്നു നിശ്വസിക്കുക മാത്രം ചെയ്തു..

അവൾ അയാൾക്ക് നേരെ തിരിഞ്ഞു.
“മാപ്പ്… ക്ഷമിക്കാൻ കഴിയുന്ന തെറ്റല്ല.. ഒന്നും.. എങ്കിലും… ഇക്കാന്റെ റഹിയോട് ക്ഷമിക്കില്ലേ……”
അവളുടെ ചുണ്ടുകൾ വിറച്ചു.
പെട്ടെന്ന് അയാൾ സംസാരിച്ചു തുടങ്ങി..

“റഹീന.. അന്റെ വഴി ഇയ്യ് തിരഞ്ഞടുത്തു… അതിൽ എനിക്ക് ഒരു
ദേഷ്യവും ഇല്ല.. പിന്നെ അനക്കറിയാലോ.. ഞാനിപ്പോ വേറെ ഒരു പെണ്ണിന്റെ ഭർത്താവാണ്.. ഒരു കുഞ്ഞിന്റെ വാപ്പായാണ്.. ഇനിയും ഒരു കാര്യത്തിനും ഇയ്യ് ന്നെ തിരഞ്ഞ് വരരുത്….”
അയാളുടെ വാക്കുകൾ അവളിൽ നടുക്കമുണ്ടാക്കി… അവൾ അയാളെ തന്നെ നോക്കി ഒന്നും മിണ്ടാതെ നിന്നു..

“എനക്കറിയാം.. ഇയ്യിപ്പോ കരുത്ണ്ടാകും ഡോക്ടർമാർ വിധിയെഴുതിയ സജിക്ക് എങ്ങനെ കുഞ്ഞുണ്ടായത് ന്ന്… ക്ഷമിക്കാനറിയുന്നവന് പടച്ചവനാണ് വിധിയെഴുത്ണത്.. അല്ലാതെ ഡോക്ടർമാരല്ല…” അയാൾ ഒന്നു നിർത്തി തുടർന്നു..
“അതേ പടച്ചവൻ തന്നെയാണ് അന്നെയും പരീക്ഷിച്ചത്… ”

അവളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകി..
“കരയാനോ വിഷമിപ്പിക്കാനോ വേണ്ടീട്ട് പറഞ്ഞതല്ല.. എന്തിന്റെ പേരിലാണോ ജീവനേക്കാളെറെ സ്നേഹിച്ച ന്നെ ഇയ്യ് ഇട്ടിട്ട് പോയത്.. അത് വെച്ച് പടച്ചോൻ പരീക്ഷിച്ചു ന്ന് കരുതിയാ മതി… വിധിയുടെ മുന്നിൽ വെറുതെ നോക്കി നിൽക്കാനല്ലേ നമുക്ക് കഴിയൂ… മാറ്റിയെഴുതാൻ പറ്റില്ലല്ലോ…”
“ഞാൻ വിധിയെ പഴിക്കില്ല ഇക്കാ.. എല്ലാം ഞാൻ വരുത്തി വെച്ചത് തന്നെ.. ന്റെ എടുത്തുചാട്ടം… ഇക്കാന്റെ ഖൽബിന്റെ മഹത്വം കാണാതെ ഇറങ്ങി തിരിച്ചപ്പോൾ വന്നത്… പടച്ചവൻ എനിക്ക് ഒരു കുഞ്ഞിനെ തന്നില്ല.. എനിക്ക് വിഷമമുണ്ട്.. പക്ഷേ…”
അവളൊന്ന് നിർത്തി അയാളെ നോക്കി..

“അതിലുപരി ഞാൻ പശ്ചാത്തപിക്കുന്നു… സജിക്കായെ തള്ളിപ്പറഞ്ഞ ആ ഒരു നിമിഷത്തെയോർത്ത്…”

അയാൾ അവളിൽ നിന്നും രണ്ടടി മുന്നോട്ട് മാറി നീങ്ങി നിന്നു..
“പഴയതൊന്നും പറഞ്ഞിട്ട് കാര്യമില്ല റഹീന.. കഴിഞതെല്ലാം കഴിഞ്ഞു.. ഇനി അനക്ക് അന്റെ വഴി .. എനക്ക് എന്റേം… ” അയാൾ പറഞ്ഞു നിർത്തി.

“അറിയാം.. ഒരിക്കലും വരില്ല എന്ന് കരുതിയതാണ്… എല്ലാത്തിനും മാപ്പ് പറയണമെന്ന് തോന്നി….. ”
മറുപടി പറയാൻ അയാൾ തിരിഞ്ഞപ്പോഴേക്കും അവൾ നടന്നു തുടങ്ങിയിരുന്നു.. തിരികെ വിളിക്കാൻ അയാളുടെ മനസ്സ് വെമ്പൽ കൊണ്ടെങ്കിലും അയാൾ വിളിച്ചില്ല..
ഒരു കാലത്ത് സ്നേഹിച്ച പെണ്ണല്ലേ… അവൾക്ക് വേദനിച്ചാൽ ഇന്നും എവിടെയോ ഒരു വിങ്ങൽ.. അയാളോർത്തു…

അയാൾ അവൾ നടന്ന വഴിയേ നോക്കി.. ഒരു തവണ ഇതു പോലെ തിരിഞ്ഞു നോക്കാതെ വഴിയിലുപേക്ഷിച്ചു പോയവളാണ്…

അന്ന് ഉള്ളുരുകി കരഞ്ഞിട്ടുണ്ട്.. ഒരു തിരിച്ചുവരവുണ്ടാകാൻ… ഇന്നതില്ല….
പോയവർ പോകട്ടെ…… അവർ പോയ വഴിയേ പുതിയ സന്തോഷങ്ങൾ പുതിയ ജീവിതം തുറന്നു വരട്ടെ…

മണൽതരികൾ തട്ടി തെറിപ്പിച്ചു തിരിച്ചു നടക്കുമ്പോൾ അയാളുടെ മുഖത്ത് സംശയങ്ങളില്ല… തികഞ്ഞ സംതൃപ്തി മാത്രം…

Share this on...