ഭക്ഷണത്തിൽ ഒരു മുടി കണ്ടതിന്റെ പേരിൽ ഈ ഭർത്താവ് ഭാര്യയോട് ചെയ്ത ക്രൂരത

in Story 104 views

ഇക്കാ… സമയം ഒരുപാടായി ഉറങ്ങുന്നില്ലേ..?നീ എന്തിനാ എന്നെ കാത്തിരിക്കുന്നത് നിനക്ക് ഉറങ്ങിക്കൂടെ..?എനിക്ക് ഇക്കാനോട് ഒരു കാര്യം പറയാനുണ്ടായിരുന്നു. ആ ഫോൺ കുറച്ച് സമയത്തേക്ക് മാറ്റി വെക്കാമോ..?എന്റെ കൈയിൽ ഫോണുള്ളതാണോ നിന്റെ കുഴപ്പം. നിനക്ക് പറയാനുള്ളത് എന്താന്ന് വെച്ചാൽ പറയാൻ പാടില്ലേ..?നമ്മുടെ വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷം കഴിഞ്ഞു…അതിന് ഞാനെന്തു വേണം..?

വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ എല്ലാം എന്തോരം സ്നേഹം ആയിരുന്നു ഇക്കാക്ക് എന്നോട്..!!പക്ഷേ ഇപ്പോ കുറച്ചായിട്ട് ഇക്കാക്ക് എന്നോട് മിണ്ടാൻ പോലും സമയമില്ല. ഏത് നേരവും ഫോണിൽ തന്നെ. രാവിലെ ഓഫീസിൽ പോവുന്നതുവരെ ഇക്ക ഈ ഫോണിൽ തന്നെ. വൈകിട്ട് വന്നാൽ ഉറങ്ങുന്നത് വരെ കൈയിൽ ഫോണാണ്. എന്നോട് ഒന്ന്‌ മിണ്ടാൻ പോലും ഇക്കാക്കു നേരമില്ല…

ഹോ… ഇത് വല്ലാത്തൊരു കുരിശായല്ലോ..!!നിനക്ക് ഇപ്പോ എന്താടി വേണ്ടത്…നിന്നോട് കിന്നാരം പറഞ്ഞിരിക്കണോ ഞാൻ..?

അല്ലാഹ്…വേണ്ട… ഇക്കാക്ക് ദേഷ്യം ആവണ്ട. ഞാൻ എന്റെ വിഷമം പറഞ്ഞെന്നേയുള്ളൂ…”

അതും പറഞ്ഞുകൊണ്ട് അവൾ ബെഡിന്റെ ഒരു സൈഡിലേക്കായി തിരിഞ്ഞുകിടന്നു…

പിറ്റേന്ന് പതിവുപോലെ പുലർച്ചെ അലാറം അടിഞ്ഞിട്ടും അവൾ എഴുന്നേൽക്കാത്തത് കാരണം ഞാൻ അവളെ വിളിച്ചു നോക്കി…

എടീ… നീ എഴുന്നേൽക്കുന്നില്ലേ..?എനിക്ക്‌ വയ്യ ഇക്ക… നടുവേദന കാരണം എഴുന്നേൽക്കാൻ പറ്റുന്നില്ല..!! ഞാൻ കുറെ ശ്രമിച്ചു. പക്ഷേ.., എഴുന്നേൽക്കാൻ പറ്റുന്നില്ല.

അപ്പൊ ഞാനിന്ന് പട്ടിണി കിടന്നോട്ടെ എന്നാണോ നീ പറയുന്നത്..!!
എനിക്ക് ഓഫീസിൽ പോവണ്ടേ..?എന്നെ പട്ടിണി കിടത്തി നീ ഇന്നലത്തെ പക പോക്കുവായിരിക്കും അല്ലേടി..?

അങ്ങിനെ ഒന്നും പറയല്ലേ… എനിക്ക്‌ എന്തിനാ ഇക്കാനോട് പക..?

ഇക്ക റെഡിയായി വരുമ്പോഴേക്കും ഞാൻ എങ്ങനേലും ഭക്ഷണം റെഡിയാക്കി വെക്കാം. എത്ര എനിക്ക് വയ്യാതെ ആയാലും ഇക്കാനെ ഞാൻ പട്ടിണിക്കിടില്ല…അതും പറഞ്ഞുകൊണ്ടവൾ പതിയെ അടുക്കളയിലേക്ക് പോയി…

കുളിച്ച് റെഡിയായി വരുമ്പോഴേക്കും സാധാരണ ഡൈനിങ് ടേബിളിൽ ഭക്ഷണം റെഡിയാണ്. ഇന്ന് വന്ന്‌ നോക്കിയപ്പോൾ ഭക്ഷണം ഒന്നും റെഡിയായിട്ടില്ല…

ഡീ… കുറച്ച് ദേഷ്യത്തോടെ തന്നെയാണ് ഞാൻ വിളിച്ചത്…ദാ ഇക്കാ ഇപ്പൊ വരാം…

ഇത് എന്തോന്നാടി… പുട്ടോ..?എനിക്ക് പുട്ട് ഇഷ്ട്ടമല്ലെന്ന് നിനക്ക് അറിയില്ലേ..?

എനിക്ക് വയ്യാത്തത് കൊണ്ടാ ഇന്ന് പുട്ട് ആക്കിയത്…

ഓ… എപ്പോ നോക്കിയാലും വയ്യ വയ്യ… ഇപ്പോ ഈ വാക്ക് കേൾക്കാത്ത ഒരു ദിവസം പോലും ഇല്ലല്ലോ…

പുട്ട് എങ്കിൽ പുട്ട് എന്ന് കരുതി മനസ്സില്ലാമനസ്സോടെ പ്ലേറ്റിലേക്ക് ഇട്ടു… അപ്പോഴാ കാണുന്നത് ഒരു വലിയ മുടി പുട്ടിന്റെ മുകളിൽ ചുറ്റി വരിഞ്ഞുകിടക്കുന്നത്…

അല്ലെങ്കിൽ തന്നെ ഇഷ്ട്ടമില്ലാത്ത ഭക്ഷണം… എന്നാലും എങ്ങനേലും കഴിക്കാം എന്ന് വെച്ചപ്പോൾ മുടിയും…!! ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല അവളെ മുഖത്തേക്ക് നോക്കി ഒറ്റ ഏറായിരുന്നു…

നാശം പിടിച്ചവളെ…!! ഞാൻ കഴിക്കാതിരിക്കാൻ വേണ്ടി നീ മനഃപൂർവം ഉണ്ടാക്കി വെച്ചതാണോ ഇങ്ങനെ…

ഇക്കാ ഞാൻ കണ്ടില്ല… സത്യായിട്ടും ഞാൻ അറിയാതെ പറ്റി പോയതാ… ഇക്ക കഴിക്കാതെ പോവല്ലേ… ഞാൻ വേറെ ഇപ്പൊത്തന്നെ ഉണ്ടാക്കി തരാം…

നിന്റെ വീട്ടിൽ കൊണ്ട് കൊടുക്കെടി… അവളെ ഒരു പുട്ട്…!!

അതും പറഞ്ഞ് ഞാൻ ചവിട്ടിത്തുള്ളി പുറത്തേക്കിറങ്ങി…

ഇക്കാ… ദെ ഉച്ചക്ക് കഴിക്കാനുള്ള ഭക്ഷണം എടുക്കാതെ പോവല്ലേ ഇക്കാ…
അതും പറഞ്ഞുകൊണ്ടവൾ ഭക്ഷണവുമായി എന്റെ പിന്നാലെ ഓടി… ഞാൻ അത്രക്ക് വയ്യാതെ ഉണ്ടാക്കിയതാ ഇത് കൊണ്ട് പോ ഇക്കാ…

പക്ഷേ അവളുടെ വാക്ക് മൈൻഡ് ചെയ്യാതെ ബൈക്ക് എടുത്ത് റോഡിലേക്കിറങ്ങി… അപ്പോഴും ഞാൻ കാണുന്നുണ്ടായിരുന്നു ഗ്ലാസ്സിൽ കൂടി
നിറകണ്ണുകളോടെ കൈയിൽ പൊതിച്ചോറുമായി “ഇക്കാ പോവല്ലേ എന്ന് പറഞ്ഞുകൊണ്ട് എന്റെ പിന്നാലെ ഓടുന്ന അവളെ…”

ഉച്ചക്ക് ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാ ഫോൺ റിംഗ് ചെയ്യുന്നത്… എടുത്തു നോക്കുമ്പോൾ അവളാണ്. അവിടുന്ന് റിംഗ് ചെയ്യട്ടെ നാശം… എന്ന് പറഞ്ഞുകൊണ്ട് ഫോൺ പോക്കറ്റിലേക്ക് തന്നെയിട്ടു…

ഭക്ഷണവും കഴിച്ച്‌ ഞാൻ വേഗം ഓഫീസിലേക്ക് വിട്ടു. അപ്പോഴും അവളുടെ കാൾ എന്റെ ഫോണിലേക്ക് വന്നുകൊണ്ടേയിരുന്നു….

വിളിച്ച് മതിയാവുമ്പോൾ താനെ ഫോൺ വെച്ചു പൊയ്ക്കോളും…

അവിടുന്ന് ഒരു പത്ത്‌ മിനിറ്റ് കഴിഞ്ഞില്ല അവളെ ഉപ്പയുടെ കാൾ വന്നു

ഹോ ഇനി ഉപ്പ വീട്ടിൽ വന്നിട്ടാണോ ഇവൾ എന്നെ വിളിച്ചത്..?

എന്തായാലും വേണ്ടില്ല കാൾ എടുത്തുനോക്കട്ടെ…

ഹലോ… തിരക്കാണോ മോനേ നിനക്ക്..?

എന്താ ഉപ്പാ..?

ഞാനിപ്പോ മോളുടെ അരികിലുണ്ട്. ഇവിടെ വന്നപ്പോഴാ അറിയുന്നത് മോൾക്ക് ഒട്ടും വയ്യാന്ന്…

പിന്നെ ഭയങ്കരമല്ലേ… ഇതൊക്കെ അവളുടെ നമ്പർ ആവും ഞാൻ മനസ്സിൽ പറഞ്ഞു…

എന്തായാലും അവൾ എന്റെ കൂടെ വന്നോട്ടെ ഇന്ന് വീട്ടിലേക്ക്. നല്ല ഒരു ഡോക്ടറെ കാണിച്ചിട്ട് കുറച്ച് ഭേദമായിട്ട് നീ വന്ന് ഇങ്ങ് കൂട്ടിക്കൊണ്ട് പോര്…

ഞാൻ ചോദിച്ചു അവളോട് നിനക്ക് ഇത്ര വയ്യാഞ്ഞിട്ടും അവൻ നിന്നെ ഹോസ്പിറ്റലിൽ ഒന്നും കൊണ്ട് പോയില്ലേ എന്ന്…

പടച്ചോനെ നാണക്കേട് ആയി തോന്നുന്നു…

അപ്പോഴാ അവൾ പറയുന്നത്.., അവൾക്ക് വയ്യാത്തത് നിന്നോട് അവൾ പറഞ്ഞിട്ടില്ലെന്ന്…

ഹാവൂ സമാധാനം… അങ്ങിനെയെങ്കിലും ഒരു ഉപകാരം അവൾ ചെയ്തല്ലോ…

ഞാൻ ദാ അവളുടെ കൈയിൽ കൊടുക്കാം…

ഇക്കാ ഭക്ഷണം കഴിച്ചോ..?

മ്മ്…

സത്യം ആണല്ലോ ലെ..?

അല്ല കള്ളം… നീ ഒന്ന്‌ ഫോൺ വെക്ക് എനിക്കിവിടെ നൂറ് കൂട്ടം ജോലി ഉണ്ട്…

ഇക്കാ… ഞാൻ വീട്ടിൽ പൊയ്ക്കോട്ടെ..?

ഞാൻ പോയാൽ ഇക്കാന്റെ കാര്യം ആലോചിക്കുമ്പോഴാ ടെൻഷൻ…

എന്റെ കാര്യം ആലോചിച്ചു നീ ടെൻഷൻ ആവണ്ട വേഗം പോവാൻ നോക്ക്…

പോയി കിട്ടിയാൽ മനുഷ്യന് അത്രയെങ്കിലും സമാധാനം കിട്ടുമല്ലോ…

പതിവുപോലെ ഓഫീസിൽ നിന്ന് വൈകീട്ട് വീട്ടിൽ എത്തിയപ്പോഴാ ഞാൻ ഓർത്തത് അവൾ വീട്ടിൽ ഇല്ലാത്ത കാര്യം… അല്ലെങ്കിൽ ഞാൻ വരുമ്പോൾ ഉമ്മറത്ത് വിളക്കും കത്തിച്ച്‌ കാത്തിരിക്കുന്നത് കാണാം…

ഇന്ന് ഉമ്മറത്ത് വിളക്ക് ഇല്ലാത്തതുകൊണ്ട് എന്തോ ഒരു ഐശ്വര്യക്കുറവ് പോലെ…

ഹോ ഭയങ്കര ക്ഷീണം… ഡ്രസ്സ്‌ പോലും മാറാതെ സോഫയിലേക്ക് അങ്ങ് കിടന്നു…

ഇനിയിപ്പോ ഇങ്ങനെ കിടന്നാലും ശരിയാകില്ലല്ലോ… ഭക്ഷണം ഞാൻ തന്നെ പാകം ചെയ്യണ്ടേ… അതുകൊണ്ട് വേഗം കുളിക്കാൻ വേണ്ടി ബാത്‌റൂമിലേക്ക് കയറി…

എന്നും കുളി കഴിഞ്ഞു വരുമ്പോൾ ഡൈനിങ് ടേബിൾ ഒരു കാപ്പി പതിവാണ്…

ഇത് ഇപ്പോ ഞാൻ തന്നെ കാപ്പി ഇടേണ്ട അവസ്ഥയായി…

നേരെ വേഗം കിച്ചണിലേക്ക് വിട്ടു…

അപ്പോഴാ ഓർത്തത് ഗ്യാസ് കഴിഞ്ഞിട്ട് ദിവസങ്ങളോളം ആയെന്ന്…

എന്നും അവളുടെ വക പരാതിയാണ്‌. ഗ്യാസ് കഴിഞ്ഞന്നും പറഞ്ഞുകൊണ്ട്…

അപ്പോഴൊക്കെ ഞാൻ അവളോട്‌ പറയുന്ന ഡയലോഗ്‌ ഉണ്ട് “എന്റെ ഉമ്മയൊക്കെ വിറകടുപ്പിലാ ഭക്ഷണം എല്ലാ പാചകം ചെയ്യുന്നത്. അതുകൊണ്ട് ഇവിടെ വിറകടുപ്പില്ലേ തൽകാലം അതിൽ അങ്ങ് പാചകം ചെയ്താൽ മതി. ഇനി ഗ്യാസ് എന്ന് പറഞ്ഞ് എന്നെ ശല്യം ചെയ്യാൻ വരരുത്…

ഈ വിറകടുപ്പിൽ അല്ലെ രാവിലെ ഞാൻ പോവുമ്പോഴേക്കും എല്ലാം റെഡിയാക്കി എന്റെ മുൻപിൽ കൊണ്ട് വെക്കുന്നത്..!!

ഒരു ചായ ഇടാൻ എനിക്ക് പറ്റുന്നില്ല. അപ്പൊ കുറച്ച് സമയം കൊണ്ട് എല്ലാം റെഡിയാക്കി തരുന്ന അവളെ ഞാൻ…

വല്ലാത്തൊരു ഒറ്റപ്പെടൽ അന്ന് ആദ്യമായി ഞാനറിഞ്ഞു…

തലവേദന ആണെങ്കിൽ സഹിക്കാൻ വയ്യ… എപ്പോ തലവേദന വന്നാലും ബാം ഇട്ട് തല നന്നായി തടവി തരും അവൾ…

ഒന്നും ഞാൻ പറയാതെ തന്നെ എല്ലാം കണ്ടറിഞ്ഞു ചെയ്യും… ഒരു മെഡിസിനും പറ്റില്ല ആ വേദന അകറ്റാൻ…

അവളെ ഞാൻ ഒരുപാട് വേദനിപ്പിച്ചു. ആവശ്യമില്ലാതെ അവഗണിച്ചു നിറുത്തി. അവൾക്ക് പറയാനുള്ളതൊന്നും കേൾക്കാതെ, എന്റെ ലോകം വെറും ഫോണിലേക്ക് മാത്രം ഒതുങ്ങിക്കൂടി…
എന്തിന് വേണ്ടിയായിരുന്നു എല്ലാം..!!

എപ്പോഴെങ്കിലും അവളെ മനസ്സ് ഒന്ന് കാണാൻ ഞാൻ ശ്രമിച്ചോ..?

എല്ലാം എന്റെ സ്വാർത്ഥതയായിരുന്നു…

ഒരു രാത്രി ഒന്ന് മാറി നിൽക്കേണ്ടി വന്നു എനിക്കവളെ മനസ്സിലാക്കാൻ… ഈ വീടിനും എനിക്കും അവൾ എത്രത്തോളം പ്രിയപ്പെട്ടവൾ ആണെന്ന് ഇന്ന് ഒരു രാത്രികൊണ്ട് അവൾ എനിക്ക് മനസ്സിലാക്കിത്തന്നു…

വയ്യ… നീ ഇല്ലാതെ എനിക്കി പറ്റില്ല… നിന്റെ സാമീപ്യമില്ലാതെ എനിക്കുറങ്ങാൻ പോലും പറ്റില്ല…

വേഗം ഫോണെടുത്തു അവളെ നമ്പർ ഡയൽ ചെയ്തു…

ഉടനെ തന്നെ എന്റെ കാതിലേക്ക് ആ ശബ്ദം എത്തി…

ഇക്കാ…!!

ആ വിളി കേട്ടപ്പോൾ എന്തോ വല്ലാത്തൊരു എനർജി കിട്ടിയതുപോലെ തോന്നി എനിക്ക്…

ഭക്ഷണം കഴിച്ചോ നീ..?

മറുതലക്കൽ നിന്നും ശബ്ദം ഒന്നും കേൾക്കുന്നില്ലല്ലോ…

അവൾ ഫോൺ വെച്ചു പോയോ..?

നീ പോയോ..?

ഇല്ല…

എന്തുപറ്റി… പിന്നെ എന്താ മിണ്ടാത്തത്..?

ഒന്നൂല്ല ഇക്ക വിളിച്ചപ്പോൾ സന്തോഷം കൊണ്ടാണോ അറിയില്ല… എനിക്ക് സങ്കടം വരുവാ…

അയ്യോടാ…. സങ്കടം ആവണ്ട ട്ടോ…

ഇക്ക ഭക്ഷണം കഴിച്ചോ..?

കഴിച്ചെന്ന് പറയാം ഇല്ലന്ന് പറഞ്ഞാൽ പിന്നെ അവൾക്ക് ടെൻഷൻ ആവും…

കഴിച്ചു…

ഞാനൊരു കാര്യം പറയാൻ വേണ്ടിയാ നിന്നെ വിളിച്ചത്…

എന്താ ഇക്കാ..?

ഞാൻ വന്നാൽ എന്റെ കൂടെ നീ വരാമോ ഇപ്പോ..?

എന്തുപറ്റി ഇക്കാക്ക്..?

എനിക്ക് ഒന്നും പറ്റിയില്ലെടി പെണ്ണേ…

നാളെ ഞാൻ വരാം നിന്റെ കൂടെ ഹോസ്പിറ്റലിലേക്ക്…

ഇപ്പോ ഞാൻ വരട്ടെ നിന്നെ വിളിക്കാൻ..?

പടച്ചോനെ എന്റെ ഇക്ക തന്നെയാണോ ഈ സംസാരിക്കുന്നത്..?

വിശ്വാസം ഇല്ല ലെ… നിനക്ക്..?

ഇല്ല…

എന്നാ ഞാൻ ഇപ്പോ തന്നെ അവിടേക്ക് വരാം. എന്നാൽ വിശ്വാസം ആവുമല്ലോ… നീ വേഗം റെഡിയായി നിൽക്ക് ട്ടോ…

👉🏼 ഫോണെന്ന ലോകത്തേക്ക് മാത്രമായി നമ്മൾ ഒതുങ്ങിക്കൂടുമ്പോൾ നമുക്ക് വേണ്ടി രാപ്പകലില്ലാതെ കഷ്ട്ടപ്പെടുന്ന ഒരു ജന്മമുണ്ട് അടുക്കളയിൽ… ഇടക്ക് ഒത്തിരി നേരം അവൾക്ക് വേണ്ടി മാറ്റി വെക്കണം. അതാവും അവൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ സന്തോഷം…
അത് മതിയാകും അവൾക്ക്…

പിന്നെ അവിടെ പരാതിയില്ല.., പരിഭവമില്ല.., ജീവിതം പിന്നെ അവിടെ സ്വർഗ്ഗമാണ്…
സ്വർഗ്ഗം…

【ഇതിൽ പറഞ്ഞ കഥയും കഥാപാത്രങ്ങളും സാങ്കല്പികമാവാം, അല്ലായിരിക്കാം… പക്ഷെ, കഥ ഉൾക്കൊണ്ട് തിരിച്ചറിവോടുകൂടി പ്രവർത്തിക്കുക】

Share this on...