പിന്നെ സംഭവിച്ചതൊക്ക നിങ്ങൾക്ക് ഒരു കണ്ണീരോടെ കേട്ടിരിക്കാം; രോമം എണിച്ചു നിർത്തുന്ന ഒരു കഥ

in Story 3,458 views

രചന :സജി തൈപറമ്പ്

അമ്മാവനു വേണ്ടി, ഒരു ടു വീലർ ബുക്ക് ചെയ്യാൻ ഇന്ന് ഞാൻ ടൗണിലുള്ള ഷോറൂമിൽ പോയിരുന്നു.പുഷ് എന്നെഴുതിയ ,ഗ്ളാസ്സ് ഡോർ തളളി തുറന്ന്, ഞങ്ങൾ അകത്തേക്ക് കയറിയപ്പോൾ, സൗന്ദര്യത്തിന് മാറ്റ് കൂട്ടാനായി പരമാവധി മേക്കപ്പ് ചെയ്ത യൂണിഫോം ധരിച്ച ഒരു പാട് ഫീമെയിൽ സ്റ്റാഫിനെ കണ്ടെങ്കിലും ,

അവരുടെ ഇടയിൽ നിന്നും , അത്ര ഭംഗിയില്ലാത്ത ,സാധാരണ ചുരിദാറ് ധരിച്ച ഒരു പെൺകുട്ടി മുഖത്ത് ചിരിയുമായി ഞങ്ങളുടെ മുന്നിലേക്ക് വന്നു .

“എന്താണ് സർ;

വിനയത്തോടെ അവൾ ചോദിച്ചു.

“ഞങ്ങളൊരു വണ്ടി നോക്കാൻ വന്നതാണ്, അതിന്റെ ഓൺ ദ റോഡ് പ്രൈസ് ഒന്നറിയണം”

മുഖത്ത് , പരമാവധി ഗൗരവം വരുത്തി ഞാനാണ് അത് പറഞ്ഞത്.

“ഓകെ സാർ വരൂ, വണ്ടി ഏതാണെന്ന് പറയാമോ?

ഞങ്ങൾ ,വണ്ടിയുടെ മോഡൽ പറഞ്ഞു, അവൾ അതിന്റെ ഏറ്റവും കൂടിയ മോഡലിന്റെ ഫീച്ചേഴ്സ്നെ കുറിച്ച് വാചാലയായി,

“ഞങ്ങൾക്ക് ടോപ്പ് മോഡൽ ഒന്നും വേണ്ട, അമ്മാവന് റഫ് യൂസിനുള്ളതാണ് ,നിങ്ങൾ ബേസ് മോഡലിന്റെ ഓൺറോഡ് പ്രൈസ് മാത്രം പറഞ്ഞാൽ മതി ”

ഞാൻ കുറച്ചു കാർക്കശ്യത്തോടെ പറഞ്ഞപ്പോൾ , അവളുടെ മുഖം മങ്ങിയത് ഞാൻ ശ്രദ്ധിച്ചു.

നേരത്തെ മുതൽ, വണ്ടികളോട് കുറച്ച് ക്രേസ് ഉള്ള ആളാണ് ഞാൻ ,പലതവണ നിരവധി കമ്പനികളുടെ ഷോറൂമിൽ പോവുകയും വണ്ടികൾ വാങ്ങുകയും ചെയ്തിട്ടുള്ള എക്സ്പീരിയൻസ് ഉള്ളതുകൊണ്ട്,

ഓരോ ഷോറൂമിൽ ചെല്ലുമ്പോഴും അവിടുത്തെ സെയിൽസ് എക്സിക്യൂട്ടീവ്,

നമ്മളെ സമീപിക്കുകയും ,നാവാട്ടം കൊണ്ട് അവർ നമ്മളെ ബ്രെയിൻ വാഷ് ചെയ്ത് കമ്പനിക്ക് ലാഭകരമാകുന്ന രീതിയിൽ നമ്മളെ കൊണ്ട് വാഹനങ്ങൾ വാങ്ങിപ്പിച്ച അനുഭവസമ്പത്തുമുള്ളത് കൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്.

ആ ഒരു രീതി മുൻകൂട്ടി അറിയാവുന്നതുകൊണ്ട്, എന്റെ മനസ്സിൽ, ഈ നില്ക്കുന്ന പെൺകുട്ടിയും, അത്തരക്കാരിയാണെന്ന മുൻധാരണയിലായിരുന്നു, അവളോടുള്ള എന്റെ സംസാരവും പെരുമാറ്റവും.

“ഓക്കേ സർ, ഇതിൻറെ ബേസ് മോഡലിന്റെ വില ഞാൻ എഴുതി തരാം ,സാർ എപ്പോഴാണ് വണ്ടി എടുക്കാൻ വരുന്നത് ”

“ആദ്യം നിങ്ങൾ വണ്ടിയുടെ വില എഴുതിതരു, എടുക്കണോ വേണ്ടേ എന്ന് പിന്നെയല്ലേ തീരുമാനിക്കുന്നത് ”

ഞാൻ അനിഷ്ടത്തോടെ അവളോട് പറഞ്ഞു.

പിന്നെ , ഒരക്ഷരം മിണ്ടാതെ തലകുനിച്ചവൾ അവളുടെ ടേബിളിലേക്ക് നടന്നു .

വണ്ടിയുടെ ഓൺറോഡ് പ്രൈസും രജിസ്ട്രേഷൻ ഫീസും ഉൾപ്പെടെയുള്ള ലിസ്റ്റ് എഴുതി അവൾ ഞങ്ങൾക്കു തന്നു.

“സർ ,വരികയാണെങ്കിൽ ഇതാണെന്റെ നമ്പർ ഇതിലൊന്ന് വിളിച്ചിട്ട് വരണേ? അല്ലെങ്കിൽ സാറിന്റെ നമ്പരൊന്ന് പറയുമോ? ഞാൻ നാളെ വിളിക്കാം”

അവൾ താഴ്മയോടെ ചോദിച്ചു.

“എന്റെ പൊന്നോ ഞാൻ നമ്പർ തരില്ല, എന്നിട്ട് വേണം നിങ്ങൾക്ക് എന്നെ ചുമ്മാ വിളിച്ച് ശല്യപ്പെടുത്തി കൊണ്ടിരിക്കാൻ , സോറി, താല്പര്യമുണ്ടെങ്കിൽ ഞങ്ങൾ നേരിട്ട് വന്നോളാം”

അവളോട് നീരസത്തോടെ പറഞ്ഞിട്ട്, ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി.

പിറ്റേന്ന് തന്നെ ഞങ്ങൾ വണ്ടി എടുക്കാൻ ഉള്ള മുഴുവൻ തുകയുമായി ഷോറൂമിൽ ചെന്നു. ഞങ്ങളെ കണ്ടപ്പോഴേ ആ പെൺകുട്ടി അടുത്തേക്ക് ഓടി വന്നു.

“സാർ ബുക്ക് ചെയ്യാൻ വന്നതാണോ?

അവൾ ആവേശത്തോടെ ചോദിച്ചു

“അതെ, ഞങ്ങൾ ഫുൾ എമൗണ്ട് അടക്കുന്നുണ്ട്, വണ്ടി എപ്പോൾ തരാൻ പറ്റും ”

“നാളെ തരാം സർ, പൈസ അsച്ചോളൂ”

അവളുടെ മുഖത്ത് നിറഞ്ഞ സന്തോഷവും, കണ്ണുകളിൽ പ്രതീക്ഷയുടെ നിലാവെട്ടവും ഞാൻ കണ്ടു.

അവൾ എഴുതിത്തന്ന ബില്ലുമായി, ക്യാഷ് കൗണ്ടറിൽ ചെന്ന്, പൈസ അടച്ചു. പിറ്റേന്ന് വൈകിട്ട് വരാം എന്ന് പറഞ്ഞ് ഞാനും അമ്മാവനും അവിടെ നിന്നിറങ്ങി .

പിറ്റേന്ന് വൈകുന്നേരം , ഷോറൂമിൽ നിന്ന് വിളിച്ച്, വണ്ടി റെഡിയായിട്ടുണ്ട്, എന്ന് പറഞ്ഞപ്പോൾ, അമ്മാവനേയും കൂട്ടി ഞാൻ ഷോറൂമിലേക്ക് ചെന്നു .

“ഇന്ന് വേറെയും വണ്ടികൾ ഡെലിവറിയുണ്ടല്ലേ ?

ഷോറൂമിന്റെ മുറ്റത്ത്, പൂമാല അണിയിച്ച്, ഒരു ചുവന്ന കളർ സ്കൂട്ടർ, ഇരിക്കുന്നത് കണ്ടപ്പോൾ ഞാൻ അവളോട് ചോദിച്ചു.

“ഇല്ല സാർ, നിങ്ങളുടെ ഈ ഒരു വണ്ടി മാത്രമേ ഉള്ളൂ”

“ഈ വണ്ടിയോ? അന്ന് ഞങ്ങൾ ബുക്ക് ചെയ്തത് ബ്ലാക്ക് കളർ അല്ലേ?

ഞാൻ അമ്പരപ്പോടെ ചോദിച്ചു

“അല്ല സർ, സാർ റെഡ്ഡാണ് പറഞ്ഞത്”

അവൾ എന്നോട് തർക്കിച്ചപ്പോൾ എനിക്ക് സഹിക്കാനായില്ല.

“നിങ്ങളെന്തസംബന്ധമാണീ പറയുന്നത്, ഞാനും അമ്മാവനും വ്യക്തമായി പറഞ്ഞതാണ്, ഞങ്ങൾക്ക് ബ്ബാക്ക് വണ്ടി മതിയെന്ന് ,എന്നിട്ടിപ്പോൾ തോന്ന്യവാസം പറയുന്നോ?

ഞാൻ സ്ഥലകാലബോധം നഷ്ടപ്പെട്ടവനെ പോലെ അവളോട് അലറി.

“എന്താ എന്താ സൗമ്യേ പ്രശ്നം ”

എൻറെ ശബ്ദം കേട്ട് , ഒരു മാന്യദേഹം പുറത്തേക്കിറങ്ങി വന്നു.

“നിങ്ങളാരാ”

ഞാൻ ചോദിച്ചു ‘

“ഞാൻ സെയിൽസ് മാനേജരാണ് സർ”

അയാൾ പരിചയപ്പെടുത്തി.

“അത് സാർ ഇവർ പറയുന്നത്”

“വേണ്ട ഞാൻ പറയാം”

അവളെ പറയാൻ സമ്മതിക്കാതെ ഞാൻ ഇടയ്ക്ക് കയറി.

“നിങ്ങൾ ഇത്ര ബോധമില്ലാത്തവരെയൊക്കെയാണോ? സെയിൽസ് ഗേളായി ഇവിടെ നിർത്തുന്നത്, ഞങ്ങൾ കഷ്ടപ്പെട്ടുണ്ടാക്കിയ പൈസയാ ഇന്നലെ ഇവിടെ കൊണ്ട് വന്ന് അടച്ചിട്ട് പോയത് ,

ഞാനും ഈ നില്ക്കുന്ന എന്റെ അമ്മാവനും വ്യക്തമായി പറഞ്ഞതാ, ബ്ളാക്ക് കളറ് മതിയെന്ന്, എന്നിട്ടിപ്പോൾ നിങ്ങൾക്ക് തോന്നിയ കളർ ആണോ ഞങ്ങൾക്ക് തരുന്നത്”

എൻറെ ദേഷ്യം കൊടും പിരി കൊണ്ടിരുന്നു.

“സർ, ഇപ്പോൾ രജിസ്ട്രേഷൻ കഴിഞ്ഞ സ്ഥിതിക്ക് നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല”

“അതിന് ഞങ്ങൾ ആണോ ഉത്തരവാദി , ഇത് പോലെ ചെവിക്ക് കേൾവി ഇല്ലാത്തവരെ പിടിച്ചിരുത്തിയാൽ ഇതും ഇതിനപ്പുറവും സംഭവിക്കും ,ഞങ്ങൾക്ക് ഈ വണ്ടി വേണ്ട, നോക്കിക്കോ?

ഞങ്ങൾ ഉപഭോക്തൃ കോടതിയിൽ കേസിനു പോകും, ഇതിൻറെ നഷ്ടപരിഹാരം മേടിക്കുകയും ചെയ്യും”

ഞാൻ അവരെ വെല്ലുവിളിച്ചു

ടപ്പേ..

അപ്രതീക്ഷിതമായിട്ടായിരുന്നു മാനേജരുടെ പെരുമാറ്റം.

എന്റെ ഉറക്കെയുള്ള സംസാരം കേട്ട്, റോഡിൽ കൂടി പോയവർ പോലും അവിടെ വന്ന്, തടിച്ചുകൂടി നിന്നിരുന്നു.

മറ്റുള്ളവരുടെ മുന്നിൽ തനിക്കും കമ്പനിക്കും ഉണ്ടായ മാനക്കേടിൽ
അപമാനിതനായ അയാൾ പെട്ടെന്നുണ്ടായ ദേഷ്യത്തിൽ അവളുടെ കാരണത്ത് ഒന്ന് പൊട്ടിച്ചതായിരുന്നു.

അടികൊണ്ട കവിളും പൊത്തിപ്പിടിച്ച്, കരഞ്ഞു കൊണ്ടവൾ അകത്തേക്ക് കയറിപ്പോയി.

ആ കാഴ്ച എൻറെ മനസ്സിനെ വല്ലാതെ ഉലച്ചു.

ഞാൻ കാരണമല്ലേ ഇത്രയും പേരുടെ മുന്നിൽ, ആ കുട്ടിക്ക് ഇങ്ങനെ ഒരു അപമാനം ഏൽക്കേണ്ടി വന്നത് .

“സർ പ്ലീസ് , ആ ഒരു സ്റ്റാഫ് കാരണം, നിങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് ഞങ്ങൾക്ക് മനസ്സിലാവും,

പക്ഷേ, ഇതിന്റെ പേരിൽ ഒരു കേസ് ഉണ്ടായാൽ, അത് ഞങ്ങളുടെ കമ്പനിയുടെ ഇമേജിനെ ബാധിക്കും , അതുകൊണ്ട്, പ്ലീസ് സാർ നിങ്ങൾക്ക് വേണ്ട നഷ്ടപരിഹാരം ഞങ്ങൾ ചെയ്തുതരാം

അയാളുടെ അഭ്യർത്ഥനയെ മാനിച്ച് ,അടച്ചതിൽ നിന്നും കുറച്ചു പൈസ ഞങ്ങൾക്ക് കമ്പനി തിരിച്ചു തന്നു, ഞങ്ങൾ വീട്ടിലേക്ക് മടങ്ങി.

വീട്ടിലെത്തിയിട്ടും എന്റെ മനസ്സിൽ നിന്നും ആ രംഗം ഒഴിഞ്ഞു പോയിരുന്നില്ല.

ഈശ്വരാ… എൻറെ പെങ്ങളുടെ പ്രായമല്ലേ ഉള്ളൂ അവൾക്ക്, ഞാൻ കാരണം, ആ കുട്ടി എത്രമാത്രം അപമാനിതയായി ,അവളെ കണ്ട് ഒന്ന് മാപ്പുപറയണം

പിറ്റേന്ന് തന്നെ അവളെ നേരിൽ കണ്ട് മാപ്പ് പറയാനായി ഞാനാ ഷോറൂമിലേക്ക് വീണ്ടും ചെന്നെങ്കിലുo ,നിരാശയായിരുന്നു ഫലം ,അവളെ ഇന്നലെ തന്നെ ഡിസ്മിസ്സ് ചെയ്ത് വീട്ടിലേക്ക് പറഞ്ഞ് വിട്ടിരുന്നു, പിന്നെ അവിടെ നിന്ന സഹപ്രവർത്തകരോട് ചോദിച്ച് അവളുടെ അഡ്രസ്സ് വാങ്ങി.

വേനൽക്കാലത്ത് പോലും വെള്ളം വറ്റാത്ത ഒരു ചതുപ്പ് പ്രദേശത്ത് ആയിരുന്നു അവളുടെ വീട് .

“ഇവിടാരുമില്ലേ?

ചെളിയിൽ കുഴഞ്ഞ കാലുമായി അവളുടെ മുറ്റത്തെത്തി വീടിനകത്തേക്ക് നോക്കി വിളിച്ചപ്പോൾ, ഒരു നരച്ച നൈറ്റിയിട്ടു കൊണ്ട് അവൾ ഇറങ്ങി വന്നു.

എന്നെ കണ്ടപ്പോൾ അത്ഭുതവും ആകാംഷയും ഒരു പോലെ അവളുടെ മുഖത്ത് നിഴലിച്ചു.

“സാർ എന്താ ഈ വഴിക്ക്”

“ആദ്യം എന്നോട് ഒന്നിരിക്കാൻ പറയു, ആദിത്യ മര്യാദ ഒന്നും അറിയില്ലേ?

ഞാൻ തമാശ എന്നോണം മുഖത്ത് ചിരി വരുത്തി അവളോട് ചോദിച്ചു.

“അയ്യോ സാർ, സാറിനെ പോലെ ഒരാൾ ഇതുപോലൊരു വീട്ടിൽ , അതുകൊണ്ടാണ് ഞാൻ, ഇങ്ങോട്ട് കയറി ഇരിക്കു സർ”

ഇളം തിണ്ണയിൽ ഇട്ടിരിക്കുന്ന ചാര് ബഞ്ചിലേക്ക് ചൂണ്ടി അവൾ പറഞ്ഞു.

“ഇന്നലെ ഞാൻ കാരണമാണ് കുട്ടിക്ക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായത്,ഉള്ള ജോലിയും പോയി അല്ലേ?

ഞാൻ വിഷമത്തോടെ അവളോട് ചോദിച്ചു.

“ആരാ മോളെ പുറത്ത്”

അകത്തുനിന്ന് ഒരു പുരുഷ സ്വരം കേട്ടു.

“അത് കമ്പനിയിൽ വണ്ടി എടുക്കാൻ വന്ന ഒരു സാറാണച്ഛാ,

“അച്ഛനെ കൂടാതെ വേറെ ആരൊക്കെ ഉണ്ട് കൂടെ”

ഞാൻ ജിജ്ഞാസയോടെ അവളോട് ചോദിച്ചു.

“വേറെ ആരുമില്ല സാർ, അച്ഛൻ ഇപ്പോൾ കിടപ്പിലായിട്ട് രണ്ടു മൂന്നു മാസങ്ങളായി, അമ്മ നേരത്തെ മരിച്ച എന്നെ, അച്ഛനായിരുന്നു വളർത്തിവലുതാക്കി പഠിപ്പിച്ചു കൊണ്ടിരുന്നത്, അച്ഛൻ കിടപ്പിലായതോടെ

അച്ഛന് മരുന്നു വാങ്ങാനും ഞങ്ങൾക്ക് ഭക്ഷണം കഴിക്കാനും വേറെ മാർഗ്ഗം ഒന്നും ഇല്ലാത്തതുകൊണ്ട് എന്റെ ഡിഗ്രി പഠനം നിർത്തിയിട്ടാണ്, ഞാൻ ആ ഷോറൂമിലേക്ക് ജോലിക്ക് ചെന്നത്,

ചെന്നിട്ട് ഒരാഴ്ചയേ ആയിട്ടുള്ളായിരുന്നു , എല്ലാം ഒന്ന് പഠിച്ചുവരുന്നതേ ഉണ്ടായിരുന്നുള്ളൂ, അതിന്റെയൊരു പരിചയ കുറവുണ്ടായിരുന്നു ,മാത്രമല്ല അച്ഛന് രണ്ട് ദിവസമായി അസുഖം കുറച്ച് കൂടുതലുമായിരുന്നു ,

അതിന്റെ ടെൻഷനിലായിരുന്നു ഞാൻ, കാരണം അച്ഛന് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ എനിക്കാരുമില്ലല്ലോ ?ആ ഒരു ടെൻഷനിലാ ഞാൻ സാറിന്റെ വണ്ടിയുടെ കളർ പോലും മറന്നു പോയത്,

അല്ലാതെ മനപ്പൂർവ്വമായിരുന്നില്ല ,പിന്നെ അവർ എന്നെ പിരിച്ച് വിട്ടതിന്റെ ഷോക്കിലാണ് ഞാൻ, ഇനി മറ്റൊരു ജോലി കിട്ടുന്നത് വരെയെ അതുണ്ടാവു ,സാരമില്ല എല്ലാം ശരിയാകുമായിരിക്കും അല്ലേ സർ”

ചിരിച്ച മുഖത്തോടെ അവൾ അത് ചോദിച്ചപ്പോഴും, ആ കണ്ണുകളിലെ നനവ് ഞാൻ ശ്രദ്ധിച്ചു.

“ഞാൻ കാരണം ജോലി നഷ്ടപ്പെട്ടതിൽ കുട്ടിക്ക് എന്നോട് വെറുപ്പ് തോന്നുന്നില്ലേ?

“ഇല്ല സാർ, എൻറെ സമയദോഷം കൊണ്ടാണ് എനിക്ക് ഇങ്ങനെയൊക്കെ സംഭവിച്ചത് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം,,

പണ്ടു മുതലേ ഞാൻ ഒരു ഭാഗ്യം കെട്ടവൾ ആണെന്ന് എല്ലാവരും പറയുമായിരുന്നു, അതുകൊണ്ടല്ലേ? ഞാൻ ജനിച്ചപ്പോഴേ എൻറെ അമ്മയെ എനിക്ക് നഷ്ടപ്പെട്ടത്”

അത് പറഞ്ഞപ്പോൾ അവളുടെ കണ്ണിൽ നിന്നും ചുടുകണ്ണീർ പൊഴിഞ്ഞ്നിലത്തുവീണു.

അങ്ങനെയൊക്കെ പറഞ്ഞു അവൾ എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും കുറ്റബോധത്താൽ എന്റെ മനസ്സ് നീറി കൊണ്ടിരുന്നു.

“ഞാൻ പറയുന്നത് ശരിയാണോ എന്നെനിക്കറിയില്ല, കുട്ടിയോടുള്ള സിമ്പതിയുടെ പേരിലുമല്ല ഇത് പറയുന്നത്, ഞാനെന്റെ അമ്മാവനേയും കൂട്ടി ഒരിക്കൽ കൂടി ഇങ്ങോട്ട് വന്നോട്ടെ, കുട്ടിയെ പെണ്ണ് ചോദിക്കാൻ”

“അയ്യോ സാർ , അത് പിന്നെ ,അത് ശരിയാവില്ല സാർ”

ആ മറുപടി കേട്ടപ്പോൾ ഞാൻ വല്ലാതെയായി.

“അതെന്താ കുട്ടി, കുട്ടിക്ക് എന്നെ ഇഷ്ടമായില്ലേ?

“അതല്ല സാർ, ഒന്നാമത് ഞാൻ ഒരു ദരിദ്രയായ പെൺകുട്ടിയാണ്, മാത്രമല്ല അതൊന്നും വകവെക്കാതെ സാറെന്നെ വിവാഹം കഴിച്ചു കൊണ്ടുപോയാൽ, എന്റെ അച്ഛൻറെ കാര്യം നോക്കാൻ മറ്റാരുമില്ല”

ആ വാക്കുകൾ കേട്ടപ്പോൾ സത്യത്തിൽ ഞാൻ ഉള്ള്കൊണ്ട് കരഞ്ഞുപോയി.

“മോളേ അയാളോട് ഇങ്ങോട്ട് കേറി വരാൻ പറ”

അകത്തു നിന്നും വീണ്ടും ആ പുരുഷ ശബ്ദം കേട്ടു .അതു കേട്ടപ്പോൾ ഞാൻ എഴുന്നേറ്റ് അകത്തേക്ക് ചെന്നു.

“മോനെ.. നീ ആരാ എന്താ എന്നൊന്നും എനിക്കറിയില്ല , മോന്റെ നല്ല മനസ്സ് കൊണ്ടാണ് അവളെ വിവാഹം കഴിക്കാൻ, മോൻ തയ്യാറായതെന്ന് എനിക്കറിയാം,

അതുകൊണ്ട് മോൻ അമ്മാവനെയും കൂട്ടി വന്ന് അവളെ താലികെട്ടി കൊണ്ട് പൊയ്ക്കോളൂ, എൻറെ കാര്യം നോക്കിയിരുന്നാൽ, അവൾക്ക് ഒരിക്കലും ഒരു ജീവിതം കിട്ടില്ല”

“ഇല്ലച്ഛാ … അവളെ താലികെട്ടിയാൽ അവളോടൊപ്പം ഞാൻ അച്ഛനെയും കൂട്ടിക്കൊണ്ടുപോകും,

നല്ല ചികിത്സ കിട്ടിയാൽ അച്ഛന്റെ രോഗം ഭേദമാകും എന്ന് എനിക്കുറപ്പുണ്ട്, അത് കൂടി ചെയ്താലേ, ഞാൻ ചെയ്ത തെറ്റിന് പ്രായശ്ചിത്തമാകുകയുള്ളു ,അത് കൊണ്ട് ഇനി എതിർപ്പൊന്നും പറയരുത്”

അത്രയും പറഞ്ഞിട്ട്, ആ മുറിയിൽ നിന്ന് ഞാൻ പുറത്തേക്കിറങ്ങുമ്പോൾ, കണ്ണീരോടെ എന്റെ നേരെ കൈകൂപ്പി നിൽക്കുന്ന , അവളെയാണ് ഞാൻ കണ്ടത്.അവളുടെ രണ്ടു കൈകളും ചേർത്ത് പിടിച്ച്, അവളുടെ നെറുകയിൽ ഒരു ചുംബനം കൂടി നൽകിയിട്ടാണ് ഞാൻ അവിടെ നിന്നിറങ്ങിയത്.

Share this on...