പാവപെട്ട വീട്ടിലെ കുട്ടിയെ നാട്ടിലുകാരെല്ലാം കൂടി കള്ളനാക്കി.അവസാനം ആ കുട്ടിക്ക് സംഭവിച്ചത്

in Story 201 views

ഹാജറാത്താ..ഹാജറാത്താ..ബഷീറിന്റെ ഉച്ചത്തിലുള്ള വിളികേട്ട് വീട്ടിനകത്തുനിന്നും ഹാജറത്ത വേഗം ഉമ്മറത്തേക്ക് വന്നു. എന്താ ബഷീറേ..എന്തുപറ്റി.? ഹും.. എന്തു പറ്റി.. നിങ്ങടെ മോനെന്ത്യേ.. ആ കള്ള ഹിമാറ്..പെരുംകള്ളൻ ശിഹാബ്.. എല്ലാം കള്ളക്കൂട്ടങ്ങളാണ്… ങേ.. എന്താ ബഷീറേ നീ കാര്യം പറ അവൻ എന്ത് കട്ട് ന്നാ .? എന്റെ മോൻ നിന്റെ എന്ത് കട്ടെന്നാ നീ പറയുന്നേ..? ഗദ്ഗദത്തോടെ അത്രയും ചോദിച്ചപ്പോഴേക്കും,ഹാജറത്ത കരഞ്ഞുതുടങ്ങിയിരുന്നു.

സംസാരം കേട്ട് അവിടെ പലരും വന്നു ചേർന്നു. എല്ലാരുടെയും മുൻപിൽ തന്റെ മകൻ കള്ളനാകുന്നത് സഹിക്കാൻ കഴിയാതെ ഹാജറത്താ തളർന്നു പോയി..

കൂടി നിന്നവർ ബഷീറിനോട് കാര്യം തിരക്കി.എന്താ ബഷീറേ നീ കാര്യം പറയാതെ ഇങ്ങനെ കിടന്ന് ഒച്ചവെക്കുന്നതെന്തിനാ.. അവനേയ്..ആ ശിഹാബ്.. കൂട്ടുകാരും കൂടി വന്ന്, എന്റെ പറമ്പിൽ കയറി അടക്കാമരത്തിലിരുന്ന മാടത്തയെ പിടിച്ചുകൊണ്ടുപോയി..

അത്രേ ഉള്ളോ.. അതിനാണോ നീ ഇത്ര ബഹളം വെക്കുന്നത്?പയ്യനല്ലേ …വിട്ടുകള.
ഹാജറാ.. അവൻ ഇവിടെ മാടത്തയെ കൊണ്ടുവന്നിട്ടുണ്ടോ.. കൂട്ടത്തിൽ നിന്ന കാരണവർ ഹാജറത്തായോട് ചോദിച്ചു.

ഉണ്ട് എന്നർത്ഥത്തിൽ അവർ തലയാട്ടി.. എന്നാ അതിനെ അങ്ങ് കൊടുത്തേക്ക്.. പ്രശ്നം തീർന്നല്ലോ.. കൂട്ടിൽ കിടന്ന മാടത്തയെ കൂടോടെ കൊണ്ടുവന്ന്, അവർ ബഷീറിനെ ഏൽപ്പിച്ചു. ബഷീർ അതുമായി പോയി.

മറ്റുള്ളവരും ഓരോരോ പൊല്ലാപ്പുകളേയ് എന്നു പിറുപിറുത്ത് കൊണ്ട് പിരിഞ്ഞുപോയി.
പക്ഷേ ഹാജറത്തയുടെ മനസ്സിലെ തീ അണഞ്ഞില്ല. കള്ളനെന്നുള്ള വിളിയും ,വീട്ടുകാരെ മൊത്തം ആക്ഷേപിച്ചതും എല്ലാം അവരുടെ നെഞ്ചിലെ കനലായി ഉരുകി.

ഇതൊന്നുമറിയാതെ പതിനൊന്നുകാരനായ ശിഹാബ് ക്രിക്കറ്റ് കളി കഴിഞ്ഞ് ചാടിത്തുള്ളി വീട്ടിലേക്കു വന്നതും, ഉമ്മയുടെ ടാ ..വിളിയിൽ ഞെട്ടിത്തരിച്ച് നിന്നുപോയി. കോപാഗ്നിയിൽ യക്ഷിയെ പോലെ തോന്നിയ ഉമ്മയുടെ മുൻപിൽ അവന്റെ മുട്ടുകാൽ വിറച്ചു തുടങ്ങി.

ഉമ്മയുടെ കയ്യിലെ വടി അപ്പോഴാണ് അവൻ കണ്ടത്. ഹാജറത്ത എല്ലാ ദേഷ്യവും തീർത്ത് ,പലതും പറഞ്ഞവനെ പൊതിരെ തല്ലി.അവൻ അലറിക്കരഞ്ഞുകൊണ്ടിരുന്നു.

തല്ലല്ലേ ഉമ്മാ എന്ന് പറഞ്ഞ് അവന്റെ സഹോദരങ്ങൾ ഉമ്മയെ വട്ടം പിടിച്ചു.
ആ കുഞ്ഞുമനസ്സിനെ, മാടത്തയെ നഷ്ടപ്പെട്ടതും,ഉമ്മ തല്ലിയതും,അതിനേക്കാളേറെ താൻ കള്ളനെന്നു മുദ്രകുത്തപ്പെട്ടതും, എല്ലാം വല്ലാത്തൊരു മാനസികാവസ്ഥയിൽ എത്തിച്ചു.
അവന്റെ വീട് ഒരു മരണവീടുപോലെ ആയി.

രാത്രി അത്താഴം കഴിക്കാൻ നേരമാണ് ഉമ്മ ശിഹാബിനെ തിരക്കുന്നത്. ഇല്ല.. അവനെ എവിടെയും കണ്ടെത്താനായില്ല.. മോനേ എന്നലറിവിളിച്ച് എല്ലാരും നെട്ടോട്ടം ഓടി.ഒടുവിൽ അവരുടെതന്നെ വാഴത്തോട്ടത്തിൽ ഛർദിച്ച് അവശനായ നിലയിൽ അവൻ കിടക്കുന്നതായി കണ്ടെത്തി..

അവൻ ,വാഴക്ക് അടിക്കാൻ വെച്ചിരുന്ന കീടനാശിനി .. കഴിച്ചിരിക്കുന്നു…
ഫ്യൂരിടാൻ..വാഴകൾക്കും നെല്ലിനും ഒക്കെ കീടങ്ങളെ നശിപ്പിക്കാനായി അടിക്കുന്ന കീടനാശിനി. അത് ഇരിക്കുന്ന ഭാഗത്തു പോയാൽ പോലും ശ്വാസം മുട്ടിക്കുന്ന ഗന്ധമാണ്.
അതാണ് അവൻ കഴിച്ചത്. അതിന്റെ ഗന്ധത്തെക്കാൾ അവനെ ശ്വാസം മുട്ടിക്കുന്നത് അവനേറ്റ അപമാനം ആണെന്ന് അവനു തോന്നിക്കാണും..

എന്റെ മോനേ നീ ചതിച്ചല്ലോടാ എന്നലറി മകനെ വാരിയെടുത്ത് ആ ഉമ്മ ഓടി.
ഉമ്മാ.. ഞാൻ കള്ളനല്ലുമ്മാ…

അവശനായ ശിഹാബ് പുലമ്പിക്കൊണ്ടിരുന്നു.. ഇല്ല മോനേ എന്റെ പൊന്ന് കള്ളനല്ലാ..നീ എന്തിനിത് ചെയ്തെന്റെ പൊന്നേ.. അവർ സഹിക്കാൻ കഴിയാതെ, ഓടുന്നതിനിടയിൽ തളർന്നു വീണു. ശിഹാബിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അവൻ ഈ ലോകത്തോട് വിട പറഞ്ഞിരുന്നു.

അവന്റെ ഉമ്മാക്ക് രണ്ടുദിവസം കഴിഞ്ഞാണ് ബോധം തിരിച്ചു കിട്ടിയത്..
മകന്റെ വേർപാട് കുറച്ചുനാൾ ആ ഉമ്മയെ മാനസിക വിഭ്രാന്തിയിലും എത്തിച്ചിരുന്നു.
,********’
ഇതിൽ ആരാണ് തെറ്റ് ചെയ്തത്..?

ചെറുപ്രായത്തിലെ കുസൃതികൾക്കിടയിൽ, ഏതോ പറമ്പിൽ നിന്നു കിട്ടിയ ഒരു മാടത്തയെ വീട്ടിൽ വളർത്താൻ കൊണ്ടുവന്ന ശിഹാബോ..

ഒരാളെ കള്ളനാക്കാൻ കിട്ടിയ അവസരം നഷ്ടപ്പെടുത്താതെ ,വന്ന് ബഹളം വെച്ച ബഷീറോ..
അതോ ഏറ്റ അപമാനത്തിനു കാരണക്കാരൻ എന്ന കുറ്റത്താൽ, കുട്ടിയാണെന്നുള്ള പരിഗണന പോലും നൽകാതെ സ്വന്തം മകനെ ശിക്ഷിച്ച ആ അമ്മയോ..
മുംതാസ്..

Share this on...