പണക്കാരനായ മുതലാളിയുടെ വീട്ടിലേക്ക് ഭക്ഷണം ചോദിച്ചു വന്ന ഭിക്ഷക്കാരനെ മുതലാളി ചെയ്തത് കണ്ടോ…

in Story 57 views

രചന: മുറു കൊടുങ്ങല്ലൂർ.

പടിഞ്ഞാറെപ്പുറത്ത് മായീൻ മുതലാളി. ഭാര്യ സുൽഫത്ത്. തൃത്താല പ്രദേശം അടക്കി വാണിരുന്ന രാജാവ്. ഏക്കറുകണക്കിന് നെല്പാടങ്ങളും തെങ്ങിൻ തോപ്പുകളും. ബസ്സുകൾ, പെട്രോൾ പമ്പുകൾ, കെട്ടിടങ്ങൾ അങ്ങിനെ എണ്ണിയാൽ ഒടുങ്ങാത്ത പാരമ്പര്യ സ്വത്തിന്റെ അവകാശി.

ഇട്ട് മൂടാൻ പണം ഉണ്ടായിട്ടും മറ്റുള്ളവരെ സഹായിക്കാൻ മനസില്ലാത്ത അറുപിശുക്കൻ ആയിരുന്നു മായിൻ മുതലാളി.

ഒരിക്കൽ ഉച്ച സമയത്ത് ആട് ബിരിയാണിയും കോഴി വറുത്തതും ബീഫ് കറിയും കൂട്ടി തന്റെ വീടിന്റെ മുൻവശത്ത് ഇരുന്ന് ഭക്ഷണം കഴിക്കുക ആയിരുന്നു മുതലാളി. ആ സമയത്താണ് ഒരു ഭിക്ഷക്കാരൻ കേറി വന്നത്. ആളെ കണ്ടാൽ അറിയാം ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങൾ ആയെന്ന്. മുതലാളി ഇരുന്ന് കഴിക്കുന്നത് കണ്ടപ്പോൾ കഴിക്കാൻ അല്പം ഭക്ഷണം ആ ഭിക്ഷക്കാരൻ ചോദിച്ചു. പണിക്കാരോട് അയാളെ ഓടിക്കാൻ പറഞ്ഞു.

അയാളെ പറഞ്ഞു വിടാൻ ചെന്നപ്പോൾ അയാൾ ;
‘മൂന്ന് ദിവസമായി ഭക്ഷണം കഴിച്ചിട്ട് വിശന്നിട്ട് കണ്ണ് കാണാൻ വയ്യ, കഴിക്കാൻ എന്തെങ്കിലും തരാമോയെന്ന് ‘ ചോദിച്ചു.

പണിക്കാരൻ അയാളെ വീണ്ടും പറഞ്ഞു വിടാൻ നോക്കിയെങ്കിലും അയാൾ പോയില്ല.
അവസാനം അയാൾ മുതലാളി ഇരിക്കുന്ന സ്ഥലത്തേക്ക് കേറി ചെല്ലാൻ നോക്കി.
ഇത് കണ്ട മുതലാളി കടിച്ചു കൊണ്ടിരുന്ന ചിക്കൻ കാല് കയ്യിൽ പിടിച്ചു കൊണ്ട് ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ്

“നിന്നോടല്ലേ പറഞ്ഞത് ഇവിടെ ഒന്നുമില്ലെന്ന്” അതും പറഞ്ഞ് അയാളെ ചവിട്ടി വീഴ്ത്തി.
ആ ഭിക്ഷക്കാരൻ വേദന നിറഞ്ഞ ശരീരവും, അപമാനിക്കപ്പെട്ട മനസ്സുമായി കരഞ്ഞുകൊണ്ട് അവിടെ നിന്നും വേച്ച് വേച്ചു പുറത്തേക്ക് പോയി.

ഭിക്ഷ ചോദിച്ച് വരുന്നവർക്ക് ഒന്നും കൊടുക്കാത്ത ക്രൂരനായ മനുഷ്യൻ ആയിരുന്നു മായീൻ മുതലാളി. എന്നും ആ വീട്ടിൽ അവശ്യത്തിലും അധികം ഭക്ഷണം ഉണ്ടാകും. എന്നാലും ഒരാൾക്ക് പോലും ആ വീട്ടിലുള്ളവർ കഴിച്ച് ബാക്കി വരുന്ന ഭക്ഷണത്തിൽ നിന്ന് പോലും ഒരു തരി ആർക്കും കൊടുക്കില്ല. ബാക്കി വരുന്നതെല്ലാം പടിഞ്ഞാറെ തൊടിയിൽ കുഴികുത്തി കുഴിച്ചു മൂടും അയാൾ.
അതിന് അയാൾ പറയുന്ന ന്യായം

“പടച്ചവൻ എനിക്ക് തന്നത് എന്റെ ഇഷ്ടം പോലെ ഉപയോഗിക്കും. എന്നെ പണക്കാരൻ ആക്കിയത് എനിക്ക് സുഖിക്കാൻ ആണ്. അവരെ പാവപ്പെട്ടവർ ആക്കിയത് അവരെ ദുരിതത്തിൽ ആക്കുവാനും. പടച്ചവൻ ദുരിതത്തിൽ ആക്കിയവരെ നന്നാക്കാൻ എനിക്ക് അധികാരം ഇല്ല. അത് പടച്ചവനോട് കാണിക്കുന്ന നന്ദികേട് ആകും എന്നാണ് “.

ക്രൂരനായ മുതലാളിയുടെ നേരെ വിപരീതം ആയിരുന്നു ഭാര്യ സുൽഫത്ത്. സഹായം ചോദിച്ചു വരുന്നവരെ സുൽഫത്ത് മടക്കി അയക്കാറില്ല. കയ്യും മനവും നിറച്ച് മാത്രമേ സുൽഫത്ത് അവരെ വീട്ടിൽ നിന്ന് പറഞ്ഞയക്കു.

ഭക്ഷണം കളയുമ്പോഴും പാവങ്ങളെ അക്രമിക്കുമ്പോഴും സുൽഫത്ത് മുതലളിയുടെ സൽബുദ്ധിക്ക് വേണ്ടി പടച്ചവനോട് കണ്ണീരൊഴുക്കി പ്രാർത്ഥിക്കും.
മുതലാളിയുടെ ഇളയ പെങ്ങൾ നഫീസ, പറമ്പിൽ പണിക്ക് വന്നിരുന്ന ആലിയാരുടെ മകൻ അസീസിനെ സ്നേഹിച്ചിരുന്നു. ഈ വിവരം അറിഞ്ഞ മായിൻ മുതലാളി അസീസിനെ തന്റെ പണിക്കാരെ കൊണ്ട് തല്ലി ചതച്ചു.

മൃതപ്രായനായ അസീസ് ആ നാട് വിട്ട് ദൂരെ ദേശത്തേക്ക് യാത്രയായി.
നഫീസയുടെ വിവാഹം നടത്താൻ മുതലാളി കുറെ ശ്രമിച്ചെങ്കിലും നടന്നില്ല. അവസാനം മുതലാളി ആ ശ്രമം ഉപേക്ഷിച്ചു.

നാളുകൾക്ക് ശേഷം ഒരു ദിവസം നഫീസയെ നാട്ടിൽ നിന്ന് കാണാതെയായി. കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ നഫീസയും അസീസും തിരികെ നാട്ടിലേക്ക് വന്ന് അവിടെ ഒരു ചെറിയ കുടിൽ കെട്ടി താമസം ആരംഭിച്ചു.

തന്റെ അഭിമാനത്തിന് ക്ഷതം ഏൽപ്പിച്ച അസീസിനെയും നഫീസയെയും കൊന്ന് കുഴിച്ചു മൂടാനായി മുതലാളി തന്റെ ജോലിക്കാരെ പറഞ്ഞു വിട്ടു. അവരെ കൊന്നാൽ രണ്ട് കാര്യങ്ങൾ ഉണ്ട്.
ഒന്ന് തനിക്ക് നാട്ടിൽ ഉണ്ടായ അഭിമാനക്ഷതം മാറിക്കിട്ടും. രണ്ട്, പെങ്ങൾ എന്ന നിലക്ക് നഫീസക്ക് കൊടുക്കേണ്ട സ്വത്ത് കൂടി തനിക്ക് അനുഭവിക്കാൻ കഴിയും.
കൊല്ലാനായി പോയവരുടെ മനസ്സലിവ് കൊണ്ട് അവരെ കൊല്ലാതെ വിട്ടു. അതിന് ശേഷം അവർ മുതലാളിയോട് അവരെ കൊ ന്ന് ഭാരതപ്പുഴയുടെ തീരത്ത് കുഴിച്ചിട്ടു എന്ന് മുതലാളിയെ വിശ്വസിപ്പിച്ചു.

അവർ വീണ്ടും ആ നാട് വിട്ട് പോയെന്ന് മുതലാളി നാട്ടിൽ പ്രചരിപ്പിച്ചു. മുൻപും അവർ നാട് വിട്ടിട്ടുള്ളത് കൊണ്ട് നാട്ടുകാർ ആ കഥ വിശ്വസിച്ചു.

നാട്ടുകാർ ആ കഥ വിശ്വസിച്ചെങ്കിലും വിശ്വാസിക്കാത്ത ഒരാൾ മുതലാളിയുടെ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. മുതലാളിയുടെ ഭാര്യ സുൽഫത്ത്. കാരണം, നാട്ടിൽ തിരിച്ചെത്തിയ നഫീസ ഇടക്ക് ഒരു ദിവസം ഉമ്മയെ പോലെ കാണുന്ന സുൽഫത്തിനെ വന്ന് കണ്ടിരുന്നു. ഇനി തങ്ങൾ ഈ നാട്ടിൽ നിന്നും എങ്ങോട്ടും പോകില്ലെന്നും മരിക്കുന്നത് വരെ ഈ നാട്ടിൽ തന്നെ ജീവിക്കുമെന്നും നഫീസ അവരോട് പറഞ്ഞിരുന്നു.

നഫീസയെ കൊല ചെയ്തെന്ന് സുൽഫത്ത് വിശ്വസിച്ചു. തന്റെ ഭർത്താവിന്റെ ക്രൂരതകൾ കണ്ട് മനസ്സ് നീറിയ സുൽഫത്ത് അദ്ദേഹത്തെ ഒരിക്കൽ ഉപദേശിച്ചു.

“നിങ്ങൾ ഈ കാണിക്കുന്നത് ക്രൂരതയാണ്. പടച്ചവനോട് കാണിക്കുന്ന നന്ദികേട്. അവൻ തന്ന സമ്പാദ്യത്തിൽ നിന്ന് പാവപ്പെട്ടവരെ സഹായിക്കാനും അന്യന്റെ അര്ഹതയില്ലാത്ത മുതൽ സമ്പാദിക്കരുതെന്നുമാണ് പടച്ചവനും അവന്റെ നബിയും പഠിപ്പിച്ചിട്ടുള്ളത്. ”
“നീ എന്നെ ഉപദേശിക്കാൻ മാത്രം വളർന്നിട്ടില്ല. ഞാൻ സമ്പാദിച്ച സ്വത്ത് എനിക്ക് അനുഭവിക്കാൻ ആണ്. അല്ലാതെ പാവങ്ങളെ സഹായിക്കാൻ അല്ല. പടച്ചവനും നബിയും അതേ പോലെ പലതും പറഞ്ഞിട്ടുണ്ട്. അതെല്ലാം അനുസരിച്ച് ജീവിക്കാൻ ഈ മായീൻ മുതലാളിയെ കിട്ടില്ല. ഞാൻ എന്റെ ഇഷ്ടത്തിനാണ് ജീവിക്കുക”.

“ആ നഫീസയുടെ സ്വത്ത് തട്ടിയെടുക്കാൻ അല്ലെ നിങ്ങൾ അവരെ കൊന്നത് “?
“ഞാൻ ആരെയും കൊന്നിട്ടില്ല. അവർ നാട് വിട്ടു പോയതാണ് “.
“നിങ്ങൾ അവരെ കൊന്ന് ഭാരതപ്പുഴയുടെ അരികെ കുഴിച്ചിട്ടത്, നിങ്ങളോട് അവർ വന്ന് പറഞ്ഞത് ഞാൻ കേട്ടിരുന്നു. നിങ്ങൾ ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത് “?
“അടങ്ങി ഒതുങ്ങി കഴിഞ്ഞാൽ ഞാൻ സമ്പാദിക്കുന്നത് നിനക്കും നിന്റെ മക്കൾക്കും ഉപയോഗിക്കാം. ഇല്ലെങ്കിൽ ഞാൻ എല്ലാത്തിനെയും കൊന്ന് കുഴിച്ചു മൂടും. പറഞ്ഞേക്കാം”.
“എനിക്കും എന്റെ മക്കൾക്കും അന്യന്റെ സ്വത്ത് ആവശ്യം ഇല്ല. കഞ്ഞി കുടിച്ച് ആണെങ്കിലും ഞാനും മക്കളും ഇവിടെ ജീവിച്ചു കൊള്ളാം. നിങ്ങൾ ഈ മനുഷ്യരെ നരകിപ്പിക്കുന്നത് ഒഴിവാക്കിയാൽ മതി “.

“നിനക്ക് വേണ്ടെങ്കിൽ വേണ്ട. എന്റെ മക്കൾ അവർ രാജാക്കന്മാരെ പോലെ ജീവിക്കണം “.
“അന്യരുടെ മുതൽ കൊണ്ട് രാജാക്കന്മാരെ പോലെ ജീവിക്കുന്നതിലും നല്ലത് പട്ടിണി കിടക്കുന്നത് ആണ് “.

“ഞാൻ പറഞ്ഞു നിന്നോട്. എന്നെ ഉപദേശിക്കാൻ നീ ആയിട്ടില്ല. മര്യാദക്ക് അടങ്ങി ഒതുങ്ങി കഴിഞ്ഞോളണം. ഇല്ലെങ്കിൽ ഞാൻ വെട്ടി നുറുക്കി കുഴിച്ചു മൂടും “.
അതും പറഞ്ഞ് മുതലാളി ആ വീട്ടിൽ നിന്ന് പുറത്തേക്ക് പോയി. അതിന് ശേഷം സുൽഫത്ത് മുതലാളിയോട് ഒന്നും സംസാരിക്കാറുണ്ടായിരുന്നില്ല.കുറച്ചു ദിവസങ്ങൾക്ക് ശേഷം ഒരു ദിവസം രാവിലെ മുതലാളി എഴുന്നേറ്റപ്പോൾ ശരീരത്തിൽ ചെറിയ കുരുക്കൾ ഉണ്ടായിരുന്നു.

ആദ്യമൊക്കെ ഡോക്ടറെ കാണാൻ പറഞ്ഞെങ്കിലും പൈസ പോകുന്ന കാര്യം ആയത് കൊണ്ട് അയാൾ സമ്മതിച്ചില്ല.

അവസാനം ശരീരം മുഴുവൻ ചൊറിഞ്ഞു പൊട്ടി ആകെ വൃണമായി. ആരും തിരിഞ്ഞു നോക്കാത്ത അവസ്ഥയിൽ അയാളെ ആരൊക്കെയോ ചേർന്ന് ആശുപത്രിക്കിടക്കയിൽ എത്തിച്ചു.
വർഷങ്ങൾ നീണ്ട ചികിത്സക്ക് ഒടുവിൽ അയാളുടെ അസുഖം മാറിയില്ലെങ്കിലും ഉണ്ടായിരുന്ന സ്വത്തും സമ്പാദ്യങ്ങളും എല്ലാം പോയി. അവസാനം അയാൾ പുറമ്പോക്കിൽ ആരൊക്കെയോ ചേർന്ന് ഒരു സെന്റ് ഭൂമിയിൽ ഉണ്ടാക്കിക്കൊടുത്ത ഓലപുരയിലെ പഴയ ഒരു കയറ് കട്ടിലിൽ കിടന്ന് മേൽക്കൂരയിലെ ദ്വാരത്തിലൂടെ കാണുന്ന ആകാശം നോക്കി കിടന്ന് കൊണ്ട് തന്റെ പഴയ കാല ജീവിതത്തെ കുറിച്ച് ആലോചിച്ചു.

ചെയ്തു കൂട്ടിയ പാപങ്ങൾ, മറ്റുള്ളവരെ പറ്റിച്ചും വെട്ടിച്ചും നേടിയത്, അന്ന് ബാക്കി വന്ന ഭക്ഷണങ്ങൾ ആർക്കും കൊടുക്കാതെ പടിഞ്ഞാറെ തൊടിയിൽ കുഴിച്ചു മൂടിയെങ്കിൽ ഇന്ന് ഒരിറക്ക് വെള്ളത്തിനായി ദിവസങ്ങൾ കാത്തിരിക്കുന്നു. തന്റെ മുന്നിൽ ഭിക്ഷ ചോദിച്ച് വന്നവരെ അന്ന് താൻ അട്ടിയോടിച്ചപ്പോൾ അവർ ശപിച്ചത് കൊണ്ടാകും ഇന്ന് താൻ മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടേണ്ടി വന്നത്. പാവം എന്റെ നഫീസ, അവരെ ഞാൻ എത്ര മാത്രം ഉപദ്രവിച്ചു. സ്വത്തിന് വേണ്ടി അവരെ കൊന്ന് കളഞ്ഞ താൻ എത്ര ക്രൂരനാണെന്ന് അയാൾക്ക് സ്വയം തോന്നി.
ഭാര്യയെ അടുത്തേക്ക് വിളിച്ച് അവർ അന്ന് പറഞ്ഞത് അനുസരിക്കാത്തത് കൊണ്ടാണ് തനിക്ക് ഈ ഗതി വന്നതെന്ന് പറഞ്ഞ് അയാൾ പൊട്ടിക്കരഞ്ഞു.

പതിയെ പതിയെ അയാളുടെ മനസിന്റെ നിയന്ത്രണം അയാൾക്ക് നഷ്ടമായി തുടങ്ങി.
അവരുടെ മക്കളുമായി അയാളുടെ ഭാര്യ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ കഴിയാതെ ഉഴറി.
നഫീസയെ കൊല്ലാൻ ഏൽപ്പിച്ചത് മറന്ന് കൊണ്ട് അയാൾ ഇടക്കിടെ സുൽഫത്തിനോട് നഫീസയെ കാണണമെന്ന് പറഞ്ഞ് കരയാൻ തുടങ്ങി.

ഒരിക്കൽ അയാളെ കാണാൻ വന്ന അയാളുടെ പഴയ ജോലിക്കാരന്റെ മുന്നിൽ വെച്ചും അതേ ആവശ്യം പറഞ്ഞു കൊണ്ട് മുതലാളി കരഞ്ഞു. മനസലിഞ്ഞ അയാൾ സുൽഫത്തിനോട് നഫീസയും അസീസും കൊല്ലപ്പെട്ടിട്ടില്ല എന്ന സത്യം പറഞ്ഞു. എവിടെ ഉണ്ടെങ്കിലും താൻ അവരെ കണ്ടെത്തി കൊണ്ട് വരാം എന്ന് ഉറപ്പിൽ അയാൾ അവിടെ നിന്ന് ഇറങ്ങി.
അസീസിന്റെ വീട്ടിൽ അന്വേഷിച്ചത് പ്രകാരം അവരുടെ ഇപ്പോഴത്തെ അഡ്രസ്സ് കിട്ടിയ അയാൾ, അവരെ അന്വേഷിച്ച് യാത്രയായി.

ദിവസങ്ങൾ നീണ്ട യാത്രക്കൊടുവിൽ ബോംബെ എന്ന മഹാനഗരത്തിൽ നിന്ന് അയാൾ അവരെ കണ്ടെത്തി.

അപ്പോഴേക്കും ആലിയാർ എന്ന കൂലിപ്പണിക്കാരന്റെ മകൻ അവിടെ മൂന്ന് ഹോട്ടലുകളുടെ മുതലാളി ആയിരുന്നു.
അസീസിനെയും നഫീസയെയും കണ്ടെത്തിയ അയാൾ മായീൻ മുതലാളിയുടെ ഇപ്പോഴത്തെ അവസ്ഥ അവരെ പറഞ്ഞ് ബോധ്യപ്പെടുത്തി. അയാളുടെ അവസ്ഥയിൽ മനസലിഞ്ഞ അസീസും കുടുംബവും അയാളെ കാണുന്നതിനായി നാട്ടിലേക്ക് തിരിച്ചു.

മായീൻ മുതലാളിയുടെ നിർഭാഗ്യമോ, അതോ നഫീസയുടെ നിർഭാഗ്യമോ തന്റെ കൂടപിറപ്പിനെ കാണാതെ, ചെയ്ത തെറ്റുകൾക്ക് മാപ്പ് ചോദിക്കാൻ പോലും കഴിയാതെ അവർ എത്തുമ്പോഴേക്കും അയാൾ ഈ ഭൂമിയിൽ നിന്ന് യാത്ര തിരിച്ചു.

ഭർത്താവിന്റെ ക്രൂരതകൾ അറിയാവുന്ന ഭാര്യ സുൽഫത്ത് അയാൾക്ക് വേണ്ടി നഫീസയുടെയും അസീസിന്റെയും കാൽ പിടിച്ച് മാപ്പ് പറഞ്ഞു. കൂടപിറപ്പിനെ ഉള്ളറിഞ്ഞ് സ്നേഹിച്ചിരുന്ന സുൽഫത്ത് അയാൾക്ക് മാപ്പ് കൊടുത്തു.

മരണാനന്തര ചടങ്ങുകൾക്ക് ശേഷം നാട്ടിൽ ആരും തുണയില്ലാത്ത സുൽഫത്തിനെയും മക്കളെയും അവർ അവരുടെ കൂടെ ബോംബയിലേക്ക് കൊണ്ടുപോയി.
സ്വന്തം ഭാര്യക്കും മക്കൾക്കും വേണ്ടി ആരുടെ സ്വത്താണോ അയാൾ അപഹരിച്ചത്, അവരുടെ സംരക്ഷണയിൽ ആണ് ഇന്ന് ആ ഭാര്യയും മക്കളും ജീവിക്കുന്നത്.

“മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ”
അത്രേയുള്ളൂ മനുഷ്യന്റെ കാര്യം. സ്വത്തും സമ്പത്തും മനുഷ്യന് ജീവിക്കാൻ ആണ്. സ്വയം ജീവിക്കുമ്പോൾ തന്റെ ചുറ്റിലും ഉള്ളവരെ കൂടി സഹായിക്കാൻ ശ്രമിക്കുക. എത്ര വലിയ പണക്കാരനെയും ഭിക്ഷക്കാരനാക്കി മാറ്റാൻ പടച്ചവന് അധിക സമയത്തിന്റെ ആവശ്യമില്ലെന്ന സത്യം മനസിലാക്കുക. ഭക്ഷണത്തെ ബഹുമാനിക്കുക. അനാവശ്യ ധൂർത്തുകൾ ഒഴിവാക്കുക.

ഓരോ തരി അന്നം കളയുമ്പോഴും അതിന് അവകാശപ്പെട്ട മറ്റൊരാളുടെ വിശപ്പ് മാറ്റുന്നതിനുള്ള ഭക്ഷണം ആണ് കളയുന്നതെന്ന ബോധം ഉണ്ടാകണം. നാളെ അവരോട് അതിന് കണക്ക് പറയേണ്ടി വരുമെന്ന് ചിന്തിക്കുക. അന്യന്റെ മുതൽ ആഗ്രഹിക്കാതെ സ്വന്തമായി അധ്വാനിച്ച് കിട്ടുന്നതിന് അനുസരിച്ച് ജീവിക്കാൻ പഠിക്കുക.

Share this on...