ഡോക്റ്റർ യുവതിയെ തട്ടി കൊണ്ട് പോകാൻ ശ്രമിച്ചവരെ കണ്ടു ടാക്സി ഡ്രൈവർ ചെയ്തത് കണ്ടോ.!!

in Story 1,014 views

എവിടാ പോകേണ്ടെന്നു പറഞ്ഞാൽ ഞങ്ങള് കൊണ്ടു വിടാം… ഈ നട്ടപ്പാതിരാക്ക് വേറെ വണ്ടിയൊന്നും കിട്ടൂല… വാ കേറിക്കോ…”

ആ ചെറുപ്പക്കാരൻ പറഞ്ഞു…. നീതു പേടിയോടെ ചുറ്റും നോക്കി… അടുത്തെങ്ങും ആരുമില്ല… ബസ്റ്റോപ്പിൽ തനിക്ക് മുൻപിൽ നിർത്തിയിട്ടിരിക്കുന്ന കാറിൽ നാല് ചെറുപ്പക്കാർ… മദ്യത്തിന്റെയും സിഗരറ്റിന്റെയും രൂക്ഷ ഗന്ധം…. രാത്രി പതിനൊന്നര മണി കഴിഞ്ഞത് കൊണ്ടാവണം റോഡിലൊന്നും വാഹനങ്ങളും വരുന്നില്ല…
“നേരം കളയണ്ട മോളേ… കേറ്..”.. വേറൊരു ചെറുപ്പക്കാരൻ പറഞ്ഞു..

അവൾ ബസ്റ്റോപ്പിൽ നിന്നിറങ്ങി നടന്നു.. അടുത്തെവിടെങ്കിലും വീട് ഉണ്ടെങ്കിൽ അങ്ങോട്ട് ചെല്ലാം.. അവൾ മനസ്സിൽ ഉറപ്പിച്ചു….. പക്ഷേ കാറിൽ നിന്ന് ഒരുത്തൻ ഇറങ്ങി അവൾക്ക് മുന്നിൽ നിന്നു..
“അങ്ങനങ്ങു പോയാലോ…”

“വഴി മാറ്..”… അവൾ മനസ്സിലെ ഭയം പുറത്ത് കാട്ടാതെ പറഞ്ഞു..
“പിന്നേ.. അത്ര പുണ്യാളത്തി ഒന്നും ചമയല്ലേ.. നീ നട്ടപ്പാതിരക്ക് ബസ് നിർത്താത്ത ഈ ബസ്റ്റോപ്പിൽ എന്തിനാ നിൽക്കണേന്ന് ഞങ്ങൾക്കറിയാം… വാ വണ്ടീൽ കേറ്…”

അവൻ അവളുടെ കൈയിൽ പിടിക്കാൻ ഓങ്ങി… പെട്ടെന്ന് പിന്നിൽ ഒരു ഹോൺ ശബ്ദം… എല്ലാവരും തിരിഞ്ഞു നോക്കി.. ഒരു ടാക്സി കാർ ആണ്… നീതുവിന് മനസ്സിൽ വല്ലാത്തൊരു സമാധാനം തോന്നി… നീണ്ടു മെലിഞ്ഞ ഒരു ചെറുപ്പക്കാരൻ ടാക്സിയുടെ ഡ്രൈവിങ് സീറ്റിൽ നിന്ന് ഇറങ്ങി..

“മാഡം, ടാക്സി വേണോ?”
“വേണ്ട, നീ നിന്റെ പാട് നോക്കി പോടാ..”. മറുപടി പറഞ്ഞത് നീതുവിനെ തടഞ്ഞു നിർത്തിയവനാണ്.
“സാറിനോടല്ല, ഞാനീ മാഡത്തോടാ ചോദിച്ചേ…”

കാറിൽ ഇരുന്ന മറ്റു രണ്ടു പേരും കൂടെ പുറത്തിറങ്ങി. ഒരു സംഘട്ടനത്തിന് തയ്യാറെന്ന പോലെ നിരന്നു നിന്നു…ടാക്സിക്കാരൻ ഒന്ന് പുഞ്ചിരിച്ചു.. മെല്ലെ കാറിന്റെ ഡിക്കി തുറന്ന് വീൽ സ്പാനർ എടുത്തു.. എന്നിട്ട് അവരുടെ മുൻപിലെത്തി…
“നിങ്ങള് നാലുപേരെയും അടിച്ചു തോൽപിച്ച് ഈ പെണ്ണിനെ രക്ഷിച്ചോണ്ട് പോകാൻ ഞാൻ പടത്തിൽ വരുന്ന ഹീറോ ഒന്നുമല്ല… നമ്മൾ അടി കൂടിയാൽ ഞാൻ തോൽക്കും.. പക്ഷെ… വീഴും മുൻപ് നാലിൽ ഒരുത്തന്റെ എങ്കിലും തല ഞാൻ അടിച്ചു പൊളിക്കും… ജീവിച്ചു മതിയായവൻ ഉണ്ടെങ്കിൽ ആദ്യം മുന്നോട്ട് വാ….”

നാല് പേരും ഒരു നിമിഷം പകച്ചു.. പതിഞ്ഞതെങ്കിലും ഉറച്ച ശബ്ദം…കണ്ണുകളിൽ തിരിച്ചറിയാനാവാത്ത ഭാവം…അവൻ ഒരടികൂടെ മുന്നോട്ട് എടുത്തു വച്ചതും അവർ പതറി..

“മാഡം പോയി വണ്ടിയിൽ കയറ്… തടയാൻ ആരാ ആദ്യം വരുന്നെന്നു ഞാൻ നോക്കട്ടെ…”
നീതു ഓടി ടാക്സിയിൽ കയറി… സ്പാനർ ഒന്ന് ചുഴറ്റി കൊണ്ട് അവനും മെല്ലെ വന്നു കയറി കാർ മുന്നോട്ട് എടുത്തു….
“താങ്ക്സ് കേട്ടോ.. എന്നെ റെയിൽവേ സ്റ്റേഷന്റെ അടുത്തുള്ള സ്കൈലൈൻ അപ്പാർട്ട്മെന്റിൽ ഇറക്കാമോ?”
“താങ്ക്സ് ഒന്നും വേണ്ട… മുന്നൂറ്റിഅൻപതു രൂപ വേണം.. അവിടെത്തിയിട്ട് പറ്റില്ലാന്നു പറയരുത്…”

“തരാം…”
“അതേയ്… ഈ പാതിരാത്രിക്ക് മാഡം അവിടെങ്ങനെ എത്തി… ആ സ്റ്റോപ്പിൽ നൈറ്റ്‌ ബസ് ഒന്നും നിർത്തില്ല…”.
“ഞാൻ എന്റെ ഫ്രണ്ടിന്റെ വീട്ടിൽ ഒരു ഫങ്ഷന് പോയതാ… വേറൊരു കൂട്ടുകാരിയും ഉണ്ടായിരുന്നു.. എന്റെ വണ്ടി കേടായ കാരണം അവളുടെ കാറിലാ പോയത്.. പെട്ടെന്ന് അവളുടെ അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞു വിളി വന്നു.. എന്നെ ഇവിടിറക്കിയിട്ട് അവൾ പോയി…വേറൊരു ഫ്രണ്ട് ഇങ്ങോട്ട് വരാം എന്ന് പറഞ്ഞു.. ഇതുവരെ വന്നില്ല…”
“നല്ല ആത്മാർത്ഥതയുള്ള കൂട്ടുകാർ… അസമയത്ത് ഒരു പെണ്ണിനെ വിജനമായ സ്ഥലത്ത് ഒറ്റക്ക് വിട്ടിരിക്കുന്നു…. ബെസ്റ്റ്!!”
അവൻ പരിഹസിച്ചു..

“അതെന്താ, പെണ്ണിന് മാത്രമേ അസമയം ഉള്ളോ? ഒറ്റക്ക് ഒരു പെണ്ണ് നിന്നാൽ അത്‌ എന്തും ചെയ്യാനുള്ള സമ്മതം ആണോ?”
“എന്റെ മാഡം, ഇതൊക്കെ പ്രസംഗിക്കാൻ കൊള്ളാം…… പക്ഷേ സ്ത്രീകളെ ബഹുമാനിക്കേണ്ടത് സ്വന്തം കടമ ആണെന്ന് ചിന്തിക്കുന്ന ഒരു തലമുറ വരുന്നത് വരേയ്ക്കും നിങ്ങൾ സുരക്ഷിതരല്ല… ഒരു പെൺകുട്ടിയെ അതി ക്രൂരമായി കൊന്നവന് തയ്യൽ മെഷീൻ വാങ്ങി കൊടുത്ത നാടാണ് ഇത്…”
“തന്റെ പേരെന്താ?”.
“കെവിൻ..”

“വീടോ “.?
“ബോട്ട് ജെട്ടിയുടെ ഇടത് വശത്തുള്ള പള്ളി ഇല്ലേ? അതിന്റെ പുറകിലാ..”
അവൾ ഫോൺ എടുത്തു നോക്കി… ചാർജ് തീർന്നു സ്വിച്ച് ഓഫ്‌ ആണ്..
“കാറിൽ മൊബൈൽ ചാർജർ ഉണ്ടോ?”

“ഏതാ ഫോൺ?”
“ഐ ഫോൺ ”
“അയ്യോ മാഡം, സോറി… എന്റെ സാംസങ് ആണ്.. അതിന്റത് മാത്രമേ ഉള്ളൂ..”
അവൾ പുറത്തേക്ക് നോക്കി.. കുറച്ച് ദൂരെ സ്കൈലൈൻ അപ്പാർട്ട് മെന്റിന്റെ ബോർഡിലെ നീല വെളിച്ചം കാണാം..
“മാഡം പഠിക്കുകയാണോ?”

“അല്ല ഡോക്ടർ ആണ്.. മേരിമാതാ ഹോസ്പിറ്റലിൽ…”
“ഞാൻ അമ്മച്ചിയേയും കൂട്ടി കഴിഞ്ഞയാഴ്ച്ച അവിടെ വന്നതാണല്ലോ… മാഡത്തെ കണ്ടില്ല..”
അവൾക്ക് ചിരിവന്നു..

“അതിന് തന്റെ അമ്മ കുട്ടി ആണോ… ഞാൻ പീഡിയാട്രീഷ്യൻ ആണ് .. കുട്ടികളുടെ ഡോക്ടർ..”
“മാഡത്തിന്റെ പേരെന്താ?”

“നീതു…”
“ആഹാ… കുട്ടികളുടെ ഡോക്ടർക്ക്‌ കുഞ്ഞുപേര്… സൂപ്പർ…”
കാർ അപ്പാർട്മെന്റിന്റെ മുന്നിലെത്തി.. സെക്യൂരിറ്റി ഗേറ്റിന്റെ ഉള്ളിൽ നിന്ന് എത്തി നോക്കുകയാണ്… കെവിൻ ഗ്ലാസ്‌ താഴ്ത്തി..
“ഒന്ന് തുറക്ക് സഹോദരാ… ഞാൻ കൊള്ളയടിക്കാൻ വന്നതൊന്നുമല്ല… ”

അയാൾ പതിയെ ഗേറ്റ് തുറന്നു സംശയത്തോടെ അടുത്ത് വന്നു.. നീതുവിനെ കണ്ടതും അയാൾ ചിരിച്ചു..
“അയ്യോ ഡോക്ടർ ആയിരുന്നോ…”
“അല്ല, പ്രധാനമന്ത്രി…” കെവിൻ കാർ അകത്തേക്കെടുത്തു… അവൾ 500 രൂപ എടുത്ത് അവനു നീട്ടി..
“ബാക്കി വച്ചോ “…
“വേണ്ട – എന്ന് പറയൂല.. കാശിനു കുറേ ആവശ്യം ഉണ്ട്‌…”

അവൾ ചിരിച്ചുകൊണ്ട് നടക്കാൻ തുടങ്ങി . എന്നിട്ട് തിരിഞ്ഞു നിന്നു..
“എടോ, തന്റെ നമ്പർ തരാമോ? എന്റെ കാർ റെഡി ആവാൻ മൂന്നാല് ദിവസം പിടിക്കും.. അത് വരെ രാവിലേം വൈകിട്ടും എനിക്ക് വേണ്ടി ഓടാൻ പറ്റുമോ? ”
“ഓ.. അതിനെന്താ…,? എനിക്കങ്ങനെ സ്ഥിരം ഓട്ടം ഒന്നുമില്ല മാഡം.. ചിലപ്പോൾ എയർപോർട്ടിലേക്ക്, അല്ലെങ്കിൽ ഗുരുവായൂർ, മൂകാംബിക, പിന്നെ ഏതെങ്കിലും വിവാഹം, ഹോസ്പിറ്റൽ കേസ്… അത്രയേ ഉള്ളൂ… ഇതിപ്പം മൂന്നാല് ദിവസത്തെ കാര്യമല്ലേ… ഞാനേറ്റു..”

“എന്നാ താൻ എന്റെ നമ്പർ സേവ് ചെയ്തോ… എന്നിട്ട് ഒരു hai അയക്ക്.. ”

അവൾ നമ്പർ പറഞ്ഞുകൊടുത്തു.. എന്നിട്ട് അകത്തേക്ക് കയറിപ്പോയി…
*****
ഫോൺ നിർത്താതെ അടിച്ചപ്പോഴാണ് നീതു എഴുന്നേറ്റത്… എടുത്തപ്പോഴേക്കും കട്ടായി… കുറേ മിസ്സ്ഡ് കാൾസ് ഉണ്ട്‌.. അച്ഛന്റെ, മനുവിന്റെ, ഹോസ്പിറ്റലിൽ നിന്ന്.. പിന്നെ പരിചയം ഇല്ലാത്ത ഒരു നമ്പറിൽ നിന്നും…. വാട്സാപ്പിൽ മെസ്സേജും കിടക്കുന്നു… ആദ്യം അച്ഛനെ തിരിച്ചു വിളിച്ചു…
“ഹലോ അച്ഛാ…”

“ഞാൻ കുറേ നേരമായി വിളിക്കുന്നു..”.. ഗൗരവമുള്ള ശബ്ദം..
“സോറി..ഫോൺ സൈലന്റ് ആയിരുന്നു “.. അവൾ കള്ളം പറഞ്ഞു.
“ഞാൻ പറഞ്ഞ കാര്യം ആലോചിച്ചോ?”
അച്ഛന്റെ കൂട്ടുകാരന്റെ മകനുമായുള്ള കല്യാണക്കാര്യം ആണ് സൂചിപ്പിക്കുന്നത്..
“ഇപ്പൊ വേണ്ടാന്ന് ഞാൻ പറഞ്ഞതല്ലേ?”.

“പിന്നെപ്പോഴാ… നിന്റെ ഇഷ്ടം നോക്കി കുറേ ആയി കാത്തിരിക്കുന്നു… പറ്റില്ലെങ്കിൽ തുറന്നു പറഞ്ഞോ… വെറുതെ മറ്റുള്ളവരെ കാത്ത് നിർത്തണ്ടല്ലോ..ഇനി നിന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടെങ്കിൽ അത്‌ പറ…”
“അച്ഛാ ഹോസ്പിറ്റലിൽ നിന്നു കാൾ വരുന്നു.. ഞാൻ അങ്ങോട്ട്‌ വിളിച്ചോളാം…” നീതു ഫോൺ കട്ട്‌ ചെയ്തു.അവൾ മനുവിനെ വിളിച്ചു.. ഒരുപാട് തവണ ട്രൈ ചെയ്ത ശേഷമാണ് അവൻ ഫോൺ എടുത്തത്..

“നീതു, ഞാൻ കുറച്ച് ബിസി ആണ്… ഇപ്പൊ ബാംഗ്ലൂർ ആണുള്ളത്.. ഞാൻ വിളിച്ചോളാം..”
“മനൂ, താൻ എപ്പോ നാട്ടിലെത്തും?”
“നാളെ നൈറ്റ്‌..”
” വന്നിട്ട് വിളിക്ക്.. കുറച്ചു സംസാരിക്കാനുണ്ട്..”

“ഓക്കേ ഡിയർ…”…. അവൻ ഫോൺ വച്ചു… ഒരു ബിസിനസ്‌മാനാണ് മനു എന്ന മനോജ്‌ രാംകുമാർ… നീതുവും അവനുമായുള്ള പ്രണയം ഒന്നര വർഷം പിന്നിട്ടു… കൂട്ടുകാരന്റെ കുട്ടിയുടെ ട്രീട്മെന്റിന് കൂടെ വന്നതായിരുന്നു മനു. അങ്ങനെ പരിചയപ്പെട്ടു… പിന്നെ ഇഷ്ടത്തിലായി…. എല്ലാവരോടും മാന്യമായി പെരുമാറുന്ന ഒരു ചെറുപ്പക്കാരൻ… ഒരു വലിയ ഫാമിലിയിലെ ഏറ്റവും ഇളയവൻ…… ബാംഗ്ലൂരിലേക്ക് ബിസിനസ്‌ വ്യാപിപ്പിക്കാനുള്ള പരിശ്രമത്തിലാണ്.. അതിന് ശേഷം രണ്ടു വീട്ടിലും സംസാരിക്കാൻ പ്ലാനിട്ട് നില്കുകയാണ് അവർ രണ്ടും….. വലിയ എതിർപ്പൊന്നും ഉണ്ടാകില്ല എന്നവർക്കറിയാം..കാരണം രണ്ടു പേരും ലൈഫിൽ സെറ്റിൽഡ് ആയവർ ആണ്… രണ്ടു കുടുംബവും സാമ്പത്തികമായും നല്ല നിലയിലും..

നീതു വാട്സാപ്പ് ഓപ്പൺ ചെയ്തു. നേരത്തേ കണ്ട പരിചയമില്ലാത്ത നമ്പറിൽ നിന്നുമുള്ള മെസ്സേജ്…
“ഹലോ മാഡം.. ടാക്സി വേണമെന്ന് പറഞ്ഞിരുന്നില്ലേ… ഞാൻ താഴെ ഉണ്ട്‌..”
അവൾ തിരിച്ചു വിളിച്ചു.
“കെവിൻ ഒന്ന് വെയിറ്റ് ചെയ്യണേ.. ഞാൻ വരാം..”
“ഓക്കേ മാഡം…”

അവൾ പെട്ടെന്ന് കുളിച്ചു റെഡി ആയി താഴെ പോയി.. കെവിൻ മൊബൈലിൽ എന്തോ വീഡിയോ കണ്ട് ഉറക്കെ ചിരികുകയാണ്.അവൾ ഡോർ തുറന്ന് കാറിൽ കയറി..
“ഗുഡ്മോർണിംഗ് ”
“ഗുഡ്മോർണിംഗ് മാഡം… ഞാൻ കുറേ വിളിച്ചു..”
“ഉറങ്ങിപ്പോയെടോ… ഇന്നലെ ലേറ്റ് ആയില്ലേ..”

“എനിക്കും തോന്നി… ഞാൻ നേരത്തേ വന്നു… ഇനി വൈകിയാൽ മാഡം വേറെ വണ്ടി ഏല്പിക്കുമോ എന്ന് പേടിയാരുന്നു..”
“ജോലിയിൽ വലിയ ആത്മാർത്ഥത ആണല്ലേ?”
“കാശിനു ആവശ്യമുള്ളവർ ജോലിയിൽ ആത്മാർത്ഥത കാണിച്ചല്ലേ പറ്റൂ…”?
“എടോ ഒന്ന് ചോദിച്ചോട്ടെ?.. താൻ കളരിയോ കരാട്ടെയോ മറ്റോ പഠിച്ചിട്ടുണ്ടോ?”
“ഇല്ലല്ലോ… എന്തേ?”

“പിന്നെന്തു ധൈര്യത്തിലാ താനിന്നലെ ആ നാല് തടിമാടൻമാരുടെ നേരെ പോയത്??”
“ഞാൻ അതിന് തല്ലിയില്ലല്ലോ..? ഏതോ പടത്തിലെ ഡയലോഗ് ഒന്നടിച്ചു നോക്കിയതാ… അതേറ്റു…അത്രേ ഉള്ളൂ..”
“താനാള് കൊള്ളാലോ…” നീതു പൊട്ടിച്ചിരിച്ചു.
കാർ ഹോസ്പിറ്റലിൽ എത്തി.നീതു ഇറങ്ങിയ ശേഷം അവന്റെ അടുത്ത് എത്തി..

“എടോ അടുത്ത തവണ ആരെയെങ്കിലും രക്ഷിക്കാൻ പോകും മുൻപ് ഒന്നാലോചിക്കണം, തന്നെ കൊണ്ട് കഴിയുമോ എന്ന്… ഇല്ലെങ്കിൽ ബുദ്ധിപരമായി എന്തെങ്കിലും ചെയ്യണം…”
കെവിൻ അവളുടെ മുഖത്തേക്ക് നോക്കി..

“ഇല്ല മാഡം… ഇത് പോലൊരു സിറ്റുവേഷനിൽ ഒരു പെണ്ണ് നിൽകുമ്പോൾ നൂറു പേര് എതിരിലുണ്ടായാലും ഞാൻ പോകും… എന്നെ കൊന്നാലും സന്തോഷത്തോടെ മരിക്കും… അതിനൊരു കാരണം ഉണ്ട്‌ കേട്ടോ… വർഷങ്ങൾക്ക് മുൻപ് ജോലി കഴിഞ്ഞു പോകുകയായിരുന്ന ഒരു മലയാളി പെൺകുട്ടിയെ ചെന്നൈയിൽ വച്ചു കുറച്ച് പേർ ബലമായി കാറിൽ കേറ്റി കൊണ്ടു പോയി… കണ്ടു നിന്നവർ ചെറുവിരൽ പോലും അനക്കിയില്ല… ഒരാൾക്ക് പോലും തടയാൻ കഴിഞ്ഞില്ല… മാനം രക്ഷിക്കാൻ ഓടുന്ന കാറിൽ നിന്ന് പുറത്തേക്ക് ചാടി ആ പെൺകുട്ടി മ.രി.ച്ചു….

മാഡം ചിലപ്പോൾ പത്രത്തിലൊക്കെ വായിച്ചിട്ടുണ്ടാകും, മരിയ ജോർജ്…. ഞാൻ കെട്ടാനിരുന്ന പെണ്ണ് ആയിരുന്നു… വിവാഹത്തിന് രണ്ടാഴ്ച ബാക്കി ഉള്ളപ്പോഴാ അത്‌ സംഭവിച്ചത്.ആരെങ്കിലും ഒരാൾ പ്രതികരിച്ചിരുന്നെങ്കിൽ അവളിന്നും ജീവനോടെ ഇരുന്നേനെ.ആക്രമിക്കപ്പെടുന്ന ഓരോ പെണ്ണും ആരുടെയൊക്കെ എങ്കിലും മകളോ, പെങ്ങളോ, ഭാര്യയോ, കാമുകിയോ, അമ്മയോ ഒക്കെ ആയിരിക്കില്ലേ?.. നഷ്ടപ്പെടുന്നതിന്റെ വേദന എത്രമാത്രം കഠിനമാണെന്ന് എനിക്ക് അറിയാം. അതുകൊണ്ട് തന്നെ ആരെയെങ്കിലും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ചത്തു പോയാലും ഒരു പ്രശ്നവുമില്ല… ഞാൻ പോകട്ടെ മാഡം… എത്ര മണിക്കാ വരേണ്ടതെന്ന് മെസ്സേജ് വിട്ടാൽ മതി…”

Share this on...