ജോലി സ്ഥലത്തെ മുതലാളി പറഞ്ഞത് കേട്ട് പ്രവാസി യുവാവിന്റെ ചങ്ക് തകർന്നു പോയി.

in Story 717 views

“കൊറേ ദെവസായി കാലിനൊരു തരിപ്പ്. ഡോക്ടറെ ഒന്നു കാണിക്കണം. എടീ അന്റ കയ്യിൽ പൈസെന്തേലും..ണ്ടോ”ഷമീർ ഭാര്യ മുംതാസിനോടു ചോദിച്ചു. “ന്റെ കയ്യില് പൈസ ങ്ങനെ പൊട്യല്ലേ, ഇങ്ങള് ചോയ്ച്ചുമ്പൊക്കെ ങ്ങനെ ഇട്ത്ത് തെരാൻ?” അതും പറഞ്ഞ് അവളകത്തേക്കു പോയി. നിമിഷങ്ങൾ കഴിഞ്ഞു പുറത്തു വന്നു. എവിടെ നിന്നോ തപ്പിയെടുത്ത ഏതാനും മുഷിഞ്ഞ നോട്ടുകൾ അവളയാളുടെ നേരെ നീട്ടി.

“ദാ ഒരു 300 ഉറുപ്യ ണ്ട്, ഇനി ന്റെ കൈയില് ചില്ലറ പൈസിങ്കൂടി ഇല്ല ട്ടോ..”

അവളതു പറയുമ്പോൾ രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു. സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്ന ഷമീർ നാട്ടിലെത്തിയിട്ടു രണ്ടു വർഷമായി. ഇഖാമയും റീ-എൻട്രിയും കാലാവധി കഴിഞ്ഞതിനാൽ പിന്നീടു തിരിച്ചു പോകാൻ സാധിച്ചിട്ടില്ല. എന്നാൽ പ്രദേശത്തെ പ്രവാസി കൂട്ടായ്മയിലും നാട്ടുകാരുടെ സംഭാവനാ പിരിവു ലിസ്റ്റിലും പ്രവാസികളുടെ കൂട്ടത്തിലാണ് ഇപ്പോഴും അദ്ദേഹത്തിന്റെ സ്ഥാനം. അതേ സമയം ഇപ്പോൾ വേലയും കൂലിയുമില്ലാതെ നട്ടം തിരിയുകയാണ്.“ങ്ങളെങ്ങട്ടാ ഇത്തറ നേർത്തെ പോണത്?”

കാലത്ത് ആറു മണിക്കു മുമ്പേ കുളിച്ചൊരുങ്ങി പുറത്തേക്കിറങ്ങുന്ന ഷമീറിനോട് മുംതാസ് ചോദിച്ചു.
“ടൗണിലൊന്ന് പോയി നോക്കട്ടെ. അവടെ നിന്നാണ് ഇപ്പോ എല്ലാരും കൂലിപ്പണിക്കു പോലും ആളെ വിളിച്ചു കൊണ്ടു പോണത്. എന്തെങ്കിലും ഒരു ജോലി തരപ്പെട്ടാലോ?”
മധുരം ചേർക്കാതെ മുംതാസ് ഇട്ടു കൊടുത്ത കട്ടൻ ചായയും കുടിച്ച് അയാളിറങ്ങി. അയൽവാസി ഗഫൂറിന്റെ കൂടെയാണ് പോകുന്നത്.

ഗഫൂറിന് സ്ഥിരം ജോലിയുണ്ട്. അവന്റെ തൊഴിലുടമയെ കണ്ടു സംസാരിക്കൽ കൂടി ഇന്നത്തെ യാത്രയിൽ ലക്ഷ്യമുണ്ട്.ഗഫൂറിന്റെ സ്കൂട്ടറിൽ അവർ രണ്ടു പേരും ടൗണിലേക്കു തിരിച്ചു.
“അവിടെ ഇപ്പോൾ അതിഥി തൊഴിലാളികൾ നിറഞ്ഞിട്ടുണ്ടാവും”. ഹെൽമെറ്റിനുള്ളിൽനിന്ന് ഗഫൂർ അല്പം ഉച്ചത്തിൽ തന്നെ പിറുപിറുത്തു. അവ്യക്തമാണെങ്കിലും ഷമീർ അതു കേട്ടു.
അതിഥി തൊഴിലാളികൾ!!

അന്യ സംസ്ഥാനത്തു നിന്നെത്തി കേരളത്തിൽ തൊഴിലെടുക്കുന്നവർ അതിഥികളാണ്. അന്യദേശത്തു നിന്നു പ്രവാസികളയക്കുന്ന പണത്തിന്റെ വലിയൊരു വിഹിതം ആസാമിലും ബംഗാളിലും മറ്റിതര സംസ്ഥാനങ്ങളിലും എത്തിക്കുന്നത് ഈ അതിഥികളാണ്. പ്രത്യുപകാരമായി അവരുടെ മലിനജീവിതം അവരിങ്ങോട്ടു പകർത്തുന്നുമുണ്ട്. കഷ്ടപ്പെട്ട് അധ്വാനിക്കുന്നവർ തന്നെയാണ് അവരും.

നമ്മുടെ മഹിതമായ ആതിഥ്യ സംസ്കാരം കൊണ്ട് അവർ നമുക്ക് അതിഥികളായി!.
എന്നെന്നും അതിഥികൾ!.നമ്മുടെ സഹോദരങ്ങൾക്കു വിദേശത്തു ലഭിക്കാത്ത പരിഗണന ഇവർക്കു ലഭിക്കുന്നതിൽ ആർക്കും അസൂയയൊന്നുമില്ല .

നേരത്തെ ‘അന്യസംസ്ഥാന തൊഴിലാളികൾ’ എന്നാണവർ അറിയപ്പെട്ടിരുന്നത്. അന്നു പ്രധാനമായും ‘അണ്ണാച്ചികൾ’ എന്നു വിളിക്കപ്പെടുന്ന തമിഴരായിരുന്നു കേരളത്തിലെ തൊഴിൽരംഗം അടക്കി വാണിരുന്നത്.പാതയോരത്തെ മരങ്ങളെ പോലെ ഷമീറിന്റെ ചിന്തകൾ പിന്നിലേക്കോടി ഇടറി വീണു കൊണ്ടിരുന്നു.ഗഫൂർ ഷമീറിനെ ടൗണിൽ ഒരു ഭാഗത്ത് ഇറക്കി. അപ്പോഴേക്കും അവിടം തൊഴിലാളികളെക്കൊണ്ട് നിറഞ്ഞിരുന്നു. മലയാളികളും അല്ലാത്തവരുമായി 200 ലേറെ ആളുകളുണ്ടാവും. ജിദ്ദയിലെ ‘കുബിരി ഉമ്മാൽ’ അയാളുടെ മനസ്സിലേക്കോടിയെത്തി.

കുറച്ചു നേരം രണ്ടു പേരും നിരീക്ഷകഭാവത്തോടെ അവിടെ നോക്കി നിന്നു. ‘ആര്, എന്തു ജോലിക്കു വിളിച്ചാലും പോയ്ക്കോളാണ’മെന്നു നിർദ്ദേശിച്ചു കൊണ്ട് ഗഫൂർ സ്കൂട്ടറോടിച്ചു പോയി.

‘അതിഥി’കളിൽ പലരും ചെറുതും വലുതുമായ സംഘമായി ഓരോ തൊഴിലുടമകളുടെ കൂടെ പോയിക്കൊണ്ടിരുന്നു. ഏതെങ്കിലും ഒരു വാഹനം വന്നു നിന്നാൽ അതിനു ചുറ്റുമവർ ഓടിക്കൂടും . ആവശ്യമുള്ളത്ര ആളുകൾ അതിൽ കയറിപ്പോകും. ഇടയ്ക്ക് തനിച്ചു പോകുന്നവരുമുണ്ട്. ഷമീറിന് സംഘമില്ല. മുൻ പരിചയവുമില്ല. അതിനാൽ കുറച്ചു നേരം കൂടി നോക്കി നിന്ന് അവിടത്തെ രീതി മനസ്സിലാക്കി. ഏറെക്കുറെ എല്ലാവരും പോയിക്കഴിഞ്ഞു. ഇനി ഷമീറും പത്തിരുപത് പേരും മാത്രമേ അവശേഷിക്കുന്നുള്ളൂ.

എന്തു വന്നാലും തൊഴിലാളികളെ തേടി ഇനി വരുന്ന ഒരാളുടെ കൂടെ പോയേ തീരൂ. ഷമീർ മനസ്സിലുറച്ചു.ആലോചനയുടെ ദൈർഘ്യം കൂടും മുമ്പേ ഒരു കാർ വന്നു. മറ്റുള്ളവരുടെ കൂടെ ഷമീറും കാലിന്റെ പ്രയാസം വകവെക്കാതെ അതിനടുത്തേക്ക് ഓടിച്ചെന്നു. തിക്കിത്തിരക്കി അകത്തു കയറിപ്പറ്റി. ഷമീർ കയറിയതും മറ്റുള്ളവരിറങ്ങി.വാഹന ഉടമ പിന്നിലേക്ക് തിരിഞ്ഞ് ഷമീറിനോട് ചോദിച്ചു : “ക്യാ ഹുവാ”

പ്രവാസലോകത്തും മലയാളികൾ മാത്രം ഇടപെടുന്ന പ്രദേശത്തു ജോലി ചെയ്തതിനാൽ മലയാളമല്ലാത്ത മറ്റൊരു ഭാഷയും ഷമീറിന് വശമില്ലായിരുന്നു.

“ഞാൻ മലയാളിയാണ്.”നിസ്സഹായതയോടെ ഷമീർ അയാളുടെ മുഖത്തേക്കു നോക്കി.

നാട്ടുകാരെനെന്ന പരിഗണനയൊന്നും നൽകാതെ അയാൾ പറഞ്ഞു : “കാക്കാ, ഒന്നും വിചാരിക്കരുത്. നിങ്ങളുടെ കൂടെ അവർ വരാൻ തയ്യാറല്ല. അവരു ടീമായേ പോരൂ. നിങ്ങൾ കയറിയപ്പോൾ അവരിറങ്ങിയതു കണ്ടില്ലേ? എനിക്ക് അഞ്ചു പേരെ ആവശ്യവുമുണ്ട്. ദയവു ചെയ്തു നിങ്ങളിറങ്ങണം”.

ഷമീറിന്റെ കണ്ണുകളിൽ നനവു പടർന്നു . തലകുനിച്ചയാൾ പുറത്തിറങ്ങി. അതിഥികൾ ഉടനെ ചാടിക്കയറി. അഞ്ചു പേർ ഞെരുങ്ങി ഇരുന്നു. കാർ റോഡിലിട്ടു തിരിച്ചു. പിന്നെയതു മുന്നോട്ടു പാഞ്ഞു.

ഇനിയും അവിടെ നിൽക്കാനയാൾക്കു ജാള്യത തോന്നി. തിരിച്ചു പോവുകയാണെന്നറിയിക്കാൻ വേണ്ടി ഗഫൂറിനെ വിളിച്ചു. ‘താൻ ഉടനെ അവിടേക്ക് വരുന്നുണ്ടെന്നും എങ്ങോട്ടും പോകരുതെന്നും’ പറഞ്ഞു ഗഫൂർ ഫോൺ സംഭാഷണം അവസാനിപ്പിച്ചു. അഞ്ചു മിനുട്ടിനുള്ളിൽ അവൻ അവിടെയെത്തി. അവന്റെ സ്കൂട്ടറിനു പിന്നിലായി ഒരു കാറിൽ മറ്റൊരാൾ പിന്തുടരുന്നുണ്ടായിരുന്നു. ജോലിസ്ഥലത്തേക്ക് തൊഴിലാളികൊണ്ടു പോവാനാണ് അവർ വന്നത്.

ഗഫൂർ നാലു തൊഴിലാളികളെ വിളിച്ചു കാറിൽ കയറ്റി. കാർ ഓടിക്കുന്നയാളോട് പറഞ്ഞു: “നീ വിട്ടോ, ഞാൻ നമ്മുടെ ഭായിയെ കണ്ടിട്ടു വരാം.”

അതുകഴിഞ്ഞവൻ ഷമീറിനടുത്തെത്തി. അവനെ സ്കൂട്ടറിനു പിന്നിലിരുത്തി അയാളതു പറത്തി.
ഒരു വലിയ സോഫാനിർമ്മാണക്കമ്പനിയുടെ മുറ്റത്ത് അവർ സ്കൂട്ടറൊതുക്കി. ഗഫൂർ കമ്പനിയുടെ ഓഫീസിനകത്തേക്കു കയറി. ഷമീർ വാതിൽക്കൽ നിന്നു.

“എന്താ ഗഫൂറെ?”ഒരു തടിച്ച സ്വരം പുറത്തു വന്നു.

“ഭായ്, എന്റെ കൂടെ ഒരു സുഹൃത്ത് വന്നിട്ടുണ്ട്. മുൻ പ്രവാസിയാണ്. വന്നിട്ടു രണ്ടു വർഷമായി. ഇപ്പോൾ വലിയ പ്രയാസത്തിലാണ്. ഇവിടത്തെ ഏതെങ്കിലും ജോലിയിൽ അയാളെ പങ്കാളിയാക്കിയാൽ നന്നായിരുന്നു?”ഗഫൂർ വിനയത്തോടെ ചോദിച്ചു. അവരുടെ സംഭാഷണം പുറത്തേക്കു വ്യക്തമായി കേൾക്കുന്നുണ്ടായിരുന്നു .“ഗഫൂറെ,” തടിച്ച സ്വരം വീണ്ടും പുറത്തു വന്നു.

“ഇത്രയും തൊഴിലാളികളുള്ളതിൽ നിങ്ങൾ അഞ്ചു പേരല്ലേ മലയാളികളുള്ളൂ? അതു തന്നെ നേരത്തെയുള്ള ജോലിക്കാർ എന്ന പരിഗണന നിങ്ങൾക്കുള്ളതു കൊണ്ടാണ്”.

ഗഫൂർ അയാളുടെ കണ്ണിലേക്കുറ്റു നോക്കി. ഒരു ദാക്ഷിണ്യവും അവിടെ നിഴലിക്കുന്നില്ല.
“എന്റെ കൂട്ടുകാരനാണ്. നല്ല കഷ്ടപ്പാടിലുമാണ്.”ഗഫൂർ ഒരിക്കൽ കൂടി കെഞ്ചി നോക്കി.

“ഏതായാലും നിന്റെ കൂട്ടുകാരനല്ലേ? ഈ 500 രൂപ അയാൾക്കു കൊടുത്തേക്കൂ.”
അകത്തു ഗഫൂറിന്റെയും പുറത്തു ഷമീറിന്റെയും കണ്ണുകൾ ഒന്നിച്ചു പെയ്തു.
ഷമീർ മെല്ലെ അവിടെ നിന്നു നീങ്ങി. കമ്പനിമുറ്റത്തു വന്നു തിരിച്ചു പോകുന്ന ഒരു ഓട്ടോയിൽ കയറി. ഗഫൂറിനോടു പോലും ഒരു വാക്കുമുരിയാടാതെ രക്ഷപ്പെട്ടു.

ഗഫൂർ പുറത്തു വന്നു. വാതിലിനടുത്ത് ഷമീറിനെ കാണാതിരുന്നപ്പോൾ ‘അകത്തു നടന്ന സംസാരമൊന്നും അവൻ കേട്ടില്ലല്ലോ’ എന്നയാൾക്കാശ്വാസം തോന്നി. സമാധാനത്തോടെ പുറത്തിറങ്ങി വന്ന് അയാൾ ഷമീറിനെ തിരഞ്ഞു. എവിടെയും കാണാനില്ല. ഫോണിൽ വിളിച്ചു നോക്കി. ലൈനിൽ കിട്ടി.

മുഖവുരയൊന്നും ഇല്ലാതെ ഷമീർ പറഞ്ഞു : “ഗഫൂറെ, നീ കഷ്ടപ്പെടേണ്ട, ഞങ്ങൾ പ്രവാസികൾക്കിവിടെ ഒന്നും ശരിയാവില്ലെടോ, നമുക്കവിടം തന്നെയാണു നല്ലത്.” ഗഫൂറിന് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല.

ഓട്ടോ ടൗണിലെത്തി. ഡോക്ടറെ കാണിക്കാൻ വേണ്ടി ഷമീർ ക്ലിനിക്കിലേക്കു ചെന്നു. മരുന്നു ഷാപ്പിന് അനുബന്ധമായുള്ള ക്ലിനിക്കാണ്. മെഡിക്കൽ കോളേജിൽ നിന്നു വിരമിച്ച ഒരു ഡോക്ടറാണ് അവിടെ പരിശോധിക്കാൻ വരുന്നത്. സാമാന്യം നല്ല തിരക്കുണ്ട്. ഷമീർ ടോക്കൺ എടുത്തു. നമ്പർ 16. ഡോക്ടർ എത്തിയിട്ടില്ല. നേരത്തെ എത്തിയ ചിലരുടെ മുഖത്തു നിന്ന് അസ്വസ്ഥത പറിച്ചെടുക്കാം. അല്പം ഇരിപ്പിടങ്ങളേ അവിടെയുള്ളൂ. മറ്റു പലരെയും പോലെ അയാളും ഒരു ഭാഗത്ത് നിൽപ്പുറപ്പിച്ചു.

അരമണിക്കൂറിനുള്ളിൽ ഡോക്ടറെത്തി. പരിശോധന ആരംഭിച്ചു. ഓരോരുത്തരുടെ പരിശോധനയും പെട്ടെന്നു കഴിയുന്നുണ്ട്. നാലാം നമ്പറുകാരൻ പരിശോധനക്കായി അകത്തേക്കു കയറിയപ്പോൾ അയാൾക്കൊരു ഇരിപ്പിടം കിട്ടി.ഇരുന്നതേയുള്ളൂ. ഫോൺ ശബ്ദിച്ചു. പരിചിതമല്ലാത്ത നമ്പറിൽ നിന്നാണ്. സംസാരിച്ചു തുടങ്ങിയതും ആളെ പിടികിട്ടി. ‘മുഹമ്മദ് കുട്ടി’. പ്രവാസ ജീവിതത്തിലെ പ്രിയ സുഹൃത്ത്.

അൽപനേരം പരസ്പരം കുശലങ്ങൾ കൈമാറി.ഒടുവിൽ മുഹമ്മദ് കുട്ടി പറഞ്ഞു : “ഫോൺ വച്ചേക്കെടാ. ബാക്കി മുഖതാവിൽ പറയാം. ഞാനും ഭാര്യയും മക്കളും ഉച്ചക്കു മുമ്പ് നിന്റെ വീട്ടിലെത്തും. വഴിയിൽ നിന്നാണു വിളിക്കുന്നത്. ആദ്യമേ പറഞ്ഞേക്കാം. നല്ല ഫുഡ് വേണം. നിന്റെ ചിക്കൻ സ്പെഷ്യലും മറ്റും മറക്കണ്ടാട്ടോ. നിന്നോടെനിക്കങ്ങനെ പറയാല്ലോ.”

സംസാരം മുറിഞ്ഞു.ഷമീർ പതുക്കെ അവിടെ നിന്നെഴുന്നേറ്റു. പോക്കറ്റിൽ ആകെയുള്ള 300 രൂപ ഒരിക്കൽ കൂടി കയ്യിലെടുത്ത് എണ്ണി നോക്കി. അതവിടെത്തന്നെ തിരിച്ചു വെച്ച് അയാൾ അവിടെ നിന്നിറങ്ങി.

Share this on...