കാർ ഡ്രൈവർ ഭാര്യക്ക് വേണ്ടി ദുആ ചെയ്യണമെന്ന് പറഞ്ഞതിന്റെ കാരണം കേട്ട് പോട്ടി കരഞ്ഞുപോയി

in Story 119 views

മെസ്സിലേക്കുള്ള സാധനങ്ങൾ വാങ്ങാനായി മ്മളെ റിയാദിലെ ബത്തയിലേക്ക് എല്ലാ വെള്ളിയാഴ്ചയും പോകാറുണ്ട് ..ഇന്നലെയും പതിവുപോലെ പോയിരുന്നു …പർച്ചേസിൽ ആണുങ്ങൾ തന്നെ മുൻപിലെന്നൊക്കെ തോന്നുമെങ്കിലും ചവിട്ടിപ്പിടിച്ചാവും മെസ്സൊക്കെ നടത്തുക.തിരികെ പച്ചകളുടെ ടാക്സിയിലാകും പൊതുവെ വരാറ് ..രാത്രി വൈകുന്തോറും ടാക്സി നിരക്ക് കൂടിയും വരും ..അല്പം ബാർഗെയിനിങ് ചെയ്‌താൽ നിരക്ക് കുറയുകയും ചെയ്യും ..

ബത്ത സൺ സിറ്റി മാർക്കറ്റിന്റെ മുൻപിൽ തക്കാളിയും അറിയും മല്ലിപൊടിയും മീനും സോപ്പും എല്ലാമായി നീങ്ങാൻ നേരമാണ് അവിടെ സാധാരണ കാണാറുള്ള മലയാളികളുടെ വിളി ..
ടാക്സി അല്ല ..വെള്ളിയാഴ്ച ലീവുള്ള കമ്പനികളിലെ സ്റ്റാഫുകൾ അവരുടെ കമ്പനി കാറുമായി ചെറിയ ഒട്ടത്തിനൊക്കെ എടുക്കുന്ന വണ്ടി ..

പൊതുവെ അതിൽ കയറാറില്ല കാരണം നിരക്കൽപം കൂടുതലായതുകൊണ്ട് തന്നെ ..
പക്ഷെ ,ഇന്നലെ ഒരു മലയാളി വന്നു ചോദിച്ചു :”എങ്ങോട്ടാ പോണ്ടേ വണ്ടി ഉണ്ട് മക്കളെ ..”
ഏകദേശം നാല്പത് വയസ്സൊക്കെ തോന്നും ..ചാർജ് ചോദിച്ചപ്പോൾ [പച്ചകളുടെ ടാക്സിയെക്കാൾ കുറവും ..

ഓക്കേ പറഞ്ഞു കയറി ..യാത്ര തുടങ്ങി ..”ഇക്ക എസി ഇല്ലേ ”
കൂട്ടത്തിലെ സഹമുറിയൻ ചോദിച്ചു ..
“ഹാ ഉണ്ട് മോനെ ” എന്നും പറഞ്ഞു എസി ഇട്ടു ..

പൊതുവെ ടാക്സിയിൽ കയറിയാൽ അല്പം എന്ജോയ് ചെയ്ത് കമ്പനിയടിച്ചു ഡ്രൈവറുമായി സൊറ പറഞ്ഞൊക്കെയാ പോകാർ..അതുപോലെ സംസാരിക്കുന്നതിന് ഇടക്ക് അയാൾ പറഞ്ഞു :
“എനിക്ക് വഴിയൊക്കെ മറന്നുപോയി ആറുമാസം നാട്ടിലായിരുന്നു ,ഇവിടെ മെട്രോ വരുന്നത്കൊണ്ട് റോഡൊക്കെ വേറെ വഴിക്കാ തിരിച്ചിരിക്കുന്നെ ഒന്ന് പറഞ്ഞു തരണേ ,ഞാൻ ഇന്നലെ വന്നതേ ഉള്ളൂ ..’

“ഓ ആയിക്കോട്ടെ ഇക്ക പറയാലോ ..”അങ്ങനെ പരിചയപ്പെട്ടു ഞങ്ങളുടെ വീടും ജോലിയുമൊക്കെ ചോദിച്ചറിഞ്ഞു അവസാനം അയാൾ പറഞ്ഞു :”നിങ്ങൾ എന്റെ ഭാര്യക്ക് വേണ്ടി ദുആ ചെയ്യണേ ..”
“എന്തെ ഇക്ക ” ഞങ്ങൾ ചോദിച്ചു

“കഴിഞ്ഞ ആഴ്ച അവൾ മരിച്ചു പോയി ..”
ചങ്കിലെന്തോ തറിച്ചപോലെയായി പെട്ടന്നത് കേട്ടപ്പോൾ ..സംസാരിച്ചു കൊണ്ടിരുന്ന കാറിൽ നിശബ്ദത വന്നു ..
ഞങ്ങൾ തല താഴ്ത്തി ..

“ചോദിക്കുന്നതിൽ വിഷമം തോന്നരുത് എന്തായിരുന്നു അസുഖം ”
“അത് കരൾ രോഗമായിരുന്നു ..മരിക്കുന്നതിന്റെ രണ്ടാഴ്ച മുന്നെയാ സീരിയസ് ആണെന്നറിഞ്ഞത് ,അവളൊരു പേടി തൊണ്ടികൂടിയാ ,ഡോക്ടറെ കാണിക്കാൻ ഭയം, ആയുർവേദം കാണിച്ചു പക്ഷെ ഇംഗ്ലീഷ് ഭയമാണെന്നാ പറയാറ് ..ഹാ അള്ളാന്റെ വിധി അങ്ങനെ കരുതാ ..ല്ലേ ..”
“ഹ്മ്മ് ”

ഞങ്ങൾ മൂളി ..”[പക്ഷെ ഒരു മോളുണ്ട് നാല് വയസ്സുള്ളത് എനിക്കതാ സങ്കടം ,അവളെ മുഖം കാണുമ്പോ ബേജാർ കൂടാണ് ..”

“ഇങ്ങള് വിഷമിക്കലി എല്ലാം ഖൈർ ആവും..സമാധാനിക്കി ..”
“ഹേ എനിക്ക് സങ്കടോന്നും ഇല്ല ,പക്ഷെ നിങ്ങളോട് എന്റെ ഭാര്യക്ക് വേണ്ടി ദുആ ചെയ്യാൻ പറഞ്ഞത് എന്തിനാന്നറിയോ ..?”
“എന്താ ഇക്ക ”

“അതൊന്നും അല്ലാട്ടോ , എനിക്ക് അവളെത്തന്നെ നാളെ പടച്ചോന്റെ അടുത്തേക്ക് ഞാനും പോയാൽ അവിടന്ന് കിട്ടാൻ വേണ്ടീട്ടാ ട്ടോ ,

സത്യം പറഞ്ഞാ അവളെ കൂടെ ജീവിച്ചിട്ട് കൊതി തീർന്നിട്ടില്ല ..”
ഇതും പറഞ്ഞ അയാൾ ഡ്രൈവ് ചെയ്യുമ്പോൾ ചിരിക്കുന്നു പക്ഷെ കണ്ണുകൾ നിറഞ്ഞു കവിയുന്നു ..
വല്ലാത്തൊരു അവസ്ഥ ..
ആണുങ്ങൾ കരയുന്നത് നമ്മൾ കാണാറില്ല ..ആളുകൾ കാൺകെ കരഞ്ഞാൽ ആണത്തം അടിയറവ് പറയേണ്ടി വരും ..

ഈ മനുഷ്യന് എത്രത്തോളം സങ്കടം മനസ്സിൽ കൊണ്ട് നടക്കുന്നു എന്ന് മനസ്സിലാകും …
ഒരു പരിചയവും ഇല്ലാത്ത ഞങ്ങളോട് തന്റെ മരണപ്പെട്ട ഭാര്യക്ക് വേണ്ടി ദുആ ചെയ്യാനും ആ സ്ത്രീയെ തന്നെ അയാൾക്ക് നാളെ ആഖിറത്തിൽ കിട്ടാനും വേണ്ടി പ്രാർത്ഥിക്കാൻ പറയുമ്പോ അയാളുടെ കണ്ണുകൾ നിറഞ്ഞില്ലെങ്കിൽ അത്ഭുതമല്ല ..

ഓരോരുത്തരെ അടുത്തറിയുമ്പോഴാ നമ്മൾ അവരുടെ ഉള്ളം അറിയുന്നത് ..
ഭർത്താക്കന്മാർ സ്നേഹമില്ലാത്തവർ ആണെന്നൊക്കെ അവരുടെ കർക്കശമായ വാകുകളിൽ തോന്നുന്നു എങ്കിൽ

പ്രിയപ്പെട്ട ഭാര്യമാരെ നിങ്ങളുടെ ഖബറിനരികിൽ ആരും കാണാതെ വന്നു കരയുന്ന പുരുഷന്മാരുടെ കണ്ണുനീരിനു അപൂർവ്വങ്ങളിൽ അപൂർവ്വമായ മൂല്യമുണ്ട് കാരണം ,

അത് അധികമൊന്നും ഈ ഭൂമിയിൽ പതിക്കാറില്ല അതിനു മുൻപേ അതങ്ങ് തുടച്ചയ്ക്കും …
ഇന്നലെ ആ മനുഷ്യന്റെ മുഖം ഓർത്തിട്ട് ഉറക്കം വന്നില്ല ..മരുമണ്ണിലെ കാറ്റിനു ചൂട് കൂടുന്ന പോലെ..ദുനിയാവിലും ആഖിറത്തിലും സ്വന്തം ഇണയെത്തന്നെ ആഗ്രഹിക്കുന്ന ചില ഭർത്താക്കന്മാർ …

Share this on...