ഉമ്മയുടെ കയ്യിൽ നിന്നും മകന്റെ ഐഫോൺ താഴെ വീണു പൊട്ടി പോയി ;അതിനു ഉമ്മാട് മകൻ പറഞ്ഞത്

in Story 192 views

ഉമ്മാ ,,,എന്താവിടെ ഒരു ശബ്ദം ,,
ഉമ്മാന്റെ കൈ തട്ടി ഫോൺ താഴെ വീണതാ മോനെ ,,
ഏത് ഫോണാ ഉമ്മാ ,

നിസാർ എഴുനേറ്റ് ഓടിച്ചെന്നു നോക്കി ,,
ന്റെ ഉമ്മാ ഇങ്ങളെ കണ്ണെന്താ പൊട്ടിരിക്കാണോ ,, ഇതിന്റെ വില എത്രയാ എന്നറിയോ .ഇങ്ങക്ക്. ഇരുപത്തിനാലായിരം കൊടുത്ത് വാങ്ങിയിട്ട് ഒരു മസായില്ല ഈ തള്ളയെ കൊണ്ട് മനുഷ്യൻ എടങ്ങേറായി ,,
ഇതെല്ലാം കേട്ട് വിറച്ചു നിൽക്കുകയാണ് ഉമ്മ,, മോനെ ഉമ്മാന്റെ ഗുളിക എടുത്തപ്പോ കണ്ടില്ലെടാ ഉമ്മാന്റെ കുട്ടി ഉമ്മാനെ ചീത്ത പറയല്ലേടാ,,

ആ ഉമ്മയുടെ കണ്ണിൽ നിന്നും കണ്ണീർ ധാരയായി ഒഴുകി,,
ഇനി ഇരുന്നു കരഞ്ഞോളീം ന്റെ മുതൽ പോയില്ലേ,,
അപ്പോഴാണ് മരുമകൾ റജീന അങ്ങോട്ട് വന്നത് എന്താ ഇക്ക ഉമ്മ അറിയാതെ പറ്റിയതല്ലേ,,
ആ ഇനി നീയും കൂടി വല്ലതും എറിഞ്ഞു പൊട്ടിച്ചോ എന്നെ തുലക്കാനായി ഉണ്ടായതാ ഒക്കെ,, അതും പറഞ്ഞു നിസാർ വീട്ടിൽ നിന്നും ഇറങ്ങി പോയി.

ഉമ്മ അടുക്കളയിൽ ഇരുന്നു തേങ്ങി കരയുകയായിരുന്നു, റജീന അങ്ങോട്ട് ചെന്ന്, സാരല്യ ഉമ്മ കരയണ്ട ഇങ്ങളെ മോൻ പിരാന്താണ്.
കരയുന്ന കണ്ണുകൾ തുടച്ചു ഉമ്മ പറഞ്ഞ മോളെ ഉമ്മ ഇപ്പോ വരാട്ടോ,,
എങ്ങോട്ടാ ഉമ്മ ഇങ്ങള്…

ഞാനിപ്പോ വരും ഇജ് ബേജാറാകണ്ട.
ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വന്ന നിസാർ ഉമ്മയെ തിരക്കി ഉമ്മ എവിടെ റജീന.
എനിക്കറിയില്ല കരഞ്ഞു തളർന്നു ഇപ്പോ ഇവിടുന്ന് അങ്ങോട്ട് ഇറങ്ങി പോയി.
ആ ഇരുട്ടാവുമ്പോത്തിൻ വന്നോളും

ഇക്ക ഉമ്മ എങ്ങോട്ടാ പോയെന്നു അറിയില്ല ഒന്ന് പോയി നോകീ ഇങ്ങളെ പെങ്ങളെ വീട്ടിൽ.
എനിക്കൊന്നും വയ്യ ഇജ് വേണെങ്കിൽ പോയി നോക്കിക്കോ..
രാത്രി ഏറെ വൈകിയാണ് നിസാർ വീട്ടിലേക്ക് വന്നത്.. റജീന വാതിൽ തുറക്ക്.
വാതിൽ തുറന്നതും റജീന നിസാറിനെ രൂക്ഷമായൊന്ന് നോക്കി.

എന്താടി നിന്റെ മുഖം ഇഞ്ചി കടിച്ച പോലെ… ചോറെടുക്ക്…
വേണെങ്കിൽ എടുത്ത് കഴിച്ചോളീം… അതെന്താ അങ്ങനെ പിന്നെ നീയെന്തിനാ ഇവടെ. ഉമ്മ എവടെ വന്നില്ലേ ഇതുവരെ.
മ്മ് വന്നു ആ പാവം, കിടന്നു…

ഇതാ ഇത് ഇങ്ങള് വന്നാൽ ഇങ്ങക്ക് തരാൻ പറഞ്ഞ് ഇപ്പോ ഉറങ്ങിയതേ ഒള്ളു എന്നും പറഞ്ഞു റജീന ഒരു കടലാസ് പൊതി നിസാറിന്റെ കയ്യിൽ കൊടുത്തു.

നിസാർ ആ പൊതി വാങ്ങി തുറന്നു നോക്കി ഒരുപാട് രണ്ടായിരത്തിന്റെ നോട്ടുകൾ, ഇതെവിടുന്ന ഉമ്മാക്, ഇതെന്തിനാ…
ഇങ്ങളെ ഫോൺ പൊട്ടിച്ചതിന് ഉമ്മ തന്നതാ, നേരം വെളുക്കുമ്പോ പോയി വാങ്ങിക്കോളീം നിങ്ങൾക്ക് സന്തോഷായില്ലെ.
എവിടുന്നാ ഉമ്മാക്ക് ഇത്ര പണം…

നിങ്ങളെ ഉപ്പ മരിക്കുന്ന മുൻപ് വാങ്ങി തന്നതാ എന്നും പറഞ്ഞു ഒരു ചിറ്റ്കമ്മൽ ഇട്ടോണ്ട് നടന്നിരുന്നില്ലേ… കഴിഞ്ഞ തവണ ബൈക്ക് വാങ്ങാൻ പണയം വെക്കാൻ ചോദിച്ചപ്പോ ഇതന്റെ ഉപ്പാന്റെ മുതലാണ് അത് ഞാൻ മരിച്ചിട്ട് കാതിൽ നിന്ന് ഊരിയ മതി പറഞ്ഞിരുന്നില്ലേ, അത് കൊണ്ടുപോയി വിറ്റു ആ പാവം…

നിസാർ തല താഴ്ത്തി നിന്നു…

ഇക്ക ഇങ്ങളെ ഫോൺ പൊട്ടിയപ്പോ ഉമ്മാനോട് നിങ്ങൾ എന്തെല്ലാം പറഞ്ഞു, നിങ്ങളെ പ്രസവിക്കാൻ ആ ഉമ്മാന്റെ വയർ കീറി രക്തം പൊട്ടി എത്ര പോയിട്ടുണ്ടാവും, എത്ര വേദന സഹിച്ചിട്ടുണ്ടാവും, തുന്നി കെട്ടിയ വയറിന് മുകളിൽ കിടത്തി വേദന സഹിച്ചു ആ ഉമ്മ എത്ര ഉമ്മകൾ തന്നിട്ടുണ്ടാവും നിങ്ങൾക്ക്….

ഇത്രയൊന്നും പറയരുതായിരുന്നു ഇക്ക, വെട്ടി കീറിയ ആ വയറിന് പകരം നിങ്ങളെ സമ്പാദ്യം മുഴുവൻ തീറെഴുതി കൊടുത്താലും തീരില്ല ആ കടം…

നിസാറിന്റെ കണ്ണിൽ കണ്ണുനീർ നിറഞ്ഞൊഴുകി. റജീന നീ വലിയവളാണ് ആ ഉമ്മാന്റെ മരുമകളാവാൻ നിന്നോളം മറ്റൊരു പെണ്ണില്ല, യാ അല്ലാഹ് എന്തൊക്കെയാണ് ഇന്ന് ഞാൻ ഉമ്മാനെ പറഞ്ഞത്…
നിസാർ വാവിട്ടു കരഞ്ഞു…

സാരല്യ ഇക്ക ഉമ്മ ഉണരും ഇങ്ങള് കരയല്ലേ…
രാവിലെ ഉമ്മ ഉണരും മുൻപ് നിസാർ വണ്ടിയെടുത്തു പോയി ബിലിൽ പേരുണ്ടായിരുന്ന കടയിൽ ജ്വല്ലറിയിൽ പോയി…
സാർ ഇതാ ഈ ബിലിൽ ഉള്ള സ്വർണം ഇന്നലെ എന്റുമ്മ വിറ്റതാണ് അതെനിക്ക് തിരികെ തരണം പ്ലീസ്…
സുഹൃത്തേ കമ്മൽ ഇവടെ ഉണ്ട് തന്ന പണം തിരികെ തന്നു കൊണ്ട് പൊയ്ക്കോളൂ…

നിസാർ വീട്ടിൽ തിരിച്ചെത്തിയതും വീടിനു മുന്നിൽ അയൽവാസികൾ നിറയെ നിൽക്കുന്നുണ്ട്…
നിസാർ ഓടി ചെന്ന് എന്താ ഇവടെ റജീന…
ഓടിവന്ന നിസാറിനെ ഹസ്സനിക്ക പിടിച്ചു നിർത്തി.

നിസാർ ക്ഷമിക്ക് അല്ലാഹുവിനോട് ദുആ ചെയ്, ഉമ്മ ഇന്നലെ ഉറക്കത്തിൽ അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകിയിട്ടുണ്ട് (മ.ര.ണ.പെ.ട്ടു).

നിസാർ വീടിനകത്തേക്ക് ഓടി ചെന്നു, ഉമ്മാ എന്നാർത്തു വിളിച്ചു ആ കാലിലേക്ക് വീണു പൊട്ടി കരഞ്ഞു…
ഉമ്മാ ഇതൊന്ന് ഇട്ടു കാണാൻ കഴിഞ്ഞില്ലാലോ, അല്ലാഹ് എന്തിനാ എന്നെ…

കരഞ്ഞു തളർന്ന നിസാർ ഒരു പ്രാന്തനെ പോലെ ഉമ്മയുടെ കാതുകളിൽ ആ കമ്മൽ അണിയിച്ചു, ആ മുഖത്ത് തുരുതുരാ ഉമ്മ വെച്ചു…

അപ്പോഴും നിസാറിന്റെ കാതിൽ ആ വാക്കുകൾ കേൾകുന്നുണ്ടായിരുന്നു .

ഇത് നിന്റെ ഉപ്പ മരിക്കുന്നതിന് മുൻപ് വാങ്ങി തന്നതാ ഇത് ഞാൻ മരിച്ചിട്ട് ഊരിയ മതി ന്റെ കാതിൽ നിന്ന്…
ഉമ്മാ,,,,

Share this on...