ഉമ്മ മ,രി,ച്ച,തി,നു ശേഷം ഉമ്മയുടെ സ്വർണം കിട്ടാൻ വേണ്ടി വന്ന മറ്റു മക്കൾക്ക് അനിയൻ കൊടുത്ത മറുപടി കണ്ടോ

in Story 1,828 views

ഉമ്മയ്ക്കായി കരുതി വെച്ച അവസാന സലാം ഖബറിൽ സമർപ്പിച്ചുകൊണ്ട്, സ്വാലിഹ് കണ്ണീരോടെ ആ പള്ളിക്കാട്ടിൽ നിന്നും തിരിഞ്ഞു നടന്നു..കണ്ണുകളപ്പോഴും തോരാതെ പെയ്യുന്നുണ്ട്!!

തൊണ്ടക്കുഴിയിലപ്പോഴും “ഉമ്മാ..” എന്നൊരു നാമം ശബ്ദമില്ലാതെ വിലപിക്കുന്നുണ്ട്…!!
ഒരിക്കൽ കൂടി, ആ ഗർഭപാത്രത്തിൽ തളിരിടാൻ മനസ്സ് വല്ലാതെ തുടിക്കുന്നുണ്ട്…!!
” യാ.. അല്ലാഹ്!

ന്റുമ്മാക്ക് നീ സ്വർഗം നീ നിർബന്ധമാക്കണേ നാഥാ.. ” എന്നൊരു പ്രാർഥനയോടെ ആ കബറിലേക്ക് ഒരിക്കൽ കൂടി ഒരു നോട്ടമെറിഞ്ഞ് അയാൾ വണ്ടിയിലേക്ക് കയറി..
“” ഇനിയിപ്പോ എങ്ങനാ സ്വാലിഹേ കാര്യങ്ങളൊക്കെ?
മൗലൂദ് നമുക്ക് എഴിനെന്നെ നടത്താലേ..

നേരത്തെ നടത്താന്ന് ചെല അഭിപ്രായങ്ങളൊക്കെ ണ്ട്.. ന്നാലും അത് വേണ്ട!
മ്മടെ ഉമ്മാക്ക് വേണ്ടി ഇനി ചെയ്യാൻ ഇതല്ലേ ബാക്കിള്ളൂ.. എഴുവരെ എല്ലാരും ഒന്നിച്ച് നിന്ന് അതങ്ങട് ഭംഗിയായി നടത്താം…

ന്ത്യേയ്… “”” വല്യക്കാക്ക പറഞ്ഞപ്പോൾ, മറുപടി ഒരു മൂളലിലൊതുക്കി സ്വാലിഹ് അകത്തേക്ക് കടന്നു. വല്യത്താത്ത, അകത്തപ്പോഴും കരച്ചിലിലായിരുന്നു…”” ന്റുമ്മാ.. ഇങ്ങളിത്ര പെട്ടന്ന് ഞങ്ങളെ വിട്ട് പൊയ്ക്കളഞ്ഞല്ലോ.. ഞ്ഞി ഞങ്ങക്ക് ആരുണ്ടുമ്മാ… “” അവർ പരിതപിച്ചുകൊണ്ടിരുന്നു.

“” സുഹറാ, ഇത്തിരി വെള്ളം.. “” സ്വാലിഹ്, പതിയെ മന്ത്രിച്ചു.
വെള്ളം, പ്രിയതമനെ ഏൽപ്പിക്കുമ്പോഴും സുഹറ അയാളെ നോക്കിയില്ല…
പരസ്പരം നോക്കിയാൽ പൊട്ടിപ്പോകുന്ന നൂലിന്റെ രണ്ടറ്റങ്ങളായിരുന്നു അവരിരുവരും…!
“” ഇക്കാക്കാ, ഉമ്മാന്റെ സ്വർണ്ണൊക്കെ….. “” പാതി നിറുത്തിയ വാക്കുകളോടെ ഇളയ പെങ്ങൾ, അയാൾക്കരികിലേക്ക് വന്നു..

അവളെ ഒന്ന് നോക്കുക മാത്രം ചെയ്ത്, സ്വാലിഹ് ഉമ്മറത്തേക്ക് നടന്നു.
അവിടെ ചർച്ചകൾ മുറുകിക്കൊണ്ടിരിക്കുകയായിരുന്നു…
വല്യക്കാകയും, കുഞ്ഞിക്കയും അമ്മാവന്മാരുമൊക്കെ ചർച്ചയിൽ സജീവമായുണ്ട്…
“” ഒന്നിനും ഒരു കുറവും വരരുത്..

ഈ ഏഴീസവും നമ്മളാരും ഇവടന്ന് പോണില്ല. ഒത്തൊരുമിച്ചു നിന്ന് ഉമ്മാടെ കബറിലേക്ക് എത്തിക്കാനുള്ളതെല്ലാം, നമുക്ക് എത്തിച്ചു കൊടുക്കണം…ഉമ്മാടെ മയ്യത്ത് അതുകണ്ട് സന്തോഷിക്കണം… “” വല്ല്യക്ക പറഞ്ഞു.”” അതെന്തായാലും വേണം..

ഞാൻ ഓഫീസില് വിളിച്ച് ഒരാഴ്ച ലീവ് പറഞിണ്ട്.. ഓള് സ്കൂളിൽ വിളിച്ച് ഒരാഴ്ചത്തേക്ക് വേറെ ഒരാളെ പകരം പഠിപ്പിക്കാൻ നിർത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.. കുട്ട്യോളേം പറഞ്ഞയക്കുന്നില്ല!”” കുഞ്ഞിക്കയും പറഞ്ഞു.

“” എന്താ കുഞ്ഞോളെ, അനക്കിനി അന്റെ അമ്മായമ്മ ലീവ് തരില്ലാന്നുണ്ടോ? “” അമ്മാമൻ, ഇളയ പെങ്ങളോട് ഒരിത്തിരി കളിയോടെ തന്നെ ചോദിച്ചു.”” ഇതിനൊക്കെ ഓരടെ സമ്മതത്തിന് കാത്തു നിക്കാൻ പറ്റ്വോ മാമാ..ന്റുമ്മാടെ കാര്യം തന്നേണ് ഇക്ക് വലുത്.. “” അവൾ പറഞ്ഞു.

കരച്ചില് തൽക്കാലത്തേക്ക് മതിയാക്കി, വല്ല്യത്താത്തയും അങ്ങോട്ടേക്ക് വന്നു.
“” ആര്ക്ക് എന്ത് അത്യാവശ്യം ണ്ടെങ്കിലും അതൊക്കെ മാറ്റിവെച്ച് എഴീസം ഇവടെ നിന്നേ പറ്റൂ…
ഉമ്മാന്റെ കാര്യത്തിനപ്പുറം ഒരു അത്യാവശ്യോം ആർക്കും ണ്ടാവാൻ പാടില്ല്യ!””” അവർ തറപ്പിച്ചു പറഞ്ഞു.

“” ജീവിച്ചിരിക്കുമ്പോൾ ഉമ്മ ഒരു അനാവശ്യമായിരുന്നു. മരിച്ചുകഴിഞ്ഞപ്പോൾ എത്ര പെട്ടന്നാ ഉമ്മ ഒരു അത്യാവശ്യമായി മാറിയത്. അല്ലേ ഇത്താത്ത..?? “”
പെട്ടന്നുള്ള സ്വാലിഹിന്റെ വാക്കുകൾക്ക് മൂർച്ചയേക്കാൾ ഉപരി വേദനയായിരുന്നു..!
പെട്ടന്ന്, അന്തരീക്ഷമാകെ നിശബ്‍ദമായി!!
എല്ലാവരും പരസ്പരമൊന്ന് നോക്കി…

“” അതെന്ത് വാർത്താനാടാ സ്വാലിഹേ ഇയ്യ് പറഞ്ഞത്.. ഞങ്ങളാരും ഉമ്മാക്ക്ആരുമല്ലാത്തോരാണോടാ.. “” ഇത്താക്ക് ദേഷ്യം വന്നിരുന്നു.
“” സ്വയം, ഉമ്മാക്ക് ആരുമല്ലാതായിപ്പോയ ഇങ്ങളോടൊക്കെ ഇനി ഞാനെന്ത് പറയാനാ ഇത്താത്ത…
എല്ലാ തിരക്കുകളും വേണ്ടെന്നുവെച്ച്, ഇനിയുള്ള ഏഴു ദിവസം ഇവിടെ നിൽക്കാൻ നിങ്ങള് കാണിക്കുന്ന ഈ മനസ്സുണ്ടല്ലോ, അത് ഉമ്മാടെ മ,ര,ണ,ത്തിനു മുമ്പായിരുന്നെങ്കിൽ…,, ആ പാവം എത്ര സന്തോഷിച്ചേനെ…!

എത്തിക്കേണ്ടത് ഉമ്മാടെ കബറിലേക്കായിരുന്നില്ല മറിച്ച്, ആ കബറ് സ്വപ്നം കണ്ട് കിടക്കുന്ന നേരത്ത് ഇങ്ങളൊക്കെ കുറച്ചു ദിവസം ഉമ്മയോടൊപ്പം ഇവിടെ ചിലവഴിച്ചിരുന്നെങ്കിൽ എത്ര സംതൃപ്തിയോടെ ഉമ്മ മരണത്തെ വരിക്കുമായിരുന്നു…!

വയ്യെന്ന് പറഞ് വിളിക്കുമ്പോൾ, മ,രി,ക്കാ,ൻ നേരത്ത് ഞാനടുത്തുണ്ടാകുന്നത് ഒരു അന്തസ്സും, നാലാളോട് വീമ്പു പറയാൻ വേണ്ടിയും ഓടി വന്നതുകൊണ്ട് മാത്രം കാര്യല്ല്യ..
നമ്മുടെയൊക്കെ ചെറുപ്പത്തില്, പലതും മാറ്റിവെച്ച് ഉമ്മ നമ്മളെ ഊട്ടിയിട്ടുണ്ടാകും, ഉറക്കിയിട്ടുണ്ടാകും നമുക്ക് കാവലിരുന്നിട്ടുണ്ടാകും…

ആ പരിഗണന, അവസാന കാലത്ത് ഉമ്മയും അർഹിച്ചിരുന്നില്ലേ… ആഗ്രഹിച്ചിരുന്നില്ലേ??
എന്നിട്ട്, ഉമ്മാടെ മരണശേഷം എല്ലാരും ഒത്തുകൂടുന്നു… ഉമ്മയെ സന്തോഷിപ്പിക്കാൻ…!
ഹാ.. എന്തൊരു ന്യായം!!”” സ്വാലിഹ്, പുച്ഛത്തോടെ മുഖം തിരിച്ചു.
“” അന്റെയീ ചൊരുക്ക് എന്തിനുള്ളതാന്ന് ഞങ്ങക്ക് മനസ്സിലായെടാ…

എഴീസം ഞങ്ങളെല്ലാരും കൂടി ഇവടെ നിന്നാല് അനക്ക് ചെലവേറും ന്ന് ചിന്തിച്ചിട്ടല്ലേ..
ന്നാ കേട്ടോ, അനക്ക് തന്ന പോലെ ഉമ്മാടെ സ്വത്ത്‌ ഞങ്ങക്കും തുല്യമായി തന്നെ വീതിച്ചു തന്നിട്ടുണ്ട്. അതില്ന്നെടുത്ത് ഉമ്മാക്ക് വേണ്ടി ചെലവഴിക്കാൻ ഞങ്ങക്കൊരു മടിയും ഇല്ലെടാ.. “” വല്യക്കാക്ക ദേഷ്യത്തിൽ പ്രസ്താവിച്ചു.

“” ഏഴു ദിവസല്ല, ഏഴ് കൊല്ലം ഇങ്ങളിവിടെ കഴിഞ്ഞാലും എനിക്കൊരു ബുദ്ധിമുട്ടും തോന്നില്ല വല്യക്കാ..
ഞാൻ പറഞ്ഞത് ഇങ്ങളിവിടെ നിൽക്കണതിന്റെ ബുദ്ധിമുട്ട് ഓർത്തിട്ടല്ല, ഇത് കുറച്ച് മുൻപായിരുന്നെങ്കിൽ ഉമ്മാടെ ഇഹവും പരവും സ്വർഗ്ഗമാകുമായിരുന്നില്ലേ..!”” അയാളത് ചോദിച്ചപ്പോൾ, കുറച്ചു നേരത്തേക്ക് ആർക്കും ഒന്നും ഉരിയാടാൻ ഉണ്ടായിരുന്നില്ല.
“” ഇയ്യും അന്റെ പെണ്ണും കൂടി ഉമ്മാനെ നോക്കി മരിപ്പിച്ചതിന്റെ കണക്ക് പറയാനാണോ അന്റെ പുറപ്പാട്? “” കുഞ്ഞിക്ക ഹാലിളകി.

സ്വാലിഹൊന്നു പുഞ്ചിരിച്ചു.
“” ആ കണക്കൊന്നും ഇന്റെ കയ്യിലില്ല കുഞ്ഞിക്കാ.. അതൊക്കെ സൂക്ഷിക്കുന്നതും , അവസാനം കൂട്ടിക്കിഴിക്കുന്നതും പടച്ചോനല്ലേ… അതിന്റെ നന്മയും തിന്മയും അവൻ തന്നെ തന്നോളും….
ന്റെ പെണ്ണിന് ഒരു ദിവസം വയ്യായ്ക വന്ന് ഇങ്ങളെയൊന്ന് സഹായത്തിന് വിളിച്ചാൽ പോലും ഇങ്ങക്കാർക്കും വരാനോ ഉമ്മാനെ പരിചരിക്കാനോ സമയം ഉണ്ടായിട്ടില്ലെന്നത് നേര് തന്നെ… എന്നാലും ഞാനോ ഇവളോ ഇന്നോളം അതിനെ കുറിച്ച് നിങ്ങളോടൊന്നും പരാതി പറഞ്ഞിട്ടില്ല!
പക്ഷേ,

നമ്മള് മക്കള് പലപ്പോഴും മറന്നുപോകുന്നൊരു കാര്യമുണ്ട്.. അമ്മമാരായാലും ഉമ്മമാരായാലും, അവരുടെ ഏറ്റവും വലിയ സന്തോഷം മക്കൾ അടുത്തുണ്ടാകുന്നത് തന്നേണ്.. എന്നാൽ അതിലും ഇരട്ടി സന്തോഷം അവരനുഭവിക്കുന്നത് എപ്പഴാണെന്നറിയോ, എല്ലാ മക്കളും ഒത്തൊരുമിച്ച് അവർക്കൊപ്പം ഉണ്ടാകുന്നതാണ്… അവരുടെ വയ്യായ്മയിലാണെങ്കിൽ പ്രത്യേകിച്ചും!
ഇതൊക്കെ ഇന്നത്തെ കാലത്ത് ആര് ഓർക്കാനാണ്..?

തറവാടും ഉമ്മയും ഇളയ മകന്…! അതാണല്ലോ ഇന്നത്തെ തിയറി..
ആ തിയറിയിൽ വെന്തുരുകുന്നത് ഓരോ ഉമ്മമാരുടെയും പ്രാണനാണെന്ന് ഇന്ന് പലരും ഓർക്കാറില്ലെന്നതാണ് സത്യം!””” സ്വാലിഹ്, എല്ലാവരേയും ഒന്ന് നോക്കി. ആർക്കും മുഖം ഉയർത്താൻ പോലും ധൈര്യമില്ലായിരുന്നു ആ സമയത്ത്..

“” നിങ്ങളൊക്കെ എന്നേക്കാൾ പ്രായം കൊണ്ടും, ലോകപരിചയം കൊണ്ടും മുതിർന്നവരാണ്. ഒന്നും ഞാൻ പ്രത്യേകിച്ച് പറയേണ്ടതായോ ഓർമ്മിപ്പിക്കേണ്ടതായോ ഇല്ല…
പക്ഷേ, ഇതെനിക്ക് പറയാതെ പറ്റില്ല.. കാരണം, നമ്മടുമ്മ ന്നോട് ഒന്നേ ആവശ്യപ്പെട്ടിട്ടുള്ളൂ.. ഉമ്മയുടെ സാനിധ്യത്തിൽ നടക്കാത്തൊരു കൂടിച്ചേരലും വിരുന്നും, ഉമ്മാന്റെ മരണശേഷം ഉമ്മാടെ പേരും പറഞ് നടത്തരുതെന്ന്…
പകരം,

നോക്കാൻ ആളില്ലാതെ കഷ്ടപ്പെടുന്ന ഒരുപാട് മാതാപിതാക്കള് നമുക്ക് ചുറ്റിലും ഉണ്ടാകും. ജാതിയോ മതമോ നോക്കാതെ അവർക്ക് വേണ്ടുന്നത് ചെയ്തു കൊടുക്കണം എന്നാണ് ഉമ്മ അവസാനമായി എന്നെ പറഞ്ഞേൽപ്പിച്ചത്…

ആ വാക്കുകളെ സാക്ഷത്കരിക്കലാണ് നമുക്ക് ഉമ്മാക്ക് വേണ്ടി ചെയ്യാനുള്ളത്.. അതിനെങ്കിലും നമ്മള് ഒന്നിച്ചു നിക്കണം.. നമ്മുടെ ദുആയോടൊപ്പം, മറ്റുള്ളവരുടെ ദുആ കൂടി ചേരുമ്പോൾ ഉമ്മാടെ കബറ് പ്രകാശിക്കും…

ആ പ്രകാശത്തിൽ ഉമ്മ സ്വർഗത്തിലേക്ക് ആനയിക്കപ്പെടും!!”” സ്വാലിഹ് പറഞ്ഞു നിറുത്തിയപ്പോൾ, എല്ലാവരുടെയും കണ്ണുകൾ ഈറനണിഞ്ഞിരുന്നു….”” നമുക്കത് ചെയ്യാടാ മോനേ… ഒരാളുടെ ഒരു നേരത്തെ പട്ടിണിയെങ്കിലും മാറ്റാൻ കഴിഞ്ഞെങ്കിൽ അതിനോളം പുണ്യം മറ്റൊന്നില്ലല്ലോ ഈ ഭൂമിയിൽ….!

അതുവഴിയെങ്കിലും, അള്ളാഹു ഞങ്ങൾക്ക് പൊറുത്തു തരട്ടെ!!”” വല്യക്കാക്ക സ്വാലിഹിന്റെ കയ്യിൽ മുറുകെ പിടിച്ചു.

“” യതീമായ കുട്ട്യോൾടെ കല്യാണത്തിന്, ഉമ്മാന്റെ സ്വർണ്ണം നമുക്ക് കൊടുക്കാലെ ഇക്കാക്കാ.. “” കുഞ്ഞോള് നിറഞ്ഞ മനസ്സോടെ പറഞ്ഞപ്പോൾ ,,
” അൽഹംദുലില്ലാഹ് ” എന്നൊരു സ്തുതികൊണ്ട് സ്വാലിഹ് കണ്ണുകളടച്ചു..
ഓരോരുത്തർക്കും അവരവരുടെ സമയം വിലപ്പെട്ടതാണ്.. എന്നാൽ, ചില ബന്ധങ്ങളിൽ നമ്മുടെ സമയത്തിന് നമ്മളേക്കാൾ വിലയുണ്ടായിരിക്കും മറ്റു പലർക്കും!!!

Share this on...