അമ്മയെ വൃദ്ധ സദനത്തിൽ നിന്നും രക്ഷിച്ച ആളെ കണ്ടു മകനും മരുമകളും ഒരുപോലെ ഞെട്ടി പോയി…

in Story 13,258 views

“എങ്ങോട്ടാ അമ്മേ, ഇത്ര നേരത്തെ ഉടുത്തൊരുങ്ങി ?”വൈകുന്നേരത്തെ മീൻ ചന്തയിലേക്ക് പോകാനായി തയ്യാറെടുക്കുന്ന ജാനകിയമ്മയെ നോക്കി മരുമകൾ പ്രശാന്തി ചോദിച്ചു.“മോളേ, നിനക്കറിയാമല്ലോ, പണ്ടൊക്കെ ഞാൻ രാവിലെയും വൈകിട്ടും ചന്തയിൽ പോയി മീനും പച്ചക്കറികളും ഒക്കെ വാങ്ങിക്കുമായിരുന്നെന്ന്. ഇപ്പോൾ എനിക്ക് വയ്യാ ഈ രണ്ടു നേരത്തെ ചന്തയിൽ പോക്ക്. അതാണ് ഈയിടയായി വൈകിട്ട് മാത്രം ചന്തയിൽ പോകുന്നത്. പണ്ടൊക്കെ രാവിലെ മുക്കട മീൻ ചന്തയിൽ പോകുമ്പോൾ നല്ല പിടയ്ക്കുന്ന മീൻ കിട്ടുമായിരുന്നു . കൊല്ലം വാഡി കടപ്പുറത്തു നിന്നുമാണ് അവിടെ മീൻ കൊണ്ടുവരുന്നത്. വൈകിട്ട് അഞ്ചാലുംമൂട് ചന്തയിൽ നീണ്ടകരയിൽ നിന്നും പിടിക്കുന്ന മീനാണ് കിട്ടുന്നത്. നേരത്തെ ചെന്നില്ലെങ്കിൽ ചീഞ്ഞതേ കിട്ടൂ”.

പ്രശാന്തി അതിന് മറുപടി ഒന്നും പറഞ്ഞില്ല. പതിവുപോലെ ജാനകിയമ്മ ചന്തയിൽ തൻ്റെ സഞ്ചിയുമായി എത്തി. ഒരാൾ തന്നെ നോക്കി പുഞ്ചിരിക്കുന്നത് ജാനകിയമ്മ കണ്ടു. മുഖ പരിചയം ഇല്ലാത്തതുകൊണ്ട് ഗൗനിക്കാൻ പോയില്ല.
അങ്ങനെ പല ദിവസങ്ങളിലും അതുപോലെ അയാൾ ജാനകിയെ നോക്കി നിൽക്കുന്നത് അവർ കണ്ടു. പക്ഷേ ഒരു പ്രതികരണവും കാട്ടിയില്ല.

ഒരു ദിവസം ജാനകിയമ്മ കുറെ കൂടുതൽ സാധനങ്ങൾ വാങ്ങിയിരുന്നു. മീൻ കൂടാതെ കുറെ കപ്പയും, മലക്കറിയും, തേങ്ങയും, കുറച്ചു പലചരക്ക് സാധനങ്ങളുമൊക്കെ. എല്ലാം കൂടിയായപ്പോൾ ഒരു കെട്ടും രണ്ടു സഞ്ചികളും നിറച്ച് സാധനങ്ങൾ. എടുത്തുകൊണ്ട് നടക്കാൻ ബുദ്ധിമുട്ടായി. അഞ്ചാലുംമൂട് ചന്തയിൽ അങ്ങനെ ചെറിയ സാധനങ്ങൾക്ക് ചുമട്ടുകാരെ ആരെയും കിട്ടാത്ത കാലം. ജാനകിയമ്മ നിന്നു വിഷമിക്കുന്നത് കണ്ട് അയാൾ വന്നു ചോദിച്ചു.

“ഞാൻ സഹായിക്കട്ടെ”എന്തുപറയണമെന്നറിയാതെ ജാനകിയമ്മ പതറുന്നതു കണ്ട് അയാൾ പറഞ്ഞു
“എന്റെ പേര് ശശാങ്കൻ. ഇവിടെയടുത്ത് ചന്തവിളയിൽ ആണ് വീട്. ജാനകിയെ എനിക്കറിയാം സ്കൂളിൽ പഠിക്കുന്ന കാലത്ത് ഞാൻ അതേ സ്കൂളിൽ തന്നെ ഉണ്ടായിരുന്നു. സീനിയറായി. പലപ്പോഴും നോക്കി നിന്നിട്ടുണ്ട്. പക്ഷേ മിണ്ടാൻ പറ്റിയില്ല”

ഒന്നും മനസ്സിലാകാതെ ജാനകിയമ്മ വിഷമിച്ചു. ഓർമ്മയിൽ ആ മുഖം തിരഞ്ഞു നോക്കി. പക്ഷേ കിട്ടിയില്ല. അയാൾ തുടർന്നു“സാരമില്ല. പുറത്തു റോഡ് വരെ ഈ സാധനങ്ങൾ കൊണ്ടുപോകാൻ ഞാൻ സഹായിക്കാം. അവിടെനിന്നും ഒരു ഓട്ടോറിക്ഷ പിടിച്ച് പോയാൽ മതി”.

ജാനകിയമ്മ തിരിച്ച് ഒന്നും പറഞ്ഞില്ല. രണ്ടു സഞ്ചികളും എടുത്തുകൊണ്ട് ശശാങ്കൻ മുന്നിലും, കെട്ടുമായി ജാനകിയമ്മ പുറകിലുമായി നടന്നു. ചന്തയുടെ വെളിയിൽ ഒരു ഓട്ടോറിക്ഷ നിൽക്കുന്നുണ്ടായിരുന്നു. ശശാങ്കൻ സാധനങ്ങൾ ഓട്ടോറിക്ഷയിൽ വച്ചു. ജാനകിയമ്മ ഓട്ടോയിൽ കയറി ഇരുന്നിട്ട് പറഞ്ഞു.
“താങ്ക്സ്”

ശശാങ്കൻ ഓട്ടോ ഡ്രൈവറുടെ തോളിൽ കൈവെച്ചു കൊണ്ട് പറഞ്ഞു.“എടേ, സൂക്ഷിച്ചു കൊണ്ട് പോണേ”വീട്ടിൽ എത്തിയതിനു ശേഷം ജാനകിയമ്മ കുട്ടിക്കാലത്തെ അയാളുടെ മുഖം ഓർമ്മിച്ചെടുക്കാൻ ശ്രമിച്ചു. പക്ഷേ നടന്നില്ല. സംഭവത്തെപ്പറ്റി ഭർത്താവ് മാധവൻ പള്ളിയോടോ, മകൻ സതീശനോടോ, മരുമകൾ പ്രശാന്തിയോടോ ഒന്നും പറഞ്ഞില്ല
പിറ്റേ ദിവസം വൈകിട്ട് ചന്തയിൽ പോയപ്പോൾ അയാൾ അവിടെ എങ്ങാനും ഉണ്ടോ എന്ന് ജാനകി അമ്മയുടെ കണ്ണുകൾ തിരഞ്ഞു. അയാൾ അവിടെയെങ്ങും ഇല്ലായിരുന്നു.

മൂന്നാമത്തെ ദിവസം ചന്തയിൽ എത്തിയപ്പോൾ ശശാങ്കൻ അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു. അയാൾ മുന്നോട്ടുവന്നു പറഞ്ഞു.“നമസ്കാരം”

ജാനകി അമ്മയും നമസ്കാരത്തിന് തലകുനിച്ചു മറുപടി കൊടുത്തു. എന്നിട്ട് ചോദിച്ചു
“കഴിഞ്ഞതവണ കണ്ടപ്പോൾ ഒന്നും ചോദിക്കാൻ പറ്റിയില്ല. സുഖമാണോ?”“ആ, സുഖം”

ശശാങ്കൻ മറുപടി പറഞ്ഞു. എന്നിട്ട് അയാളുടെ ഇതുവരെയുള്ള ജീവിതകാലത്തെ കുറിച്ച് സംക്ഷിപ്തമായി പറഞ്ഞു.ചന്തവിളയിലായിരുന്നു അയാളുടെ കുടുംബം. കയറിന്റെ ബിസിനസ് ചെയ്തിരുന്ന ബാലകൃഷ്ണന്റെയും, ഭാര്യ ചന്ദ്രികയുടെ മൂത്തമകൻ. താഴെ മൂന്നു സഹോദരിമാർ. അഞ്ചാലുംമൂട് സ്കൂളിൽ തന്നെയാണ് എല്ലാവരും പഠിച്ചിരുന്നത്. സ്കൂളിൽ പഠിക്കുമ്പോഴേ ജാനകിയെ പല പ്രാവശ്യവും കണ്ടിട്ടുണ്ട്. ഇഷ്ടം തോന്നിയിട്ടുണ്ട്. ഒരിക്കൽ പോലും മുന്നോട്ടുവന്നു സംസാരിച്ചിട്ടില്ല.

ഒരു സ്നേഹപ്രകടനവും നടത്തിയിട്ടില്ല. ധൈര്യമില്ലായിരുന്നു. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് കോളേജിൽ ചേർന്നു പഠിത്തം തുടങ്ങിയതോടെ അതെല്ലാം മാറി. ഡിഗ്രി കഴിഞ്ഞ് കൊല്ലം മുനിസിപ്പാലിറ്റിയിൽ ഒരു ക്ലാർക്കായി ജോലി കിട്ടി. ഇതിനിടയിൽ അച്ഛൻ ഹൃദയാഘാതം മൂലം മ.രി.ച്ചു പോയി. അതോടെ കുടുംബത്തിൻറെ മുഴുവൻ ചുമതലയും ശശാങ്കൻ ഏറ്റെടുത്തു. വളരെ കഷ്ടപ്പെട്ട് അമ്മയെയും സഹോദരിമാരെയും സംരക്ഷിച്ചു. മൂന്നു പേരുടെയും വിവാഹം വേണ്ട രീതിയിൽ നടത്തി. അമ്മയെ നോക്കാനും പിന്നെ തൻ്റെ കുടുംബ ജീവിതം മുന്നോട്ടു കൊണ്ടു പോകാനുമായി ഒരു കല്യാണം കഴിച്ചു. ജീവിതം നല്ല രീതിയിൽ കഴിഞ്ഞുപോയി. നാലുവർഷം കഴിഞ്ഞ് അമ്മ മ.രി.ച്ചു.

ആരുടെ കുഴപ്പം കൊണ്ടാണോ എന്നറിയില്ല, ശശാങ്കനും ഭാര്യ സുമതിക്കും കുട്ടികളുണ്ടായില്ല. അതിൽ വളരെ വിഷമം തോന്നി. വിവാഹം കഴിഞ്ഞ് എട്ടു വർഷം കഴിഞ്ഞിട്ടും ഗർഭിണിയാകാൻ സാധിക്കാത്തത് ശശാങ്കന്റെ കുറവു കൊണ്ടാണെന്നും പറഞ്ഞ് സുമതി വിവാഹമോചനത്തിന് ആവശ്യപ്പെട്ടു. വിവാഹമോചനം നേടി സുമതി തന്റെ വീട്ടിലേക്ക് പോയി. അതോടെ തികച്ചും ഒറ്റയ്ക്കായി ശശാങ്കൻ.

ഈ അടുത്ത കാലത്ത് ശശാങ്കൻ മുനിസിപ്പാലിറ്റിയിൽ നിന്നും യൂ ഡീ സീ ആയി വിരമിച്ചു. ഇപ്പോൾ ഒറ്റക്കുള്ള ജീവിതം. പലപ്പോഴും അഞ്ചാലുംമൂട് ജംഗ്ഷനിലും ചന്തയിലും ഒക്കെ ഇങ്ങനെ കറങ്ങി നടക്കും .ആരെയെങ്കിലും പരിചയക്കാരെ കാണാൻ കഴിയുമെന്ന പ്രതീക്ഷയോടെ. എന്തെങ്കിലും ഒന്ന് സംസാരിക്കാൻ. അങ്ങനെയാണ് അന്നൊരു ദിവസം ജാനകിയമ്മയെ കണ്ടുമുട്ടുന്നത്.

അടുത്തദിവസം കണ്ടപ്പോൾ ജാനകിയമ്മ തൻ്റെ ഭർത്താവ് മാധവൻ പിള്ള, മകൻ സതീശൻ, മരുമകൾ പ്രശാന്തി, പേരക്കുട്ടി ഷിബു എന്നിവരെ പറ്റി ഒരു ചെറിയ പരിചയപ്പെടുത്തൽ നടത്തി.
ദിവസങ്ങൾ അങ്ങനെ കടന്നു പോയി. എല്ലാ ദിവസങ്ങളിൽ അല്ലെങ്കിലും ഇടയ്ക്കിടെ അവർ ചന്തയിൽ വെച്ച് കണ്ടുമുട്ടും. എന്തെങ്കിലുമൊക്കെ കുശലപ്രശ്നങ്ങൾ കഴിഞ്ഞ് രണ്ടുപേരും അവരവരുടെ വീടുകളിലേക്ക് പോകും. ഒരു സുഹൃത്ത് ബന്ധം അവരുടെ ഇടയിൽ വളരുകയായിരുന്നു.

ഒരുദിവസം ജാനകിയമ്മയുടെ ഭർത്താവ് മാധവൻപിള്ള പറഞ്ഞു.“ജാനകീ, ഇന്ന് ഞാൻ കൂടിവരുന്നു ചന്തയിലേക്ക്. നീ വാങ്ങിക്കുന്ന മീൻ ഒന്നും ശരിയാകുന്നില്ല”
മറിച്ച് ഒന്നും പറഞ്ഞില്ല ജാനകിയമ്മ. ശശാങ്കൻ ചന്തയിൽ ഉണ്ടാകരുതേ എന്ന് മാത്രം കടവൂരപ്പനോട് പ്രാർത്ഥിച്ചു.

രണ്ടുപേരും കൂടി ഒരു വലിയ ചൂരമീൻ വാങ്ങിയിട്ട് തിരിഞ്ഞപ്പോൾ ശശാങ്കൻ മുന്നിൽ നിൽക്കുന്നു. അയാൾ പയതുപോലെ ചിരിച്ചു. എന്നിട്ട് പറഞ്ഞു”നമസ്കാരം. വലിയ മീനൊക്കെ ആണല്ലോ . ഇന്ന് അതിഥികൾ ആരെങ്കിലും വരുന്നുണ്ടോ ?”
“ഏയ്, ഒന്നുമില്ല. ഇതെന്റെ ചേട്ടൻ”

എന്ന് മാത്രം പറഞ്ഞു ജാനകിയമ്മ.ശശാങ്കന് കാര്യം മനസ്സിലായി. നമസ്കാരം പറഞ്ഞിട്ട് അയാൾ പോയി.“ഇതാരാ ?”മാധവൻപിള്ള ഒരു നീരസത്തോടെ ജാനകിയമ്മയോട് ചോദിച്ചു.

“ഇവർ പണ്ട് ഞങ്ങളുടെ വീടിന്റെ അടുത്ത് താമസിച്ചിരുന്നവരാ. ആ പരിചയമേ ഉള്ളൂ “ ജാനകിയമ്മ പറഞ്ഞു.“എന്തായാലും ചന്തയിൽ കാണുന്നവരോടൊക്കെ നീ ഇനി കൂടുതൽ സംസാരിക്കാൻ പോകണ്ടാ. മനസ്സിലായോ ?”മാധവൻ പിള്ളയുടെ സ്വരത്തിലുള്ള മാറ്റം ജാനകിയമ്മ ശ്രദ്ധിച്ചു. ഒന്നും മിണ്ടാതെ അവർ രണ്ടുപേരും വീട്ടിലേക്ക് നടന്നു.ദിവസങ്ങൾ കടന്നു പോയി. ജാനകിയമ്മയുടെ ചന്തയിലേക്കുള്ള പോക്ക് കുറഞ്ഞു . അഥവാ ചന്തയിൽ വെച്ച് ശശാങ്കനെ കണ്ടാലും ഒരു പുഞ്ചിരിയിലോ നമസ്കാരത്തിലോ അവരുടെ സംസാരം ഒതുക്കി. അതും വല്ലപ്പോഴും.

ഒരു ദിവസം രാത്രിയിൽ ഉറങ്ങിക്കിടന്ന മാധവൻപിള്ള ഉറക്കത്തിൽ തന്നെ മരിച്ചു. ഒരു വാക്കുപോലും മിണ്ടാതെ അയാൾ പോയി. ഹാർട്ട് അറ്റാക്ക് ആയിരുന്നു എന്ന് ഡോക്ടർ പറഞ്ഞു.
മാധവൻ പിള്ളയുടെ മരണശേഷം ജാനകി അമ്മയുടെ ജീവിതം ആകെ മാറി. അവർ തികച്ചും ഒറ്റയ്ക്കായി. ഇതിനിടയിൽ എന്തോ ഒരു കുറ്റബോധം അവരെ ശല്യപ്പെടുത്തി കൊണ്ടിരുന്നു. സതീശന് അമ്മയോട് രണ്ടു വാക്കുപോലും സംസാരിക്കാൻ സമയമില്ല. മരുമകൾ കുട്ടിയെയും അടുക്കളയും നോക്കുന്നതിന്റെ തിരക്കിലായി.

ഏകദേശം രണ്ടുവർഷം ഇങ്ങനെ കഴിഞ്ഞുപോയി. അടുത്ത കാലത്ത് അടിവയറ്റിൽ ഒരു അസ്വസ്ഥതയും വേദനയും ഇടയ്ക്കിടെ ജാനകിയമ്മയെ ശല്യപ്പെടുത്തി. ആദ്യം അതിനെക്കുറിച്ച് ആരോടും ഒന്നും പറഞ്ഞില്ല. വേദന സഹിക്കാൻ വയ്യാതെ അവസാനം ആശുപത്രിയിൽ പോയി. വിശദമായ പരിശോധനയ്ക്കുശേഷം ജാനകി അമ്മയ്ക്ക് ഗർഭപാത്രത്തിൽ കാൻസർ ആണെന്ന് കണ്ടുപിടിച്ചു. തന്റെ ജീവിതം തകർന്നുവീഴുന്നത് അവർ കണ്ടു. എത്രയും വേഗം ഓപ്പറേഷൻ ചെയ്തു കാൻസർ ബാധിച്ച ഗർഭപാത്രം നീക്കം ചെയ്യണമെന്ന് ഡോക്ടർ പറഞ്ഞു. അല്ലെങ്കിൽ അത് പടരുകയും ജീവൻ തന്നെ അ.പ.ക.ട.മാ.വുകയും ചെയ്യും എന്നും ഡോക്ടർ പറഞ്ഞു.

അങ്ങനെ കൊല്ലത്ത് ശങ്കേഴ്സ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ഓപ്പറേഷന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. സതീശന് ജോലിക്ക് പോകേണ്ട ആവശ്യമുണ്ടായിരുന്നു. എന്നിട്ടും ഓപ്പറേഷൻ ദിവസം കൂടെയുണ്ടായിരുന്നു. പ്രശാന്തിക്ക് കൊച്ചു കുട്ടിയെ വീട്ടിൽ ഒറ്റയ്ക്കാക്കിയിട്ട് ആശുപത്രിയിൽ നിൽക്കാൻ ബുദ്ധിമുട്ടായി. അതുകൊണ്ട് ആശുപത്രിയിൽ ഒറ്റയ്ക്ക് തന്നെ ജാനകിയമ്മ സമയം കഴിച്ചുകൂട്ടി.

ഇതിനിടയിൽ വിവരമറിഞ്ഞ് ഒരു ദിവസം ശശാങ്കൻ ആശുപത്രിയിൽ വന്നു. ജാനകിയമ്മയെ സന്ദർശിച്ചു. വിവരങ്ങൾ അന്വേഷിച്ചു. ആരും നോക്കാനും കാണാനും ഇല്ലാത്ത അവസ്ഥയിൽ അവർ ആശുപത്രിയിൽ കഴിയുന്നത് കണ്ട് അയാളുടെ കണ്ണുകൾ നിറഞ്ഞു. യാത്ര പറഞ്ഞു പോകുന്നതിനു മുമ്പ് ഒരു കടലാസിൽ അയാളുടെ ഫോൺ നമ്പർ എഴുതി കൊടുത്തിട്ട് പറഞ്ഞു .

“ജീവിതത്തിൽ എന്തെങ്കിലും അത്യാവശ്യം വന്നു എന്നു തോന്നുമ്പോൾ എന്നെ അറിയിക്കണം. ഞാൻ എത്തും, ഞാൻ തീർച്ചയായും കൂടെയുണ്ടാകും “.ഓപ്പറേഷൻ കഴിഞ്ഞ് വീട്ടിലെത്തിയ ജാനകിയമ്മയെ വേണ്ട രീതിയിൽ ശുശ്രൂഷിക്കാൻ പ്രശാന്തിക്ക് കഴിഞ്ഞില്ല. സതീശനും അതൊരു വലിയ ബുദ്ധിമുട്ടായി തോന്നി. ചികിത്സക്കും മറ്റുമായി ഒരു വലിയ തുക അയാൾ ഇതിനകം ചെലവാക്കി കഴിഞ്ഞു. ഒരു ദിവസം സതീശനും പ്രശാന്തിയും ഈ പ്രശ്നങ്ങളെ കുറിച്ച് സംസാരിച്ചു വഴക്കുകൂടി. ജീവിതം വളരെ അസഹനീയമായി തോന്നി ജാനകിയമ്മയ്ക്ക്. ദിവസങ്ങൾ, മാസങ്ങൾ അങ്ങനെ കഴിഞ്ഞു പോയി.

ഒരു ഞായറാഴ്ച ദിവസം സതീശനും പ്രശാന്തിയും കൂടി ജാനകിയമ്മയുടെ മുറിയിൽ വന്നു. സതീശൻ അമ്മയുടെ കയ്യിൽ പിടിച്ചുകൊണ്ട് സങ്കടത്തോടെ പറഞ്ഞു.
“അമ്മേ, ഞാൻ പറയാൻ പോകുന്ന കാര്യം കേട്ടിട്ട് അമ്മ ക്ഷോഭിക്കരുത്. വളരെ ആലോചിച്ചതിനു ശേഷമാണ് ഞങ്ങൾ രണ്ടുപേരും കൂടി ഈ തീരുമാനം എടുത്തത്. അമ്മ സഹകരിക്കണം”

ജാനകി അമ്മയ്ക്ക് ഒന്നും മനസ്സിലായില്ല. ബുദ്ധിമുട്ടി കട്ടിലിൽ നിവർന്നിരുന്നു കൊണ്ട് അവർ പറഞ്ഞു“എനിക്കൊന്നും മനസ്സിലാകുന്നില്ല. മോനേ നീ തെളിച്ചു പറ. പണത്തിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ ? എന്നാൽ എൻ്റെ പേരിലുള്ള സ്ഥലം നമുക്ക് വിൽക്കാം. നീ വിഷമിക്കണ്ടാ”
“അതല്ല അമ്മേ”

സതീശൻ കട്ടിലിൽ നിന്നും എഴുന്നേറ്റ് കൊണ്ട് പറഞ്ഞു“നീ കാര്യം പറ. മനുഷ്യനെ വിഷമിപ്പിക്കാതെ” ജാനകിയമ്മ ചൊടിച്ചു.
അല്പസമയത്തെ മൗനത്തിനുശേഷം സതീശൻ അമ്മയുടെ മുഖത്തു നോക്കാതെ പറഞ്ഞു

“അമ്മേ, അമ്മയുടെ ഈ അവസ്ഥയിൽ അമ്മയെ ശുശ്രൂഷിക്കാൻ ഒരാള് എപ്പോഴും വേണം. എനിക്കാണെങ്കിൽ ജോലിക്ക് പോകണം. വീട്ടുകാര്യങ്ങളും കുട്ടിയും പിന്നെ അമ്മയുടെ കാര്യങ്ങളും കൂടി നോക്കാൻ പ്രശാന്തിക്ക് ബുദ്ധിമുട്ടാണ്. അവൾ ആകെ തളർന്നിരിക്കുകയാണ്. കുറച്ചു ദിവസത്തേക്ക് അവളുടെ വീട്ടിൽ പോയി നിൽക്കാൻ ഞാൻ പറഞ്ഞു”

“സതീശാ, നീ വളച്ചൊടിക്കാതെ കാര്യം തുറന്നു പറ. ഇവിടത്തെ കാര്യങ്ങളെപ്പറ്റി എനിക്കറിയാം”
ജാനകിയമ്മയ്ക്ക് ദേഷ്യം വന്നു.കട്ടിലിൽ വീണ്ടും ഇരുന്നുകൊണ്ട് സതീശൻ പറഞ്ഞു

“ അഷ്ടമുടിയിൽ ഒരു വൃദ്ധസദനം ഉണ്ട്. താമസത്തിനും ചികിത്സയ്ക്കും ഒക്കെ എല്ലാ സൗകര്യങ്ങളുമുള്ള ഒരു വൃദ്ധസദനം. ഞാൻ അന്വേഷിച്ചു. സ്റ്റാർ ഹോട്ടലിലെ സൗകര്യങ്ങളാണ് അവിടെ. താമസിക്കുന്നവർ വളരെ സന്തോഷത്തോടെയാണ് കഴിയുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. അമ്മയെ കുറച്ചു ദിവസത്തേക്ക് അങ്ങോട്ട് മാറ്റുന്നത് നല്ലതാണെന്ന് ഞങ്ങൾക്ക് തോന്നി. അമ്മ എന്തു പറയുന്നു?”

സ്വന്തം മകനിൽ നിന്നും കേട്ട വാക്കുകൾ ആദ്യം അവർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. മനസ്സിൽ ഒരു കത്തി ആരോ കുത്തിയിറക്കി എന്ന് തോന്നി. പെട്ടെന്ന് അവർ പറഞ്ഞു
“ശരി. ഞാൻ ഒന്ന് ആലോചിക്കട്ടെ. എനിക്ക് ഒരു ദിവസത്തെ സമയം തരു. നിങ്ങൾക്ക് ധൃതി ഒന്നും ഇല്ലല്ലോ?”ഒന്നു മൂളിയിട്ട് സതീശൻ എഴുന്നേറ്റുപോയി. ഒപ്പം പ്രശാന്തിയും..

തൻറെ ജീവിതത്തിൽ സംഭവിച്ചതെല്ലാം ഒരു സിനിമ പോലെ ജാനകിയമ്മയുടെ മനസ്സിലൂടെ കടന്നു പോയി. രാത്രിയിൽ അവർക്ക് തീരെ ഉറങ്ങാൻ കഴിഞ്ഞില്ലം ആത്മഹത്യ ചെയ്താൽ എന്താ എന്നുവരെ അവർ ചിന്തിച്ചു.നേരം വെളുത്തതിനുശേഷം അവർ എന്തോ കാര്യത്തിന് തന്റെ പേഴ്സ് തുറന്നപ്പോൾ ശശാങ്കൻ എഴുതിക്കൊടുത്ത കടലാസുകഷണം കണ്ടു. അതിൽ എഴുതിയിരുന്ന നമ്പർ ഡയൽ ചെയ്തു.

ശശാങ്കൻ ഫോൺ എടുത്തപ്പോൾ ജാനകിയമ്മ പറഞ്ഞു“ഏട്ടാ, എനിക്ക് അത്യാവശ്യമായി കുറച്ചു കാര്യങ്ങൾ സംസാരിക്കണം. എന്റെ വീട്ടിൽ ഒന്നു വരാമോ?”

ഒരു മണിക്കൂർ കഴിഞ്ഞ് ശശാങ്കൻ ജാനകിയമ്മയുടെ വീട്ടിൽ എത്തി. വീട്ടിൽ വേറെ ആരും ഇല്ലായിരുന്നു. പ്രശാന്തി സ്കൂളിൽ കുട്ടിയെ കൊണ്ടുപോകാൻ ആയി പുറത്തു പോയിരുന്നു. രാവിലെതന്നെ സതീശൻ ജോലിക്ക് പോയി.
“എന്താ, എന്തുപറ്റി ?”

എത്തിയ ഉടനെ തന്നെ ശശാങ്കൻ അന്വേഷിച്ചുജാനകിയമ്മ കാര്യങ്ങൾ എല്ലാം വിശദമായി പറഞ്ഞു. അവസാനം നിറകണ്ണുകളോടെ പറഞ്ഞു“ജീവിതത്തിൻറെ അവസാന കാലം ആരോരുമില്ലാത്തവളായി വൃദ്ധ സദനത്തിൽ കഴിയാൻ എനിക്ക് വയ്യാ. ഏട്ടൻ പറ, ഞാൻ എന്തുചെയ്യണം.?”

“എന്തുചെയ്യാൻ? ഞാനില്ലേ ? പിന്നെ എന്തിനാണ് വിഷമിക്കുന്നത്? ഞാൻ കൊണ്ടുപോകാം ജാനകിയെ. ജീവിതകാലം മുഴുവനും പൊന്നുപോലെ നോക്കിക്കോളാം. വിഷമിക്കണ്ടാ. ഞാൻ നാളെ വരാം”“അങ്ങനെ ഒരു പേരുദോഷം എനിക്ക് വയസ്സുകാലത്ത് വേണ്ടാ. എനിക്കറിയില്ല എന്ത് ചെയ്യണമെന്ന്”“ എല്ലാം ഞാൻ ശരിയാക്കാം. ഞാൻ നാളെ വരാം. അപ്പോൾ സതീശനും പ്രശാന്തിയും ഇവിടെ ഉണ്ടാകണം എന്ന് അവരോട് പറയണം”

ഇത്രയും പറഞ്ഞിട്ട് ശശാങ്കൻ പുറത്തേക്ക് പോയി.
സംഭവിച്ച വിവരങ്ങളെല്ലാം ജാനകിയമ്മ മകനോടും മരുമകളോടും പറഞ്ഞു
പിറ്റേന്ന് രാവിലെ തന്നെ ശശാങ്കൻ എത്തി. സതീശൻ അയാളെ മുറിയിൽ സ്വീകരിച്ചിരുത്തി. ഒരു മുഖവുരയും കൂടാതെ ശശാങ്കൻ പറഞ്ഞു“ഞാൻ ഇയാളുടെ ഒരു സുഹൃത്താണ്. കുട്ടിക്കാലം മുതൽ ഉള്ള പരിചയം. പേര് ശശാങ്കൻ. എനിക്ക് ഭാര്യയും കുട്ടികളും ഒന്നുമില്ല. കാര്യങ്ങളൊക്കെ ഞാനറിഞ്ഞു. നിങ്ങളുടെ ബുദ്ധിമുട്ട് എനിക്ക് മനസ്സിലായി. ഞാൻ ഒരു കാര്യം പറഞ്ഞാൽ മക്കളായ നിങ്ങൾ സമ്മതിക്കണം”

“എന്താ അങ്കിൾ?”സതീശൻ ജിജ്ഞാസയോടെ ചോദിച്ചു.

“ഈ പ്രായത്തിൽ അതും ഇങ്ങനെയൊരു അസുഖം ഉള്ള സ്ത്രീയെ വൃദ്ധാശ്രമത്തിൽ അയക്കുന്നത് ശരിയല്ല. അതിനുപകരം ജാനകിയെ ഞാൻ കൊണ്ടുപോകാം. എന്റെ കൂടെ നിർത്താം. എല്ലാ കാര്യങ്ങളും ഞാൻ നോക്കിക്കോളാം. പിന്നെ സമൂഹത്തിന് അതൊരു ചോദ്യം ആകാതിരിക്കാൻ ഞാൻ ഒരു വഴി കാണുന്നു. അതായത് വിധവയായ ജാനകിയെ ഞാൻ രജിസ്റ്റർ വിവാഹം ചെയ്യാം. ഭാര്യയാക്കി വീട്ടിൽ കൊണ്ടുപോകാം.

അതിനുള്ള ഇടപാടുകൾ ഒക്കെ ഞാൻ ചെയ്തിട്ടാണ് വന്നിരിക്കുന്നത്. ഈ പറഞ്ഞത് നിങ്ങൾ മൂന്നുപേർക്കും സമ്മതമാണെങ്കിൽ നമുക്ക് അഞ്ചാലുംമൂട് രജിസ്ട്രാർ ഓഫീസിൽ ചെന്ന് വിവാഹം രജിസ്റ്റർ ചെയ്യാം”.

ജാനകിയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. അവരുടെ കണ്ണുനിറഞ്ഞു. സതീശനും പ്രശാന്തിക്കും എന്തുപറയണമെന്ന് അറിയില്ലായിരുന്നു. അതുകൊണ്ട് അവർ മൗനം പാലിച്ചു.

ചായ കുടി കഴിഞ്ഞു അവർ നാലു പേരും കൂടി ഒരു ടാക്സിയിൽ രജിസ്ട്രാർ ഓഫീസിലേക്ക് പോയി . വിവാഹം മംഗളമായി നടന്നു.

വീട്ടിൽ തിരിച്ചെത്തിയിട്ട് ജാനകിയമ്മ അവരുടെ കുറേ അത്യാവശ്യ തുണികളും സാധനങ്ങളും മരുന്നും ഒക്കെ ഒരു സൂട്ട് കേസിൽ ആക്കി ശശാങ്കന്റെ കയ്യിൽ കൊടുത്തു.

ജാനകിയമ്മയുടെയും മാധവൻ പിള്ളയുടെയും കല്യാണ ഫോട്ടോ ഒരു കടലാസിൽ പൊതിഞ്ഞു. അതും കയ്യിലെടുത്തു കൊണ്ട് വീട്ടിൽ നിന്നും ഇറങ്ങുന്നതിനു മുമ്പ് ജാനകിയമ്മ സതീശനോടും പ്രശാന്തിയോടുമായി പറഞ്ഞു“ഇറങ്ങട്ടെ മക്കളെ..….”

Share this on...