IAS ൽ ഒന്നാം സ്ഥാനം കിട്ടിയ പെൺകുട്ടിയുടെ അച്ഛനെ കണ്ടു ഞെട്ടി ആദരിക്കാൻ വന്നവർ

in Story 61,126 views

രചന.വിപിൻ‌ദാസ് അയിരൂർ.

അച്ഛനോ?? നിങ്ങളോ??…അങ്ങനൊരു പേര് നിങ്ങൾക്ക് ചേരില്ല. കാമപ്രാന്തൻ എന്ന് വിളിക്കുന്നതാകും നല്ലത്. സ്വന്തം ഭാര്യയെ കാമം മൂത്ത് ബലാൽക്കാരമായി അനുഭവിക്കാൻ ചെന്ന് കൊലപ്പെടുത്തിയ കാമപ്രാന്തൻ.. സ്വന്തം മകളുടെ രഹസ്യ ഭാഗങ്ങൾ ഒളിഞ്ഞു നോക്കി സുഖം അനുഭവിക്കുന്ന ഞരമ്പുരോഗി””മോളേ.. ഞാൻ..”

“വേണ്ടാ.. നിങ്ങളൊന്നും ഇനി പറയണ്ട.. ഞാൻ കണ്ടിടത്തോളവും കെട്ടിടത്തോളവും മതി ഈ അച്ഛന്റെ സ്വരൂപം. നിങ്ങൾ ഇപ്പൊ തിരിച്ചുവന്ന ജയിലിലേക്ക് തന്നെ പൊയ്ക്കോളൂ. ഭാര്യയെ പരലോകത്തേക്ക് പറഞ്ഞയച്ചതിനു സമൂഹം തന്ന ബഹുമതി ഏറ്റുവാങ്ങി വന്നതല്ലേ ഇപ്പൊ. അങ്ങോട്ട് തന്നെ പൊക്കോളൂ. നിങ്ങൾക്ക് അവിടെയാണ് പറ്റിയ സ്ഥലം. അല്ലെങ്കിൽ സ്വന്തം അച്ഛൻ നശിപ്പിച്ച മകളായി ജീവിക്കേണ്ടിവരും ഞാൻ.”

അഞ്ജനയുടെ വാക്കുകൾക്ക് വാൾമുനയേക്കാൾ മൂർച്ചകൂടി. ഇതെല്ലാം കണ്ണിമ വെട്ടാതെ കേട്ടുനിൽക്കാനേ പ്രഭാകരന് കഴിഞ്ഞുള്ളു. പേയിങ് ഗസ്റ്റ് ആയി നിൽക്കുന്ന വീടിന്റെ മുൻവശത്തെ വാതിൽ കൊട്ടിയടച്ചു അഞ്ജന അകത്തേക്ക് പോയി. കയ്യിൽ പിടിച്ച തുണി സഞ്ചിയുമായി പ്രഭാകരൻ കണ്ണുകൾ തുടച്ചു ആ വീടിന്റെ പടികൾ ഇറങ്ങി നടന്നു.

പ്രഭാകരൻ… സ്വന്തം ഭാര്യയെ കൊന്നതിനു ജീവപര്യന്തം ശിക്ഷ അനുഭവിച്ചവൻ. ഒരു ബിൽഡിംഗ് കമ്പനിയിൽ സൂപ്പർവൈസർ ആയി ജോലി ചെയ്തിരുന്നു. അങ്ങനെയിരിക്കെയാണ് ഒരു സുപ്രഭാതത്തിൽ ഭാര്യയെ കൊന്നെന്ന് നാട് മുഴുവൻ പാട്ടാകുന്നത്. അന്ന് പന്ത്രണ്ട് വയസ്സുകാരി അഞ്ജന എന്താണ് സംഭവിച്ചതെന്ന് അറിയാതെ പകച്ചു നിൽക്കുന്നിടത്തു നിന്നാണ് അച്ഛനെ പോലീസ് കൊണ്ടുപോകുന്നത്.

പ്രഭാകരന് ബന്ധുക്കളായി ആരുമില്ല. ചെറുപ്പത്തിൽ എവിടെയോനിന്ന് വന്നു കൂടിയതാണ് ഈ നാട്ടിൽ. പഠിക്കാനുള്ള കഴിവും നല്ല വ്യക്തിത്വവും പ്രഭാകരനെ നല്ലവനായി നാട്ടുകാരുടെ മനസ്സിൽ ഇടംപിടിച്ചു. നിർദ്ധന കുടുംബങ്ങളിലെ കുട്ടികളെ സ്പോൺസർ മുഖേനെ പഠിപ്പിക്കുന്ന ഒരു സ്ഥാപനമുണ്ട് നാട്ടിൽ. അവരുടെ സഹായo കൊണ്ടാണ് പ്രഭാകരൻ പഠിച്ചതും വളർന്നതും. ആ സംഘടനയിലെ മുതിർന്ന വ്യക്തി രവിച്ചേട്ടൻ ആണ് പ്രഭാകരന്റെ കാര്യങ്ങൾ കൂടുതലായും നോക്കിയിരുന്നത്. രവിച്ചേട്ടന് മക്കളില്ല. പ്രഭാകരന്റെ സ്വഭാവവും പെരുമാറ്റവും രവിച്ചേട്ടനെ പ്രഭാകരനിലേക്ക് കൂടുതൽ അടുപ്പിച്ചു.

സ്വന്തം കാലിൽ നിൽക്കാനായപ്പോൾ രവിച്ചേട്ടൻ പ്രഭാകരനുവേണ്ടി ഒരു പെൺകുട്ടിയെ കണ്ടെത്തി. പ്രഭാകരനെപോലെ അച്ഛനും അമ്മയുമില്ലാത്ത ഒരുവൾ. അതാകുമ്പോൾ ആ ജീവിതം രണ്ടുപേരും അനുഭവിച്ചറിഞ്ഞതാണ്. ഏറ്റകുറച്ചിലുകൾ അവർക്കിടയിൽ ഉണ്ടാവില്ല. രവിച്ചേട്ടന്റെ അഭിപ്രായത്തിനു മുന്നിൽ പ്രഭാകരൻ പുഞ്ചിരിച്ചു. അതിനപ്പുറം പ്രഭാകരന് എതിർത്ത് പറയാനോ അഭിപ്രായം പറയാനോ കഴിയില്ല. രവിച്ചേട്ടൻ തന്റെ അച്ഛനെപോലെയാണ്. തന്നെ ഈ നിലയിൽ എത്തിച്ച അദ്ദേഹത്തെ ധിക്കരിക്കാനാവില്ല.

ലക്ഷ്മി.. അതായിരുന്നു അവളുടെ പേര്. കാണാൻ നല്ല ചന്തം. ഒരു ബേക്കറി കടയിലെ ജീവനക്കാരി. രവിച്ചേട്ടൻ ആ കടയിൽ പോകുമ്പോൾ കണ്ടിട്ടുള്ള പരിചയം. സംസാരിച്ചു ഇഷ്ട്ടപ്പെട്ടു എല്ലാം തീരുമാനിച്ചു. രവിച്ചേട്ടന്റെ സ്ഥാപനത്തിലെ കുട്ടികൾക്കും മറ്റുള്ളവർക്കും ചെറിയ സദ്യ കൊടുത്തു അവരുടെ വിവാഹം കഴിഞ്ഞു. രവിച്ചേട്ടൻ അവർക്ക് അടുത്തുതന്നെ ഒരു ചെറിയ വീടും വാടകക്ക് എടുത്തുകൊടുത്തു.

താമസിയാതെ അവർക്കൊരു പെൺകുഞ് പിറന്നു. അഞ്ജന!!!
ആ ജീവിതം വളരെ സന്തോഷത്തോടെ മുന്നോട്ട് നീങ്ങി. പെട്ടെന്നൊരു സുപ്രഭാതത്തിലാണ് ലക്ഷ്മി കൊല്ലപ്പെട്ടതും പ്രഭാകരൻ ജയിലിൽ ആയതും. പിന്നീട് അഞ്ജനയെ രവിച്ചേട്ടനാണ് നോക്കി വളർത്തിയത്. അഞ്ജന ഇപ്പൊ സിവിൽ സർവീസ് പരീക്ഷ എഴുതി കഴിഞ്ഞിരിക്കുന്നു.
“രവിച്ചാച്ചാ…”

വിളി കേട്ട് രവി കിടന്നിരുന്ന കട്ടിലിൽ നിന്ന് വിളി കേട്ട ദിക്കിലേക്ക് നോക്കി. വാതിൽ കടന്ന് അഞ്ജന വരുന്നു. രവിക്ക് വയസ്സേറിയിരിക്കുന്നു, കിടപ്പിലാണ്. അഞ്ജന രവിയെ ‘രവിച്ചാച്ച’ എന്നാണ് വിളിക്കുന്നത്.

“ആഹ് .. ആരിത്.. ചാച്ചന്റെ അഞ്ചുട്ടിയോ… പരീക്ഷയൊക്കെ എളുപ്പമുണ്ടായിരുന്നോ മോളേ?”
“ഉണ്ടായിരുന്നു ചാച്ചാ.. എഴുതീട്ടുണ്ട്. ബാക്കിയെല്ലാം ദൈവം വിധിച്ചപോലെ നടക്കട്ടെ”
“ന്റെ മോൾ ഒരു കളക്ടർ ആയി കണ്ടിട്ട് വേണം ഈ ചാച്ചന് കണ്ണടക്കാൻ.
“ഓ പിന്നെ.. അതിനുവേണ്ടിയാണോ ഇത്രയും കാലം ചെല്ലും ചിലവും തന്നു എന്നെ വളർത്തി പഠിപ്പിച്ചു ഇതുവരെയാക്കിയത്. ഞാൻ കളക്ടർ ആയിട്ട് വേണം ന്റെ ചാച്ചന്റെ കൂടെ കാറിൽ ഇങ്ങനെ പോവാൻ”

രണ്ടുപേരും ചിരിക്കുന്നു.
“അതൊക്കെ പോട്ടെ.. നിന്റെ എഴുത്തുകൾ നടക്കുന്നില്ലേ. ഇതിന്റെ കൂടെ അതും കൊണ്ടുപോവണം. കഴിവുകൾ ഇല്ലാതാക്കരുത്.”

“ഇല്ലാ ചാച്ചാ.. എഴുതാറുണ്ട്. പിന്നെ എനിക്കൊരു പുസ്തകം പബ്ലിഷ് ചെയ്യണമെന്നുണ്ട്. അതിനുള്ള തയ്യാറെടുപ്പിലാണ് ഞാൻ.”
“ആഹാ നല്ല കാര്യം. എന്തുണ്ടെലും ചാച്ചൻ കൂടെയുണ്ട്. ആഹ്.. ഈ കാര്യം നിന്റെ സ്‌പോൺസറെ അറിയിക്കണം. വൈകിട്ട് ഞാൻ എഴുത്ത് വിട്ടോളാം. പുസ്തകത്തിന്റെ കാര്യങ്ങൾ നടക്കട്ടെ വേഗം.”
“അല്ലാ ചാച്ചാ.. ആരാണെന്റെ സ്പോൺസർ. ഇത്രകാലം ഞാൻ ചാച്ചനോട് അദ്ദേഹത്തെപ്പറ്റി ചോദിച്ചു നടന്നു. പറഞ്ഞില്ല. സിവിൽ സർവീസ് പരീക്ഷ കഴിഞ്ഞു പറയാമെന്നു വാക്കു തന്നിരുന്നതാ എനിക്ക്. ഇപ്പൊ എനിക്കറിഞ്ഞേ പറ്റൂ.”

“മ്മ്.. പറയാം. പക്ഷേ.. ഒന്നുണ്ട്. ഞാൻ പറയുന്നതെല്ലാം കേട്ടിട്ടേ ന്റെ മോൾ ഈ വാതിൽ കടക്കാവൂ.”

“മ്മ് പറ ചാച്ചാ. എനിക്ക് ആ പേര് കേൾക്കാൻ കൊതിയായി. ആ കാലുകളിൽ വീണു നമസ്കരിക്കണം.”

“മ്മ്.. എങ്കിൽ എന്റെ മോൾ അയാൾ ഇല്ലേ ആ കാമപ്രാന്തൻ.. നിന്നെ അടുത്തകാലത്ത് കാണാൻ വന്നവൻ നിന്റെ അച്ഛൻ.. പ്രഭാകരൻ ആ കാലിൽ ചെന്ന് വീണ് നമസ്കരിക്ക്.. ആ മുഖത്തിന് മുന്നിൽ കൈ തൊഴണം പോയിട്ട്.”

അഞ്ജനയുടെ മുഖം ദേഷ്യംകൊണ്ട് ചുവന്നു. ഇരുന്നിടത്തുനിന്നു എഴുന്നേറ്റ്നിന്നു.
“ചാച്ചാ.. എന്തിനുവേണ്ടിയ എന്നെ പറ്റിച്ചത്. ആ ദുഷ്ടന്റെ പൈസകൊണ്ട് എന്തിനാ എന്നെ വളർത്തിയതും പഠിപ്പിച്ചതും.?”

“എല്ലാം പറയാം. പ്രഭാകരന് ഞാനൊരു വാക്ക് കൊടുത്തിരുന്നു. അവന്റെ ആഗ്രഹംപോലെ നിന്നെ ഒരു കളക്ടർ അയക്കുമെന്നും കളക്ടർ ആയി ജോലി ചെയ്യുന്നതിന് മുൻപ് മാത്രമേ പ്രഭാകരനെപ്പറ്റി പറയുകയുള്ളൂ എന്നും. പക്ഷേ ഇന്ന് നീ നിർബന്ധിച്ചപ്പോൾ ഞാൻ പറഞ്ഞെന്നുമാത്രം. മോൾ കുറച്ചു കാര്യങ്ങൾ കൂടി അറിയാനുണ്ട്.

അഞ്ജന രവിയെ നോക്കി ഇരുന്നു.
“നിന്റെ അച്ഛന്റെയും അമ്മയുടെയും കല്യാണം നടത്തിയത് ഞാനാണ്. ലക്ഷ്മി പാവം പെണ്ണായിരുന്നു. പക്ഷെ അവൾക്ക് കല്യാണത്തിന് മുൻപ് ആ കടയിൽ ജോലി ചെയ്തിരുന്ന ഒരു യുവാവുമായി അടുപ്പമുണ്ടായിരുന്നു. അതെനിക്ക് അറിയില്ലായിരുന്നു. അവൾ പറഞ്ഞില്ല എന്നോട്. അങ്ങനെ അച്ഛന്റെയും അമ്മയുടെയും വിവാഹം നടന്നു. വിവാഹം കഴിഞ്ഞിട്ടും ലക്ഷ്മി ആ യുവാവുമായുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോയി. നിന്റെ അച്ഛൻ പല ദിവസങ്ങളിലും അവർ സംസാരിക്കുന്നത് കണ്ടിട്ടുണ്ട്. ലക്ഷ്മിയോട് പറഞ്ഞിട്ടുമുണ്ട് ഇനി വേണ്ടാന്നും. എല്ലാം അവസാനിപ്പിച്ചു നല്ലൊരു ജീവിതം മുന്നോട്ട് കൊണ്ടുപോവാമെന്നും.

പക്ഷെ ലക്ഷ്മിക്ക് നിന്റെ അച്ഛനെക്കാൾ വലുത് ആ യുവാവായിരുന്നു. ഒരു ദിവസം നിന്റെ അച്ഛൻ നേരത്തെ ജോലി കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ കണ്ട കാഴ്ച വളരെ മോശമായിരുന്നു, നിന്റെ അമ്മയും ആ യുവാവും ചേർന്ന്……

കലിപൂണ്ട പ്രഭാകരൻ അയാളെ പിടിച്ചു പുറത്തേക്ക് ചവിട്ടിയിട്ടു. അയാൾ എഴുന്നേറ്റ് ഓടി. പിന്നെ നിന്റെ അമ്മയെ ദേഷ്യംകൊണ്ട് ഒരടികൊടുത്ത് തള്ളിയതാ.. നേരെപോയി വീണത് കട്ടിലിന്റെ കാലിൽ തലയിടിച്ചു. വിവസ്ത്രയായ നിന്റെ ‘അമ്മ രക്തത്തിൽ കുളിച്ചു കിടക്കുന്നത് കണ്ടിട്ടാണ് മോൾ അന്ന് അങ്ങോട്ട് ചെന്ന് കേറുന്നത്. അന്ന് ന്റെ മോൾ തെറ്റുധരിച്ചു പ്രഭാകരൻ കാമം മൂത്ത് നിന്റെ അമ്മയെ കൊ ന്ന താ ണെന്നു അല്ലേ?”
“ചാച്ചാ.. ഞാൻ..”

ഒന്നും പറയാനാവാതെ അഞ്ജന മുഖത്ത് കയ്യും വെച്ച് കുനിഞ്ഞിരുന്നു കരഞ്ഞു.
“ആ യുവാവിന്റെ കാര്യം നിന്റെ അച്ഛന് ആദ്യമേ അറിയുന്നതുകൊണ്ട് നിന്റെ കാര്യത്തിൽ അച്ഛന് വളരെ പേടിയായിരുന്നു. അതുകൊണ്ടാണ് രാവും പകലുമില്ലാതെ അവൻ നിന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്നത്. അന്ന് മോൾ ബാത്റൂമിൽ കുളിക്കുമ്പോൾ ജനലിന്റെ ശബ്ദം കേട്ട് മോൾ ഇറങ്ങി വന്നു നോക്കിയപ്പോൾ പ്രഭാകരനെയാണ് കണ്ടത് അല്ലേ. അന്ന് മോൾ മുദ്രകുത്തി.. മകളുടെ രഹസ്യ ഭാഗങ്ങൾ കാണാൻ നിൽക്കുന്ന അച്ഛനെന്ന്. അല്ലെ? അന്ന് ആരോ വേലിചാടി ഓടുന്ന ശബ്ദം കേട്ടാണ് പ്രഭാകരൻ അങ്ങോട്ട് ഇറങ്ങിയത്. നീ വന്നപ്പോൾ ആ ജനലിന്റെ താഴെ നിൽക്കുന്ന അച്ഛനെ കണ്ടു. നിന്നെ കുറ്റം പറയാനാവില്ല.

എങ്കിലും മോളേ, ഇത്രകാലം അധ്വാനിച്ച പൈസയെല്ലാം എന്റെ അക്കൗണ്ടിൽ ഇട്ടിട്ടാ അവൻ ജയിലിൽ പോയത്. നിന്റെ കാര്യങ്ങൾ എല്ലാം നോക്കിക്കോളാൻ പറഞ്ഞിട്ട്. ഇപ്പൊ ജയിലിൽ നിന്ന് വന്നതും നിന്നെ കാണാൻ വേണ്ടി മാത്രമാണ്. ഇനിയെങ്കിലും ആ പാവത്തെ നീ വെറുക്കരുത്.”
“രവിചാച്ചാ.. എനിക്കെന്റെ അച്ഛനെ കാണണം.. എനിക്കിപ്പോ കാണണം.. പ്ലീസ്.. എനിക്ക് കണ്ടേപറ്റൂ.”

“കാണാം.. കൊണ്ടുപോവാം നിന്നെ. ഇപ്പോൾ അല്ല സമയമാവട്ടെ. ഈ ചാച്ചൻ കൊണ്ടുപോകും.”
ദിവസങ്ങൾ കഴിഞ്ഞു.അഞ്ജന അച്ഛനെ കാണാൻ വേണ്ടി ദിവസങ്ങൾ എണ്ണിക്കൊണ്ടിരുന്നു. ഒരു സുപ്രഭാതത്തിൽ അറിഞ്ഞു അഞ്ജനക്ക് പരീക്ഷയിൽ ഉന്നത വിജയം. വീണ്ടും ആ
മനസ്സ് ഒരുപാട് സന്തോഷിച്ചു. കൂടെ രവിയും.

രവിയുടെ സ്ഥാപനം അടുത്തുള്ള കോളേജിൽ വെച്ച് അഞ്ജനക്ക് ഒരു സ്വീകരണവും അനുമോദിക്കൽ ചടങ്ങും സംഘടിപ്പിച്ചു. അന്നുതന്നെ അഞ്ജനയുടെ പുസ്തകത്തിന്റെ പ്രകാശന ചടങ്ങും നടത്തുവാൻ തീരുമാനിച്ചു.

സ്റ്റേജിൽ അഞ്ജനയും രവിയും മറ്റു പ്രധാനപ്പെട്ട വ്യക്തികളും ഇരിക്കുന്നു.
“പ്രിയപ്പെട്ട നാട്ടുകാരെ.. നമ്മുടെ നാട്ടിൽ ഇതാ ആദ്യമായി ഒരു കളക്ടർ ജനിച്ചിരിക്കുന്നു. നമുക്ക് ഒരുപാട് സന്തോഷിക്കാനും അഹങ്കരിക്കാനും അവസരം ഉണ്ടാക്കി തന്ന അഞ്ജനക്ക്…
പറഞ്ഞു മുഴുവനാക്കും മുൻപ് അഞ്ജന കസേരയിൽ നിന്നും എഴുന്നേറ്റ് മൈക്ക് പിടിച്ച ആളോടായി പറഞ്ഞു..
“അഞ്ജന അല്ലാ..

അഞ്ജനാ പ്രഭാകരൻ.. അങ്ങനെപറ”
“അതെ നമ്മുടെ നാട്ടുകാരിയും കൂട്ടുകാരിയുമായ അഞ്ജനാ പ്രഭാകരന് അഭിനന്ദങ്ങൾ അർപ്പിച്ചുകൊള്ളുന്നു.”
അതുകേട്ട് കണ്ണുനീർ പൊഴിഞ്ഞുവീണത് രവിയുടെ കണ്ണുകളിൽ നിന്നാണ്. അഞ്ജന എഴുന്നേറ്റ് മൈക്കിനടുത്തേക്ക് വന്നു.

“പറയാൻ ഒരുപാടുണ്ട്. പക്ഷെ എല്ലാത്തിനുമുപരി എനിക്ക് ഏറ്റവും പ്രധാനപെട്ടതും മുൻഗണന ഉള്ളതും മറ്റൊരു കാര്യത്തിനാണ്. അത് വൈകാതെ നിങ്ങൾ അറിയും. അതിനുമുൻപ് ഞാൻ എഴുതിയ എന്റെ ഒരു പുസ്തകം ഇവിടെ പ്രകാശനം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. അതിന്വേണ്ടി എന്റെ വളർത്തച്ഛനും നിങ്ങളുടെ പ്രിയപ്പെട്ടവനുമായ രവിചാച്ചനെ ക്ഷണിക്കുന്നു.”
രവി പുഞ്ചിരിച്ചുകൊണ്ട് കസേരയിൽ നിന്നും എഴുന്നേറ്റു. കൂടെ മറ്റു വിശിഷ്ട വ്യക്തികളും.
രവിയുടെ കയ്യിൽ കൊടുത്ത കവർ രവി പൊട്ടിച്ചു.

“അഞ്ജനയുടെ ഒരുപാട് കാലത്തെ ആഗ്രഹമാണ് ഈ പുസ്തകം. ഈ പുസ്തകം നിങ്ങൾ ഓരോരുത്തരോടും പലതും പറയും. ഇത് പ്രകാശനം ചെയ്യാൻ കിട്ടിയ ഭാഗ്യം എനിക്ക് കിട്ടിയതിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നു. അപ്പൊ ഞാൻ പുസ്തകത്തിന്റെ പേര് വായിക്കാൻ പോവുകയാണ്.”
രവി കടലാസുകൾ മാറ്റി. പുസ്കത്തിന്റെ പേര് കണ്ട രവി അഞ്ജനയെ നോക്കി. അഞ്ജന പുഞ്ചിരിച്ചുകൊണ്ട് പേരുവായിക്കാൻ ആംഗ്യം കാണിച്ചു.

“ഇന്ന് പ്രകാശനം ചെയ്യുന്ന ഈ പുസ്തകത്തിന്റെ പേരാണ് “എന്റെ അച്ഛൻ”.
എല്ലാവരും കയ്യടിച്ചു പുസ്തകത്തിന്റെ പ്രകാശനം ഗംഭീരമാക്കി. അടുത്തത് അഞ്ജനയെ പൊന്നാട അണിയിക്കലാണ്. അതിനുവേണ്ടി അഞ്ജനയെ ക്ഷണിച്ചപ്പോൾ അവൾ പറഞ്ഞു.

“ഇതിനു ഇപ്പോൾ എന്റെ മനസ്സിൽ അർഹതപ്പെട്ട ആൾ ഇവിടെ നിങ്ങൾക്കിടയിൽ ഇരിക്കുന്നുണ്ട്. അദ്ദേഹമാണ് ഇതേറ്റുവാങ്ങേണ്ടത്. അദ്ദേഹത്തെ ഞാൻ ഇങ്ങോട്ടേക്ക് ക്ഷണിക്കുന്നു.”
എല്ലാവരും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും നോക്കുന്നു. സ്റ്റേജിൽ നിന്നും രവി പുറകിലേക്ക് നോക്കി കൈ മാടി വിളിക്കുന്നു. എല്ലാവരുടെയും ശ്രദ്ധ പുറകിലേക്ക് പോകുന്നു.

ആളുകൾകൾക്കിടയിലൂടെ ഒരു പഴയ തുണി സഞ്ചിയും നരച്ച മുടിയും താടിയും വെച്ച് ഒരാൾ വരുന്നു. സ്റ്റേജിൽ നിന്ന് ഉച്ചത്തിൽ അഞ്ജന കൈ അടിച്ചു. അതുകേട്ട് അവിടെയുള്ള എല്ലാവരും ഉച്ചത്തിൽ കയ്യടിച്ചു. സ്റ്റേജിലേക്ക് കയറിക്കൊണ്ടിരുന്ന അയാളെ അഞ്ജന ഓടിച്ചെന്നു കെട്ടിപ്പിടിച്ചു കരഞ്ഞു. എല്ലാവർക്കും മുന്നിൽ വെച്ച് അഞ്ജന ആ കാലുകളിൽ വീണു നമസ്കരിച്ചു.
കാണികളിൽ ഒരാൾ പറഞ്ഞു

“പ്രഭാകരൻ!! ജയിലിൽ പോയ പ്രഭാകരൻ””അതേ.. ഇതാണ് പ്രഭാകരൻ.. എന്റെ അച്ഛൻ.. എന്റെ
മാത്രം അച്ഛൻ” എല്ലാവരും കൈകൊട്ടി ആ ചടങ്ങിനെ വരവേറ്റു. അഞ്ജന ആ ചുമലിലൂടെ പൊന്നാട പുതച്ചു കൈകൂപ്പി നിന്നു.

Share this on...