പൈസ മോഷ്ടിച്ചു എന്ന് പറഞ്ഞ് സ്കൂളിൽ നിന്നും പുറത്താക്കിയ മാഷിനോട് ഈ കുട്ടി ചെയ്ത പ്രതികാരം കണ്ടോ

in Story 134 views

ഫാത്തിമ ഗോൾഡ് പാലസിൽ നിന്നും നഷ്ടപെട്ട വള കണ്ടെത്താൻ CCTV യിലെ ദൃശ്യങ്ങൾ പരിശോദികുമ്പോഴാണ് ആ കുടുംബത്തെ അസ്ക്കർ ശ്രദ്ധിച്ചത്. അസ്ക്കർ മാനേജർ അനസിനോട് ചോദിച്ചു. ഇവര് ആഭരണം എടുക്കാൻ വന്നതാണോ?
അതേ സാർ.. അവർക്ക് 20 പവന്റെ ആഭരണം വേണമെന്ന് പറഞ്ഞു .. അടുത്താഴ്ച്ച ആ കുട്ടിയുടെ നിക്കാഹ് ആണത്രെ.

എന്നിട്ട് ആഭരണങ്ങൾ എന്തങ്കിലും എടുത്തോ ?.
ഇല്ല ..ആ സ്ത്രിയും പെൺകുട്ടിയും ചില ആഭരണങ്ങളൊക്കെ നോക്കുന്ന കൂട്ടത്തിൽ വളകളും നോക്കാനെടുത്തിരുന്നു.പക്ഷെ സംശയിക്കേണ്ട രീതിൽ ഒന്നും കാണുന്നില്ല.
എന്നിട്ടെന്താ അവര് ആഭരണം എടുക്കാതെ പോയത്.??

അവരുടെ അടുത്ത് ഒരു ലക്ഷം രൂപയേ ഉള്ളു.. ബാക്കി ഒരു ലക്ഷം കല്ല്യാണം കഴിഞ്ഞ് തരാം എന്നും ബാക്കി വരുന്ന സംഖ്യക്ക് 6 മാസം അവധിയുമാണ് ചോദിച്ചത്. ആറ് മാസം അവധിക്ക് ശരിയാവില്ല എന്ന് ഞാൻ പറഞ്ഞു. അയാൾ ഒരു സ്ക്കൂൾ മാഷായിരുന്നു എന്നൊക്കെ പറഞ്ഞു.
ദൃശ്യങ്ങൾ പരിശോദിച്ചതിൽ നിന്നും നഷ്ടപെട്ടവളയെ കുറിച്ച് യാതൊരു സൂചനയും കിട്ടാതെ വന്നപ്പോൾ അസ്ക്കർ വീണ്ടും ആ ഫാമിലിയുടെ ദൃശ്യങ്ങൾ റിവൈൻഡ് ചെയ്തു നോക്കിയ ശേഷം കുറച്ച് നേരം ആലോജനയിൽ ഇരുന്നു.””അവര് എവിടെയാണ് താമസിക്കുന്നത് എന്ന് എന്തങ്കിലും പറഞ്ഞോ?
വല്ലപുറത്താണ് എന്നാണ് പറഞ്ഞത്. ആ സമയത്ത് ഞാൻ സാറിന് വിളിച്ചിരുന്നു.പക്ഷെ സാറിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു … അത് കൊണ്ട് സാറിനോട് ചോദിച്ചിട്ട് വിളിക്കാം എന്ന് പറഞ്ഞ് നമ്പർ വാങ്ങിയിട്ടുണ്ട്. എന്താ സാർ സാറിന് അവരെ സംശയമുണ്ടൊ?
ഉം… ഉണ്ട്… നീ അവരെ വിളിച്ച് വള നഷ്ടപെട്ട കാര്യം പറയ്… നാളെ 10 മണിക്ക് മൂന്ന് പേരോടും വളയുമായി കടയിൽ വരാൻ പറ…

സാർ… അതിന് അവര് വള എടുക്കുന്നതിന്റെ ദൃശ്യങ്ങളൊന്നും ക്യാമറയിൽ പതിഞ്ഞിട്ടില്ല. പിന്നെ എങ്ങനെ?
നീ പറയുന്നത് കേൾക്കു് അനസ്സ്.. മൂന്നമത്തെ ക്യാമറയിലെ ദൃശ്യങ്ങളിൽ ചില സംശയങ്ങൾ ഉണ്ട്…ബാക്കി നാളെ അവര് വന്നിട്ട് സംസാരിക്കാം…
പിന്നെ ആ സ്റ്റോക്ക് ഒന്ന് കുടി പരിശോദിക്കാൻ പറ..
ok … സാർ… ഞാൻ പറയാം.

പിറ്റേ ദിവസം 10 മണിയോടെ ആ ഫാമിലി കടയിലേക്ക് വന്നു. മാനേജർ വന്ന് അവരോട് ഇരിക്കാൻ പറയുമ്പോൾ അയാൾ മകളോട് ചോദിച്ചു… മോളേ എന്തങ്കിലും ബുദ്ധിമോശം നീ കാണിച്ചൊ? ഉണ്ടങ്കിൽ എന്നോട് പറയ് എന്ന് പറഞ്ഞ് അയാൾ മകളെ നോക്കി… അതിനുത്തരമായി ബാപ്പാ എന്ന് വിളിച്ച് അവളുടെ കണ്ണുകൾ നിറഞ്ഞത് തുടച്ച് കൊണ്ട് ഉമ്മയുടെ ചുമലിലേക്ക് ചാരി നിന്നു..
കുറച്ച് കഴിഞ്ഞ് മാനേജർ വന്ന് അയാളെ മാത്രം ഓഫീസിലേക്ക് കൂട്ടികൊണ്ട് പോയി.
വിറക്കുന്ന കാലുകളും വിധുമ്പുന്ന ചുണ്ടുകളും ചോര വാർന്ന മുഖവുമായി അയാൾ ഓഫിസിലേക്ക് കയറി വന്നപ്പോൾ അസ്ക്കർ സീറ്റിൽ നിന്ന് എഴുന്നേറ്റ് അയാളോട് ഇരിക്കാൻ പറഞ്ഞു..

എതിരെയുള്ള കസേരയിൽ ഇരുന്ന് കൊണ്ട് അയാൾ പറഞ്ഞു… മോനേ… അങ്ങനെ വിളിക്കാമെന്ന് തോന്നുന്നു.. ഇല്ലങ്കിൽ ക്ഷമിക്കണം .. ഞാനൊരു അധ്യാപകനാണ്.. സർവീസിൽ നിന്ന് വിരമിച്ചിട്ട് 15 വർഷമായി .. എന്റെ ഭാര്യയും മകളുമാണ് പുറത്തുള്ളത് .. എനിക്ക് ഓർമ്മ വെച്ച നാൾ മുതൽ ഞാൻ ആരുടേയും ഒന്നും മോഷ്ടിച്ചിട്ടില്ല’ എന്റെ രക്ഷിതാക്കൾ എന്നെ അത് പഠിപ്പിച്ചിട്ടുമില്ല.. അത് പോലെ തന്നെയാണ് ഞാൻ എന്റെ മക്കളേയും വളർത്തിയത്. എനിക്ക് മൂന്ന് മക്കളാണ് – ഇത് എന്റെ ഇളയ മകളാണ് – എന്റെ മകളോ ഭാര്യയൊ അത് ചെയ്യില്ലന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. പിന്നെ ക്യാമറയിലെ ദൃശ്യങ്ങളിൽ സംശയം ഉണ്ടന്ന് ഇവിടുത്തെ മാനേജർ പറയുന്നു .. എന്താണ് സത്യമെന്ന് എനിക്കറിയില്ല. മനുഷ്യരല്ലെ? അബന്ധങ്ങൾ ആർക്കും സംഭവിക്കാം.. നിങ്ങളുടെ ക്യാമറയിൽ അങ്ങനെ കാണുന്നുണ്ടങ്കിൽ നിങ്ങൾ പറയുന്നത് എന്തും ഞാൻ ചെയ്യാം എന്റെ മോളുടെ ജീവിതം ഇല്ലാതാക്കരുത്.

ഒരു നിമിശം അയാളുടെ മുഖത്തേക്ക് നോക്കിയ അസ്ക്കർ പിന്നെ CCTV യിലെ ദൃശ്യങ്ങൾ നോക്കി. ഉമ്മയുടെ തോളിൽ ചാരി കിടന്ന് തേങ്ങി കരയുന്ന മകളും മകളെ ആശ്വസിപ്പിക്കുന്ന ഉമ്മയുടേയും ദൃശ്യങ്ങൾ നോക്കി കൊണ്ട് ചോദിച്ചു:
നിങ്ങൾക്ക് മുന്ന് മക്കൾ എന്നല്ലെ പറഞ്ഞത് .. ബാക്കി രണ്ടാൾ എന്ത് ചെയ്യുന്നു. ??
മൂത്തത് രണ്ട് ആൺമക്കളാണ്.. രണ്ടാൾക്കും ജോലിയുണ്ട്.. അവരുടെ ഉമ്മ 24 വർഷം മുൻപ് മരിച്ചു.. ക്യാൻസറായിരുന്നു. അവളുടെ വേർപാട് സാമ്പത്തികമായും അതിലുപരി മാനസികമായും എന്നെ തളർത്തി .. ശേഷം വീണ്ടും ഒരു വിവാഹം ചെയ്തു. രണ്ടാം വിവാഹത്തിന് മക്കൾ എതിരായിരുന്നു. അതിൽ ഒരു പെൺകുട്ടി കൂടി പിറന്നതോടെ അവര് അവർക്കുള്ള സ്വത്ത് വേണമെന്ന് പറഞ്ഞു.10 സെന്റ് സ്ഥലവും വീടും ഒഴികെ ബാക്കിയുള്ളതെല്ലാം അവർക്ക് കൊടുത്തു.. അത് കിട്ടിയതോടെ അവർ അവരുടെ പാട് നോക്കി പോയി..

ആ വീട് പണയപ്പെടുത്തിയാണ് ഇത്രയും പണം കണ്ടെത്തിയത്.
അതിപ്പൊ ??? അയാൾ ഒന്ന് നിർത്തി.
അസ്ക്കർ മാനേജരെ വിളിച്ച് പുറത്തിരിക്കുന്ന സ്ത്രിയേയും പെൺകുട്ടിയേയും സ്റ്റാഫ് റൂമിലേക്ക് മറ്റിയിരുത്താനും അവർക്ക് കുടിക്കാൻ എന്തങ്കിലും കൊടുക്കാനും പറഞ്ഞ് കൊണ്ട് അയാളോട് ചോദിച്ചു…

റസാഖ് മാഷ് അല്ലെ..?? മാഷിന് എന്നെ മനസ്സിലായോ?
ഇല്ലാ… മോന് എന്നെ അറിയോ??
ഉം…. അറിയും 85 ൽ വല്ലപ്പുറം UP സ്ക്കൂളിൽ ഏഴാം ക്ലാസ്സിൽ പഠിച്ചിരുന്ന ഒരു അലിയെ മാഷിന് ഓർമ്മയുണ്ടോ ?
ഒരു പാട് കുട്ടികൾ ആ സ്ക്കൂളിൽ നിന്നും പഠിച്ച് പോയിട്ടുണ്ട്. മാഷ് തന്റെ പഴകാല ശിഷ്യൻമാരുടെ മുഖങ്ങൾ ഓർത്തെടുക്കാൻ ശ്രമിക്കുമ്പോൾ അസ്ക്കർ പറഞ്ഞു .

എന്നും ക്ലാസ്സിൽ വൈകി മാത്രം വരുന്ന, കീറിയ ഷർട്ടും മുണ്ടും ധരിച്ച് വന്നിരുന്ന ഒരു അലി…?? “എന്ന് അസ്ക്കർ പറഞ്ഞപ്പോഴാണ് മൊബൈൽ റിംഗ് ചെയ്തത്.. അസ്ക്കർ കാൾ അറ്റന്റ് ചെയ്തു… യസ് അസ്ക്കറാണ് എന്ന് പറഞ്ഞ് പുറത്തേക്ക് പോയി..

** മാഷ് ഓർത്തു.ശരിയാണ്. ഒരു പാവപ്പെട്ട കുടുംബത്തിലെ കുട്ടിയാണെന്ന് തോന്നുന്നു. ഒരു നാൾ തെട്ടടുത്തിരിക്കുന്ന കുട്ടിയുടെ ഒരു രൂപ കളവ് പോയി.. അലിയാണ് എടുത്തതന്നും അവൻ മിഠായി തിന്നുന്നത് കണ്ടു എന്നും മറ്റു കുട്ടികൾ പറഞ്ഞപ്പോൾ അന്ന് അവനെ തല്ലുകയും 4 മണി വരെ ക്ലാസ്സിന് പുറത്ത് നിർത്തുകയും ചെയ്തിരുന്നു. തല്ലുകൊള്ളുമ്പോഴും അവൻ കരഞ്ഞ് കൊണ്ട് ഞാനെടുത്തിട്ടില്ല സറേ എന്ന് നിലവിളിച്ചിരുന്നു… ഒരു രൂപ ഇല്ലാതെ നാളെ ക്ലാസ്സിൽ വരരുതെന്ന് പറഞ്ഞ് വിട്ട അവനെ പിന്നെ സ്ക്കൂളിലേക്ക് കണ്ടില്ല.അന്വേഷിച്ചപ്പോൾ അവൻ നാട് വിട്ട് പോയി എന്നാണ് അറിഞ്ഞത്. “അവനായിരിക്കുമോ ഇത്.. ഏയ്.. അല്ല… ഇവന്റെ പേര് അസ്ക്കർ എന്നല്ലെ പറഞ്ഞത് ..???*** എന്നൊക്കെചിന്തിച്ചിരിക്കുമ്പോഴാണ് അസ്ക്കർ കടന്ന് വന്ന് തന്റെ സീറ്റിലിരികുമ്പോൾ മാഷ് ചോദിച്ചു .

അലി നിന്റെ ആരാ…?? അതൊ ആ അലി തന്നെയാണൊ നീ ….?
അസ്ക്കർ ഒന്ന് പുഞ്ചിരിച്ചു… പിന്നെ പറഞ്ഞു. അതെ… ആ അലി തന്നെയാണ് ഞാൻ “”അസ്ക്കർ അലി.””
ഒരു നിമിഷം നിശ്ചലനായ മാഷ് ഒന്ന് ശബ്ദിക്കാൻ പോലും കഴിയാതെ അസ്ക്കറിനെ നോക്കി.. പിന്നെ തെല്ലൊരു അതിശയത്തോടെ ചോദിച്ചു. ഏഴാം ക്ലാസ് പൂർത്തിയാക്കാതെ പോയ അലി പിന്നെ എങ്ങനെയാണ് അസ്ക്കർ ആയി ഈ നിലയിലെത്തിയത്.??

സ്ക്കൂളിലെ കളവിന്റെ കഥ ഉമ്മയും അറിഞ്ഞിരുന്നു.. ഉമ്മാന്റെ കയ്യിൽ നിന്നും അന്ന് ആവശ്യത്തിന് കിട്ടി… ഒരു രൂപ ഇല്ലാതെ സ്കൂളിൽ വരരുതന്ന് അന്ന് മാഷ് പറഞ്ഞപ്പോൾ 10 പൈസക്ക് പോലും ഗതിയില്ലാത്ത ഞാൻ ഒരു രൂപയുണ്ടാക്കാൻ കഴിയാതെ ഒളിച്ചോടുകയായിരുന്നു. ഒരു പാട് അലച്ചിലിന് ശേഷം എത്തിയത് മുംബയിൽ ആണ്. ഒരു ഹോട്ടലിൽ ജോലിക്ക് നിന്നു. വർഷങ്ങളോളം ആ ഹോട്ടലിൽ തന്നെ നിന്നപ്പോൾ അതിന്റെ മുതലാളിയോട് ഞാനെന്റെ ആഗ്രഹം പറഞ്ഞു.. മുംബയിൽ നിന്ന് തന്നെ ഒരു പാസ്പോർട്ട് എടുത്തു .. ഗൾഫിൽ പോകുന്ന വിവരം പറയാൻ 8 വർഷത്തിനു് ശേഷം ഞാൻ നാട്ടിലെത്തി …

ഉമ്മയേയും പെങ്ങളേയും കാണാനും യാത്ര പറയാനും, എന്റെ നിരപരാധിത്വം പറയാനും .പക്ഷെ എനിക്കതിനുള്ള അവസരം തരാതെ ഉമ്മ…”അസ്ക്കർ ഒന്ന് നിർത്തി..പെങ്ങളെ ഒരു യത്തീംഖാനയിൽ നിന്നും കണ്ടു… പെങ്ങളോട് യാത്ര പറഞ്ഞ് ഉമ്മയുടെ കബറിടത്തിൽ ചെന്ന് എന്റെ എല്ലാ സങ്കടങ്ങളും നിരപരാധിത്വവും ഉമ്മയോട് ഞാൻ പറഞ്ഞു. ഞാൻ കള്ളനായി നാട് വിട്ടതിലുള്ള സങ്കടം സഹിക്കാതെ എല്ലാ ദിവസവും ഉമ്മ കരയുമായിരുന്നന്ന് പെങ്ങൾ പറഞ്ഞു. “എന്ന് പറയുമ്പോൾ നിറഞ്ഞ് വരുന്ന കണ്ണുനീർ തുടച്ച് കൊണ്ട് തല താഴ്ത്തി എങ്കിലും കണ്ണുനീർ തുള്ളികൾ ഇറ്റി വീഴുന്നുണ്ടായിരുന്നു .. അങ്ങ് സ്വർഗ്ഗത്തിലിരുന്നങ്കിലും ഉമ്മ എന്റെ നിരപരാധിത്വം മനസ്സിലാക്കും എന്ന് കരുതി ഉമ്മയുടെ കബറിടത്തിൽ യാത്ര പറഞ്ഞ് ഞാൻ ഗൾഫിലേക്ക് പോയി..

അറിയുന്ന തൊഴിൽ തന്നെയാണ് അവിടേയും എനിക്ക് തുണയായത്.. “ഹോട്ടൽ ജോലി””. ഒരു വർഷത്തിന് ശേഷം ആ ഹോട്ടൽ ഞാൻ നടത്താൻ ഏറ്റെടുത്തു. ആ ഹോട്ടലിന് ഉമ്മയുടെ പേര് തന്നെ നൽകി.. ഉമ്മയുടെ പേരിൽ തുടങ്ങിയ ഫാത്തിമാ ഹോട്ടലിന് ഇന്ന് നാല് ഹോട്ടലും രണ്ട് സൂപ്പർ മാർക്കറ്റും ഉണ്ട് ഗൾഫിൽ. ഈ കടയും ഉമ്മയുടെ പേരിൽ തന്നെയാണ് തുടങ്ങിയത്. അന്യരുടെ അടുക്കള ജോലിയെടുത്തും, പട്ടിണി കിടന്നും ഒരു പാട് കഷ്ടപെട്ടാണ് ഉമ്മ ഞങ്ങളെ നോക്കിയിരുന്നത്. പക്ഷെ ഇതൊന്നും കാണാനും അനുഭവിക്കാനും ഉമ്മ എന്റെ കൂടെ ഇല്ലാതെ പോയല്ലോ എന്ന ഒരു സങ്കടവും, മകൻ കള്ളനായി നാട് വിട്ട് പോയതിലുള്ള വിശമം സഹിക്കാതെയാണ് ഉമ്മ മരിച്ചതന്ന് അറിഞ്ഞപ്പോൾ ഉള്ള മനോവിഷമവും ഇന്നും ഒരു വേദനയായി മനസ്സിൽ ഉണ്ട് ..

കരച്ചിലിന്റെ വക്കിലെത്തിയ അസ്ക്കർ എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ട് കൊണ്ട് പറഞ്ഞു .. ഇന്നലെ രാത്രി മുതൽ നിങ്ങൾ അനുഭവിച്ചതിന്റെ പതി മടങ്ങ് ഞാൻ അനുഭവിച്ചിട്ടുണ്ട്. “”ഞാനല്ല അന്ന് പൈസ മോഷ്ടിച്ചത് .. മാഷെങ്കിലും എന്നെ വിശ്വസിക്കണം””. എന്ന് പറഞ്ഞ് കൊണ്ട് അസ്ക്കർ തല താഴ്ത്തിയിരുന്നു.
വർഷങ്ങൾക്ക് മുൻപ് ചെയ്യാത്ത കുറ്റത്തിന് ശിക്ഷിച്ച ഏറ്റ് വാങ്ങി കൊണ്ട് തന്റെ മുൻപിൽ നിന്ന് കരഞ്ഞിരുന്ന 13വയസ്സ് കാരന്റെ മുഖം മാഷിന്റെ മനസ്സിൽ തെളിഞ്ഞു വന്നു.. ഇന്ന് ആ ശിഷ്യനു് മുൻപിൽ അതേ കുറ്റം ആരോപിച്ച് ഇരിക്കുന്ന മാഷ് എന്ത് പറയണമെന്നറിയാതെ അസ്ക്കറിനെ നോക്കി കുറച്ച് നേരം ഇരുന്നു .. പിന്നെ എഴുന്നേറ്റ് തല താഴ്ത്തിയിരിക്കുന്ന അസ്കറിന്റെ തോളിൽ സ്പർഷിച്ചപ്പോൾ അസ്ക്കർ എഴുന്നേറ്റു.. നിറഞ്ഞ കണ്ണുകളുമായി തന്റെ മുൻപിൽ നിൽക്കുന്ന ശിഷ്യനെ മാറോട് ചേർത്ത് കൊണ്ടു പറഞ്ഞു ..

മോനേ.. അന്നത്തെ സംഭവത്തിന്റെ സത്യവസ്ഥ രണ്ട് മാസത്തിന് ശേഷമാണ് ഞാൻ അറിയുന്നത്.. ചെയ്യാത്ത കുറ്റത്തിന് നിന്നെ ശിക്ഷിച്ചതിന് ഞാനും കുറേ ഖേദിച്ചിട്ടുണ്ട് .. അതിൽ ഞാൻ ക്ഷമ ചോദി’…….. ആ വാക്കുകൾ പൂർത്തിയാക്കാൻ അനുവതിക്കാതെ അസ്ക്കർ മാഷെ തടഞ്ഞു കൊണ്ട് പറഞ്ഞു… ആ..ഒരു രൂപ തേടിയുള്ള എന്റെ യാത്രയാണ് എന്നെ അസ്ക്കർ അലിയാക്കിയത് – മാഷ് കാരണമാണ് എനിക്ക് ഒളിചോടേണ്ടി വന്നത്‌.. ഇല്ലങ്കിൽ ഇന്ന് ഞാനൊരു , അല്ലങ്കിൽ ഒരു കൂലി പണിക്കാരനോ മറ്റോ ആകുമായിരുന്നു. കാരണം: ഏഴാം ക്ലാസ്സ് കഴിഞ്ഞാൽ ദർസ്സിൽ പഠിക്കാൻ വിടണമെന്ന് ഉമ്മ പറഞ്ഞിരുന്നു. ഹൈസ്കൂളിൽ പോകണമെങ്കിൽ ദിവസവും ബസ്സിന് 30 പൈസ കണ്ടെത്താൻ അന്ന് എന്റെ ഉമ്മാക്ക് കഴില്ലായിരുന്നു.അത് വരെ പിടിച്ച് നിന്ന മാഷിന്റെ കണ്ണുകളിൽ നിന്നും രണ്ട് തുള്ളി കണ്ണുനീർ പൊടിഞ്ഞു..

ഒരു സിനിമാ കഥ പോലെ തന്റെ മുതലാളിയുടെ ബാല്ല്യകാല കഥ കേട്ട് അന്തം വിട്ട് നിൽക്കുന്ന അനസ്സിനോട് അസ്ക്കർ പറഞ്ഞു… അനസ്സ് ഇവർക്ക് ഭക്ഷണം ഓർഡർ ചെയ്യ്. പിന്നെ ആവശ്യമുള്ള ആഭരണങ്ങൾ അറേഞ്ച് ചെയ്ത് കൊടുക്ക്… എന്ന് പറഞ്ഞപ്പോൾ മാഷ് തന്റെ ശിഷ്യന്റെ മുൻപിൽ ശരിക്കും കരഞ്ഞ് പോയി.
മാഷിന് മുൻപിലെങ്ങിലും തന്റെ നിരപരാധിത്വം തെളിയിക്കാൻ കഴിഞ്ഞല്ലോ എന്ന ആശ്വസത്തോടെ അസ്ക്കർ മാഷേ സ്റ്റാഫ് റൂമിലേക്ക് പറഞ്ഞയച്ചു..

കുറച്ച് കഴിഞ്ഞ് അസ്ക്കർ സ്റ്റാഫ് റൂമിലെത്തിയപ്പോൾ നിറകണ്ണുകളുമായി ആ ഉമ്മയും മകളും കൂപ്പുകൈകളോടെ എഴുന്നേറ്റ് നിന്നപ്പോൾ അസ്ക്കർ അവരോട് ഇരിക്കാൻ പറഞ്ഞ് കൊണ്ട് ചോദിച്ചു. എന്താ മോളുടെ പേര് ??

മുഖം തുടച്ച് കൊണ്ട് അവൾ പറഞ്ഞു. ജസ്ന… പിന്നെ പതിയെ അവൾ വിളിച്ചു
ഇ….. ഇക്കാ.. ഞാൻ അങ്ങനെ വിളിക്കട്ടെ… ഇക്ക കല്ല്യാണത്തിന് വരണം. എനിക്ക് രണ്ട് ഇക്കമാരുണ്ടങ്കിലും എന്റെ ജനനത്തോടെ അവർ ഞങ്ങളുടെ ശത്രുക്കളായി .. വേറെ ആരുമില്ല ഞങ്ങൾക്ക്.. ഇക്കയുടെ കഥകളൊക്കെ ബാപ്പ പറഞ്ഞു കേട്ടപ്പോൾ
ശരിക്കും ഞാൻ…. ഇങ്ങനെ ഒരു ആങ്ങള എനിക്കില്ലാതെ പോയല്ലോ എന്നോർത്ത് ഞാൻ …. വാക്കുകൾ പൂർത്തിയാക്കാതെ മുഖം പൊത്തി പിടിച്ച് കരാൻ തുടങ്ങിയ ജസ് നയ അസ്ക്കർ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു. ഞാനുണ്ടാവും മോളുടെ കല്ല്യാണത്തിന് – നിന്റെ ഇക്കയായി … മാഷിന്റെ ശിഷ്യനായി … മകനായി…
കടപ്പാട്. അബു മണ്ണാർക്കാട്

Share this on...