അച്ഛനെ സ്നേഹിക്കുന്ന മക്കളെ ഈ കഥ കരയിക്കും എന്നത് ഉറപ്പാണ്.!!

in Story 64 views

ഡാ ആ പശുവിനെ ഒന്ന് മാറ്റിക്കെട്ട്… കുറച്ചു വെള്ളോം കൊടുക്ക് ”

ലതിക വിഷ്ണുവിനോട് പറഞ്ഞു.

“അമ്മേ ചേട്ടനോട് പറ എനിക്ക് പഠിക്കാനുണ്ട് ”
അവൻ നടന്നു വീട്ടിലേക്ക് പോയി
അവർ നനയ്ക്കാനുള്ള ഒരു കുന്ന് തുണിയിലേക്കും വെയിലത്തു നിൽക്കുന്ന പശുവിലേക്കും നോക്കി.
“ഉണ്ണിയെ ഇങ്ങോട്ട് വാ ”

മൊബൈലിൽ രസം പിടിച്ചിരുന്നത് കൊണ്ട് ആദ്യം ഉണ്ണി അമ്മ വിളിക്കുന്നത് കേട്ടില്ല. ഒന്നുടെ വിളിച്ചപ്പോൾ അവൻ മനസ്സിലാമനസ്സോടെ ചെന്നു
“എന്താ അമ്മേ?”
“എടാ എനിക്ക് നൂറു കൂട്ടം ജോലിയുണ്ട്
ഈ പശുവിനെ ഒന്ന് മാറ്റിക്കെട്ടിക്കേ ”

“ഒന്ന് പോയെ അമ്മേ.. പശുവിനെ കെട്ടാൻ പോലും. അച്ഛൻ എവിടെ?”
“കൊള്ളാം അപ്പൂപ്പനൊപ്പം അച്ഛൻ ആശുപത്രിയിൽ ആണെന്ന് മോൻ അറിഞ്ഞില്ലേ? ഞാൻ എത്ര തവണ പറഞ്ഞു?”
“ആ ഞാൻ ശ്രദ്ധിച്ചില്ല. അപ്പൂപ്പനെന്താ ? അവിടെ ചിറ്റപ്പൻ ഇല്ലെ? അച്ഛൻ എന്തിനാ ആശുപത്രിയിൽ നിൽക്കണത്?”
“അപ്പൂപ്പന് പെട്ടെന്ന് ഒരു ശ്വാസം മുട്ടൽ.. കോവിഡ് വന്നു പോയതല്ലേ? അതിന്റെയാ. ചിറ്റപ്പനും അച്ഛനും കൂടിയ നിൽക്കുന്നത്.. അച്ഛന് തന്നെ പറ്റില്ലല്ലോ..”

അവനൊന്നു മൂളി. എന്നിട്ട് തിരിഞ്ഞു വീടിനുള്ളിലേക്ക് പോയി.
“ഡാ എനിക്ക് തുണികൾ നനയ്ക്കാനുണ്ട് ആ പശുവിനെ ഒന്ന് മാറ്റിക്കെട്ട് ”
“അത് അവിടെ നിന്നോട്ടെ കുഴപ്പമില്ല “അവൻ ഉറക്കെ വിളിച്ചു പറഞ്ഞിട്ട് മുറിയിൽ കടന്ന് വാതിൽ അടച്ചു
ലതിക പശുവിന്റെ അടുത്ത് ചെന്നു. ഒരു പുഞ്ചിരിയോടെ അതിനെ തലോടി വെയിൽ കൊണ്ട് പുറത്ത് നല്ല ചൂട്..
“പോട്ടെടി മോളെ നിന്നേ ഞാൻ മാറ്റിക്കെട്ടാം കേട്ടോ ”

അവൾ അതിനെ മാറ്റിക്കെട്ടി.എന്നിട്ട് എന്തൊ ആലോചിച്ചു നിന്നു
ഉച്ചയായി
“അമ്മേ വിശക്കുന്നു എന്താ കഴിക്കാൻ?”
ഉണ്ണിയും വിഷ്ണുവും
“ആഹാ എത്തിയോ.. ദേ ആ കലത്തിൽ ചോറുണ്ട്. കുപ്പിയിൽ അച്ചാറും. തൈര് ദേ ഈ പാത്രത്തിൽ.. കഴിച്ചിട്ട് ഓടി മുറിയിൽ പൊയ്ക്കോ. ഒത്തിരി പഠിക്കാനുള്ളതല്ലേ?”

“വെറും ചോറും അച്ചാറുമോ? ഇന്നലെത്തെ മീൻ കറി എവിടെ?”
വിഷ്ണു മീൻ ചട്ടിയുടെ അടപ്പ് തുറന്നു നോക്കി
“ശ്ശെടാ അധ്വാനിക്കുന്നവൻ കഴിക്കണ്ടേ? അത് കൂട്ടി ഞാൻ ചോറുണ്ടു. നിങ്ങൾക്ക് ഇത് മതി ”
“എനിക്ക് വേണ്ട “ഉണ്ണി പോയി

വിഷ്ണു കുറച്ചു നേരം പോകണോ നിൽക്കണോ എന്നൊക്കെ ആലോചിച്ചു നിന്നു പിന്നെ ഒരു പാത്രത്തിൽ കുറച്ചു ചോറ് എടുത്തു അച്ചാറും മോരുമായി കൂട്ടി കഴിച്ചു തുടങ്ങി. ലതിക തയ്ക്കാനുള്ള തുണികൾ എടുത്തു മെഷിനിന്റെ അരികിലേക്ക് പോയി.
ഒരു രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ ഉണ്ണിയും അടുക്കളയിലേക്ക് പോകുന്നത് കണ്ടു അവർ കുനിഞ്ഞിരുന്നു ചിരി അടക്കി തയ്യൽ തുടർന്നു
“ഇത് തന്നെ ആയിരിക്കുമോ വൈകുന്നേരം ചേട്ടാ?”

വിഷ്ണു ഉണ്ണിയോട് ചോദിച്ചു
“മിക്കവാറും.. നമുക്ക് അച്ഛനെ പോയി കാണാം. കുറച്ചു കാശ് മേടിക്കാം എന്നിട്ട് നമുക്ക് പുറത്ത് പോയി കഴിക്കാം ”
“അപ്പൊ അമ്മയ്‌ക്കൊ?”
“അമ്മയ്ക്ക് പാർസൽ വാങ്ങി കൊടുക്കാം ”

“ഐഡിയ..”അവർ കൈ കൊടുത്തു
ആശുപത്രിയിൽ അപ്പൂപ്പനെ കാണാൻ രണ്ടെണ്ണവും കൂടി വരുന്നുണ്ട് എന്ന് ലതിക ഭർത്താവ് മനോജിനെ വിളിച്ചു പറഞ്ഞു. എന്തൊ കാര്യമുണ്ട് അല്ലെങ്കിൽ വരികേല സൂക്ഷിച്ചോ എന്ന് പ്രത്യേകം ഓർമിപ്പിച്ചു
ആശുപത്രിയിൽ അപ്പൂപ്പന്റെ അവസ്ഥ കണ്ടപ്പോൾ സത്യത്തിൽ രണ്ടാൾക്കും ഒന്നും ചോദിക്കാൻ തോന്നിയില്ല. ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടെ ശ്വാസം വലിക്കുന്ന അപ്പൂപ്പൻ. അടുത്ത് അച്ഛൻ നിൽപ്പുണ്ട്. ആ മുഖം ക്ഷീണിച്ചിരുന്നു. കണ്ണുകൾ കരഞ്ഞത് പോലെ തടിച്ചു വീർത്തിരുന്നു

“നിങ്ങൾ വന്നത് നന്നായി. ചിറ്റപ്പൻ ഇപ്പൊ വീട്ടിലേക്ക് ഒന്ന് പോയി. കുറച്ചു മരുന്ന് വാങ്ങണം. ഞാൻ പോയിട്ട് വരാം ”
“വേണ്ട അച്ഛാ ഞാൻ പോവാം ‘ഉണ്ണി പറഞ്ഞു. അവൻ കാശ് വാങ്ങി പോകുന്നത് കണ്ടു വിഷ്ണു ഓടി ചെന്നു.
“ചേട്ടാ ഞാൻ കൂടി വരാം ”
“വേണ്ട. ഞാൻ തിന്നാൻ അല്ല പോകുന്നെ.മരുന്ന് മേടിക്കാനാ.. നീ അച്ഛന്റെ ഒപ്പം പോയി നിൽക്ക്. അച്ഛനെ കണ്ടോ ക്ഷീണിച്ചു പോയി പാവം ”

അവൻ ആത്മാർത്ഥമായി പറഞ്ഞതായിരുന്നു അത്.
വീട്ടിൽ ഉള്ളപ്പോൾ പ്രത്യേകിച്ച് നമ്മൾ ശ്രദ്ധിക്കാതിരിക്കുകയും ഇല്ലാതെയാകുമ്പോൾ വീട് നിശബ്ദമായി പോകുകയും ചെയ്യുന്ന ഒരു പ്രതിഭാസത്തിന്റ പേരാണ് അച്ഛൻ. അച്ഛന്റെ ശബ്ദം കേട്ടില്ലെങ്കിൽ, ആളുടെ മുഖം കണ്ടില്ലെങ്കിൽ .. ശരിക്കുറക്കം വരാത്ത മറ്റൊരു പ്രതിഭാസമാണ് മകൻ.പക്ഷെ ചോദ്യങ്ങൾ എന്നും അമ്മയോടാവും
“അച്ഛൻ എവിടെ അമ്മേ?”

“അച്ഛനോട് കുറച്ചു ഫണ്ട്‌ അനുവദിക്കണം ന്ന് പറ ”
“എന്റെ ഷർട്ട്‌ ഒക്കെ പഴയതായിന്ന് പറ ”
“അച്ഛനെന്താ ഒരു വയ്യായ്ക?”
എല്ലാം അമ്മയോടാണ്
തിരിച്ചു അച്ഛനും ഏകദേശം ഇങ്ങനെ തന്നെ
“അവനെന്താ വൈകുന്നേ?”

“അവൻ കഴിച്ചോ?”
“അവനെന്താ മെലിഞ്ഞിരിക്കുന്നെ നീ ശ്രദ്ധിച്ചോ?”
“അവന്റെ പരീക്ഷ എന്നാ?”
അച്ഛനും ആണ്മക്കളും മിക്കവാറും ഇങ്ങനെ ഒക്കെ തന്നെ
ഉണ്ണി മരുന്ന് മേടിച്ചു വന്നപ്പോൾ ബെഡിൽ അപ്പൂപ്പൻ ഇല്ല. അവൻ പേടിയോടെ വരാന്തയിലേക്ക് ഇറങ്ങി വിഷ്ണു ഓടി വന്നു
“ചേട്ടാ അപ്പൂപ്പന് അസുഖം കൂടി. ഐ സി യുവിൽ ആക്കി. അച്ഛൻ കരയുന്നു അങ്ങോട്ട് വാ ”

അവൻ ഓടി അച്ഛന്റെ അരികിൽ ചെന്നു. അച്ഛൻ കരഞ്ഞു കൊണ്ട് നിൽക്കുന്ന കാണവേ അവനും കരച്ചിൽ വന്നു
“കരയാതെ അച്ഛാ “അവൻ അച്ഛനെ ചേർത്ത് പിടിച്ചു
അച്ഛൻ അയാൾക്കൊപ്പം വളർന്ന മകന്റെ ചുമലിൽ തലയണച്ച് പൊട്ടിക്കരഞ്ഞു
മകൻ കുറച്ചു നേരം അച്ഛനായി മാറി. അവൻ അയാളെ ആശ്വസിപ്പിച്ചു.

പിന്നെ ഡോക്ടറെ കാണാൻ പോയി
“സീരിയസ് ആണ്. പക്ഷെ നമുക്ക് നോക്കാം മോനെ. വിഷമിക്കണ്ട ”
“ഡോക്ടർ മരുന്ന് ഇവിടെ ഇല്ലെങ്കിൽ പറഞ്ഞാ മതി. പുറത്ത് പോയി ഞാൻ വാങ്ങി വരാം. എന്തെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞാ മതി.വേറെ ഏതെങ്കിലും ആശുപത്രിയിൽ കൊണ്ട് പോകണമെങ്കിൽ അതും മടിക്കാതെ പറയണം.
അപ്പൂപ്പനെ ഞങ്ങൾക്ക് ജീവനോടെ വേണം ”

ഡോക്ടർ തെല്ല് അതിശയത്തോടെ അവനെ നോക്കി
“മോൻ എന്തിനാ പഠിക്കുന്നത്?”
“പ്ലസ് ടു ആണ് ”
“അപ്പൂപ്പൻ ഇപ്പൊ സ്റ്റേബിൾ ആയി വരുന്നുണ്ട് കേട്ടോ.. കുറച്ചു ദിവസം കഴിയുമ്പോൾ മാറും.
ഐ സിയു എന്ന് കേട്ട് പേടിക്കണ്ട. കൂടുതൽ കെയർ കിട്ടാനാ അങ്ങോട്ട് മാറ്റിയത്..അപ്പൂപ്പനെ വലിയ ഇഷ്ടാ അല്ലെ? ”

“അപ്പൂപ്പനെ ഇഷ്ടാ. പക്ഷെ ഏറ്റവും ഇഷ്ടം അച്ഛനെയാ. അച്ഛൻ കരയുവാ. എന്റെ അച്ഛൻ ഇത് വരെ കരഞ്ഞു ഞാൻ കണ്ടിട്ടില്ല.. അപ്പൂപ്പന് എന്തെങ്കിലും വന്നാൽ അച്ഛന് അത് താങ്ങാൻ പറ്റില്ല. രക്ഷിക്കണേ ഡോക്ടറെ “അവൻ വിങ്ങലോടെ പറഞ്ഞു
ഡോക്ടറുടെ കണ്ണ് ഒന്ന് നിറഞ്ഞ പോലെ…
അയാൾ ഒന്നും മിണ്ടാതെ അവന്റെ തോളിൽ ഒന്ന് തട്ടി
പിറ്റേന്ന് രാവിലെ ലതിക വന്നു.

“അച്ഛന് കുറവുണ്ടെടി. ഡോക്ടർ പറഞ്ഞു ”
മനോജ്‌ ആശ്വാസത്തോടെ പറഞ്ഞു
“ഫോൺ വന്നപ്പോൾ ഞാൻ പേടിച്ചു പോയി.എല്ലാം ഇട്ടിട്ട് രാത്രി എങ്ങനെയാ വരിക? എന്നാലും വരാമെന്ന് പറഞ്ഞപ്പോൾ ഉണ്ണി സമ്മതിച്ചില്ല
രാത്രി അമ്മ തനിച്ചു വരണ്ട അപ്പൂപ്പനിപ്പോ കുറവുണ്ടെന്ന് അവൻ.. അതാ രാവിലെ ആക്കിയേ.. എന്നാലും പേടിച്ചു.”
“ഞാനും..”

“അവന്മാർ എവിടെ?”
“ഒരാൾ മുറിയിൽ ഉണ്ട്. ഉണ്ണി ഭക്ഷണം വാങ്ങിക്കാൻ പോയി.”
അമ്മയെ കണ്ടു ഉണ്ണി ചിരിച്ചു
“വാ അമ്മയ്ക്കും ഉണ്ട്..”
ദോശയും ചമ്മന്തി യുമായിരുന്നു അവൻ വാങ്ങി വന്നത്
“ചേട്ടൻ എന്താ പൊറോട്ട വാങ്ങാഞ്ഞെ?”

വിഷ്ണു ചെവിയിൽ ചോദിച്ചു
“നീ മേടിക്കും.. മിണ്ടാതെ കഴിക്ക് ”
“എന്താ രണ്ടു പേരും കൂടി രഹസ്യം?”
ലതിക ചോദിച്ചു
“ഒന്നുല്ല.. ഇവൻ അമ്മയുടെ കൂടെ വരുന്നുന്നു.

ഞാനഛന്റെ കൂടെ നിൽക്കുവാ ”
“ങ്ങേ?”വിഷ്ണു ഞെട്ടി ഉണ്ണിയെ നോക്കി
“ഞാനും ഇവിടെ നിൽക്കുവാ.. അച്ഛന്റെ കൂടെ “അവൻ പെട്ടെന്ന് പറഞ്ഞു
“, കൊള്ളാം വെറുതെ ഇരുന്ന മതില്ലോ രണ്ടാൾക്കും..”ലതിക കളിയാക്കി
“പോടീ ഉണ്ണി ഇപ്പോഴാ ഒരിടത്തു ഇരിക്കുന്നെ..ഇന്നലെ രാത്രി മുഴുവൻ

. ഓട്ടമായിരുന്നു. അച്ഛന് കൂടുതൽ ആയി കണ്ടപ്പോൾ
എന്റെ ദേഹമങ്ങ് തളരും പോലെ.. എന്റെ ദൈവമേ ഓർക്കാൻ മേല. അച്ഛന് എന്തെങ്കിലും ആകുന്നത്.. അയാളുടെ സ്വരം ഇടറി
വിഷ്ണുവിന്റെയും ഉണ്ണിയുടെയും മുഖം ഒരെ പോലെ അച്ഛന്റെ സങ്കടത്തിൽ വാടി പോകുന്നത് ലതിക കണ്ടു
ഭക്ഷണം കഴിഞ്ഞു

ലതിക പോയപ്പോൾ വിഷ്ണുവിനെയും കൂട്ടി
“ഡാ അമ്മയ്ക്ക് എന്തെങ്കിലും സഹായിച്ചു കൊടുക്കണം കേട്ടോ “ഉണ്ണി അവന്റെ ചെവിയിൽ പറഞ്ഞു
“ചേട്ടൻ വരുമ്പോൾ പൊറോട്ട വാങ്ങി കൊണ്ട് വരണേ ”
ഉണ്ണി ചിരിച്ചു.
“Sure കൂടെ ചിക്കൻ കറിയും. പക്ഷെ നല്ല കുട്ടി ആയിട്ട് നിൽക്കണം ”
“അത് ഞാനെറ്റ്‌ ”

അവൻ സമ്മതിച്ചു
അവർ പോയി കഴിഞ്ഞു അവൻ അച്ഛന്റെ അരികിൽ ചെന്നു
“അച്ഛൻ കുറച്ചു നേരം കിടന്നുറങ്ങിക്കോ ഐ സിയുവിന്റെ മുന്നിൽ ചിറ്റപ്പൻ വരും വരെ ഞാൻ പോയി നിന്നോളാം. ഇപ്പൊ സ്റ്റേബിൾ ആണല്ലോ പേടിക്കണ്ട ”

അയാൾ തലയാട്ടി പിന്നെ കട്ടിലിലേക്ക് നീണ്ടു നിവർന്നു കിടന്നു
അച്ഛന്റെ മേൽ ഒരു പുതപ്പ് വിരിച്ച് നടന്നു പോകാൻ ഒരുങ്ങവെ അച്ഛൻ അവന്റെ കയ്യിൽ ഒന്ന് പിടിച്ചു.. പിന്നെ ആ കൈത്തലം കണ്ണിനു മുകളിൽ വെച്ചു.. പിന്നെ കൈവെള്ളയിൽ ചുണ്ടമർത്തി

“എന്റെ മോൻ ഇപ്പൊ പൊയ്ക്കോ.. കുറച്ചു കഴിഞ്ഞു ഇങ്ങ് പോരെ അച്ഛൻ പോയി നിന്നോളാം ”
അവൻ ഇടറിയ ഒച്ചയിൽ ഒന്ന് മൂളി
പിന്നെ ആ കവിളിൽ ഒന്ന് മുഖം അമർത്തി..

പിന്നെ.. വാതിൽ ചാരി നടന്നു പോയി. അവന്റെ മുഖത്ത് അപ്പൊ കണ്ണീർ ചാലുകൾ ഉണ്ടായിരുന്നു
ചില നേരങ്ങളിൽ നമ്മളെങ്ങനെയാകും..
അച്ഛന്റെ കണ്ണ് നിറയുന്ന നേരം തൊണ്ടയിലൊരു കരച്ചിൽ വന്നു മുട്ടും..

അച്ഛന്റെ ശബ്ദം ഇടറുമ്പോൾ ഉള്ള് വിങ്ങിപ്പൊട്ടും
അച്ഛൻ തളരുമ്പോൾ ചുവടുകൾ ഇടറി നമ്മുടെ യാത്ര നിശ്ചലമാകും.
അച്ഛനില്ലായ്മയിൽ അവസാനിക്കുന്നുണ്ട് ഓരോ പുത്രജന്മവും..

Share this on...