അച്ഛനെയും അമ്മയെയും വീട്ടിൽ നിന്ന് പുറത്താക്കി.മാസങ്ങൾക്ക് ശേഷം അവരെ കണ്ടപ്പോൾ അന്തം വിട്ടു പോയി.!!

in Story 519 views

രണ്ടാളും ഇറങ്ങിപ്പൊക്കോണം എന്റെ വീട്ടിൽ നിന്ന്. ഒരു സ്വൈര്യവും സ്വസ്ഥതയും ഇല്ലാണ്ടായി നിങ്ങളെക്കൊണ്ട്” അരവിന്ദൻ അച്ഛന്റെ മുഖത്തു നോക്കി ഒച്ചയെടുത്തു.

“മോനേ ഈ വയസ്സാംകാലത്ത് ഞങ്ങൾ എവിടെ പോകാനാണ്?” മീനാക്ഷിയമ്മ ദൈന്യതയോടെ മകനെ നോക്കി.
“ദേ തള്ളേ നിങ്ങളോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ മോനേ എന്ന് വിളിക്കരുത് എന്ന്. നിങ്ങൾ ഏത് നരകത്തിൽ പോയാലും എനിക്കൊന്നുമില്ല. ഒന്നു പോയിത്തന്നാൽ മതി”

“ഞാൻ പ്രസവിച്ച നിന്നെ മോനെ എന്നല്ലാണ്ട് പിന്നെ എന്തുവിളിക്കാൻ?”

മീനാക്ഷിയമ്മയെക്കൊണ്ട് അത്രയും പറഞ്ഞു മുഴുമിപ്പിക്കാൻ സമ്മതിച്ചില്ല അരവിന്ദൻ. അയാൾ അവരെ തോളിൽ പിടിച്ചു തള്ളി. അവർ സിറ്റൗട്ടിലേക്ക് കമഴ്ന്നു വീണു. പെട്ടന്നുള്ള ആക്രമണം ആയിരുന്നതിനാൽ അവന്റെ അച്ഛൻ ദാസേട്ടന് അത് തടയാനും കഴിഞ്ഞില്ല.

അയാൾ ഓടിച്ചെന്ന് മീനാക്ഷിയാമ്മയെ പിടിച്ചെഴുന്നേല്പിച്ചു. ഭാഗ്യത്തിന് അവർക്ക് കാര്യമായ പരിക്കൊന്നും പറ്റിയില്ല.
ദേഷ്യത്തോടെ അയാൾ എണീറ്റ് അരവിന്ദനെ അടിക്കാൻ കയ്യോങ്ങി. ആ സമയത്ത് മരുമകൾ മിനി ഒരു തുണിക്കെട്ട് അയാളുടെ മുഖത്തേക്കെറിഞ്ഞു. പിന്നാലെ ഒരു ബാഗും.

പതറിപ്പോയ ദാസേട്ടൻ അവരെ ഒന്ന് നോക്കി. ഒരു പുച്ഛം നിറഞ്ഞ ചിരിയോടെ മിനി അയാളെ നോക്കിയിട്ട് അകത്തേക്ക് പോയി.
ഇനിയിവിടെ നിന്നിട്ട് കാര്യമില്ലെന്ന് അയാൾക്ക് മനസ്സിലായി. തുണിക്കെട്ടും ബാഗുമെടുത്ത് മീനാക്ഷിയമ്മയുടെ കയ്യും പിടിച്ച് പടിയിറങ്ങി. പത്തുമുപ്പത് വർഷം ജീവിച്ച ആ വീടിന്റെ പടിയിറങ്ങുമ്പോൾ ഇനിയെന്തുചെയ്യും എന്ന് മീനാക്ഷിയമ്മയ്ക്ക്
ഒരു ഊഹവും ഇല്ലായിരുന്നു. ഏറെ വേദനയോടെ അവർ ആ വീട് ഒന്നുകൂടെ തിരിഞ്ഞുനോക്കി.

ജീവിതകാലം മുഴുവൻ മക്കൾക്ക് വേണ്ടി ജീവിച്ചു. അവരെ പഠിപ്പിച്ച് നല്ല നിലയിലാക്കി. എന്നിട്ടോ തന്തയും തള്ളയും പ്രായമാകുമ്പോൾ അവരെ സംരക്ഷിക്കേണ്ട മക്കൾ ആണ് തങ്ങളെ കറിവേപ്പില പോലെ പുറത്തുകളഞ്ഞിരിക്കുന്നത്.
രണ്ടുമക്കളായിരുന്നു അവർക്ക്. മൂത്തമകൾ മാലിനിയുടെ വീട്ടിലായിരുന്നു കഴിഞ്ഞ ഏതാനും മാസങ്ങൾ. മരുമകളുടെ പോര് സഹിക്കാൻ കഴിയാതെ വന്നപ്പോൾ പോയതാണ് അവിടേക്ക്. എന്നാൽ അവിടെ പോയി മാസം ഒന്ന് തികയുന്നതിന് മുമ്പ് തന്നെ മകൾ നീരസം കാണിക്കാൻ തുടങ്ങിയിരുന്നു. അവർ അവിടെ നിൽക്കുന്നതിൽ മരുമകൻ സുമേഷിന് വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ അച്ഛനും അമ്മയും ഇവിടെ വന്ന് നിന്നാൽ ഭർത്താവിന്റെ കുടുംബക്കാർക്കിടയിൽ നാണക്കേടാണ് എന്ന കാര്യം പറഞ്ഞ് മകൾ അവരെ അവിടുന്ന് ഇറക്കിവിടുകയാണ് ചെയ്തത്. അച്ഛനമ്മമാരെ സംരക്ഷിക്കേണ്ട ചുമതല പെണ്മക്കൽക്കല്ല ആണ്മക്കൾക്കാണ് എന്ന ന്യായവാദവും അവൾ മുന്നോട്ട് വെച്ചിരുന്നു.

സ്വത്തുക്കൾ മക്കളുടെ പേരിലാക്കി സ്വസ്ഥമായി മക്കളുടെ തണലിൽ കഴിയണം എന്ന് പറഞ്ഞുകൊണ്ട് ദാസേട്ടൻ സ്വത്തുക്കൾ മുഴുവൻ മക്കൾക്ക് രജിസ്റ്റർ ചെയ്തുകൊടുത്തു. അതിനു ശേഷമാണ് മക്കൾക്കും മരുമകൾക്കും അവരെ വേണ്ടതായത്. ഇനി ഇവരിൽ നിന്ന് സ്വത്തുക്കൾ ഒന്നും കിട്ടാനില്ലല്ലോ?.

മകളുടെ വീട്ടിൽ നിന്ന് ഇന്നലെ വന്നപ്പോൾ തൊട്ട് പോര് തുടങ്ങിയതാണ് മരുമകൾ മിനി….

“നമ്മൾ ഇനി എങ്ങോട്ട് പോകും ദാസേട്ടാ?”

സാരിത്തലപ്പിൽ കണ്ണീരൊപ്പിക്കൊണ്ട് മീനാക്ഷിയമ്മ ചോദിച്ചു.

“ആരും തുണയില്ലാത്തവർക്ക് ഈശ്വരൻ തന്നെ തുണ” അവരെ തന്നോട് ചേർത്തുപിടിച്ചുകൊണ്ട് അയാൾ പറഞ്ഞു.
പിന്നെ ഒന്നും മിണ്ടാതെ അവർ നടത്തം തുടർന്നു. കവല എത്താറായപ്പോൾ അയാൾ നിന്നു മീനാക്ഷിയമ്മയുടെ രണ്ടുകയ്യും നെഞ്ചോട് ചേർത്തുപിടിച്ചു. ഒന്നു പുഞ്ചിരിച്ചുകൊണ്ട് അയാൾ ചോദിച്ചു “നിനക്ക് ക്ഷീണം തോന്നുന്നുണ്ടോ?” ഉണ്ടെങ്കിലും ഇല്ലെന്നവർ തലയാട്ടി.

“ഇനി ക്ഷീണമില്ലാതെ സങ്കടമില്ലാതെ ജീവിക്കണം നമുക്ക്” ദാസേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ അവിശ്വനീയതയോടെ, അതിലേറെ ഭയത്തോടെ മീനാക്ഷിയമ്മ അയാളെ നോക്കി. ജീവിതം അവസാനിപ്പിക്കാനുള്ള വല്ല പ്ലാനുമാണോ എന്നവർക്ക് തോന്നി. തന്നെ നോക്കി അന്ധാളിച്ചു നിൽക്കുന്ന മീനാക്ഷിയമ്മയുടെ കൈപിടിച്ചുകൊണ്ട് ദാസേട്ടൻ കവലയിലുള്ള കൊട്ടാരസമാനമായ ഒരു വീടിന്റെ ഗെയ്റ്റ് തള്ളിത്തുറന്നു അകത്തേക്ക് നടന്നു.

“നമ്മളിതെങ്ങോട്ടാ, ഇതാരുടെ വീടാ?” മീനാക്ഷിയമ്മ ഒന്നും മനസ്സിലാകാതെ ചോദിച്ചു. മറുപടിയെന്നോണം ഒന്ന് പുഞ്ചിരിക്കുകമാത്രം ചെയ്തുകൊണ്ട് അയാൾ അവരേയും കൂട്ടി ആ വീടിന്റെ പടികയറി. കോളിംഗ് ബെൽ അടിച്ചു.
അപ്പോളതാ ഒരു നായ ഓടിവന്ന് ദാസേട്ടന്റെ മേലേക്ക് മുൻകാലുകൾ കയറ്റിവെച്ചു നിന്നുകൊണ്ട് വാലാട്ടുന്നു. അയാൾ അതിനെ താഴെനിർത്തി കെട്ടിപ്പിടിച്ചു തലോടി. അപ്പോഴേക്ക് വീടിനകത്തുനിന്ന് ഒരു നാൽപ്പത് വയസ്സ് പ്രായമുള്ള ഒരു ചെറുപ്പക്കാരൻ വന്ന് വാതിൽ തുറന്നു.

“ഹാ… സാറെത്തിയോ?, ഇന്നലെ വരുമെന്ന് പറഞ്ഞതുകൊണ്ട് ഞാൻ സാധനങ്ങൾ ഒക്കെ ഇന്നലെ തന്നെ സെറ്റ് ചെയ്ത് വെച്ചിട്ടുണ്ട്” ആ ചെറുപ്പക്കാരൻ ദാസേട്ടനെ നോക്കി പറഞ്ഞു.

“വണ്ടിയെന്തിയേ?”

“ഓഹ്.. അതാചെറുക്കൻ നമ്പർ പ്ളേറ്റ് ഫിറ്റ് ചെയ്യാൻ കൊണ്ടോയതാ” ദാസേട്ടന്റെ ചോദ്യത്തിന് അയാൾ മറുപടി പറഞ്ഞു.
“എന്നാൽ ഇനി തമാസിപ്പിക്കണ്ട, താനതിങ്ങെടുത്തോ” ദാസേട്ടൻ പറഞ്ഞത് കേട്ട് അയാൾ അകത്തേക്ക് പോയി.

മീനാക്ഷിയമ്മയ്ക്ക് ഒന്നും മനസ്സിലായില്ല. ഈ വീട്ടിൽ പണിക്ക് വന്നതാണ് എന്ന് മാത്രം അവർക്ക് മനസ്സിലായി. കാരണം ഇവിടെ സ്‌ക്യൂരിറ്റി ആയി മൂപ്പർക്ക് ജോലി കിട്ടിയ കാര്യം മുമ്പ് തന്നോട് പറഞ്ഞിരുന്നത് അവർ ഓർത്തു. തങ്ങൾക്ക് താമസിക്കാനുള്ള മുറിയുടെ താക്കോൽ എടുക്കാനായിരിക്കും അയാൾ പോയിട്ടുണ്ടാവുക. അവർ ഓരോന്ന് സങ്കല്പിച്ചുകൊണ്ടിരുന്നു.

ഒരു പത്തുമിനിറ്റ് ആയിക്കാണും ആ ചെറുപ്പക്കാരനും വേറെ ഒരു പെൺകുട്ടിയും കൂടെ ഒരു നിലവിളക്ക് കത്തിച്ചു അതുമായി അവർക്ക് മുന്നിലേക്ക് വന്നു. ആ ചെറുപ്പക്കാരന്റെ കയ്യിൽ നിന്ന് കിണ്ടി വാങ്ങി ദാസേട്ടൻ കാൽകഴുകി. മീനാക്ഷിയമ്മയുടെ കാലിൽ വെള്ളമൊഴിച്ചുകൊടുത്തു. അവരും കാലുകൾ ചവിട്ടിക്കഴുകി. അന്ധാളിച്ചു നിന്ന മീനാക്ഷിയമ്മ ദാസേട്ടനെ നോക്കി.
“ആ വിളക്ക് വാങ്ങിയിട്ട് വലതുകാൽ വെച്ച് കേറിക്കോ” ദാസേട്ടന്റെ വാക്കുകൾ കേട്ടാണ് മീനാക്ഷിയമ്മ ചിന്തയിൽ നിന്ന് ഉണർന്നത്. അവർ വിളക്ക് വാങ്ങി വലതുകാൽ വെച്ച് ആ വീട്ടിലേക്ക് കയറി.

ജീവിതകാലം മുഴുവൻ തന്റെ കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ടു സമ്പാദിച്ച സ്വത്തുക്കൾ മക്കൾ കൈക്കലാക്കി. അവർക്ക് തങ്ങളെ വേണ്ടാതായി. എന്നാൽ ദീര്ഘവീക്ഷണമുള്ള ദാസേട്ടൻ തന്റെ ഭാര്യയും മക്കളും അറിയാതെ സമ്പാദിച്ച ഈ വീട് ഇന്ന് അവർക്ക് ഉപകാരപ്പെട്ടു. മീനാക്ഷിയമ്മയുടെ കാര്യങ്ങൾ നോക്കാൻ അവിടെ ഒരു ഹോം നേഴ്‌സുണ്ട്. യാത്രചെയ്യാൻ പുതുപുത്തൻ ഇന്നോവയും അതിന് നല്ല ഒരു ഡ്രൈവറും. അവർ അവരുടെ ജീവിതത്തിലെ രണ്ടാം ഇന്നിംഗ്സ് തുടങ്ങിക്കഴിഞ്ഞു. തങ്ങളെ കയ്യൊഴിഞ്ഞ മക്കൾക്ക് മുന്നിൽ തന്നെ തലയെടുപ്പോടെ ഇനിയവർ ജീവിക്കും.

അതേ… ഈ കാര്യങ്ങൾ ദാസേട്ടൻ പതുക്കെ സമയമെടുത്ത് മീനാക്ഷിയമ്മയെ അറിയിച്ചോളും. ഇന്ന് അവരുടെ ഗൃഹപ്രവേശവും രണ്ടാം ഇന്നിംഗ്സിലെ ആദ്യരാത്രിയുമാണ്. അവരെ ശല്യം ചെയ്യാതെ നമ്മൾ ഒഴിഞ്ഞുകൊടുക്കുന്നതല്ലേ അതിന്റെ ഒരിത്?.

Share this on...