റീയൂണിയന് വന്ന കൂട്ടുകാരിയുടെ മകളെ പരിഹസിച്ചു മറ്റുകൂട്ടുകാർ ആ കുട്ടി ആരെന്നറിഞ്ഞപ്പോൾ ഞെട്ടി പോയി

in Story 3,795 views

ഡി….. എന്റെ മോൾക്ക്‌ കുടി അല്പം ലിപ്സ്റ്റിക് ഇട്ടു കൊടുക്കുമോ…..
നിങ്ങൾ ഇടുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു അവളത് വേണമെന്ന് ആഗ്രഹിക്കുന്നുണ്ട്….
ചിത്രയുടെ ശബ്‍ദം കൂടി നിന്ന അവളുടെ ബാല്യകാല സുഹൃത്തുക്കൾക്ക് അരോചകമായിട്ടാണ് തോന്നിയത്…. എങ്കിലും പുറമെ തങ്ങൾക്കു തോന്നിയ അനിഷ്ടം പ്രകടിപ്പിക്കാതെ ഒരു കൃത്രിമമായ ചിരിയും മുഖത്തണിഞ്ഞു അവർ ആ കുരുന്നിനെ അടുത്തേക്ക് ക്ഷണിച്ചു….

സോഷ്യൽ മീഡിയയിൽ വർണ വിവേജനത്തിനെതിരെ ഘോരഘോരം പ്രസംഗിക്കുന്ന വനിതാ യുവജന നേതൃത്വ നായികയും കൂടി നിന്നവരിൽ ഒരാളായിരുന്നു…
നിറം മങ്ങിയ അറ്റം ചുരുണ്ടു കൂടിയ തീരെ വിലയില്ലാത്ത മുട്ടോളം നിൽക്കുന്ന ഒരു ഫ്രോക്ക് ആയിരുന്നു അവളുടെ വേഷം….

കണ്ണിലെ ചാര കൃഷ്ണമണികളോട് കിടപിടിക്കുന്ന കറുപ്പ് നിറമായിരുന്നു
അവളുടേത്‌…. ചിരിക്കാൻ പോലും ഭയപ്പെടുന്ന ഒരു പാവം തൊട്ടാവാടി… കൂടി വന്നാൽ ഒരെട്ട് വയസ്സ് പ്രായമുണ്ടാകും അവൾക്കു…

മടിച്ചു മടിച്ചു ഇടം കണ്ണാൽ അമ്മയെ നോക്കിക്കൊണ്ട് അവർക്കടുത്തേക്കായി അവൾ നടന്നു….
കൂട്ടത്തിലെ ഏറ്റവും പണകൊഴുപ്പുള്ള ഒരുവൾ ഒരു ഞണ്ടിനെ തൂക്കിയെടുക്കുന്നത് പോലെ ആ കുരുന്നിന്റെ കൈകളിൽ തന്റെ തള്ള വിരലും ചൂണ്ടു വിരലും ചേർത്ത് പിടിച്ചുകൊണ്ടു അവരുടെ കൂട്ടത്തിലേക്കു വലിച്ചു നിർത്തി….

അവളുടെ കറുത്ത ചുണ്ടുകളിലേക്ക് തന്റെ ലിപ്സ്റ്റിക് തേച്ചു പിടിക്കാനുള്ള മടി അവരിലൊരാൾക്ക് ഉണ്ടായിരുന്നെങ്കിലും വേറെ വഴിയില്ലാതെ അനുസരിക്കുകയായിരുന്നു….
ഒരു കൂട്ട ചിരി കേട്ട നേരമാണ് എന്റെതു മാത്രമായ ലോകത്തു നിന്നും താഴെക്കിറങ്ങി ചെന്നത്….
ഒന്ന് മുതൽ പത്തു വരെ ഒന്നിച്ചു പഠിച്ച കളി കൂട്ടുകാരെല്ലാം ഒരു കുടക്കീഴിൽ…. ഇരുപതു വർഷങ്ങൾക്കു ശേഷമുള്ള കണ്ടുമുട്ടൽ……ഇവിടേക്കെത്തുന്നതു വരെ മനസ്സറിഞ്ഞു സന്തോഷിച്ചിരുന്നു…..

തിരക്കുകൾക്കിടയിൽ മറവിയിലേക്ക് എഴുതി തള്ളപ്പെട്ട ഏറ്റവും മനോഹരമായ കാലഘട്ടത്തിന്റെ ഒത്തുചേരൽ അത്രയേറെ ആഗ്രഹിച്ചത് കൊണ്ടാണ് തിരക്കുകളിൽ നിന്നെല്ലാം നിർബന്ധപൂർവം അവധിയെടുത്തു ഈ നാട്ടിലേക്കു തിരികെയെത്തിയത്…..

അന്നന്നത്തെ അന്നത്തിനു പോലും വകയില്ലാത്ത ഒരു പറ്റം കുട്ടികൾക്ക് വേണ്ടി സൃഷ്‌ടിച്ച ഒരു സാധാരണ കോൺവെൻറ് സ്കൂൾ…. അടിസ്ഥാന സൗകര്യങ്ങൾ പോലും അന്യമായിരുന്ന സ്കൂളിലേക്കു പോകുവാനുള്ള പ്രചോദനം വയറു നിറച്ചു കിട്ടുന്ന ഉച്ചക്കഞ്ഞി മാത്രമായിരുന്നു….. കൂടെ കിട്ടുന്ന പയറു കറിയിൽ പയറിനെക്കാൾ കൂടുതൽ കല്ലുകളായിരുന്നിട്ടും അമൃത് പോലെയാണ് അവിടെ ഉണ്ടായിരുന്ന ഓരോ കുട്ടികളും കഴിച്ചിരുന്നത്…. ദാരിദ്ര്യം മാത്രം നിറഞ്ഞു നിൽക്കുന്നവരുടെ വിധി….ഒരു നേരമെങ്കിലും വയറു നിറച്ചു കഴിക്കാമല്ലോയെന്ന ചിന്തകൾക്കിടയിൽ കല്ലുകടിയുടെ ബുദ്ധിമുട്ടൊന്നും വലുതായിരുന്നില്ല…..

ഇന്നിവിടെ എത്തിച്ചേർന്ന സമയം ഒത്തിരിയേറെ പ്രതീക്ഷയോടെ വന്നത് കൊണ്ടാകാം കൂടെയുണ്ടായിരുന്ന മുഖങ്ങളിലൊന്നും അന്നത്തെ കുട്ടികളുടെ നിഷ്കളങ്കഥയൊന്നും കാണാൻ എനിക്ക് കഴിഞ്ഞിരുന്നില്ല…. എല്ലാവരും മാറിപ്പോയിരുന്നു… രൂപത്തിലും ഭാവത്തിലും ചിന്തകളിലുമെല്ലാം ഓരോരുത്തരും വളരെയധികം മാറിയിരിക്കുന്നു…..
കണ്ടുമുട്ടിയവർക്കെല്ലാം പറയാനുണ്ടായിരുന്നത് അവരുടെ ഇപ്പോളത്തെ സ്റ്റാറ്റസിനെ കുറിച്ചായിരുന്നു… വിമൻസ് ക്ലബ്ബിലെ മെമ്പർഷിപ്പിനെ കുറിച്ചായിരുന്നു…. ദിവസവും പൊട്ടിക്കുന്ന പണത്തിന്റെ കണക്കുകളെ കുറിച്ചായിരുന്നു…..

സ്വന്തം ബാല്യത്തിൽ കോൺവെന്റിൽ അഭയം തേടിയത് ഭക്ഷണത്തിനു വേണ്ടിയായിരുന്നെങ്കിൽ ഇന്ന് സ്വന്തം മക്കളെ ബോഡിങ്ങിലേക്കയച്ചു പഠിപ്പിക്കുന്നത് സ്വന്തം സ്റ്റാറ്റസ് ഉയർത്താൻ വേണ്ടിയാണെന്നു അവർ പറയാതെ പറയുന്നതായി എനിക്ക് തോന്നി…..
എല്ലാവരും ഇങ്ങനെയാണോ… ഞാൻ മാത്രമാണോ പഴമയുടെ സുഗന്ധമുള്ള സുഖമുള്ള ഓർമകളെ താലോലിച്ചിരിക്കുന്നത്… വിഡ്ഢി…. അല്ലാതെന്തു പറയാനാണ്….

പലതും ആലോചിച്ചു കൂട്ടച്ചിരി കേട്ട ഭാഗത്തേക്ക്‌ എത്തിയപ്പോൾ കാണുന്നത് ഒരു പെൺകുട്ടിയെയാണ്…. അവളെ നോക്കി ഇവരെല്ലാം എന്തിനാണിങ്ങനെ ചിരിക്കുന്നത്….ഇതാരുടെ കുട്ടിയാവും….

പൂർണമായും അവളെ തന്നെ ശ്രെദ്ധിച്ചപ്പോളാണ് കൂട്ടച്ചിരിയുടെ കാരണം മനസ്സിലാകുന്നത്…
അവളുടെ ചുണ്ടിൽ കഥകളിയെ അനുസ്മരിപ്പിക്കും വിധത്തിൽ ആരോ ലിപ്സ്റ്റിക് തേച്ചു പിടിപ്പിച്ചിരിക്കുന്നു… ചുണ്ടുകൾ കവിഞ്ഞും അവ പടർന്നിട്ടുണ്ട്….. അതിൽ നിറയെ ആകാശ നീല നിറത്തിലുള്ള ഐ ലൈനർ കൊണ്ട് പുള്ളി കുത്തിയിരിക്കുന്നു…. മുഖത്തൊക്കെയും മറ്റ് പല നിറങ്ങളുപയോഗിച്ച് ഇതുപോലെ തന്നെ കുത്തും കോമയും വരച്ചു വെച്ചിരിക്കുന്നു……
അവളെ മുന്നിൽ നിർത്തിക്കൊണ്ട് ഓരോരുത്തരും മാറി മാറി ഓരോ കമന്റ്‌ പറയുന്നു……അത് കേട്ടിട്ടുള്ള ചിരിയാണ് താൻ കേട്ടതത്രയും….

ഒരു കൊച്ചുകുട്ടിയോടാണോ ഇത്രയും തരം താഴ്ന്ന ക്രൂരത കാട്ടുന്നത്….. വിശ്വസിക്കാൻ കഴിയുന്നില്ല…. ഇതേ കുട്ടിയുടെ പ്രായത്തിൽ അവിടെ കൂടി നിന്ന ഓരോരുത്തരും എന്തൊക്കെ കോലത്തിലാണ് നടന്നിരുന്നതെന്നു സ്വയം ഒന്ന് ചിന്തിച്ചിരുന്നെങ്കിൽ ഈ കുട്ടിയോട് ഇതുപോലെ ഒരു വൃത്തികേട് ഇവർ കാണിക്കില്ലായിരുന്നു…

ഏതു നേരത്താണാവോ കുറ്റിയും പറിച്ചു ബാല്യകാല സുഹൃത്തുക്കളെ കാണാനുള്ള അത്യാഗ്രഹവുമായി ഇങ്ങോട്ട് വരാൻ തോന്നിയത്..
എന്നാലും ഇതാരുടെ കുട്ടിയാകും…. അവർ കുടി അറിഞ്ഞുകൊണ്ടുള്ള കളിയാക്കലാണോ ഇത്….
സ്വന്തം കുഞ്ഞിനെ കൊല്ലുന്ന അമ്മമാരുള്ളപ്പോൾ മറ്റുള്ളവരുടെ മുന്നിലേക്ക് കളിയാക്കാനും അപമാനിച്ചു ഹരം കൊള്ളിക്കുവാനും മക്കളെ എറിഞ്ഞു കൊടുക്കുവാനാണോ പ്രയാസം…
മുഷിച്ചിലോടെ ഒന്നുകൂടി ആ കുട്ടിയെ നോക്കി….

നിറഞ്ഞ കണ്ണുകളെ ഒളിപ്പിക്കാൻ പാടുപെടുന്നത് കൂടാതെ ഓരോരുത്തരും പറയുന്നതൊക്കെയും അംഗീകരിക്കുന്നത് പോലെയുള്ള പുഞ്ചിരി മുഖത്ത് വിരിയിക്കാനും അവൾ കിണഞ്ഞു ശ്രെമിക്കുന്നുണ്ട്… അവർ പറയുന്നതെല്ലാം ഇംഗ്ലീഷിൽ ആയിരുന്നെന്നു അപ്പോളാണ് ഞാനും ശ്രെദ്ധിക്കുന്നത്…. എന്നിട്ടും ഇവളെന്തിനാണ് കഷ്ടപ്പെട്ടിങ്ങനെ ചിരിക്കുന്നത്…. അവളുടെ കണ്ണുകളെ പിന്തുടർന്നെത്തിയപ്പോൾ എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരമെല്ലാം എനിക്ക് കിട്ടി തുടങ്ങി…..

ചിത്ര…… എനിക്കൊരിക്കലും മറക്കാൻ കഴിയാത്ത എന്റെ കൂട്ടുകാരി….. കോൺവെന്റിൽ നിന്നല്ലാതെ സ്വന്തം വീട്ടിൽ നിന്നും പഠിക്കാൻ എത്തിയിരുന്ന ഞങ്ങളുടെ ക്ലാസ്സിലെ ഒരേയൊരു കുട്ടി….

ഒരു പാവം പിടിച്ച പെണ്ണ്… കയ്യിൽ കിട്ടുന്ന ചെറിയ മിഠായി പോലും കൂടെയുള്ളവർക്ക് പങ്കു വെച്ച് കൊടുക്കാൻ ഒരു മടിയും ഇല്ലാത്തവൾ… അവളുടെ വീട്ടിലെ ചാമ്പക്കയുടെയും റൂബി പുളിയുടെയും രുചിയറിയാത്ത ഒരു നാവു പോലും ഈ കൂട്ടത്തിലില്ല….. അന്ന് അതെല്ലാം കിട്ടാക്കനിയായിരുന്നു….. എന്നാലിന്നോ…..

കമന്റ്‌ പറയുന്ന അടുത്തയാളെ ഞാനൊന്നു നോക്കി…. എട്ടാം ക്ലാസ്സിൽ വെച്ച് ചിത്രയുടെ കളർ പെൻസിൽ മോഷ്ടിച്ച ഒരുവൾ….. കയ്യോടെ പിടിക്കപ്പെട്ടെങ്കിലും ആ പെൻസിൽ സ്വന്തമായി നൽകിക്കൊണ്ടാണ് ചിത്ര അന്ന് പ്രതികരിച്ചത്….. മലയാള അക്ഷരങ്ങൾ എഴുതാൻ അറിയാത്ത പലരെയും അവളാണ് ടീച്ചറേക്കാൾ ഉത്തരവാദിത്വത്തോടെ പഠിപ്പിച്ചു ഉയർത്തിക്കൊണ്ട് വന്നത്…… എന്തുകൊണ്ടാണ് കൂടിയിരിക്കുന്ന ഒരാൾ പോലും ഇതൊന്നും ഓർക്കാതെ അവളുടെ മുന്നിൽ വെച്ച് തന്നെ അവളുടെ മകളെ ഇത്രയേറെ അപമാനിക്കുന്നത്…..

ഈ പേക്കുത്തുകൾക്കിടയിൽ എനിക്ക് വയ്യ….. തിരികെ പോകണം…..
പിന്നിലേക്ക് കാലുകൾ ചലിച്ചു തുടങ്ങിയ നിമിഷം തന്നെ ചിത്രയുടെ കണ്ണുകൾ തന്നെ കണ്ടെത്തിയിരുന്നു….
വിച്ചൂ……!!!

അന്നത്തെ സ്നേഹത്തോടെയുള്ള അതേ വിളി…. പിടിച്ചു കെട്ടിയപോലെ നിൽക്കാനല്ലാതെ മറ്റൊന്നിനും കഴിഞ്ഞില്ല…..

വിളറിയ പുഞ്ചിരിയോടെ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു തന്നെ മാത്രം ശ്രെദ്ധിച്ചുകൊണ്ട് പണ്ടത്തെ അതേ നിഷ്കളങ്കമുഖവുമായി തനിക്കരികിലേക്ക് നടന്നടുക്കുന്നവളെ…..
പത്താം ക്ലാസ്സിലെ റാങ്ക് സ്വപ്നമായിരുന്നവൾക്കു ദൈവം സമ്മാനമായി നൽകിയത് മറ്റൊന്നായിരുന്നു…. ഉരുൾപൊട്ടലിൽ അവളെ ഒഴിച്ചുള്ള അവളുടെ എല്ലാ സാമ്പാദ്യങ്ങളെയും ദൈവം കൊടുത്തത് പോലെ തിരിച്ചെടുത്തു….
ഭൂമിയിൽ അവശേഷിച്ചതിനെ ആർക്കും വേണ്ടതായപ്പോൾ ഏതോ ശരണാലയത്തിൽ അഭയാർത്ഥിയായി മുന്നോട്ടുള്ള ജീവിതം…..
ആരുടെയോ കരുണ കൊണ്ട് വിവാഹം കഴിഞ്ഞു….അതോടെ ജീവിതം കരയിൽ നിന്നു കുഴിയിലേക്കെന്ന നിലയിലുമായി….

ഒരു കുഞ്ഞിനേയും നൽകി താലി കെട്ടിയവൻ മറ്റൊരുവളുമായി നാടുവിട്ട വാർത്തയും ചുണ്ടിലെ ചിരി മായാതെ തന്നെ അവൾ പറഞ്ഞു നിർത്തി…
ഇന്ന്
ഒരു ഡേ കെയറിൽ കുട്ടികളെ നോക്കുന്ന ആയയായി മകൾ വിസ്മയയോടൊപ്പം അവൾ ജീവിക്കുന്നു …..
പഠിച്ച കാലങ്ങളിലൊക്കെയും അവൾക്കുണ്ടായിരുന്ന കഴിവിന്റെ ഒരംശം മാത്രമേ ഈ കൂടി നിൽക്കുന്ന അത്രയും പേരിലും ഉണ്ടായിരുന്നുളളു…. എന്നിട്ടും…. കഴിവിനോപ്പം നിൽക്കുന്ന ഭാഗ്യം കുടിയണ്ടെങ്കിലേ ജീവിതത്തിൽ പച്ച പിടിക്കു എന്നതിനുള്ള മറ്റൊരു ഉദാഹരണം മാത്രമായി ഒരുവൾ കുടി….

എന്റെ മകൾ ഇത്രയും സമയം പുഞ്ചിരിക്കുന്നത് ഞാൻ ആദ്യമായാണ് കാണുന്നതു…. ഇവിടെ അവളെ സ്നേഹിക്കാൻ ഒത്തിരി പേരുണ്ടാകുമെന്ന് പ്രതീക്ഷിച്ചു വന്നവളാണ്… ആ പ്രതീക്ഷ തെറ്റിയില്ലല്ലേ…. എന്റെ മകളെ അവർക്കെല്ലാവർക്കും ഇഷ്ടമായിട്ടുണ്ടല്ലേ….
പണ്ടത്തെ അതേ നിഷ്കളങ്കതയോടെയുള്ള ചോദ്യം…..
എന്ത് ഉത്തരം നൽകും…. ഒരു കോമാളിയാക്കി നിന്റെ മകളെ അപമാനിക്കുകയാണെന്ന് എങ്ങനെ ഞാൻ അവളോട് പറയും….

അവളുടെ മുന്നിൽ നിറ മില്ലാത്ത പുഞ്ചിരി നൽകിക്കൊണ്ട് ഒന്നും പറയാനാവാതെ ഞാൻ നിന്നു…
ഈ സമയം കൊണ്ട് ആ പെൺകുട്ടിയുടെ മുടി നാരിഴയെ പോലും വെറുതെ വിടാതെ അവരോരോരുത്തരും കീറിമുറിച്ചു പോസ്റ്റ്‌ മോർട്ടം നടത്തി കഴിഞ്ഞിരുന്നു…

ചിരിച്ചു ചിരിച്ചു മോണ വരെ വേദനിച്ചു കൊണ്ടുള്ള ചിരി…. ഒരു കൊച്ചു കുഞ്ഞിന്റെ നിസ്സഹായ അവസ്ഥയെ കുറിച്ചോർത്തു സ്വയം നീറാനല്ലാതെ അവർക്കെതിരെ പ്രതികരിക്കുവാൻ ആ നിമിഷം വരെ ഞാൻ തയ്യാറായില്ല…. വെറുതെ ഒരു ക്ലാഷ് ഉണ്ടാക്കി ഉള്ള ചെറിയ സന്തോഷത്തെ ഇല്ലാതാകാൻ ഞാനും ശ്രെമിച്ചില്ല….. ഒരുതരം സ്വാർത്ഥത തന്നെ…
ആദ്യത്തെ ഉത്സാഹമെല്ലാം കുറഞ്ഞതും ആ കുട്ടിയെ അവർ തന്നെ കത്തിമുനയുള്ള വാക്കുകളിൽ നിന്നും മോചിപ്പിച്ചു….അവളുടെ കയ്യിൽ പിടുത്തമിട്ടുകൊണ്ട് കൂട്ടത്തിലൊരുവൾ ഞങ്ങൾക്കടുത്തേക്കായി വന്നു നിന്നു….

ചിത്രയോ അവളുടെ മകളോ ഇംഗ്ലീഷ് എന്ന ആഡംമ്പര ഭാഷയ്ക്ക് യോജിച്ചവരായിരുന്നില്ലെങ്കിലും കൂടെ നിന്ന എന്നെ അല്പം പോലും പരിഗണിക്കാതെ വന്നു നിന്നവൾ ചിത്രയുടെ മുഖത്ത് നോക്കി തന്നെ പരിഹസിച്ചു സംസാരിച്ചു തുടങ്ങി….
അവസാനമായി

ഇതുപോലെ നാണം കെട്ടു ജീവിക്കുന്ന നിന്റെ തൊലിക്കട്ടി സമ്മതിച്ചിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് നിറഞ്ഞ ചിരിയോടെ ചിത്രയുടെ കൈകൾ ചേർത്ത് പിടിക്കുന്നവളോട് സഹതാപം മാത്രമാണ് തോന്നിയത്….

എന്നാൽ പറഞ്ഞ വാക്കുകളെല്ലാം തന്റെ മകളെ കുറിച്ചുള്ള ആശംസകൾ ആയിരിക്കുമെന്ന് തെറ്റിദ്ധരിച്ച ചിത്രയാണെങ്കിൽ സന്തോഷം കൊണ്ട് നിറഞ്ഞ കണ്ണുകളിൽ വരെ പുഞ്ചിരി വിരിയിച്ചു നിൽക്കുകയാണ്….

സത്യമെല്ലാം കണ്മുന്നിൽ കണ്ടിട്ടും എന്റെ പ്രതികരണശേഷി എവിടെയോ തണുത്തുറഞ്ഞു തന്നെ കിടന്നു….. അതിശയിക്കേണ്ട ഞാനും ഒരു മലയാളി തന്നെയല്ലെ…. ഇടക്കെങ്കിലും അവസരവാദിയായ തനി മലയാളി….
ചിന്തകളെ ഓടിച്ചു വിട്ടു മുന്നിലേക്ക്‌ നോക്കുമ്പോളുണ്ട് ആ കൊച്ചു കുട്ടി എന്നെ തന്നെ നോക്കി നിൽക്കുന്നു….

അവളുടെ ചുണ്ടിൽ നിറഞ്ഞ ചിരിയ്ക്കു നൂറു അർത്ഥങ്ങളുണ്ടെന്നു മനസ്സ് വിളിച്ചു പറഞ്ഞു…. തിരിച്ചൊന്നു പുഞ്ചിരിക്കാൻ പോയിട്ട് അവളുടെ കണ്ണുകളെ നേരിടാനുള്ള ശക്തി പോലും ആ നിമിഷം എന്നിലുണ്ടായിരുന്നില്ല…. തെറ്റ് ചെയ്തവരും തെറ്റിനെ തടയാത്തവരും തൂക്കത്തിൽ ഒരേ അളവിലായിരിക്കുമെന്നു എന്റെ മനസ്സ് എന്നോട് പറയുന്നുണ്ടായിരുന്നു….
നേരം അതിന്റെ വഴിയിലൂടെ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു…. ചിത്രയ്ക്കും തിരിച്ചു പോകുവാനുള്ള സമയമായി….

എല്ലാവരോടും സ്നേഹത്തോടെ യാത്ര പറയുന്നവളെ വെറുതെ വിടാൻ അപ്പോൾ പോലും അവളുടെ ആത്മ മിത്രങ്ങൾ തയ്യാറായില്ല…. കയ്യിലേക്ക് മൈക് ഏല്പിച്ചിട്ടു അവളുടെ ജീവിതത്തിലെ ഒരു സന്തോഷത്തെ കുറിച്ച് പറഞ്ഞിട്ട് പോയാൽ മതിയെന്ന് അവർ വാശി പിടിച്ചു….
അവളുടെ കയ്യിലെ വിറയൽ മൈക്കിലേക്ക് കുടി നിമിഷ നേരം കൊണ്ട് വ്യാപിച്ചിരുന്നു….. ചുറ്റിനും അലഞ്ഞു നടന്ന അവളുടെ കണ്ണുകൾ ലക്ഷ്യസ്ഥാനമായി തന്റെ മകളെ തന്നെ തിരഞ്ഞെടുത്തതും ചുണ്ടിൽ നിറഞ്ഞ ചിരിയോടെ അവൾ പറഞ്ഞു തുടങ്ങി….

ഈ വർഷം നടക്കുന്ന ഇന്റർനാഷണൽ ലെവൽ ഇംഗ്ലീഷ് ലിറ്ററേച്ചർ കോമ്പറ്റിഷൻ സംബന്ധിച്ചു പത്തുവയസിൽ താഴെയുള്ള കുട്ടികളുടെ വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്ന അവളുടെ മകളെ കുറിച്ച്….. ഈ ചെറിയ പ്രായം കൊണ്ട് മഹാന്മാരായ മൂന്നു സയന്റിസ്റ്റുകളുടെ ഇംഗ്ലീഷ് ഓട്ടോബയോഗ്രാഫി മലയാളത്തിലേക്കു തർജ്ജിമ ചെയ്ത മിടുമിടുക്കിയായ അവളുടെ മകളെ പറ്റി…..

വിസ്മയ ചിത്രവർണ്ണ എന്ന ശ്രേഷ്ഠയായ കുഞ്ഞിനെ പറ്റി കേട്ടിട്ടുണ്ടെങ്കിലും അതേ കുട്ടിയാണ് കണ്മുന്നിലുള്ളതെന്നു വിശ്വസിക്കാൻ പോയിട്ട് ഒന്നാലോചിക്കുവാൻ പോലും അവിടെ ഇരുന്ന ഞാനുൾപ്പെടെയുള്ള ആർക്കും സാധിക്കുന്നില്ലായിരുന്നു…..
തൊട്ടാവാടിയെ പോലെ ഞങ്ങൾക്ക് മുന്നിൽ നിന്നവളുടെ തളർന്നു തൂങ്ങുന്ന ഇലകൾക്കിടയിൽ മൂർച്ചയോടെ തിളങ്ങിയ മുള്ളുകൾ തിരിച്ചറിഞ്ഞതും അപ്പോളാണ്…

സ്വന്തം അമ്മയുടെ വിഷമം താങ്ങാൻ കഴിയാത്തത് കൊണ്ട് മാത്രം മാന്യത തൊട്ടു തീണ്ടിയിട്ടില്ലാത്ത വാക്കുകൾക്ക് മുന്നിൽ സന്തോഷം അഭിനയിച്ചു പുഞ്ചിരി തൂകി നിന്നതെന്തുകൊണ്ടാണെന്നു ഞാനുൾപ്പെടെയുള്ള എല്ലാവരും ഇതിനകം തന്നെ തിരിച്ചറിഞ്ഞു….

ചിത്രയെയോ അവളുടെ മകളെയോ മുഖമുയർത്തി നോക്കുവാനുള്ള ധൈര്യം ആർക്കും തന്നെ ഉണ്ടായിരുന്നില്ല….. ഭൂമി തകർത്തു താഴേക്കു പതിച്ച അവസ്ഥ…
അതേ സമയം അമ്മയുടെ കയ്യിൽ നിന്നും മൈക്ക് വാങ്ങിയ മകൾ ഉറച്ച ആത്മ വിശ്വാസത്തോടെ തല ഉയർത്തി പിടിച്ചു തന്നെ പറഞ്ഞു….

ഞാനെന്റെ അമ്മയുടെ മകളാണ്….. സ്വന്തം സുഹൃത്തുക്കളെ അപമാനിക്കാനറിയാത്ത സാധാരണക്കാരിയായ ചിത്ര വർണ്ണയുടെ മകൾ….. ഇവിടെ പറഞ്ഞതും കേട്ടതുമെല്ലാം എന്റെ ചെവിയിൽ മാത്രമായി ഒതുങ്ങി നിൽക്കട്ടെയെന്നു ഞാൻ ആഗ്രഹിക്കുന്നുണ്ട്…. എന്റെ അമ്മയ്ക്കു നിങ്ങളോരോരുത്തരെയും ഇഷ്ടമാണെന്ന ഒറ്റ കാരണം കൊണ്ട് മാത്രം…. ഇനി നിങ്ങളാരെയും കാണാൻ ഇട വരരുതെന്നു പ്രാർത്ഥിച്ചുകൊണ്ട് ഇറങ്ങുന്നു….

സായിപ്പിന്റെ ശൈലിയിൽ അവളുടെ വായിൽ നിന്നുതീർന്നു വീണ ഓരോ ഇംഗ്ലീഷ് വാക്കുകളും നൽകിയത് പുതിയൊരു പാഠമായിരുന്നു…… പരിഹസിക്കുന്നവർക്ക് കിട്ടുന്ന തിരിച്ചടിക്കു പരിഹസിക്കുമ്പോൾ കിട്ടുന്ന മനസുഖത്തേ കാർന്നു തിന്നുവാനുള്ള മൂർച്ചയുണ്ടെന്ന ചെറിയ വലിയ പാഠം…..

Share this on...