കല്യാണം കൂടാൻ വന്നവർ കണ്ടത് കല്യാണ ചെക്കന്റെ മയ്യത്ത്..കല്യാണത്തലേന്ന് ഈ മുസ്ലിം യുവാവിന് സംഭവിച്ചത്

in Story 2,516 views

വീട്ടിലെങ്ങും ബഹളമാണ് പന്തലില്‍ കുട്ടികള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടി കളിക്കുന്നുണ്ട് പിന്നാമ്പുറത്ത് പെണ്ണുങ്ങള്‍ നാട്ടിലെ കിസ്സകള്‍ പറഞ്ഞ്

ബിരിയാണിയിലേക്കുള്ള സാധനങ്ങള്‍ തയ്യാറാക്കി കൊണ്ടിരിക്കുന്നു .
കുറച്ചപ്പുറത്ത് പന്തലില്‍ ഉപ്പയും അയല്‍വാസി സൈദാലിഹാജിയും എന്തൊക്കെയോ ചര്‍ച്ച ചെയ്യുന്നത് കാണാമായിരുന്നു .

ഞാന്‍ മണിയറയിലേക്ക് ചെന്നു അവിടെ കൂട്ടുകാര്‍ മണിയറയുടെ അവസാന മിനുക്ക്‌ പണികള്‍ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് . ചില പെണ്ണുങ്ങള്‍ വന്ന് മണിയറ ആകെയൊന്ന് നോക്കി ചിരിച്ച് കൊണ്ട് നില്‍ക്കുന്നുണ്ട് . നാളത്തെ ദിവസമാലോചിക്കുമ്പോള്‍ സമയം പോകുന്നതൊന്നും ഞാനറിയുന്നില്ല .

ജീവിതത്തിലെ മറക്കാന്‍ കഴിയാത്ത ഒരുപാട് നിമിഷങ്ങള്‍ പിറക്കുന്ന ദിവസമാണല്ലോ നാളെ … ….
ഇടക്ക് നിക്കാഹുറപ്പിച്ച സഖി ലൈലയുടെ മിസ്സ്കാള്‍ വന്നതും അവളെ വിളിച്ച് അല്‍പ്പ നേരം സംസാരിച്ചിരുന്നു . അവള്‍ക്ക് പറയാന്‍ ഒരുപാടുണ്ടായിരുന്നു കാത്തിരിക്കാന്‍ ഒരു ദിവസം മാത്രമുണ്ടായിട്ടും അവളുടെ വാക്കുകളിലെ ധൃതി കണ്ടപ്പോള്‍ ഖല്‍ബ് പിടക്കുന്നത് ഞാനറിഞ്ഞു .. ളുഹര്‍ നമസ്ക്കരിച്ച് വന്ന ഉമ്മ ഭക്ഷണം കഴിക്കാന്‍ വിളിച്ചപ്പോഴാണ് അവളോട്‌ സംസാരം മതിയാക്കി എഴുന്നേറ്റത് .

കുടുംബക്കാരില്‍ പലരും ഇന്ന് തന്നെ വന്നിട്ടുണ്ട് എല്ലാവരും നല്ല സന്തോഷത്തിലാണ് .
അവരോട് സംസാരിച്ച് കൊണ്ട് നിന്നപ്പോള്‍ നേരം പോയതറിഞ്ഞില്ല സമയം അസര്‍ വാങ്ക് കൊടുത്തിരിക്കുന്നു . ഉമ്മയോട് പറഞ്ഞ് ഒരു സുലൈമാനിയുണ്ടാക്കി കുടിച്ച് മുറ്റത്തേക്ക് വലിച്ചിട്ട കസേരയിലങ്ങനെ ഇരുന്നു . മനസ്സിലപ്പോള്‍ കരീം ഭായ് പറഞ്ഞ ആ മുഹബ്ബത്ത് വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു . മൊബൈലില്‍ സേവ് ചെയ്ത് വെച്ച ലൈലയുടെ മൊഞ്ചുള്ള ഫോട്ടോ നോക്കി ചായ കുടിക്കുമ്പോള്‍ എന്തോ നാളെ പെട്ടെന്നൊന്നായിരുന്നെങ്കില്‍ എന്നൊക്കെ തോന്നി .
” ഡാ നമസ്ക്കരിച്ച് വരാമെന്ന് ” പറഞ്ഞ് കൂട്ടുകാരന്‍ ജമാല്‍ വന്ന് വിളിച്ചതും ” നീ പോയി വാ എനിക്കൊന്ന് കുളിക്കണം” എന്ന്‍ പറഞ്ഞ് ഞാന്‍ അകത്തേക്ക് നടന്നു ..

കുളി കഴിഞ്ഞ് വന്ന് പുറത്തേക്കിറങ്ങിയതും രാത്രി വരുന്നവര്‍ക്കുള്ള ഭക്ഷണം പാകം ചെയ്യുന്ന മണം എന്നേയും തലോടി കൊണ്ട് പറന്നകന്നു . ഭക്ഷണം വെക്കുന്നിടത്തേക്ക് ചെന്നപ്പോള്‍ വെപ്പുകാരന്‍ ഉസ്മാനിക്ക ” മണവാളന്‍ ഫുള്‍ ഹാപ്പിയാണല്ലോ ” എന്നൊക്കെ പറഞ്ഞ് ചിരിച്ചപ്പോള്‍ അതേ എന്ന മട്ടില്‍ ഞാനും ചിരിച്ചു . അപ്പോഴാണ്‌ രാത്രി അവതരിപ്പിക്കാനുള്ള ഗാനമേളയുടെ ടീമില്‍ നിന്നൊരാള്‍ വന്ന് അവരുടെ സാധനങ്ങള്‍ ഇറക്കി വെക്കാന്‍ ആളെ ചോദിച്ചത് . പന്തലില്‍ നിന്നും കൂട്ടുകാരനെയും കൂട്ടി വേഗം ചെന്ന് അവരുടെ സാധനങ്ങള്‍ ഗാനമേള നടത്തുവാനുള്ള ഭാഗത്തേക്ക് വെച്ചു..

മാപ്പിളപാട്ടിന്‍റെയും , ഗസലിന്‍റെയും , സിനിമാഗാനങ്ങളുടെയും ഈണമൊഴുകുന്ന ഈ രാവ് മറക്കാന്‍ കഴിയാത്ത ഒരു മുഹൂര്‍ത്തമായി മാറും എന്നൊക്കെ ചിന്തിച്ച് നില്‍ക്കുമ്പോള്‍ മഗ്രിബ് വാങ്കും കൊടുത്തു .

പടിഞ്ഞാറിന്‍റെ മാനം ചുവപ്പില്‍ മുങ്ങി നില്‍ക്കുന്നു , ഇരുട്ടിന്‍റെ വരവറിയിച്ച് കൊണ്ട് ട്യൂബുകള്‍ മിന്നി കത്താന്‍ തുടങ്ങി അടുത്തെവിടെയോ സ്റ്റാര്‍ട്ട് ചെയ്ത് വെച്ചിട്ടുള്ള ജനറെറ്ററിന്‍റെ ശബ്ദത്തിന് ഒരു പ്രത്യേക ഭംഗി അനുഭവപ്പെട്ടു . കുടുംബക്കാര്‍ വന്ന് വിശേഷങ്ങള്‍ തിരിക്കി കൊണ്ടിക്കുന്നു . സമയം കൂടുംതോറും പന്തലും വീടും ആളുകളെ കൊണ്ട് നിറഞ്ഞു . അധികം വൈകാതെ ദൂരെയുള്ള പള്ളി മിനാരത്തില്‍ നിന്നും ഹിശാ വാങ്കും കേട്ടു .

” നമസ്ക്കാരം കഴിഞ്ഞാല്‍ ആളുകള്‍ കൂടുമെന്നും ഭക്ഷണം വിളമ്പാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യാനും ” പറഞ്ഞ് ഉപ്പ പള്ളിയിലേക്ക് നടന്നു . ” എല്ലാം ഞാന്‍ നോക്കിക്കോളാം ഉപ്പാ ” എന്ന മറുപടിയും കൊടുത്ത് നേരെ കൂട്ടുകാരുടെ അടുത്തേക്ക് ചെന്ന്‍ നോക്കിയപ്പോള്‍ മണിയറയുടെ പണികളെല്ലാം പൂര്‍ത്തിയായിരിക്കുന്നു . മനസ്സില്‍ പുറത്ത് കാണിക്കാന്‍ കഴിയാത്ത സന്തോഷം അനുഭവപ്പെടുന്നുണ്ടങ്കിലും പുറത്ത് കാണിച്ചില്ല . റൂമിന് പുറത്തേക്കിറങ്ങി ഫോണെടുത്ത് ലൈലയെ വിളിച്ചപ്പോള്‍ അവള്‍ . മയിലാഞ്ചിയിട്ട് കൊണ്ടിരിക്കുകയാണ് . ഒരല്‍പ്പ സമയം കൂടി കഴിഞ്ഞിട്ട് ബാക്കിയിടാം എന്ന്‍ പറഞ്ഞതും അവള്‍ സമ്മതിച്ചു .നാളെ ഒന്നിച്ചുറങ്ങേണ്ടവര്‍ , മണിയറയിലേക്ക് നോക്കി ഞാനവളോടെന്തോ പറഞ്ഞതും അവള്‍ നാണം കൊണ്ട് ചിരിച്ചതും എന്‍റെ നെഞ്ചൊന്ന് പിടഞ്ഞു

” ഡാ നീ ഇവിടെ വന്ന് നില്‍ക്കുകയാണോ ആ പന്തലിലേക്ക് ചെല്ല് ആളുകള്‍ അന്വേഷിക്കുന്നു ” എന്നാരോ വന്ന് പറഞ്ഞപ്പോള്‍ അവളോട്‌ ” നാളെ കാണാം” എന്നും പറഞ്ഞ് ഫോണ്‍ വെച്ച് ഞാന്‍ പന്തലിലേക്ക് ചെന്നു . പന്തലില്‍ ഭക്ഷണം വിളംബലും , കഴിക്കലും സംസാരങ്ങളും എല്ലാം ഭംഗിയായി നടക്കുന്നുണ്ട് .

അധികം വൈകാതെ ഗാനമേളയും അരങ്ങേറി . കല്യാണ രാവിനെ പുളകം കൊള്ളിച്ച് കൊണ്ട് ഗായകര്‍ തിമര്‍ത്ത് പാടി . പാട്ടിനനുസരിച്ച് നൃത്തം ചെയ്യുന്ന കൂട്ടുകാരോടപ്പം ഞാനും കൂടി കൊടുത്തു .

ജീവിതത്തില്‍ ഇനിയൊരിക്കലും കിട്ടാത്ത നിമിഷങ്ങള്‍ .
പരിപാടികളെല്ലാം കഴിഞ്ഞപ്പോള്‍ നേരമൊരുപാട് വൈകിയിരുന്നു .
നാളെ വരാമെന്നും പറഞ്ഞ് കൂട്ടുകാരും മടങ്ങി …
ഉമ്മ വന്ന് കിടക്കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ റൂമിലേക്ക് ചെന്നു . മുല്ലപൂവിന്‍റെ മണം തങ്ങി നില്‍ക്കുന്ന മണിയറ ഞങ്ങളെയും കാത്ത് നില്‍ക്കുന്നു .. വാതിലടച്ച് ബെഡില്‍ മലര്‍ന്ന്‍ കിടന്ന് ഓരോന്നാലാചിച്ചപ്പോള്‍ അറിയാതെ ചിരിച്ചു പോയി . അലമാര തുറന്ന് അവളുടെയും , എന്‍റെയും ഡ്രെസ്സുകള്‍ അടക്കി വെക്കുമ്പോള്‍ സ്ഥലമില്ലാതായതും . മുസല്ലയും മറ്റും അലമാരയില്‍ നിന്നും എടുത്ത് പുറത്തേക്ക് വെച്ചു .

നേരം വെളുക്കാന്‍ അധികം സമയമില്ലാത്തതിനാല്‍ അല്‍പ്പമൊന്നുറങ്ങാമെന്നും ചിന്തിച്ച് ലൈറ്റണച്ച് കിടന്നതും പെട്ടെന്നുറങ്ങി ..

ക്ഷീണം കാരണം സുബഹി വാങ്ക് കൊടുത്തതറിഞ്ഞതേയില്ല എന്തോ ശരീരത്തിന് വല്ലാത്ത വേദന അനുഭപ്പെടുന്നു , നല്ലോണം ദാഹിക്കുകയും , ഉച്ചത്തില്‍ കരയാനും തോന്നുന്നുണ്ട് അപ്പോഴും മനസ്സില്‍ മുഴുവന്‍ ലൈലയായിരുന്നു അവളുടെ മുഖമോര്‍ത്തപ്പോള്‍ വേദനയല്‍പ്പം കുറഞ്ഞത് പോലെ .. വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു ..

നേരം ഒരുപാട് വെളുത്തിരിക്കുന്നു ഇടക്കാരോ നെഞ്ച് പൊട്ടി കരയുന്നത് പോലെ തോന്നിയതും കണ്ണുകള്‍ തുറന്നു പക്ഷെ തുറക്കാന്‍ കഴിയുന്നില്ല ആരൊക്കെയോ ചേര്‍ന്ന് പിടിച്ചിരിക്കുന്നു .. ദേഹത്ത് വെള്ളമൊഴിച്ചപ്പോഴാണ് വീട്ടിലെ പടിഞ്ഞാറെ മുറിയിലാണ് കിടക്കുന്നതെന്ന് മനസ്സിലായത് കുളിപ്പിച്ച് കഴിഞ്ഞ് എല്ലാവരും ചേര്‍ന്ന് ഡ്രെസ്സ് പുതപ്പിച്ചു . പനിനീരിന്‍റെ മണം ആരോ വസ്ത്രത്തില്‍ തേച്ചിട്ടുണ്ട് ..
പുറത്തേക്കിറങ്ങുമ്പോള്‍ ഉമ്മയോടും , വീട്ടുകാരോടും യാത്ര പറയണമെന്നുണ്ടായിരുന്നു കഴിയുന്നില്ല ..

മുറ്റത്തേക്കിറക്കി പായ വിരിച്ച മയ്യത്ത് കട്ടിലില്‍ കിടത്തി ഉയര്‍ത്തിയതും ദിഖ്റിന്‍റെ ധ്വനികള്‍ മുഴങ്ങി

അപ്പോഴാണ്‌ യഥാര്‍ത്ഥ മണിയറയിലേക്കുള്ള യാത്രയാണന്നറിഞ്ഞത് . വിശാലമായ പന്തല്‍ നിറയെ ആളുകള്‍ . കൂട്ടുകാര്‍ എല്ലാവരും കരഞ്ഞ് കലങ്ങിയ കണ്ണുകളോടെ കൂടെ വരുന്നു . ഉമ്മയെ നോക്കി കാണാന്‍ കഴിഞ്ഞില്ല .

ഉപ്പ തേങ്ങി കരഞ്ഞ് കൊണ്ട് കൂടെ തന്നെയുണ്ട്‌ വീടിനകത്ത് നിന്നും ഉമ്മ എന്നെ വിളിച്ച് ഉച്ചത്തില്‍ കരയുന്നത് കേള്‍ക്കാമായിരുന്നു ..

മനസ്സിലപ്പോള്‍ തെളിഞ്ഞ് വന്നത് ലൈലയുടെ മുഖമല്ലായിരുന്നു, കരയുന്ന ഉമ്മയുടേയും , ഉപ്പയുടേയും മുഖമല്ലായിരുന്നു കേട്ട വാങ്കുകളും , മറന്ന നമസ്ക്കാരങ്ങളും മാറ്റി വെച്ച മുസല്ലയുടെ ചിത്രങ്ങളും മാത്രമായിരുന്നു ..

ഖബറസ്ഥാനിലെ ഫസ്റ്റ് നൈറ്റിലേക്ക് ഒരുക്കങ്ങളില്ലാതെ ചെന്നത് കൊണ്ടാവണം ഞാനെന്ന മണവാളനെ സ്വീകരിക്കാന്‍ ആരും പള്ളികാട്ടില്‍ കാത്ത് നില്‍ക്കാഞ്ഞത് .. മീസാന്‍ കല്ലുകളെ നോക്കി കരയുന്നത് ശ്രദ്ധിക്കാതെ ഖബറിലേക്ക് വെച്ച് എല്ലാവരും പോകാനൊരുങ്ങുന്നു .. ഇനിയീ മണിയറയില്‍ ഞാനും എന്‍റെ നന്മ തിന്മകളും മാത്രം. ഇടുങ്ങിയ ഈ ഇരുട്ടുള്ള മുറിയില്‍ വരാനിരിക്കുന്ന നിമിഷങ്ങളെ വിറയലോടെ ഞാന്‍ കാത്ത് കിടന്നു ദുനിയാവ് സമ്മാനിച്ചതെന്തൊക്കെയാണന്നറിയാന്‍ ..
_________________________
മുല്ലപ്പൂവും , തോരണങ്ങളും തൂക്കാത്ത ഇരുട്ട് നിറഞ്ഞ ഖബറെന്ന മണ്ണറയിലേക്ക് എപ്പോഴാണ് മടങ്ങേണ്ടതെന്നറിയാത്തവരാണ് നമ്മള്‍ .
അത് മനസ്സിലാക്കി ജീവിതത്തില്‍ സന്തോഷങ്ങളും , ദുഖങ്ങളും എന്ത് തന്നെ അനുഭവിക്കുമ്പോഴും നമസ്ക്കാരം മറന്ന് പോവാതെ സമയത്ത് തന്നെ നിര്‍വ്വഹിക്കാനും അതിന് ശ്രമിക്കാനും നമുക്ക് തോന്നട്ടെ –
സ്നേഹത്തോടെ Rasheed

Share this on...