ഭാര്യ മ,രി,ച്ച,തി,നുശേഷം പിറ്റേദിവസം അടുക്കളയിൽ വന്ന ഭർത്താവ് ഭാര്യ ചെയ്തുവച്ചത് കണ്ട് ഞെട്ടിപ്പോയി

in Story 14,169 views

എന്റെ ഭാര്യ മ,രി,ച്ചി,ട്ടി,ന്നു മൂന്നു ദിവസമായി… മരണത്തിൽ അനുശോചനം അറിയിക്കാൻ വന്ന ബന്ധുക്കൾ എല്ലാവരും ഓരോരുത്തരായി പിരിഞ്ഞു പോയി. അവസാനം മരണത്തിന്റെ ഗന്ധമുള്ള ആ വീടിന്റെ ഒരു കോണിൽ ഞാനും എന്റെ മക്കളും മാത്രമായി ചുരുങ്ങി…അവൾ വീട്ടിലില്ല എന്ന് വിശ്വസിക്കാൻ തന്നെ എനിക്ക് പ്രയാസമായിരുന്നു..ദേ നോക്കു എന്ന് പറഞ്ഞവൾ ഓടി വരുന്നത് ഇന്നലെകളിൽ എന്നപോലെ ഞാനോർത്തു..

ഒരു പാവമായിരുന്നവൾ ഞങ്ങളെ ജീവന് തുല്യം സ്നേഹിച്ചു പരാജയപ്പെട്ട ഒരു പൊട്ടി… ഞങ്ങളോടുള്ള സ്നേഹം കൊണ്ടാവണം ഒരിക്കൽ പോലും അവൾ ഞങ്ങളുടെ അടുത്ത് നിന്നും മാറി നിന്നിട്ടില്ല സ്വന്തം വീട്ടിലേക്കു പോയാൽ പോലും വീട്ടിൽ അദ്ദേഹവും മക്കളും തനിച്ചാണെന്ന കാരണവും പറഞ്ഞു വൈകുന്നേരമാകുമ്പഴേക്കും വെപ്രാളപ്പെട്ടവൾ വീട്ടിലേക്കോടിയെത്തുമായിരുന്നു.സത്യത്തിൽ അവൾ അവളുടെ വീട്ടിലേക്കു പോകുന്നതെനിക്ക് ഇഷ്ടമല്ലായിരുന്നു അതവളോടുള്ള സ്നേഹം കൊണ്ടായിരുന്നില്ല മറിച്ചവൾ പോയാൽ ഞങ്ങൾക്ക് വെച്ചുവിളമ്പി തരാൻ ആരുമില്ല എന്ന സ്വാർത്ഥതയായിരുന്നു അതിനുള്ള കാരണം .

ഞാനും മക്കളും അവധി ദിവസങ്ങളിൽ ടിവിയുടെ മുന്നിൽ ഓരോ പരിപാടികൾ ആസ്വധിച്ചിരിക്കുമ്പോൾ അടുക്കളയിൽ പാചകം ചെയ്യുന്ന തിരക്കിലായിരിക്കുമവൾ.. ഇടയ്ക്കു വന്നെന്തെങ്കിലും കാണാനവൾ അടുത്ത് വന്നിരുന്നാൽ അമ്മേ വെള്ളം,എടി ചായ എന്നൊക്കെ പറഞ്ഞു ഞങ്ങൾ അവളെ വീണ്ടുമാ അടുക്കളയിൽ തിരിച്ചെത്തിക്കുമായിരുന്നു…

ഞാൻ പറയാതെ തന്നെയവൾ എല്ലാം മുൻപിലെത്തിച്ചിരുന്നു ഇപ്പൊ ഒരു കപ്പ്‌ ചായയെടുത്തു തരാനോ വെള്ളമെടുത്തു തരാനോ അവൾ കൂടെയില്ലെന്ന സത്യം വേദനയോടെ ഞാൻ മനസ്സിലാക്കി…

ഒന്നിനും അവൾ പരാതിപ്പെട്ടിരുന്നില്ല ഒരു നല്ല സാരി പോലും ഞാൻ അറിഞ്ഞു മേടിച്ചു കൊടുത്തിട്ടില്ല..ഒരു സിനിമക്ക് പോലും കൊണ്ടുപോയിരുന്നില്ല,ക്ലബും പാർട്ടികളുമായി രാത്രി വൈകി ഞാൻ വീട്ടിൽ വരുമ്പോൾ എന്താ വൈകിയതെന്നു പരിഭവപ്പെടുന്നയവളെ ഞാൻ മൈൻഡ് പോലും ചെയ്തിരുന്നില്ല എന്നതാണ് സത്യം…

നോക്കു കറണ്ട് ബിൽ അടക്കാറായിട്ടോ…

നോക്കു പാൽക്കാരന് കാശ് കൊടുക്കാറായിട്ടോ…

അതേയ് പത്രക്കാരന് കാശ് കൊടുക്കേണ്ട തീയതി കഴിഞ്ഞുട്ടോ…

മക്കളുടെ ഫീസ് അടുത്ത ദിവസം തന്നെ അടക്കണം മറക്കരുത് ട്ടോ …

ദേ നിങ്ങളുടെ പ്രഷറിന്റെ ഗുളിക തീർന്നുല്ലോ അങ്ങനെ അവളുടെ കാര്യങ്ങളൊഴികെ ബാക്കി എല്ലാ കാര്യങ്ങളും അവൾ സമയത്തിനെന്നെ ഓർമിപ്പിക്കുമായിരുന്നു..

ഇനിയാ ഓർമപ്പെടുത്തലുകൾ ഒന്നുമില്ല…

രാത്രി പണിയെല്ലാം കഴിഞ്ഞു തന്റെയടുത്തു വന്നു കിടക്കുമ്പോൾ നെഞ്ച് വേദനിക്കുന്നു കാൽ കഴക്കുന്നു എന്നൊക്കെയവൾ വിഷമം പറയുമ്പോൾ അത് നീ വീട്ടിൽ ജോലിയൊന്നുമില്ലാതെ വെറുതെ ഇരുന്നിട്ട രാവിലെ നടക്കാൻ പോകു ആ പിത്തമൊക്കെ ഒന്നിളകട്ടെ എന്ന് ഞാൻ മറുപടി പറയുന്നത് കേൾക്കുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ മനപ്പൂർവം കണ്ടില്ലെന്നു നടിച്ചു..

അവസാനo ആ നെഞ്ചുവേദന ഒരറ്റാക്കിന്റെ രൂപത്തിൽ വന്നവളെ വിളിച്ചുകൊണ്ടു പോകുമ്പോൾ സമയം ഒരുപാടു വൈകിയിരുന്നു…

അവളുടെ ഓർമകളുമായി ഒരാഴ്ച ഞാൻ തള്ളി നീക്കി. വീട്ടുപണി അത്ര എളുപ്പമൊന്നുമല്ല എന്ന സത്യം അധികം വൈകാതെ തന്നെ ഞാൻ തിരിച്ചറിഞ്ഞു.. അവളെ കുറ്റപ്പെടുത്താൻ തോന്നിയ നിമിഷങ്ങളെ ഞാൻ സ്വയം പഴിച്ചു..

കുറച്ചു ദിവസത്തിനു ശേഷം ഞാൻ ജോലിക്ക് പോകാനായി ഇറങ്ങി.. അലമാര മുഴുവൻ അലക്കിത്തേച്ച ഒരു നല്ല ഷർട്ടിനായി എന്റെ കൈകൾ പരതി…

ദേ ഇന്നീ മഞ്ഞ ഷർട്ട് ഇട്ടോളൂ ട്ടോ ഇത് നിങ്ങൾക്ക് നന്നായി ചേരുമെന്നവൾ വാതിലിന്റെ മറപറ്റി വന്നു പറയുന്നത് പോലെയെനിക്കന്നേരം തോന്നി…

വൈകിട്ട് ജോലി കഴിഞ്ഞു വീട്ടിൽ വന്ന എനിക്കായി ആരും വാതിൽ തുറന്നു തന്നില്ല എന്റെ വരവിനായി ആരും കാത്തിരുന്നില്ല എന്താ ഇത്രേം വൈകിയതെന്നാരും പരിഭവം പറഞ്ഞില്ല.

ഒടുവിൽ വാതിൽ തുറന്നു ഞാൻ അകത്തേക്ക് കയറിയപ്പോൾ ഹാളിൽ ഞാൻ വന്നത് പോലുമറിയാതെ മൊബൈൽ നോക്കിയിരിക്കുന്ന മക്കളെയും അവർക്കു സമീപമായി ഓരോ സാധനങ്ങൾ അലക്ഷ്യമായി കിടക്കുന്നതും വേദനയോടെ ഞാൻ കണ്ടു .

ഒരിക്കൽ വൃത്തിയോടെ അവൾ പരിപാലിച്ചയിടം ഇന്നവളുടെ കയ്യെത്തതാതെ വൃത്തിഹീനമായി കിടക്കുന്നുവെന്നോർത്തപ്പോൾ എന്റെ നെഞ്ച് വിങ്ങിപ്പോയി..

കുളി കഴിഞ്ഞ ശേഷം ഒരു ഗ്ലാസ്‌ ചായക്ക്‌ വേണ്ടി ഞാൻ അടുക്കളയിലേക്ക് ചെന്നു.. ഭക്ഷണം കഴിച്ചിട്ട് സിങ്കിൽ കുമിഞ്ഞു കൂടിയ പാത്രങ്ങളും പൊട്ടിച്ച ന്യൂഡിൽസിന്റെ കവറുകളുമല്ലാതെ വേറെയൊന്നും ഞാൻ അവിടെ കണ്ടില്ല…

പാത്രങ്ങൾ എല്ലാം കഴുകിവെച്ചു ഫ്രിഡ്ജിൽ ഇരുന്ന രണ്ടാപ്പിൾ മുറിച്ചു കഴിച്ച ശേഷം മുറിയിൽ വന്നു കട്ടിലിലേക്ക് കിടന്നു…
മുറിയിലെ ലൈറ്റ് ഓഫ് ചെയ്യുന്നതിന് മുന്നേ ചുമരിൽ വെച്ചിരിക്കുന്ന അവളുടെ പുഞ്ചിരിക്കുന്ന ഫോട്ടോയിലേക്ക് ഞാൻ വേദനയോടെയൊന്നു നോക്കി..

ഇന്നലെകളിൽ ഞാൻ അവഗണിച്ചതെല്ലാം ഇന്നെനിക്കു കിട്ടേണ്ട സന്തോഷങ്ങളായിരുന്നുവെന്നോർത്തപ്പോൾ അറിയാതെ എന്റെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണീർ പൊഴിഞ്ഞു…..

NB: ഇതിലെ കഥാപാത്രം ഞാൻ തന്നെയല്ലേ എന്ന് തോന്നുവരുണ്ടാകാം അവരോട് പറയുന്നു “കണ്ണുള്ളപ്പഴേ കണ്ണിന്റെ വിലയറിയൂ,കാഴ്ച പോയിട്ട് കണ്ണിന്റെ മഹത്വം വിളമ്പിയിട്ടെന്തു ഫലം”.
)

Share this on...