18 വർഷങ്ങൾക്ക് ശേഷം അവളുടെ വീട്ടിൽ പോയ കാമുകൻ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച

in Story 78,769 views

ആരാ…?നിങ്ങളോ…? നിങ്ങള്‍ക്കിനിയും മതിയായില്ലേ..എന്റെ ചേച്ചിയെ പുറത്ത് നിന്നും ശല്യം ചെയ്യുന്നതും പോരാഞ്ഞിട്ടാണോ വീട്ടില്‍ വന്നും ശല്യം ചെയ്യുന്നത്..നിങ്ങള്‍ പോയില്ലെങ്കില്‍ ഞാന്‍ ആളെവിളിച്ചു കൂട്ടും..എന്റെ ചേട്ടനുണ്ട് അകത്ത്.അവനെങ്ങാനും കണ്ടാല്‍ നിങ്ങള്‍ വന്നത് പോലെ തിരിച്ചുപോകില്ല.വെറുതെ തടി കേടാകണ്ടയെങ്കിൽ വേഗം വിട്ടോളൂ…

ആരാ അനൂ അവിടെ..?അത് അരുണേട്ടാ ..ഇന്നലെ അമ്പലത്തിൽ വച്ച് ചേച്ചിയുടെ പിന്നാലെ നടന്നില്ലേ…അയാളാണ്.ഇപ്പോള്‍ വീട്ടിലും വന്നിരിക്കുന്നു..

ഇത് കേട്ട് അരുൺ പുറത്തേക്കുവന്നു..എന്താടോ തന്റെ പ്രശ്നം..താടിയും മുടിയും നരച്ചു തുടങ്ങിയിട്ടും തന്റെഈ സ്വഭാവം അവസാനിപ്പിക്കാനായില്ലേ… നാണമില്ലേടോ തനിക്ക്..

എനിക്ക് സന്ധ്യയെ ഒന്ന് കാണണം ..കുറച്ചു സംസാരിക്കണം.അവളെ ഒന്ന് വിളിക്കുമോ..?

ഇറങ്ങിപ്പോടാ എന്റെ കുടുംബത്തിന്ന്…എന്നു പറഞ്ഞതും ആരുണ്‍ അയാളെ പിടിച്ചു തള്ളിയതും ഒരുമിച്ചായിരുന്നു..അയാൾ വേച്ചുവേച്ച് പിറകോട്ട് പോയി മുറ്റത്ത് പുറം തല്ലി വീണു..

ഇതു കണ്ടുകൊണ്ട് സന്ധ്യ പുറത്തേക്ക് ഒാടിവന്നു..

അരുണേ …എന്താണ് നീയീ കാണിച്ചത്..? എന്തിനാണ് നീ അദ്ദേഹത്തെ ഉപദ്രവിച്ചത്..?

അദ്ദേഹമോ…?എന്താണ് ചേച്ചിക്ക് ഒരു ഇളക്കം..ഈ വയസ്സുകാലത്ത് പുതിയ വല്ല ആഗ്രഹവും ഉണ്ടോ ചേച്ചിയുടെ മനസ്സിലും..വീട്ടിലൊരു പെണ്ണിന്റെ കല്ല്യാണം ഉറപ്പിച്ച് വെച്ച കാര്യം മറക്കണ്ട..
എന്നെ നാണം കെടുത്താനുള്ള ഉദ്ദേശമാണ് മനസ്സിലെങ്കിൽ ചേച്ചിയാണെന്ന് നോക്കില്ല. കൊ,ന്നു,കളയും..അരുണ്‍ കയ്യോങ്ങി..

എല്ലാം കേട്ടുകൊണ്ട് മറിച്ച് ഒന്നും പറയാതെ സാരി കൊണ്ട് കണ്ണുനീർ തുടച്ചുകൊണ്ട് സന്ധ്യ അകത്തേക്ക് പോയി..

അയാൾ മുറ്റത്തുനിന്നും പതുക്കെ എഴുന്നേറ്റ് അരുണിന്റെ അടുത്തേക്കുവന്നു..

ടാ ചെക്ക. ….നീ എന്നെ തല്ലിയാൽ തിരിച്ചു തല്ലാൻ എനിക്കറിയാൻ മേലാഞ്ഞിട്ടല്ല .ഞാൻ വേണ്ടെന്നു വച്ചതാണ്..

പിന്നെ ഈ താടിയും മുടിയും നരച്ചത് എനിക്കൊരുപാട് വയസ്സ് ആയതു കൊണ്ടൊന്നുമല്ല..
പതിനെട്ടു വർഷമായി നിന്റെ ചേച്ചിയെ കുറിച്ച് ചിന്തിച്ച് ചിന്തിച്ച് നരച്ചു പോയതാണ്..
നീ അവളെ കൊന്നുകളയും അല്ലേ..ടാ ചെക്ക ..

18 വർഷം മുമ്പ് അവളിങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ നീയും ഈ നില്‍ക്കുന്ന നിന്റെ കൊച്ചുപെങ്ങളും ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല..ഇന്ന് നിങ്ങൾ വളർന്നു… ഒരുപാട് ..
ഇവളുടെ കല്യാണം ഉറപ്പിച്ചു..ചേച്ചിയെ തല്ലാനും കൊ,ല്ലാ,നും മാത്രംനീയും വളർന്നു..

നിങ്ങളുടെ ഈ വളർച്ചയ്ക്ക് വേണ്ടി ആ പാവം കഷ്ടപ്പെട്ടത് എത്രയാണെന്ന് നിങ്ങൾക്കറിയാമോ…
ഒരു ആക്സിഡന്റിൽ നിന്റെ അച്ഛനും അമ്മയും മരിക്കുമ്പോൾ അവൾക്ക് പ്രായം പത്തൊമ്പത്..
നിനക്ക് അഞ്ച് ഇവള്‍ക്ക് മൂന്ന്..കാക്കക്കും കഴുകനും കൊടുക്കാതെ നിങ്ങളെ പോറ്റി വളർത്താൻ വേണ്ടി അവൾ നഷ്ടപ്പെടുത്തിയത് അവളുടെ ജീവിതമായിരുന്നു..

അവൾക്ക് വേണമെങ്കിൽ നിങ്ങളെ വല്ല അനാഥാലയത്തിലും കൊണ്ടാക്കി അവൾക്ക് ജീവിക്കാമായിരുന്നു.പത്തൊന്‍പതാം വയസ്സുമുതൽ കൂലിവേല എടുത്തും പട്ടിണി കിടന്നും ചേച്ചി എന്ന സ്ഥാനത്തുനിന്നും അവൾ നിങ്ങൾക്ക് അമ്മ ആകുകയായിരുന്നു..
ഇപ്പോള്‍ നിങ്ങൾക്ക് അവളെ തല്ലണം .കൊ,ല്ലണം..

നിങ്ങളുടെ അച്ഛനമ്മമാരുടെ മരണശേഷം നിങ്ങളെ മാറില്‍ അടക്കിപ്പിടിച്ചു കരഞ്ഞു കൊണ്ട് അവളൊന്നേ എന്നോട് പറഞ്ഞിട്ടൊള്ളൂ..എന്നെ മറക്കണം..ഇനി എനിക്കു വേണ്ടി കാത്തിരിക്കരുത്. എനിക്കിനി ഒരു ജീവിതമില്ല.. ഇനിയുള്ള കാലം എന്റെ കൂടപ്പിറപ്പുകൾക്ക് വേണ്ടി ജീവിക്കണം.അവരെ പഠിപ്പിക്കണം.നല്ല നിലയിലെത്തിക്കണം.കല്യാണം കഴിപ്പിക്കണം.അച്ഛനുമമ്മയും ഇല്ലാത്ത കുറവ് അവരെ അറിയിക്കാതെ വളർത്തണം .ഇനി ഒരിക്കലും കാണാൻ ശ്രമിക്കരുത്.

അന്ന് ദൃഡമായ ആ വാക്കിനു മുന്നില്‍ നിന്ന് ഞാന്‍ ഇറങ്ങി നടന്നപ്പോൾ അവിടെ അവസാനിച്ചത് ഞങ്ങളുടെ മൂന്ന് വർഷത്തെ പരിശുദ്ധ പ്രേമമായിരുന്നു..ഞങ്ങള്‍ നെയ്ത് കൂട്ടിയ സ്വപ്നങ്ങളായിരുന്നു.

അന്ന് എനിക്ക് അവളോട് ഒരു ദേഷ്യവും തോന്നിയില്ല. എനിക്കവളോട് അസൂയയായിരുന്നു. അതിനുശേഷം അവളുടെ കണ്ണു മുന്നിൽ പെടാതെ ഞാൻ ഒഴിഞ്ഞ് നടക്കുകയായിരുന്നു..
ഇപ്പോൾ അനിയത്തിയുടെ കല്ല്യാണം ഉറപ്പിച്ചത് അറിഞ്ഞപ്പോഴാണ് ഞാനിന്നലെ അമ്പലത്തിൽ അവളെ കാണാൻ ശ്രമിച്ചത്.. അതിനുവേണ്ടിയാണ് ഇന്ന് ഞാനിവിടെ വന്നതും..

അനിയാ…ഒരു ജീവിതം നിങ്ങള്‍ക്കായി മറ്റിവെച്ച അവളോടാണ് നീയിന്ന് കൊല്ലും എന്ന് പറഞ്ഞത്…
നിന്നെ കഷ്ടപ്പെട്ട് പോറ്റിവളർത്തിയതിനുള്ള കൂലിയാണിന്ന് നീ അവൾക്ക് കൊടുത്തത്.. അവളെ ഒരു നോട്ടം കൊണ്ട് സങ്കടപ്പെടുത്തിയാൽ പോലും ദൈവം നിങ്ങളോട് പൊറുക്കില്ല.

നിനക്ക് ഇപ്പോൾ മാന്യമായ ഒരു ജോലിയായി.അനിയത്തിയുടെ കല്യാണവും ഉറപ്പിച്ചു.
ഇനിയും കാത്തിരിക്കാൻ എന്നെക്കൊണ്ടാവില്ല.ഇവളുടെ താലികെട്ടു കഴിഞ്ഞ് ഇവള്‍ വീട്ടിൽനിന്ന് ഇറങ്ങുന്ന നിമിഷം ഞാനിനിയും വരും .സന്ധ്യയെ കൊണ്ടുപോകാൻ..

ആരെതിർത്താലും ഞാൻ കൊണ്ടുപോകും..ഇനി അവളുടെ സമ്മതവും എനിക്കാവശ്യമില്ല. ഞാൻ പിടിച്ചിറക്കി കൊണ്ടുപോകും. മരിക്കുന്നതിന് മുമ്പ് ഒരു ദിവസമെങ്കിലും ഞങ്ങൾക്കുമൊന്ന് ജീവിക്കണം..ഞാൻ പോകുന്നു..

യാത്രപറഞ്ഞ് പോകാനൊരുങ്ങുമ്പോൾ അയാൾ ഒന്നുകൂടി പരതി തന്റെ പ്രിയതമയുടെ മുഖം.
വാതിലിനിടയിലൂടെ രണ്ട് കണ്ണീർ ചാലിനിടയിലൂടെ തന്നെത്തന്നെ നോക്കിനിൽക്കുന്ന ആ പെൺ രൂപത്തെ ഒരു നെടുവീർപ്പോടെ ഒന്നുകൂടി കണ്ടുകൊണ്ട് അയാൾ തിരിഞ്ഞു നടന്നു..

അനു ആര്‍ത്തുകരഞ്ഞുകൊണ്ട് ഓടിച്ചെന്നു സന്ധ്യയെ കെട്ടിപ്പിടിച്ചു. വിക്കിവിക്കി ചോദിച്ചു.
ചേച്ചീ..ഒരു പ്രാവശ്യമെങ്കിലും ഞാനൊന്ന് അമ്മേ എന്ന് വിളിച്ചോട്ടേ…
മോളേ.. പൊട്ടിക്കരഞ്ഞുകൊണ്ട് സന്ധ്യ അനുവിനെ കെട്ടിപ്പിടിച്ച് നെറ്റിയിലും കവിളിലും മാറിമാറി ചുംബിച്ചു..

ആ രംഗം കണ്ടുനിൽക്കാനാകാതെ അരുണും കരഞ്ഞു കൊണ്ട് ഒാടിച്ചെന്ന് അവരെ കെട്ടിപ്പിടിച്ചു..
ഒന്ന് പറയാമായിരുന്നില്ലേ ചേച്ചീ…

അരുണ്‍ ഒന്ന് കുനിഞ്ഞ് ചേച്ചിയുടെ കാലിലൊന്ന് തൊട്ട് കണ്ണു തുടച്ചു കൊണ്ട് പുറത്തേക്കിറങ്ങി നടന്നു..

മനസ്സിൽ ഒരു ചിന്തയേ ഉണ്ടായിരുന്നുള്ളൂ..ജോത്സ്യനെ കാണണം.
അനുവിന്റെ കല്യാണത്തിന്റെ അതേദിവസം ചേച്ചിയുടെ കല്യാണത്തിനും സമയം കാണണം.
18 വർഷത്തോളം ചേച്ചിക്കു വേണ്ടി കാത്തിരുന്ന ആ വലിയ മനുഷ്യന്റെ കൈപിടിച്ച് ഏൽപ്പിക്കണം.
ചേച്ചി വീടുവിട്ടിറങ്ങുമ്പോൾ കരയാതെ പിടിച്ചു നില്‍ക്കണം..
അവൻ ജ്യോത്സ്യന്റെ വീട് ലക്ഷ്യമാക്കി നടന്നു..

✍ _അസ് മാസ്_

Share this on...