ഭർത്താക്കന്മാരെ ചതിക്കുന്ന ഭാര്യമാർ ശ്രദ്ധിക്കുക… ഇത് നിങ്ങൾക്കും സംഭവിച്ചേക്കാം

in Story 3,639 views

“സത്യം പറ, നീ വീട്ടിലേക്ക് പോവാൻ വിളിച്ച ഓട്ടോറിക്ഷാ ഡ്രൈവർ നിന്നോട് ചിരിച്ചില്ലേ…? തിരിഞ്ഞുനോക്കി നിന്നോടവൻ വീടെത്തുന്നവരെ സംസാരിച്ചില്ലേ…? നിന്റെ ഫോൺ നമ്പർ അവന് കൊടുത്തില്ലേ”ഷാൻ കബീർ തന്റെ പതിവ് സംശയ ചോദ്യങ്ങൾ ഷാഹിനയോട് ആവർത്തിച്ച് കൊണ്ടിരുന്നു. ഗൾഫിൽ നിന്നും ഫോൺ വിളിക്കുമ്പോൾ ഭാര്യയുടേയും കുട്ടികളുടേയും സുഖവിവരങ്ങൾ അന്വേഷിക്കുന്നതിനേക്കാൾ കൂടുതൽ അവൻ സംസാരിച്ചിരുന്നത് അല്ലേൽ തർക്കിച്ചിരുന്നത്, അവളോട് ഇന്ന് ആരൊക്കെ ചിരിച്ചു, സംസാരിച്ചു, ഫോൺ വിളിച്ചു, വാട്സാപ്പിൽ മെസ്സേജ് അയച്ചു, ലാസ്റ്റ് സീൻ എത്ര മണിക്കാണോ കാണിക്കുന്നേ ആ സമയത്ത് അവളുടെ ചാറ്റ് ലിസ്റ്റിന്റെ സ്ക്രീൻ ഷോർട് എന്നിങ്ങനെയുള്ള കാര്യങ്ങൾ ആയിരുന്നു.

രാത്രി പത്തുമണി കഴിഞ്ഞാൽ അവളെയെങ്ങാനും ഓൺലൈനിൽ കണ്ടാൽ പിന്നെ തെ റിയുടെ പൂരമാണ്. ദേഷ്യപ്പെട്ട് പെട്ടന്ന് ഫോൺ കട്ട്‌ ചെയ്ത് പോവേം ഇല്ല. പറഞ്ഞത് തന്നെ വീണ്ടും വീണ്ടും മണിക്കൂറുകളോളം പറഞ്ഞോണ്ടിരിക്കും. സഹികെട്ട് അവളെങ്ങാനും ഫോൺ കട്ട്‌ ചെയ്താൽ പിന്നെ ആ കാര്യവും പറഞ്ഞ് മണിക്കൂറുകളോളം വഴക്കുണ്ടാക്കും.

ദിവസവും നാലും അഞ്ചും പ്രാവശ്യം വിളിക്കും. അവൻ വിളിക്കുന്ന നേരത്ത് കഷ്ടകാലത്തിനെങ്ങാനും അവളുടെ ഫോൺ ബിസി ആണെങ്കിൽ പിന്നെ സ്ക്രീൻ ഷോർട് ചോദിക്കലായി ഒച്ചയായി ബഹളമായി. കുട്ടികളെ കുറിച്ച് ഓർത്തിട്ട് മാത്രാണ് ഷാഹിന ഇതൊക്കെ സഹിച്ച് ജീവിക്കുന്നത്. ചില സമയത്ത് ഷാൻ വളരെ സ്നേഹത്തോടെ സംസാരിക്കും. പക്ഷേ അതിന് കൂടുതൽ ആയുസ്സുണ്ടാവില്ല. അപ്പോഴേക്കും എന്തെങ്കിലും സംശയവും പറഞ്ഞ് വഴക്കാവും.

അങ്ങനെയിരിക്കെയാണ് ഷാൻ കബീർ രണ്ട് മാസത്തെ ലീവിന് നാട്ടിൽ വരുന്നത്. നാട്ടിലേക്കുള്ള ടിക്കറ്റ് എടുത്തത് മുതൽ അവൻ വളരെ സ്നേഹത്തോടെ ആയിരുന്നു സംസാരിച്ചിരുന്നത്. അതുപിന്നെ അങ്ങനാണല്ലോ അതിന്റെ ഒരിത്. ഷാൻ നാട്ടിലെത്തി കുറച്ച് ദിവസമൊക്കെ ഭാര്യക്കും കുട്ടികൾക്കും വേണ്ടി ചിലവഴിച്ചു.

വളരെ സ്നേഹത്തോടെ പെരുമാറി. പതിയെ പതിയെ അവന്റെ ശരിക്കുമുള്ള സ്വഭാവം മറനീക്കി പുറത്തുചാടി. അവൾ മീൻകാരനോട് മിണ്ടാൻ പാടില്ല, പച്ചക്കറി കടയിലെ ചെറുപ്പക്കാരൻ ചിരിച്ചാൽ പ്രശ്നം, അയല്പക്കത്തെ പുരുഷന്മാർ നോക്കിയാലോ മിണ്ടിയാലോ പ്രശ്നം, അവന്റെ അടുത്ത കൂട്ടുകാരോടും പോലും മിണ്ടാൻ പാടില്ലായിരുന്നു. എന്തിനേറെ പറയുന്നു സ്വന്തം കസിൻസിനോട് വരെ മിണ്ടിയാൽ സംശയം.

ഒരുദിവസം ഷാഹിന സ്നേഹത്തോടെ ഷാനിനോട് സംസാരിച്ചു

“ഇക്കാ, എന്തിനാ എന്നെയിങ്ങനെ സംശയിക്കുന്നേ…? ഇതുവരെ എന്റെ ഭാഗത്ത്‌ നിന്നും എന്തെങ്കിലും തെറ്റുകൾ സംഭവിച്ചത് ഇക്ക കണ്ടിട്ടുണ്ടോ. ന്റെ ഇക്കാനേയും മക്കളേയും ഒരിക്കലും ചതിക്കാനോ വഞ്ചിക്കാനോ എനിക്ക് പറ്റില്ല”

ഒന്ന് നിർത്തിയിട്ട് തന്റെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണീർ തുള്ളികൾ ഷാളുകൊണ്ട് തുടച്ചുമാറ്റിയിട്ട് അവൾ ഷാനിനെ ദയനീയമായി നോക്കി

“എനിക്ക് ഈ ജീവിതം തന്നെ മടുത്തു. ചിലപ്പോൾ തോന്നും എല്ലാം അവസാനിപ്പിച്ചാലോ എന്ന്. പക്ഷേ… എന്റെ മക്കളെ ഓർക്കു… മ്പോൾ”

അവളുടെ വാക്കുകൾ മുറിഞ്ഞു. ഷാൻ ഒന്നും മിണ്ടിയില്ല. ഗൾഫ് ഒക്കെ ഒഴിവാക്കി നാട്ടിൽ എന്തേലും നല്ലൊരു ജോലി ശരിയാക്കി ഇനിയുള്ള കാലം ഇവിടെ ഒരുമിച്ച് ജീവിച്ചൂടെ എന്നുവരെ അവൾ പറഞ്ഞു നോക്കി. അതിനൊന്നും അവൻ സമ്മതിച്ചില്ല. ഷാനിന് അവന്റേതായ ഒരുപാട് മുടന്തൻ ന്യായങ്ങൾ ഉണ്ടായിരുന്നു. പിന്നീട് ഒന്നിനും നിർബന്ധം പിടിക്കാൻ അവളും നിന്നില്ല. എല്ലാം വിധിയായി കണക്കാക്കി സ്വയം ആശ്വസിച്ചു.

ഒരു ദിവസം വൈകുന്നേരം ഷാൻ ഒരു കൂട്ടുകാരന്റെ വീട്ടിലേക്കെന്നും പറഞ്ഞ് നല്ല പെർഫ്യൂം ഒക്കെ അടിച്ച് മൊഞ്ചനായി വീട്ടിൽ നിന്നും ഇറങ്ങി. അവന്റെ മുഖത്ത് വല്ലാത്തൊരു സന്തോഷം കണ്ടു അവൾ. അന്ന് രാത്രി ചിക്കൻ ബിരിയാണി യൊക്കെ ഉണ്ടാക്കി അവൾ ഷാനിനേയും കാത്തിരുന്നു. നേരം ഒരുപാട് വൈകിയിട്ടും ഷാനിനെ കാണാതായപ്പോൾ അവൾ അവന്റെ ഫോണിലേക്ക് വിളിച്ചു. റിംഗ് ആവുന്നുണ്ട് പക്ഷേ എടുക്കുന്നില്ല. അവൾക്ക് ആകെ പരിഭ്രമമായി. അവൾ വിളിച്ചുകൊണ്ടിരുന്നു. ഒരുപാട് സമയത്തിന് ശേഷം അപ്പുറത്ത് ആരോ ഫോണെടുത്തു. ഒട്ടും പരിചിതമല്ലാത്ത ശബ്ദം

“പെങ്ങളെ, നിങ്ങളോടിത് പറയാൻ ഒരുപാട് വിഷമമുണ്ട്. പക്ഷേ പറയാതെ പറ്റില്ല”

ഷാഹിനയുടെ കൈകൾ വിറച്ചു, ഹൃദയമിടിപ്പ് കൂടി, അവൾ ആകെ അസ്വസ്ഥയായി

“സ്വന്തം കൂടെപ്പിറപ്പ് പോലെ കരുതിയാ ഷാനിനെ ഞാൻ എന്റെ വീട്ടിൽ കൊണ്ടുപോവാറ്. എന്റെ ഉമ്മയെ ഉമ്മയായും പെങ്ങളെ പെങ്ങളായും കാണുമെന്നുള്ള ഉറപ്പുകൊണ്ടാ അവന് എന്റെ വീട്ടിൽ പൂർണ സ്വാതന്ത്ര്യം കൊടുത്തത്. എന്നിട്ട് അവൻ എന്നോട് ചെയ്തത് എന്താന്ന് അറിയോ പെങ്ങൾക്ക്”

അയാളുടെ ശബ്ദം ഇടറി, ഒന്ന് നിറുത്തിയിട്ട് അയാൾ തുടർന്നു

“വിവാഹിതയും രണ്ട് കുട്ടികളുടെ ഉമ്മയുമായ എന്റെ പെങ്ങളും ഇവനുമായി… ച്ചെ… എന്റെ പെങ്ങളും തെറ്റുകാരിയായിരിക്കാം. എന്റെ പെങ്ങളെ സ്വന്തം പെങ്ങളായി കണ്ട് തിരുത്തുകയല്ലേ അവൻ ചെയ്യേണ്ടിയിരുന്നത്. അല്ലാതെ… നാട്ടുകാർ കുറച്ച് ദിവസമായി ഇവനെ നോട്ടമിട്ടിട്ട്, ഇന്ന് കയ്യോടെ പിടിച്ചു. നല്ലോണം അടി കിട്ടിയിട്ടുണ്ട്”

ഷാഹിനയുടെ കയ്യിൽ നിന്നും ഫോൺ താഴെ വീണു. അവൾക്ക് എന്തൊക്കെയോ അസ്വസ്ഥതകൾ തോന്നി. കുറേ സമയം അവൾ പൊട്ടിക്കരഞ്ഞു. കരയുമ്പോൾ തന്റെ മക്കൾ കാണാതിരിക്കാൻ അവൾ ശ്രദ്ധിച്ചു.

കുറച്ച് സമയത്തിന് ശേഷം വീടിന്റെ കോളിങ് ബെൽ ശബ്‌ദിക്കുന്നത് കേട്ട് കണ്ണുകൾ തുടച്ച് അവൾ വാതിൽ തുറന്നു. ഷർട്ടൊക്കെ കീറിപ്പറിഞ്ഞ് മുഖത്ത് അടി കിട്ടിയതിന്റെ പാടോടെ തലയും താഴ്ത്തി ഷാൻ കബീർ നിൽക്കുന്നു. ഒന്നും മിണ്ടാതെ അവൾ ഡൈനിങ് ടേബിളിൽ പോയിരുന്നു. ഷാൻ അവളോട്‌ എന്തോ പറയാൻ ശ്രമിച്ചു. പക്ഷേ അവൾ തന്റെ മുന്നിലുള്ള പ്ലേറ്റിലേക്ക് ചിക്കൻ ബിരിയാണി വിളമ്പി അതിൽ നിന്നും ഒരു ലെഗ് പീസ് എടുത്ത് പതുക്കെ ആസ്വദിച്ച് കഴിച്ച് ഷാനിന്റെ കണ്ണിലേക്ക് നോക്കി അതിന്റെ ഇച്ചിൽ മെല്ലെ ടേബിളിലേക്ക് തുപ്പി…

ഇച്ചിൽ തുപ്പിയത് ടേബിളിൽ ആണെങ്കിലും അത് വീണത് ഷാൻ കബീറിന്റെ മുഖത്തായിരുന്നു…

രചന ഷാൻ കബീർ

Share this on...