40 വർഷം അറബി വീട്ടിൽ പണിയെടുത്ത കാസർകോട്ടുക്കാരൻ നാട്ടിലേക്ക് വരാൻ നിന്നപ്പോൾ അറബി ചെയ്തത് കണ്ടോ

in Story 14,320 views

40 വർഷത്തോളം ഒരേ അറബിയുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്ത കാസർഗോഡുകാരൻ അന്ത്രു എന്ന് അബ്ദുൽ റഹ്മാനു വികാരാധീനമായ യാത്രയയപ്പ്. ഒരു ഹൗസ് ഡ്രൈവർ ആയിട്ടല്ല സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെ പ്രിയപ്പെട്ട അബ്ദുറഹ്മാൻറെ യാത്രയപ്പ് നൊമ്പരങ്ങളും സന്തോഷവും നിറഞ്ഞതായിരുന്നു. വീട്ടുടമയും കുടുംബാംഗങ്ങളും ചേർന്ന് അബ്ദുറഹ്മാനോടൊപ്പം കേക്ക് മുറിക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. സ്വന്തം കുടുംബത്തിൽ നിന്നും വിട്ടുപോകുന്നത് പോലെയുള്ള ഹൃദയഭേദകമായ നിമിഷങ്ങളായിരുന്നു അബ്ദുൽറഹ്മാൻ നേരിട്ടത്.

കാസർഗോഡ് മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ കാവുഗോളി ചൗക്കി കൽപ്പന ഹൗസിലെ അബ്ദുൽ റഹ്മാൻ 1978ലാണ് യുഎഇയിൽ എത്തുന്നത്. പതിനേഴാം വയസ്സിൽ അബ്ദുൽ റഹ്മാൻ യുഎഇയിൽ എത്തുമ്പോൾ യുഎഇ രൂപീകൃതമായി അധികം ആയിട്ടില്ല ആയിരുന്നു. വലിയ വിദ്യാഭ്യാസം നേടാനുള്ള അവസരം ലഭിക്കാത്തതിനാൽ വളരെ ചെറിയ പ്രായത്തിൽ തന്നെ ബോംബെയിലേക്ക് ബസ്സ് കയറി. ബോംബെയിൽ നിന്നും കുവൈറ്റ് എയർലൈൻസ് വഴി ദുബായിലെത്തി. 1350 രൂപ ആയിരുന്നു അന്നത്തെ വിമാന ടിക്കറ്റ് നിരക്ക് എന്ന് അബ്ദുറഹ്മാൻ ഓർക്കുന്നു.

ദുബായിലെ ഒരു സ്വദേശി വീട്ടിലായിരുന്നു ആദ്യമായി ജോലിക്ക് കയറിയത്. 1982 വരെ ഇവിടെ പ്രവർത്തിച്ച അബ്ദുൽ റഹ്മാൻ പിന്നീട് ഡ്രൈവിംഗ് ലൈസൻസ് നേടുകയായിരുന്നു. ഒടുവിൽ അബുദാബിയിൽ എത്തിയ അബ്ദുൽ റഹ്മാൻ ഒരു സ്വദേശിയുടെ വീട്ടിൽ ഹൗസ് ഡ്രൈവറായി ഉപജീവനം ആരംഭിച്ചു. കുടുംബാംഗങ്ങളെ ദുബായിലേക്കും മറ്റു സ്ഥലങ്ങളിലും കൊണ്ടുപോവുകയും കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോവുകയും തിരിച്ചു കൊണ്ടു വരികയും ചെയ്യുന്നതായിരുന്നു ജോലി. വളരെ പെട്ടെന്ന് തന്നെ കുടുംബാംഗങ്ങളുമായി അടുത്ത് അബ്ദുൽ റഹ്മാൻ ആ കുടുംബത്തിലെ ഒരു അംഗമായി മാറുകയായിരുന്നു.

ഇന്നുവരെ വിഷമമുള്ള യാതൊരു അനുഭവങ്ങളും ആ കുടുംബത്തിൽ നിന്നും ഉണ്ടായിട്ടില്ലെന്നും ഒരു കുടുംബാംഗത്തെ പോലെയാണ് അവർ പെരുമാറിയിട്ടുള്ളത് എന്നും അബ്ദുൽ റഹ്മാൻ പറയുന്നു. പ്രായത്തിന്റെ എല്ലാ ബഹുമാനവും അവർ നൽകി. അബ്ദുൽ റഹ്മാൻ തോളത്ത് എടുത്തു നടന്ന കുട്ടികളെല്ലാം ഇപ്പോൾ മുതിർന്ന വലിയ ഉദ്യോഗസ്ഥരായി. എന്നാൽ ചെറിയ കുട്ടികളായിരുന്നപ്പോൾ ഉണ്ടായിരുന്ന സ്നേഹവും ആദരവും ഇപ്പോഴും അവർ നൽകുന്നു എന്ന് അബ്ദുറഹ്മാൻ പറയുന്നു.

പോകരുത് എന്ന് കുട്ടികളടക്കം ജോലി ചെയ്യുന്ന വീട്ടിൽ എല്ലാവരും അഭ്യർത്ഥിക്കുന്നുണ്ട്. വിസ റദ്ദാക്കാതെ നാട്ടിൽ പോയി ആറുമാസം കഴിഞ്ഞു വരാനും അവർ അഭ്യർത്ഥിക്കുന്നുണ്ട്. എന്നാൽ 64 വയസ്സുള്ള അബ്ദുൽ റഹ്മാനിന് ഇനി കുറേക്കാലം നാട്ടിൽ ജീവിക്കണമെന്നാണ് ആഗ്രഹം. അദ്ദേഹത്തിന്റെ മൂത്തമകൻ ദിൽഷാദ് അബുദാബിയിൽ ഫാർമസിസ്റ്റും രണ്ടാമത്തെ മകൻ യൂസഫ് അഡ്‌നോക്കിൽ സൂപ്പർവൈസറുമാണ്. പെണ്മക്കൾ അയിഷത്ത് അർഷാനയും റസിയയും വിവാഹിതരായി കുടുംബജീവിതം നയിക്കുകയാണ്.

ഏറ്റവും ഇളയ മകൻ മുഹമ്മദ് മിഥിലാജ് പ്ലസ് ടു വിദ്യാർഥിയാണ്. ഇനിയെങ്കിലും ബാപ്പ നാട്ടിലേക്ക് തിരിച്ചെത്തി വിശ്രമ ജീവിതം നയിക്കണമെന്ന് ആണ് മക്കൾ ആവശ്യപ്പെടുന്നത്. പ്രവാസ ജീവിതത്തിൽ എല്ലാ വർഷവും നാട്ടിലേക്ക് പോകുമായിരുന്ന അബ്ദുൽ റഹ്മാൻ ഇടയ്ക്കിടെ ഭാര്യ ഖദീജയെയും കുടുംബത്തെയും ദുബായിലേക്ക് കൊണ്ടു വരുമായിരുന്നു. അതുകൊണ്ട് പ്രിയപ്പെട്ടവരുമായി പിരിഞ്ഞു നിൽക്കുന്നു എന്ന തോന്നൽ ഉണ്ടായിട്ടില്ല.

ആ കാലത്തെ കാസർഗോഡിന്റെ അവികസിത അവസ്ഥയുടെ കയ്പേറിയ അനുഭവങ്ങൾ ഒരുപാട് അനുഭവിച്ച ആളാണ് അബ്ദുൽ റഹ്മാൻ. അബ്ദുൽ റഹ്മാനെ ചേർത്ത് പിടിച്ചത് പോറ്റമ്മയായ ഈ നാടാണ്. അതിന്റെ എല്ലാ സംതൃപ്തിയോടെയാണ് നാട്ടിൽ കുടുംബത്തോടൊപ്പം സ്വസ്ഥമായി കഴിയാൻ ഉള്ള ഈ മടക്കം.

Share this on...