വൈകീട്ട് മരുന്നുമായി വന്ന മകൻ റൂമിനുള്ളിൽ വെച്ച് മരുമകളോട് പറയുന്നത് കേട്ട് അമ്മയുടെ കണ്ണ് നിറഞ്ഞു

in Story 15,144 views

രാവിലെ പുറത്തേക്കിറങ്ങുമ്പോൾ അമ്മ പറയുന്നുണ്ടായിരുന്നു മോനെ അമ്മയ്ക്കുള്ള മരുന്ന് മറക്കേണ്ടെന്ന്. ഒന്ന് മൂളുക മാത്രം ചെയ്ത് തലയാട്ടി ഗേറ്റ് കടന്ന് പുറത്തേക്ക് നടക്കുമ്പോൾ ആ അമ്മയുടെ മുഖം വാടിയിരുന്നു. എന്തെങ്കിലും ആവശ്യങ്ങള് പറയാൻ അവൻ മാത്രേ ഉളളൂ. പക്ഷേ, അവന്റെ ഭാവത്തിലൊക്കെ ഇപ്പോൾ ഒരുപാട് മാറ്റം . താല്പര്യമില്ലാത്ത പോലെ.

മടുത്തിട്ടുണ്ടാകും.. എത്രയെന്ന് വെച്ചാ ഇത്രേം കാശ് ചിലവാക്കി ഇങ്ങനെ ഉറപ്പില്ലാത്ത ഒരു ജീവന് വേണ്ടി.ആ അമ്മ പതിയെ അകത്തേക്ക് നടന്നു.
ക്ഷീണത്തോടെ ബെഡിലേക്ക് ഇരിക്കുമ്പോൾ പ്ളേറ്റിൽ കഞ്ഞിയുമായി മരുമകൾ റൂമിലേക്ക് വരുന്നുണ്ടായിരുന്നു.

” അമ്മ ഈ കഞ്ഞി കുടിച്ചേ, എന്നിട്ട് മരുന്ന് കഴിക്ക്. “അതും പറഞ്ഞവൾ പുഞ്ചിരിയോടെ കഞ്ഞി നീട്ടുമ്പോൾ അതിലേക്ക് നോക്കി അൽപനേരം ഇരുന്നു.
ഇതിലൊരു ഇത്തിരി വിഷം ചേർത്താൽ തീരാവുന്നതേ ഉളളൂ എല്ലാ പ്രശ്നങ്ങളും. ആർക്കും കൂടുതൽ ബാധ്യത ആകാതെ അങ്ങ് പോയാൽ അത്രേം നല്ലതല്ലേ എന്നൊക്കെ ചിന്തിച്ച് ഇരിക്കുമ്പോൾ മരുമോൾ പിന്നെയും പറയുന്നുണ്ടായിരുന്നു ” ചൂട് ആറും മുന്നേ അമ്മ കഞ്ഞി കുടിക്കൂ ” എന്ന്.
വന്നു കേറിയവൾ ആണേലും ഇവൾക്ക് ഒത്തിരി സ്നേഹം ഉണ്ട്. പക്ഷേ, മകന്റെ ഇപ്പോഴത്തെ പെരുമാറ്റം കാണുമ്പോൾ…

” അമ്മ ഇതെന്താ ഇത്ര ആലോചിക്കുന്നത്. “മരുമോളുടെ ചോദ്യം കേട്ടു മുഖമുയർത്തുമ്പോൾ കണ്ണുകളിൽ നനവ് പടർന്നിരുന്നു. ” ഈ ജീവിതം മടുത്തു മോളെ. ഇനിയും ങ്ങനെ ആരെയും ബുദ്ധിമുട്ടിക്കാതെ അങ്ങോട്ട് എടുക്കണേ ന്ന് ഒറ്റ പ്രാർത്ഥന മാത്രേ ഉളളൂ ഇപ്പോൾ. ”
അത് പറയുമ്പോൾ അമ്മയുടെ മുഖത്ത്‌ നിറഞ്ഞു നിൽക്കുന്ന വിഷാദം അവൾക്ക് വായിച്ചെടുക്കാൻ കഴിയുന്നുണ്ടായിരുന്നു.

” ന്റെ അമ്മേ, ങ്ങനെ ആവശ്യമില്ലാത്തതൊന്നും ചിന്തിച്ചു കൂട്ടണ്ട. ഇവിടെ ഇപ്പോൾ ആർക്കും അമ്മയെ കൊണ്ട് ഒരു ബുദ്ധിമുട്ടും ഇല്ല. ആർക്കും അമ്മ ഒരു ഭാരവുമല്ല. ”
അവളുടെ വാക്കുകൾ ആ അമ്മയുടെ ചുണ്ടുകളിൽ പുഞ്ചിരി വരുത്തുന്നുണ്ടെങ്കിലും ന്തോ തെളിച്ചമില്ലായിരുന്നു ആ പുഞ്ചിരിയ്ക്ക്.

വൈകീട്ട് മകൻ വരുമ്പോൾ അവന്റെ കയ്യിൽ മരുന്ന് ഉണ്ടായിരുന്നു. അത് അമ്മയ്ക്ക് നെരെ നീട്ടി ” വെറുതെ ഇത്‌ ങ്ങനെ കഴിച്ചാൽ പോരാ, ഒന്ന് ഒതുങ്ങി ഇരിക്കുക കൂടി വേണം. “എന്നും പറഞ്ഞ് അകത്തേക്ക് പോകുമ്പോൾ അമ്മയുടെ മനസ്സിൽ വല്ലാത്തൊരു വീർപ്പുമുട്ടൽ ആയിരുന്നു.
മോന്റെ വാക്കുകളിൽ ന്തോ ഒരു ഇഷ്ടക്കേടില്ലേ എന്നൊരു തോന്നൽ. അല്ലെങ്കിൽ അമ്മയോട് ഒന്ന് ചിരിക്കുകപോലും ഇല്ലാതെ ഇത്രേം ഗൗരവത്തോടെ അകത്തേക്ക് പോവോ. പോകുമ്പോൾ പറഞ്ഞ വാക്കുകളിൽ ഒരു കുറ്റം പറച്ചിൽ പോലെ. അല്ലെങ്കിലും വയസ്സായാൽ പിന്നെ അമ്മയ്ക്ക് കുറ്റോം കുറവും മാത്രമായിരിക്കുമല്ലോ. ”

അമ്മ വല്ലാത്തൊരു വിമ്മിഷ്ടത്തോടെ മരുന്നുമായി അകത്തേക്ക് നടക്കുമ്പോൾ അകത്ത്‌ മകന്റെ റൂമിൽ നിന്ന് പിറുപിറുക്കൽ പുറത്തേക്ക് കേൾക്കുന്നുണ്ടായിരുന്നു.

” നിങ്ങളെന്തിനാണ് അമ്മയോടിപ്പോ അങ്ങനെ ഒക്കെ പറയാൻ പോയത്? അവര് വയസ്സായവർ അല്ലേ. പഴയ ശീലങ്ങൾ ഒന്നും അങ്ങനെ മാറ്റാൻ കഴിയില്ല. ആവുന്ന കാലത്ത് അവർക്ക് അതൊക്കെ ആകും ഒരു സന്തോഷം. അതിനെ ഒരു വാക്ക് കൊണ്ട് ഇല്ലാതാക്കിയിട്ട് ന്തിനാ ഏട്ടാ… ഇപ്പോൾ അമ്മയോട് വീട്ടിൽ ഒതുങ്ങി ഇരിക്കാനൊക്കെ പറയുമ്പോൾ അവർക്കത് ഫീൽ ചെയ്യുന്നത് ഏട്ടന് അമ്മയോടുള്ള ഇഷ്ടക്കേട് ആയിട്ടായിരുക്കും. അത് ആ പ്രായത്തിന്റെ ആണ്. അപ്പൊ നമ്മള് വേണ്ടേ അവരെ സന്തോഷിപ്പിക്കാൻ. ”

” എടി, ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചല്ല പറഞ്ഞത്. അമ്മയ്ക്കിപ്പോൾ ആവശ്യം വിശ്രമം ആണ്. എന്നാലേ അസുഖം കുറയൂ. അല്ലാതെ മരുന്ന് ങ്ങനെ കഴിക്കുന്നത് ശരീരത്തിന് അത്ര നല്ലതൊന്നും അല്ലല്ലോ. അസുഖം കുറഞ്ഞാൽ പിന്നെ എങ്ങനെ വേണേലും നടക്കാലോ. ഞാൻ അത്രേ പറഞ്ഞുള്ളൂ. അത് അമ്മ എന്നും കൂടെ ഉണ്ടാവാനാണ് ”

” ഏട്ടാ… ഏട്ടൻ പറയുന്നത് തെറ്റാണ് എന്നല്ല, പറയുന്ന രീതിയാണ് പ്രശ്നം. ഏട്ടനെ കുറ്റം പറയുന്നതല്ല. അമ്മയ്ക്ക് വയസ്സായി. അവരുടെ ചിന്തകള്ക്കും രീതികൾക്കും ആ മാറ്റം ഉണ്ടാകും. നമ്മൾ എന്ത് പറയുമ്പോഴും അവർക്കത് ഫീൽ ചെയ്യും. അവരെ അവോയ്ഡ് ചെയ്യുകയാണെന്ന് തോന്നും.

ഏട്ടന് പല വിഷമങ്ങളും ഉണ്ടാകും. പക്ഷേ, അത് അമ്മയ്ക്ക് മുന്നിൽ കാണിക്കാതിരിക്കുക എന്നതാണ് അമ്മയ്ക്ക് ഇപ്പോൾ നൽകാൻ പറ്റുന്ന ഏറ്റവും വലിയ സന്തോഷം. നമ്മുടെ വിഷമങ്ങൾ നമ്മുടെ പെരുമാറ്റത്തിലും വാക്കിലും പ്രതിഫലിക്കും മനപ്പൂർവം അല്ലങ്കിൽ കൂടി.
അത് അവരെ അവഗണിക്കുന്നതായി അവർക്ക് തോന്നും. അമ്മയ്ക്ക് ആരുമില്ലെന്ന തോന്നൽ കൂടി ആവുമ്പോൾ അവരുടെ മനസ്സ് കൈവിട്ട് പോകും. ഇന്ന് അമ്മയുടെ വാക്കുകളിൽ നിന്ന് എനിക്കത് മനസ്സിലായത് ആണ്. അതുകൊണ്ട് നമ്മുടെ വിഷമങ്ങളും ദേഷ്യവും ഒന്നും അവർക്ക് മുന്നിൽ കാണിക്കാതിരിക്കുക. ഉള്ള കാലം അവരെ സന്തോഷത്തോടെ കൊണ്ട്നടത്താൻ കഴിഞ്ഞാൽ അതൊരു പുണ്യമല്ലേ. ”

ഭാര്യയുടെ വാക്കുകൾക്ക് അവൻ വെറുതെ തലയാട്ടുമ്പോൾ പുറത്ത് എല്ലാം കേട്ട് നിന്ന അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.

” ഓരോരുത്തർക്കും അവരുടേതായ പ്രശ്നങ്ങൾ ഇല്ലേ. അത് മനസ്സിലാക്കേണ്ടത് അമ്മയായ ഞാൻ അല്ലേ. അതൊന്നും മനസ്സിലാക്കാതെ അവന്റെ മുഖത്ത്‌ കണ്ട ഭാവത്തെയും മൗനത്തെയും ഇഷ്ടമില്ലായ്മ കണക്കാക്കിയത് തെറ്റല്ലേ. പാവം ന്റെ മോൻ. അവൻ ഒറ്റയ്ക്ക് വേണ്ടേ ഈ വീട്ടിലെ എല്ലാം നോക്കാൻ. അവന്റെ ഒറ്റ വരുമാനം കൊണ്ടല്ലേ എല്ലാം നടന്നുപോകുന്നത് . അതിന്റ പല പ്രശ്നങ്ങളും ഉണ്ടാകും അവന്. അത് മനസ്സിലാക്കാതെ വെറുതെ ഓരോന്ന് ചിന്തിച്ചുകൂട്ടി. ”

മനസ്സിൽ എവിടെയോ ഉടലെടുത്ത കുറ്റബോധത്തിൽ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് റൂമിലേക്ക് കയറി കട്ടിലിൽ ഇരിക്കുമ്പോൾ പുറത്ത് പുഞ്ചിരിയോടെ മകൻ നിൽക്കുന്നുണ്ടായിരുന്നു.
” അമ്മേ, ഈ കഞ്ഞി കുടിച്ചേ. ന്നിട്ട് മരുന്ന് കഴിക്ക് ”
അതും പറഞ്ഞ് കഞ്ഞി ടേബിളിൽ വെച്ച് പതിയെ കൈകൾ അമ്മയുടെ കാലിൽ വെച്ചു വെറുതെ അമർത്തിപിടിച്ചു. പ്രകടിപ്പിക്കാൻ മറന്നുപോയ മകന്റെ ആ സ്നേഹവും ചേർത്ത്.

Share this on...