വെള്ളത്തിൽ ഒഴുകി വന്ന നായയെ എടുത്തു വളർത്തിയ യുവാവിന് സംഭവിച്ചത് കണ്ടാൽ നിങൾ ഞെട്ടും.!!

in Story 941 views

രാവിലെ ജോലിക്ക് പുറപ്പെടാനുള്ള തിരക്കിനിടയിലാണ് ഒരു മരണ വാർത്ത അയാളെ തേടിയെത്തിയത്.മ,രി,ച്ച,ത് തന്റെ ആരുമല്ലെങ്കിൽ കൂടി, വെള്ളത്തിൽ മു,ങ്ങി താണു ശ്വാസത്തിനായി പിടയുന്ന പോലെയൊരവസ്ഥയാണ് ആ വാർത്ത കേട്ടപ്പോൾ അവന് അനുഭവപ്പെട്ടത്..കഴുത്തിൽ കുരുക്കിയിട്ടിരുന്ന കോളർ ടൈ വലിച്ചൂരിയെറിഞ്ഞു…ഫ്രിഡ്ജിൽ നിന്നെടുത്ത ഒരു കുപ്പി വെള്ളം മുഴുവൻ കുടിച്ചിട്ടും അവന്റെ ശ്വാസനിശ്വാസങ്ങൾ സാധാരണ ഗതിയിലോട്ടെത്താൻ അല്പസമയമെടുത്തു…

“അവസാനമായി ഒന്നു കാണണം”,അവനുറപ്പിച്ചു… സമയം ഒട്ടും നഷ്ടപ്പെടുത്താതെ ഓഫീസിൽ ലീവ് വിളിച്ചു പറഞ്ഞു അവൻ നാട്ടിലേക്ക് പുറപ്പെട്ടു…

മൂന്നു മണിക്കൂർ നീണ്ട ഡ്രൈവിനൊടുവിൽ വീട്ടിലെത്തി അവൻ കാർ പാർക്ക് ചെയ്തു.പറയാതെ വന്നതെന്താണെന്ന അമ്മയുടെ പരിഭവത്തിനു മറുപടിയൊന്നും പറഞ്ഞില്ല.പറഞ്ഞാലും, ഒരു കള്ളുകുടിയന്റെ മരണത്തിനു ലീവ് എടുത്തു വരാൻ മാത്രം തനിക്കയാളുമായുള്ള ബന്ധമെന്തെന്നോർത്തു അവർ അത്ഭുതപ്പെട്ടേക്കാം.ആരോടും ഒന്നും ഉരിയാടാതെ അവൻ മരണവീട്ടിലോട്ടു നടന്നു…

ദൂരെ നിന്നു തന്നെ നീല ടാർപോളിൻ ഷീറ്റ് വിരിച്ച ദാസൻ മാമന്റെ,(നാട്ടുക്കാരുടെ പാമ്പുദാസന്റെ) വീട് അവൻ കണ്ടു.പുലർച്ചെ പെയ്ത മഴയിൽ ചേറു കെട്ടി കിടന്ന വഴിയും താണ്ടി അവൻ അങ്ങോട്ടെത്തി.. വിരലിലെണ്ണാൻ മാത്രം ആളുകളവിടെ കൂടിയിരിക്കുന്നു.മുറ്റത്തു നിരത്തിയിരിക്കുന്ന നീല കസേരകൾ ആളൊഴിഞ്ഞു കിടന്നു.തവിട്ടു നിറമുള്ള ദാസൻ മാമന്റെ നായ മാത്രം ഒരു കസേരയ്ക്കടിയിൽ ഇടം പിടിച്ചു കിടന്നു.കഴിഞ്ഞ ഒന്നര വർഷമായി അയാളെ എപ്പോൾ കണ്ടാലും കൂടെ വാലുപോലെ ഈ നായയും ഉണ്ടായിരുന്നു.

അയാൾക്കാകെയുള്ള ബന്ധു അതു മാത്രമാണെന്ന് ആ മിണ്ടാപ്രാണിയുടെ മുഖത്തെ മൂകത കണ്ടപ്പോൾ അവനു തോന്നി..അയാളുടെ കള്ളുകുടിയും ബഹളവും മൂലം ഗത്യന്തരമില്ലാതെ അവിടം വിട്ടു പോയ ഭാര്യയും മകനും മരണവാർത്ത കേട്ടറിഞ്ഞ് അവിടെ എത്തിയിട്ടുണ്ടെങ്കിൽ കൂടി, ഇരുവരുടെയും മുഖത്ത് നിർവികാരത മാത്രം സ്ഫുരിച്ചു.ഇത്രയും നാൾ അനുഭവിച്ച പീഡനങ്ങൾക്കും നാണക്കേടിനും ഒരറുതിയായെന്ന ആശ്വാസം അവരുടെ ഉള്ളിൽ ഉണ്ടായിരുന്നിരിക്കണം.അയാൾക്ക് വേണ്ടി കണ്ണീരൊഴുകാൻ അവിടം ആരെയും കണ്ടെത്താനായില്ല…

മൃതശരീരം പേറി പൊതുസ്മശാനത്തിലോട്ടു പുറപ്പെട്ട ആംബുലൻസലസിൽ പരേതന്റെ ഭാര്യയും മകനും കയറി. കാഴ്ചയിൽ നിന്നു ആംബുലൻസ് മായുന്നത് വരെ ആ നായയും പിന്നാലെ ഓടി.ആ മിണ്ടാപ്രാണി, കണ്ടു നിന്ന എല്ലാവരിലും നോവുണർത്തി .

കള്ളു കുടിച്ചു ബോധമില്ലാതെ സത്യങ്ങൾ വിളിച്ചു കൂവുന്നത് അയാൾക്കൊരു പതിവായിരുന്നു.അപ്രിയ സത്യങ്ങൾ മറ്റുള്ളവർക്കു ദഹിക്കാൻ സ്വൽപ്പം ബുദ്ധിമുട്ടുള്ളത് കൊണ്ട് തന്നെ ,വീട്ടിലും നാട്ടിലും വെറുക്കപ്പെട്ടവനായിരുന്ന അയാളുടെ വിയോഗം ആരിലും വലിയ ചലനമൊന്നും സൃഷ്ടിച്ചില്ല …

തന്റെ ആരും അല്ല,എല്ലാവരാലും വെറുക്കപ്പെട്ടവൻ,എന്നിട്ടും അവന്റെയുള്ളിൽ മാത്രം ഒരു നീറ്റൽ…
മരണ വീട്ടിൽ നിന്നും അവൻ ഇറങ്ങി നടന്നു.ആംബുലൻസിനു പിന്നാലെ ഓടിയെത്താതെ തളർന്നു പോയ നായ, വഴിയോരത്തുള്ള കല്ലിങ്കിനോട് ചേർന്ന് കിടക്കുന്നത് കണ്ട് അവനും അങ്ങോട്ട് നടന്നു…യജമാനനെ നഷ്ട്ടപ്പെട്ട നായയ്ക്ക് കൂട്ടായി അൽപ സമയം അവനും ആ കലിങ്കിന്മേൽ ഇരുന്നു…

ആ കലുങ്കിൽ ഇരുന്നാണ് വരുന്നവരെയും പോകുന്നവരെയും ഒക്കെ പരിഹസിച്ചു ദാസൻ മാമൻ സമയം കൊന്നിരുന്നതെന്നു അവനോർത്തു..അയാൾക്ക് കുട്ടികളെന്നോ വലിയവരെന്നോ യാതൊരു വേർത്തിരിവും അക്കാര്യത്തിൽ ഉണ്ടായിരുന്നില്ല.. ഇന്ന് അയാളുടെ മരണ വാർത്ത കേട്ടപ്പോൾ നോവായി അവന്റെ മനസ്സിൽ നീറിയത് ചിതലരിക്കാത്ത ആ ഓർമ്മകളാണ്…

കുട്ടിക്കാലത്ത് വലിയ ആവേശമായിരുന്നു അവനു മീൻ പിടുത്തം.മുതിർന്ന ചേട്ടന്മാർ മീൻ പിടിക്കുന്നത് നോക്കി നിൽക്കാനേ അവനും അവന്റെ കൂട്ടുകർക്കും അനുവാദം ഉണ്ടായിരുന്നുള്ളു..

അങ്ങിനെയിരിക്കെ ഇടിയും മിന്നലും മഴയും കാറ്റുമൊക്കെ തകർത്താടിയ മൂന്നു ദിനങ്ങൾക്കൊടുവിൽ, എല്ലാം ശാന്തമായ ഒരു വൈകുന്നേരം.. തോട്ടിലൂടെ കുത്തിയൊഴുകി പോകുന്ന മഴവെള്ളത്തിൽ നീന്തി തുടിക്കുന്ന മീനുകളെ പിടിക്കാനായി ചേട്ടന്മാരും അതു വീക്ഷിക്കാനായി അവനും പാഞ്ഞെത്തി..പതിവ് പോലെ മുതിർന്നവർ മീൻ പിടിക്കുന്നതിൽ നിന്നവനെ വിലക്കി..

പക്ഷെ ഇത്തവണ വിട്ടു കൊടുക്കാൻ അവൻ തയ്യാറല്ലായിരുന്നു..എല്ലാവരും പോകാൻ അവൻ കാത്ത് നിന്നു..നേരം ചെറുതായിട്ടു ഇരുട്ടി തുടങ്ങി..

“തോട്ടിൽ നല്ല ഒഴുക്കാ,ഇവിടെ നിന്നു കറങ്ങാതെ വീട്ടിൽ പോടാ ചെർക്കാ..”,പോകുന്ന പോക്കിൽ ഒരു ചേട്ടൻ അവനെ ശാസിച്ചു..

അവൻ വീട്ടിലോട്ടോടി.ആരും കാണാതെ ഒരു തോർത്ത് മുണ്ടും കുപ്പിയും എടുത്തു തോട്ടു വക്കിൽ തിരിച്ചെത്തി.നീന്തി തുടിക്കുന്ന മീനുകളെ പിടിക്കാനായി പതിയെ തൊട്ടിലേക്കിറങ്ങിയ അവനു പക്ഷെ വെള്ളത്തിന്റെ ഒഴുക്കിൽ നില തെറ്റി വീണു..മുങ്ങിയും പൊങ്ങിയും ജീവ വായുവിന് വേണ്ടി പിടഞ്ഞു കുറച്ചു ദൂരം അവൻ ഒഴുകിപോയി.കണ്ണുകളിൽ ഇരുട്ട് കയറി തുടങ്ങി.ഒറ്റയ്ക്ക് തോട്ടിൽ പോകരുതെന്ന അമ്മ പറയാറുള്ള വാക്കുകൾ കാതുകളിൽ തുളച്ചു കയറാൻ തുടങ്ങി..പെട്ടന്ന് അവന്റെ കരങ്ങളിൽ ഒരു പിടി വീണു.വൈകുന്നേരത്തെ സേവ കഴിഞ്ഞു നാലുകാലിൽ പൂര പാട്ടും പാടി വന്നിരുന്ന ദാസൻ മാമന്റെ കൈകൾക്ക് പക്ഷെ അപ്പോൾ നല്ല ബലമുണ്ടായിരുന്നു..പിടിച്ച വലിച്ചു തോട്ടിൻ കരയിലോട്ട് ഇട്ട് ,വയറമർത്തി കുടിച്ച വെള്ളമൊക്കെ അവനെക്കൊണ്ടു തുപ്പിക്കുന്നതും, അതിനിടയിലും അയാൾ അസഭ്യവർഷം ചൊരിയുന്നതും ,പകുതി ബോധത്തിലും അവൻ കാണുന്നുണ്ടായിരുന്നു..

ബഹളം കേട്ട് വന്ന വീട്ടുകാരും നാട്ടുകാരും പക്ഷെ കള്ളുകുടിച്ചു ബോധമില്ലാതെ അവനെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കുറ്റം ദാസൻമാമന്റെ തലയിലിട്ടു.വീട്ടിൽ പറയാതെ മീൻ പിടിക്കാൻ പോയതുകൊണ്ടു സത്യാവസ്ഥ തുറന്നു പറയാൻ അവനും ധൈര്യം വന്നില്ല.കൂടി നിന്നവരെയെല്ലാം അറയ്ക്കുന്ന ഭാഷാപ്രയോഗം കൊണ്ട് നിലയ്ക്ക് നിർത്തി യാതൊരു കൂസലും ഇല്ലാതെ ആടിയാടി അയാൾ നടന്നു നീങ്ങുന്നത് അവന്റെ മനസ്സിൽ ഇപ്പോളും തെളിഞ്ഞു വരുന്നു.പഴയ കാര്യങ്ങളൊക്കെ ഓർത്തെടുത്ത് സമയം കുറേ പോയതവനറിഞ്ഞില്ല..

വഴിയേ പോയ ഒരു പരിചയക്കാരൻ അവന്റെ കാലിനോട് ചേർന്നു കിടന്ന ആ മിണ്ടാപ്രാണിയെ കണ്ടപ്പോൾ, ഒരു നിമിഷം സ്തബ്ധനായി ആരോടെന്നില്ലാതെ നെടുവീർപ്പിട്ടു കൊണ്ട് പറഞ്ഞു.

“കഴിഞ്ഞ പ്രളയത്തിൽ ഒഴുകി വന്നതാ ഈ നായ കുഞ്ഞു.. ഒരാൾപൊക്കത്തിൽ കുത്തിയൊഴുകി വന്ന മഴവെള്ളം വകവയ്ക്കാതെ നീന്തി പോയി ഇതിനെ രക്ഷിച്ചപ്പോൾ എല്ലാവരും പറഞ്ഞു പാമ്പുദാസന് പ്രാന്താന്നു !!.. ഇപ്പോ അയാള് ചത്തപ്പോ കരയാൻ ഈ മിണ്ടാപ്രാണിയെങ്കിലും ഉണ്ടല്ലോ”..

“നമ്മുക്ക് രണ്ടു പേർക്കും ഈ കള്ളുകുടിയനുമായി ഒരേ ബന്ധമാണല്ലോ”നായയെ നോക്കി അവൻ പറഞ്ഞു..പതിയെ ഒന്നു തലോടി..

ഇഹലോകം വെടിഞ്ഞ അയാളുടെ ശരീരം എരിഞ്ഞടങ്ങി ഒരു പിടി ചുടുചാരമായി തീർന്നിരിക്കുന്നു.സൂര്യനസ്തമിക്കും വരെ ഇരുവരും ആ കലിങ്കിന്മേൽ ഇരുന്നു.വഴിയോരത്തെ വഴിവിളക്കിന്റെ ഇരുണ്ട വെളിച്ചത്തിൽ പിന്നീട് രണ്ടു നിഴലുകൾ നടന്നു നീങ്ങി…ഒരു മനുഷ്യന്റെയും ഒരു ശ്വാനന്റെയും..

Share this on...