മരുമകളുടെ നിർബന്ധം കാരണം തന്നെ വൃദ്ധ സദനത്തിലാക്കണമെന്നു മകനോട് പറഞ്ഞ ഉമ്മ.

in Story 2,241 views

“രാവിലെ തന്നെ തുടങ്ങി ഓരോന്ന് നശിപ്പിക്കാൻ….. നിങ്ങളോടല്ലേ തള്ളേ പറഞ്ഞത് അടുക്കളയിലേക്ക് വരരുതെന്ന്….. “കുറച്ചു കാലങ്ങളായി ഫെമിനയുടെ ദിവസം തുടങ്ങുന്നത് ഭർതൃമാതാവായ ആയിഷകുട്ടിയുടെ കുറ്റങ്ങൾ പറഞ്ഞു കൊണ്ടു ആണു.

“ഉമ്മ മോളേ സഹായിക്കാന്നു കരുതിയിട്ടാ…. “”ഒരു സഹായം ഓരോന്നും താഴെയിട്ടു പൊട്ടിക്കുന്നതാണോ തള്ളേ സഹായം…ഇനി അതും കൂടി ഞാൻ വൃത്തിയാക്കണം..ഒന്ന് പോയി തരോ ഇവിടുന്നു.. ”

നീറുന്ന മനസ്സുമായി ആ ഉമ്മ തിരിച്ചു നടന്നു. വാതിൽക്കൽ എത്തിയപ്പോൾ അവളൊന്നു കൂടി പറഞ്ഞു അത് കേട്ടു ആ ഉമ്മയുടെ കണ്ണിൽ നിന്നും കണ്ണുനീർ പുറത്തു ചാടി
“റൂമിൽ പോയിരുന്ന മതി കുട്ടികളുടെ അടുത്തേക്ക് പോകണ്ടാ… ദിവസവും കുളിക്കാത്ത നിങ്ങൾ അവരെ തൊടുന്നത് എനിക്കിഷ്ടമല്ല… ”

മറുത്തൊന്നും പറയാതെ ആ ഉമ്മ റൂമിലേക്ക്‌ പോയി. ശരീരത്തിനു ബാധിച്ച അസുഖവും തളർച്ചയും കാരണം ദിവസവും കുളിക്കാൻ കഴിയാറില്ല.. അതിന്റെ പേരിലാണ് ഇന്ന് അവൾ ഉമ്മയോട് തന്റെ കുഞ്ഞുങ്ങളെ തൊടരുതെന്ന് പറഞ്ഞത്. ഉമ്മ കട്ടിലിൽ കിടന്നു. തലയിണ ഉമ്മയുടെ മിഴിനീരൊപ്പി.
ഫെമിനയുടെ കുത്തുവാക്കുളുടെ ഒഴുക്ക് ഇപ്പോഴും അവസാനിച്ചിട്ടില്ല

“ഈ തള്ള കാരണം എത്ര ദിവസായി ഉമ്മാനേം ഉപ്പാനേം ഒന്ന് കണ്ടിട്ട്…. അതെങ്ങെനയാ പുന്നാരമോന്ക് ഉമ്മയെ ഒറ്റക്കാക്കി പോകുന്നത് ഇഷ്ടമല്ല പോലും… ഏതെങ്കിലും വൃദ്ധസദനത്തിൽ കൊണ്ടു ചെന്നാക്കാൻ പറഞ്ഞാൽ അതും കേൾക്കില്ല… എന്നിട്ടിപ്പോ സഹായിക്കാൻ വന്നിരിക്കുന്നു… പറ്റുമെങ്കിൽ പോയി വൃദ്ധസദനത്തിൽ പോയി കിടക്കു.. അത് എനിക്ക് വലിയൊരു സഹായം ആകും ”

അവസാനത്തെ വാക്കുകൾ ആയിഷുമ്മയുടെ മനസ്സിൽ കൂരമ്പ് കണക്കെ തറച്ചു. താനും കേൾക്കാറുണ്ട് അവളെന്നെ അവിടെ കൊണ്ടുപോയി ആക്കാൻ പറയുന്നത് പക്ഷെ മുനീർ സമ്മതിക്കാറില്ല. അതിന്റെ പേരിൽ ഇപ്പൊ അവർ തമ്മിലും പ്രശ്നങ്ങൾ തുടങ്ങിയിരിക്കുന്നു. ഇനി അത് ഉണ്ടാവാൻ പാടില്ല. ഇന്ന് മുനീർ വന്നാൽ അവനോടു പറയണം ഉമ്മക്കും അങ്ങോട്ട്‌ പോകാൻ സമ്മതമാണെന്ന് അല്ലെങ്കിൽ അവന്റെ ജീവിതത്തിൽ സമാധാനം നഷ്ടപ്പെടും ആയിഷുമ്മ മനസ്സിൽ ഉറപ്പിച്ചു.

രാത്രി മുനീർ വന്നു കുറച്ചു നേരം മക്കളുടെ കൂടെ ഇരുന്നതിന് ശേഷം ഉമ്മയുടെ അടുത്തേക്ക്. ഇതു പതിവാണ് എന്നും അവൻ ഉമ്മയുടെ അരികിൽ കുറച്ചു സമയം ചിലവഴിക്കും. അതിനും കേൾക്കും ആയിഷുമ്മക്ക് അവളുടെ വായീന്നു. മുനീർക്കാനേ അവളിൽ നിന്നും അകറ്റാൻ നോക്കുന്നെന്ന് പറഞ്ഞു.

മുനീർ വന്നു ഉമ്മയുടെ സുഖവിവരം അന്വേഷിച്ചു. എന്നത്തേയും പോലെ ഉമ്മാക്കൊരു കുഴപ്പോം ഇല്ലെന്നു മറുപടിയും കൊടുത്തു. അവന്റെ മിഴികൾ നനഞ്ഞു. ഉമ്മ പറയുന്നതെല്ലാം കള്ളമാണെന്ന് അവൻക്ക് അറിയാമായിരുന്നു. ഒരു പരിധിവരെ ഉമ്മയുടെ അവസ്ഥയിൽ അവനും പങ്കുണ്ട്. ഫെമിന ഈ വീടുമായി ചേരില്ലെന്നു കുടുംബക്കാർ ഒന്നടങ്കം പറഞ്ഞതായിരുന്നു എന്നാൽ ഉമ്മ ഏക മകന്റെ ഇഷ്ടത്തോടൊപ്പം നിന്ന്. അവളെ മരുമകളാക്കി മകളായി കണ്ടു. അധികനേരം അവിടെ നിന്നാൽ ശെരിയാവില്ല എന്നറിയാവുന്നത്കൊണ്ട അവൻ എഴുന്നേറ്റു നടന്നു

“മോനേ ഉമ്മാക്കൊരു കാര്യം പറയാനുണ്ടായിരുന്നു… ഉമ്മ അങ്ങോട്ട്‌ പോകാൻ തയ്യാറാണ് മോനെ ഇനി മോനായിട്ട് എതിരൊന്നും പറയരുത്… ”
“എങ്ങോട്ട് പോകുന്ന കാര്യം ആണു ഉമ്മ പറയുന്നത്.. ”

“അത് എന്നെ പോലുള്ളവർ താമസിക്കുന്ന ഒരു സ്ഥലം ഇല്ലേ അവിടേക്ക്.. മോള് പറയുന്നതാ ശരി ഞാനിനി അവിടെ നിന്നോളം ”

“ഉമ്മാ അവളെന്തെങ്കിലും പറയുന്നെന്നു കരുതി ഉമ്മ അതൊന്നും കാര്യം ആക്കണ്ടാ… ”
“അതല്ല മോനെ ഇതു ഉമ്മാടെ തീരുമാനം ആണു അതിൽ ഇനി മാറ്റം ഒന്നുമില്ല നാളെ രാവിലെ നമുക്ക് പോകാം ”

“ശരി ഇനി ഞാനൊന്നും പറയുന്നില്ലേ എല്ലാം ഉമ്മാടെ ഇഷ്ടം.. നമുക്ക് രാവിലെ തന്നെ പുറപ്പെടാം “അവൻ ഉറച്ച സ്വരത്തിൽ പറഞ്ഞു.
മകന്റെ വാക്ക് കേട്ട ഉമ്മ പുഞ്ചിരിച്ചു. അവൻ പോയതും എല്ലാ സങ്കടങ്ങളും പടച്ചവനോട് കരഞ്ഞു പറഞ്ഞു. ആ വീട്ടിലെ അവസാന നിദ്രയിലാണ്ടു.

“ഫെമി നീ പറയുന്നതാ ശെരി.. ഉമ്മാനെ നമ്മൾ നാളെ വൃദ്ധസദനത്തിൽ കൊണ്ടു ചെന്നാക്കുന്നു… നിന്റെ ആഗ്രഹം തന്നെ നടക്കട്ടെ.. രാവിലെ പോകാൻ തയ്യാറായിക്കൊ… ഞാനൊന്നു കിടക്കട്ടെ.. “.അവളുടെ മുഖത്തെ സന്തോഷം കണ്ടു അവളെ കൊല്ലാനുള്ള ദേഷ്യം വന്നെങ്കിലും അവൻ കണ്ണടച്ച് കിടന്നു. അല്ലെങ്കിലും കണ്ണടച്ച് ഇരുട്ടാക്കുന്നതു അവനൊരു ശീലമായി മാറിയിട്ട് നാളുകളായിരിക്കുന്നു.

പിറ്റേന്ന് രാവിലെ ഫെമിനയെ വളരെ ഉത്സാഹവതി യായി കാണപ്പെട്ടു. ആയിഷുമ്മ കയ്യിലും കഴുത്തിലും ഉണ്ടായിരുന്ന സ്വർണം ഫെമിയെ ഏൽപ്പിച്ചു. ഇതു തന്റെ പേര കുട്ടികൾക്ക് ഉള്ളതെന്ന് പറഞ്ഞപ്പോൾ അവളുടെ മുഖം ഒന്നൂടെ പ്രകാശിച്ചു. ഉമ്മയോടുള്ള വെറുപ്പ് അവൾ ആ സ്വര്ണത്തോട് കാണിച്ചില്ല.

മക്കളെ ഇന്ന് സ്കൂളിൽ പറഞ്ഞയക്കണ്ടാന്നു മുനീർ നേരത്തെ പറഞ്ഞിരുന്നു. എല്ലാവരും യാത്രയായി. വീട്ടിൽ നിന്നിറങ്ങിമ്പോൾ ആ ഉമ്മയുടെ കണ്ണിൽ നിന്നും ഉതിർന്നു വീണ കണ്ണുനീർ ഫെമിന കണ്ടില്ലെന്നു നടിച്ചപ്പോൾ അതാ വീട്ടുമുറ്റത്തെ ചുട്ടുപൊള്ളിച്ചു.
യാത്ര തുടങ്ങി അല്പം കഴിഞ്ഞപ്പോൾ വണ്ടിയുടെ പോക്ക് അവളുടെ വീട്ടിലേക്കാണെന്ന് മനസ്സിലാക്കിയ ഫെമി കാര്യം എന്താണെന്നു ചോദിച്ചു. ഉമ്മാനെ കൊണ്ടാക്കി വരുന്നത് വരെനീയവിടെ നിന്നോ എന്നായിരുന്നു മുനീറിന്റെ മറുപടി.

ഫെമിനയുടെ വീടെത്തി. ഉമ്മറത്തു തന്നെ ഫെമിയുടെ ഉമ്മ ഖദീജയും ഉപ്പ സെയ്തലവിയും ഉണ്ടായിരുന്നു.അവരെ കണ്ടതും ഫെമി ഓടിപോയി അവളുടെ ഉമ്മാനേം ഉപ്പാനേം കെട്ടിപ്പിടിച്ചു. മക്കളെകൊണ്ട് അവരെ ഉമ്മവെപ്പിച്ചു. എല്ലാം കണ്ടു മുനീർ പുഞ്ചിരിച്ചു. അവൻ ഉമ്മയെയും കൂട്ടി അകത്തു കയറി.

“നിങ്ങളിതുവരെ റെഡി ആയില്ലേ “മുനീറിന്റെ വകയാണ് ചോദ്യം
“ഇന്നലെ രാത്രി മോൻ പറഞ്ഞപ്പോൾ ലഗേജ്‌ ഒക്കെ റെഡി ആക്കി വെച്ചിട്ടുണ്ട്…. എങ്ങോട്ടാ മോനെ വല്ല ട്രിപ്പും പ്ലാൻ ചെയ്തിട്ടുണ്ടോ… “.പരിഷ്കാരിയായ ഖദീജ ചോദിച്ചു.
“ഏയ്യ് ട്രിപ്പൊന്നും അല്ല ഉമ്മ നിങ്ങൾ മൂന്നുപേരെയും ഞങ്ങൾ വൃദ്ധസദനത്തിൽ ആക്കാൻ പോവേണ് പെട്ടെന്ന് റെഡി ആയി വാ രണ്ടാളും..

ഇതു കേട്ട എല്ലാവരും ഒരുപോലെ ഞെട്ടി.
“ഇക്കാ എന്തു ഭ്രാന്താണ് ഇങ്ങള് പറയുന്നത് ഉപ്പാനേം ഉമ്മാനേം വൃദ്ധസദനത്തിൽ ആക്കണോ… ഞാൻ സമ്മതിക്കില്ല അതിനു.. ”

‌ഠപ്പേ… മുനീറിന്റെ നാല് വിരലുകളും ഫെമിയുടെ മുഖത്ത് പതിഞ്ഞു.
“നിർത്തെടി.. നിനക്ക് നിന്റെ ഉമ്മാനേം ഉപ്പാനേം പറഞ്ഞപ്പോൾ നൊന്തു അല്ലേ… നിനക്ക് ഇവരെങ്ങനെയാണോ അത് പോലെ തന്നെയാണെടി എനിക്കെന്റെ ഉമ്മേം.. നീയെന്താ വിചാരിച്ചത് നീ പറഞ്ഞ ഞാനെന്റെ ഉമ്മയെ കൊണ്ടോയി കളയുമെന്നോ.. നെഞ്ച് പൊട്ടിയാടി ഉമ്മ ഇന്ന് വീട് വിട്ടിറങ്ങിയത് അതും എന്റെ സന്തോഷത്തിനു വേണ്ടി… ” ഇതെല്ലാം കേട്ടു ആയിഷുമ്മ കരയുകയായിരുന്നു.

സൈതാലിക്ക ഇതെല്ലാം കേട്ടു പകച്ചു നിൽക്കുകയാണ്.
“ഫെമീ.. നീയെത്ര വലിയ തെറ്റാണു ചെയ്തതെന്ന് മോൾക്കറിയോ നിന്റെ ഉമ്മ തന്നെയാണ് ഇവരും.. നീയത് മറക്കാൻ പാടില്ല മോളേ.. ”

“അത് ഉപ്പാ ഉമ്മ പറഞ്ഞതാ.. മുനീർക്കാടെ ഉമ്മ നിനക്ക് ചേർന്നതല്ലന്നൊക്ക അത് കേട്ടപ്പോൾ ഞാൻ…. ” വാക്ക് പൂർത്തീകരിക്കാൻ കഴിയാതെ ഫെമി പൊട്ടിക്കരഞ്ഞു
സൈതലവി ഖദീജയുടെ നേരെ തിരിഞ്ഞു അടിക്കാൻ കൈ ഉയർത്തിയതും ആയിഷുമ്മ തടഞ്ഞു.
“അറിവില്ലായ്മ കൊണ്ടല്ലേ സൈതാലി നീ അവരോടു പൊറുക്കു..”

“കേട്ടോടി നീ ഉമ്മ പറഞ്ഞത്.. ഇങ്ങനത്തെ ഉമ്മാനെ കിട്ടാൻ പുണ്യം ചെയ്യണം.. നീയൊക്കെ എന്റെ മകളായി പിറന്നല്ലോ എന്നാലോചിക്കുമ്പോ എനിക്ക് നാണക്കേട് തോനുന്നെടി…
“മതി ഉപ്പാ ഇവളോടൊന്നും പറഞ്ഞിട്ട് ഒരു കാര്യോം ഇല്ല… ഒന്ന് നീ മനസ്സിലാക്കിക്കോ നിന്റെ ഉമ്മാനേം ഉപ്പാനേം എന്ന് നീ വൃദ്ധസദനത്തിൽ ആക്കുന്നോ അന്നേ ഞാനും അങ്ങനെ ചെയ്യൂ.. നീയിനി എന്ന് എന്റെ ഉമ്മയെ അംഗീകരിക്കുന്നോ അന്ന് നീ അങ്ങോട്ട്‌ വന്ന മതി.. ഉപ്പാ ഞങ്ങളിറങ്ങുന്നു…

മുനീർ ഉമ്മയുമായി ഇറങ്ങാൻ തുടങ്ങിയതും ഫെമിന ഓടിച്ചെന്നു ആയിഷുമ്മയെ കെട്ടിപ്പിടിച്ചു മാപ്പ് ചോദിച്ചു. അവളും അവരുടെ കൂടെ ഇറങ്ങി. സെയ്താലിക്ക അവർ പോകുന്നത് കണ്ടു സന്തോഷിച്ചു. മുനീറും ഉമ്മയും സന്തോഷം കൊണ്ട് കരഞ്ഞു പോയി.

തിരിച്ചു വീട്ടിലെത്തിയ മുനീർ വണ്ടിയൊതുക്കി ഗേറ്റ് അടക്കാൻ പോയി. തിരിഞ്ഞു നടന്ന മുനീർ വീട്ടിലേക്കു കയറാൻ ഉമ്മയെ സഹായിക്കുന്ന ഫെമിയെ ആണു കണ്ടത്. അവൻ പടച്ചവനക്കു നന്ദി പറഞ്ഞു കൊണ്ട് നടന്നു

Share this on...