മകൻ ഒരു പറമ്പിലേക്ക് പോകുന്നത് കണ്ടു പിന്നാലെ പോയി നോക്കിയാ അച്ഛൻ കണ്ടത് നെഞ്ചുപൊട്ടിക്കുന്ന കാഴ്ച

in Story 60 views

“മുറുകുന്ന കുരുക്കുകൾ”

രചന: മിനി ജോർജ്

“ഞാനും വരുന്നു, ഇതൊന്നു കൊടുത്തു തീർത്തോട്ടെ.”രോഗികൾക്ക് മരുന്നെടുത്ത് കൊടുക്കുന്നതിനിടയിൽ സീനയോട് വിളിച്ചു പറഞ്ഞു.
കൂടെ വർക് ചെയ്യുന്ന ദിലീപിൻ്റെ മകൻ എന്തോ അബദ്ധം കാട്ടി.ഇപ്പൊൾ ഐ. സി. യു വിൽ ആണ്.അതും മെഡിക്കൽ കോളജിൽ.

നോക്കുമ്പോൾ ഇന്ന് പതിവിലും തിരക്ക്,നാളെ അവധി ആയതു കൊണ്ടാകാം.ഒ.പി. തീർന്നെങ്കിലും മരുന്ന് ഇനിയും കൊടുത്തു തീരാനുണ്ട്.കാര്യം, ഞാൻ ജോലി ചെയ്യുന്ന ആശുപത്രിയും മെഡിക്കൽ കോളേജും അടുത്ത് തന്നെ ആണെങ്കിലും ഐ. സി. യു.കൃത്യമായ ഇടവേളകളിൽ മാത്രമേ തുറക്കൂ,അപ്പോഴേ ആ കുട്ടിയെ കാണാൻ പറ്റൂ.”നീ വരുന്നുണ്ടോ” എന്നെ കാത്തു നിന്നു ക്ലർക്ക് സീനക്ക് മടുത്തു.

ഒരു ഓട്ടോ പിടിച്ചു ഞങ്ങൾ,അവിടെ എത്തുമ്പോൾ ഐ. സി. യു. ൻ്റെ മുന്നിൽ കുറെ പേര് നിൽക്കുന്നുണ്ട്.ദിലീപിൻ്റെ കൂട്ടുകാർ, ബന്ധുക്കൾ.
ഇടയിലൂടെ കടന്നു ഞാൻ എത്തിച്ചു നോക്കി.കട്ടിലിൽ ആ പയ്യൻ മലർന്നു കിടക്കുന്നു.മുഖം ഒരു വശത്തേക്ക് ചെരിച്ച് വച്ച്. പാതിയടഞ്ഞ കണ്ണുകൾ.

സൂക്ഷിച്ചു നോക്കിയാൽ ചെറുതായി അനങ്ങുന്ന നെഞ്ച്.എനിക്ക് പെട്ടെന്ന് എൻ്റെ മോനെ ഓർമ വന്നു.അതെ പ്രായം കാണും.കൗമാരം വിട്ടു പോകാത്ത നെഞ്ച്.

നേരിയ മീശ,കാലം കിനാവുകൾ നൽകി ഭംഗി വരുത്തുന്ന ദേഹം.
എനിക്കൊന്നു ഉറക്കെ കരയണം എന്ന് തോന്നി.ഹോസ്പിറ്റൽ ജോലി ആണെങ്കിലും,എല്ലാം കാണുന്നവരാനണെങ്കിലും ചിലതെല്ലാം ഉള്ളുലക്കും.

ദിലീപ് അവനെ തന്നെ നോക്കി അടുത്ത് തന്നെ നിൽക്കുന്നു.ഇടക്കിടക്ക് ചുണ്ടിന് സൈഡിലൂടെ ഒലിച്ചിറങ്ങുന്ന ഉമിനീരു തുടച്ച് കൊടുക്കുന്നു.

ഞാൻ നിൽക്കുന്നത് കണ്ട്,ദിലീപ് ജനലരികിലേക്ക് വന്നു.ഉറക്ക ചടവുള്ള കണ്ണുകൾ.
“സിസ്റ്റെറെ,”വേറെ ഒന്നും പറയുവാൻ അയാൾക്ക് കഴിയുന്നില്ല. അയാളുടെ തൊണ്ടയിൽ ഒരു കരച്ചിൽ പിടയുന്നുണ്ട്.ഞാനത് വ്യക്തമായി കണ്ടൂ.
“സാരമില്ലാ ട്ടൊ, അവനൊന്നും വരില്ല.

വേഗം തന്നെ എഴുന്നേറ്റു പണ്ടത്തെ പോലെ ആവും.ഞങൾ എല്ലാവരും പ്രാർത്ഥിക്കുന്നുണ്ട്.
ഒക്കെ ശെരിയാക്കികോളും.”ഇനിക്കതല്ലെ പറയാൻ പറ്റൂ.

“അവൻ എന്നോട് ബൈക്ക് വേണം എന്ന് പറഞ്ഞു.ഇപ്പൊൾ എനിക്കതിനു വഴിയില്ല.പുത്തൻ ബൈക്ക്.തന്നെയുമല്ല,ഇപ്പൊ ഓടിക്കാൻ പഠിച്ചിട്ടേ ഉള്ളൂ. ആ പേടിയും ഉണ്ട്. വീട് വച്ച കടങ്ങൾ,ഇവരുടെ പഠിപ്പ്,വീട്ടിലെ കാര്യങ്ങൾ. ഇതിനിടയിൽ പുതിയ ഒരു ബൈക്ക് എങ്ങനെ വാങ്ങും.വാങ്ങി തരില്ല എന്നല്ല ഞാൻ പറഞ്ഞത്” അത് പറയുമ്പോൾ അയാളുടെ കണ്ണിൽ നിന്നും കണ്ണു നീരല്ല രക്തമാണ് വരുന്നതെന്ന് തോന്നി.

“ഇവൻ ഇങ്ങനെ ചെയ്യും എന്നറിഞ്ഞിരുന്നേൽ ഞാൻ”മുഴുമിപ്പിക്കാൻ കഴിയാതെ അയാൾ തേങ്ങി.

രാവിലെ ആരോ പറയുന്നത് കേട്ടിരുന്നു. ബൈക്ക് കിട്ടാത്ത വാശിക്ക് അച്ഛനെ ഒന്ന് പേടിപ്പിക്കണം എന്ന വാശിക്ക്,അവൻ വീടിൻ്റെ പിന്നിലുള്ള കാട്ടിലേക്ക് കേറി പോയി. അച്ഛൻ്റെ മുണ്ടും എടുത്തു കൊണ്ട്.. എന്നിട്ട് അനിയന് മെസ്സേജ് ഇട്ടു.

“ഡാ,അച്ഛൻ ബൈക്ക് വാങ്ങി തരില്ല.ഞാൻ മ,രി,ക്കാ,ൻ പോകുവാ”.
അടുത്ത് കണ്ട ഒരു മരത്തിൽ കുരുക്കിട്ട് അനിയനെ കാത്തിരുന്നു.ഒന്ന് പേടിപ്പികണം എന്നാണ് അവൻ ഓർത്തത്.

മെസ്സേജ് കണ്ട അനിയൻ കൂട്ടുകാരെ കൂട്ടി ദൂരെ നിന്ന് ഓടി വരുന്നത് കണ്ട അവൻ കുടുക്ക് കഴുത്തിൽ ഇട്ടു താഴേക്ക് ചാടിയത്രെ.അവൻ പോലും വിചാരിക്കാത്ത പോലെ കുരുക്ക് മുറുകി.
പേടിച്ച് കരഞ്ഞു ഓടിയെത്തിയ അനിയനും കൂട്ടുകാരും വേഗം അഴിച്ചെടുത്ത് ഒരു വിധം ആശുപത്രിയിൽ എത്തിച്ചു.വിവരമറിഞ്ഞ ദിലീപും ബന്ധുക്കളും ഓടിയെത്തി.

പക്ഷേ കഴുത്തിൻ്റെ എല്ല് പൊട്ടിയിരുന്നു.ബോധം പോയതും,കോമ സ്റ്റേജിൽ ആയി.
അച്ഛനമ്മമാരുടെ മനസ്സറിയാത്ത കുട്ടികളെ പറ്റിയായിരുന്നു,ഇത് കെട്ടവരോക്കെ അന്നു മുഴുവൻ പറഞ്ഞു കൊണ്ടിരുന്നത്.

പക്ഷേ വ്യക്തിത്വം ഉരുത്തിരിഞ്ഞു വരുന്ന പ്രായത്തിൽ ഒരു ചെറിയ വഴക്ക് പോലും താങ്ങാൻ ചില കുട്ടികൾക്ക് കഴിഞ്ഞെന്നു വരില്ല അവരുടെ കുറ്റമല്ല……പിറ്റേന്ന് അവൻ മരിച്ചു പോയി.ഒരുപാട് പ്രതീക്ഷകളും വിഷമങ്ങളും അച്ഛനും അമ്മക്കും
ബാക്കി വച്ച്.

Share this on...