പ്രവാസം നിർത്തി പോകുന്ന കൂട്ടുകാരനു പെട്ടി തയ്യാറാക്കി .പോകുന്ന ദിവസം അവനെ കാണാൻ പോയപ്പോൾ കണ്ടത്

in Story 1,220 views

ചുട്ടുപഴുത്ത മണലാരണ്യത്തിലെ ഏകാന്ത വാസത്തിനിടയിലാണ് ഞാൻ ശേഷാദ്രിയെ പരിചയപ്പെടുന്നത്. പാലക്കാട്ടുകാരൻ ആണെന്നറിഞ്ഞപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. മലയാളത്തിൽ മിണ്ടിയും പറഞ്ഞുമിരിക്കാൻ ഒരാളെ കിട്ടിയല്ലോ. സ്ഥലംമാറി വന്നതായിരുന്നു അയാൾ. വൈകിട്ട് നടക്കാൻ പോകുമ്പോൾ ഞാൻ അയാളേയും കൂട്ടി. നഗരത്തിന്റെ തിരക്കുകൾ അവസാനിക്കുന്നിടത്താണ് സക്കറിയ എന്ന ഇറാനിയുടെ ചായക്കട.

രുചിയുള്ള ഇറാനിയൻ ചായയോടൊപ്പം അവിടെ കുറെ ഇറാനിയൻ വിഭാങ്ങളും കഴിക്കാൻ കിട്ടും എന്നുള്ളത് കൊണ്ട് ഞാൻ പതാവായി അവിടെ പോകാറുണ്ടായിരുന്നു. നരകയറിയ താടിയും കഷണ്ടി തലയും കുടവയറും എല്ലാകൂടിയാവുമ്പോൾ സക്കറിയാക്ക് ഒരു സാന്റാ ക്ളോസ്സിന്റെ രൂപമാണ്. ഞാനും ശേഷാദ്രിയും പതിയെ അവിടത്തെ പതിവുകാരാവുകയായിരുന്നു. ഒരു ദിവസം എന്നോട് ശേഷാദ്രി ചോദിച്ചു

നീ എപ്പോഴെങ്കിലും കൽപ്പാത്തി രഥോത്സവം കണ്ടിട്ടുണ്ടോ ഇല്ലെങ്കിൽ നീ തീർച്ചയായും വരണം… ഈ മാസാവസാനം ഞാൻ നാട്ടിലേക്ക് മടങ്ങുകയാണ്.. ‘അമ്മ ഒറ്റയ്ക്കാണ് പോകാതെ വയ്യ… ഇനി സമ്പാദിച്ചത് മതി ഇനിയുള്ള കാലം നാട്ടിൽ പോയി ജീവിക്കണം….

ശേഷാദ്രിക്ക് വേറെ ആരുമുണ്ടായിരുന്നില്ല ‘അമ്മ കല്യാണം കഴിയാത്ത അച്ഛൻ പെങ്ങളോടപ്പം ആയിരുന്ന താമസം കുറച്ചു നാൾ മുൻപ് ആ സ്ത്രീ മരിച്ചതോടെ അമ്മ തനിച്ചാണ്. അതുകൊണ്ടാണ് ഈ തീരുമാനം. എനിക്ക് ഒരു സുഹൃത്ത് നഷ്ടപ്പെടാൻ പോകുന്നു. ഒരു വെള്ളിയാഴ്ച്ച വൈകിട്ട് ശേഷാദ്രി എന്നെ വിളിച്ചു നമുക്ക് ഇന്ന് ഒരു ഷോപ്പിങ്ങിന് പോണം അമ്മയ്ക്ക് കുറച്ചു വസ്ത്രങ്ങൾ വാങ്ങണം പിന്നെ കുറച്ച് വീട്ടുപകരണങ്ങളും. എല്ലാം വാങ്ങി തിരികെ മുറിയിൽ എത്തിയപ്പോൾ നേരം ഏറെ വൈകിയിരിന്നു..! വരുന്ന ശനിയാഴ്‌ചയാണ് അയാൾ പോകുനത് അതിന് മുൻപ് എല്ലാം പാക്ക് ചെയ്യണം പോകാൻ ഇറങ്ങുമ്പോൾ അയാൾ ഓർമ്മിപ്പിച്ചു

നീ നവംബറിൽ അല്ലേ നാട്ടിൽ വരുന്നത് തീർച്ചയായും കല്പാത്തിയിൽ വരണം നമുക്ക് എന്റെ വീട്ടിൽ കൂടാം..ഞാൻ വരാം

ഞാൻ എന്റെ ഫ്‌ളാറ്റിലേക്ക് മടങ്ങി. തിങ്കളാഴ്ച്ച രാവിലെ വാതിലിൽ ആരോ മുട്ടുന്നത് കേട്ട് ഞാൻ ഉണർന്നു ആരാവും ഈ രാവിലെ..! വാതിൽ തുറന്നപ്പോൾ രണ്ട് പോലീസുകാർ. ആദ്യം ഒന്ന് ഞെട്ടി പിന്നെ സമനില വീണ്ടെടുത്ത് കാര്യങ്ങൾ തിരക്കി ശേഷാദ്രി മരിച്ചു, ഹൃദയസ്തംഭനമായിരുന്നു.. എനിക്ക് തലചുറ്റുന്നത് പോലെ തോന്നി….!

ശേഷാദ്രിയുടെ ജഡം വലിയ പ്ലൈവുഡ്ഡ് പെട്ടിയിൽ മോർച്ചറിയിൽ നിന്ന് നാട്ടിലേക്ക് അയക്കാൻ തയ്യാറായിരുന്നു. സമീപത്തായി അയാൾ അമ്മയ്ക്കായ് വാങ്ങിയ സാധനങ്ങളുടെ പൊതികളും… വലിയ പ്ലൈവുഡ് പെട്ടിയിൽ ഇങ്ങനെ എഴുതിയിരിന്നു ശേഷാദ്രി അയ്യർ സൺ ഓഫ് ശങ്കര അയ്യർ പാസ്പ്പോർട്ട് നമ്പർ…

കൂടുതൽ വായിക്കാൻ മനസ്സ് അനുവദിച്ചില്ല… ലഗേജ് കൊണ്ടുപോകുന്ന ട്രാക്ടറിൽ ശേഷാദ്രി അയ്യർ മടങ്ങുകയാണ്. ഒരു പിടി നടക്കാതെ പോയ സ്വപ്നങ്ങലാണ് ആ പ്ലൈവുഡ് പെട്ടിക്കുള്ളിൽ യാത്രയാവുന്നത്…. ഇന്ന് ഈ അവധിക്കാലത്ത് കല്പാത്തിയിലെ അവന്റെ വീടിന് മുൻപിൽ നിൽക്കുമ്പോൾ അറിയാതെ ഉള്ളം തേങ്ങി… ഇവിടെ എവിടെയായിരുന്ന് അവൻ പറയുന്നത് ഞാൻ കേട്ടു ജോ ഒരു കോഫി ശാപ്പിട പോരെയാ…

Share this on...