പഴയ കൂട്ടുകാരിയെ കണ്ട യുവാവ്,അവളെ വലയിൽ വീഴ്ത്താൻ വേണ്ടി വീട്ടിലേക്ക് ചെന്നപ്പോൾ സംഭവിച്ചത് കണ്ടോ…

in Story 3,417 views

നീയിപ്പോഴും ഈ കമ്പനിയുടെ പാഡ് തന്നെയാണോ യൂസ് ചെയ്യുന്നത് ?
സൂപ്പർമാർക്കറ്റിനുള്ളിലെ റാക്കിൽ നിന്നും വിസ്പറിൻ്റെ പായ്ക്കറ്റ് വലിച്ചെടുക്കുമ്പോഴാണ് പുറകിൽ നിന്നൊരു പുരുഷശബ്ദം കേട്ടത് തിരിഞ്ഞ് നോക്കുമ്പോൾ എന്നെ നോക്കി വെളുക്കെച്ചിരിച്ച് കൊണ്ട് നില്ക്കുന്നയാളെ ഞാൻ മനസ്സിലാവാത്തത് പോലെ നോക്കി

നീയെന്താടീ തുറിച്ച് നോക്കുന്നത് ?ഇത് ഞാനാടീ RA ജീവൻ, ഓഹ് സോറി നിനക്കെൻ്റെ പുതിയ പേരറിയില്ലല്ലോ ?എടീ ഞാൻ നിൻ്റെ പഴയ ക്ളാസ് മേറ്റ് രാജീവനാടീ… പണ്ട് നീ സ്കൂളിൽ വച്ച് ഒരു തുണ്ട് പേപ്പറിൽ എഴുതി തന്ന് വാങ്ങിപ്പിച്ചതും ഇതേ കമ്പനി തന്നെയായിരുന്നു ,അതാ ഞാൻ ചോദിച്ചത് അപ്പോഴാണ് എനിക്കവനെ മനസ്സിലായത്, എൻ്റെ കൂടെ പഠിച്ച രാജീവനായിരുന്നത് ,
അവൻ പറഞ്ഞതും ശരിയാണ്,

ഒരിക്കൽ ക്ളാസ്സിൽ വച്ച് അവിചാരിതമായെനിക്ക് ബ്ളീഡിങ്ങുണ്ടായി ,കൂട്ടുകാരികളോട് പറഞ്ഞപ്പോൾ അവർക്കൊക്കെ കടയിൽ പോയി പാഡ് വാങ്ങാനായി വല്ലാത്ത ജാള്യത ,അങ്ങനെയാണ് മറ്റ് മാർഗ്ഗമില്ലാതെ, അന്നത്തെ എൻ്റെ ഇൻ്റിമേറ്റ് ഫ്രണ്ടായിരുന്ന രാജീവൻ്റെ കൈയ്യിലൊരു കുറിപ്പെഴുതി കൊടുത്ത് വിട്ടത്, ആ സംഭവം അവൻ്റെ മനസ്സിലിപ്പോഴുമുണ്ടല്ലോ? എന്നോർത്ത് എനിക്ക് ലജ്ജ തോന്നി .

എടാ രാജീവൻ കുട്ടാ… നീയെന്നാടാ ,RA ജീവനായത്?വിഷയം മാറ്റാനായി ഞാനവനോട് കുശലം ചോദിച്ചു.ദേ രേണു… വെറും കൺട്രിയായ എൻ്റെ അച്ഛൻ്റെ പേരാണ് കുട്ടൻ, അത് ചേർത്ത് വിളിക്കുമ്പോഴുള്ള നാണക്കേട് മാറ്റാനാണ്, ഞാനെൻ്റെ പേര് തന്നെ മാറ്റിയത്, നീയെന്നെ ഇനിയാ പഴയ പേര് വിളിച്ച് നാറ്റിക്കല്ലേ? പ്ളീസ് …

ഓകെ ഓകെ ,അല്ല നീയിപ്പോൾ എവിടുന്നാ പൊട്ടിവീണത്? എത്ര വർഷങ്ങളായി നിന്നെ കണ്ടിട്ട്, നീയാളാകെ മാറിപ്പോയി, പണ്ട് നാടവിര പോലെയിരുന്ന നീയിപ്പോൾ പേർഷ്യൻ ക്യാറ്റ് പോലായല്ലോ?
നീയാ പറഞ്ഞതിൽ തന്നെ അതിനുള്ള ഉത്തരമുണ്ട്, ഡിഗ്രി കഴിഞ്ഞ് ഞാൻ നേരെ ഗൾഫിലേക്കാണ് പോയത് ,ആദ്യമൊക്കെ കമ്പനിഡ്രൈവറായും, പിന്നെ ഹൗസ് ഡ്രൈവറായുമൊക്കെ ജോലി നോക്കി, ഇപ്പോൾ സ്വന്തമായി ഒരു ലേബർ കമ്പനിയുണ്ട് ,അത്യാവശ്യം സമ്പാദ്യമൊക്കെയായിട്ട് അങ്ങനെ പോകുന്നു,

അപ്പോൾ നീയൊരു ചെറിയ മുതലാളിയാണ് ,?ചുമ്മാതല്ല പേരൊക്കെ മാറ്റിയത്, അല്ല നിൻ്റെ ഭാര്യയും കുട്ടികളുമൊക്കെ വന്നിട്ടുണ്ടോ ?

അതിന് ഞാൻ കല്യാണം കഴിച്ചിട്ട് വേണ്ടേ? സമ്പാദിക്കാനുള്ള ഓട്ടപ്പാച്ചിലിനിടയിൽ ,
അതിനൊക്കെ എവിടെയാ സമയം, അത് പോട്ടെ, നിൻ്റെ വിശേഷം പറയ്,
ഓഹ് ,ഞാനൊരു സാധാരണ വീട്ടമ്മ ,പിന്നെ.. നിന്നെപ്പോലെ മുതലാളി അല്ലെങ്കിലും, എൻ്റെ ഹസ്ബൻ്റും, ഒരു ഗൾഫുകാരനാണ് കേട്ടോ? ഇപ്പോൾ ദുബായിലാണ്,
പ്ളസ് ടുവിനും ,പത്താം ക്ളാസ്സിലും പഠിക്കുന്ന രണ്ട് പെൺകുട്ടികളാണ് എനിക്ക്, അവരെ ഞാൻ രാവിലെ സ്കുളിലാക്കിയിട്ടാണ് ഇങ്ങോട്ട് പർച്ചേസിന് വന്നത്
ഒഹ് റിയലി? എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല, വലിയ രണ്ട് കുട്ടികളുടെ അമ്മയാണ് നീയെന്ന് ഒരിക്കലും പറയില്ല

അവനെന്നെ ആപാദചൂഡം വീക്ഷിച്ച് കൊണ്ട് പറഞ്ഞപ്പോൾ എനിക്കെന്തോ പോലെ തോന്നി,
ചുമ്മാ പൊക്കല്ലേടാ.. കഴിഞ്ഞ പ്രാവശ്യം അങ്ങേര് വന്നപ്പോൾ എന്നോട് പറയുവാ, അടുത്ത പ്രാവശ്യം ഞാൻ വരുമ്പോൾ മക്കൾക്ക് മാത്രം നാപ്കിൻ കൊണ്ട് വന്നാൽ മതിയല്ലോ? നിനക്കതിൻ്റെ ആവശ്യം വരില്ലല്ലോ? എന്ന് ,എന്ന് വച്ചാൽ ഞാനത്രയ്ക്ക് പ്രായമായെന്നല്ലേ അതിനർത്ഥം?
അത് നിൻ്റെ കെട്ടിയോന് സൗന്ദര്യബോധം തീരെയില്ലാത്തത് കൊണ്ടാണ്, ഞാനായിരുന്നെങ്കിൽ,
ഇത്രയും സുന്ദരിയും ചെറുപ്പക്കാരിയുമായ ഭാര്യയെ, തനിച്ചാക്കിയിട്ട് നാട് വിട്ടെങ്ങും പോകില്ലായിരുന്നു,

അവനെന്നെ ദേഹമാസകലം ഉഴിഞ്ഞ് കൊണ്ടത് പറഞ്ഞപ്പോൾ, എനിക്ക് വല്ലായ്മ തോന്നി.
അപ്പോൾ കുട്ടികൾ കൂടി സ്കൂളിൽ പോയി കഴിഞ്ഞാൽ പിന്നെ, നീ വീട്ടിൽ തനിച്ചായിരിക്കുമല്ലേ?
ങ്ഹാ ,ഞാൻ മാത്രമല്ല, പുറം നാട്ടിൽ ജോലിക്ക് പോകുന്ന മിക്ക പുരുഷൻമാരുടെയും ഭാര്യമാർ തനിച്ചായിരിക്കുമല്ലോ? എനിക്കും അതാണിഷ്ടം,

ഈ എഴുത്തിൻ്റെ അസ്കിത, ലേശമുള്ളത് കൊണ്ട്, ഏകാന്തതയോടാണെനിക്ക് പ്രണയം
അത് പറഞ്ഞ് ഞാൻ പൊട്ടിച്ചിരിച്ചു

അല്ല നിൻ്റെ നാട്ടിൽ വന്നിട്ട് നീയെന്നെ നിൻ്റെ വീട്ടിലേക്ക് ക്ഷണിക്കുന്നില്ലേ?
അപ്രതീക്ഷിതമായ അവൻ്റെ ചോദ്യം എന്നെ ധർമ്മസങ്കടത്തിലാക്കി
എട്ട് മുതൽ പത്ത് വരെയുള്ള ക്ളാസ്സുകൾ തുടർച്ചയായി അവനെൻ്റെ ക്ളാസ് മേറ്റായിരുന്നു ,അത് കൊണ്ട് അവനെ അവഗണിക്കുന്നത് ശരിയല്ല ,മാത്രമല്ല, എൻ്റെ ഹസ്ബൻ്റിൻ്റെ വിസാ കാലാവധി, ഈ വർഷത്തോടെ അവസാനിക്കുന്നത് കൊണ്ട്, വേറെ ഏതെങ്കിലും കമ്പനിയെ സമീപിക്കണമെന്ന് പറഞ്ഞാണ്, ലാസ്റ്റ് പോയത് ,രാജീവനവിടെ സ്വന്തം ബിസിനസ്സ് ഉള്ളത് കൊണ്ട് അവനോട് പറഞ്ഞാൽ, ഹസ്ബൻ്റിന് നല്ലൊരു ചാൻസ് അവൻ കൊടുക്കാതിരിക്കില്ല,

പക്ഷെ ,ഞാൻ രാജീവനുമായിട്ടുള്ള കോൺടാക്ടില്ലാതായിട്ട്, പത്തിരുപത്തിയഞ്ച് വർഷത്തോളമായി ,അവൻ്റെ ഇപ്പോഴത്തെ ക്യാരക്ടറിനെക്കുറിച്ച് യാതൊരു ഐഡിയയുമില്ല, വീട്ടിലെത്തിയതിന് ശേഷം അവൻ എന്നോട് മോശമായി പെരുമാറിയാൽ, എനിക്കവനെ തടയാനുള്ള കായിക ശേഷിപോലുമില്ലന്നുള്ള തിരിച്ചറിവാണ്,അവനോട് മറുപടി പറയാൻ ഞാനൊന്ന് ശങ്കിച്ചത്
നീയെന്താ ആലോചിക്കുന്നത്? നിനക്ക് താല്പര്യമില്ലെങ്കിൽ വേണ്ട ,ഞാൻ ചോദിച്ചത് തിരിച്ചെടുത്തു
അവൻ്റെ മുഖത്തെ ചിരി മാഞ്ഞത് കണ്ടപ്പോൾ എനിക്ക് മനസ്സിലായി, അവന് പിണക്കമുണ്ടായിക്കാണുമെന്ന്അവനെ പിണക്കുന്നത് ശരിയല്ലല്ലോ?

ഹേയ് ,അതല്ല, നിന്നെപ്പോലെ റിച്ചായി ജീവിക്കുന്നൊരാളെ എൻ്റെ ചെറിയ വീട്ടിലേക്ക് എങ്ങനെ കൊണ്ട് പോകുമെന്നോർത്ത് ഒരു വൈമനസ്യം, അത്രേയുള്ളു ,സാരമില്ല നീ വാ എന്തായാലും എൻ്റെ വീട്ടിൽ വന്ന്, ഒരു ചായ എങ്കിലും കുടിച്ചിട്ട് പോയാൽ മതി,

എൻ്റെ ഉത്ക്കണ്ഠകളെ ഒരു ചെറു ചിരിയിലൊതുക്കി വച്ചിട്ട് ഞാനവനെ വീട്ടിലേക്ക് ക്ഷണിച്ചു.
ചായ മാത്രമല്ല, ഉച്ചയൂണും കൂടി കഴിച്ചിട്ടേ ഞാൻ പോകുന്നുള്ളു
അത് കൂടി കേട്ടപ്പോൾ, എൻ്റെ ഉണ്ടായിരുന്ന ധൈര്യവും കൂടി ചോർന്ന് പോയി .
നീയിതൊന്ന് പിടിക്ക് ഞാനൊന്ന് റിഫ്രെഷാവട്ടെ,

ബില്ല് പേ ചെയ്ത് സാധനങ്ങളുമായി പുറത്തേയ്ക്കിറങ്ങുന്നതിന് മുമ്പ്, സാധനങ്ങൾ അവനെ ഏല്പിച്ചിട്ട് ഞാൻ വാഷ് റൂമിലേക്ക് നടന്നു.
അവൻ്റെ കാറിലാണ് ഞങ്ങൾ എൻ്റെ വീടിൻ്റെ മുന്നിലെ ഗേറ്റിനടുത്തെത്തിയത്.
മുറ്റത്ത് പാർക്ക് ചെയ്യാൻ സ്ഥലമില്ല, ആകെയുള്ള രണ്ടര സെൻ്റിലാണ് വീട് നില്ക്കുന്നത്, നീയൊരു കാര്യം ചെയ്യ്, ദാ ആ കാണുന്ന പറമ്പിലേക്ക് കയറ്റിയിട്ടോ

ഡോറ് തുറന്ന് പുറത്തിറങ്ങിയ ഞാൻ, കുറച്ചപ്പുറത്തായി നിർമ്മാണം പാതിയിൽ മുടങ്ങിക്കിടക്കുന്നൊരു കെട്ടിടത്തിൻ്റെ, പുല്ല് പിടിച്ച പറമ്പ് കാണിച്ച് കൊടുത്തിട്ട് അവൻ വരാനായി ,അകത്തേയ്ക്ക് കയറാതെ ഗേറ്റിന് വെളിയിൽ തന്നെ കാത്ത് നിന്നു.
ഇതൊരു ഒറ്റപ്പെട്ട സ്ഥലമാണല്ലേ? പരിസരത്തൊന്നും ആരെയും കാണുന്നില്ലല്ലോ ?
അവൻ്റെ സംസാരത്തിൽ പ്രത്യാശയുടെ കിരണങ്ങളുണ്ടോയെന്ന്, സംശയിച്ചത്, എൻ്റെ ആശങ്ക കൊണ്ടാവുമെന്ന് ഞാൻ സംശയിച്ചു.
ങ് ഹേ ഇതാരാ രേണു ..?

ഗേറ്റ് തുറന്ന് അവനെയും കൊണ്ട് ഞാൻ അകത്തേയ്ക്ക് കയറുമ്പോൾ, സിറ്റൗട്ടിലെ കസരയിലിരിക്കുന്ന ഹസ്ബൻ്റിൻ്റെ അച്ഛനെ കണ്ടവൻ, ഞെട്ടലോടെ ചോദിച്ചു.
ങ്ഹാ ഇതെൻ്റെ അച്ഛനാണ്, അതായത് സുരേട്ടൻ്റെ അച്ഛൻ, നീ മുമ്പ് കണ്ടിട്ടില്ലല്ലോ ,അച്ഛാ… ഇതെൻ്റെ കൂടെ പഠിച്ച രാജീവനാണച്ഛാ … അല്ല അച്ഛനിതെപ്പോൾ വന്നു?,
ഒന്ന് വിളിച്ച് പറഞ്ഞിരുന്നെങ്കിൽ, താക്കോല് ഞാനിവിടെ എവിടെയെങ്കിലും വച്ചിട്ട് പോയേനെ?
ഓഹ് അത് സാരമില്ല മോളെ. ഞാൻ നമ്മുടെ വൈദ്യരുടെ അടുത്തൊന്ന് വന്നപ്പോൾ, ഇത് വഴി കയറിയെന്നേയുള്ളു ,

കതക് പൂട്ടിയിരിക്കുന്നത് കണ്ടപ്പോൾ ,അങ്ങേതിലെ ഡെയ്സി കൊച്ചിനോട് തിരക്കി, നീയേതാണ്ട് വാങ്ങിക്കാൻ പോയിരിക്കുവാ ഉടനെ വരുമെന്നവൾ പറഞ്ഞു ,എന്നാൽ പിന്നെ, കതക് തുറന്ന് ആ കൊച്ചനെ അകത്തേയ്ക്ക് വിളിച്ചിരുത്ത് മോളേ …

ഓഹ് സോറി ,ഞാനത് മറന്നു, വരു രാജീവാ… അകത്ത് കയറിയിരിക്ക് ,ഞാനാദ്യം കുടിക്കാനെടുക്കാം, എന്നിട്ട് നീ അച്ഛനുമായി സംസാരിച്ചിരിക്കുമ്പോഴേക്കും, ഊണും റെഡിയാക്കാം
ബാഗിൽ നിന്ന് താക്കോലെടുത്ത് കതക് തുറന്ന് കൊണ്ട് ഞാൻ പറഞ്ഞു.
അയ്യോ വേണ്ട രേണു.. ,അതൊക്കെ പിന്നീടാവാം, ഇപ്പോഴാ ഞാനൊരു കാര്യമോർത്തത്, എനിക്കൊരു ക്ളൈൻറുമായി മീറ്റ് ചെയ്യാനുണ്ടായിരുന്നു, പന്ത്രണ്ട് മണിക്ക് ചെല്ലാമെന്ന് ഞാനയാളോട് പറഞ്ഞതാ, ഇപ്പോൾ തന്നെ ലേറ്റായി ,അപ്പോൾ ശരി ,അച്ഛാ… എന്നാൽ ഞാനിറങ്ങട്ടെ,
അവൻ്റെ വെപ്രാളവും പരവേശവും കണ്ടപ്പോൾ എനിക്ക് മനസ്സിലായി ,അച്ഛനെ കണ്ടപ്പോൾ അവൻ്റെ കണക്ക് കൂട്ടലുകളൊക്കെ പാളി പോയെന്ന് ,

നീ സംശയിച്ചത് ശരിയായിരുന്ന് മോളേ … എന്തായാലും നിനക്കെന്നെ വിളിച്ച് വരുത്താൻ തോന്നിയത് നല്ല കാര്യമാണ് അവൻ പോയിക്കഴിഞ്ഞപ്പോൾ അച്ഛൻ എന്നെ അഭിനന്ദിച്ചു.

സൂപ്പർ മാർക്കറ്റിൽ വച്ച് ഞാൻ വാഷ് റൂമിലേക്ക് പോയത് ,അച്ഛനെ വിളിച്ച് രാജീവൻ വീട്ടിലേക്ക് വരുന്നുണ്ടെന്ന് പറയാനായിരുന്നു, ചെറുപ്പത്തിലേ അച്ഛനെ നഷ്ടപ്പെട്ട ഞാൻ, കല്യാണം കഴിഞ്ഞ നാൾ മുതൽ ഭർത്താവിൻ്റെ അച്ഛനെയായിരുന്നു, സ്വന്തം അച്ഛനായിട്ട് കണ്ടത് ,തിരിച്ചും മകളായിട്ട് തന്നെ അദ്ദേഹം എന്നെ കണ്ടത്കൊണ്ടാവാം, എനിക്കിത് പോലൊരു പ്രതിസന്ധിയുണ്ടായപ്പോൾ,
അച്ഛനോടെല്ലാം തുറന്ന് പറയാൻ കഴിഞ്ഞത്, അറിഞ്ഞയുടനെ തന്നെ കുറച്ചകലെ ഇളയമകനോടൊപ്പം തറവാട്ടിൽ താമസിക്കുന്ന അച്ഛൻ ,ഞാൻ വരുന്നതിന് മുമ്പ് തന്നെ, ഓട്ടോറിക്ഷ വിളിച്ച് ഇങ്ങോട്ട് വരികയായിരുന്നു.

ഇതൊരു പക്ഷേ, എൻ്റെ മാത്രം അനുഭവമായിരിക്കില്ല, പലരും ഇത് പോലൊരു സന്ദർഭത്തിലൂടെ കടന്ന് പോയിട്ടുണ്ടാവാം, ചിലരതിനെ അതിജീവിച്ചിട്ടുണ്ടാവാം ,കുറച്ച് പേർ ട്രാപ്പിലകപ്പെടുകയും ചെയ്തിട്ടുണ്ടാവാം, എങ്കിലും ഇനിയും ഇത്തരം അനുഭവങ്ങൾ ആർക്കെങ്കിലുമുണ്ടാവാം ,
ഒറ്റയ്ക്കാകുന്ന അവസരങ്ങൾ മുതലെടുക്കാനായി, പഴയ ക്ളാസ്സ് മേറ്റോ ,പരിചയക്കാരോ സൗഹൃദം നടിച്ച് കൂടെ വരാൻ സാധ്യതയുണ്ടെങ്കിൽ, ഒന്ന് സൂക്ഷിക്കുക, കാരണം എല്ലാവരും ജനുവിനായിരിക്കില്ല.
സ്നേഹത്തോടെ
കഥ:സജി തൈപ്പറമ്പ്.

Share this on...