പണം കണ്ട് പതിനഞ്ച് വയസ്സായ മകളെ കെട്ടിച്ചു കൊടുത്ത ഉപ്പ; പെൺകുട്ടിക്ക് ചെക്കന്റെവീട്ടിൽ സംഭവിച്ചത്

in Story 3,278 views

ഇല്ലിക്കൽ മുഹമ്മദ് ഹാജി മകൻ മുസ്തഫ ഇരുപത്തി ഒന്നാമത്തെ വയസ്സിലാണ് സുഹറയെ പെണ്ണ് കെട്ടിയത്.. അന്ന് സുഹറക്ക് പ്രായം പതിനഞ്ചു കഴിഞ്ഞിട്ടേയുള്ളു….
കളിച്ചുല്ലസിച്ചു ചിത്രശലഭത്തെ പ്പോലെ പറന്നു നടക്കുന്ന പ്രായം.വയസ്സ് അറിയിച്ചതിന്റെ അങ്കലാപ്പ് മനസ്സും ശരീരവും പൊരുത്തപെട്ടിട്ടില്ലായിരുന്നു..ഒരുദിവസം സുഹറ സ്കൂളിൽ നിന്നും വീട്ടിലേക്കു വരുമ്പോൾ വഴിയിൽ അവളുടെ ഉമ്മ നിൽക്കുന്നുണ്ടായിരുന്നു..

ഉമ്മയെ കണ്ട സന്തോഷത്താൽ കൂട്ടുകാരി കല്ലുവിനോട് യാത്ര പറഞ്ഞ് ഓടിയടുത്തെത്തി.. ചോദിച്ചു..”എന്താ ഉമ്മ ഇന്ന് ചായക്ക്… ഒന്നും ഉണ്ടാക്കിലെ “”പത്തിരിം കോയി ചാറും പലഹാരങ്ങളും ഒക്കെയുണ്ട്…വാടി പെണ്ണെ ഉമ്മറത്ത് കൂടി പോകണ്ട അവിടെ വിരുന്നുകാരുണ്ട് “”ആരുമ്മ..അമ്മായി വന്നിട്ടുണ്ടോ..?”

“അതൊക്കെ പറയാം നീ ബേഗം വാ.. സമയം വൈകിയിരിക്കണ് ”
അവളുടെ കൈപിടിച്ച് ഇടവഴിയിൽ നിന്നും തൊട്ടടുത്ത തൊടിയിലേക്ക് കയറി..തൊട്ടാവാടിയും കമ്യുണിസ്റ്റു പച്ചയും ചൊറിയണവും നിറഞ്ഞ പറമ്പിലൂടെ കയറ്റി വീടിന്റെ പുറകിലെ വാഴത്തോട്ടത്തിലെത്തി..”ഉമ്മ…കയ്യിന്നു വിട്..വേദനിക്കുന്നു ”

അവൾ ഉമ്മയോട് പരിഭവം പറഞ്ഞു..”മിണ്ടാതെ വാടി ബലാലെ…പോയി കയ്യും മുഖവും കഴുകി വായോ കോലം കണ്ടില്ലേ “ഉമ്മയെ കോക്രി കാണിച്ചു അവൾ ചാടിത്തുള്ളി മറപ്പുരയിൽ കയറി മുഖം കഴുകി ഇറങ്ങി വന്നു.. ” ബേഗം ഉടുപ്പ് മാറ്റി ഇത് ഇട്ടോ.. പുറത്തേക്കിറങ്ങിയ അവളുടെ മുന്നിൽ ചെറിയുമ്മ കസവു തൂന്നിയ പെരുന്നാൾ കുപ്പായവുമായി നിൽക്കുന്നു..എന്താണ് അവിടെ നടക്കുന്നതെന്ന് അവൾക്കു പിടികിട്ടിയില്ല..

“അവിടെ നിന്നെക്കാണാൻ ആളൊള് വന്നിട്ടുണ്ട്.. പൂത്ത പണക്കാരാ .. പുയ്യാപ്ലക്കു കപ്പലിലാ ജോലി..മഹാഭാഗ്യം വരുന്നത് പോലുള്ള ചെറിയുമ്മാന്റെ വർത്തമാനം കേട്ടപ്പോൾ അവൾക്ക് അരിശം വന്നു, മുഖത്തെ പുഞ്ചിരി മാഞ്ഞു പോയി..”എനിക്കിപ്പോ കല്യാണം വേണ്ട, എനിക്ക് പഠിക്കണം ”
“നിന്റെ ഉപ്പയും ഉപ്പൂപ്പയും കൊച്ചാപ്പയും ഒന്നും കേൾക്കേണ്ട അവരൊക്കെ നല്ല സന്തോഷത്തിൽ ആണ്, ഇത് ഏതാണ്ട് ഉറപ്പിച്ച മട്ടിലാണ്…. ”

“എന്നാ പിന്നെ ഇങ്ങള് കെട്ടിക്കോ..”അപ്പോഴേക്കും അവളെ വിളിക്കാൻ കൊച്ചാപ്പ അടുക്കളയിൽ എത്തിയിരുന്നു..”നിയ്യ് ഒരുങ്ങിയില്ലേ സുഹറ ഇത് വരെയും….”അവൾക് കല്യാണം വേണ്ടാന്നാ പറയുന്നേ..ഇക്കാ ”

“ഇപ്പൊത്തന്നെ അന്നെ കെട്ടി കൊണ്ടൊവുന്നില്ല അതിനൊക്കെ ഇനിയും സമയം ഉണ്ടല്ലോ… ഇവളെ ഒന്ന് വേഗം ഒരുക്ക് സെലീന.. ഇജും കുട്യോൾടെ താളത്തിനൊത്തു തുള്ള..”
അയാൾ ഭാര്യയോട് പറഞ്ഞ് വേഗത്തിൽ ഉമ്മറത്തേക്ക് നടന്നു…

“ഇപ്പൊ വെരൂട്ടോ അവൾ സ്കൂളിൽ നിന്നും എത്തിയതേ ഉള്ളൂ..”അയാൾ വന്നവരോടായി പറഞ്ഞു
“അത് കൊയപ്പല്യ മുന്നേ ഓളെ ഞാൻ കണ്ടതല്ലേ..അന്ന് ഉറപ്പിച്ചതാ സുഹറ മ്മടെ മുസ്തഫയ്ക് ഉള്ളതാണെന്ന്.. അത് ഇവിടം വരെ എത്തി……ഇനി പടച്ചതമ്പുരാൻ നടത്തിത്തരും..
അപ്പോഴേക്കും സെലീന അവളെ ഒരുക്കി മൊഞ്ചത്തിയാക്കി കൊണ്ട് വന്നു..കൂടെ ഉമ്മ ചായയും പലഹാരവുമായി….

മുസ്തഫയ്ക്കും ഉമ്മക്കും രണ്ടു അനിയത്തിമാർക്കും സുഹറനെ ഒത്തിരി ഇഷ്ടമായി…. ആ കൂടിച്ചേരലിന് വന്നവരോടായി പറഞ്ഞ് ഹാജിയാരും സുഹറയുടെ വീട്ടുകാരും നികാഹ് ഉറപ്പിച്ചു….
സുഹറക് പഠിക്കാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു ഉമ്മയോടും സെലീന കൊച്ചുമ്മാടും അവൾ നിരന്തരം പറഞ്ഞുകൊണ്ടിരുന്നു ……

“സുഹറ നിന്റെ താഴെയും രണ്ടു പെൺകുട്ടികൾ വളരുന്നുണ്ട് നിയ്യ് അത് മറക്കരുത് ”
പെണ്ണുങ്ങളുടെ വാക്കിനു വില ഇല്ലാത്തതിനാലും ഈ തറവാട്ടിൽ ഉള്ള പെണ്ണുങ്ങക്ക് അത്ര പഠിപ്പ് മതി എന്ന ഉപ്പൂപ്പാന്റെ സ്ഥിരം പല്ലവിയാലും സുഹറയുടെ സ്വപ്‌നങ്ങൾ അവർക്കൊക്കെ വേണ്ടി മാറ്റി വെച്ചു….

നികാഹ് ഉറപ്പിച്ച പെണ്ണ് ഇനി സ്കൂളിൽ പോവേണ്ടാ എന്നും കൂടി ഉപ്പൂപ്പാന്റെ വായിൽ നിന്നും കേട്ടതോടെ സുഹറ ഇല്ലാതായി…. ആർകൊക്കെയോ വേണ്ടി ഞാൻ ബലിയാടാവുകയാണെന്ന് അവളുടെ മനസ്സ് മന്ത്രിച്ചുകൊണ്ടിരിന്നു….എന്ത് രസായിരുന്നു ക്ലാസ്സ്‌ റൂമും, ടീച്ചർമാരും, കൂട്ടുകാരും, ഇന്റർവെൽ സമയം മിട്ടായി വാങ്ങാൻ പോക്കും…

പഠിച്ച് വലുതായി ശാന്ത ടീച്ചറെ പോലെ ഒരൂ ഇംഗ്ലീഷ് ടീച്ചർ ആവണം.. മോഹംഒന്നും നടക്കിലല്ലോ..ആഗ്രഹങ്ങൾ അവളുടെ കുഞ്ഞു മനസ്സിലൂടെ വിങ്ങലായും വല്ലാത്ത ഒരു നോവായും മിന്നി മാഞ്ഞു കൊണ്ടിരുന്നു….

എത്ര പിടിച്ച് നിർത്തിയിട്ടും മനസ്സിന്റെ വേദന കണ്ണുകളിലൂടെ ഒഴുകി കൊണ്ടിരുന്നു…
കൂട്ടുകാരുമായി എന്നും ഒഴിവു സമയങ്ങളിൽ കളിക്കാറുള്ള മഞ്ചാടി മരച്ചുവട്ടിൽ അവളുടെ ഉറ്റചങ്ങാതി കല്ലുവിനെയും കാത്തു അവൾ ഇരിക്കും..സ്കൂൾ വിട്ട് വന്നാൽ കല്ലു സുഹറനെ കാണാനായി എന്നും ഒത്തു കൂടും, സ്കൂളിലെ വിശേഷങ്ങൾ പങ്ക് വെക്കും….
സുഹറ എല്ലാം കൗതുകത്തോടെ കേട്ടിരിക്കും….

ചിന്നിചിതറി കിടക്കുന്ന മഞ്ചാടി മണികളെ നോക്കി വെറുതെ മന്ദഹസിക്കും….എത്രയോ തവണ തല്ലുകൂടിയിരിക്കുന്നു കൂട്ടുകാരുമായി മഞ്ചാടി കുരുവിനു വേണ്ടി….
“സുഹറ ഇനി നിനക്ക് മഞ്ചാടി കുരുവിന്റെ ആവിശ്യം ഉണ്ടാവൂലല്ലേ…”അവൾ സങ്കടത്തോടെ ചോദിച്ചു…ഉത്തരം പറയാൻ അവൾക്കില്ലായിരുന്നു..
“ഞാൻ പോട്ടെ കല്ലു.. ഉമ്മ അന്വേഷിക്കുന്നുണ്ടാവും..പിന്നെ കാണാം” എന്നു പറഞ്ഞു അവൾ നടന്നകന്നു…

ദിവസങ്ങൾ അടുത്ത് കൊണ്ടിരിക്കെ സുഹറയുടെ വീട്ടിൽ കല്യാണത്തിനുള്ള ഒരുക്കങ്ങൾ ഗംഭീരമായി തന്നെ നടന്നു അവളുടെ മുഖത്തെ തെളിച്ചമില്ലായ്മ ആരും കാര്യമാക്കിയില്ല…
എത്ര പെട്ടന്നാണ് കല്യാണ ദിവസം വന്നെത്തിയത്… ഉപ്പാന്റെ വീട്ടുകാരും ഉമ്മാടെ വീട്ടുകാരും രണ്ടു മൂന്നു ദിവസം മുന്നേ തന്നെ വന്നിരുന്നു…

അങ്ങനെ കല്യാണ രാവ് വന്നെത്തി എല്ലാവരും നല്ല സന്തോഷത്തിൽ ആയിരുന്നു മാമിമാരും ഇത്താത്തമാരും കൂടി അവളെ അണിയിച്ചൊരുക്കി സുന്ദരി ആക്കിയിരുന്നു… അവരൊക്കെ കൂട്ടത്തിൽ ഓരോന്ന് പറഞ്ഞു കളിയാക്കി ചിരിക്കുന്നുമുണ്ട്…

എല്ലാർക്കു മുന്നിലും നോവുകൾ മാറ്റിവെച്ച് ഒരു ചെറു പുഞ്ചിരിയാലെ നിന്നു…
അപ്പോഴേക്കും പുയ്യാപ്ല വന്നു… നികാഹ് നടന്നു കൊണ്ടിരിക്കെ ഒളികണ്ണാലെ അവൾ അവരെ നോക്കി, അന്നേരം ഉപ്പാന്റെ കൈകൾ വിറച്ചിരുന്നോ എന്നൊരു തോന്നൽ..ഉപ്പാന്റെ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നു സന്തോഷം കൊണ്ടാവും…

നികാഹ് കഴിഞ്ഞു ഭർത്താവിന്റെ കൂടെ പോകാൻ നേരം അവൾക്കും പിടിച്ച് നിൽക്കാൻ ആയില്ല പരിസരം നോക്കാതെ അവളും കരഞ്ഞു പോയി..എല്ലാവരും സന്തോഷത്തോടെ അവളെ യാത്രയാക്കി…അവിടെ ഉള്ള ഉപ്പയും ഉമ്മയും അവളെ സ്വന്തം മോളെപ്പോലെയാണ് കണ്ടതും സ്നേഹിച്ചതും, അനിയത്തിമാർക്കും പെരുത്ത് ഇഷ്ടമായിരുന്നു…അത് കൊണ്ട് തന്നെ അവൾ അവിടെ സന്തോഷവധിയായിരുന്നു… പഠിക്കാൻ പോവാത്തത്തിലുള്ള കാര്യം ഒഴിച്ച്….

ഭർത്താവിനോട് പഠിക്കാൻ പോകുന്ന കാര്യം സൂചിപ്പിച്ചപ്പോൾ സാവധാനം ഉപ്പയോടും ഉമ്മയോടും പറയാം എന്നായിരുന്നു മറുപടി പിന്നീട് അവൾ അതിനെ കുറിച്ച് ചോദിച്ചതും ഇല്ല, എന്നാലും ഉള്ളിൽ നീറുന്നുണ്ടായിരുന്നു..

ഈ വർഷം എസ് എസ് എൽ സി അല്ലെ എല്ലാവിഷയത്തിലും മുഴുവൻമാർക്ക്‌ വാങ്ങണമെന്നും തുടർന്ന് പഠിച്ച് ജോലി നേടണംഎന്നെല്ലാംഎത്ര കിനാവുകൾ കണ്ടിരിക്കുന്നു…എല്ലാം വെറുതെയായി… ഉച്ച മയക്കത്തിലെ പകൽ കിനാവുകൾ മാത്രമായി മാറിഎല്ലാം..
മധുവിധു നാളുകൾ കഴിഞ്ഞു ഭർത്താവിന് ജോലി സ്ഥലത്തേക്ക് പോവേണ്ട നാളുകൾ അടുക്കവേ അവൾക് ഒറ്റപ്പെട്ടതുപോലെ തോന്നി തുടങ്ങി…അറിയാത്ത കുറെ നോവുകളാൽ മനസ്സ് അസ്വസ്ഥമായിരുന്നു….അനിയത്തിമാർ സ്കൂളിൽ പോവുമ്പോൾ കൊതിക്കാറുണ്ട് എനിക്കും പോവാൻ പറ്റിയെങ്കിൽ എന്നു….

അവർ നടന്നകലുമ്പോൾ കണ്ണിൽ നിന്നും മായുന്നത് വരെ നോക്കിനിൽക്കും… തിരിച്ചു വന്നാൽ നൂറായിരം ചോദ്യങ്ങൾ ചോദിക്കാൻ ഉണ്ടാവും അവൾക്, എന്റെ ടീച്ചറെ കണ്ടോ, കൂട്ടുകാരികളെ കണ്ടോ, എന്നെ പറ്റി എന്തെങ്കിലും ചോദിച്ചോ, അങ്ങനെ ഓരോന്നും….നികാഹ് കഴിഞ്ഞെന്നു വെച്ച് ബാല്യം ബാല്യം ആവാതിരിക്കൂലല്ലോ….ഇതെല്ലാം ഭർത്താവിന്റെ ഉമ്മ ശ്രദ്ധിക്കുന്നുണ്ടായിരുന്നു… അവർ ഒരിക്കൽ ഹാജിയാരോട് പറയുകയും ചെയ്തു,

“ഞാനും അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു നമ്മൾ കാരണം അവളുടെ മോഹങ്ങൾ നടക്കാതിരിക്കണ്ട നാളെ മുതൽ അവളും സ്കൂളിൽ പൊയ്ക്കോട്ടേ…..എനിക്കും ചെറുപ്പത്തിൽ പഠിക്കണം ഒരു നല്ല ജോലി നേടണം എന്നൊക്കെ ഉണ്ടായിരുന്നു പക്ഷെ എന്റെ മാതാപിതാക്കൾക് അതിനുള്ള കഴിവ് ഉണ്ടായിരുന്നില്ല……

നല്ലോണം അധ്വാനിച്ചാണ് ഞാൻ ഇന്ന് ഈ കണ്ടെതെല്ലാം നേടിയത്….എനിക്ക് നടക്കാതെ പോയത് എന്റെ മകനിലൂടെ നേടണം അവനെ ഒരു ഗവണ്മെന്റ്റ് ഉദ്യോഗസ്ഥൻ ആക്കണം എന്നു വല്യ മോഹം ആയിരുന്നു…

പക്ഷെ അവന്റെ ഇഷ്ടം കപ്പലിലെ ജോലി ആണെന്ന് പറഞ്ഞു അത് തിരഞ്ഞെടുത്തു… ഇതൊക്കെ നിനക്ക് അറിയുന്നതെല്ലേ ഞാൻ വീണ്ടും ഓർമിപ്പിച്ചുന്നു മാത്രം……”ഈ കാര്യങ്ങളൊക്കെ ഞാൻ നിങ്ങടെ കൂടെ കൂടിയ അന്ന് മുതൽ കേൾക്കുന്നതെല്ലേ ഇനിയും നിർത്താറായില്ലേ കേൾക്കുന്ന എനിക്ക് മടുത്തു…പറയുന്ന നിങ്ങൾക് മടുപ്പില്ലേ..” “ഭാര്യ ഹാജിയാരെ കളിയാക്കിക്കൊണ്ട് ചോദിച്ചു…..”

“ഇനി സുഹറയിലൂടെ എല്ലാം നേടിയെടുക്കണം……നിയ്യ്‌ അവളെ വിളിക്ക് ഞാൻ പറയാം അവളോട്‌ “”മോളെ സുഹറാ.. ഇങ്ങോട്ടൊന്നു വന്നേ..””എന്തുമ്മ…വിളിച്ചോ..”

“ഉപ്പാക്ക് അന്നോട്‌ ഒരൂ കാര്യം ചോദിക്കണമെന്ന് “”ഭർത്തൃപിതാവ് എന്താണ് പറയുന്നത് എന്നറിയാൻ അവൾ ആകാംഷയോടെ കാതോർത്തു “”സുഹറാ.. അനക്ക് പഠിക്കാൻ പൂതിണ്ടാ…ഉണ്ടെന്നാണ് ഞമ്മക്ക് കിട്ടിയ വിവരങ്ങൾ.. അനക്ക് അങ്ങിനെ ഒരൂ പൂതി ഉണ്ടെങ്കി നാളെ മുതൽ അനിയത്തി കുട്ടികളുടെ കൂടെ സ്കൂളിൽ പൊയ്‌കൊളിൻ.. ഞമ്മൾക്ക് എതിരൊന്നും ഇല്യ.. എന്തെയ്?”
” അൽഹംദുലില്ലാഹ് ഞാൻ കേട്ടത് സത്യമാണോ ഉമ്മ…”

അവൾക് വിശ്വസിക്കാൻ കഴിഞ്ഞില്ല ഇനി ഒരിക്കലും നടക്കില്ലാന്ന് വിചാരിച്ചു വലിച്ചെറിഞ്ഞ സ്വപ്നങ്ങൾക്ക് ഇതാ വീണ്ടും ചിറകുമുളച്ചിരിക്കുന്നു..അവളുടെ കണ്ണുകൾ നിറഞ്ഞു.

ഹാജിയാർക്ക്‌ അവളുടെ മുഖത്ത് നിറഞ്ഞ സന്തോഷം വായിച്ചെടുക്കാൻ കഴിയുമായിരുന്നു….
“പഠിപ്പിന്റെ വില അറിയുന്ന ഒരു കുടുംബത്തിൽ തന്നെ എന്നെ നീ എത്തിച്ചല്ലോ റഹ്മാനെ എന്നു അവൾ സ്വയം പറഞ്ഞു അല്ലാഹുവിനെ സ്തുതിച്ചു..”അതെ മഹർ കഴുത്തിൽ വീണു എന്നു വെച്ച് ഒരു പെണ്ണിനും അവളുടെ ആഗ്രഹങ്ങൾ മറക്കാൻ കഴിയില്ലല്ലോ….

പിറ്റേ ദിവസം മുതൽ അവളും അനിയത്തിമാരുടെ കൂടെ സ്കൂളിൽ പോവാൻ തുടങ്ങി ഒരു പുതിയ തുടക്കം….. പഠിക്കാൻ മിടുക്കിയായ അവൾ എല്ലാ ക്ലാസ്സിലും മുന്നിൽ ആയിരുന്നു, ഹാജിയാർക്കും കുടുംബത്തിനും ഒരുപാട് അഭിമാനം തോന്നി അവളെ ഓർത്ത്…ഓള് ഇഷ്ടമുള്ളത്ര പഠിച്ചോട്ടെ മുസ്തഫാ… നീ എതിരൊന്നും നിൽക്കരുത്.. ഹാജിയാര് ഇടയ്ക്കു മകന് ഉപദേശങ്ങൾ നൽകിയിരുന്നു…

അവൾക് ഇഷ്ടമുള്ളത്രപഠിക്കാൻ എല്ലാവരും കൂടെ നിന്നു അങ്ങനെ അവളുടെ ആഗ്രഹം കൊണ്ടും, കുടുംബത്തിന്റെ അനുഗ്രഹം കൊണ്ടും അവൾക്ക് ഗവണ്മെന്റ്റ് സ്കൂളിൽ ടീച്ചർ ആയി ജോലിയും കിട്ടി….ചില ലക്ഷ്യങ്ങൾ നേടാൻ ചിലരാൽ നിയോഗിക്കപ്പെട്ടിരിക്കും അതിനുള്ള ക്ഷമ ഉണ്ടാവണം എന്ന് മാത്രം….

പ്രതീക്ഷിക്കാതെ കാത്തിരുന്ന് കൊതിച്ചത് കിട്ടുമ്പോഴേല്ലേ സന്തോഷത്തിനു മധുരം കൂടുന്നത്……
ഒരൂ കാലഘട്ടത്തിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ വിവാഹം ചെയ്തു കൊടുക്കുന്നത് സമൂഹത്തിൽ പതിവായിരുന്നു..വിദ്യാഭ്യാസം മുടങ്ങി ആഗ്രഹങ്ങൾ അസ്തമിച്ച ഒരുപാട് പെൺകുട്ടികളുണ്ടായിരുന്നു….അവർക്ക് വേണ്ടി ഞാനീ കഥ സമർപ്പിക്കുന്നു..

Share this on...