നശിപ്പിച്ച യുവാവിനോട് ഈ യുവതി വർഷങ്ങൾക്ക് ശേഷം നടത്തിയ പ്രതികാരം കണ്ടോ ഞെട്ടി പോയി

in Story 10,722 views

ദേ മനുഷ്യാ …
ഇത് കണ്ടോ?
മീറ്റൂ.
പ്രമുഖ സിനിമാ നടന്റെ പേരിലാ പുതിയ വിവാദം.
ഇനി നിങ്ങളുടെ പേരും പറഞ്ഞെങ്ങാനും, നാളെ ആരെങ്കിലും വരുമോ?
ചാരുലത, പത്രം വായിച്ചിട്ട് അടുത്തിരുന്ന തന്റെ ഭർത്താവിനോട് സംശയം പ്രകടിപ്പിച്ചു.
“പിന്നേ… എനിക്ക് അതല്ലായിരുന്നോ പണ്ട് തൊഴില് ,ഒന്ന് പോടീ ”
രവീന്ദ്രൻ ,അത് പുച്ഛിച്ച് തള്ളി .

“ങ്ഹാ, ഒന്നുമില്ലെങ്കിൽ നിങ്ങൾക്ക് കൊള്ളാം”
ചാരുലത അർദ്ധോക്തിയിൽ നിർത്തി.
പത്രം മടക്കി വച്ചിട്ട്, അടുക്കളയിലേക്ക് പോയ ഭാര്യയെ, ഒന്ന് എത്തി നോക്കിയിട്ട്, രവീന്ദ്രൻ പത്രമൊന്ന് കൂടി നിവർത്തി നോക്കി .
പത്തിരുപത് വർഷങ്ങൾക്ക് മുമ്പുള്ള കഥയാണല്ലോ?

ഒന്നിൽ കൂടുതൽ പ്രാവശ്യം ഫോണിൽ വിളിച്ചത്രേ, അതും അസമയത്ത് .
പാവം പെൺകുട്ടി, അത് അസമയമാണെന്നറിയാൻ, ഇരുപത് വർഷമെടുത്തു.
അല്ലാ… ഇയാൾക്കിത് എന്തിന്റെ കേടായിരുന്നു, ഒരു തവണ ഫോണിൽ വിളിച്ചിട്ട് ,ഒന്നും നടക്കില്ലന്നറിഞ്ഞാൽ ,നമ്പരൊന്ന് മാറ്റി വിളിക്കാമായിരുന്നില്ലേ
അസമയത്തുള്ള ,വിളികൾ കാത്ത് എത്രയോ പേരുണ്ട് .
വല്യ നടനാണത്രേ

വെറുതെ നടന്മാരെ പറയിപ്പിക്കാനായിട്ട് വന്നോളും .ഹ ഹ ഹ
എന്തോ ഓർത്ത് രവീന്ദ്രൻ പൊട്ടിചിരിച്ച് പോയി.
“രവിയേട്ടാ… ആ കോഴി,മുട്ടയിട്ടോന്ന് നോക്കിക്കേ അത് കൊക്കുന്നുണ്ടല്ലോ?”
അടുക്കളയിൽ നിന്ന് ചാരുലത വിളിച്ച് പറഞ്ഞു.
പെട്ടെന്ന് ,രവീന്ദ്രന്റെ ചിരി നിന്നു.

അവൾ തന്റെ ചിരിയെ ഒന്ന് കളിയാക്കിയതാണെന്ന് അയാൾക്ക് മനസ്സിലായി.
ഉം അവൾ ,അത് പറഞ്ഞില്ലെങ്കിലേ അത്ഭുതുള്ളു.
കാരണം പഴയ ഗൾഫ് കാരനാണെങ്കിലും, ഇപ്പോൾ പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതെ വീട്ടിൽ തന്നെ ചടഞ്ഞ് കൂടി ഇരിക്കുന്നതിന്റെ അസഹിഷ്ണുത അവൾക്കുണ്ട് .
ഗൾഫിൽ, ഇപ്പോൾ സ്വദേശിവത്കരണം നടക്കുന്നത് കൊണ്ട്, തന്നെ പോലുള്ളവരുടെ സേവനം ,ഇനി അവിടെ ആവശ്യമില്ലെന്ന് പറഞ്ഞ് നാട്ടിലേക്ക് തിരിച്ചയച്ചിട്ട് മാസം അഞ്ചാറായി.
അവിടെ എന്ത് പണി ചെയ്തെന്ന് പറഞ്ഞിട്ടും കാര്യമില്ല.
ഇവിടിപ്പോൾ നാട്ട് കാരുടെ മുന്നിൽ കല്ല് മണ്ണും ചുമക്കാൻ പോകാൻ വയ്യ, എന്തെങ്കിലും ബിസിനസ്സ് നോക്കണം.

ഗൾഫിൽ പോകുന്നതിന് മുമ്പ് അതിനൊക്കെ പോയിട്ടുണ്ട് .
അന്നൊക്കെ ,അതൊരു ത്രില്ലായിരുന്നു.
തമ്പി മേസ്തിരിയോടൊപ്പം ,കെട്ടിടം പണിക്ക് പോരുമ്പോൾ തന്റെ സുവർണ കാലമായിരുന്നു.
രവീന്ദ്രന്റെ ഓർമ്മകൾ പഴയ കാലത്തേക്ക് പോയി.
അന്ന് , മൈക്കാട് പണിക്ക് സ്ഥിരമായി വരുന്ന ശ്യാമളയെ കുറിച്ചാണ് അയാളാദ്യം ഓർത്തത്.
ഓർക്കുമ്പോൾ തന്നെ കുളിര് തോന്നുന്ന അവളുടെ ശരീരഘടന .
ആ ശരീരത്തോട് തോന്നിയ ആകർഷണമാണ്, പിന്നീട് പ്രണയമാണെന്ന
വ്യാജേന അവളോട്, അടുത്ത് തുടങ്ങിയത്.

ആദ്യമൊക്കെ ഒഴിഞ്ഞ് മാറിയെങ്കിലും ,അവളെ കീഴ്പ്പെടുത്താനുള്ള ,
തന്റെ അടങ്ങാത്ത ത്വരയാണ്, മോഹന വാഗ്ദാനങ്ങളിലൂടെ, കുറച്ച് കഷ്ടപ്പെട്ടിട്ടാണെങ്കിലും, അവളെ തന്റെ വഴിക്ക് കൊണ്ട് വന്നത് .
“രവിയേട്ടാ ,ഞങ്ങള് പാവത്തു ങ്ങളാണ് ,എന്നെ ചതിച്ചിട്ട് പോയാലും നിങ്ങളോടാരും ചോദിക്കാൻ വരില്ല,
പക്ഷേ നിങ്ങളിലുള്ള എന്റെ വിശ്വാസം കൊണ്ടാണ്, ഞാനെന്റെ ജീവിതം നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നത്.
എന്നെ ചതിക്കല്ലേ രവിയേട്ടാ ”

അവളന്ന് തന്നോട് കരഞ്ഞ് പറഞ്ഞതാണ്.
പക്ഷേ ,തന്റെ ത്രസിപ്പിക്കുന്ന യൗവ്വനത്തിൽ, തന്റെ ലക്ഷ്യപൂർത്തീകരണത്തിനായി, താനവളുടെ ദൗർബല്യത്തെ മുതലെടുത്തു.
അതിന് ശേഷം തന്റെ കൂട്ടുകാരോടൊപ്പം ഗൾഫിൽ പോകാൻ അവസരം ,വന്നപ്പോൾ പിന്നെ തന്റെ ഭാവി,

കരുപ്പിടിക്കുന്നതിലായിരുന്നു , ശ്രദ്ധ മുഴുവനും .
അത് കൊണ്ട് തന്നെ, ശ്യാമളയെ, താൻ മനപ്പൂർവ്വം ഒഴിവാക്കുകയായിരുന്നു.
അവൾ, തന്റെ മുന്നോട്ടുള്ള സ്വൈരജീവിതത്തിന്, തടസ്സമാകുമെന്ന് കരുതി, യാത്ര പറയാൻ പോലും താൻ ചെന്നിരുന്നില്ല.

പിന്നീട് നാട്ടിൽ നിന്ന് വിളിക്കുന്ന കൂട്ടുകാരോട്, തിരക്കിയാണ്, അവൾ വിവാഹിതയായെന്ന് അറിഞ്ഞത് .
അപ്പോഴാണ് അവളെക്കുറിച്ചുണ്ടായിരുന്ന, ആശങ്കയ്ക്ക് ഒരു വിരാമമായത്.
പത്ത് വർഷം ഗൾഫിൽ നിന്നും കഴിവിന്റെ പരമാവധി സമ്പാദിച്ചു.
അത് കൊണ്ടാണല്ലോ നാട്ടിലെ ജന്മിയുടെ മകളെ തന്നെ കല്യാണം കഴിക്കാൻ പറ്റിയത്.
ഇപ്പോൾ,ൾഫിലെ ജോലി നഷ്ടപ്പെട്ടെങ്കിലും ,നാട്ടിൽ തന്നെ ഒരു ബിസിനസ്സ് തുടങ്ങാൻ ഉള്ള, ആസ്തിയൊക്കെ

തനിക്കുണ്ട് .
പക്ഷേ ഇപ്പോൾ മീറ്റൂ പോലുള്ള വാർത്തകൾ കേൾക്കുമ്പോൾ, ഉള്ളിന്റെയുള്ളിൽ, ഒരു ഭീതി നിഴലിക്കുന്നുണ്ട്.
താനിത്ര പ്രതാപത്താൽ ജീവിക്കുന്നത് കണ്ടിട്ടെങ്ങാനും ,
അസൂയ മൂത്തിട്ട്, ശ്യാമള പഴയ കാര്യങ്ങൾ വിളിച്ച് പറയുമോ എന്നൊരു ആശങ്ക .
ഇനിയും ആലോചിച്ചിരുന്നിട്ട് കാര്യമില്ല.
അവളെ ഒന്ന് പോയി കാണണം.

കാല് പിടിച്ചിട്ടാണെങ്കിലും ,പഴയ വൈരാഗ്യമെല്ലാം മനസ്സിൽ നിന്ന് കളയണമെന്ന് പറയണം.
അയാൾ ,ഉച്ചയൂണും കഴിഞ്ഞ്,ചാരുലത ഉച്ചയുറക്കത്തിനായി കയറിയ സമയം നോക്കി, പുറത്തേക്കിറങ്ങി.
ടാർ റോഡ് തീരുന്നിടത്ത് ബൈക്ക് ഒതുക്കി വച്ചിട്ട്, ഗട്ട് റോഡിലേക്ക് നടന്ന് കയറുമ്പോൾ, പച്ചവിരിച്ച് നില്ക്കുന്ന നെല്പാടങ്ങളിലേക്ക് അയാളുടെ ഓർമ്മകളിറങ്ങിച്ചെന്നു.
പണ്ട്, ഇരുൾ വീഴുമ്പോൾ കൊയ്ത്ത് കഴിഞ്ഞ് ആളൊഴിഞ്ഞ് പോകുന്ന നേരം നോക്കിയാണ് ,താൻ ശ്യാമളയുമായി വീതിയുള്ള നടവരമ്പിൽ ഇരുന്ന്, എല്ലാം പങ്ക് വച്ചി തന്നത്.
ദൂരെ നിന്നേ,ശ്യാമളയുടെ, ഓട് ,മേഞ്ഞ ചെറിയ കെട്ടിടം കാണാമായിരുന്നു.
കുട്ടികളൊക്കെ,സ്കൂളിൽ ,പോയിട്ടുണ്ടാവും

ശ്യാമളയുടെ, ഭർത്താവ് ദിനേശൻ ,തന്റെ വീടിന് മുന്നിലുള്ള ബസ്റ്റോപിൽ നിന്ന് മെഡിക്കൽ കോളേജിലേക്കുള്ള ബസ്സിൽ, കയറി പോകുന്നത് രാവിലെ കണ്ടിരുന്നു.
ആ, ഒരു ഉറപ്പിലാണ് ശ്യാമളയെ തനിച്ച് കാണാനായി രവീന്ദ്രൻ അവിടേക്ക് വന്നത്.
മുറ്റത്തേയ്ക്ക് കടന്ന് വന്ന രവീന്ദ്രനെ കണ്ട് ,ശ്യാമള ഒരു നിമിഷം സ്തംഭിച്ച് നിന്നു.
സമ്മിശ്ര വികാരങ്ങൾ അവളുടെ മനസ്സിലൂടെ കടന്ന് പോയി.
ഗൾഫിൽ നിന്ന് വന്നതിന് ശേഷം ഒരു പാട് വർഷങ്ങൾക്ക് ശേഷമാണ് രവീന്ദ്രനും അവളെ കാണുന്നത്.

അവളെ കണ്ടപ്പോൾ ,അയാളുടെ കണ്ണുകൾ വികസിച്ചു.
പഴയതിലും ഒന്ന് കൂടി മിനുങ്ങിയിട്ടുണ്ട് ,ശ്യാമള.
ഇറുകിയ നൈറ്റിക്കുള്ളിൽ, ശ്വാസം മുട്ടുന്ന നിറയൗവ്വനം കണ്ടപ്പോൾ, അയാൾക്ക് നേരിയ നിരാശ തോന്നി.
ഒപ്പം, എന്ത് കഴിച്ചിട്ടും മുരിങ്ങക്കോല് പോലിരിക്കുന്ന തന്റെ ഭാര്യയോട് പുച്ഛവും തോന്നി ,അയാൾക്ക്.

“അല്ലാ … ഇതാരാ, നാട്ടിലെ പുതിയ പ്രമാണിയെന്താ,
ഈ പാവപ്പെട്ടരുടെ മുറ്റത്ത്, എന്തായാലും വരു ,അകത്തേയ്ക്ക് കയറി ഇരിക്ക് ”
ശ്യാമള, രവിയോട് ആദിത്യമര്യാദ കാട്ടി.
“നിനക്ക് സുഖമല്ലേ ശ്യാമളേ?”
വരാന്തയിലിട്ടിരിക്കുന്ന, സോഫാ സെറ്റിയിലേക്ക്
ഇരിക്കുമ്പോൾ അയാൾ ചോദിച്ചു.
“ഉം, അല്ലലില്ലാതെ ഇങ്ങനെ ജീവിച്ച് പോകുന്നു. ”
അവൾ ഒഴുക്കൻ മട്ടിൽ പറഞ്ഞു.

“പഴയതൊക്കെ നീ ഇപ്പോഴും ഓർക്കുന്നുണ്ടോ?”
വീണ്ടും വിറയാർന്ന ശബ്ദത്തിൽ അയാൾ ചോദിച്ചു.
ഓഹ് അതൊക്കെ “ഓർത്തിരിക്കാൻ എവിടാ സമയം ,ഇവിടെ പുള്ളേര്, രണ്ടണ്ണമായപ്പോൾ തന്നെ ഞാൻ തിരക്കിലായി ”

അത് കേട്ടപ്പോൾ ,രവിക്ക് ശ്വാസം നേരെ വീണു, ഇല്ല, താൻ ഭയന്നത് പോലൊന്നുമില്ല.
പെണ്ണെന്ന് പറഞ്ഞാൽ, ഇത്രേയുള്ളു. ഒന്ന് പോയാൽ മറ്റൊന്ന് .
സ്ത്രീകളെ കുറിച്ചുള്ള തന്റെ ധാരണ, രവീന്ദ്രൻ ഒന്ന് കൂടി ഉറപ്പിച്ചു.
“അല്ല ,ദിനേശൻ,
രാവിലെ എങ്ങോട്ടാ ബസ്സിൽ കയറി പോയത്, അയാളിനി ഉത്തരേന്ത്യയിലേക്ക് പോകുന്നില്ലേ?”
സംശയ നിവാരണത്തിനായി അയാൾ അവളോട് ചോദിച്ചു.
“ഓഹ് ,ഇനി ഇവിടെങ്ങാനും കൃഷി ചെയ്ത് ജീവിക്കാനാ പ്ലാൻ, രാവിലെ മുതൽ നല്ല പനിയുണ്ട് , ഡോക്ടറെ കാണാൻ പോയതാ ”

“ഉം. ശരി എന്നാൽ ഞാനിറങ്ങട്ടെ ,?
രവി പോകാനായി എഴുന്നേറ്റു .
“നിങ്ങൾക്ക് ,എന്നോട് ഇപ്പോഴും ആ പഴയ സ്നേഹമുണ്ടോ ?
അപ്രതീക്ഷിതമായി,അവളത് ചോദിച്ചപ്പോൾ ,രവീന്ദ്രന് ഞെട്ടലുണ്ടായി.
അയാളുടെ ഹൃദയം തരളിതമായി.
“ഉണ്ടോന്ന്…. ,നിന്നെ എനിക്കിത് വരെ, മറക്കാൻ കഴിഞ്ഞിട്ടില്ല ,എന്നതാണ് സത്യം”
അയാൾ പഴയ നമ്പർ പുറത്തെടുത്തു.

പെണ്ണിനെ വശീകരിക്കാനുള്ള വാക്ചാതുരി .
“എങ്കിൽ ,ദിനേശ്ശേട്ടൻ വരുന്നത് വരെ,എന്നോടൊപ്പം കുറച്ച് നേരം ചിലവഴിക്കുമോ ,ആ പഴയ രവിയേട്ടനായി ഈ ശ്യാമളയോടൊപ്പം ”
അവളുടെ കണ്ണുകളിലെ ആസകതി, അയാൾ തിരിച്ചറിഞ്ഞു.
അവളുടെ ആഗ്രഹ സഫലീകരണത്തിനായി അയാൾ ,ചുറ്റുപാടുകൾ മറന്നു.
വർഷങ്ങൾ പലത് കഴിഞ്ഞിട്ടും ,ശ്യാമളയിൽ അണയാതെ നില്ക്കുന്ന ,വികാരത്തെ ആളിക്കത്തിക്കാൻ അയാൾ, ഏറെ ഉത്സാഹിച്ചു
“നിങ്ങൾക്ക് പോകണ്ടേ?

ഒടുവിൽ ,അയാളെ പറഞ്ഞ് വിടാൻ അവൾ ധൃതി കാണിച്ചു.
“നിനക്ക് സന്തോഷമായോ,ശ്യാമളേ ”

അജയ്യനെ പോലെ അയാൾ ചോദിച്ചു.
“ഉവ്വ്, സന്തോഷം മാത്രമല്ല, ആശ്വാസവും.
എത്രയോ നാളുകളായി ഞാൻ കാത്തിരിക്കുവായിരുന്നു, നിങ്ങളോടുള്ള എന്റെ പക തീർക്കാനുള്ള ഒരു അവസരത്തിനായി ”
അവളുടെ സംസാരത്തിലെ പന്തികേട് അയാളെ അമ്പരപ്പിച്ചു.
“ങ്ഹേ, നിനക്കിതെന്ത് പറ്റി. ”
അയാൾ ആ വാക്കുകളെ,, ചിരിച്ച് തള്ളി.
“നിങ്ങൾ ചോദിച്ചില്ലേ? ദിനേശേട്ടൻ എവിടെ പോയതാന്ന്, അയാൾ പോയത് മെഡിക്കൽ കോളേജിലേക്കാണ് ,എന്തിനാണെന്നോ, ഞങ്ങൾ രണ്ട് പേരും സ്ഥിരമായി കഴിക്കുന്ന എയിഡ്സിനുള്ള മരുന്ന് വാങ്ങാൻ ”

അത് കേട്ട് അയാൾ ഞെട്ടിത്തരിച്ചു.
“നീ ചുമ്മാ കള്ളം പറയല്ലേ. ശ്യാമളേ ”
“ഹ ഹ ഹ ,ഞാനെന്തിന്, നിങ്ങളോട് കളവ് പറയണം ,അങ്ങേര് ഉത്തരേന്ത്യയിൽ നിന്ന് രോഗബാധിതനായാണ് ഇവിടെ വന്നത് ,എന്നിട്ട് എന്നോടും എല്ലാം മറച്ച് വച്ചു, നിങ്ങളെ പോലെ, എന്റെ ഭർത്താവും എന്നെ വഞ്ചിച്ചു എന്ന്, പിന്നീടാണ് എനിക്ക് മനസ്സിലായത്, അയാൾ തന്ന രോഗാണുക്കൾ ഇപ്പോൾ നിങ്ങളുടെ രക്തത്തിലും അലിഞ്ഞ് ചേർന്നിരിക്കുന്നു.”
അവൾ ഉന്മാദിനിയെ പോലെ പുലമ്പി.
“നീയെന്നെ ചതിക്കുകയായിരുന്നു, അല്ലേ ”

അത് കേട്ടവൾ, വീണ്ടും അട്ടഹസിച്ച് ചിരിച്ചു .
“അതേ, അന്ന് ദുർബ്ബലയായ എന്നെ, നിങ്ങൾ മോഹിപ്പിച്ച് കാര്യം സാധിച്ച്, വഴിയിലുപേക്ഷിച്ചു.
ഇന്ന് ഞാൻ ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ ഞാനൊരു പെണ്ണ് ആണോ?”
അവളുടെ, ചോദ്യത്തിന് മുന്നിൽ പതറിപ്പോയ അയാൾ, ഒരു ജീവച്ഛവമായി ,ലക്ഷ്യമില്ലാതെ ,ആ വീട്ടിൽ നിന്നിറങ്ങി നടന്നു.
രചന
സജിമോൻ, തൈപറമ്പ്.

Share this on...