ജാതകം കാരണം കല്യാണം ശരിയാവാതിരുന്ന യുവാവിന് സംഭവിച്ചതറിഞ്ഞു കണ്ണ് നിറഞ്ഞു പോയി

in Story 768 views

രചന: ഷാഹുൽ മലയിൽ

സമയം അർദ്ധരാത്രി പിന്നിട്ടിരിക്കുന്നു.മഴ പെയ്യുന്നതു പോലെയാണ് മഞ്ഞു പെയ്യുന്നതു.വീതി കുറഞ്ഞു ചെങ്കുത്തായ കയറ്റിറക്കങ്ങളുള്ള ദുർഘടകം പിടിച്ച ചുരത്തിലൂടെ അയാൾ വളരെ സാവധാനമാണ് തന്റെ ജീപ്പോടിക്കുന്നത്.

ഗ്ളാസ്സിൽ വീഴുന്ന ഹിമകണങ്ങളെ പ്രതിരോധിക്കാൻ വൈപ്പറുകൾ ശക്തിയായി പ്രവർത്തിക്കുന്നുണ്ട്.ദൂരെ നിന്നും കുറുക്കന്മാരുടെ ഓരിയിടൽ കേൾക്കാം.. ജീപ്പിനുള്ളിലെ സ്റ്റീരിയോയിൽ നിന്നും ഒഴുകിയെത്തുന്ന ഗാനം ആസ്വദിച്ചു കയ്യിലിരുന്ന ബിയർ ഇടക്കു വായിലേക്ക് കമിഴ്ത്തി സാവധാനം വാഹനം ഓടിക്കുന്നതിനിടയിലാണ് പെട്ടെന്ന് മുന്നിലേക്കെന്തോ ചാടിയത്.ഒരു നിമിഷം അയാൾ സഡൻ ബ്രെയ്ക് ഇട്ടു വാഹനം നിർത്തി.

കടുത്ത കോട കാരണം ഒന്നും വ്യക്തമായി കാണാൻ കഴിയുന്നില്ല.വല്ല വന്യ മൃഗങ്ങളും ആവുമോ? അയാൾ ഒരൽപ്പം ഭീതിയോടെ ജീപ്പിൽ നിന്നിറങ്ങി.പുറത്തേക്കിറങ്ങിയപ്പോഴാണ് ഹെഡ്ലൈറ്റിന്റെ വെട്ടത്തിൽ അയാൾ കണ്ടത്.ബാഗും പിടിച്ചു ഭീതിയോടെ നിൽക്കുന്ന ഒരു ചെറുപ്പക്കാരിയും ചെറുപ്പക്കാരനും.

“സാർ ഞങ്ങളെ ആ സ്റ്റാൻഡ് വരെ ഒന്നു കൊണ്ടു വിടുമോ പ്ലീസ്” മുന്നിൽ നിന്നും കൈ കൂപ്പി കണ്ണീരോടെ അപേക്ഷിക്കുന്ന അവരെ കണ്ടപ്പോൾ അയാൾക്ക്‌ അവരുടെ അപേക്ഷ നിരസിക്കാൻ കഴിഞ്ഞില്ല.കയറാൻ പറഞ്ഞു.

പാട്ടിന്റെ ശബ്ദം അൽപ്പം കുറച്ചു അയാൾ ജീപ്പെടുത്തു. ഇടക്കു അവരുടെ മുഖത്തേക്ക് അയാൾ ഇടങ്കണ്ണിട്ടു നോക്കി.രണ്ടു പേരുടെയും മുഖത്തെ ഭയം വിട്ടു മാറിയിട്ടില്ല.

“ഒളിച്ചോട്ടമാണല്ലേ” ങേ! അവളൊന്നു ഞെട്ടി.. പിന്നെ അതേ എന്നർത്ഥത്തിൽ തലയാട്ടി.
“വെട്ടം കൊറഞ്ഞാ ആനയും പുലിയും ഇറങ്ങുന്ന കാടാ ഒളിച്ചോട്ടം പകലാക്കുകയായിരുന്നില്ലേ നല്ലത്‌??”

“അത്… അവളൊന്നു വിക്കി.. “നാളെ എന്റെ..കല്യാണമാണ് സാർ”!!!
അറിയാതെ അയാളുടെ കാലുകൾ ബ്രെയ്ക്കിൽ അമർന്നു.ഒരു മുരൾച്ചയോടെ വണ്ടി നിന്നു.അയാൾ ജീപ്പിൽ നിന്നിറങ്ങി.. രണ്ടു പേരോടും ഇറങ്ങാൻ പറഞ്ഞു..

ബാഗും മാറോടടക്കിപിടിച്ചു പേടിച്ചു നിൽക്കുന്ന അവൾക്കു നേരെ അയാൾ കൈ നീട്ടിയെങ്കിലും പല്ലു കടിച്ചു പിടിച്ചയാൾ കൈ പിൻവലിച്ചു ബോണറ്റിൽ ആഞ്ഞടിച്ചു.

“പത്തിരുപത്തഞ്ചു വർഷം പൊന്നു പോലെ നോക്കി വളർത്തി വലുതാക്കിയ അച്ഛനും അമ്മയ്ക്കും പുന്നാര മകൾ കൊടുക്കുന്ന വിവാഹ സമ്മാനം.. ഒളിച്ചോട്ടം! കൊള്ളാം.. ഒരുത്തനെ പ്രണയിക്കുന്നുണ്ട് എങ്കിൽ അത് വീട്ടുകാരോട് തുറന്നു പറഞ്ഞിരുന്നു എങ്കിൽ ഈ അവസാന നിമിഷം ഒരു പാട് പേരെ വിഡ്ഢികളാക്കുന്നത് ഒഴിവാക്കാമായിരുന്നില്ലേ..”

“വീട്ടുകാരോട് പറയാൻ..പേടിയായിരുന്നു..സാർ”തന്റെ ജട പിടിച്ച താടിയിൽ ദേഷ്യത്തോടെ തടവി അയാൾ പറഞ്ഞു.

“കൊള്ളാം ..വിവാഹത്തലേന്നു നാട്ടുകാരെയും വീട്ടുകാരെയും പറ്റിച്ചു ഒളിച്ചോടാൻ പേടിയില്ല,പക്ഷെ ഒരുത്തനെ പ്രേമിക്കുന്ന കാര്യം വീട്ടിൽ പറയാൻ വല്യ പേടിയാ..ഇന്ന് നീയൊക്കെ ഈ കാണിക്കുന്ന ഈ ധൈര്യത്തിന്റെ നൂറിലൊന്നു അന്നു നീ കാണിച്ചിരുന്നെങ്കിൽ നാളെ നിന്നെ കുറിച്ചോർത്തു കരയുന്നവർ ഉണ്ടാവുമായിരുന്നില്ല.

നീ നിന്റെ വീട്ടുകാരെ കുറിച്ചു ഒന്നു ചിന്തിച്ചു നോക്കിയിട്ടുണ്ടോ..മകൾ ഒളിച്ചോടിയതറിയാതെ കല്യാണം കെങ്കേമമാക്കാൻ പന്തലുകാരനോടും ദേഹണ്ണകാരനോടും വഴക്കിട്ടു ഉറങ്ങാതെ നടക്കുന്നുണ്ടാവും നിന്റെ അച്ഛൻ.. മകൾക്ക് നാളെ അണിയാനുള്ള സാരിയും ആഭരണങ്ങളും എടുത്തു നോക്കി ആത്മ നിർവൃതി അടയുന്നുണ്ടാവും നിന്റെ ‘അമ്മ.

നാളെ എല്ലാം നല്ല രീതിയിൽ നടക്കണേ എന്നു മനസ്സുരുക്കി പ്രാർത്ഥിക്കുന്ന അങ്ങളായുണ്ടാവില്ലേ നിന്റെ വീട്ടിൽ ഒളിച്ചോട്ടം എന്ന ഒറ്റ വാക്കിൽ അവരുടെയൊക്കെ സ്വപ്നങ്ങളല്ലേ നീയൊക്കെ തകർത്തു കളയുന്നത്..

അതു വരെയും മിണ്ടാതിരുന്ന ചെറുപ്പക്കാരൻ അയാളുടെ മുന്നിലേക്ക് വന്നു. “സാർ ഞങ്ങൾ എങ്ങനെയെങ്കിലും പൊക്കോളം.. ഞങ്ങളെ ഉപദേശിക്കാൻ നിങ്ങളാരാണ്??”

അയാൾ ഒന്നുറക്കെ ചിരിച്ചു.. “ഞാനാരാണെന്നു അറിയണം അല്ലെ.. പറയാം..പ്രണയം എന്നോമനപ്പേരിട്ടു വിളിക്കുന്ന കലാപരിപാടി നടത്തുന്ന നിന്നെ പോലൊരുത്തൻ കാരണം ജീവിതം നഷ്ടപ്പെട്ടവനാണ് ഞാൻ.

ചെറുപ്പത്തിൽ തന്നെ അച്ഛൻ മ,രി,ച്ചി,ട്ടും പൊന്നു പോലെ നോക്കിയ അമ്മ.ഗവണ്മെന്റ് ജോലി.സന്തുഷ്ട കുടുംബം.വയസ്സു 32 കഴിഞ്ഞിട്ടും കല്യാണം നടന്നില്ല..കാരണം ചൊവ്വാ ദോഷം.. കൂടെയുള്ളവരുടെയെല്ലാം കല്യാണം കഴിഞ്ഞു കുട്ടികളായി.എല്ലാം ഉണ്ടായിട്ടും സ്വന്തമായി ഒരു പെണ്ണില്ലാത്തവന്റെ വേദനയിൽ നാട്ടുകാർക്ക് പരിഹാസ്യ കഥാപാത്രമായി ജീവിക്കുന്നതിനിടയിലാണ് ‘അമ്മ ആ ആലോചന കൊണ്ടു വന്നത്. പെണ്ണുകാണാൻ പോയപ്പോഴേ ഒറ്റ നോട്ടത്തിൽ അവളെ എനിക്കിഷ്ട്ടായി.. അങ്ങനെ കല്യാണം ഉറപ്പിച്ചു.ജീവിതത്തിലാദ്യമായി ഞാനൊരു പെണ്ണിനെ പ്രണയിച്ചു തുടങ്ങി.. ഒരു പാട് സ്വപ്നങ്ങൾ കണ്ടു.

അങ്ങനെ കല്യാണം ആർഭാഢമായി നടത്താൻ തീരുമാനിച്ചു കല്യാണ ദിവസം ഒരു പാട് സന്തോഷത്തോടെ അവളുടെ വീട്ടിലെത്തിയ ഞാൻ തകർന്നു പോയി.പെണ്ണ് കാമുകനോടൊപ്പം ഒളിച്ചോടിയത്രെ..ക്ഷണിച്ചു വരുത്തിയ നൂറു കണക്കിന് ആളുകളുടെ മുന്നിൽ അപഹസ്യനായി നിൽക്കുമ്പോഴുണ്ടാവുന്ന ഒരു വേദനയുണ്ട്.പറഞ്ഞറിയിക്കാൻ കഴിയാത്ത വേദന.
മോനേ എന്നലറി വിളിച്ചു എന്റെ കാലിൽ വീണു പൊട്ടിക്കരഞ്ഞ ശരീരം ശോഷിച്ച ഒരു പാവം വൃദ്ധൻ.

അവളുടെ അച്ഛൻ.അവള് പോയെടാ മോനെ..ഞങ്ങളോട് ക്ഷമിക്കൂ എന്നു പറഞ്ഞു പൊട്ടിക്കരഞ്ഞപ്പോൾ എന്റെ കണ്ണിലൂടെ ഒലിച്ചിറങ്ങിയത് രക്തമായിരുന്നു.ആ സാധു മനുഷ്യൻ എന്റെ കയ്യിൽ കിടന്നാ അവസാന ശ്വാസം വലിച്ചത്.ആറ്റു നോറ്റ് വളർത്തി വലുതാക്കിയ മോൾ കൊടുത്ത സമ്മാനം കല്യാണ വീടിനെ മ,ര,ണ വീടാക്കി മാറ്റി.വീട്ടിലേക്കു വലതു കാൽ വെച്ചു വരുന്ന മരുമകളെ സ്നേഹിക്കാനും എനിക്കുണ്ടാവുന്ന കുഞ്ഞിനെ ലാളിക്കാനും മോഹിച്ചു നടന്നിരുന്ന എന്റെ ‘അമ്മ അന്ന് തളർന്നു കിടന്നതാ..

ഒലിച്ചിറങ്ങുന്ന കണ്ണു നീർ തുടച്ചു അയാൾ തുടർന്നു. ഇവരെ കുറിച്ചൊക്കെ പറയുമ്പോഴും ആരും ഓർക്കാതെ പോവുന്ന ഒരു കൂട്ടരുണ്ട് “എന്നെ പോലുള്ള ശശികൾ”

നെയ്തുകൂട്ടിയ സ്വപ്നങ്ങളപ്പാടെ ഒരു നിമിഷം കൊണ്ട് തകരുമ്പോഴുണ്ടാവുന്ന വേദന.അതനുഭവിച്ചവനാണ് ഞാൻ.ഹണിമൂണ് ആഘോഷിക്കാൻ ഗോവയിലേക്ക് ഒരാഴ്ച്ചക്കുള്ള ടിക്കറ്റ് എടുത്തു വച്ച വിഡ്ഢി.ഫസ്റ്റ്നൈറ്റ് ആഘോഷിക്കേണ്ട മണിയറയിൽ തലയിണ കെട്ടിപ്പിടിച്ചു നേരം പുലരുവോളം കിടന്നു കരഞ്ഞിട്ടുണ്ട് ഞാൻ.

പെണ്ണു കാണാൻ ചെല്ലുമ്പോഴോ അല്ലെങ്കിൽ കല്യാണത്തിന് മുമ്പുള്ള ഏതെങ്കിലും ദിവസത്തിലോ അവൾ സത്യം പറഞ്ഞിരുന്നെങ്കിൽ ഒരു പാട് പേരുടെ ജീവിതം തകരില്ലായിരുന്നു.ജീവൻ നഷ്ടപ്പെടില്ലായിരുന്നു.

നിങ്ങൾക്കറിയുമോ മ,ര,ണം വരെ എന്റെ അമ്മ ഒന്നു ചിരിച്ചിട്ടില്ല.. എന്നെ സന്തോഷത്തോടെ മോനെന്നു വിളിച്ചിട്ടില്ല..

!രണ്ടു പേരുടെ സന്തോഷത്തിനു വേണ്ടി ഒരു പാട് പേരുടെ സന്തോഷം കളയുന്ന കലാ പരിപാടിയെയാണ് നാം പ്രണയം എന്ന ഓമനപ്പേരിട്ടു വിളിക്കുന്നത്!

പെങ്ങളെ…. ഒളിച്ചോടുന്നതിനു മുമ്പ് നിന്റെ അച്ഛനും അമ്മയ്ക്കും ഇച്ചിരി വിഷം കൊടുക്കാമായിരുന്നു.ഇല്ലെങ്കിൽ നാളെ അവരനുഭവിക്കാൻ പോവുന്ന മനോവേദന എത്രയുണ്ടായിരിക്കുമെന്നറിയാമോ..

കഷണിച്ചു വരുത്തിയ ആളുകൾക്ക് മുമ്പിൽ തല കുനിച്ചു നിൽക്കേണ്ടി വരുന്ന നിന്റെ അച്ഛൻ..ചെക്കന്റെ വീട്ടുകാർ തെറി പറയുമ്പോൾ ഒന്നും പറയാതെ നിശബ്ദനായി തേങ്ങുന്ന നിന്റെ അച്ഛന്റെ മുഖം..വളർത്തു ദോഷം എന്നു പറഞ്ഞു ആളുകൾ പിറു പിറുക്കുമ്പോൾ ഇടനെഞ്ചു പൊട്ടി നിൽക്കുന്ന നിന്റെ ‘അമ്മ..

അപമാനം മൂലം ആളുകൾക്കിടയിലേക്കു ഇറങ്ങാൻ ചെല്ലാതെ വീട്ടിലിരിക്കേണ്ടി വരുന്ന നിന്റെ സഹോദരൻ.. ഇവരെയൊക്കെ വേദനിപ്പിച്ചു വേണോ പെങ്ങളെ നിനക്കിവന്റെ കൂടെ പോവാൻ.ഏതെങ്കിലും ലോഡ്ജിൽ വച്ചു ഇവന് വേണ്ടി കാലകത്തുമ്പോൾ കിട്ടുന്ന സുഖത്തേക്കാൾ സന്തോഷവും സമാധാനവും കിട്ടും നിന്റെ അച്ഛന്റെ കാലു പിടിച്ചു ഒന്നു പൊട്ടിക്കരഞ്ഞാൽ..

അത്രയും നേരം ഒന്നു മിണ്ടാതിരുന്ന ചെറുപ്പക്കാരനെ അയാൾ ചേർത്തു പിടിച്ചു.
ഡാ …ഈ ലോകത്തിൽ പ്രണയിക്കാത്തവർ ആരുമുണ്ടാവില്ല.എന്നിട്ടും പ്രണയിച്ചു കല്യാണം കഴിക്കുന്നവർ വളരെ കുറവാ..ന്താ കാരണം..

വെട്ടിപ്പിടിച്ചടക്കൽ മാത്രമല്ല..മനസ്സറിഞ്ഞു വിട്ടു കൊടുക്കുന്നതും പ്രണയമാടാ..അല്ലാതെ മറ്റുള്ളവരെ വേദനിപ്പിച്ചു സ്വന്തം സുഖം കണ്ടെത്തുന്നതല്ല പ്രണയം.ഒന്നു വിട്ടു കൊടുത്തു എന്നു വിചാരിച്ചു നീ ചെറുതാവുന്നില്ല..

മറിച്ചു നീ വലുതാവുകയെയുള്ളൂ..ആ കുടുംബത്തിന്റെ പ്രാർത്ഥന എപ്പോഴും നിനക്കു ഉണ്ടായിരിക്കും.നീ വേണം ഇവളെ വീട്ടിലെത്തിക്കാൻ.എന്നിട്ട് ആ കല്യാണം നീ കൂടണം.ഇവളുടെ കഴുത്തിൽ ചെറുക്കൻ താലി ചാർത്തുമ്പോൾ ആ അപ്പനമ്മമാരുടെ കണ്ണുകളിലേക്കു നീ നോക്കണം.

കാരയുന്നുണ്ടാവുമെടാ അവർ.ആറ്റു നോറ്റുണ്ടായ മകളെ ആണൊരുത്തന്റെ കയ്യിൽ ഏല്പിച്ചതിന്റെ നിർവൃതിയായിരിക്കും അപ്പോഴവരുടെ മുഖത്ത്. കാമുകിയെ ലിപ് ലോക്ക് ചെയ്യുമ്പോഴും കവിളത്ത് അമർത്തി ചുംബിക്കുമ്പോഴും നിനക്കൊക്കെ കിട്ടുന്നതിന്റെ ആയിരം മടങ്ങു സംതൃപ്തി ഉണ്ടായിരിക്കുമെടാ അതിനു..

അയാൾ ഒന്നു പറഞ്ഞു നിർത്തി രണ്ടു പേരെയും മാറി മാറി നോക്കി.
“നിങ്ങളുടെ ജീവിതമാണ്..നിങ്ങളാണ് തീരുമാനമെടുക്കേണ്ടത്.ഞാൻ പറഞ്ഞതാണ് ശരി എങ്കിൽ ഈ ജീപ്പിൽ നിങ്ങൾക്ക് രണ്ടു പേർക്കും സീറ്റൊഴിച്ചിട്ടുണ്ട്.അല്ല ഒളിച്ചോടാനാണ് തീരുമാനമെങ്കിൽ കുറച്ചു ദൂരം എന്റെ ജീപ്പിന്റെ വെളിച്ചം നിങ്ങൾക്ക് വഴി കാട്ടിയാവും”.

അയാൾ ജീപ്പിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തു.അവർ പരസ്‌പരം ഒന്നു നോക്കി.പിന്നെ തല താഴ്ത്തി ജീപ്പിൽ കയറി ഇരുളിനെ കീറി മുറിച്ചു കൊണ്ടാ ജീപ്പ് മുന്നോട്ട് കുതിച്ചു.

Share this on...