ചോറ് ചോദിച്ചു വന്ന യുവാവിന്റെ കഥ കേട്ട് കരഞ്ഞു ഹോട്ടൽ മുതലാളിയും ഭക്ഷണം കഴിക്കാൻ വന്നവരും

in Story 2,142 views

”ഏട്ടാ… ന്റെട്ത്ത് ഇരുപതുറുപ്പികണ്ട് അയ്നുള്ള ചോറ് തരുമോ? ഇയ്ക്ക് വിശന്നിട്ടാ ഏട്ടാ.”
ഹോട്ടലിലെ ഉച്ചയൂണിന്റെ തിരക്കൊന്നൊതുങ്ങിയപ്പോൾ കുറച്ച് സമയം ഇരിക്കാലോന്ന് വിചാരിച്ച് കൗണ്ടറിലെ ചെയറിനടുത്തെത്തിയപ്പോഴാണ് ആ യുവാവിന്റെ ചോദ്യം എന്നേത്തേടിയെത്തിയത്.
അയാൾ രണ്ടു മൂന്ന് തവണ ഹോട്ടലിലേക്ക് കയറി വരികയും ചുറ്റിനും നോക്കിയ ശേഷം ഇറങ്ങിപ്പോകുന്നതും ഞാൻ കണ്ടിരുന്നു.

അയാളുടെ മുഖവും ശരീരവും അയാളനുഭവിക്കുന്ന വിശപ്പിന്റെ കാഠിന്യം വിളിച്ചോതുന്നുണ്ടായിരുന്നു. ഞാനയാളോട് കൈ കഴുകി ഇരിക്കാൻ പറഞ്ഞപ്പോൾ “ഞാൻ പുറത്തിരുന്നോളാം ഞാനിവിടെ ഇരുന്നാൽ ഇവിടെ വരുന്നോർക്കൊന്നും ഇഷ്ടാവില്ല..”

“അതൊന്നും ഇയാള് കാര്യാക്കണ്ട ഇയാളിവിടിരുന്ന് കഴിച്ചാ മതിയെന്ന് ” പറഞ്ഞ് ഞാനയാളെ ഒഴിഞ്ഞു കിടക്കുന്ന ടേബിളിലെ കസേരയിൽ ഇരുത്തി ചോറ് വിളമ്പിക്കൊടുത്തു.
ആർത്തിയോടെ അയാളത് വാരിവലിച്ചു കഴിക്കുന്നത് നോക്കി നിൽക്കുമ്പോൾ എന്തിനെന്നറിയാത്ത ഒരു സങ്കടം എന്നെ പൊതിയുന്നുണ്ടായിരുന്നു.

ഞാനയാളെത്തന്നെ ശ്രദ്ധിച്ചു നിന്നു. അയാൾക്ക് ഒരു ഇരുപത്തഞ്ച് വയസ്സിൽ താഴെ പ്രായമുണ്ടാകും, ക്ഷീണിച്ചുമെലിഞ്ഞ ശരീരത്തിന് പാകമാവാത്ത പഴകി മുഷിഞ്ഞ നിറമേതെന്ന് മനസിലാവാത്ത ഒരു പാൻറും ഷർട്ടുമാണ് വേഷം.

അയാളുടെ സംസാരത്തിലും, നടത്തത്തിലും മറ്റുള്ളവരിൽ നിന്നും എന്തോ ഒരു വ്യത്യാസം എനിക്കനുഭവപ്പെട്ടിരുന്നു.

അയാൾ ഭക്ഷണം കഴിക്കുന്ന രീതിയിലും എനിക്ക് മനസിലാവാത്ത എന്തോ ഒരു പ്രത്യേകതയുണ്ട്. അതെന്തായിരിക്കുമെന്ന് ആലോചിച്ച് ഞാനയാളെത്തന്നെ സൂക്ഷ്മതയോടെ നോക്കിക്കൊണ്ടിരുന്നു.
ഇടയ്ക്കൊന്ന് തലയുയർത്തിയ അയാളുടെ കണ്ണുകൾ തൊട്ടപ്പുറത്തെ ടേബിളിൽ ഭക്ഷണം കഴിക്കുന്നയാളുടെ നേർക്കെത്തുന്നതും അയാളുടെ ഇലയിലെ വറുത്ത മീനിൽ കണ്ണുകളുടക്കുന്നതും എന്റെ ശ്രദ്ധയിൽപ്പെട്ടു.

അയാൾ പെട്ടെന്ന് തന്നെ തല താഴ്ത്തി ഭക്ഷണം കഴിക്കുന്നത് തുടർന്നുവെങ്കിലും ഇടയ്ക്കിടെ അയാളുടെ നോട്ടം അപ്പുറത്തെ ടേബിളിലേയ്ക്ക് പാളിയെത്തുന്നത് കണ്ടപ്പോൾ വറുത്ത മീനിന്റെ ട്രേയെടുത്ത് ഞാനയാളുടെ അരികിലെത്തി.

അയാളുടെ എതിർപ്പിനെ അവഗണിച്ച് ഇലയിലേയ്ക്ക് വിളമ്പിയ വറുത്ത മീനിലേയ്ക്കും എന്റെ മുഖത്തേയ്ക്കും മാറിമാറി നോക്കിയ അയാളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.
പുഞ്ചിരിയോടെ അയാളുടെ പുറത്ത് തട്ടി തിരിഞ്ഞു നടക്കാനൊരുങ്ങുമ്പോൾ അയാളെന്നെ നോക്കിയ നോട്ടമെന്റെ ഹൃദയത്തിലാണ് പതിഞ്ഞത്.

എനിക്കയാളോട് എന്തൊക്കെയോ ചോദിക്കണമെന്നുണ്ട്. അയാളെപ്പറ്റി എന്തൊക്കെയോ അറിയണമെന്നുണ്ട്.

അയാൾക്ക് വേണ്ടതെല്ലാം വിളമ്പിക്കൊടുത്ത് അയാളെപ്പറ്റി ചോദിക്കാമെന്നു വിചാരിച്ച് അയാൾക്കടുത്തിരിക്കുമ്പോൾ എന്റെ ചോദ്യങ്ങൾ ചിലപ്പോൾ അയാളെ അസ്വസ്ഥനാക്കിയേക്കാം, സങ്കടപ്പെടുത്തിയേക്കാം എന്നൊരു ചിന്ത മനസിലുയർന്നപ്പോൾ ഞാനാ ശ്രമം ഉപേക്ഷിച്ചു.

അയാളെന്റെ നേരെ തലയുയർത്തി നോക്കി. ആ കണ്ണുകൾ നിറഞ്ഞ് കവിളിലൂടെ കണ്ണീർ ചാലുകൾ ഒഴുകിത്തുടങ്ങിയിരുന്നത് ഞാൻ കണ്ടു.

എന്റെ മനസ്സിലെ ചോദ്യങ്ങൾ വായിച്ചത് പോലെ അയാളെന്നോട് സംസാരിക്കാൻ തുടങ്ങി.
അച്ഛനുമമ്മയും ഒട്ടും പ്രതീക്ഷിക്കാത്ത നേരത്താണ് ഞാനമ്മയുടെ വയറ്റിൽ സ്ഥാനം പിടിച്ചത്.
വില്ലേജോഫീസറായിരുന്ന അച്ഛന് വയസ്സാംകാലത്ത് അമ്മയുടെ ഗർഭം അപമാനമായിരുന്നെത്രേ
അച്ഛനും ബന്ധുക്കളും എന്നെ മുളയിലേ നുള്ളിക്കളയാൻ പറഞ്ഞതൊന്നും വകവയ്ക്കാതെ അമ്മയെനിക്ക് ജന്മം നൽകുമ്പോൾ എന്റെ വല്യേട്ടന് പതിനഞ്ച് വയസ്സായിരുന്നു.

വല്യേട്ടന് താഴെ എനിക്കൊരു കുഞ്ഞേട്ടനും ചേച്ചിയും കൂടെപ്പിറപ്പുകളായി ഉണ്ടായിരുന്നു. അവരാരും തന്നെ എന്നെ അവരുടെ കൂട്ടത്തിൽ കൂട്ടിയിരുന്നില്ല. അവസരം കിട്ടുമ്പോഴൊക്കെ അവരുടെ കൈയിന്റെ ചൂട് ഞാനറിഞ്ഞിരുന്നു.

അച്ഛനെ ധിക്കരിച്ച് പിറന്നതായതാകാം അച്ഛനായിരുന്നു എന്നോട് ഏറ്റവും കൂടുതൽ ദേഷ്യം പ്രകടിപ്പിച്ചതും ഉപദ്രവിച്ചതും.

കാക്കയ്ക്കും പൂച്ചയ്ക്കും കൊടുക്കാതെ കവചം പോലെ പൊതിഞ്ഞു പിടിച്ച് അമ്മയെന്നെ വളർത്തി. എല്ലാവരുമുണ്ടായിട്ടും സ്വന്തമെന്ന് പറയാൻ അമ്മ മാത്രമേ എനിക്കൊള്ളൂവെന്ന് ഞാൻ തിരിച്ചറിഞ്ഞു.
വളർച്ചയ്ക്കിടയിലെപ്പൊഴോ ശരീരം പുരുഷന് സമമാണെങ്കിലും ഒരാണിന്റെ കരുത്തോ ബലമോ എന്റെ ശരീരത്തിനില്ലായിരുന്നു. എന്റെ ഉള്ളിൽ പെണ്ണിന്റെ മനസാണെന്നും എന്റെ പ്രവർത്തികൾ പെണ്ണിനെപ്പോലെയാണെന്നും തിരിച്ചറിഞ്ഞത് അമ്മ തന്നെയായിരുന്നു.

ആ തിരിച്ചറിവിൽ പതറി നിൽക്കുന്ന അമ്മയെ ഞാൻ കണ്ടു. ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് നിസ്സഹായതയോടെയാണ് ഞാൻ നോക്കി നിന്നത്.

ആൺകുട്ടികളെ കാണുമ്പോൾ ഒരു തരം പേടിയായിരുന്നെനിക്ക്. പെൺകുട്ടികളെപ്പോലെ കണ്ണെഴുതാനും പൊട്ട് തൊടാനും അവരോടൊപ്പം നടക്കാനും കൂട്ടുകൂടാനുമായിരുന്നു എനിക്കിഷ്ടം.
പതിയെ എല്ലാവരും എന്റെ വൈകല്യം തിരിച്ചറിഞ്ഞു. സ്കൂളിലെ കളിയാക്കലും അവഗണനയും സഹിക്കാൻ ശ്രമിച്ചെങ്കിലും അതിനേക്കാൾ അപ്പുറത്തായിരുന്നു വീട്ടിലെ സ്ഥിതി.
എഴാം ക്ലാസോടുകൂടി അച്ഛൻ പഠിത്തം നിർത്തിച്ചു. ആണുംപെണ്ണും കെട്ടവനൊന്നും പഠിച്ചിട്ട് ഒരു കാര്യവുമില്ല. മനുഷ്യനെ നാണം കെടുത്താനുണ്ടായ ജന്മം ഇനി ഈ വീട്ടിൽ നിന്ന് പുറത്തിറങ്ങിയാ തല്ലിക്കൊന്ന് കുഴിച്ചുമൂടുമെന്ന അച്ഛന്റെ വാക്കുകൾ കേട്ട് തേങ്ങിക്കരയാനേ എനിക്ക് കഴിഞ്ഞൊള്ളൂ.

കണ്ണീരോടെ എന്നെ ചേർത്തു പിടിച്ച അമ്മയ്ക്കൊപ്പം പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ ഞാനടുക്കളയിൽ കൂടി.

പാത്രം കഴുകലും, അലക്കലും, വെച്ചുണ്ടാക്കലും, തറ അടിച്ചു വാരിത്തുടയ്ക്കലും എനിക്കിഷ്ടമുള്ള ജോലികളിൽ അമ്മയെ സഹായിച്ച് അടുക്കളയിലെ കരിയ്ക്കും പുകയ്ക്കുമൊപ്പം ഞാനും വളർന്നു.
അച്ഛന്റെ ശാപവാക്കുകളും കൂടെപ്പിറപ്പുകളുടെ ഉപദ്രവവും കളിയാക്കലുകളും കേൾക്കുമ്പോൾ ഞാനമ്മയോട് പലപ്പോഴും ചോദിച്ചിട്ടുണ്ട്. “എന്തിനാമ്മേ എനിക്കീ ജന്മം തന്നത് എന്നെ വയറ്റിൽ വച്ചേ കൊന്നൂടായിരുന്നോന്ന്.”

അത് കേൾക്കുമ്പോൾ സങ്കടം സഹിക്ക വയ്യാതെ ആ പാവം എന്നെയും കെട്ടിപ്പിടിച്ച് പൊട്ടിക്കരയും.
അമ്മയ്ക്കൊപ്പം ഞാനൊരു പെൺകുട്ടിയായിത്തന്നെ ജീവിച്ചു. ശരീരവളർച്ചയ്ക്കൊപ്പം മുഖത്തു വളരുന്ന രോമങ്ങളെ ഞാനസഹ്യതയോടെ പറിച്ചെറിയാൻ ശ്രമിച്ചു കൊണ്ടിരുന്നു.

കാലം കടന്നു പോയി. ചേച്ചിയും വല്യേട്ടനും, കുഞ്ഞേട്ടനും, കല്യാണം കഴിച്ചു. ഏട്ടൻമാരുടെ ഭാര്യമാരും എന്നോടൊരു അകലം പാലിച്ചിരുന്നു. ചേച്ചീടെ ഭർത്താവ് എന്നോട് കുറച്ചൊരു സ്നേഹത്തോടെ പെരുമാറി അതാണെങ്കിൽ ചേച്ചിക്കിഷ്ടമല്ലായിരുന്നു.

ഒരു ദിവസം അച്ഛൻ പോയി. ശേഷം വല്യേട്ടനായി വീട്ടിലെ കാരണവര്. അച്ഛന്റെ വേർപാട് എന്നിൽ വലിയ ചലനങ്ങളൊന്നും സൃഷ്ടിച്ചില്ല. കാരണം അച്ഛൻ എന്നത് എനിക്കേറ്റവും വലിയ പേടിസ്വപ്നമായിരുന്നു.

അച്ഛൻ പോയതിന് ശേഷം എനിക്ക് കുറച്ച് സ്വാതന്ത്ര്യമൊക്കെ കിട്ടിത്തുടങ്ങി. അമ്മയെന്നെ കടയിലേക്കൊക്കെ പറഞ്ഞയക്കും. അമ്മയുടെ ചെറിയ സമ്പാദ്യത്തിൽ നിന്നും എനിക്കിഷ്ടമുളതൊക്കെ വാങ്ങിത്തരും.

പക്ഷെ കുറച്ചു കാലങ്ങളെ ആ സന്തോഷം നീണ്ടു നിന്നൊള്ളൂ എന്റെ അമ്മയുടെ മരണം അതെന്റെ ജീവിതത്തിലെ തീരാദുഃഖങ്ങളുടെ യാത്രയിലേക്കുള്ള തുടക്കമായിരുന്നു.
അമ്മയുടെ സ്ഥാനം അലങ്കരിക്കേണ്ട ഏട്ടത്തിയമ്മമാർ എന്നെ അവരുടെ അടിമയായിട്ടാണ് കണക്കാക്കിയത്.

വീട്ടിലെ മുഴുവൻ പണിയും എന്നെക്കൊണ്ട് ചെയ്യിക്കും. അവരുടെ അടിവസ്ത്രങ്ങൾ വരെ എന്നെക്കൊണ്ട് കഴുകിക്കും. വീട്ടിലെ മതിൽക്കെട്ടിന് പുറത്ത് പോകാൻ എനിക്കനുവാദമുണ്ടായിരുന്നില്ല. അവർ കാരണങ്ങളുണ്ടാക്കി ഉപദ്രവിക്കുന്നത് പോരാഞ്ഞിട്ട് ഏട്ടൻമാരുടെ മുൻപിൽ എന്റെ കുറ്റങ്ങൾ പറഞ്ഞ് അവരെക്കൊണ്ട് തല്ലിക്കും.

ഒരു ദിവസം രാവിലെ എണീക്കാൻ വൈകിയതിന് എട്ടത്തിയമ്മയെന്ന സ്ത്രീ ശിക്ഷിച്ചത് ചട്ടുകം പഴുപ്പിച്ചായിരുന്നു.ഒരിക്കൽ പകലൊന്ന് കണ്ണടച്ചതിന് മുളക് വെള്ളം കണ്ണിലൊഴിച്ചായിരുന്നു അവരുടെ ദേഷ്യം തീർത്തത്.

എത്ര പണിയെടുത്താലും ഓരോ കുറ്റവും കണ്ടു പിടിച്ച് എനിക്കുള്ള ഭക്ഷണത്തിന്റെ അളവ് അവര് വെട്ടിക്കുറയ്ക്കുന്നത് പതിവായിരുന്നു.ചില ദിവസങ്ങൾ മുഴുപ്പട്ടിണിക്കിട്ടു.

അവിടെ നിന്നും ഓടി രക്ഷപ്പെടാൻ ആഗ്രഹിച്ചെങ്കിലും പുറത്തുള്ള ആൾക്കാരെ എനിക്ക് പേടിയായിരുന്നു.

ഒരു ദിവസം വല്യേട്ടന്റെ വാവയുടെ പാല് ഞാൻ കുടിച്ചുവെന്ന് പറഞ്ഞായിരുന്നു അടി. വല്യേട്ടൻ രാത്രി വന്നതിന് ശേഷം കെട്ടിയിട്ടാണ് തല്ലിയത്.

വേദന കൊണ്ട് ഞാൻ നിലവിളിച്ചപ്പോൾ എന്റെ വായിൽ തുണി കുത്തിത്തിരുകി എന്റെ ബോധം മറയും വരെ ത ല്ലി.

ബോധം വന്നപ്പോൾ ഞാൻ വിറകുപുരയിൽ കിടക്കുകയായിരുന്നു. ആ രാത്രീല് ഞാനവിടെ നിന്നും ഓടി രക്ഷപ്പെട്ടു.

കുറേ സ്ഥലങ്ങള് പോയി എന്തെങ്കിലും ഒരു ജോലിക്ക് വേണ്ടി പലരുടേയും കാല് വരെ പിടിച്ചു. ആരും സഹായിച്ചില്ലെന്ന് മാത്രമല്ല ചെല്ലുന്നിടത്ത് നിന്നെല്ലാം തല്ലിയോടിക്കുകയാണ് ചെയ്യുന്നത്.
ഈ നാട്ടില് വന്നിട്ടിപ്പോ കുറേനാളായി ആരും എനിക്കൊരു ജോലി തരാനുള്ള മനസ്സ് കാണിക്കുന്നില്ല. എനിക്കും നിങ്ങളെപ്പോലെ ജീവിക്കാൻ കൊതിയുണ്ട് എട്ടാ…

അയാൾ കരഞ്ഞുകൊണ്ട് മുഷിഞ്ഞ ഇരുപത് രൂപാ നോട്ട് എനിക്ക് നേരെ നീട്ടി. ഞാനത് വാങ്ങാൻ വിസമ്മതിച്ചെങ്കിലും അയാളത് മേശപ്പുറത്തിട്ടു.

“ഇയ്ക്ക് ഇവിടെ എന്തേലും ഒരു പണി തരുമോ.? പൈസയൊന്നും തരണ്ട. തിന്നാനെന്തേലും തന്നാൽ മതി.”

പ്രതീക്ഷയോടെ എന്റെ മുഖത്തേയ്ക്ക് നോക്കി നിൽക്കുന്ന അയാളോട് എന്ത് പറയണമെന്ന് എനിക്കൊരു പിടിയും കിട്ടിയില്ല.”ഞാനിവിടത്തെ ഒരു ജോലിക്കാരൻ മാത്രമാണ്. മുതലാളിയോട് ചോദിച്ചിട്ടേ എന്തെങ്കിലും പറയാൻ പറ്റൂ.”

അയാളുടെ കണ്ണിലെ പ്രതീക്ഷകളണയുന്നതും പകരം നിരാശയുടെ, നിസ്സഹായതയുടെ ഇരുൾ വന്നു മൂടുന്നതും ഞാൻ കണ്ടു.

ന്റെ അമ്മയുള്ളപ്പഴാ ഞാനിത്രേം വയറ് നിറച്ച് ചോറ് കഴിച്ചിട്ടുള്ളത്. നിങ്ങളെ ഞാനൊരിക്കലും മറക്കൂല. പോട്ടെ “കുറച്ചീസം കഴിഞ്ഞിട്ട് വരൂ ഞാൻ ചോദിച്ച് നോക്കാം. ഞാനെങ്ങനെയെങ്കിലും നിങ്ങളെ സഹായിക്കാൻ പറ്റുമോന്ന് നോക്കാം.”

അയാളൊന്നും പറയാതെ എന്റെ നേരെ കൈകൾ കൂപ്പി നഗരത്തിന്റെ തിരക്കുകളിലേയ്ക്ക് നടന്നു മറയുന്നത് നോക്കി നിൽക്കുമ്പോൾ ഞാനറിയുകയായിരുന്നു.

ലോകത്തിലെ ഏറ്റവും നിസ്സഹായരായ ജീവികൾ അത് മനുഷ്യർ തന്നെയാണെന്ന്.
പിന്നീടുള്ള ദിവസങ്ങളിൽ ഉച്ചയാവുമ്പം ഞാനയാളെ ഓർക്കും അയാളെപ്പോഴെങ്കിലും ആ വഴി പോകുന്നുണ്ടോന്ന് ഞാൻ ഇടയ്ക്കിടെ പോയി നോക്കും

തൊട്ടടുത്ത ദിവസങ്ങളിലൊന്നും അയാളെ കാണാൻ സാധിച്ചില്ല. അയാൾ ഇവിടം വിട്ടു പോയിട്ടുണ്ടാകുമെന്ന് ഞാനുറപ്പിച്ചു. പക്ഷേ കുറച്ച് ദിവസങ്ങൾക്കുശേഷം ഞാനയാളെ വീണ്ടും കണ്ടു.
പത്രത്താളിലെ ‘അജ്ഞാതയുവാവ് ആത്മഹത്യ ചെയ്ത നിലയിൽ’ എന്ന തലക്കെട്ടിന് താഴെ കണ്ണുകളടച്ച അയാളുടെ മുഖമുണ്ടായിരുന്നു…!
കൃഷ്ണ മദ്രസുംപടി.

Share this on...