ചങ്കിലെ എയർപോർട്ടിലേക്ക് വിളിക്കാൻ പോയ യുവാവ് അവന്റെ ബാഗ്‌ തുറന്നപ്പോൾ ഞെട്ടി പോയി.

in Story 1,330 views

നീണ്ട പതിനഞ്ചു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ എത്തുമ്പോൾ കയ്യിൽ സമ്പാദ്യമായി ഒന്നും ഉണ്ടായിരുന്നില്ല.. ഇവിടെ വന്ന് ഇനി എന്തു ചെയ്യും എന്നാലോചിച്ചു നിൽക്കുമ്പോഴാണ് മനസ്സിൽ ചെറിയൊരു ആശയം തോന്നിയത് .. പിന്നെ ഒന്നും ചിന്തിച്ചില്ല .. ഭാര്യയുടെയും മക്കളുടെയും പിന്നെ ബന്ധുക്കളുടെയും സ്വർണ്ണം വാങ്ങി ബാങ്കിൽ പണയപ്പെടുത്തിയും.. കുറച്ച് കൂട്ടുകാരുടെ സഹായവും കൂടി ആയപ്പോൾ ..കിട്ടിയ പണവും ബാക്കി സി,സി യും ഇട്ടു ഒരു ഇന്നോവ വാങ്ങി.

പരിചയക്കാരുടെയും കൂട്ടുകാരുടെയും ഒക്കെ ഓട്ടവുമായി ഇങ്ങനെ വലിയ കുഴപ്പമില്ലാതെ കഴിഞ്ഞുപോകുന്നു.
എങ്കിലും ചില മാസങ്ങളിൽ സി,സി അടവും വീട്ടുചിലവും മക്കളുടെ ഫീസും ഒക്കെയായി വലിയ ബുദ്ധിമുട്ട് വരാറുണ്ട്.
ഒരു ദിവസം രാവിലെ പതിവുപോലെ വണ്ടിയുമായി ജംങ്ഷനിൽ നിൽക്കുമ്പോൾ ഉറ്റ ചങ്ങാതി പവിത്രന്റെ ഫോൺ വരുന്നു.
” ഹലോ അളിയാ.. ഞാനാടാ പവി. നിനക്ക് നാളെ ഓട്ടം വല്ലതും ഉണ്ടോ ?

“ഇല്ലളിയാ നീ കാര്യം പറ”

“ടാ ഞാൻ നാളെ രാവിലെ അഞ്ച് മണിയാകുമ്പോൾ തിരുവനന്തപുരം ഏർപോർട്ടിൽ എത്തും .ഞാൻ വീട്ടിൽ വിളിച്ച് പറയുന്നുണ്ട് . നീ അമ്മയേയും ചാരുനെയും മനുവിനെയും കൂട്ടി വരണം . നീയും ഒന്ന്‌ വിളിച്ച് പറയ് അവരോട് …”
“മം .ഞാൻ വിളിക്കാംടാ .ഏതാ ഫ്‌ളൈറ്റ്?”

” എയർ ഇന്ത്യാക്കാടാ ടിക്കറ്റ് എടുത്തത് ”

“ടാ എയർ ഇന്ത്യായെ കുറിച്ച് നിനക്ക് അറിയത്തില്ലിയോ അത് എന്നും ലേറ്റ് അല്ലേ ടാ ..പിന്നെ എന്തിനാ അതിനുതന്നെ നീ എടുത്ത്?”

“അളിയാ ഞാൻ ഒരു ഇന്ത്യക്കാരനല്ലേ അതുകൊണ്ടാ”

“പിന്നെ ..എന്നും ലേറ്റായി വരുന്ന ഫ്‌ളൈറ്റിന് ടിക്കറ്റെടുത്തല്ലേ ദേശ സ്നേഹം കാണിക്കുന്നത്. നീ ഒന്നും എത്ര വന്നാലും പഠിക്കില്ല”

“എങ്കിൽ ശെരിയടാ”

” അളിയാ ടാ ..പിന്നെ മറ്റേ നിധി കൊണ്ടു വരണേ”

“ഏ നിധിയോ?”

“ടാ പൊട്ടാ നീ പറയാറില്ലേ.. ഭൂമിക്കടയിലെങ്ങാണ്ട് കുഴിച്ചിട്ട മറ്റേ സാധനമുണ്ടെന്ന് അത്”

“ഓ.. മറ്റവൻ ..അത് ഞാൻ മറക്കുമോടാ.. ഇക്കാര്യം നീയും മറക്കല്ലേ ..അപ്പോൾ നാളെ കാണാം.. ഓകെ ടാ”
പവിയുടെ വീട്ടിൽ വിളിച്ച് നാളെ പോകേണ്ട ടൈം പറഞ്ഞു. അങ്ങനെ ചെറിയ രണ്ട് ഓട്ടമെല്ലാം കഴിഞ്ഞ് രാത്രി ഒൻപത് മണിയോട് കൂടി വീട്ടിൽ വന്നു.കുളി കഴിഞ്ഞു ഭക്ഷണം കഴിച്ച് കിടക്കാൻ നേരം ഭാര്യയോട് പറഞ്ഞു.

” ടീ ഒരു മൂന്ന് മണിക്ക് അലാറം വെക്കണേ ..നാളെ നമ്മുടെ പവി വരുന്നുണ്ട് അവനെ വിളിക്കാൻ ഏർപോർട്ടിൽ പോകണം”
“മം മം .. ആരെങ്കിലും വെളുപ്പിനെ ഓട്ടം വിളിച്ചാൽ നിങ്ങൾക്ക് പിന്നെ ഉറക്കം കാണില്ലല്ലോ ഞാൻ അലാറം വെച്ചേക്കാം.. നിങ്ങൾ കിടന്ന് കുറച്ച് നേരം ഉറങ്ങാൻ നോക്ക്”

ലൈറ്റ് അണച്ച് ഉറങ്ങാൻ കിടന്നിട്ടും ഉറക്കം വന്നില്ല. അതങ്ങിനെയാണ് ആരെങ്കിലും വെളുപ്പിന് ഓട്ടം വിളിച്ചാൽ രാത്രി കിടന്നാൽ തീരെ ഉറക്കം വരില്ലാ .എങ്ങനൊക്കെയോ മൂന്ന് മണിയായി ഞാൻ എഴുന്നേറ്റ് കുളിച്ച് ഫ്രഷായി വണ്ടിയുമെടുത്ത് പവിയുടെ വീട്ടിൽ ചെന്ന് അമ്മയേയും അവന്റെ ഭാര്യയേയും അനിയനേയും കൂട്ടി എയർപോർട്ടിലേക്ക് തിരിച്ചു. ആ സമയം ആയതിനാൽ റോഡിൽ തിരക്ക് വളരെ കുറവായിരുന്നു. ഒരു മണിക്കൂർ കൊണ്ട് എയർപോർട്ടിൽ എത്തി. വണ്ടി പാർക്ക് ചെയ്തിട്ടു ഞാൻ മനുവിനോട് പറഞ്ഞു.

“നാലുമണി ആയതെയുള്ളൂ നിങ്ങൾ പോയി അവനെ കൂട്ടികൊണ്ട് വാ ഞാൻ ഇത്തിരി നേരം ഒന്നു ഉറങ്ങട്ടെ ഇന്നലെ ഒട്ടും ഉറങ്ങിയിട്ടില്ല”

അവർ പവിയെ കൂട്ടാൻപോയി .ഞാൻ വണ്ടിയുടെ സീറ്റ് അല്പം പുറകോട്ട് നീക്കി ഉറങ്ങാൻ കിടന്നു .നല്ല ക്ഷീണം ഉണ്ടായിരുന്നത്കൊണ്ട് കിടന്ന ഉടനെ ഞാൻ ഉറങ്ങി.

തുടരെ തുടരെ ഫോൺ ബെല്ലടിക്കുന്നു. എടുത്തു നോക്കിയപ്പോൾ പവി.

“ഹലോ ആ എന്താ അളിയാ ”

“നിസ്സാറെ നീ വേഗം വണ്ടിയെടുത്ത് പുറത്തുവാ”

“പുറത്തോ നിനക്കെന്താ വട്ടായോ? പുറത്ത് എവിടെയാ ?”

“നീ വേഗം ഗേറ്റിനടുത്തേക്ക് വാ.. ഞാൻ അവിടുണ്ട് ..ബാക്കിയൊക്കെ നേരിൽ കാണുമ്പോൾ പറയാം”

ഞാൻ വേഗം വണ്ടിയെടുത്തു പവി പറഞ്ഞ ഗേറ്റിനടുത്തേക്ക് ചെന്നു. വലിയ രണ്ട് ബാഗും കയ്യിൽ ഒരു കിറ്റുമായി പരിഭ്രമിച്ചു നിൽക്കുന്നു പവി . അവന്റെ അടുത്ത് ഞാൻ വണ്ടി നിർത്തി. ആവലിയ രണ്ട് ബാഗും ബാക്കിലെ ഡോർ തുറന്നു സീറ്റിൽ വെച്ചിട്ട് വളരെ വെപ്രാളത്തോടെ ഡോർ അടച്ചിട്ട് മുന്നിലെ ഡോർ തുറന്ന് സീറ്റിൽ ഇരുന്നിട്ട് എന്നോട് പറഞ്ഞു.

“അളിയാ എല്ലാം ഞാൻ പറയാം വേഗം വണ്ടി നീ ഇവിടുന്ന് എടുക്ക് എന്നിട്ട് ആളൊന്നും ഇല്ലാത്ത ഒരിടം നോക്കി ഒതുക്ക്”
ഞാൻ വേഗം വണ്ടി അവിടെ നിന്നും അധികം ആളുകൾ ഇല്ലാത്ത ഭാഗത്തേക്ക് ഓടിച്ചു പോയി. ആരും ഇല്ലെന്ന് തോന്നിയ ഒരു സ്ഥലത്ത് വണ്ടി നിർത്തി.

“ടാ പവി എന്താടാ നിനക്ക് പറ്റിയേ? എന്താ ഇതെല്ലാം? നീ ആകെ ടെൻഷനിലാണെല്ലോ? എന്താ ടാ നിനക്ക് പറ്റിയത്?”
അവൻ ഒന്നും പറയാതെ ഡോർ തുറന്ന് പുറത്തിറങ്ങി. ബാക്കിലെ ഡോർ തുറന്ന് അകത്തുകയറി ആ വലിയ രണ്ട് ബാഗും തുറന്ന് എന്നെ കാണിച്ചു. എന്റെ കണ്ണ് തള്ളിപ്പോയി…! ഒന്നിൽ നിറയെ സ്വർണ്ണാഭരങ്ങളും രാണ്ടാമത്തെതിൽ നിറയെ രണ്ടായിരത്തിന്റെ നോട്ട് കെട്ടുകളും.

“ടാ നിനക്ക് ഇതെവിടുന്നാ കിട്ടിയെ .. എന്റെ കയ്യും കാലും വിറച്ചിട്ടു വയ്യാ…”

“അതൊക്കെ പറയാം നീ ഞാൻ പറയുന്നിടത്തേക്ക് വണ്ടിയെടുക്ക് ,നാളെ നേരം വെളുക്കുമ്പോൾ നമ്മൾ കോടീശ്വരന്മാരാണ് ഹ ഹ ഹ”

“പവി എനിക്കെന്തോ പേടിയാകുന്നു ”

“നീ പേടിക്കാതെ വണ്ടിയെടുക്കളിയാ ദാ ഇത് കണ്ടോ ഇതടിച്ചു കഴിഞ്ഞാൽ നിന്റെ പേടിയൊക്കെ പമ്പകടക്കും, നീ ഏതെങ്കിലും കടയിൽ നിർത്തി രണ്ട് ഗ്ലാസ്സും ഒരു കുപ്പി വെള്ളവും വാങ്ങ് . ഇതടിച്ചിട്ടു മതി ഇനിയുള്ള യാത്ര”

കയ്യിലിരുന്ന കിറ്റിൽ നിന്നും ഒരു ബോട്ടിൽ വിസ്‌കി എടുത്തിട്ടു അവൻ പറഞ്ഞു. ഞാൻ വണ്ടി മുന്നോട്ടെടുത്തു ഒരു കടയിൽ നിർത്തി ഗ്ലാസ്സും വെള്ളവും വാങ്ങി. കുറച്ചുംകൂടി ഒഴിഞ്ഞ ഒരു സ്ഥലത്ത് നിർത്തി കാറിൽ ഇരുന്ന് തന്നെ നന്നായി മദ്യപിച്ചു. എന്നിട്ടു വീണ്ടു യാത്ര തുടർന്നു.

ഞാൻ വണ്ടി അവൻ പറഞ്ഞ വഴിയിലൂടെ ഓടിച്ചു. കുറച്ചദികം ദൂരം പിന്നിട്ടപ്പോൾ വിജനമായ ഒരു കാട്ടുപ്രദേശത്ത് കൂടിയായി യാത്ര. റോഡിനു ഇടതുവശത്തായി അഗാധമായ കൊക്ക പേടിപ്പെടുത്തുന്ന ഇരുട്ടും. ഞാൻ സൈഡിലേക്ക് നോക്കി പവി നല്ല ഉറക്കത്തിലാണ്. റോഡിലാണെങ്കിൽ ഒറ്റവാഹനവും ഇല്ല. ആ വഴി കണ്ടിട്ട് ഒറ്റ മനുഷ്യനും അതുവഴി വരില്ലെന്ന് തോന്നി.
എന്റെ കടങ്ങളും ഉള്ളിൽകിടക്കുന്ന മദ്യത്തിന്റെ ലഹരിയും കൂടിയായപ്പോൾ മനസ്സിൽ ദുശ്ചിന്തകൾ കടന്ന് വന്നു. ഇവനെ കൊന്നിട്ട് ഈ പണവും ആഭരണങ്ങളും എടുത്താൽ ആരും അറിയാൻ പോകുന്നില്ല. ഇത്രെയും പണം ഒറ്റക്ക് കിട്ടിയാൽ നാളത്തെ പ്രഭാതം എന്റേത് മാത്രമായിരിക്കും. മനസ്സിൽ ദുഷ്ചിന്തകൾ അധികമായപ്പോൾ ഞാൻ വണ്ടി നിർത്തി . വണ്ടി നിർത്തിയത് അറിഞ്ഞു പവി ഉണർന്നു ചോദിച്ചു.

എന്ത് പറ്റി ടാ .എന്തിനാ വണ്ടി നിർത്തിയത്?”

“അളിയാ… അത്… എനിക്കിത്തിരി മൂത്രമൊഴികണം അതാ”

“മ് എനിക്കും ഒഴിക്കണം”

വണ്ടി ഓഫ് ചെയ്ത് ഞാനും പവിയും വെളിയിൽ ഇറങ്ങി.മൂത്രം ഒഴിക്കാനായി കൊക്കയുടെ സൈഡിൽ ഇറങ്ങി നിന്നിട്ട് പവി പറഞ്ഞു.

” അളിയാ ആ വണ്ടിയുടെ ലൈറ്റൊന്നു ഓണാക്കെടാ ഒന്നും കാണാൻ വയ്യ”

ഞാൻ വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തു ലൈറ്റ് ഓണാക്കിയപ്പോൾ കൊക്കയുടെ സൈഡിൽ നിന്ന് മൂത്രം ഒഴിക്കുന്ന പവിയെ കണ്ടു. മനസ്സിലെ ദുശ്ചിന്ത ശക്തമായി പിന്നെ ഒന്നും നോക്കിയില്ല വണ്ടി കുറച്ചു റിവേഴ്‌സ് എടുത്തിട്ട് സ്പീഡിൽ ഫ്രണ്ടിലോട്ടു വന്ന് പവിയെ ഇടിച്ച് തെറിപ്പിച്ചു. പവിയുടെ ഉച്ചത്തിലുള്ള കരച്ചിൽ ആ ഇരുട്ടിൽ ലയിച്ച് ഇല്ലാതായി.

ഞാൻ അവിടെ നിന്നും വണ്ടി തിരിച്ചു, മുന്നിൽ കണ്ട വഴിയെ ഓടിക്കാൻ തുടങ്ങി. കുറെ ദൂരം പിന്നിട്ടപ്പോൾ കടകളും മറ്റും കാണാൻ തുടങ്ങി ഒരു ഹോട്ടലിന്റെ ബോർഡ് കണ്ടു. അതിന്റെ സൈഡിൽ റോഡിന്റെ ഒരു വശത്തായി വണ്ടി നിർത്തി പുറകിലേക്ക് നോക്കി ആ രണ്ട് ബാഗും അവിടെയുണ്ട്. ‘കൊടുക്കാനുള്ളവന്റെയെല്ലാം മുഖത്തേക്ക് ഈ പൈസ വലിച്ചെറിയണം കടങ്ങളെല്ലാം തീർത്തിട്ടു ഒരു രാജാവിനെപ്പോലെ ജീവിക്കണം.. ചെയ്തത് തെറ്റാണ് പക്ഷേ എനിക്ക് ജീവിക്കണം പണമുണ്ടെങ്കിൽ ഇതെല്ലാം മറക്കും…

മനസ്സിൽ നൂറായിരം ചിന്തകൾ വന്നു. അപ്പോൾ പെട്ടന്ന് ഒരു പോലീസ് ജീപ്പ് എന്റെ വണ്ടിക്ക് അഭിമുഖമായി കൊണ്ട് നിർത്തി. എന്റെ മനസ്സിൽ പേടിയുടെ പെരുമ്പറ കോട്ടൻ തുടങ്ങി.. പിടിക്കപ്പെട്ടാൽ, ഞാൻ കണ്ണടച്ചു സീറ്റിലേക്ക് ചാഞ്ഞു അപ്പോളും എന്റെ കണ്ണിലേക് ആ ജീപ്പിന്റെ ഹെഡ് ലൈറ്റിൽ നിന്നുമുള്ള പ്രകാശം അടിച്ചുകേറിക്കൊണ്ടിരുന്നു. എന്റെ വണ്ടിയുടെ അരികിലേക്ക് പോലീസിന്റെ ബൂട്ടിന്റെ സൗണ്ട് അടുത്തു വരുന്നത് കേൾക്കാമായിരുന്നു. ഞാൻ കണ്ണ് ഇറുകെ അടച്ചു. അപ്പോൾ എന്റെ ഡോറിൽ ഒരു പൊലീസുകാരൻ ശക്തിയായി ഇടിച്ചു. ഡോറിലുള്ള ഇടിയുടെ ശക്തി കൂടിയപ്പോൾ ഞാൻ കൈകൊണ്ടു ആ പ്രകാശം മറച്ചിട്ട് ഡോർ തുറന്നു നോക്കിയപ്പോൾ പവി! എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല ഞാൻ വേഗം പുറകിലെ സീറ്റിലേക്ക് നോക്കി അവിടെ ബാഗുകൾ കാണാനില്ല.

ഞാൻ പുറത്തിറങ്ങി പവിയെ നോക്കി പറഞ്ഞു .

“ടാ … നീയോ എ.. എന്റെ നിധി”

ചിരിച്ചുകൊണ്ട് കയ്യിലിരിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പിലെ കിറ്റ് ഉയർത്തി കാട്ടി അവൻ പറഞ്ഞു .

“ടാ നിധിയെല്ലാം കൊണ്ടുവന്നിട്ടുണ്ട് ,വൈകുന്നേരം ഇതിൽ നിന്ന് രണ്ട് പെഗ്ഗ് അടിച്ചുകൊണ്ട് പോയിക്കിടന്നു ഉറങ്ങിയാൽ നിന്റെ എല്ലാ പ്രശ്നങ്ങളും മാറും അളിയാ”

അപ്പോൾ പാട്ടിന് കോറസ് പാടുംപോലെ പവിയുടെ ബാക്കിൽ നിന്നും അമ്മയുടെയും ചാരുന്റെയും മനുവിന്റെയും ചിരി.
പവി പറഞ്ഞു.

“അളിയാ ഫ്‌ളൈറ്റ് നാല് മണിക്കൂർ ലേറ്റായിരുന്നു ഞാൻ വന്നപ്പോൾ അളിയൻ നല്ല ഉറക്കം അപ്പോൾ ഇവനാണ് പറഞ്ഞത് ഞാൻ വരാൻ വൈകിയതോന്നും നീ അറിഞ്ഞിട്ടില്ല.. ഉറക്കത്തിൽ ശല്യപ്പെടുത്തേണ്ടെന്നോർത്ത് ഇവൻ വിളിച്ച് പറഞ്ഞതുമില്ലെന്ന് …ടാ വാ പൊളിച്ച് നിൽക്കാതെ ഡിക്കി തുറക്ക് ഈ സാധനങ്ങളൊക്കെ വെയ്ക്കട്ടെ”

പെട്ടന്ന് സ്ഥലകാലബോധം വന്ന ഞാൻ മനസ്സിൽ കേരളാപോലീസിനോട് ക്ഷമ ചോദിച്ചു കൊണ്ട് പെട്ടിയെല്ലാം എടുത്ത് വണ്ടിയിൽ വെച്ച് അവരേയും കയറ്റി വണ്ടി ഓടിച്ചുപോയി…….

മറ്റുള്ളവരെ ചതിച്ചും, വഞ്ചിച്ചും, കൊന്നും, ശരീരം വിയർക്കാതെ ഉണ്ടാക്കുന്ന സമ്പത്തൊന്നും ഒരിക്കലും നിലനിൽക്കില്ല ..അത് വന്ന വഴിതന്നെ പോകും. നമ്മുടെ അധ്വാനത്തിലൂടെ ഉണ്ടാക്കുന്ന ഒരു രൂപ ആണെങ്കിലും അതിനു സന്തോഷത്തിന്റെയും സമാധാനത്തിന്റെയും രുചിയുണ്ടാകും തീർച്ച…..

Share this on...