ഗൾഫിൽ നിന്ന് വന്നു പെണ്ണ് കാണാൻ പോയതു കുറച്ചു ദിവസം മുൻപ് കൂട്ടുകാരന്റെ കൂടെ ഒളിച്ചോടിയ പെണ്ണിനെ

in Story 10,112 views

ഖഫീലിന്റെ കയ്യും കാലും പിടിച്ചാണ് മൂന്നു മാസത്തേക്ക് ലീവ് തരപ്പെടുത്തിയത് ..മൂന്നു വർഷക്കാലം ഉറ്റവരെയും സുഹൃത്തുക്കളെയും പിരിഞ്ഞുള്ള ജീവിതത്തിന് തെല്ലൊരാശ്വാസം ആയിരുന്നു അത് ..

നാട്ടിലേക്ക് പോകുവാണെന്നറിഞ്ഞതോടെ പലരും അവരവരുടെ വീടിലേക്കുള്ള സാധനങ്ങൾ എന്റെ കയ്യിൽ തന്നു വിട്ടു ..കിട്ടിയ ലീവിൽ പകുതി ഭാഗവും ഇതൊക്കെ അതാതു സ്ഥലങ്ങളിൽ എത്തിച്ചു കൊടുക്കുന്നതോടെ തീരും ..ബാക്കിയുള്ള പകുതി ദിനങ്ങളാണ് വീട്ടുകാരുടെയും കൂട്ടുകാരുടെയും കൂടെ ചിലവഴിക്കാൻ കിട്ടുക ..

നാട്ടിലെത്തി തന്നെയേൽപ്പിച്ച സാധനങ്ങളെല്ലാം അതാതു വീടുകളിലെത്തിച്ചു .
എല്ലാം കഴിഞ്ഞു സ്വസ്ഥമായി വീട്ടുകാർക്കൊപ്പം ചിലവഴിക്കുന്നതിനിടയിൽ
ഇടക്കിടക്ക് ഉമ്മയെയും പെങ്ങന്മാരെയും ഇമ വെട്ടാതെ നോക്കിയിരിക്കുന്നത്കണ്ടപ്പോഴാണ് പെങ്ങളുടെ വക ചോദ്യം ..

“നീയെന്താടാ ..ആദ്യമായി കാണുന്ന പോലെ നോക്കുന്നെ ..?”അവളുടെ തമാശ രൂപേണയുള്ള ചോദ്യം കേട്ട് എല്ലാവരും ചിരിച്ചപ്പോൾ ..മൗനമായ് ഞാനും അവർക്കൊപ്പം ചിരിച്ചു…

അവൾക്കറിയില്ലല്ലോ മൂന്നു വർഷക്കാലം അവരെയെല്ലാം നേരിൽ കാണാൻ കൊതിച്ചുകൊണ്ട് മരുഭൂമിയിൽ ഞാൻ കഴിച്ചു കൂട്ടിയ നാളുകളുടെ ദയനീയാവസ്ഥ . ഓരോ കുശലാന്വേഷണങ്ങളും വിശേഷങ്ങളും ഒരുമിച്ചിരുന്നു പങ്കു വെക്കുന്നതിനിടയിലാണ് ഉമ്മ അക്കാര്യം ഓർമിപ്പിച്ചത് ..

“കുഞ്ഞോ ..ന്റെ കുട്ടിക്ക് ഒരു ജീവിതം വേണ്ടേ ഇനി ..എല്ലാരേം ഓരോ കരക്കെത്തിച്ചില്ലേ ..ഇനി അന്റെ കാര്യം കൂടെ ഒന്ന് നോക്ക് ..ആ കുഞ്ഞാലി ഒരാലോചന കൊണ്ടു വന്നിർന്ന്‌ ..നല്ല കൂട്ടക്കാരാ …ഇയ്യ്‌ വന്നിട്ട് പറയാന്നാ ഞാൻ ഓനോട്‌ പറഞ്ഞെ ”
“ഇപ്പോ ..തന്നെ വേണോ മ്മാ “?.

“പിന്നെ ഇനി എപ്പഴാ …അന്റെ കൂടെ ഉള്ളോരൊക്കെ കെട്ടി കുട്ടിയോളായി ..എത്ര നാളാ ഇയ്യൊറ്റാക്കിങ്ങനെ ..”ഉമ്മാന്റെ കരച്ചിലും പിഴിച്ചിലും പെങ്ങന്മാരുടെ വാശിക്കും മുൻപിലും പെണ്ണ് കാണാൻ പോകാൻ സമ്മതം മൂളി ..

പിറ്റേന്ന് അത്യാവിശ്യം മിനുക്കു പണികളൊക്കെ ചെയ്തു മൊഞ്ചനായി …ഉമ്മനോടും പെങ്ങന്മാരോടും സലാം ചൊല്ലി ബ്രോക്കർ കുഞ്ഞാലിക്കക്കൊപ്പം പെണ്ണു കാണാനിറങ്ങി ..ആദ്യത്തെ പെണ്ണു കാണൽ ..മനസ്സിൽ ചെറുതായിട്ട് പേടി തോന്നിയെങ്കിലും അതൊന്നും പുറത്തു കാണിക്കാതെ പുറമെ ഗൗരവം വരുത്തി ഞാൻ വണ്ടിയോടിച്ചു …

കാറിലിരുന്ന് കുഞ്ഞാലിക്ക പറഞ്ഞതൊക്കെയും കാണാൻ പോകുന്ന പെണ്ണിനെക്കുറിച്ചും അവളുടെ വീട്ടുകാരെക്കുറിച്ചും ആയിരുന്നു ..ഭാര്യ ആകാൻ പോകുന്ന പെണ്ണിനെക്കുറിച്ചു വല്ല്യ സങ്കല്പങ്ങളൊന്നും ഇല്ലെങ്കിലും എന്നെയും ഉമ്മയെയും കൂടപ്പിറപ്പുകളെയും മനസ്സിലാക്കി സ്നേഹിക്കാൻ കഴിയുന്നൊരുവളായിരിക്കണം എന്ന നിർബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂ ..

“മോനേ ..നിർത്ത് ..ദേ അവിടെ ..അവിടെ സൈഡാക്കിക്കോ വണ്ടി ..”
റോഡിനോട് ഓരം ചേർന്നു കാർ പാർക്ക്‌ ചെയ്തു കുഞ്ഞാലിക്കക്കൊപ്പം ഞാനും ഇറങ്ങി ..റോഡിൽ നിന്നും ഒരിട വഴിയിലൂടെ നടന്നായിരുന്നു പിന്നെയുള്ള യാത്ര ..രണ്ടു മൂന്നു വീടിനപ്പുറം അത്യാവിശ്യം നല്ലൊരു വീട്ടിലേക്ക് എന്നെയും നയിച്ചുകൊണ്ട് കുഞ്ഞാലിക്ക നടന്നു ..വീടിന്റെ ഉമ്മറത്ത് തന്നെ ഞങ്ങളെയും കാത്ത് അവളുടെ ഉപ്പയും വല്ലിപ്പയും നിന്നിരുന്നു ..
സലാം ചൊല്ലി ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു …

ജോലിയെ കുറിച്ചും വീട്ടുകാരെക്കുറിച്ചും അവളുടെ ഉപ്പയും വല്ലിപ്പയും ഒരുപാട് കാര്യങ്ങൾ എന്നോട് ചോദിച്ചറിഞ്ഞു ..കൂട്ടത്തിൽ അവരുടെ കാര്യങ്ങൾ എന്നോടും പറഞ്ഞു …”ന്നാ …കുട്ടിനെ വിളിക്കാലെ …”

കുഞ്ഞാലിക്കയുടെകനത്ത ശബ്ദം തന്റെ ചെവിയിൽ പതിഞ്ഞപ്പോൾ ഒരു വിറയൽ ശരീരത്തിൽ അനുഭവപ്പെടുന്ന പോലെ ..

കയ്യിൽ ഞങ്ങൾക്കുള്ള ചായയുമായി വന്നപ്പോൾ കുഞ്ഞാലിക്ക തന്നെ ആയിരുന്നു പറഞ്ഞത്‌ ..
“നേരാവണ്ണം നോക്കിക്കോട്ടാ ..ഇനി കണ്ടില്ലെന്ന് പറയരുത് ..”
ചെറിയൊരു ചമ്മലുണ്ടെങ്കിലും തലയുയർത്തി അവളുടെ മുഖത്തേക്ക് നോക്കിയതും ഞാനൊന്ന് ഞെട്ടി .എനിക്ക്‌ പരിജയമുള്ള മുഖം .കയ്യിലുള്ള ചായ ഗ്ലാസ് തെന്നി പോകാതിരിക്കാൻ രണ്ടു കൈകൊണ്ടും ഞാനമർത്തി പിടിച്ചു …

“എന്തെങ്കിലും സംസാരിക്കണെങ്കിൽ സംസാരിച്ചോളിൻ .നമ്മക്കങ്ങു മാറിയിരിക്കാ അല്ലേ ..”
കുഞ്ഞാലിക്ക അവളുടെ ഉപ്പയുടെ സമ്മതത്തിനായ് ചോദിച്ചു ..സമ്മത രൂപേണ അവർ ഞങ്ങളെ തനിച്ചു വിട്ടു അൽപ്പ നേരത്തേക്ക് മാറി നിന്നു ..”നീ ..നീയല്ലേ ..”

വിക്കി വിക്കി അവളോട് ചോദിച്ചപ്പോൾ കാര്യമറിയാതെ എന്നെ തന്നെ മിഴിച്ചു നോക്കുവായിരിന്നു അവൾ .

“എന്ത് ..നിങ്ങൾക്കെന്നെ അറിയോ …ഞാൻ നിങ്ങളെ ഇപ്പോഴാണ് കാണുന്നെ ..”പോക്കറ്റിൽ നിന്ന് ഫോണെടുത്ത് വാട്സപ്പ് ഓപ്പൺ ചെയ്ത് ഇന്നലെ നാട്ടിലെ ഗ്രൂപ്പിൽ വന്ന ഫോട്ടോയും കുറിപ്പും കാണിച്ചു കൊടുത്തു ..

“ഭർത്താവിന്റെ കൂട്ടുകാരനൊപ്പം യുവതി ഒളിച്ചോടി .”ഇതായിരുന്നു കുറിപ്പ് ..കൂടെ വന്ന ഫോട്ടോ തനിക്ക് മുൻപിൽ നിൽക്കുന്ന ഞാൻ പെണ്ണു കാണാൻ വന്ന പെണ്ണിന്റെയും ..

അത് കണ്ടതും അവളാകെ തരിച്ചിരുന്നു ..വിവാഹം പോലും കഴിയാതെ തന്റെ ഫോട്ടോ ഒരു വ്യാജ വാർത്തക്കൊപ്പം കൊടുത്തിരിക്കുന്നത് …എന്തു ചെയ്യണമെന്നറിയാതെ തളർന്നിരിക്കുന്ന അവളോട് എന്തു പറയണം എന്ന് എനിക്കും നിശ്ചയമില്ലായിരുന്നു ..ഇന്നലെ തന്റെ കയ്യിൽ ഈ വാർത്ത കിട്ടിയപ്പോൾ കാര്യമറിയാതെ ഞാനും പല ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്തിരുന്നു ..ഇന്നത് ഒരുപാട് കൈകളിലേക്ക്‌ എത്തിയിട്ടുണ്ടാകും എന്നത് തീർച്ച..നിരപരാധിയായൊരു പെണ്ണിനെ നാളെ അപരാധിയായി മുദ്ര കുത്താൻ അധികം സമയം വേണ്ടിയിരുന്നില്ല …

കാര്യങ്ങളെല്ലാം അവളോടും വീട്ടുകാരോടും തുറന്നു പറഞ്ഞു കുഞ്ഞാലിക്കയെയും അവളുടെ ഉപ്പയെയും കൂട്ടി ഞാൻ നേരെ വിട്ടു പോലീസ് സ്റ്റേഷനിലേക്ക്‌ ..”സാർ …ഇതെന്റെ ഭാര്യ ആകാൻ പോകുന്ന പെണ്ണാ ..ഇവളാരുടെ കൂടെയും ഒളിച്ചോടിയിട്ടില്ല ദയവു ചെയ്തു ആ വാർത്ത സ്റ്റോപ്പ്‌ ചെയ്യണം ..”

എസ് ഐ ക്ക്‌ മുൻപിൽ നിന്ന് ..ആത്മ വിശ്വാസത്തോടെ അത് പറയുമ്പോൾ അറിഞ്ഞുക്കൊണ്ടല്ലെങ്കിലും ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്തതിന്റെ മനസുഖം എനിക്കുണ്ടായിരുന്നു ….
ഫർസാന .വി

Share this on...